ആത്മാവിന്റെ രഹസ്യങ്ങളിലേക്കുള്ള അതിവേഗ പാത സംഗീതവും താളവുമാണെന്ന് പ്ലാറ്റോ പറഞ്ഞതാണ്.
താളത്തെക്കുറിച്ചാലോചിക്കുകയായിരുന്നു.
ജീവിതം താളബദ്ധമായ ഒരു നൃത്തമാണെന്നും ആരോ പറഞ്ഞിട്ടുണ്ട്. സംഗീതത്തെയും താളത്തെയും ചില മനുഷ്യരിലൂടെയും നാം കണ്ടെത്തുന്നു. എവിടെയെങ്കിലുമൊരു ഹൃദയം മിടിക്കുന്നുവെങ്കിൽ പ്രപഞ്ചതാളത്തെ നാം അഭിസംബോധന ചെയ്യുകയാണ്.
ആമേൻ എന്ന സിനിമ എഴുതിക്കഴിഞ്ഞ് കഥാപാത്ര നിർണയം നടന്നുകൊണ്ടിരിക്കുന്നു. ഭൂമിയിലില്ലാത്ത മറ്റൊരു ഭൂമികയിൽ നമുക്കുമാത്രമറിയാവുന്ന വഴികളും പള്ളി മുകളിലെ കുരിശ് പ്രതിബിംബിക്കുന്ന കായലും തുരുത്തുകളും ഒറ്റത്തോണികളും കായലിലെ ഉദയാസ്തമയങ്ങളും നമ്മോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നു. അതുവരെ മുഖമില്ലാതിരുന്ന ചില കഥാപാത്രങ്ങൾക്ക് മുഖം വന്നുകൊണ്ടിരിക്കുന്നു. അസ്തമനം തിരക്കിട്ടാവേശിച്ച വൈകുന്നേര നഗരത്തിലൂടെ കാറോടിച്ചു കൊണ്ടിരിക്കുമ്പോൾ ലിജോ നടൻ തിലകനെ വിളിച്ചു. ആമേനിലെ ബാൻറ് മാസ്റ്റർ ലൂയിപ്പാപ്പന്റെ വേഷം ചെയ്യാമെന്ന് അദ്ദേഹം ഏറ്റിരുന്നു. തിലകനല്ലാതെ മറ്റൊരു നടനെ ഞങ്ങളാ വേഷത്തിന് സങ്കല്പിച്ചിട്ടുമില്ലായിരുന്നു. ഫോൺ സ്പീക്കറിലാണ്. വേദികളും വെള്ളിത്തിരകളും താണ്ടിയ മലയാളത്തിന്റെ മോർഗൻ ഫ്രീമാനെന്നോ സാമുവൽ ജാക്സണെന്നോ വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ ശബ്ദം കാറിലിരുന്ന് ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. തീരെ ക്ഷീണിതമായ സ്വരത്തിൽ ആശുപത്രിയിലേക്കു പോവുകയാണെന്നും ഇനി വയ്യ എന്നും അദ്ദേഹം പറഞ്ഞു. വയ്യ എന്ന പറച്ചിൽ അദ്ദേഹത്തിന്റെ വിടവാങ്ങലായി ഞാൻ കരുതുന്നു. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ അബോധാവസ്ഥയിലേക്കു പോയ തിലകൻ കുറച്ചു ദിവസങ്ങൾക്കു ശേഷം വേഷങ്ങളഴിച്ചു വച്ച് നിത്യതയുടെ താളത്തിലലിഞ്ഞു.
സ്ക്രിപ്റ്റിലെഴുതിച്ചർത്ത അദ്ദേഹമുൾപ്പെടുന്ന പുതിയ സീൻ വിശദീകരിക്കാൻ നായകൻ എന്ന സിനിമയുടെ സമയത്ത് ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ഏറ്റവും പുതിയൊരെഴുത്തുകാരന്റെ മുമ്പിൽ ഒരു പഠിതാവായി അദ്ദേഹം ഇരുന്നു. ഷൂട്ടിംഗ് സമയത്ത് കാണുമ്പോഴുള്ള സുഖാന്വേഷണമല്ലാതെ ഞാനദ്ദേഹത്തോട് അടുത്തിരുന്നില്ല. ആവേശത്തിൽ ഞാനദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രായഭേദമോ പദവി ഭേദമോ ഇല്ലാതെ സാകൂതം കേട്ടിരുന്ന് അഭിമാനം കൊണ്ടു. ഇയാൾ ലോകസിനിമയിലെ തന്നെ വലിയ നടന്മാരിലൊരാളാണെന്ന ഹർഷം ഹൃദയത്തിലുണ്ടായിക്കൊണ്ടേയിരുന്നു. ആ വൈകുന്നേരവും അദ്ദേഹത്തിന്റെ ശബ്ദവും ആ കാലവും മാഞ്ഞിരിക്കുന്നു.
ഇപ്പോഴിതാ കൈനകരി തങ്കരാജും പോയിരിക്കുന്നു. നടൻ തിലകനോട് ചേർത്തു വച്ചല്ലാതെ കൈനകരി എന്ന നടനെയും ആ ശബ്ദത്തെയും എനിക്കോർക്കാൻ വയ്യ. നേരത്തേ പറഞ്ഞതു പോലൊരു വൈകുന്നേരത്തിൽ കാറിലെ സ്പീക്കറിൽ നിന്നാണ് കൈനകരിയെയും ഞാൻ കേൾക്കുന്നത്.
തിലകന്റേതിൽ നിന്ന് ഒട്ടും ഭിന്നമല്ലാത്ത ശബ്ദ ഗംഭീരതയിൽ ഏറെ നാളെത്തി വിളിക്കുന്ന കൊച്ചു മകനോടെന്നതു പോലെ അദ്ദേഹം ലിജോയോട് സംസാരിക്കുന്നു. അവർക്ക് പറയാനേറെയുണ്ട്. ചാലക്കുടി സാരഥിയും ജോസ് പെല്ലിശ്ശേരിയും ഫസഖ് എന്ന നാടകവും ലിജോയുടെ കുട്ടിക്കാലവും ആ ഫോൺ സംഭാഷണത്തിലൂടെ ഞാൻ കേട്ടുകൊണ്ടിരുന്നു. ആമേനിലെ ബാൻറ് മാസ്റ്ററായ ലൂയിപ്പാപ്പന്റെ അനുജൻ ചാലിപ്പാപ്പനാവാനാണ് നമ്മളദ്ദേഹത്തെ വിളിക്കുന്നത്. സംഭാഷണമവസാനിപ്പിക്കുമ്പോൾ ടിയാൻ ഒരു പ്രത്യേക കാര്യം കൂടി പറഞ്ഞു. എനിക്ക് വയ്യെന്നും അഭിനയിക്കാൻ കഴിയില്ലെന്നും ആളുകൾ പറഞ്ഞു പരത്തുന്നുണ്ട്. ഞാൻ ആരോഗ്യവാനാണ്.
ഞാനപ്പോൾ തിലകൻ ചേട്ടൻ പറഞ്ഞ കാര്യമോർത്തു. അദ്ദേഹം നിർത്തിയിടത്തു നിന്നായിരിക്കുമോ ഇദ്ദേഹം തുടങ്ങുക എന്ന് വെറുതെ ഓർത്തു.
ആമേന്റെ ഷൂട്ടിംഗിന് വന്ന ദിവസം തന്നെ ഞങ്ങൾ തമ്മിൽ അടുത്തു. അടുപ്പം കലശലായി. കൂടെക്കൊണ്ടു നടക്കുന്ന മുറുക്കാൻ പൊതി (ആരെങ്കിലുമത് തൊട്ടാൽ വിവരമറിയും) എന്റെ മുമ്പിൽ കൂടെക്കൂടെ തുറന്നു. പാട്ടും നാടകവും സിനിമയും നസീർ സാറും ജയനും സിനിമയിലെ ചതികളും ഒക്കെ വിവരിച്ചു. ‘നീ നല്ലവനാടാ കുഞ്ഞേ, നീ നന്നാകും’ എന്ന് കൂടെക്കൂടെ പറഞ്ഞു. അച്ഛാ എന്ന് വിളിക്കണമെന്ന് ശഠിച്ചു. ഇടയ്ക്കെങ്ങാൻ ചേട്ടാ എന്നു വിളിച്ചു പോയാൽ കഠിനമായി പിണങ്ങി. സെറ്റിലുള്ളവർക്ക് വയസ്സന്മാരോട് പരിഗണനയില്ലാത്തതിന്റെ പരാതി എന്നോടു മാത്രം പറഞ്ഞു. എനിക്ക് മുണ്ടും ഷർട്ടും സ്പ്രേയും പേനയും തന്നു. ഒരിക്കൽ പുതിയ മുണ്ടും ഷർട്ടും ധരിച്ച് വന്ന് അത് കലാഭവൻ മണി സമ്മാനിച്ചതാണെന്ന് അഭിമാനത്തോടെ പറഞ്ഞു. മണിയുമായും കൈനകരി നല്ല അടുപ്പമായിരുന്നു. കലാഭവൻ മണിയും അദ്ദേഹത്തെ അച്ഛാ എന്നാണ് വിളിക്കുന്നതെന്ന് ഞാൻ രഹസ്യമായി മനസിലാക്കി.
കൈനകരി തങ്കരാജിന്റെ അഭിനയത്തിന് അദ്ദേഹം ജനിച്ച കരയുടെ ആന്തര താളമുണ്ടായിരുന്നു. അഭിനയത്തിനിടയ്ക്കുള്ള സംവിധായകന്റെ കട്ടുകൾ അതിന്റെ അനുസ്യൂതി സ്വാഭാവികമായും ഇല്ലാതാക്കും. സിനിമ അങ്ങനെയായിരിക്കുമ്പോൾ നാടക വേദികളതല്ല. അഭിനയത്തിലുള്ള ഇവരെപ്പോലുള്ളവരുടെ പൂർണത പുറത്തെടുക്കുന്നത് നാടക വേദി തന്നെ. മലയാളത്തിലെ ഒന്നാം തരം നടന്മാരെല്ലാവരും സംവിധായകന്റെ കട്ടു പറച്ചിലിൽ വിഷമിക്കാറുണ്ട്. കട്ടു പറഞ്ഞിട്ടും അഭിനയിച്ചു കൊണ്ടിരുന്ന കൈനകരി തങ്കരാജിൽ ആ ജ്വരബാധ ഞാൻ അടുത്തു നിന്നു കണ്ടു.
കൈനകരി വാത്സല്യ നിധിയായ ഒരു പിതാവായിരുന്നു. ഇ.മ.യൗവിലെ വാവച്ചൻ മേസിരിയിലും ഹോമിലെ മുത്തച്ഛനിലും ഒക്കെ നമ്മൾ കണ്ട പിതൃബിംബം യഥാർത്ഥത്തിൽ കൈനകരി അഭിനയിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹമതായിരുന്നു. തമ്മിൽ കണ്ടിട്ട് കുറേയായെങ്കിലും അദ്ദേഹം ഫോണിലൂടെ എന്റെ മുമ്പിൽ സജീവമായിരുന്നു. അച്ഛനും അമ്മയും (അദ്ദേഹത്തിന്റെ സഹധർമ്മിണി) ഒരു പോലെ സംസാരിക്കും. കൊല്ലത്തെ വീട്ടിൽ ചെന്നു താമസിക്കാത്തതിന് പരിഭവം പറയും. സ്നേഹത്തോടെ ശാസിക്കും.
ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് യഥാർത്ഥത്തിൽ അഭിമാനിക്കാം. ജോസ് പെല്ലിശ്ശേരിയുടെ കൂടെ അക്കാലത്തുണ്ടായിരുന്ന, ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരാളെ അയാൾ മുഖ്യധാരയിലെത്തിച്ചു. കൈനകരിയുടെഅവസാന കാലത്ത് മലയാള സിനിമയുടെ ക്ഷമ പറച്ചിൽ കൂടിയായി അത്.
പ്രിയപ്പെട്ട മനുഷ്യാ, കൊല്ലത്തെ താങ്കളില്ലാത്ത വീട്ടിൽ ഞാനിനി വരുന്നില്ല,
വിട...