എം.ടി, നീണ്ടു നിൽക്കുന്ന ഒരേയൊരു കൂടിക്കാഴ്ച

നാടുവാഴിത്ത സംസ്കാരത്തിന്റെ അധികാര ശ്രേണിയെയാണ്, സൂക്ഷ്മമായ അർത്ഥത്തിൽ, എംടിയുടെ സാഹിത്യം നേരിട്ടിരിക്കുക – ‘ജാതി കേരള’ത്തിൻറെയും ‘കർഷക കേരള’ത്തിൻറെയും സാംസ്കാരിക പ്രകൃതിയാണ് എംടിയുടെ എഴുത്തിൽ കണ്ടെത്തുക. എന്നാൽ, എനിക്ക് വിശേഷമായി തോന്നിയ ഒരു സംഗതി, തന്റെ ‘വള്ളുവനാടൻ ഭാഷാബോധ’ത്തെ എം.ടി. സ്വന്തം എഴുത്തിന്റെ ഭൂമിക ആക്കുന്നില്ല എന്നാണ് - കരുണാകരൻ എഴുതുന്നു.

ളരെമുമ്പാണ്. ഏട്ത്തിയുടെ കല്യാണത്തലേന്ന്, വൈകുന്നേരത്തോടെ, അച്ഛന്റെ അനിയൻ ഞങ്ങളുടെ വീട്ടിൽ വന്നു, പന്തൽപ്പണിക്കാർക്ക് ഒപ്പം കൂടി. സ്കൂൾ മാഷാണ്. പന്തൽ അലങ്കാരത്തിനുള്ള വർണ്ണക്കടലാസ് വെട്ടി ചെറിയ പൂക്കൾ ഉണ്ടാക്കാനും ചെറിയ നക്ഷത്രങ്ങൾ ഉണ്ടാക്കാനും എനിക്ക് പറഞ്ഞു തന്നു. ഞാൻ അന്ന് ഏഴിൽ പഠിക്കുകയാണ്, കഥകൾ കേൾക്കാനും പദ്യങ്ങൾ ചൊല്ലാനും ഇഷ്ടമുള്ള നാളുകളാണ്. സ്കൂളിലെ സാഹിത്യ സമാജം സെക്രടറിയുമാണ്. വാസുമ്മാമ, അങ്ങനെയാണ് ഞങ്ങൾ അച്ഛന്റെ അനിയനെ വിളിച്ചിരുന്നത്, ഇടയ്ക്ക് സ്കൂളിനെപ്പറ്റിയും പഠിപ്പിനെപ്പറ്റിയും സാഹിത്യ സമാജത്തെപ്പറ്റിയും ചോദിച്ചറിയുന്നതിനിടയ്ക്ക് എന്നോട് “നീ എം.ടി വാസുദേവൻ നായരെ കേട്ടിട്ടുണ്ടോ?” എന്ന് ചോദിച്ചു. “വലിയ സാഹിത്യകാരനാണ്, എന്റെ ക്ലാസ്മേറ്റാണ്” എന്ന് പറഞ്ഞു.

എം.ടി. വാസുദേവൻ നായരുടെ പേര് അങ്ങനെയാണ് ഞാൻ ആദ്യം കേൾക്കുന്നത്. എന്റെ അച്ഛന്റെ നാട്ടുകാരനാണ്, വാസുമ്മാമയുടെ സതീർത്ഥ്യനാണ്, പിന്നെ പലതും എംടിയെക്കുറിച്ച്, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കുന്നതിനും മുമ്പ് തന്നെ, ഞാൻ മനസ്സിലാക്കി. ഒരിക്കൽ എം.ടി എഴുതാൻ വന്നിരിക്കാറുള്ള വീട് കണ്ടു, ഒരിക്കൽ നീലത്താമാര വിരിയുന്ന കുളം കണ്ടു, ഭാരതപ്പുഴ പല തവണ കണ്ടു. ഇതിനൊക്കെ മുമ്പ് അവിടത്തെ രണ്ടു മൂന്നു ഭഗവതിമാരുടെ പേരുകളും ഞാൻ കേട്ടിരുന്നു. ചമ്മിണിക്കാവിലമ്മ, വടക്കേ മുത്തശ്ശിയാർ കാവിലമ്മ, തെക്കേ മുത്തശ്ശിയാർ കാവിലമ്മ, പിന്നെ ഇവർ രണ്ടു പേരുടെയും അനിയത്തിമാരിൽ ഒരാളായ ഞങ്ങളുടെ തട്ടകത്തിലെ ചിനവതിക്കാവിലമ്മ – അങ്ങനെ എംടി യുടെ കഥകളിലേയ്ക്ക് പ്രവേശിക്കാനുള്ള നേർവഴികളും ഇടവഴികളും, ആ കഥകൾക്കും മുമ്പ്, എനിക്കും വേഗം പരിചയമായി. അവിടത്തെ കാറ്റും വയലുകളും പീടികകളും മനുഷ്യരും ഒക്കെ അതേ പരിചയത്തോടെ കൂടെ കൂടി. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞാണ്, ഒരിക്കൽ മാത്രം, ഞാൻ എംടിയെ കാണുന്നത്. അതും ഭംഗിയുള്ള ഓർമ്മയാണ്.

എംടിയെക്കുറിച്ച്, അദ്ദേഹത്തിൻറെ പുസ്തകങ്ങൾ വായിക്കുന്നതിനും മുമ്പ് തന്നെ, ഞാൻ മനസ്സിലാക്കി. ഒരിക്കൽ എം.ടി എഴുതാൻ വന്നിരിക്കാറുള്ള വീട് കണ്ടു, ഒരിക്കൽ നീലത്താമാര വിരിയുന്ന കുളം കണ്ടു, ഭാരതപ്പുഴ പല തവണ കണ്ടു.
എംടിയെക്കുറിച്ച്, അദ്ദേഹത്തിൻറെ പുസ്തകങ്ങൾ വായിക്കുന്നതിനും മുമ്പ് തന്നെ, ഞാൻ മനസ്സിലാക്കി. ഒരിക്കൽ എം.ടി എഴുതാൻ വന്നിരിക്കാറുള്ള വീട് കണ്ടു, ഒരിക്കൽ നീലത്താമാര വിരിയുന്ന കുളം കണ്ടു, ഭാരതപ്പുഴ പല തവണ കണ്ടു.

തൊണ്ണൂറുകളിൽ ഏതോ വർഷം, എംടി ഏതോ പരിപാടിയുടെ ഭാഗമായി കുവൈറ്റിൽ എത്തിയതാണ്. തുഞ്ചത്ത് എഴുത്തച്ചൻ സ്മാരകത്തിനുവേണ്ടിയുള്ള പണപ്പിരിവിനാണ് എന്നാണ് ഓർമ്മ. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ, ഒരു പൊതുപരിപാടിയിൽ, അദ്ദേഹം പ്രസംഗിക്കുന്നുണ്ടായിരുന്നു, അത് കേൾക്കാൻ ഞാനും ഭാര്യയും ഞങ്ങളുടെ മകളും കൂടി പോയി. പോകുമ്പോൾ, അവസരം വന്നാൽ, എം ടിയ്ക്ക് കൊടുക്കാൻ ഒരു പുസ്തകവും ഞാൻ കരുതിയിരുന്നു. വലിയ ആൾക്കൂട്ടമായിരുന്നു അവിടെ. എംടിയുടെ ഒരു ഉജ്ജ്വല പ്രസംഗം ഉണ്ടായിരുന്നു. എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും അവർ പാർക്കുന്ന ഭൂഖണ്ഡങ്ങളിലെ രാഷ്ടീയ കാലാവസ്ഥയെപ്പറ്റിയും ഒക്കെ പറയുന്ന പ്രസംഗം. വർഷങ്ങൾ കഴിഞ്ഞും ആ നേരം, ആ ആൾ, മനസ്സിലുണ്ട്. പ്രസംഗത്തിനു ശേഷം വേദിയുടെ അരികിലായി എംടിയുടെ വായനക്കാർക്കും എംടിയുടെ സിനിമാ ആരാധകർക്കും സാഹിത്യതൽപ്പരരായ ആളുകൾക്കും നടുവിൽ എംടി നിൽക്കുകയായിരുന്നു, അരികിലേയ്ക്ക് എത്താനുള്ള വഴി ഒന്നുമില്ല.

എങ്കിലും, ആ ആൾക്കൂട്ടത്തിൻറെ തലകൾക്ക് മീതെ, സ്ഥലം ഉണ്ടാക്കി, എംടിയ്ക്ക് നേരെ, കൈയ്യിൽ കരുതിയിരുന്ന പുസ്തകം ഞാൻ നീട്ടി. അദ്ദേഹം അത് കണ്ടു, എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി, പുസ്തകം നോക്കി, ‘ഓ! ഹാവേൽ!” എന്ന് പറഞ്ഞ് എന്നെ നോക്കി – അത്രയുമായിരുന്നു ആ കൂടിക്കാഴ്ച്ച. പിന്നെ എംടിയെ ഞാൻ കണ്ടിട്ടില്ല. പരിചയപ്പെട്ടില്ല. അദ്ദേഹത്തിന്റെ രണ്ടാം വരവിലാണ് ‘മാതൃഭൂമി’യിൽ എൻറെ കഥകൾ ചിലത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെങ്കിലും.
അല്ലെങ്കിൽ, ചിലരെ നമ്മൾ ഒരിക്കൽ മാത്രം സന്ദർശ്ശിയ്ക്കുന്നു – അതിദീർഘമായ ഒരു നിമിഷമായി ആ കൂടിക്കാഴ്ച്ച നമ്മുടെ ആയുസ്സിലേക്കും പടരുന്നു. ഒരു പക്ഷെ, അങ്ങനെയുമാകാം സാഹിത്യം ഓർമ്മയുടെ കലയായത്‌.

എന്തുകൊണ്ടാണ് വാസ്ലേവ് ഹാവേലിന്റെ പുസ്തകം, നാടകങ്ങളുടെ സമാഹാരമായിരുന്നു അത്. ഞാൻ എം. ടി. യ്ക്ക് സമ്മാനിച്ചത് എന്ന് എനിക്ക് നിശ്ചയമുണ്ട്. എനിക്ക് പ്രിയപ്പെട്ട പുസ്തകമായിരുന്നു അത്. ഹാവേൽ, പ്രിയപ്പെട്ട ‘നാടകകാരനും” - ‘അസംബന്ധ നാടകവേദി’യുടെ മറ്റൊരാൾ. ഹാവേലിന്റെ പ്രബന്ധങ്ങൾ, കലയെയും രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ചുള്ളവ, ചിലപ്പോൾ ആ ‘എഴുത്ത്; മുഴുവൻ സ്റ്റാലിനിസത്തിന്റെയും ശീതയുദ്ധ കാലത്തിന്റെയും ഡോക്യുമെന്റേഷൻ കൂടി ആവണം. മനുഷ്യരാശിയുടെ തന്നെ ജീവിതത്തിലെ നിർണ്ണായകമായ ഒരു ഘട്ടം, വിശേഷിച്ചും യൂറോപ്പിന്റെ കാര്യത്തിൽ, ഈ കാലം അടയാളപ്പെടുത്തുന്നു. കലയിലും സാഹിത്യത്തിലും അതിന്റെ സവിശേഷങ്ങളായ അനുഭവങ്ങളും ഉണ്ട്.

നാടുവാഴിത്ത സംസ്കാരത്തിൻറെ അധികാര ശ്രേണിയെയാണ്, സൂക്ഷ്മമായ അർത്ഥത്തിൽ, എംടിയുടെ സാഹിത്യം നേരിട്ടിരിക്കുക – ‘ജാതി  കേരള’ത്തിൻറെയും ‘കർഷക കേരള’ത്തിൻറെയും  സാംസ്കാരിക പ്രകൃതിയാണ്  എംടിയുടെ എഴുത്തിൽ കണ്ടെത്തുക. എന്നാൽ, എനിക്ക് വിശേഷമായി തോന്നിയ ഒരു സംഗതി, തൻറെ ‘വള്ളുവനാടൻ ഭാഷാബോധ’ത്തെ എം.ടി. സ്വന്തം എഴുത്തിൻറെ ഭൂമിക ആക്കുന്നില്ല എന്നാണ്.
നാടുവാഴിത്ത സംസ്കാരത്തിൻറെ അധികാര ശ്രേണിയെയാണ്, സൂക്ഷ്മമായ അർത്ഥത്തിൽ, എംടിയുടെ സാഹിത്യം നേരിട്ടിരിക്കുക – ‘ജാതി കേരള’ത്തിൻറെയും ‘കർഷക കേരള’ത്തിൻറെയും സാംസ്കാരിക പ്രകൃതിയാണ് എംടിയുടെ എഴുത്തിൽ കണ്ടെത്തുക. എന്നാൽ, എനിക്ക് വിശേഷമായി തോന്നിയ ഒരു സംഗതി, തൻറെ ‘വള്ളുവനാടൻ ഭാഷാബോധ’ത്തെ എം.ടി. സ്വന്തം എഴുത്തിൻറെ ഭൂമിക ആക്കുന്നില്ല എന്നാണ്.

എംടിയ്ക്കും ഹാവേലിനും സമമായി പങ്ക് വെയ്ക്കുന്ന ഒന്നും ഇല്ല – സാഹിത്യപരമായി. അങ്ങനെ ആഗ്രഹിക്കാനും കഴിയില്ല. സാഹിത്യം, എപ്പോഴും വളരെ പ്രാദേശികമായ ഒരു ഉറവയുടെ സമീപത്ത് സംഭവിക്കുന്നു. സംസ്കാരങ്ങളും ജനപഥങ്ങളും ഒരിക്കൽ നിർമ്മിക്കപ്പെട്ടതുപോലെ. ലോകസാഹിത്യത്തെ പലപ്പോഴും മലയാള വായനക്കാർക്ക് പരിചയപ്പെടുത്തിയ ഒരു എഴുത്തുകാരനും പത്രാധിപരും എന്ന നിലയ്ക്ക്, തീർച്ചയായും കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയവും സാഹിത്യവും എംടിയ്ക്ക് അപരിചിത വുമായിരുന്നില്ല. ഹാവേൽ അപരിചിതനുമാവില്ല – “ഓ! ഹാവേൽ!” എന്ന് പറഞ്ഞാണ് ആ പുസ്തകം വാങ്ങി അദ്ദേഹം അത്ഭുതപ്പെട്ടതും എന്നെ തിരിഞ്ഞു നോക്കിയതും. അപ്പോഴും, ഈ രണ്ട് എഴുത്തുകാർക്കും പൊതുവായി ഒന്നുമില്ല. എന്നാൽ, എഴുത്തുകാരെ ബാധിക്കുന്ന ഒരു വിഷയം ഈ രണ്ടു പേരിലും പ്രകടമായും ഉണ്ടായിരുന്നു. ഭരണകൂടങ്ങളുടെ സമഗ്രാധിപത്യ വാസനയ്ക്ക് എതിരെ സ്വീകരിക്കുന്ന നിലപാട് ആണത്. ഹാവേലിന്റെ എഴുത്തിലും ജീവിതത്തിലും അത് വളരെ പ്രകടമായിരുന്നു. എംടിയിൽ അത്ര പ്രകടമല്ലതാനും.

നാടുവാഴിത്ത സംസ്കാരത്തിന്റെ അധികാര ശ്രേണിയെയാണ്, സൂക്ഷ്മമായ അർത്ഥത്തിൽ, എംടിയുടെ സാഹിത്യം നേരിട്ടിരിക്കുക – ‘ജാതി കേരള’ത്തിൻറെയും ‘കർഷക കേരള’ത്തിൻറെയും സാംസ്കാരിക പ്രകൃതിയാണ് എംടിയുടെ എഴുത്തിൽ കണ്ടെത്തുക. എന്നാൽ, എനിക്ക് വിശേഷമായി തോന്നിയ ഒരു സംഗതി, തന്റെ ‘വള്ളുവനാടൻ ഭാഷാബോധ’ത്തെ എം.ടി. സ്വന്തം എഴുത്തിന്റെ ഭൂമിക ആക്കുന്നില്ല എന്നാണ്. പകരം, തനിക്ക് വേണ്ടി അതേ ഭൂമണ്ഡലത്തിൽ ഒരു ഭാഷ നിർമ്മിക്കുന്നു, മലയാളത്തിലെ ഏറ്റവും ലളിതവും ഋജുവുമായ ഒരു ആഖ്യാന രീതി അവതരിപ്പിക്കുന്നു. മാധവിക്കുട്ടി ചെയ്തപോലെ. മാധവിക്കുട്ടിയിൽ പക്ഷെ, ഒരംശം അധികമായി ഉണ്ടായിരുന്നു. ഭാഷയെ, നിർമ്മമമായ ഒരു നഗര-ശ്വാസത്തിലേക്കു കൂടി പടർത്തുക.

ഈയിടെ, ഒരു അഭിമുഖത്തിൽ എം.ടി പറഞ്ഞത് എഴുത്തുകാർ വേണ്ടത് അവരുടേതായ ഒരു ഭാഷ നിർമ്മിക്കണം, കണ്ടെത്തണം എന്നാണ്. എങ്കിൽ, പുതിയ എഴുത്തുകാർ അങ്ങനെയുള്ള അവസരങ്ങളിൽ പരാജയപ്പെടുകയാണെന്നും. എം. ടി. തീർച്ചയായും അങ്ങനെ ഒരു ഭാഷ, തന്റെ കലയ്ക്കു വേണ്ടി, നിർമ്മിച്ചിരുന്നു. പക്ഷെ, അദ്ധേഹത്തിന്റെ തിരക്കഥകളുടെ നീണ്ടു നിന്ന സാന്നിധ്യമാവണം, അവയുടെ ദൃശ്യപ്പെരുമയാവണം, എംടിയുടെ വായനക്കാരെപ്പോലും ആകർഷിച്ചത്. ആ തിരക്കഥകൾ കൊണ്ടുവന്ന ഒരു “വള്ളുവനാടൻ സ്പേസിൽ” എംടിയുടെ സാഹിത്യ രചനകളും വായിക്കപ്പെട്ടു. ഒരു പക്ഷെ, ഇതിനെയാകാം, ഈ “വായനാസുഖ”ത്തെയാകാം, എംടി തന്റെ മേൽചൊന്ന പരാമർശത്തിലൂടെ നേരിട്ടിരിക്കുക. തീർച്ചയില്ല. അല്ലെങ്കിൽ, എല്ലാ നല്ല എഴുത്തുകാർക്കും സംഭവിക്കുന്നതുപോലെ എംടിയെയും ആരാധകർ റാഞ്ചിക്കൊണ്ടുപോയിരുന്നു.

പാരമ്പര്യത്തിന്റെ സ്പർശം ഇല്ലാത്ത എന്താണ് മനുഷ്യരിൽ ഉള്ളത്, ജനിതകമായും ഓർമ്മയായും? എംടിയുടെ ‘ഫിക്ഷൻ’, ഒരു പക്ഷെ, നമുക്ക് ഇങ്ങനെ സംഗ്രഹിക്കാനാകും. ഹൃദ്യമായ ആ ഗദ്യത്തിന്റെ സ്വത്വം അത്തരമൊരു ഓർമ്മയുടെയാണ്. വാമൊഴിയുടെ കഥാകൃത്ത് എന്ന് തോന്നിക്കും വിധം. എംടി തന്റെ ഇതിവൃത്തങ്ങളെ അവയുടെ സംഘർഷങ്ങളുടെ പരിസരത്ത് കാണാൻ ഇഷ്ടപ്പെടുന്നു. ആ കൃതികൾ പലപ്പോഴും ഒരു ചുഴിയ്ക്ക് ചുറ്റും വികസിക്കുന്നു. ഒരു പുഴ അതിലെ കയങ്ങൾ തിരയുന്ന പോലെയാണ് ആ കഥകൾ രൂപപ്പെടുന്നത്. കഥകളിലും നോവലുകളിലും.

തൊണ്ണൂറുകളിൽ എഴുതാൻ തുടങ്ങുന്ന എന്നെപ്പോലെ ഒരാൾക്ക് ഭാഷയും കാലവും സമ്മാനിക്കുന്നത് ലോകമായിരുന്നു, ശരിക്ക് പറഞ്ഞാൽ രാജ്യങ്ങൾ. മുമ്പേ വന്ന എഴുത്തുകാരായിരുന്നില്ല. അല്ലെങ്കിൽ അത്തരമൊരു പാരമ്പര്യത്തിന് അധികം ഊഴമുണ്ടായിരുന്നില്ല. കഥയിലെയും കവിതയിലെയും “ആധുനികത”യുടെ തിര ഒടുങ്ങിയ ശേഷമായിരുന്നു ഞാൻ കഥയിലേക്ക് വരുന്നത്. അക്കാലത്താകട്ടെ, സാഹിത്യത്തിൽ രാജ്യങ്ങൾ ഇടപെടുന്നത് പ്രധാനമായും ഭാവനയെ രാഷ്ട്രീയവല്ക്കരിച്ചു കൊണ്ടായിരുന്നു. തൊട്ടുമുമ്പുള്ള എൺപതുകൾ ലോകം മുഴുവൻ അങ്ങനെയായിരുന്നു ഇടപെട്ടിരുന്നത്. നമ്മൾ ആനന്ദിൽ കണ്ടുമുട്ടുന്ന ചിതറൽ പോലെ ഒന്ന് അന്ന് മിക്കവാറും എല്ലാ എഴുത്തുകാരിലും ഉണ്ടായിരുന്നു. അനുകരണമായല്ല, ഭാവനയുടെ പിടിവള്ളി പോലെ. ഏറെ സ്നേഹത്തോടെ ഓർക്കട്ടെ, ‘മാതൃഭൂമി’യിലെ എംടി യുടെ രണ്ടാം വരവിലാണ് എൻറെ ആദ്യത്തെ ‘മാതൃഭൂമി കഥ’ പ്രസിദ്ധീകരിക്കുന്നത്. ആ പത്രാധിപരുടെ ആദ്യത്തെ ഖണ്ഡത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന മലയാളത്തിലെ ‘വേറെയും എഴുത്തി’നെ പരിചയപ്പെടുത്തിയതുപോലെ ഒരു സന്ദർഭം എന്ന് എംടിയുടെ ഈ രണ്ടാം വരവിനെയും ഓർക്കുന്ന വേറെയും എഴുത്തുകാരുണ്ടാവും – എനിക്കത് ഹൃദ്യമായ ഓർമ്മയാണ്.

എഴുത്തുകാർ അകപ്പെടുന്ന ഒരു ‘കെണി’ അവരുടെ സാംസ്കാരികാഭിമുഖ്യത്തിന്റെയാണ്. പിറന്ന നാടിന്റെയൊ വർഗ്ഗത്തിന്റെയൊ ജാതിയുടെയൊ കാലത്തിന്റെയൊ എല്ലാം മിത്രമോ ശത്രുവോ ആയി ഉറയ്ക്കുന്ന തങ്ങളുടെ ഇതിവൃത്തത്തിൽ ആ കെണി അവരെ പൂട്ടി വെയ്ക്കുന്നു. എം.ടിയെ കുറിച്ച് ഓർക്കുമ്പോൾ ചിലപ്പോഴെങ്കിലും അങ്ങനെ തോന്നാറുണ്ട്. ആ സാഹിത്യലോകത്ത് ഇങ്ങനെയൊരു കാലം നീണ്ടു കിടക്കുന്നുവല്ലോ എന്ന് തോന്നാറുണ്ട്. അപ്പോഴും അവയിൽ പലതിലുമുള്ള പ്രകടമായ "അതൃപ്തി" (അസ്വതന്ത്രതാബോധം?) അനുഭവിക്കാനുമാകുന്നു. ഒരു പക്ഷെ അതായിരിക്കും എംടിയുടെ എഴുത്തിലെ ‘ലിറ്ററെറി എലമെന്റ്’ എന്ന് തോന്നുന്നു. എങ്കിൽ, ആ ‘അതൃപ്തി’ അദ്ദേഹത്തിന്റെ എഴുത്തിൽ ഉടനീളം ഉണ്ടായിരുന്നുതാനും. എം.ടി, അതിനെ കാര്യമായി എടുത്തില്ല എന്നും തോന്നാറുണ്ട്.

മറ്റു മാധ്യമങ്ങളിലേക്കു കൂടി കൂടുമാറാനുള്ള തന്റെ സർഗ്ഗശേഷിയെ അത്രയും വിലമതിച്ചതു കൊണ്ടാകാം, അങ്ങനെ. എന്നാൽ, ആ സാഹിത്യ ജീവിതത്തിനു കിട്ടിയ നിരൂപകർ ഏറെയും ഇതേ കെണിയുടെ ഇരകൾ പോലെയാണ് നിരന്നത്. ‘മിനിമൽ’: ഒരുപക്ഷെ, എംടിയുടെ ‘എഴുത്തിൻറെ’ സവിശേഷതയെ ഈ സങ്കൽപ്പം കൊണ്ടാകും പരിചയപ്പെടുത്താൻ തോന്നുക. അത്രമാത്രം അത് ഭാഷയുടെ ഉപയോഗത്തിൽ പിശുക്ക് കാണിക്കുന്നു. ‘മിനിമൽ’ എന്നത് നാടകവേദിയെ മാത്രമല്ല, സാഹിത്യത്തെയും ചിത്രകലയേയുമൊക്കെ വളരെ മുമ്പേ സ്വാധീനിച്ച ഒന്നാണ്. എംടിയുടെ എല്ലാ രചനകളിലും അങ്ങനെയൊരു ‘ഉപയോഗം’ കാണാം. ഭാവനയെ ഭാഷകൊണ്ട് കീഴടക്കാൻ അദ്ദേഹം വിസമ്മതിക്കുന്നു.

വർഷങ്ങൾക്കു മുമ്പ് ആദ്യം എന്റെ അഛനും പിന്നെ ഏതാനും വർഷത്തിനു ശേഷം അച്ഛൻറെ അനിയനും മരിച്ചിരുന്നു. അച്ഛന്റെ നാടുമായുള്ള പരിചയവും അവസാനിച്ചിരുന്നു. എന്റെ എഴുത്തിലാകട്ടെ, ആ ദേശത്തിന്റെയൊ, ആ കഥക്കൂട്ടിന്റെയൊ രുചികൾ കൂടെ കൂടിയില്ല – വളരെ ഇളയ പ്രായത്തിൽ ഞാൻ നാടും വിട്ടിരുന്നു.

കഴിഞ്ഞ ദിവസം പക്ഷെ, ആരുമറിയാതെ, ആരോടും പറയാതെ, അച്ഛന്റെ നാട്ടിലൂടെ, ഭാരതപ്പുഴയുടെ ഓരത്തിലൂടെ, ഒരു പകൽ വെറുതെ അലഞ്ഞപ്പോൾ ഇങ്ങനെയൊരു ഓർമ്മയിലേക്കും എത്തി. ഭൂമിയുടെ ഒരു ചെറിയ പ്രദേശം, അല്ലെങ്കിൽ, ഓരോ എഴുത്തുകാരും തങ്ങളുടെ കൂടെ കൂട്ടുന്നു. പലപ്പോഴും അത് അവർക്ക് പാർക്കാനല്ല, ഉപേക്ഷിക്കാനും ഓർക്കാനുമാണ്. അപ്പോഴും, അവർ, എഴുത്തുകാർ, അവരുടെ ഭാഷയെ ഓരോ ദിവസവും വീണ്ടെടുക്കുന്നു. ഒരിക്കൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ജന്മഭൂമി പോലെ സന്ദർശ്ശിയ്ക്കുന്നു. ഇപ്പോൾ എം.ടിയും വിട പറഞ്ഞിരിക്കുന്നു. പക്ഷേ, ഇവർക്ക് എങ്ങനെ വിട പറയാൻ!

(മുമ്പ് എഴുതിയ ഒരു ലേഖനത്തെ വീണ്ടും സന്ദർശിച്ചുകൊണ്ട് എഴുതിയത് )


Summary: Writer Karunakaran shares his personnel memories with MT Vasudevan Nair. How MT's works influence young writers.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments