എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞുവെന്നുതോന്നുന്നു, എഴുതാനുള്ളത് എഴുതി എന്നും; കഴിഞ്ഞ ദിവസം കണ്ടപ്പോൾ വേണു എന്നോടുപറഞ്ഞു.
തന്റെ തന്നെ ചിന്താജീവിതത്തിൽ നിന്ന് പിൻവാങ്ങുകയാണോ വേണു എന്നുതോന്നി.
ഞങ്ങളുടെ കൂടിക്കാഴ്ചകൾ സംഭാഷണങ്ങളുടെ അനവധി വഴികൾ പണിയുകയാണ് സാധാരണ പതിവ്, ഇപ്പോൾ അതങ്ങനെയല്ലാതാവുകയാണോ എന്നും ഞാൻ വിചാരിയ്ക്കുകയായിരുന്നു.
ആ സമയം, വേണുവിന് ഒരു ഫോൺകോൾ വന്നു. അയാളോട് അടുത്ത ദിവസം വീട്ടിലേക്ക് വന്നോളൂ എന്നുപറഞ്ഞു.
സാമൂഹ്യശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർഥിയാണ്, വേണു പറഞ്ഞു. ഇടയ്‌ക്കൊക്കെ ഇവിടെ വരും. ചിലപ്പോൾ വേറെ കുട്ടികളും.
അപ്പോൾ ആലോചനകളുടെ ശമനം ആയിട്ടില്ല, ഞാൻ ഉള്ളുകൊണ്ട് പറഞ്ഞു.
കേരളത്തിന്റെ സാമൂഹികചരിത്രം എഴുതുക. അതിനായി ചില പണികളും തുടങ്ങിയതായിരുന്നു വേണു. അപ്പോഴാണ്, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞുവെന്നു തോന്നുന്നു എന്നും എഴുതാനുള്ളത് എഴുതി എന്നും വേണു പറഞ്ഞത്.
ഒട്ടും സമയമില്ല എന്നാണ് ഞാൻ സാധാരണ ഇവിടെ വീട്ടിലും വെറുതെ ഇരിക്കുമ്പോഴും പറയാറ്, വേണു പറയുന്നു. ദൈനംദിന ജീവിതത്തിലെ എല്ലാ മടുപ്പുകൾക്കുമൊപ്പമുള്ള ജീവിതത്തിനുള്ളിൽ അകപ്പെട്ടുകൊണ്ടുതന്നെ പുതിയൊരു ആശയത്തെയൊ, തന്റെ തന്നെ ചില പഴയ സങ്കൽപങ്ങളുടെ പുനരാവിഷ്‌കാരമോ ആയിരിക്കും ആ സമയമില്ലാത്തതിന്റെ കാരണം.
പ്രതീക്ഷാനിർഭരമായ ഒരു ലോകത്തെ എപ്പോഴും വേണു ഭാവനചെയ്യുന്നു.
അല്ലെങ്കിൽ, ആധുനിക കേരളത്തിന്റെ ചിന്താജീവിതത്തെ അത്രയും അടയാളപ്പെടുത്തിയ വേറൊരാൾ ഇല്ല, നമുക്കില്ല. ആലോചിച്ചുനോക്കൂ; ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തിൽനിന്ന് ഒരു ഘട്ടത്തിൽ വേർപെടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വിപ്ലവാത്മകമായ ഒരു ഘട്ടത്തിന്റെ പ്രതിനിധിയായാണ് കെ. വേണു, ഒരേസമയം കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയജീവിതത്തിലേക്ക് വരുന്നത്. അരികിൽനിന്നുള്ള ഒരു യാത്രയാണത്. തന്റെ യുവത്വത്തിന്റെ ആദ്യഘട്ടങ്ങളിലൂടെയും അത് സമ്മാനിക്കുന്ന ജയിൽജീവിതത്തിലൂടെയും വേണു തന്റെ പ്രിയപ്പെട്ട ഒരാശയത്തെ, സാമൂഹ്യവിപ്ലവം എന്ന ആശയത്തെ പിൻപറ്റുന്നു. മാർക്‌സിസത്തെ തന്റെ ചിന്താപദ്ധതിയാക്കുന്നു. മാർക്‌സിസത്തിന്റെ പ്രമുഖനായ വ്യാഖ്യാതാവും പ്രയോക്താവും ആകുന്നു. ഒളിവിലും തെളിവിലും സമരങ്ങളിൽ പങ്കെടുക്കുന്നു. ആശയങ്ങൾ നിർമിക്കുന്നു. ജനകീയസമരങ്ങൾ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നു.
രണ്ട് പതിറ്റാണ്ടിനുശേഷം മനുഷ്യചരിത്രത്തിലെ ഏറ്റവും നിഷേധാത്മകമായ ഒരു അധികാരസങ്കൽപത്തെയാണ് ഇത്രയും വർഷം താൻ അവതരിപ്പിച്ചത് എന്ന് തിരിച്ചറിയുന്നതോടെ, തന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും സ്വാധീനിച്ച ആ ആശയത്തിൽ നിന്നും അതിന്റെ ഭ്രമണപഥത്തിൽ നിന്നും സമ്പൂർണമായ വിമോചനം പ്രഖ്യാപിക്കുന്നു.
എനിക്കാകട്ടെ, ഈ ഘട്ടങ്ങളൊന്നും അപരിചിതമായി തോന്നിയതുമില്ല. ആശയങ്ങളെ ‘മതപരമായി' സമീപിക്കരുത് എന്ന് വേണു, ‘നക്‌സലിസ'ത്തിലേക്ക് ആകർഷിക്കപ്പെട്ട എന്റെ തലമുറയോടും പറഞ്ഞിരുന്നു, അക്കാലത്തെ വിഖ്യാതമായ ഒരു ‘പാർട്ടി ഡോകുമെന്റിലൂടെ: 1982 ഡിസംബർ ലക്കം ലിബറേഷനിൽ പ്രസിദ്ധീകരിച്ച അതിന്റെ പേര്, Remold of our thinking എന്നായിരുന്നു. ‘നമ്മുടെ ചിന്താരീതിയെ ഉടച്ചുവാർക്കുക'.
വാസ്തവത്തിൽ വേണു, തന്റെ സമൂഹത്തെയും തന്നെത്തന്നെയും വിപ്ലവകരമായി മാറ്റിക്കൊണ്ടിരുന്നത് തന്നിലൂടെ തന്നെയായിരുന്നു എന്നുവേണം പറയാൻ. ചിന്തയെ, ആദ്യം ഒരു മാതൃകയും, പിന്നീടതിനെ ഒരാശ്രയവും, ഒടുവിൽ അതിനെ താവളവുമാക്കുന്ന പരമ്പരാഗത ബൗദ്ധികജീവിതത്തെ തന്നെ വേണു നിരാകരിക്കുകയായിരുന്നു.
ഞാൻ വേണുവിനോട് ‘എഴുപതുകളിലെ വിപ്ലവസങ്കൽപത്തെപ്പറ്റി' ചോദിച്ചു. വേണു പുഞ്ചിരിച്ചു, ഞാൻ അതിനെപ്പറ്റി ആലോചിക്കാറേയില്ല എന്നാണ് സത്യം, വേണു പറഞ്ഞു, കാരണം അത് അത്രയും പഴയതായിരിക്കുന്നു.
മൂന്ന് ദശകത്തിലധികം കാലത്തെ പരിചയമുള്ള എനിക്ക് പക്ഷേ വേണു ഒരേസമയം ലോകത്തെയും മനുഷ്യജീവിതത്തെയും എപ്പോഴും പരമമായ ഒരു ആശയം കൊണ്ട് നേരിടാൻ ശ്രമിക്കുന്ന, ഗ്രാംഷി പരിചയപ്പെടുത്തുന്ന, ‘ജൈവബുദ്ധിജീവി'യായിരുന്നു.
‘പഴയത്' എന്നാൽ വേണുവിന് മനുഷ്യവിരുദ്ധമായ എന്തുമാണ്. ജീവശാസ്ത്രപരമായ പരിണാമത്തിന്റെ അവതരണമാണ്. അതിനാൽ, വിപ്ലവത്തെക്കുറിച്ചോ എഴുപതുകളെക്കുറിച്ചോ വേണുവിന് ഗൃഹാതുരത്വങ്ങൾ ഒന്നുമില്ല. അങ്ങനെയാവാൻ, നമുക്ക് പരിചയമുള്ളതുപോലെ, വേണു കവിയുമായില്ല. എന്നാൽ, ഇതിനെല്ലാം രസകരമായ ഒരു പരിണാമം വേറെയുണ്ട്. ഒരുപക്ഷേ വേണുവിനുമാത്രം സംഭവിക്കുന്നത്. വേണുവിന്റെ ആരാധകർക്ക് വേണുവിന്റെ ജീവിതത്തിൽനിന്ന് ഇപ്പോഴും ചില ‘നിർമിതികൾ' ഉണ്ടാക്കാൻ പറ്റുന്നു.
ഇങ്ങനെയാണത്: ഒരു കൂട്ടർക്ക് ‘പ്രപഞ്ചവും മനുഷ്യനും' എന്ന ‘ക്ലാസിക്’ എഴുതിയ വേണു മതി. മറ്റൊരു കൂട്ടർക്ക് ‘വിപ്ലവത്തിന്റെ ദാർശനിക പ്രശ്‌നങ്ങൾ' എഴുതിയ വേണു മതി. അവർക്ക് ആ പുസ്തകം മാർക്‌സിസത്തെയും വിപ്ലവത്തെയും കുറിച്ച് ഇന്ന് ലോകത്തിൽ ലഭ്യമായ ഏറ്റവും നല്ല പാഠപുസ്തകമാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കുന്ന ചിക്കാഗോയിലെ അമേരിക്കൻ മാവോയിസ്റ്റിനെ ഒരിക്കൽ പരിചയപ്പെട്ടതിനെപ്പറ്റി എന്റെ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു, അയാൾക്കും ആ വേണു മതിയത്രെ!
ജനാധിപത്യവാദിയായ വേണുവാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്, ‘പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം' എന്ന പഠനം എഴുതിയ വേണുവിനെ. വേണുവിനെ മൂന്ന് ദശകത്തിലധികം കാലത്തെ പരിചയമുള്ള എനിക്ക് പക്ഷേ വേണു ഒരേസമയം ലോകത്തെയും മനുഷ്യജീവിതത്തെയും എപ്പോഴും പരമമായ ഒരു ആശയം കൊണ്ട് നേരിടാൻ ശ്രമിക്കുന്ന, ഗ്രാംഷി പരിചയപ്പെടുത്തുന്ന, ‘ജൈവബുദ്ധിജീവി'യായിരുന്നു. ‘സ്വാതന്ത്ര്യം’, വേണുവിനെ പ്രചോദിപ്പിക്കുന്ന വാക്കും പ്രവൃത്തിയും അത് മാത്രമാണ് എന്ന വിധത്തിൽ.
കുറേവർഷം മുമ്പ് ഞങ്ങളുടെ ഒരു കൂടിക്കാഴ്ചയിൽ വേണു എന്നോട് ‘പാർട്ടി'യുടെ മുഴുവൻസമയ പ്രവർത്തകനാവാൻ ആവശ്യപ്പെട്ടു. ഒരു നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു വേണു അപ്പോൾ. ആ ദിവസങ്ങളിൽ ഏതെങ്കിലും വിധത്തിൽ പാർട്ടിയോടും അതിന്റെ പ്രവർത്തനങ്ങളോടും ചിലപ്പോൾ പ്രത്യക്ഷമായും പലപ്പോഴും പരോക്ഷമായും എനിക്ക് ബന്ധമുണ്ടായിരുന്നു. അക്കാലത്തെ പാർട്ടിനേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടുമാത്രം ആ കാലത്ത് ആന്ധ്രാപ്രദേശിൽ വെച്ചുനടന്ന ഒരു സമ്മേളനത്തിൽ മഹാരാഷ്ട്രയിൽ നിന്ന് മറ്റുചിലർക്കൊപ്പം ഞാനും പങ്കെടുത്തിരുന്നു. പക്ഷേ എനിക്ക് ‘കവി'യാകാനായിരുന്നു മോഹം. ഞാൻ വേണുവിനോട് പറഞ്ഞു, എനിക്ക് കഥകളും കവിതകളും എഴുതാനാണ് ഇഷ്ടം. എഴുത്തുകാരനാകാൻ...
രാത്രി ഏറെ പിന്നിട്ടിരുന്നു.
ഞങ്ങൾ ഇരുന്നിടത്തുനിന്ന് ഇരുട്ട് വലിയൊരു പാടശേഖരത്തെയും കവിഞ്ഞ് ആകാശത്തേയ്ക്ക് പടർന്നിരുന്നു.
ഒരു വലിയ നിശബ്ദതയ്ക്കുശേഷം വേണു എന്നെ നോക്കി, ‘അല്ലെങ്കിലും ഇത്തിരി സർഗാത്മകതയുടെ ഒരാൾക്കും ഈ പ്രസ്ഥാനത്തിൽ നിൽക്കാനാകില്ല'.
ആ നാളുകളിൽ തനിക്കുതന്നെ അനുഭവിക്കേണ്ടിവന്ന ഒരു ‘രാഷ്ട്രീയസന്ദർഭം' പറഞ്ഞ്, എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, ഒരു നിമിഷം വേണു വിതുമ്പി.
ഏതാനും വർഷങ്ങൾക്കുശേഷം വേണു താൻ നേതൃത്വം വഹിച്ചിരുന്ന പാർട്ടി പിരിച്ചുവിട്ടു, ‘സ്വതന്ത്രനായി'. തന്റെ ചിന്താജീവിതത്തിന്റെ സർഗാത്മക പരിസരത്തേക്ക് വലിയൊരു ധൃതിയോടെ എത്തി. ആ കാലത്ത് കവി സുജാതാദേവി വേണുവിനെപ്പറ്റി പറഞ്ഞ ഒരു ചിത്രം ഞങ്ങളുടെ സ്വകാര്യസംഭാഷണങ്ങളിൽ ചിരി പടർത്തിയിരുന്നു: ‘വേണു ഇപ്പോൾ കാട്ടിൽ നിന്ന് ഒരു മൈതാനത്തിലെത്തിയ ഒറ്റയാനയെ പോലെയുണ്ട്'.
അതിനും ഏതാനും വർഷങ്ങൾക്കുശേഷമാണ് ‘ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ' എന്ന ഞങ്ങളുടെ രണ്ടുപേരുടെയും സംഭാഷണം വരുന്നത്. ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരമ്പരയായും പിന്നെ പുസ്തകമായും.
ഇപ്പോൾ കണ്ടുമടങ്ങുമ്പോൾ ഞാൻ കഴിഞ്ഞ കുറച്ചുവർഷമായി വേണു ആലോചിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെപ്പറ്റി ഓർമിപ്പിച്ചു. കേരളത്തിന്റെ സാമൂഹികചരിത്രം എഴുതുക. അതിനായി ചില പണികളും തുടങ്ങിയതായിരുന്നു. അപ്പോഴാണ്, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞുവെന്നു തോന്നുന്നു എന്നും എഴുതാനുള്ളത് എഴുതി എന്നും വേണു പറഞ്ഞത്.
‘‘ഞാൻ മടിയനായ പോലെ'' വേണു പറഞ്ഞു.
‘സ്വതന്ത്രനായി എന്ന് തോന്നുന്നതുകൊണ്ടാകും', ഞാൻ കളി പറഞ്ഞു.
വേണു പൊട്ടിച്ചിരിച്ചു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.