എം. ഗോവിന്ദൻ, ‘ആധുനികത'യുടെ
​മറ്റൊരു ഓർമയെക്കുറിച്ച്

Ars Longa, Vita brevis

മേതിൽ: വ്യാഴാഴ്​ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- 8

കീർത്തിയും മരണവും ഒരേപോലെയും ഒരേസമയവും ജീവിച്ച അസാധാരണനായ ഒരു മലയാളിയെ കുറിച്ചായിരുന്നു മേതിലിന്റെ ആ കവിത

മേതിൽ രാധാകൃഷ്ണൻ/ Photo: KR Vinayan
മേതിൽ രാധാകൃഷ്ണൻ/ Photo: KR Vinayan

പിന്നെയും ഏതാനും വർഷങ്ങൾക്കുശേഷം, ഒരിക്കൽ കോത്തഗിരിയിൽ മേതിൽ താമസിക്കുന്ന വീട്ടിൽ ഞാനും ഞങ്ങളുടെ പൊതുസുഹൃത്ത് ഉണ്ണിയും ചെന്നു. ഞങ്ങളുടെ അവധിക്കാലമായിരുന്നു.

കോത്തഗിരിയിലേക്കുള്ള യാത്ര ‘തണുപ്പുള്ള ഒരു രാജ്യ'ത്തിലേക്ക് പ്രവേശിയ്ക്കും പോലെയായിരുന്നു എനിക്ക്. അതുവരെയും കഴിഞ്ഞ അത്യുഷ്ണത്തിന്റെ നാളുകളുടെ പടം പൊഴിക്കൽ, ചുറ്റിപ്പിണഞ്ഞുകൊണ്ട് കുന്നുകൾ കയറുന്ന പാതകളിൽ ഞാൻ കാണുകയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ മേതിലും പ്രഭേടത്തിയും താമസിക്കുന്ന ചെറിയ വീട്ടിലെത്തി. തണുപ്പിന്റെ ഒരു കൊച്ചുപുരയിലേക്ക്. രാത്രി വീട്ടിലെ അതിശൈത്യത്തെ അകറ്റാൻ കത്തിച്ച ‘തീക്കുണ്ഡ'ത്തിനുചുറ്റും മേതിൽ, പ്രഭേട്ത്തി, ഉണ്ണി, ഞാൻ എന്നിവർ ഇരിക്കുകയായിരുന്നു, കലയും ജീവിതവും പറഞ്ഞും തർക്കിച്ചും.

ആ രാത്രിയുടെ ഓർമയുള്ള ഒരു കവിത മേതിൽ പിന്നീട് എഴുതിയിട്ടുമുണ്ട്.

‘കരിയിലകളുടെയും ഉണക്കച്ചില്ലകളുടെയും കുണ്ഡത്തിനുചുറ്റുമിരുന്ന് ഞങ്ങൾ തീ കായുന്നു, ഞാനും പെണ്ണും എന്റെ കൂട്ടുകാരും കോത്തഗിരിയിൽ ഞങ്ങളുടെ വീട്ടിൽ കനലിൽ നിന്ന് എണ്ണയെടുക്കുന്ന ചുള്ളികൾ കാരണവന്മാരുടെ വിരലുകളാണ്; ഒരിക്കൽ, ഒരു തീക്കുണ്ഡത്തിനുചുറ്റും ഒരൊറ്റ മോതിരം പോലെ തെളിയുന്ന മുഖങ്ങളിൽ നിന്നാണ് എല്ലാം എല്ലാം ഉയിർക്കൊണ്ടത്...’
(നരവംശശാസ്ത്രം).

രാത്രി വീട്ടിലെ അതിശൈത്യത്തെ അകറ്റാൻ കത്തിച്ച ‘തീക്കുണ്ഡ'ത്തിനുചുറ്റും മേതിൽ, പ്രഭേട്ത്തി,  ഉണ്ണി, ഞാൻ എന്നിവർ ഇരിക്കുകയായിരുന്നു, കലയും ജീവിതവും പറഞ്ഞും തർക്കിച്ചും/photo: pexels:
രാത്രി വീട്ടിലെ അതിശൈത്യത്തെ അകറ്റാൻ കത്തിച്ച ‘തീക്കുണ്ഡ'ത്തിനുചുറ്റും മേതിൽ, പ്രഭേട്ത്തി, ഉണ്ണി, ഞാൻ എന്നിവർ ഇരിക്കുകയായിരുന്നു, കലയും ജീവിതവും പറഞ്ഞും തർക്കിച്ചും/photo: pexels:

എന്നാൽ, അതിനുംമുമ്പ്, പകൽ, തന്റെ മേശയുടെ വലിപ്പിൽ നിന്ന്​ മറ്റൊരു കവിത മേതിൽ എനിക്ക് വായിക്കാൻ എടുത്തുതന്നിരുന്നു: എം. ഗോവിന്ദൻ.

നിങ്ങൾ മരിച്ച വിവരം ഞാനറിഞ്ഞിരുന്നില്ല ഞാൻ ദിനപത്രങ്ങൾ വായിക്കാറില്ല ഞാൻ വാർത്തകൾക്കും കഥകൾക്കും അപ്പുറത്തായിരുന്നു (തീർച്ചയായും നിങ്ങൾ പൊറുക്കുകയില്ലായിരുന്ന ഒരു വിട്ടുവീഴ്ച)

ഗോവിന്ദനെപ്പറ്റി എന്നോട് അധികവും സംസാരിച്ചിട്ടുള്ളത് ആറ്റൂർ രവിവർമയും അടൂർ ഗോപാലകൃഷ്ണനുമാണ്. ആ രണ്ടുപേർക്കും ഗോവിന്ദൻ രണ്ട് ഗോവിന്ദന്മാരുമായിരുന്നു, രണ്ടുപേരുടെയും സംഭാഷണങ്ങളിൽനിന്ന് വേറെയും ഗോവിന്ദൻമാർ. അതിനും കുറച്ചു വർഷം മുമ്പ് എം. ഗംഗാധരന്റെ വീട്ടിൽവെച്ച് ഗോവിന്ദൻ പത്രാധിപരായിരുന്ന ‘സമീക്ഷ'യുടെ എല്ലാ ലക്കങ്ങളും കണ്ടിരുന്നു. അല്ലെങ്കിൽ, എന്നെ എക്കാലത്തും ഈ എഴുത്തുകാരൻ ആകർഷിച്ചു. കാണാത്ത ഒരാളെ എപ്പോഴും കാണുന്നപോലെ എന്റെ ആലോചനകളിൽ, എഴുത്തിന്റെ ഓർമകളിൽ, ഗോവിന്ദൻ വന്നുമിരുന്നു.

നമ്മുടെ ആലോചനകളെ പ്രചോദിപ്പിക്കുന്നത്​ എപ്പോഴും ‘വർത്തമാനം' (present) ആകയാൽ, നമ്മുടെതന്നെ ഏതൊരു ആലോചനയെയും (വിശ്വസത്തെയും) അത് ‘താൽക്കാലിക'മാക്കുന്നു എന്നുതോന്നാറുണ്ട്. ഒരു system of thought അല്ല നമ്മെ പ്രചോദിപ്പിക്കുന്നത്. മറിച്ച്, ‘വർത്തമാന'ത്തിലേക്ക് നിവരുന്ന നിമിഷങ്ങളാണ്. എന്നാൽ, എപ്പോഴും പ്രതിപക്ഷമാവേണ്ടിവരുന്ന ഒരു ‘വർത്തമാനം' കൂടി ആ നിമിഷങ്ങൾ നിർമിക്കുന്നു: ഒരു ശരിയിലേക്കുമാത്രമായി പിളരാതെ. ഗോവിന്ദൻ അങ്ങനെയൊരു പ്രതിപക്ഷത്തെ അവതരിപ്പിക്കുന്നു. നമ്മുടെ ആലോചനകളിൽ ഗോവിന്ദൻ അവതരിപ്പിക്കുന്ന ‘ആധുനികത'യാകട്ടെ, പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നില്ല. പകരം, വർത്തമാനത്തിന്റെ അനിഷേധ്യമായ കണ്ടെത്തലായിരുന്നു. ഗൃഹാതുരത്വത്തോടെ പെരുമാറാൻ അത് ജീവിതത്തെയോ കലയെയൊ പ്രേരിപ്പിയ്ക്കുന്നുമില്ല.

തന്റെ ജീവിതത്തെ എഴുത്തിൽ പിടിച്ചുനിർത്താൻ വളരെയധികം ആഗ്രഹിച്ച ഒരാൾ, താൻ കവി മാത്രമാണ് എന്ന് വിശ്വസിച്ച ഒരാൾ, തന്റെ ജീവിതാവസ്ഥയെ ലോകത്തിലേക്കും കാലത്തിലേക്കും പടർത്തിയതിന്റെ കഥയാണ്, അല്ലെങ്കിൽ, എം. ഗോവിന്ദന്റെ ജീവിതവും കലയും.

പിന്നീട് പിന്നീട്, എം. ഗോവിന്ദനെക്കുറിച്ച് എപ്പോഴൊക്കെ ഓർത്തുവോ, അപ്പോഴൊക്കെ ഞാൻ ഒരാളുടെ എഴുത്തും അയാളുടെ മരണവും തമ്മിലുള്ള ബന്ധവും ഓർക്കുന്നു. അവ രണ്ടിലുമുള്ള നിശ്ശബ്ദത, ഒരു സ്വഭാവമാകുന്നതും ആലോചിക്കാൻ തുടങ്ങുന്നു. തന്റെ ജീവിതത്തെ എഴുത്തിൽ പിടിച്ചുനിർത്താൻ വളരെയധികം ആഗ്രഹിച്ച ഒരാൾ, താൻ കവി മാത്രമാണ് എന്ന് വിശ്വസിച്ച ഒരാൾ, തന്റെ ജീവിതാവസ്ഥയെ ലോകത്തിലേക്കും കാലത്തിലേക്കും പടർത്തിയതിന്റെ കഥയാണ്, അല്ലെങ്കിൽ, എം. ഗോവിന്ദന്റെ ജീവിതവും കലയും.

എം.  ഗോവിന്ദൻ/ Photo: .keralaculture.org
എം. ഗോവിന്ദൻ/ Photo: .keralaculture.org

അനാഥനാണ് താൻ എന്ന് ഗോവിന്ദൻ വിശ്വസിച്ചിരുന്നുവത്രെ. അഥവാ, അങ്ങനെയൊരു ‘സ്വത്വ'ത്തിൽ കുടുങ്ങിയ ഒരു ബാല്യം, അച്ഛൻ ബ്രാഹ്മണനായതുകൊണ്ടു മാത്രം, ഗോവിന്ദനുണ്ടായിരുന്നവത്രെ. അറിയില്ല. ഒരുപക്ഷെ അത് ഇങ്ങനെയുമാവാം: അയിത്തം മകനെ അച്ഛനിൽ നിന്നും അച്ഛന്റെ ഇല്ലത്തുനിന്നും അകറ്റുന്നു, ദാരിദ്ര്യം അയാളെ എകാകിയാക്കുന്നു. ഏകാന്തത അയാളെ കവിതയിലേക്ക് കൊണ്ടുപോകുന്നു, കവിത അയാളെ ലോകത്തിലേക്കും ജീവിതത്തിലേക്കും നയിക്കുന്നു.

എം. ടി. ഉണ്ണിക്കണ്ണന്റെ ‘അനാഥം ഈ അഗ്‌നിവീണ' എന്ന നോവലിൽ ഏറ്റവും ഹൃദയസ്​പൃക്കായി തോന്നിയ ഒരു സന്ദർഭം ഗോവിന്ദനെ, അദ്ദേഹത്തിന്റെ അന്ത്യനാളുകളിൽ കാണാനെത്തുന്ന ഒ.വി. വിജയന്റെതാണ്. അവരുടെ രണ്ടുപേരുടെയും കൂടിക്കാഴ്ചയെപ്പറ്റിയാണ് അത്. ഗോവിന്ദന്റെ ‘സർപ്പം' എന്ന പ്രശസ്തമായ കഥ വിജയൻ ഓർക്കുന്നു. തങ്ങളുടെ രണ്ടുപേരുടെയും സംസാരത്തിനോടുവിൽ ഉറങ്ങാൻ പോയ ഗോവിന്ദനെ ഉണർത്താതെ അവിടെനിന്ന്​ വിജയൻ മടങ്ങുന്നു. സ്‌നേഹവും ആദരവും കരുതലുമുള്ള ഒരു ബന്ധം ആ കഥ പറയുന്നു. ഗോവിന്ദനുള്ള വിജയന്റെ കത്ത്, കത്തിൽ വിജയൻ വരച്ച ചിത്രങ്ങൾ നോക്കിയിരിക്കുന്ന ഗോവിന്ദൻ - അങ്ങനെ ഒരു ചിത്രംകൂടി ആ നോവലിലുണ്ട്.

എന്താകാം മേതിലിന് എം. ഗോവിന്ദന്റെ വേർപാട് നൽകുന്നത് എന്ന് ഞാൻ, ആ സമയവും ഇതാ ഇപ്പോഴും ആലോചിച്ചില്ല: മരണം ഒരു ജീവിതവൃത്തി പോലെ എല്ലാവരെയും സന്ദർശിയ്ക്കുന്നു, അസ്വാഭാവികമായി ഒന്നുമവശേഷിപ്പിക്കാത്ത ഒരമ്പരപ്പ് ബാക്കിവെയ്ക്കുമ്പോഴും

എന്നാലിപ്പോൾ, കവിത വായിക്കാൻ തന്ന് അടുക്കളയിൽ പ്രഭേട്ത്തിയെ സഹായിക്കാനായി മേതിൽ പോയിരുന്നു. അവിടെ, ആ ചെറിയ മുറിയിലെ ഒരേയൊരു കസേരയിലിരുന്ന്, ഞാൻ കവിത വായിക്കാൻ തുടങ്ങി.

(മരിച്ചൊരാളുടെ ചെരിപ്പുകളിട്ട് നിങ്ങളെപ്പോഴെങ്കിലും നടന്നിട്ടുണ്ടോ, എപ്പോഴെങ്കിലും മരിച്ചൊരാളുടെ കണ്ണാടിയിലൂടെ നോക്കിയിട്ടുണ്ടോ?- വഴികളും ദൃശ്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.)

അറിയാത്താരു മരണമോ, പതുക്കെ അറിയുന്ന ഒരു മരണമോ നൽകിയ അകലത്തിൽനിന്ന് തനിക്ക് പ്രിയപ്പെട്ട ആളെയോ പ്രിയപ്പെട്ടതെന്തോ കവിത പറയുന്നു. മാരകമാം വിധം ഒറ്റപ്പെട്ടൊരു ലോകത്തെ മരണത്തിന്റെ അടുപ്പം കൊണ്ട് പരിചയപ്പെടുന്നു.

എന്താകാം മേതിലിന് എം. ഗോവിന്ദന്റെ വേർപാട് നൽകുന്നത് എന്ന് ഞാൻ, ആ സമയവും ഇതാ ഇപ്പോഴും ആലോചിച്ചില്ല: മരണം ഒരു ജീവിതവൃത്തി പോലെ എല്ലാവരെയും സന്ദർശിയ്ക്കുന്നു, അസ്വാഭാവികമായി ഒന്നുമവശേഷിപ്പിക്കാത്ത ഒരമ്പരപ്പ് ബാക്കിവെയ്ക്കുമ്പോഴും. അല്ലെങ്കിൽ, ഗോവിന്ദന്റെ മരണമല്ല മേതിലിന്റെ കവിതയുടെ പ്രമേയം. ഗോവിന്ദന്റെ വേർപാടുമല്ല. കലയിൽ, അല്ലെങ്കിൽ നമ്മുടെ ബൗദ്ധികാന്വേഷണങ്ങളിൽ ഒരിക്കലുണ്ടായിരുന്ന പ്രിയതരമായൊരു സാന്നിധ്യത്തെ അകമഴിഞ്ഞ് ഓർക്കുക മാത്രമായിരുന്നു, അത്. ജീവിതത്തിലെന്ന പോലെ കലയിലും നിറയുന്ന ശൂന്യതയെ ഒഴിച്ചിട്ട ഒരു സ്ഥലമായി അത് കണ്ടെത്തുകയായിരുന്നു.

കീർത്തിയും മരണവും ഒരേപോലെയും ഒരേസമയവും ജീവിച്ച അസാധാരണനായ ഒരു മലയാളിയെ കുറിച്ചായിരുന്നു അല്ലെങ്കിൽ ആ കവിത. അല്ലെങ്കിൽ, തന്റെ മുൻതലമുറയിലെ ഒരു വലിയ എഴുത്തുകാരൻ തനിക്ക് എത്ര പ്രധാനപ്പെട്ട ഒരാളാണ് എന്ന് പറയുകയായിരുന്നു. ഓർമ കൊണ്ട് നമ്മൾ പ്രവേശിക്കുന്ന സ്ഥലങ്ങൾ നമ്മുടെ തന്നെ പാർപ്പിടങ്ങളാവുന്ന ചില അവസരങ്ങളുണ്ട് - കവിത വായിച്ച് കുറച്ചുനേരം കൂടി ഞാൻ അവിടെ ഇരുന്നു.

ഗോവിന്ദന്റെ മരണമല്ല മേതിലിന്റെ കവിതയുടെ പ്രമേയം. ഗോവിന്ദന്റെ വേർപാടുമല്ല. കലയിൽ, അല്ലെങ്കിൽ നമ്മുടെ ബൗദ്ധികാന്വേഷണങ്ങളിൽ ഒരിക്കലുണ്ടായിരുന്ന പ്രിയതരമായൊരു സാന്നിധ്യത്തെ അകമഴിഞ്ഞ് ഓർക്കുക മാത്രമായിരുന്നു, അത്.

ഭാഷയിൽനിന്ന്​ ‘മനുഷ്യസഹജമായ'തിനെ സാഹിത്യം വലിച്ചെടുക്കുന്നു, മനുഷ്യവംശത്തിന് അതിന്റെ ഒച്ചയായി തിരിച്ചുകൊടുക്കാൻ - ഇങ്ങനെയൊരു സിദ്ധാന്തവും സാഹിത്യത്തെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോൾ അത് എന്തുമാത്രം ശരിയാണെന്ന് ഞാൻ വിചാരിച്ചു. ഞങ്ങൾ പക്ഷെ ആ കവിതയെ പറ്റി സംസാരിച്ചില്ല: മരിച്ചവരെ ഓർക്കാൻ എന്നോണം? അറിയില്ല. അല്ലെങ്കിൽ നീണ്ടു നീണ്ടുപോയ ഒരു രാത്രിയായിരുന്നു അത്.

പിറ്റേന്ന് പുലർച്ചെ മേതിൽ ഉണരുന്നതിനും മുമ്പ്, പ്രഭേടത്തിയോട് യാത്ര പറഞ്ഞ്, ഞാനും ഉണ്ണിയും ആ കുന്നിറങ്ങി - തലേന്ന് ചെന്ന അതേ ശൈത്യത്തോടെ. ദിവസങ്ങൾക്കുശേഷം തന്നോട് യാത്ര പറയാതെ പിരിഞ്ഞതിൽ പരിഭവിച്ച് മേതിൽ എനിക്കൊരു കത്തയച്ചു: ‘കരുണയറ്റ, കരുണയുറ്റ കരുണാകരാ' എന്ന് തുടങ്ങിക്കൊണ്ട്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments