​​​​​​​‘ആധുനികത' അവസാനിക്കുകയായിരുന്നില്ല

Ars Longa, Vita brevis

മേതിൽ: വ്യാഴാഴ്​ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- 2

തന്റെ കൺമുമ്പിൽ വെച്ചുണ്ടായ ‘‘തീവ്ര ഇടത് വ്യത്യയാന''ത്തിന് കലയിലെ ആധുനികതയുമായി ഒരു ബന്ധവുമില്ലെന്ന്​ മേതിൽ വിശ്വസിച്ചു. ഇത് തനിക്ക് പറ്റിയ സ്ഥലമോ സാഹിത്യമോ അല്ല എന്ന് വിശ്വസിച്ചു. മേതിൽ എഴുത്ത് നിർത്തി. തന്റെ തന്നെ എഴുത്തിന്റെ മറവിയിലേക്ക് നടന്നു. ഒരുപക്ഷെ ഒരു അഭയാർത്ഥിയെ പോലെ. ഒപ്പം, സാഹിത്യത്തെ ആവോളം അവിശ്വസിച്ചു. ഒരു രാഷ്ട്രത്തെ അതിലെ പൗരൻ അവിശ്വസിക്കുന്ന പോലെ.

മേതിൽ രാധാകൃഷ്ണൻ / Photo : Kamalram Sajeev
മേതിൽ രാധാകൃഷ്ണൻ / Photo : Kamalram Sajeev

തുതരം മാതൃകകളെയും മേതിലിന്റെ കല ആദ്യമേ അവിശ്വസിക്കുന്നു.
തന്റെ എഴുത്തിനുമാത്രമായി ഒരു ഭ്രമണപഥം സങ്കൽപ്പിക്കുന്നു.
ഒരുപക്ഷെ അങ്ങനെയാണ്, നമ്മുടെ സാഹിത്യത്തിലെ ‘ആധുനികത'പോലും, മേതിലിനെ വായിക്കുമ്പോൾ, ‘‘നിർമ്മാണത്തിലിരിക്കുന്ന ഒരു സൗന്ദര്യാനുഭവ''മാകുന്നത്. അത് കലയെ നൂതനമായൊരു അനുഭവമാക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നു.

‘ആധുനികത', ഒരു സങ്കൽപ്പം എന്ന അർത്ഥത്തിൽ ആവിഷ്‌ക്കരിക്കപ്പെടുമ്പോൾ ഒരേസമയം വിപ്ലവാത്മകമായ മാറ്റവും അതിന്റെതന്നെ വിമർശനാത്മകമായ വിചാരവും ഉൾക്കൊള്ളുന്നു. ‘ജീർണ്ണത'യുടെ കാലത്തും അതങ്ങനെയാണ്: ‘ആധുനികത'യും ‘ആധുനികതയുടെ ഓർമ'യും ആധുനികതയുടെ ഈ രണ്ടു പിറവികളെയും കൈവിടുന്നുമില്ല. എന്നാൽ, എൺപതുകളിൽ ഞാൻ മേതിലിനെ പരിചയപ്പെടുമ്പോൾ, ‘മലയാളത്തിലെ ആധുനികത' മറ്റൊരർത്ഥത്തിൽ അവസാനിച്ചിരുന്നു. ആധുനികതയുടെ ഏറ്റവും പരീക്ഷണാത്മകവും കലാസങ്കൽപ്പങ്ങളിലെ അട്ടിമറികളുടെയുമായിരുന്ന ഒരു ഘട്ടം നമ്മുടെ സാഹിത്യത്തിലെങ്കിലും അവസാനിച്ചിരുന്നു. ആധുനികതയെ ഓർമയിലെ ഭൂഖണ്ഡമാക്കി ‘ആധുനികതയുടെ എഴുത്തുകാർ' തന്നെ സ്ഥലം വിട്ടിരുന്നു - കഥകളിലും നോവലുകളിലും കവിതകളിലും അങ്ങനെയൊരു ഭൂഖണ്ഡം ചിലപ്പോൾ ഓർമിക്കപ്പെട്ടിരുന്നെങ്കിലും. പിന്നീട്, നമ്മുടെ വായനാശീലത്തിൽ വരുന്നത് ‘തീവ്ര ഇടത് രാഷ്ട്രീയ'ത്തിന്റെയും അതിന്റെ കലാവിചാരങ്ങളുടെയും ആവിഷ്‌ക്കാരമോ സ്വാധീനമോ ആണ്.

സമഗ്രമായ ഒരു മാറ്റവും അതിന്റെ വിമർശവും മേതിലിന്റെ കലയുടെ എപ്പോഴെത്തെയും ആവശ്യമാകുന്നു. ‘‘എഴുപതുകളിലെ ആധുനികതാ പ്രസ്ഥാനത്തിൽ ഒരു തീവ്രവാദിയായോ മൗലികവാദിയായോ ഞാനുണ്ടായിരുന്നു'' എന്നാണ് മേതിൽ അക്കാലത്തെ തന്റെ എഴുത്തിനെപ്പറ്റി പറയുക.

ഇന്ന് ഓർക്കുമ്പോൾ, ലോകം മുഴുവൻ, വിശേഷിച്ചും കലയിലും സാഹിത്യത്തിലും, അങ്ങനെയൊരു പിന്മാറ്റത്തിന്റെ കാലമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ആ പിൻവാങ്ങൽ പൂർണമാവുകയായിരുന്നു. ഒരുപക്ഷെ, പതിനെട്ടാം നൂറ്റാണ്ടിൽ ആരംഭിക്കുന്ന ദീർഘവും സർഗ്ഗാത്മകവുമായ ഒരു കാലത്തിന്റെ അന്ത്യം കൂടിയായിരുന്നു അത്. അതിന്റെ തുടർച്ചപോലെ, അല്ലെങ്കിൽ ആ കാലത്തെയും കവിയുന്ന ‘ശീതയുദ്ധ'ത്തിന്റെ കാലം കൂടി ലോകത്തെ സ്വാധീനിക്കാൻ തുടങ്ങുന്നു.
എന്നാൽ, ആധുനികതയുടെ സാമൂഹിക ഇച്​ഛ, അതിന്റെ നിലയ്ക്കാത്ത മിടിപ്പ്, ലോകത്ത് പിന്നെയും തുടർന്നു. നമ്മുടെ എഴുത്തിലും ലാവണ്യചിന്തയിലും, അപൂർവ്വമായെങ്കിലും, അത് അങ്ങനെയാണ്. അതുകൊണ്ടാകും, മേതിലിന്റെ എഴുത്തിന്റെ ഏതൊരു ഘട്ടത്തിലും ആധുനികതയുടെ രണ്ടു പിറവികൾ എപ്പോഴും സംഭവിക്കുന്നുവെന്ന് തോന്നുന്നത്​: സമഗ്രമായ ഒരു മാറ്റവും അതിന്റെ വിമർശവും മേതിലിന്റെ കലയുടെ എപ്പോഴെത്തെയും ആവശ്യമാകുന്നു. ‘‘എഴുപതുകളിലെ ആധുനികതാ പ്രസ്ഥാനത്തിൽ ഒരു തീവ്രവാദിയായോ മൗലികവാദിയായോ ഞാനുണ്ടായിരുന്നു'' എന്നാണ് മേതിൽ അക്കാലത്തെ തന്റെ എഴുത്തിനെപ്പറ്റി പറയുക.

അന്തോണിയൊ നെഗ്രി, കെ. വേണു
അന്തോണിയൊ നെഗ്രി, കെ. വേണു

രണ്ടു ധ്രുവങ്ങളിലേക്ക് പടരുന്ന ഒരു സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്ന പോലെയൊരു പ്രസ്താവമാണ് അത്. നമ്മുടെ എഴുത്തിൽ അവ രണ്ടായി വേർപെടുന്നുമുണ്ട്.

എഴുപതുകളിൽ ലോകം മുഴുവനും അലയടിച്ച മാവോയുടെ ചൈനയിലെ ‘മഹത്തായ സാംസ്‌കാരിക വിപ്ലവ'ത്തിന്റെ കാറ്റ് കേരളത്തിലെ യുവത്വത്തെയും ഇതിനകം തൊട്ടുകഴിഞ്ഞിരുന്നു. നാടുവാഴികളിൽ ചിലരെ കേരളത്തിലും, ലോകത്തെ പലയിടത്തെയും യുവാക്കളെ പോലെ, കമ്യൂണിസ്റ്റ് തീവ്രവാദികളായ യുവാക്കൾ കൊലപ്പെടുത്തിയിരുന്നു. അവരിൽ പലരും, ലോകത്തെ പല യുവാക്കളെയും പോലെ, ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. അന്തോണിയൊ നെഗ്രിയുടെയും കെ. വേണുവിന്റെയും ഒരേകാലത്തെ ജയിൽജീവിതം ഓർമിപ്പിക്കുന്ന പോലെ. ഗ്രാമങ്ങൾ നഗരങ്ങളെ വളയുകതന്നെയാണ് എന്ന് തീർച്ചയായും ലോകത്തെ, വിശേഷിച്ചും ഏഷ്യൻ / ആഫ്രിക്കൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് തീവ്രവാദികളായ യുവാക്കൾ വിശ്വസിച്ചിരുന്നു.

നമ്മുടെ ഭാഷയിലെ ആധുനികതയുടെ ഒരു വലിയ പ്രയോക്താവ് കൂടിയാ യിരുന്നതുകൊണ്ടാകും, മേതിൽ, സാഹിത്യത്തിലെ ഈ ‘ഇടത് വ്യത്യയാന'ത്തെ ഒരു ‘കലാ വഞ്ചന'യായാണ് കണ്ടത്.

