അടയാളം:
ഒരൊറ്റ ലക്കത്തിൽ
​പല ഓർമകൾ

Ars Longa, Vita brevis

മേതിൽ: വ്യാഴാഴ്​ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- 5

എന്റെ രാഷ്ട്രീയം, ഒരു വ്രണവും നക്ഷതവും, എത്യോപ്യ, ഒച്ചിന്റെ തോട്, തേവിടിശ്ശികൾ തുടങ്ങി പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ട മേതിലിന്റെ പല കവിതകളും ആ ഒരൊറ്റ രാത്രിയുടെ പല പുറപ്പാടുകളായിരുന്നു എന്ന് ഇന്നും ഓർക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്നു

മേതിൽ രാധാകൃഷ്ണൻ

രു ദിവസം, അതും ഒരു വ്യാഴാഴ്ചയാകും, ഞങ്ങൾ ഒരാശയത്തിലെത്തി: ‘ലോകത്തെ ആദ്യത്തെ സിറോക്‌സ് മാസിക' ഇറക്കുക. ലോകം മുഴുവൻ സിറോക്‌സ് എന്നാൽ ഫോട്ടോകോപ്പി എന്നുപറഞ്ഞ്​ ശീലിക്കാൻ തുടങ്ങിയ ആ ദിവസങ്ങളിൽ ഒരു ഫോട്ടോസ്റ്റാറ്റ് മാസികയ്ക്ക് നടപ്പുരീതിയിൽ ഞങ്ങൾ കണ്ടെത്തിയ പേരായിരുന്നു Xerox magazine. രണ്ടുപേർ മാത്രമുള്ള, രണ്ടുപേർ മാത്രം ആദ്യം കാണുന്ന, രണ്ടുപേർ മാത്രം പത്രാധിപന്മാരായ ഒരു മാസിക.

മേതിൽ കവിതകൾ എഴുതുന്നു, ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നു.

എഴുതുന്നു എന്നതിനെക്കാൾ എഴുതുക എന്ന കാഴ്ചപ്പെരുമയിലായിരുന്നു ഞങ്ങൾ എന്നുതോന്നുന്നു. ഗുഹാലിഖിതങ്ങൾ പോലെ എഴുത്തും വരയും വീണ്ടും ഒരിക്കൽക്കൂടി കാണുന്ന ഭംഗിയിൽ ആ ആശയത്തെ പിന്നെയും ഞങ്ങൾ കൊണ്ടുപോയി.

എന്നാൽ, ഇപ്പോൾ ‘അടയാള'ത്തെ കുറിച്ചുള്ള എന്റെ ഓർമ മുഴുവൻ അതിലെ മേതിലിന്റെ കവിതകളെ കുറിച്ചാണ്. അതാകട്ടെ, എഴുത്തിനെ കുറിച്ചുള്ള എന്റെ ആദർശാത്മകമായ നിലപാടുകൾ ഏതിനെയും ഇപ്പോഴും കുഴക്കുന്നതുമാണ്. പിൽക്കാലത്ത്, ഭൂമിയെയും മരണത്തെയും കുറിച്ച് എന്ന മേതിലിന്റെ കവിതാസമാഹാരത്തിലെ, ഭൂമിയെയും കലാപത്തെയും കുറിച്ച് - ഇക്കോ-പോളിറ്റിക്കൽ കവിതകൾ, എന്ന ആഭ്യ ഭാഗത്തിലെ എല്ലാ കവിതകളും മേതിൽ എഴുതുന്നത് ‘അടയാള'ത്തിനുവേണ്ടിയാണ്.

എന്റെ രാഷ്ട്രീയം, ഒരു വ്രണവും നക്ഷത്രവും, എത്യോപ്യ, ഒച്ചിന്റെ തോട്, തേവിടിശ്ശികൾ തുടങ്ങി പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ട മേതിലിന്റെ പല കവിതകളും ആ ഒരൊറ്റ രാത്രിയുടെ പല പുറപ്പാടുകളായിരുന്നു എന്ന് ഇന്നും ഓർക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്നു

ഞങ്ങളുടെ ആശയം മനസ്സിൽ മുഴുവനുമായ ഒരു വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ മേതിൽ എന്നോട് പറഞ്ഞു: നീ നിന്റെ ചിത്രങ്ങളുമായി നാളെ രാവിലെ എന്റെ ഫ്ലാറ്റിൽ വാ, അപ്പോഴേക്കും കവിതകൾ തയ്യാറായിരിക്കും.

എനിക്ക് തീർച്ചയില്ലായിരുന്നു.

ഒരു രാത്രികൊണ്ട് ഒരാൾ എത്ര കവിതകൾ എഴുതും?

അറിയില്ല.

എനിക്ക് പക്ഷെ ചിത്രങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴായി വരച്ചത്. അവ ശേഖരിയ്ക്കുകയേ വേണ്ടൂ: പാതിവഴിക്ക് ഉപേക്ഷിച്ച ചിത്രപരിശീലനത്തിന്റെ ഒരു ചെറുദ്വീപ് ബാക്കി കൂടി മുങ്ങുന്നത് കാണുകയായിരുന്നിരിക്കണം ആ ദിവസങ്ങളിൽ ഞാൻ. മേതിലാകട്ടെ ഞാൻ വരയ്ക്കുന്നത് എന്തും കാണാൻ ആഗ്രഹിച്ചു.

പക്ഷെ കവിതകൾ?

ഒരു രാത്രികൊണ്ട് ഒരാൾ എത്ര കവിതകൾ എഴുതും?

എന്നാലിപ്പോൾ, ആ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മേതിലിന്റെ ഫ്ലാറ്റിലെത്തുമ്പോൾ മേതിലിന്റെ മുറിയിൽ കട്ടിലിലും നിലത്തുമായി കിടക്കുന്ന കടലാസുകളിൽ എഴുതി തീർത്ത പന്ത്രണ്ട് കവിതകൾ, അവ ഞാൻ വരുന്നതും കാത്ത്, വാക്ക് പാലിച്ച ശാന്തതയോടെ, കിടക്കുന്നു.

ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.

അസാധാരണ ഭംഗിയുള്ള കൈപ്പടയിൽ, വെട്ടലോ തിരുത്തുകളോ ഇല്ലാതെ, കവിതകൾ.
ഞാൻ അവ ഓരോന്നും ശേഖരിച്ചു. ഓരോ കവിതയുടെയും തലക്കെട്ടുകൾ വായിച്ചു. അവിടെ ഒരു കസേരയിലിരുന്ന് മേതിലിനെ അതേ അത്ഭുതത്തോടെ നോക്കി.

മേതിൽ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.

‘ഇപ്പോൾ നിനക്ക് മനസ്സിലായോ കവിതകളും ഉത്പ്പാദിപ്പിക്കാം എന്ന്.’
ഞാൻ തലയാട്ടി.

അല്ലെങ്കിൽ കവിതയുടെ പ്രചോദനം എന്താണ്, ഓർമയിലും പ്രവർത്തിയിലും കവിയായിരിക്കുക എന്നല്ലാതെ

എന്റെ രാഷ്ട്രീയം, ഒരു വ്രണവും നക്ഷത്രവും, എത്യോപ്യ, ഒച്ചിന്റെ തോട്, തേവിടിശ്ശികൾ തുടങ്ങി പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ട മേതിലിന്റെ പല കവിതകളും ആ ഒരൊറ്റ രാത്രിയുടെ പല പുറപ്പാടുകളായിരുന്നു എന്ന് ഇന്നും ഓർക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്നു. എഴുത്തിനെ കുറിച്ചുള്ള വിശുദ്ധങ്ങളായ കൽപ്പനകളെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. കവിയായിരിക്കുക എന്നാൽ ഒരാൾ അയാളുടെ സ്​കിൽ കൂടി അറിയിക്കുകയാണ് എന്നും ആ ഓർമ ഓർമിപ്പിക്കുന്നു.

ശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുള്ള മനുഷ്യന്റെ ഇടപെടലുകളാണ് തന്നെ സന്തോഷിപ്പിക്കുന്നത് എന്ന് മേതിൽ പറയുന്നു. അങ്ങനെയാകാം, മേതിൽ ഏറ്റവും കുറച്ച് വായനക്കാരുടെ സ്‌നേഹത്തിൽ എഴുതുമ്പോഴും എഴുതാതിരിക്കുമ്പോഴും സംരക്ഷിക്കപ്പെടുന്നതും.

സാഹിത്യം, മനുഷ്യകുലത്തിന്റെ നിലനിൽപ്പുമായി അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിൽത്തന്നെ സംഭവിക്കുന്ന ഒന്നായി സാഹിത്യം മാറുന്നു. ഒപ്പം, ഒരു വിസ്മൃതിയുടെ സുഖവും സ്ഥലവും അത് വാഗ്ദാനം ചെയ്യുന്നു. അല്ലെങ്കിൽ എല്ലാ ആവേശവും അവിടെ തുളുമ്പി തുലയുന്നു. സാഹിത്യം അങ്ങനെയൊരു വൈദഗ്ദ്യത്തെ കൂടി പ്രകടിപ്പിയ്ക്കുന്നു. അതിലെ മടുപ്പ് അതിന്റെ സർഗാത്മകതയാണ്. അതിലെ അസംബന്ധത അത് കൂടെക്കൂട്ടിയ അറിവാണ്. എന്നാൽ, എഴുത്തിനോട് Irreverent ആവുക എന്ന ഒരു സമീപനം മേതിൽ എനിക്ക് സമ്മാനിക്കുകയായിരുന്നു.

ശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുള്ള മനുഷ്യന്റെ ഇടപെടലുകളാണ് തന്നെ സന്തോഷിപ്പിക്കുന്നത് എന്ന് മേതിൽ പറയുന്നു. അങ്ങനെയാകാം, മേതിൽ ഏറ്റവും കുറച്ച് വായനക്കാരുടെ സ്‌നേഹത്തിൽ എഴുതുമ്പോഴും എഴുതാതിരിക്കുമ്പോഴും സംരക്ഷിക്കപ്പെടുന്നതും.

ലോകത്തെ ആദ്യത്തെ ‘Xerox magazine' ഞങ്ങൾ രണ്ടുപേരും കൂടി നിർമ്മിച്ച ‘അടയാളം' എന്ന ആ ‘വർക്ക്' ആയിരുന്നുവോ എന്നറിയില്ല. ആവാൻ വഴിയില്ല. കാരണം സ്വന്തം അക്ഷരലോകവുമായി കൈവേലക്കാരെപോലെയൊരു ബന്ധം അന്ന് മനുഷ്യർക്ക് ഒരു പക്ഷെ ഇക്കാലത്തെക്കാൾ കൂടുതലുണ്ടായിരുന്നു. അതുകൊണ്ടുകൂടി എൺപതുകളുടെ പകുതിയിൽ ഞങ്ങൾ രണ്ടുപേരും നിർമ്മിച്ച് ഇറക്കിയ മാസിക, ‘അടയാളം’, തീർച്ചയായും മലയാളത്തിൽ പുതിയതും പുതുമയുമുള്ള ഒരവതരണമായിരുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ഒരു ‘ലിറ്റററി എക്‌സിബിഷൻ', അങ്ങനെയാണ് ‘അടയാളം' സങ്കൽപ്പിക്കപ്പെട്ടത്. ഒരൊറ്റ ലക്കം മാത്രം. ചിത്രങ്ങൾ കൂടിയുള്ള ഒരു കവിതാസമാഹാരം.

പിന്നെയുള്ള ദിവസങ്ങളിൽ മേതിലിന്റെയും എന്റെയും നാട്ടിലുള്ള സുഹൃത്തുക്കൾക്ക് ഞങ്ങൾ ‘അടയാള'ത്തിന്റെ കോപ്പികൾ അയച്ചുകൊടുത്തു. ആഷാ മേനോൻ, ഇ. ഐ. എസ്. തിലകൻ തുടങ്ങി പലരും ‘മാസിക' കിട്ടിയ ഉടനെ ഞങ്ങൾക്ക് എഴുതി. കൊച്ചിയിലെ ‘കലാപീഠ'ത്തിൽ കലാധരന്റെ മുൻകൈയ്യിൽ ‘അടയാള'ത്തിന്റെ ഒരു പ്രദർശനവും ആയിടെയുണ്ടായി. പ്രദർശനം കണ്ട ഒരു ചിത്രകാരൻ ‘അടയാള'ത്തിന്റെ ഒരു കോപ്പി തനിക്കും അയക്കാൻ പറഞ്ഞ് ഞങ്ങൾക്ക് ഒരു കത്ത് അയച്ചു. അതും ഞങ്ങളെ സന്തോഷിപ്പിച്ചു.

ഒരുപക്ഷെ, അക്കാലത്തുതന്നെ മനസ്സിലും വിചാരത്തിലും രൂപപ്പെട്ട തന്റെ ഇക്കോ-പോളിറ്റിക്‌സിന് മേതിൽ ‘സൈദ്ധാന്തികമല്ലാത്ത ഭാഷ്യം' ഈ കവിതകളിലൂടെ കണ്ടെത്തുകയായിരുന്നിരിക്കണം. മേതിൽ പിന്നീട് ഈ കവിതകൾക്കെഴുതിയ ആമുഖക്കുറിപ്പിൽ പറഞ്ഞതുപോലെ, ‘ഭൂമിയുടെ വിമോചനം' എന്ന ആശയം മേതിലിന്റെ കലയുടെ ഒരടിയന്തിര സന്ദർഭമാവുന്നത് ഈ കവിതകളിലൂടെയാണ്. അത്രയും പ്രത്യക്ഷമായിരുന്നു അത്. അതാകട്ടെ, കവിതയിൽ പ്രകൃതിയെ കണ്ടെത്തുന്ന നമ്മുടെ കവിതാശീലങ്ങളിൽ നിന്ന്​ മാറി നിൽക്കുകയും ചെയ്തു. മറ്റൊരുതരത്തിൽ, തന്റെ ഈ കവിതാസമാഹാരത്തിന് നീചെയെ ഉദ്ധരിച്ച് മേതിൽ എഴുതിയ എപ്പിഗ്രാഫിൽ ഈ കവിതകളുടെ ഇക്കോളജിയും രാഷ്ടീയവും അത്രമേൽ ഉണ്ടായിരുന്നു: Once the sin against God was the greatest sin; but God died, and the sinners died with him. To sin against the earth is now the dreadful thing, and to esteem the entrails of the unknowable higher than the meaning of the earth.

ദൈവത്തിനൊപ്പം മരിച്ച പാപികളെയല്ല കവികൾ തങ്ങളുടെ ജന്മങ്ങളിൽ കണ്ടുപിടിച്ചത്; അവർ, ഭൂമിയുടെ അർത്ഥങ്ങളിൽ നഷ്ടപ്പെട്ടവരെ പുനരാവിഷ്‌കരിക്കുകയായിരുന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments