ജോൺ എബ്രഹാം / ഫോട്ടോ: വേണു

‘ഞാനാണ് എന്റെ സിനിമയുടെ സ്വേച്ഛാധിപതി'
​എന്തുകൊണ്ടാകും ജോൺ എബ്രഹാം അങ്ങനെ പറഞ്ഞത്?

തന്റെ കലയുടെ ഉത്തരവാദിയായോ, കലയുടെ ആത്യന്തികമായ ആവശ്യം അതിന്റെ നിർമാതാവിന്റെതാണ് എന്നോ ഉറപ്പിക്കുന്ന ഒരു പ്രസ്താവമായിരുന്നിരിക്കണം, അത്.

‘ഞാനാണ് എന്റെ സിനിമയുടെ സ്വേച്ഛാധിപതി' എന്ന് ചലച്ചിത്ര സംവിധായകനും കഥാകൃത്തുമായ ജോൺ എബ്രാഹം പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്, തന്റെ കലയുടെ ഉത്തരവാദിയായോ, കലയുടെ ആത്യന്തികമായ ആവശ്യം അതിന്റെ നിർമാതാവിന്റെതാണ് എന്നോ ഉറപ്പിക്കുന്ന ഒരു പ്രസ്താവമായിരുന്നിരിക്കണം, അത്.

കലയുടെ അനന്യതയും സ്വാതന്ത്ര്യവും പ്രഖ്യാപിക്കാൻ പലപ്പോഴും എഴുത്തുകാരും ചലച്ചിത്ര നിർമാതക്കളും മറ്റു കലാപ്രവർത്തകരും നിർബന്ധിക്കപ്പെട്ടിരുന്ന ഒരു കാലം കൂടിയായിരുന്നു അത്.
അത്, ‘സോവിയറ്റ് റഷ്യ' നിലനിന്നിരുന്ന കാലമായിരുന്നു. ലെനിന്റെയും സ്റ്റാലിന്റെയും മാവോയുടെയും അതിനുശേഷം വരുന്ന കമ്യൂണിസ്റ്റ് ഭരണാധികാരികളുടെയും ഒരു നീണ്ട കാലം ഈ പ്രഖ്യാപനങ്ങൾക്ക് പശ്ചാത്തലമായും കാരണമായും ഉണ്ടായിരുന്നു.
ജോൺ എബ്രഹാം ആകട്ടെ, കേരളത്തിലെ ‘തീവ്ര ഇടതി'നൊപ്പം യാത്ര ചെയ്തിരുന്ന ആളായിരുന്നു. എഴുപതുകളിലും എൺപതുകളുടെ ആദ്യവും ചെറിയതെങ്കിലും കേരളീയ ബൗദ്ധിക ജീവിതത്തിന്മേൽ സ്വാധീനശക്തിയായി നിലനിന്ന ഒരു ‘തീവ്രവാദ കമ്യൂണിസ്റ്റ് പാർട്ടി'യിൽ ‘കലയിലെ സ്വാതന്ത്ര്യ'ത്തെപ്പറ്റി നടന്നിരുന്ന ചർച്ചകളും ജോണിന്റെ ഈ പ്രസ്താവത്തിനു കാരണമായിരുന്നിരിക്കാം.

ജോൺ എബ്രഹാം / ഫോട്ടോ: വേണു

തീർച്ചയായും, തന്റെ കലയിലും, അങ്ങനെയൊരു നിലപാട് ജോൺ പരീക്ഷിക്കയും ചെയ്തു: ‘അരാജകത്വത്തിന്റെ ഉടമ' എന്നതിനേക്കാൾ കലയിലെ നിയതങ്ങളായ മാതൃകകളെ അഴിച്ചുവിടുന്ന ‘അ-സം​മ്പ്രദായിക രചന'കളുടെ നിർമ്മാതാവ് എന്ന നിലയ്ക്ക്.
അക്കാലത്തെ എഴുത്തുകാരിൽ ചിലരിലും നേരത്തെ പറഞ്ഞ, രാഷ്ട്രീയപാർട്ടിയോട് ബന്ധമുണ്ടായിരുന്ന വൃത്തങ്ങളിലും ഇത്, കലയുടെ സ്വാതന്ത്ര്യവും കലയിലെ രാഷ്ട്രീയവും, ചർച്ചയായിരുന്നുതാനും. കലയിലെ ‘ആപേക്ഷികമായ സ്വാതന്ത്ര്യം' എന്ന ഒരംഗീകൃത വിശ്വാസത്തിലേക്ക് അവരിൽ മിക്കവരും പിൻവാങ്ങുകയും ചെയ്തു.

അനുഭവങ്ങൾ പാളിച്ചകൾ, രണ്ടിടങ്ങഴി എന്നീ കൃതികളിൽനിന്ന് ചെമ്മീൻ, കയർ തുടങ്ങിയ കൃതികളിലേയ്ക്കുള്ള തകഴിയുടെ മാറ്റം, ‘കലയിലെ സ്വാതന്ത്ര്യ'ത്തിനു വേണ്ടിയായിരുന്നിരിക്കണം

സാമൂഹ്യ ബന്ധങ്ങളുടെയോ ഉൽപ്പാദന ബന്ധങ്ങളുടെയോ പ്രതിഫലനമായി കലയെ കാണാൻ വിസമ്മതിച്ച വലിയൊരു നിര എഴുത്തുകാരുടെ ജീവിതം ലോകസാഹിത്യത്തിൽത്തന്നെയുണ്ട്. അതിനുവേണ്ടി ജീവൻ കളഞ്ഞ റഷ്യൻ സാഹിത്യകാർക്കുമൊപ്പം. കമ്യൂണിസ്റ്റ് പാർട്ടി സ്വേച്ഛാധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളിലെ എഴുത്തുകാർക്കും കലാപ്രവർത്തകർക്കുമൊപ്പം. എന്നാൽ, ഏക പാർട്ടി ഭരണമല്ലാതിരുന്നിട്ടും, ജനാധിപത്യ ആശയങ്ങളോടും സംവിധാനങ്ങളോടും സ്ഥാപനങ്ങളോടും പരിചയവും പങ്കാളിത്തവും ഉണ്ടായിരുന്നിട്ടും, കേരളത്തിന്റെ ബൗദ്ധിക ജീവിതത്തെ കലയെ സംബന്ധിച്ച ലെനിനിസ്റ്റ് ആശയങ്ങൾ വലിയ തോതിൽ സ്വാധീനിച്ചിരുന്നു - ഒരു പക്ഷെ നീണ്ടൊരു കാലത്തേയ്ക്ക്.
മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായ തകഴി ശിവശങ്കരപ്പിള്ളയുടെ രചനകളിലൂടെ മാത്രം കടന്നുപോകുമ്പോൾ കേരളീയ സമൂഹത്തെ സ്വാധീനിച്ച കലാ വിചാരങ്ങളുടെ വ്യത്യസ്തങ്ങളായ പ്രതിഫലനങ്ങൾ കാണാൻ പറ്റും: അനുഭവങ്ങൾ പാളിച്ചകൾ, രണ്ടിടങ്ങഴി എന്നീ കൃതികളിൽനിന്ന് ചെമ്മീൻ, കയർ തുടങ്ങിയ കൃതികളിലേയ്ക്കുള്ള തകഴിയുടെ മാറ്റം, ‘കലയിലെ സ്വാതന്ത്ര്യ'ത്തിനു വേണ്ടിയായിരുന്നിരിക്കണം. അഥവാ, താൻ തന്നെ പങ്കാളിയായിരുന്ന ‘സോഷ്യലിസ്റ്റ് റിയലിസ'ത്തിൽ നിന്ന് തന്റെ ഭാവനയുടെ വിടുതി അദ്ദേഹം പ്രകാശിപ്പിക്കുകയായിരുന്നു.

തകഴി / ഫോട്ടോ : പുനലൂർ രാജൻ.

1930കൾ മുതൽ 1980കളുടെ മധ്യത്തിൽ വരെ കേരളത്തിലും കലയിലെ സോവിയറ്റ് കാലത്തിന്റെ സ്വാധീനം നിലനിന്നിരുന്നു. എന്നാൽ, ക്ലാസിക് മാർക്‌സിസ്റ്റ് പരികൽപ്പനകളിലെ ‘സാമൂഹ്യബന്ധ'മോ ‘വർഗസമര'മോ ‘ഉൽപ്പാദന ബന്ധ'മോ ഉയർത്തുന്ന വിചാര ജീവിതത്തിനു പുറത്ത്, കേരളീയ സമൂഹത്തിനുമേൽ ഇതിനകം സ്വാധീനമുറപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാര മേൽക്കോയ്മയോട് അടുപ്പമോ അകലമോ സൂക്ഷിക്കുക എന്ന ലളിതയുക്തിയിലേക്ക് എഴുത്തോ എഴുത്തുകാരോ സമരസപ്പെടുകയായിരുന്നു, പിന്നീടുണ്ടായത്. അതുകൊണ്ടാകാം, ഒരുപക്ഷെ, സോഷ്യലിസ്റ്റ് റിയലിസത്തിനുപുറത്ത്, മറ്റൊരു ലാവണ്യ സങ്കൽപ്പമവതരിപ്പിക്കുന്ന കൃതികളോ അല്ലെങ്കിൽ കലയിലെ മേൽക്കോയ്മാ സിദ്ധാന്തങ്ങളെ പ്രതിരോധിക്കുന്ന രചനകളോ അക്കാലത്തും, പിന്നെയും, ഇല്ലാതെപോയത്. ഉണ്ടായിരുന്നെങ്കിൽത്തന്നെ ശ്രദ്ധിക്കപ്പെടാതെ പോയത്.

ജനാധിപത്യാശയങ്ങളെ കണിശമായിത്തന്നെ സ്വാധീനിച്ച ‘വർഗ സമര സിദ്ധാന്ത'ങ്ങളുടെ സ്വാഭാവികമായ പ്രവർത്തനം നമ്മുടെ കലയിലും സാഹിത്യത്തിലും മേൽക്കോയ്മ നേടി

കെ.കെ. ചന്ദ്രൻ, ജോൺ എബ്രഹാം / Photo: Jayan.K.G.

ഇതിലൂടെ നമുക്ക് നഷ്ടപ്പെട്ട സന്ദർഭങ്ങൾ അനവധിയാണ്.
​ഉദാഹരണത്തിന്, പൂർണമായും ഒരു ജാതി സമൂഹമായി നിലനിൽക്കുന്ന നമ്മുടെ സാമൂഹ്യജീവിതത്തിൽ അതിലെ ആന്തരിക സംഘർഷങ്ങൾ ആവിഷ്‌കരിക്കുന്ന രചനകൾ, പലപ്പോഴും ഇന്ത്യയിലെ മറ്റു ഭാഷാസമൂഹങ്ങളെക്കൾ കുറവായി പ്രത്യക്ഷപ്പെട്ടു. എന്നല്ല, ഗ്രാംഷിയെ തിരിച്ചിട്ടുവായിച്ചാൽ, ജനാധിപത്യാശയങ്ങളെ കണിശമായിത്തന്നെ സ്വാധീനിച്ച ‘വർഗ സമര സിദ്ധാന്ത'ങ്ങളുടെ സ്വാഭാവികമായ പ്രവർത്തനം നമ്മുടെ കലയിലും സാഹിത്യത്തിലും മേൽക്കോയ്മ (hegemony) നേടി. ഒരു പക്ഷെ, ഖസാക്കിന്റെ ഇതിഹാസം വരെ: ഈ നോവലിൽ ‘സാമൂഹ്യബന്ധങ്ങളെക്കാൾ ദേശത്തിന്റെയും ഭാഷയുടെയും ഇരകൾ' എന്ന പോലെ അതിലെ കഥാപാത്രങ്ങൾ പരിഗണിക്കപ്പെട്ടത് നമ്മൾ കാണുകയായിരുന്നു.

ജോൺ എബ്രഹാം / ഫോട്ടോ: വേണു

എന്തുകൊണ്ടാകും ജോൺ എബ്രഹാം, ‘സ്വേച്ഛാധിപതി' എന്ന വാക്ക് തിരഞ്ഞെടുത്തിരിക്കുക? അതോ അദ്ദേഹം മറ്റാരെയോ അനുകരിക്കുകയായിരുന്നു?

എന്തായാലും, ആ പ്രസ്താവത്തിലെ സമരോത്സുകതയാകാം ജോണിനെ ആകർഷിച്ചിരിക്കുക: കലയിലെ കലാബാഹ്യമായ ഇടപെടലിനെയും അത് കീഴ്‌പ്പെടുത്തുന്നു. കലയിൽ നൈസർഗികമായ വിധം അവശേഷിക്കുന്ന തന്നെത്തന്നെ (Self) പുനഃപ്രഖ്യാപിക്കുന്നു. ​▮


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments