1960-70 കൾ, മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ച്, പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. വിപ്ലവത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ജനകീയ മുന്നേറ്റങ്ങളുടെയും കാലം. മൂന്നാം ലോകം എന്ന വിശേഷണം, ഇന്ന് മിക്കവാറും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
പഴയ വിഗ്രഹങ്ങളൊയൊക്കെ കുടിയൊഴിപ്പിക്കണമെന്നും പുതിയ വിഗ്രഹങ്ങളെ അവരോധിക്കണമെന്നും അക്കാലത്തെ സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് ചടുലയൗവനങ്ങൾ ആഗ്രഹിച്ചുകൊണ്ടിരുന്ന കാലം. മാറ്റങ്ങൾക്കുവേണ്ടിയുള്ള ആരവങ്ങളുടെ കാലം. മാവോ സേ തുങ്ങിന്റെയും ഹോചിമിന്റെയും ചെ ഗുവേരയുടെയും വിപ്ലവപോരാട്ടഗാനങ്ങൾ പാടിക്കൊണ്ട് നടന്നിരുന്ന കാലം. മാവോ സൂക്തങ്ങളുടെ ഒരു ചെറുപുസ്തകം കീശയിൽ വച്ച് നടന്നിരുന്ന കാലം. ചൈനയും വിയറ്റ്‌നാമും ക്യൂബയും വിപ്ലവത്തിന്റെ മാതൃകകളായി കരുതപ്പെട്ടു നടന്നിരുന്ന കാലം. മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ളവരെ ഈ പുതിയ വിഗ്രഹങ്ങൾ ആകർഷിച്ചു; പ്രത്യേകിച്ച്, ചടുല യൗവനങ്ങൾ.
അക്കാലത്ത്, ഞാൻ കേരളത്തിനു പുറത്ത് ഒരു കേന്ദ്ര ഗവ. സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ആ സ്ഥാപനത്തിലെ, ഇടതുപക്ഷ ചായ്‌വുള്ള സംഘടനയിലെ ചില തൊഴിലാളി നേതാക്കളുമായി പരിചയപ്പെടാനിടയായി. ഇടയ്‌ക്കൊക്കെ അവർ സംഘടിപ്പിക്കാറുള്ള പഠനക്ലാസുകളിൽ പങ്കെടുത്തു. എവിടെനിന്നൊക്കെയോ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും വായിച്ചുതുടങ്ങി. കൂട്ടത്തിൽ മാവോ സേ തുങ് പുസ്തകങ്ങളും മറ്റു മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് വിഷയങ്ങളെ ആസ്പദമാക്കിയുള്ള പുസ്തകങ്ങളും കിട്ടിത്തുടങ്ങി. സാഹിത്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്ക് പുറമേ, ഞാൻ പതുക്കെ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പുസ്തകങ്ങളും വായിച്ചുതുടങ്ങി. മാവോ സേ തുങ്ങിന്റെ രചനകളിലെ സത്ത മാത്രമല്ല, അദ്ദേഹത്തിന്റെ എഴുത്തുശൈലിയിലെ കാവ്യാത്മകതയും ലാളിത്യവും ഏറെ ഇഷ്ടപ്പെട്ടു. ജഡിലതകൾ ഒന്നും ആ ശൈലിയിൽ ഇല്ലായിരുന്നു. ‘അധികാരം തോക്കിൻകുഴലിലൂടെ’ എന്ന മുദ്രാവാക്യത്തിലെ ഉശിര് അന്നത്തെ യൗവനങ്ങളുടെ മുഷ്ടികൾ ഉയർത്താൻ പ്രേരിപ്പിച്ചു.

1967-ൽ, ബംഗാളിലെ നക്‌സിൽബാരിയിൽ ചാരു മജുംദാരുടെയും കനു സന്യാലിന്റെയും നേതൃത്വത്തിൽ കർഷകമുന്നേറ്റമുണ്ടായി. ഇതിന്റെയൊക്കെ അനുരണനങ്ങൾ തെലങ്കാനയിലും കേരളത്തിലുമുണ്ടായി. പൊലീസ് സ്‌റ്റേഷനാക്രമണങ്ങൾ, കർഷക മുന്നേറ്റങ്ങൾ... ഭരണകൂട അധികാരത്തിന്റെ പ്രതീകമായിട്ടാണ് പൊലീസ് സ്‌റ്റേഷനുകൾ ആക്രമിക്കുന്നത്.
അക്കാലത്ത് അവധിയിൽ നാട്ടിൽ വരുമ്പോൾ, സമാന രാഷ്ട്രീയ ആശയങ്ങൾ വച്ചുപുലർത്തുന്നവരുമായി എനിയ്ക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. അവരോടൊപ്പം മൈതാനത്തും കടപ്പുറത്തും പോയി കൂടിയിരുന്ന് ചർച്ചകൾ നടത്തി. ഇവരിൽ പലരും കോളേജ് വിദ്യാർത്ഥികളായിരുന്നു. സാഹിത്യാഭിരുചിയായിരുന്നു വാസ്തവത്തിൽ ഞങ്ങളെ പ്രധാനമായും ഒന്നിപ്പിച്ചത്- ഒപ്പം, തീവ്ര രാഷ്ട്രീയ നിലപാടുകളോടുള്ള ആഭിമുഖ്യവും- സാഹസികതയോടുള്ള വാഞ്ച.
കോഴിക്കോട് മടപ്പള്ളി കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സോമശേഖരന്റെ മുൻകൈയോടെ 'യെനാൻ' എന്ന പേരിൽ സാഹിത്യ മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി. ജനകീയ പ്രസിദ്ധീകരണവും ഉണ്ട്.
ഉത്തരേന്ത്യയിൽ, ജയപ്രകാശ് നാരായന്റെയും സോഷ്യലിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിൽ കോൺഗ്രസ് ഭരണത്തിനെതിരെ പ്രക്ഷോഭം നടന്നുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു. ഈ പ്രക്ഷോഭങ്ങൾക്ക് വൻ ജനപിന്തുണയുണ്ടായിരുന്നു. ഇതിന്റെയൊക്കെ പാശ്ചാത്തലത്തിലാണ്, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. തികച്ചും അപ്രതീക്ഷിത നീക്കമായിരുന്നു. എല്ലാം തന്നെ നിശ്ശബ്ദമായിപ്പോയൊരു കാലം. അത് താൽക്കാലികമായിരുന്നു. അടിയന്തരാവസ്ഥയിലെ അടിച്ചമർത്തലുകൾക്കെതിരെ പ്രക്ഷോഭം തുടങ്ങി. അടിയന്തരാവസ്ഥക്കെതിരെ ഉത്തരേന്ത്യയിൽ ലഭിച്ചുതുടങ്ങിയ ബഹുജനപിന്തുണയും ജനരോഷവും കേരളത്തിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല.

എന്നാൽ, ഇതാ, അന്നത്തെ കേരള സർക്കാറിനെ ഞെട്ടിപ്പിച്ച് കായണ്ണ പൊലീസ് സ്‌റ്റേഷൻ ആക്രമിക്കപ്പെട്ടിരിക്കുന്നു. അതും നക്‌സലൈറ്റ് എന്ന ചെറു സംഘടനയുടെ പേരിൽ! പൊലീസിൽനിന്ന് തോക്കുകൾ കൈവശപ്പെടുത്തിയിരിക്കുന്നു! ലഘുലേഖകൾ വിതരണം ചെയ്തിരിക്കുന്നു! ഈ ആക്ഷനിൽ പങ്കെടുത്തവരൊക്കെ ഒളിവിൽ പോയി. അന്നത്തെ സി.പി.ഐ- എം.എൽ ഗ്രൂപ്പിന്റെ നേതാക്കൾ, കെ.എൻ. രാമചന്ദ്രൻ, കെ. വേണു, എം.എം. സോമശേഖരൻ തുടങ്ങിയവർ ഉൾപ്പെടെ. ഈ കാലത്ത് ഞാൻ നാട്ടിലുണ്ടായിരുന്നു. പക്ഷേ, പൊലീസ് സ്‌റ്റേഷനാക്രമണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെപ്പറ്റി ഒന്നും എനിക്കറിയില്ലായിരുന്നു. അവരുടെ രഹസ്യഗ്രൂപ്പുകളൊക്കെ രഹസ്യമായി തന്നെയായിരുന്നു. അവരിൽ ചിലരൊക്കെ എന്റെ സുഹൃത്തുക്കളായിരുന്നു എന്നത് നേരാണ്.
അങ്ങനെയാണ്, ഒരു അർധരാത്രി പൊലീസുകാർ എന്റെ വീട്ടിൽ വന്ന് എന്നെ കൊണ്ടുപോകുന്നത്, കക്കയം ക്യാമ്പിലേക്ക്.
പൊലീസ് മുറകൾ മുറ പോലെ നടന്നു. ഒളിവിൽ പോയവരുടെ ഒളിസങ്കേതമാണ് അവർക്കറിയേണ്ടത്. അവർ പല വിധത്തിലും എന്നെ ചോദ്യം ചെയ്തു. എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞുകൊണ്ടിരിന്നു. ഒളിവിൽ പോകുന്നവർ ആരോടെങ്കിലും ഒളിസങ്കേതങ്ങൾ പറയുമോ? എന്റെ തീരെ മെലിഞ്ഞ ശരീരപ്രകൃതം കാരണമാകാം, കടുത്ത മർദ്ദനങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ കാരണം എന്നാണ് എന്റെ അനുമാനം. എതായാലും, ഉച്ചയ്ക്കുശേഷം, രണ്ട്‌പൊലീസുകാരോടൊപ്പം എന്നെ അവർ വിട്ടു. ഞാൻ നിരീക്ഷണത്തിലായിരിക്കുമെന്ന താക്കീതോടെ.

വീട്ടിൽ തിരിച്ചെത്തിയ എന്നെ ചേർത്തുപിടിച്ച്, അച്ഛൻ ചോദിച്ചതും പറഞ്ഞതും കൂടി ഓർത്ത്, ഞാൻ അവസാനിപ്പിക്കാം.
''നിന്നെ അവർ ഒരുപാട് ഉപദ്രവിച്ചോ? നിന്നെ ജോലിയെ ഇത് ദോഷകരമായി ബാധിക്കുമോ? വേണ്ട, ഒന്നും പറയേണ്ട. അക്കാര്യം നമുക്ക് പിന്നെ സംസാരിക്കാം. നീ പോയി ഇളം ചൂടുവെള്ളത്തിൽ കുളിച്ച് വാ...''
അച്ഛന്റെ വാക്കുകളിൽ ശാസന ഒട്ടുമില്ലായിരുന്നു. കണ്ണീരിന്റെ നനവുവീണ കരുതലുകൾ ഒരുപാടുണ്ടായിരുന്നു.
അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ. കാലഹരണപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ. പുതിയ ഭാഷകൾ. ഉൽക്കർഷേച്ഛകളുടെ ആർത്തി പിടിച്ച കാലം. വിമതനാകുക എന്നത് കിറുക്കായി കരുതപ്പെടുന്ന കാലം. വകഭേദം വന്നുകൊണ്ടിരിക്കുന്ന വെറുപ്പുകളുടെ ഈ മഹാവ്യാധിക്കാലം.
ഇത് നടപ്പുകാല ദുരവസ്ഥ.
