കല്പറ്റ നാരായണന്റെ മാമുക്കോയ

‘‘ഇത്രയും ' ഡൗൺടു എർത്താ 'യ മറ്റൊരു താരത്തെ സങ്കൽപ്പിക്കാനാവുമോ? പിടിക്കപ്പെട്ട ജയറാമിനെ കൊണ്ടുവരുമ്പോൾ ലോക്കപ്പിലെ വെറും നിലത്ത് ഇരുന്ന് ചിരിക്കുന്ന ' മഴവിൽക്കാവടിയിലെ ' മാമുക്കോയയാണ് മലയാള സിനിമയിലെ എനിക്കേറ്റവും പ്രിയങ്കരമായ ഒരു ദുശ്യം’’- നടൻ മാമുക്കോയയെ കൽപ്പറ്റ നാരായണൻ ഓർക്കുന്നു

ഇന്നസെന്റ് ഇല്ലാതായപ്പോഴല്ല മാമുക്കോയ ഇല്ലാതായപ്പോഴാണ് മലയാള സിനിമയുടെ ഇന്നസെൻസ് ഇല്ലാതായത്. താനവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് മാമുക്കോയ നൽകിയ അധികമാനം നിഷ്ക്കളങ്കത ആയിരുന്നു. കബളിപ്പിച്ചവരായും കബളിപ്പിക്കപ്പെട്ടവരായും മാമുക്കോയ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരെ നോക്കിയും നാം കാലുഷ്യമില്ലാതെ ചിരിച്ചുവെങ്കിൽ അതിന് കാരണം നിരുപാധികമായ ഈ നിഷ്ക്കളങ്കതയായിരുന്നു. അഭിനയിക്കാൻ തന്റെ ഉടലിനെ മാത്രമായിരുന്നില്ല മാമുക്കോയ വിട്ടുകൊടുത്തത്, സൈസ്സർഗ്ഗികമായ തന്നിലെ നന്മയേയുമായിരുന്നു.

ബഷീറായിരുന്നു മാമുക്കോയയെ സിനിമയിലേക്ക് ശുപാർശ ചെയ്തത്. മാമുക്കോയയുടെ അഭിനയ മികവു മാത്രമല്ല മനുഷ്യനെന്ന നിലയിലുള്ള മികവും ആ സൂക്ഷ്മ ദൃഷ്ടിയെ ആകർഷിച്ചിരിക്കണം.

മലയാളസിനിമയിലെ പരിഹരിക്കേണ്ടതനിവാര്യമായ ഒരഭാവത്തേയും ബഷീർ കണ്ടിട്ടുണ്ടാവാം. എർത്ത് കണക്ഷനില്ലാത്തതു കൊണ്ടാണ് ഇങ്ങനെ തുരുതുരെ ബൾബുകൾ ഫ്യൂസാവുന്നതെന്ന് ഒരെലക്ടീഷ്യൻ കണ്ടെത്തുന്നത് പോലെ മലയാളസിനിമ അത് വരെ പരിഹരിച്ചിട്ടില്ലാത്ത ഒരു പോരായ്മയെ ബഷീർ തിരിച്ചറിഞ്ഞതാവാം. താനഭിനയിച്ച സിനിമകളിലെ ഭൂതലബന്ധം ( earth connection ) മാമുക്കോയയായിരുന്നു. ആ സിനിമകളിലെ മറ്റൊരു കഥാപാത്രത്തിനും നൽകാനാവാത്ത ഏതോ സ്വാഭാവികത അ നായാസമായഭിനയിച്ച മാമുക്കോയ നൽകി. വിട്ടു പോയ അപ്രധാനമെന്ന് തോന്നിച്ച എന്നാൽ സുപ്രധാനമായ ഒരു കണ്ണി മാമുക്കോയയാൽ കൂട്ടിച്ചേർക്കപ്പെട്ടു. മാമുക്കോയയുടെ ബഷീർ ബന്ധം ഇതിൽത്തീരുന്നില്ല. മാമുക്കോയയെ പ്ളേസ് ചെയ്യാൻ ബഷീർ ചാരു കസേരയിലും മാമുക്കോയ താഴെ നിലത്തും ഇരുന്ന് സംഭാഷണം ചെയ്യുന്ന ഒരു ദൃശ്യത്തിന് കഴിയും.

മലയാളത്തിലെ ഏറ്റവും പ്രബുദ്ധനായ, സരസനായ കോൺവർസേഷണലിസ്റ്റായ ബഷീറിന്റെ വാക്കുകൾ കേട്ട് ചിരി ഒളിച്ചു വെക്കാനാവാത്ത മുഖഘടനയുള്ള മാമുക്കോയ ഇരിക്കുന്നത് എനിക്കെപ്പോഴും സങ്കൽപ്പിക്കാം. മണ്ടൻ മുത്തപ്പയുടേയും പൊൻ കുരിശിന്റേയും ആനവാരിയുടേയും സ്രഷ്ടാവിനെ അത്തരം കഥാപാത്രങ്ങളെ രംഗത്തവതരിപ്പിക്കാൻ മലയാളത്തിലിന്നുവരെ ഉണ്ടായതിലേറ്റവും യോഗ്യനായ മാമുക്കോയയെ നിരവധി തവണ അടുത്തിരുത്തിയ വിധി എന്ന ഛായാഗ്രഹകനെ ഞാനാദരവോടെ ഓർക്കുന്നു. കെ.ജി. ജോർജ്ജ് പോലും ആ സാദ്ധ്യത കണ്ടില്ല. വെറും നിലത്ത് ഇരുന്ന് അത്ഭുതകരമായ വാക്കുകൾ കേൾക്കാൻ മാമുക്കോയയെപ്പോലെ ആർക്ക് കഴിയും ? ഇത്രയും ' ഡൗൺടു ഏർത്താ 'യ മറ്റൊരു താരത്തെ സങ്കൽപ്പിക്കാനാവുമോ? പിടിക്കപ്പെട്ട ജയറാമിനെ കൊണ്ടുവരുമ്പോൾ ലോക്കപ്പിലെ വെറും നിലത്ത് ഇരുന്ന് ചിരിക്കുന്ന ' മഴവിൽക്കാവടിയിലെ ' മാമുക്കോയയാണ് മലയാള സിനിമയിലെ എനിക്കേറ്റവും പ്രിയങ്കരമായ ഒരു ദുശ്യം.

എങ്കിലും മാമുക്കോയയെ സിനിമയിൽ നിലനിർത്തിയത് തന്റെ അനിതരസാധാരണവും അനായാസവുമായ അഭിനയമികവ് തന്നെ. ഒന്ന് മിന്നിമറയാനുള്ള അവസരമല്ല, മറയുന്നത് വരെ മിന്നാൻ ശേഷിയുള ഈ നടനർഹിക്കുന്നതെണ് ആദ്യ സിനിമയുടെ സംവിധായകൻ ആശ്ചര്യത്തോടെ ഗ്രഹിക്കുന്നുണ്ട് . ഇറങ്ങിയ ഓരോ സിനിമയിലേയും മാമുക്കോയാക്കഥപ്രാത്രം അടുത്ത സിനിമയിലേക്കയാളെ ശുപാർശ ചെയ്തു. ഹാസ്യനടനെന്ന നിലയിൽ താൻ കൈകാര്യം ചെയ്യേണ്ട കഥാപാത്രത്തിന്റെ ലഭ്യമായ ലഘുരൂപരേഖ ഇംപ്രൊവൈസേഷനിലൂടെ മാമുക്കോയടച്ച് നൽകി നാടകീയമായി വിപുലീകരിക്കുന്ന കലയിൽ അയാളെന്നും വിജയിച്ചു. സിനിമ പരാജയപ്പെട്ടപ്പോഴും മാമുക്കോയ ജയിക്കാതിരുന്നില്ല. താനാവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ ഫലിതസാദ്ധ്യത പരമാവധി ഉപയോഗപ്പെടുത്തി മാമുക്കോയ . ഹാസ്യനടന്മാർ ആഴത്തിൽ നർമ്മബോധമുള്ളവരാവണമെന്നില്ല . പക്ഷെ മാവുക്കോയക്ക് താനെന്തു ചെയ്യുന്നുവെന്ന് അസ്സലായറിയാമായിരുന്നു. അതയാളെ വെറും കോമാളികളിൽ നിന്നുയർത്തി.

വേഷപ്പകർച്ചയ്ക്ക് തടസ്സം നിൽക്കുന്നൊരു ബാഹ്യരൂപം വെച്ച് വിജയിച്ചയാളാണ് മാമുക്കോയ. മെയ്ക്കപ്പിനെ പരാജയപ്പെടുത്തിയ മാമുക്കോയ മെയ്ക്കപ്പ് ചെയ്യാനാവാത്ത സത്യസന്ധത കൊണ്ട് വ്യക്തിജീവിതത്തിലെ പ്രേക്ഷകരേയും ശ്രോതാക്കളേയും അതിശയിപ്പിച്ചു. കഥാപാത്രങ്ങൾക്ക് താൻ പകർന്നു നൽകിയ ആർജ്ജവം വ്യക്തിജീവിതത്തിലും അദ്ദേഹം നിലനിർത്തി. രാഷ്ട്രീയത്തിലും കലയിലും അദ്ദേഹത്തിന് ഉറച്ച നിലപാടുകളുണ്ടായിരുന്നു. ബഷീറിയൻ എന്നു പറയാവുന്നൊരു സ്പൊണ്ടേനിറ്റി സ്വകാര്യസംഭാഷണങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു. അടുപ്പത്തോടെ, ധാരണയോടെ , ഭാവുകത്വത്തേടെ സംസാരിച്ച ആ നടനെ എന്റെ ചുരുങ്ങിയ സൗഹൃദ വൃത്തത്തിലെ പിരിഞ്ഞു പോകുന്നതിഷടപ്പെടാത്ത അതിഥിയായി ഞാൻ കാണുന്നു. എന്റെ മാമുക്കോയ എന്ന അനുഭൂതി എന്റെ മാത്രം അനുഭൂതിയല്ലെങ്കിലും.

Comments