മറ്റൊരു തരത്തിൽ, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ തുടരുന്ന ജീവിതത്തിന്റെ കലയെ ഇതൊക്കെ അട്ടിമറിയ്ക്കുകയായിരുന്നു, സാഹിത്യത്തിലെ ‘അതുവരെയുമുള്ള ആധുനികത'യെയും. പ്രസിദ്ധ മാർക്‌സിസ്റ്റ് രാഷ്ട്രീയ ചിന്തകൻ അന്തോണിയൊ ഗ്രാംഷിയെ തലതിരിച്ചു പറയുകയാണെങ്കിൽ, നമ്മുടെയും സാഹിത്യത്തിനും കലയ്ക്കും മേൽ തീവ്ര ഇടതു രാഷ്ട്രീയത്തിന്റെ ‘സാംസ്‌കാരികാധിപത്യം', Cultural hegemony, പ്രകടമായും നിലവിൽ വരുകയായിരുന്നു: സാഹിത്യത്തിലൂടെ, തെരുവുനാടകങ്ങളിലൂടെ, സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെ, ആശയപ്രകാശനങ്ങളിലൂടെ, അനുഭാവികളിലൂടെ, ഒടുവിലൊടുവിൽ, അതിന്റെ ബ്രാൻഡ് ഐറ്റം പോലെ ആഘോഷിക്കപ്പെട്ട കവിയരങ്ങുകളിലൂടെ...

സമൂഹത്തിൽ സംഭവിക്കാത്ത, അല്ലെങ്കിൽ സംഭവിക്കാനിരിക്കുന്നു എന്ന് സത്യസന്ധമായും വിശ്വസിക്കാൻ ശ്രമിച്ച, ഒരു ‘സായുധ വിപ്ലവ'ത്തിന്റെ സാംസ്‌കാരിക മൂലധനം അന്നത്തെ ‘തീവ്ര ഇടതി'നൊപ്പം നിന്ന എഴുത്തുകാർ നേരത്തെ നിർമിയ്ക്കുകയായിരുന്നു എന്ന് ഇന്ന് നമുക്ക് വിചാരിക്കാൻ പറ്റും. ഒരു പക്ഷെ ‘അ- മാർക്‌സിസ്റ്റ്' എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിധത്തിൽ, അതൊരു വിശ്വാസബലം പോലെയും അവർക്ക് തോന്നിയിരിക്കും. മാത്രമല്ല, പല കാരണങ്ങൾകൊണ്ടും, അത്തരമൊരു ‘സാംസ്‌കാരികാധിപത്യം' നമ്മുടെ ആധുനികതയുടെ തുടർച്ചയായി പിന്നീട് പരിഗണിക്കപ്പെടുകയും ചെയ്തു. അഥവാ, അങ്ങനെയൊരു വിശ്വാസഭ്രംശം, ‘ആധുനികത'യെ, അതിന്റെ ജീവത്തായ സകലമോഹങ്ങളിൽ നിന്നും, നമ്മുടെ കലയിൽ നിന്നും, വിലക്കുകയായിരുന്നു.

നമ്മുടെ ഭാഷയിലെ ആധുനികതയുടെ ഒരു വലിയ പ്രയോക്താവ് കൂടിയാ യിരുന്നതുകൊണ്ടാകും, മേതിൽ, സാഹിത്യത്തിലെ ഈ ‘ഇടത് വ്യത്യയാന'ത്തെ ഒരു ‘കലാ വഞ്ചന'യായാണ് കണ്ടത്. ഒരിക്കൽ തന്നോടൊപ്പമുണ്ടായിരുന്ന പലരും അങ്ങനെയൊരു ‘രാഷ്ട്രീയ-ആധുനികത'യിലേക്ക് നീങ്ങിയപ്പോൾ മേതിൽ, മുമ്പ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി പ്രവർത്തകനും ഔദ്യോഗിക ഭാരവാഹിയും ആയിരുന്നിട്ടുകൂടി, ‘‘എഴുത്തിലെ ഇടതുസുഹൃത്തുക്കളെ'', കലയിലെ ‘‘പ്രയോജനവാദികൾ'' എന്ന് വിലയിരുത്തി. ‘ഉള്ളടക്കവാദികൾ മാത്രം' എന്ന് വിശേഷിപ്പിച്ചു. സ്റ്റാലിന്റെ പ്രേതത്തിനൊപ്പമാണ് അവർ പോയത് എന്ന് വിശ്വസിച്ചു.

അതെ, അവർ പലരും ഇപ്പോഴും സ്റ്റാലിന്റെ പ്രേതത്തിനൊപ്പമാണ്.

വാസ്തവത്തിൽ, മേതിൽ, ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല. സാമൂഹിക മാറ്റങ്ങളിൽ മാർക്‌സിസം ഒരാശയമെന്ന പേരിൽ ഇടപെടുന്നതിനെ തന്റെ സംഭാഷണങ്ങളിൽ മേതിൽ കുറച്ചുകണ്ടിരുന്നില്ല എന്നാണ് അല്ലെങ്കിൽ എന്റെ എക്കാലത്തെയും അനുഭവം. എൺപതുകളിൽതന്നെ, ‘ഭൂമിയുടെ രാഷ്ട്രീയം' എന്ന പേരിൽ മേതിൽ എഴുതിയ, സുഹൃത്തുക്കൾക്കിടയിൽ വായിക്കാൻ നൽകിയിരുന്ന പരിസ്ഥിതി സംബന്ധമായ പ്രബന്ധം, കെ. വേണു അടക്കമുള്ള അന്നത്തെ മാർക്‌സിസ്റ്റ് ചിന്തകർ ഗൗരവമായിത്തന്നെ വായിക്കുന്നുമുണ്ട്.

എപ്പോഴും ജന്തുപരമായ ഒരു ഉൾക്കാഴ്ചയുടെ പ്രേരണയുള്ള, മനുഷ്യനുമാത്രം സാധ്യമാവുന്ന, രാഷ്ട്രീയമായിരുന്നു ഭൂമിയെ പറ്റി പറയുമ്പോഴും മേതിൽ അവതരിപ്പിച്ചത്.

എന്നാൽ, അപ്പോഴും മേതിൽ കലയിലെ പ്രയോജനവാദത്തെ അംഗീകരിച്ചില്ല. മാത്രമല്ല, തന്റെ കലയിലൊ ആലോചനയിലോ വന്ന പാരിസ്ഥിതികമായ അനുഭവജ്ഞാനത്തെ ആധ്യാത്മികമായ പരിസരത്തിലോ മതപരമായ ഓർമയിലോ മേതിൽ ഒരിക്കലും അവതരിപ്പിച്ചതുമില്ല. പകരം, എപ്പോഴും ജന്തുപരമായ ഒരു ഉൾക്കാഴ്ചയുടെ പ്രേരണയുള്ള, മനുഷ്യനുമാത്രം സാധ്യമാവുന്ന, രാഷ്ട്രീയമായിരുന്നു ഭൂമിയെ പറ്റി പറയുമ്പോഴും മേതിൽ അവതരിപ്പിച്ചത്. മനുഷ്യന് തന്റെ അധികാര കൽപ്പനയിലും അധികാരനിർവഹണത്തിലും എവിടെയോ നഷ്ടപ്പെട്ട ഒരു വിവേകമായി ആ ഭൗമരാഷ്ട്രീയം പുനരാനയിക്കപ്പെടുന്നു.

മേതിൽ / Photo: Wikimedia Commons
മേതിൽ / Photo: Wikimedia Commons

മാർക്‌സിസത്തിന്റെ ഉന്മത്തതയോളംപോന്ന മനുഷ്യകേന്ദ്രീകൃതമായ അതിന്റെ രാഷ്ട്രീയാധീശത്വത്തെ, ആ ആശയച്ചിട്ടയുടെ ജീവൽസ്വഭാവത്തെ, കലയിലെ അതിന്റെ അസഹ്യമായ സാന്നിധ്യത്തെ, മേതിൽ ആദ്യമേ നിരാകരിച്ചു. അതുകൊണ്ടുതന്നെ, ഇപ്പോൾ തന്റെ കണ്മുമ്പിൽ വെച്ചുണ്ടായ ‘തീവ്ര ഇടത് വ്യത്യയാന'ത്തിന് കലയിലെ ആധുനികതയുമായി ഒരു ബന്ധവുമില്ലെന്ന്​ മേതിൽ വിശ്വസിച്ചു. ഇത് തനിക്ക് പറ്റിയ സ്ഥലമോ സാഹിത്യമോ അല്ല എന്ന് വിശ്വസിച്ചു. മേതിൽ എഴുത്ത് നിർത്തി. തന്റെ തന്നെ എഴുത്തിന്റെ മറവിയിലേക്ക് നടന്നു. ഒരുപക്ഷെ ഒരു അഭയാർത്ഥിയെ പോലെ. ഒപ്പം, സാഹിത്യത്തെ ആവോളം അവിശ്വസിച്ചു. ഒരു രാഷ്ട്രത്തെ അതിലെ പൗരൻ അവിശ്വസിക്കുന്ന പോലെ. പിറകെ, ‘‘ആധുനികത''യെ തന്റെ സർഗ്ഗാത്മകതയുടെ കൂടി അവസാന ദൃശ്യമായി അടച്ചുപൂട്ടി.

‘‘ഞാൻ എഴുത്ത് നിർത്തിയത് അതുകൊണ്ടുകൂടിയാണ്’’; മേതിൽ ഒരിക്കൽ എന്നോടുപറഞ്ഞു: ‘‘തീവ്ര ഇടതും, കലയിലെ പ്രയോജനവാദികൾ മാത്രമാണ്. പോസ്റ്റ്- പുരോഗമന സാഹിത്യകാരന്മാർ മാത്രമാണ് അവർ. എന്റെ കാഴ്ചപ്പാടിൽ അവർ ആധുനികതയെ ഒറ്റുകൊടുക്കുകയായിരുന്നു''.
ഞാനത് വിശ്വസിച്ചില്ല.

‘‘ഞാൻ കരുണാകരന് ഒരു പുസ്തകം തരട്ടെ'', അയാൾ എന്നോട് ചോദിച്ചു.
എന്റെ മറുപടിക്കു കാത്തുനിൽക്കാതെ തന്റെ ഷർട്ടുയർത്തി അരയിൽ ആയുധംപോലെ വെച്ചിരുന്ന ഒരു ചെറിയ പുസ്തകം അയാൾ എന്റെ കൈയ്യിൽ വെച്ചു,

നമ്മുടെ കലയിലും രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന എൺപതുകളുടെയും തൊണ്ണൂറുകളുടെയും ഓർമയുള്ള ഞാൻ, അന്ന്, ഇതേ ‘രാഷ്ടീയ ആധുനികത’ക്കൊപ്പമായിരുന്നു. ഞാനും, അക്കാലത്തെ പല യുവാക്കളെയും പോലെ, തീവ്ര ഇടത് രാഷ്ട്രീയത്തിന്റെ സഹയാത്രികനായിരുന്നു. അവരുടെ രാഷ്ട്രീയയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ‘സായുധ കലാപ'ത്തിൽ വിശ്വസിയ്ക്കുന്നുണ്ടായിരുന്നു. ഭരണകൂടം അട്ടിമറിക്കപ്പെടേണ്ടതാണ് എന്ന് വിശ്വസിയ്ക്കുന്നുണ്ടായിരുന്നു. ബൂർഷ്വാ ഭരണകൂടത്തെ അട്ടിമറിക്കുന്ന വിപ്ലവങ്ങളിൽ കലയ്ക്കും സാഹിത്യത്തിനുമുള്ള പങ്കിൽ വിശ്വസിക്കുന്ന അത്രയും.

എന്നെ നോക്കൂ: സായുധവിപ്ലവവിശ്വാസത്തിലേക്ക് ഞാൻ ആനയിക്കപ്പെടുന്നതുതന്നെ, ഒരു സന്ധ്യയ്ക്ക്, എനിക്ക് അജ്ഞാതനായ ഒരാൾ കൈമാറിയ മാവോ സെ തുങ്ങിന്റെ പ്രസിദ്ധമായ ‘യെനാൻ പ്രസംഗങ്ങൾ' എന്ന ചെറിയ പുസ്തകം വായിക്കാൻ നൽകിക്കൊണ്ടാണ്.

‘‘തൊട്ടുമുമ്പ് ഇവിടെ അവതരിപ്പിച്ച തന്റെ കവിത ശ്രദ്ധിക്കുകയായിരുന്നു, ഞാൻ''. അജ്ഞാതനായ അയാൾ മറ്റ് കവികളെയെല്ലാം വിട്ട് എന്നെ ആ ഹാളിന്റെ ഒരു കോണിൽ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു, ചെവിയിൽ മന്ത്രിക്കുന്ന പോലെ, അത്രയും ശാന്തനായി; ‘‘പക്ഷെ കവിത കല മാത്രമല്ല എന്ന് തന്നോട് പറയണമെന്ന് തോന്നുന്നു''.
അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.

ഞാൻ അയാളെ നോക്കി.
കറുത്ത്, ആരോഗ്യമുള്ള, ഉയരത്തിൽ, മധ്യവയസ്സിലേക്ക് പ്രവേശിച്ച ഒരാൾ. ‘‘ഞാൻ കരുണാകരന് ഒരു പുസ്തകം തരട്ടെ'', അയാൾ എന്നോട് ചോദിച്ചു.
എന്റെ മറുപടിക്കു കാത്തുനിൽക്കാതെ തന്റെ ഷർട്ടുയർത്തി അരയിൽ ആയുധംപോലെ വെച്ചിരുന്ന ഒരു ചെറിയ പുസ്തകം അയാൾ എന്റെ കൈയ്യിൽ വെച്ചു, ‘‘മാവോ സെ തുങ്ങിന്റെ യെനാൻ പ്രസംഗങ്ങൾ എന്ന പുസ്തകമാണ്'', അയാൾ പറഞ്ഞു: ‘‘ഇത് വായിക്കുന്നതിനിടയ്ക്ക് നമ്മൾ ഇനിയും കാണുകയും ചെയ്യും''.

ഒരു കമ്യൂണിസ്റ്റ്  സമൂഹം അല്ലാതിരുന്നിട്ടും ഒരു വലിയ കാലം കമ്യൂണിസ്റ്റ് ഇച്​ഛ, രാഷ്ട്രീയത്തിലും കലയിലും കണ്ടെത്തിയ, മൂന്നോ നാലോ തലമുറയിലെ  മനുഷ്യരുടെ ലോകംകൂടിയായിരുന്നു, നമ്മൾ, കേരളീയരുടേത്
ഒരു കമ്യൂണിസ്റ്റ് സമൂഹം അല്ലാതിരുന്നിട്ടും ഒരു വലിയ കാലം കമ്യൂണിസ്റ്റ് ഇച്​ഛ, രാഷ്ട്രീയത്തിലും കലയിലും കണ്ടെത്തിയ, മൂന്നോ നാലോ തലമുറയിലെ മനുഷ്യരുടെ ലോകംകൂടിയായിരുന്നു, നമ്മൾ, കേരളീയരുടേത്

ഇപ്പോഴും അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.
ആ രാത്രിയോടെ കലയുടെയും രാഷ്ട്രീയത്തിന്റെയും തീവ്രമായ ബോധ്യങ്ങളിലേക്ക് എന്നെ ജ്ഞാനസ്‌നാനം ചെയ്യുകയാണ് എന്നുറപ്പിക്കുന്ന വിധം എന്നെ അയാൾ ആംലിഗനം ചെയ്തു. പുസ്തകം ഞാൻ എന്റെ തോൾസഞ്ചിയിൽ വെയ്ക്കുമ്പോൾ അയാൾ ഇരുട്ടിലേക്ക് നടന്നുമറയുകയും ചെയ്തു.

ആ കൂടിക്കാഴ്ചയും എന്റെ ജീവിതത്തിൽ നീണ്ടുനിന്നു, കഴിഞ്ഞ ഒരു ദിവസം, വൈകുന്നേരം, അയാൾ മരിക്കുന്നതു വരെ. കവിയും മാർക്‌സിസ്റ്റ് ചിന്തകനുമായിരുന്ന ഇ. ഐ. എസ്. തിലകനായിരുന്നു അയാൾ. പിന്നീട് എന്റെയും മേതിലിന്റെയും പ്രിയപ്പെട്ട ‘മാർക്‌സിസ്റ്റ് സുഹൃത്തു'മായിരുന്നു തിലകൻ.
തിലകന്റെ മരണമറിഞ്ഞ മേതിൽ എനിക്ക് സന്ദേശം അയച്ചു: ‘‘നമ്മുടെ കാലത്തെ ഒരേയൊരു മാർക്‌സിസ്റ്റ് ചിന്തകൻ’’, ‘അയാൾ പോയി'...

എന്നാൽ, അക്കാലത്തെ മേതിലിന്റെ വിമർശം, കലയെ രാഷ്ട്രീയായുധമാക്കുന്ന ഏതുതരം പ്രയോജനവാദത്തോടുമുള്ള മേതിലിന്റെ തുറന്ന എതിർപ്പ്, പലപ്പോഴും ഞങ്ങളുടെ സംഭാഷണത്തിലെ യുദ്ധക്കളമായി മാറുകയായിരുന്നു പതിവ്. അതിന്റെ പേരിൽ പലപ്പോഴും ഞങ്ങൾ തമ്മിൽ ചൂടൻ വാഗ്വാദങ്ങൾ തന്നെയുണ്ടായി. ഒരുദിവസം, അത്തരമൊരു തർക്കത്തിന്റെ ഭ്രാന്തൻവേളയിൽ, മേതിൽ എന്നെ തന്റെ മുറിയിൽ നിന്ന്​ ഇറക്കിവിട്ടു. വാതിൽ തുറന്ന്, എനിക്ക് പോകാനുള്ള ലിഫ്റ്റ് കാണിച്ചുതന്നു.

മനുഷ്യരുടെ ആവശ്യം പോലെയായിരുന്നു, അല്ലെങ്കിൽ മേതിലുമായുള്ള എന്റെ കൂടിക്കാഴ്ചകൾ. കലഹങ്ങളെക്കാൾ സ്‌നേഹം കൊണ്ട് പണിയുന്ന നിമിഷങ്ങൾ, ‘മേതിൽ നിമിഷങ്ങൾ' എന്ന് ഞാനതിനെ ഓർക്കാൻ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്.

‘പുതിയ കവിത'യിലെ ‘പാടുന്ന കവികളെ' കുറിച്ചുള്ള ഒരു വർത്തമാനമായിരുന്നു അത്. ‘ജനകീയമാകുന്ന കവിത'യെ പറ്റിയുള്ള എന്റെ മുടിഞ്ഞ തർക്കം മേതിലിനെ ചൊടിപ്പിയ്ക്കുകയായിരുന്നു.

ഞാൻ ലിഫ്റ്റിൽ കയറി, ഇനിയൊരിക്കലും ഈ മനുഷ്യനുമായി സംസാരിക്കേണ്ടതില്ല എന്ന് ഞാനും തീരുമാനമെടുത്തു. പക്ഷെ, അതിനും അടുത്ത വ്യാഴാഴ്ച, രാവിലെ, മേതിൽ എന്നെ ഫോണിൽ വിളിച്ചു.
‘ഇന്നും നമ്മൾ കാണുമല്ലോ' എന്നുചോദിച്ചു.
‘തീർച്ചയായും', ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.

മനുഷ്യരുടെ ആവശ്യം പോലെയായിരുന്നു, അല്ലെങ്കിൽ മേതിലുമായുള്ള എന്റെ കൂടിക്കാഴ്ചകൾ. കലഹങ്ങളെക്കാൾ സ്‌നേഹം കൊണ്ട് പണിയുന്ന നിമിഷങ്ങൾ, ‘മേതിൽ നിമിഷങ്ങൾ' എന്ന് ഞാനതിനെ ഓർക്കാൻ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. അതിനാൽ, ആ വ്യാഴാഴ്ചയും ഞങ്ങൾ ഞങ്ങളുടെ ‘നിലയ്ക്കാത്ത സംഭാഷണ'ങ്ങളുടെ തുടർച്ചയിൽന്നെ കണ്ടുമുട്ടി, അന്നും കവിതയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും സംസാരിച്ചു.

തന്റെ കലയെ ഒരു സാമൂഹ്യാനുഭവമാക്കുന്നതിനേക്കാൾ മേതിൽ ആഗ്രഹിച്ചത് ‘ഭാവനയുടെ ഭൗതികസ്ഥല'മാക്കാനായിരുന്നിരിക്കണം. അല്ലെങ്കിൽ, വളരെ സ്വകാര്യവും വസ്തുനിഷ്ഠവുമായ ഒരു കല, ശാസ്ത്രഞ്ജരുടെതുപോലെ പരിചയപ്പെടുന്ന ഒരു ലോകമായിരുന്നു, മേതിലിന് കലയിലും അഭികാമ്യം.
ഭൂമിയെ മനുഷ്യഭാവനയുടെ എല്ലാ ആഗ്രഹങ്ങളോടെയും വളഞ്ഞുപിടിക്കുന്ന ഒരാലിംഗനമായി, തന്റെ പല കൃതികളിലും മേതിൽ ഉപയോഗിക്കുന്ന ‘താര' എന്ന പദം പോലെ ഒന്ന്, ആ എഴുത്തിന്റെതന്നെ ആവശ്യമാകുന്നു.

ഓരോ നിമിഷങ്ങളെയും കണ്ണികോർക്കുന്ന നിരീക്ഷണങ്ങളുടെയും ഉൾക്കാഴ്ചകളുടെയും ശേഖരമാണ് തനിക്ക് ‘എഴുത്ത്' എന്ന് മേതിൽ പറയുന്നു. ശാസ്ത്രീയമായ അച്ചടക്കത്തോടെ, ഒരു ‘പ്രോഗ്രാം' എഴുതുന്നപോലെ, മേതിൽ, തന്റെ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു. എഴുതാതിരിക്കുമ്പോഴാകട്ടെ, മേതിലിന്റെ കല ഓർമയുടെ ഏകാന്തനിലയങ്ങൾ പോലെയുമാണ്. ഉടലിലെ ചില വടുക്കൾ പോലെ അവ മായാതെയും വെളിപ്പെടാതെയും തുടരുന്നു. അത്തരമൊരു നിൽപ്പിനെ അപലപിക്കുന്ന എന്തിനോടും മേതിൽ വിശുദ്ധമായ അകലം പുലർത്തുന്നു. എഴുതുമ്പോൾ, തന്നെ, (Author), തന്റെ കലയിലെ അധിപനെ പോലെ വാഴിയ്ക്കുന്നു.

നമ്മുടെ സാഹിത്യത്തിന്റെ പൊതുരുചിക്ക്, അതിന്റെ കലയ്ക്കും രാഷ്ട്രീയത്തിനും, ഇതെല്ലാം അപരിചിതവുമായിരുന്നു. അല്ലെങ്കിൽ, ആ ‘അപരിചിതത്വ'മായിരുന്നു മേതിലിനെ വാഴ്ത്താനും വിമർശിക്കാനും ലഭിച്ച അത്രയും തെളിവ്: ചേരി തിരഞ്ഞെടുക്കുക എന്നത് മേതിലിന്റെ വായനക്കാരുടെ ഊഴവും. കലയെ കുറിച്ചും സാഹിത്യത്തെ കുറിച്ചുമുള്ള ഒരു ചർച്ച അതുകൊണ്ടുതന്നെ അതെപ്പോഴും കരുതിവെയ്ക്കുന്നു.

ഒ.വി വിജയൻ / Photo : K.R. Vinayan
ഒ.വി വിജയൻ / Photo : K.R. Vinayan

ഒരു കമ്യൂണിസ്റ്റ് സമൂഹം അല്ലാതിരുന്നിട്ടും ഒരു വലിയ കാലം കമ്യൂണിസ്റ്റ് ഇച്​ഛ, രാഷ്ട്രീയത്തിലും കലയിലും കണ്ടെത്തിയ, മൂന്നോ നാലോ തലമുറയിലെ മനുഷ്യരുടെ ലോകംകൂടിയായിരുന്നു, നമ്മൾ, കേരളീയരുടേത്. മേതിൽ, ആ ‘ഇച്ഛ'യിൽ നിന്ന്, കലയും സാഹിത്യവും നിശ്ശബ്ദതയും ആചരിച്ച് പിൻവാങ്ങി. മറ്റൊരു എഴുത്തുകാരൻ, ഒ. വി. വിജയൻ, ആ കാലത്തോട് നിരന്തരം കലയും സാഹിത്യവും രാഷ്ട്രീയവും പറഞ്ഞുകൊണ്ടുതന്നെ വിയോജിച്ചു. ഒരുപക്ഷെ, നമ്മുടെ ആധുനികതയുടെതന്നെ രണ്ട് സാഹിത്യ പ്രതികരണങ്ങൾ പോലെയായിരുന്നു രണ്ടു തലമുറയിൽ നിന്നുമുള്ള ഈ രണ്ട് എഴുത്തുകാരുടെത്. ഇങ്ങനെ ഈ രണ്ടു രീതികൾ കൊണ്ടാണ്, നമ്മുടെ സാഹിത്യത്തിലെ, അതിനാൽ നമ്മുടെ ആധുനികതയിലെയും, സ്വന്തം ‘ശീതയുദ്ധ കാല കല' യിലെ ‘സ്റ്റാലിൻ യുഗ'ത്തെ ഇവർ പ്രതിരോധിച്ചത്.

ഒരാൾക്ക് മരണവുമായുള്ള ജന്തുബന്ധംപോലെ ഒന്നാണോ, എഴുത്തുകാർക്ക് അവരുടെ എഴുത്തുമായുള്ളത് എന്ന് തീർച്ച പറയാനാവില്ല. മരിക്കും എന്ന ബോധ്യത്തിൽ നിന്ന്​ വളരെ ദൂരെ നിൽക്കുന്ന ഒരാളെയാണ് ജീവിതംകൊണ്ട് ഓരോരുത്തരും മോഹിക്കുന്നത്. അവരുടെ പ്രവൃത്തി മുഴുവൻ അങ്ങനെയൊരു ‘അകല'ത്തെ എപ്പോഴും ഓർമിപ്പിക്കുന്നു. തന്റെ മരണത്തിൽ നിന്ന്​ ‘സുരക്ഷിതമായ ദൂരം' എഴുത്തുകാർ ചോദിച്ചു വാങ്ങുന്നു. മരണത്തിലേക്ക് തങ്ങളുടെ യാത്ര തുടരുമ്പോഴും.

മേതിൽ ആധുനികതയെയും എഴുത്തിലെ തന്റെ നിശ്ശബ്ദതയെയും ഒരു ‘മരണ'വുമായി എനിക്കുവേണ്ടി ഇങ്ങനെ ബന്ധപ്പെടുത്തി: ‘അത് രണ്ടും നടന്നത് ഒരു ദിവസമാണ്', മേതിൽ പറഞ്ഞു: ‘ജോൺ ലെനൻ കൊല്ലപ്പെട്ട ആ ഒരൊറ്റ നേരത്ത്'.

എന്നാൽ, എഴുത്തുമായുള്ള എഴുത്തുകാരുടെ ബന്ധം, അവരെ, തങ്ങളുടെതന്നെ ‘അനിവാര്യമായ കാണാതാവലി'ലേക്ക് അടുപ്പിക്കുന്നു. അതവരെ അനശ്വരതയുടെ രഹസ്യകാമുകരാക്കുന്നു. അവരുടെ ജീവിതം ഒരേസമയം നശ്വരതയുടെയും അനശ്വരതയുടെയും കളിസ്ഥലം പോലെയാകുന്നു. ജനനിബിഡമെന്നും നിശ്ശൂന്യമെന്നും പ്രകടിപ്പിക്കുന്ന ഒരേകാന്തത എപ്പോഴും അവരെ വളഞ്ഞുപിടിക്കുന്നു. മറ്റെന്തിനേക്കാളും, സാഹിത്യം, ആദർശാത്മകമായ ഒരു പ്രവൃത്തി എന്ന് അതിനെത്തന്നെ കണ്ടുപിടിച്ചതുകൊണ്ടാകാം ഇങ്ങനെയൊക്കെ. തീർച്ചയില്ല. എന്നാൽ, ഈ ‘എകാന്തത'യെ, ജനനിബിഡവും നിശൂന്യവുമായ ഈ കലാജീവിതത്തെ, സർഗ്ഗാത്മകതയുടെ സ്ഥലമായി മനസ്സിലാക്കാൻ പലപ്പോഴും നാം പരാജയപ്പെടുന്നു. പകരം, കലയെ ഒരു സാമൂഹ്യസ്വത്ത് എന്നു മാത്രം പരിചയപ്പെടുന്നു.

ഒരുദിവസം, മേതിൽ ആധുനികതയെയും എഴുത്തിലെ തന്റെ നിശ്ശബ്ദതയെയും ഒരു ‘മരണ'വുമായി എനിക്കുവേണ്ടി ഇങ്ങനെ ബന്ധപ്പെടുത്തി: ‘അത് രണ്ടും നടന്നത് ഒരു ദിവസമാണ്', മേതിൽ പറഞ്ഞു: ‘ജോൺ ലെനൻ കൊല്ലപ്പെട്ട ആ ഒരൊറ്റ നേരത്ത്'. ‘അന്ന് ആധുനികത മരിച്ചു', ‘ഒപ്പം ഞങ്ങളുടെ തലമുറയും മരിച്ചു.'

എനിക്കത് പതുക്കെ മാത്രമേ മനസ്സിലാവുമായിരുന്നുള്ളൂ.

പക്ഷെ, നോക്കുക: നീണ്ടുനിൽക്കുന്ന വൈദഗ്ദ്യമായി ഒരാൾ കലയെ അപ്പോഴും അനുഭവിക്കുന്നു. തന്റെ നൈപുണ്യത്തെ ജീവിതത്തിന്റെ ഹ്രസ്വദീപ്തിയിൽ കണ്ടെത്തുന്നു.

‘ആൾസ് ലോംഗ' എന്നും ‘വിറ്റാ ബ്രെവിസ് ' എന്നും. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments