Ars Longa, Vita brevis
തന്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വർഷങ്ങൾക്കുമുമ്പ് ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയുള്ള ഓർമക്കുറിപ്പ്. മേതിൽ രാധാകൃഷ്ണനുമായി കുവൈറ്റിൽ പങ്കുവെച്ച ‘പ്രവാസ വർഷ'ങ്ങളിൽ കലയ്ക്കും ഓർമയ്ക്കുമായി ചെലവിട്ട ചില സന്ദർഭങ്ങൾ. ഒരു എഴുത്തുകാരന്റെ യൗവനത്തിന്റെ ആദ്യവർഷങ്ങളിൽ അവിചാരിതമായി സംഭവിക്കുകയും നീണ്ടുനിൽക്കുന്ന ജീവിതാനുഭവമായി പിന്നീട് മാറുകയും ചെയ്ത അഭിമുഖങ്ങൾ. പരമ്പര തുടങ്ങുന്നു
കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു, ജീവിതം ഹ്രസ്വവും; ‘Ars Longa, Vita brevis’ എന്ന ലത്തീൻ ഭാഷയിലെ പ്രസിദ്ധമായ പ്രയോഗത്തിന്റെ പരിഭാഷ ഇങ്ങനെയാകണം.
ജീവിതത്തെയും കവിഞ്ഞുനിൽക്കുന്ന കലയെ അത് ഭാവന ചെയ്യുന്നു. അല്ലെങ്കിൽ ജീവിതത്തിന്റെ ചെറിയ ജീവിതത്തെ ഓർമിപ്പിക്കുന്നു. എങ്കിൽ, അതിലെ ആദ്യത്തെ ഭാഗമാണ് ഈ ഓർമക്കുറിപ്പുകളുടെ ഉറവയാകുന്നത്: Ars Longa.
നീണ്ടുനിൽക്കുന്ന നൈപുണ്യമായി (Skill) ഒരാൾ കലയെ അനുഭവിക്കുന്നതിനെപ്പറ്റി അത് പറയുന്നു. തന്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വർഷങ്ങൾക്കുമുമ്പ് ഞാൻ ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയാണ് ഈ ഓർമ; മേതിൽ രാധാകൃഷ്ണനുമായി കുവൈറ്റിൽ പങ്കുവെച്ച ‘പ്രവാസ വർഷ'ങ്ങളിൽ കലയ്ക്കും ഓർമയ്ക്കുമായി ചെലവിട്ട ചില സന്ദർഭങ്ങളെപ്പറ്റിയും ഓർക്കുന്നു. എന്റെ യൗവനത്തിന്റെ ആദ്യവർഷങ്ങളിൽ അവിചാരിതമായി സംഭവിക്കുകയും നീണ്ടുനിൽക്കുന്ന ജീവിതാനുഭവമായി പിന്നീട് മാറുകയായിരുന്നു, ആ അഭിമുഖങ്ങൾ. മറ്റൊരർത്ഥത്തിൽ, നമ്മുടെ തന്നെ ഭാഷയുടെയും കലയുടെയും ഒരു ഘട്ടത്തിലേക്ക് അക്കാലത്ത് ഞാൻ പ്രവേശിക്കുന്നതിനെപ്പറ്റിയുമാണ് ഈ കുറിപ്പുകൾ. ഇപ്പോൾ, മറ്റൊരിടത്തെ പാർപ്പും ജീവിതവും അവസാനിപ്പിച്ച് മടങ്ങിയെത്തിയ ഈ നാളുകളിൽ, കുറേ വർഷങ്ങൾക്കുശേഷം, ഞാനാ കൂടിക്കാഴ്ചകൾ വീണ്ടും ഓർമിക്കുകയായിരുന്നു.
മറ്റൊരു കാരണത്തിൽ, കലയ്ക്കു വേണ്ടി, ഒരു പക്ഷെ യൗവനത്തിനുവേണ്ടി.
(ഈ ഓർമയിൽ മേതിലുമായി വിനോദ് മങ്കര, കെ. വി. മണികണ്oൻ, വി. എം. ദേവദാസ് തുടങ്ങി പലരും നടത്തിയ അഭിമുഖങ്ങളുടെ വായനയും കലർന്നിരിക്കുന്നു. അവർക്കും മേതിലിനും ആ പ്രസിദ്ധീകരണങ്ങൾക്കും നന്ദി)
ഒന്ന്: ആദ്യത്തെ വ്യാഴാഴ്ച
എന്നിട്ട്, ആ വ്യാഴാഴ്ച, ഉച്ചതിരിഞ്ഞ്, മൂന്നു മണിയോടെ, ഞാൻ മേതിലിന്റെ കാബിനിൽ എത്തി, എന്നെ പരിചയപ്പെടുത്തി. പുറത്തെ വെയിലിൽ നിന്ന് എനിക്കൊപ്പം കയറിയ എന്റെ തന്നെ നിഴലിനൊപ്പം ഞാൻ ആ കാബിന്റെ വാതിൽക്കൽ നിന്നു. എന്നെ പരിചയപ്പെടുത്തി. അപരിചിതമായി ഒന്നുമില്ലാതെ.
മലയാളത്തിലെ എഴുത്തിനെ കുറിച്ചോ എഴുത്തുകാരെ കുറിച്ചോ സംസാരിക്കാതിരിക്കാൻ മേതിൽ ശ്രദ്ധിച്ചു. അതിനേക്കാൾ അത്തരമൊരു സംഭാഷണത്തോടുള്ള വിപ്രതിപത്തി പ്രകടിപ്പിക്കാൻ ശ്രദ്ധിച്ചു.
രാവിലെ ഞാൻ മേതിലിനെ ഫോണിൽ വിളിച്ചിരുന്നു. അക്കാലത്ത് കുവൈറ്റ് ടൈംസിന്റെ പത്രാധിപ സമിതി അംഗമായിരുന്ന കെ. പി. മോഹനനായിരുന്നു മേതിൽ രാധാകൃഷ്ണൻ കുവൈറ്റിലുണ്ടെന്ന് എന്നോടുപറഞ്ഞത്. മോഹനൻ എനിക്ക് മേതിലിന്റെ ഫോൺ നമ്പർ തന്നു. കുവൈറ്റിലെ പൊതുവേദികളിലൊന്നും മേതിൽ ഉണ്ടായിരുന്നില്ല. നേരിൽ കാണാനും പരിചയപ്പെടാനും ആഗ്രഹമുണ്ടെന്ന് ഞാൻ മേതിലിനോട് പറഞ്ഞിരുന്നു.
മേതിൽ എന്നെ നോക്കി പുഞ്ചിരിച്ചു. എനിക്ക് കൈ തന്നു. ഇരിക്കാനായി ഒരു കസേര നീക്കി.
കഴുത്തോളം പടർന്ന ഇരുണ്ട മുടിയിൽ, കുർദുകളുടെതുപോലുള്ള കട്ടമീശയിൽ, അല്ലെങ്കിൽ എന്തും ചെയ്യാൻ തുനിഞ്ഞിറങ്ങിയ desperado എന്ന് തോന്നിപ്പിക്കാവുന്ന മീശയിൽ, കോട്ടന്റെ നീല ചെക്ക് ഷേർട്ടിൽ, നരച്ച നീല ജീൻസിൽ, ഇനി ഞാൻ കുറേ കാലത്തേയ്ക്ക് ഓർമിയ്ക്കുമെന്നുറപ്പുള്ള രൂപത്തിലും, ഓരോ പരിക്കുകളിൽ നിന്നും അടിവെച്ചു നീങ്ങുന്ന ഒരാളുടെ ഒച്ചയോടെയും ഒരാൾ - എഴുത്തുകാരനെക്കാൾ മേതിൽ ഒരു ചലച്ചിത്രനടനാണ് എന്ന് എനിക്കു തോന്നി. ഒരു പക്ഷെ ആയിടെ കണ്ട, All The President's Men എന്ന ചലച്ചിത്രത്തിലെ (മീശ ഉണ്ടാകാമായിരുന്ന) ഡസ്ടിൻ ഹോഫ്മാൻ, ഞാൻ വിചാരിച്ചു.
‘എനിക്ക് സന്ദർശകർ ഉണ്ടാവാറില്ല', തന്റെ മുമ്പിലെ കമ്പ്യൂട്ടർ സ്‌ക്രീനിലേയ്ക്കും എന്നെയും നോക്കിക്കൊണ്ട് മേതിൽ പറഞ്ഞു.
‘ഒരു പക്ഷെ ഞാൻ ആദ്യത്തെ ആൾ', ഞാൻ പറഞ്ഞു.‘ഒരു പക്ഷെ', മേതിൽ പറഞ്ഞു.
ജോലിയെ കുറിച്ച്, പാർക്കാൻ വന്നെത്തിയ രാജ്യത്തെ കുറിച്ച്, മാറുന്ന കാലവാസ്ഥയെ കുറിച്ച്, വിട്ടുപോന്ന നാടിനെ കുറിച്ച്, ഒരേ ജില്ലയായ പാലക്കാടിനെ കുറിച്ച്, ഞങ്ങൾ ചിലത് പറഞ്ഞു. ഇടക്കെപ്പോഴോ സാഹിത്യം, literature, എക്കാലത്തെയ്ക്കുമായി മരിച്ചിരിക്കുന്നു എന്നും മേതിൽ പറഞ്ഞു. സാഹിത്യമാണ് ഞങ്ങളുടെ ഈ ആദ്യ കൂടിക്കാഴ്ചയ്ക്ക് കാരണമായിരുന്നതെങ്കിലും. ‘Literature is dead!' മേതിൽ പറഞ്ഞു. ‘Long back!'...
സാഹിത്യത്തെക്കുറിച്ചോ മലയാളത്തിലെ എഴുത്തിനെ കുറിച്ചോ എഴുത്തുകാരെ കുറിച്ചോ സംസാരിക്കാതിരിക്കാൻ മേതിൽ ശ്രദ്ധിച്ചു. അതിനേക്കാൾ അത്തരമൊരു സംഭാഷണത്തോടുള്ള വിപ്രതിപത്തി പ്രകടിപ്പിക്കാൻ ശ്രദ്ധിച്ചു.
ഞങ്ങളുടെ ഈ കൂടിക്കാഴ്ചയ്ക്കും വളരെമുമ്പ് മേതിൽ എഴുത്ത് നിർത്തിയിരുന്നു. തന്റെ ഇഷ്ടവിഷയമായ സയൻസിലേക്ക് മുഴുവനായും തിരിഞ്ഞിരുന്നു. ഒരു എഴുത്തുകാരൻ എന്നതിനേക്കാൾ ജന്തുപഠനങ്ങളിലും നരവംശശാസ്ത്രത്തിലും ഭൗമികശാസ്ത്രത്തിലും മാത്രം താൽപ്പര്യമുള്ള ഒരാളായി തന്നെത്തന്നെ കണ്ടുമുട്ടിയിരുന്നു. അവയെപ്പറ്റി വായിക്കുകയും ചിന്തിക്കുകയും ചില വിദേശ ജേണലുകളിൽ അത്തരം വിഷയങ്ങളെ പറ്റി എഴുതുകയും ചെയ്യുന്നുണ്ടായിരുന്നു. അത്രയും കലയിൽ നിന്നും സാഹിത്യത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. പിന്നൊരിക്കൽ , മേതിലിന്റെ മുറിയിൽ കണ്ട രണ്ടോ മൂന്നോ പുസ്തകങ്ങളിൽ അക്കാലത്തെ മേതിലിന്റെ വിചാരലോകത്തെ സംഗ്രഹിക്കാനും പറ്റുമായിരുന്നു: Claude Levi-Strauss ന്റെ ഒരു പുസ്തകം, അത് Tristes Tropiques (Sad Tropics) ആയിരുന്നുവെന്നു തോന്നുന്നു, Friedrich Engels ന്റെ Dialectics of Nature, പിന്നെ ഒരു പുസ്തകം, അത് Desmond Morris ന്റെതായിരുന്നു എന്നാണ് ഓർമ. അത്രമാത്രം.
അല്ലെങ്കിൽ, സാഹിത്യത്തിൽ നിന്ന് മുക്തനായ ഒരാളായിക്കൊണ്ടായിരുന്നു മേതിൽ, എക്കാലത്തും, സാഹിത്യം എഴുതുമ്പോഴും തന്നെത്തന്നെ കണ്ടിരിക്കുക.
സാഹിത്യത്തെയൊ കലയെയോ ഓർമിപ്പിക്കുന്ന ഒന്നുമില്ലാത്ത, ഒരിക്കൽ എഴുത്തുകാരനായിരുന്നതിന്റെ ഓർമ ഏതുമില്ലാത്ത, അനലങ്കരിക്കപ്പെട്ട ഒരു വിചാരലോകത്തെക്കാണ് എഴുത്തിന്റെയും സാഹിത്യത്തിന്റെയും ഓർമയുമായി, അല്ലെങ്കിൽ ഞാൻ ആ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. എനിക്ക് എഴുത്തും സാഹിത്യവും ജീവനുള്ള ഒരു ഭൂഖണ്ഡത്തിലെ പാർപ്പായിരുന്നു, മേതിലിനാകട്ടെ, വളരെ മുമ്പേ സാഹിത്യം മരിച്ചിരുന്നു. എങ്കിൽ, ഇതിനകം ചാരമായി കഴിഞ്ഞ ഒരു നക്ഷത്രത്തിന്റെ ഓർമ മാത്രമായിരിക്കുന്നു സാഹിത്യത്തകുറിച്ച് ഇനിയുള്ള ഏത്വർത്തമാനവും.
ഞങ്ങളുടെ കൂടിക്കാഴ്ച കഴിയുകയാണ്, ഞാൻ വിചാരിച്ചു.
അല്ലെങ്കിൽ, സാഹിത്യത്തിൽ നിന്ന് മുക്തനായ ഒരാളായിക്കൊണ്ടായിരുന്നു മേതിൽ, എക്കാലത്തും, സാഹിത്യം എഴുതുമ്പോഴും തന്നെത്തന്നെ കണ്ടിരിക്കുക. ‘‘ഞാൻ കഥകളെഴുതുന്നത് ഒരു ‘പ്രോഗ്രാം' എഴുതുന്നതുപോലെയാണ്'' എന്ന് മേതിൽ പറയുന്നു. സർഗ്ഗാത്മകതയ്ക്ക് കൃത്യമായൊരു നിർവചനമില്ല എന്ന് വിശ്വസിക്കുന്നു. അപ്പോഴും, കൃത്യമായൊരു നിർവചനത്തിന്റെ അഭാവത്തിലും നമുക്ക് ചിലതൊക്കെ ഗ്രഹിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർക്കുന്നു.
‘‘സ്രഷ്ടാവ് ഒരൊറ്റത്തടിയല്ല, ഒരു ദ്വീപല്ല. പരിണാമത്തിലൂടെ ഒരു ജീവിവർഗ്ഗമായും പിന്നീട് സാങ്കേതികവിദ്യകളുടെ സിദ്ധിയുള്ള സാംസ്‌കാരിക ജീവികളായുമുള്ള നിലനില്പിൽ, അതിന്റെ തുടർച്ചയിൽ, നമ്മുടെ ആർജിതങ്ങൾ ... മസ്തിഷ്‌കത്തിന്നകത്തെ വിനിമയ വ്യവസ്ഥകൾ, എല്ലാ തലങ്ങളിലുമുള്ള സാമൂഹിക വിവരവ്യവസ്ഥാ വിതരണങ്ങൾ (കഥകൾ, മിത്തുകൾ, വാർത്തകൾ, രേഖകൾ), ജൈവ പരിതോവസ്ഥാ ബന്ധങ്ങൾ, മറ്റും മറ്റും... പുനരുൽപ്പാദനം നടത്താനും, സാമൂഹിക ജീവിതം നയിക്കാനും കഴിവുള്ള യന്ത്രക്കൂട്ടങ്ങൾക്കേ ഇത്രയും കാര്യങ്ങളിൽ മനുഷ്യനോട് അടുക്കാനെങ്കിലും കഴിയൂ.'' പിന്നൊരിക്കൽ, ഇരുപതു വർഷത്തിനുശേഷം, സാഹിത്യത്തിലേക്കും എഴുത്തിലേക്കും തിരിച്ചുവരുമ്പോൾ മേതിൽ എഴുത്തിനെപ്പറ്റിയും സർഗ്ഗാത്മകതയെ പറ്റിയും ഇങ്ങനെ പറയുന്നുമുണ്ട്. എന്നാൽ, ഇപ്പോൾ, ഞങ്ങളുടെ ഈ ആദ്യ കൂടിക്കാഴ്ചയിൽ, കലയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും സംസാരിക്കാൻ മേതിൽ വിസമ്മതിച്ചു.
ഞങ്ങളുടെ കൂടിക്കാഴ്ച രണ്ടുപേരുടെയും ജില്ലയായ പാലക്കാടിന്റെ പരിസരത്തിൽത്തന്നെ പിന്നെയും കുറച്ചു നേരം കൂടി നിന്നു. കന്യാർകളിയെ കുറിച്ചും എം. ഡി. രാമനാഥനെ കുറിച്ചും ഓർത്തു. ‘‘എന്റെ അമ്മ കർണാട്ടിക് സംഗീതം പഠിച്ചിട്ടുണ്ട്'' ഇടയ്ക്ക് മേതിൽ പറഞ്ഞു.‘‘പക്ഷെ എനിക്കിഷ്ടം ഹിന്ദുസ്ഥാനി സംഗീതമാണ്''.
ഞാൻ, പക്ഷെ, തൊട്ടുമുമ്പേയുള്ള ദിവസങ്ങളിൽ പാർത്ത ബോംബെയെ കുറിച്ചാണ് മേതിലിനോട് അധികവും സംസാരിച്ചത്. നഗരങ്ങൾ പിളർത്തിയിട്ട ഏകാന്തതയുടെ വലിയ ഓർമയിൽ പല നേരങ്ങളിൽ പാർത്ത ഒരാളെ പോലെ ഞാൻ മേതിലിനോട് ബോംബെയെ പറ്റി പറഞ്ഞു.
കലാപവും കലയുമായി ജീവിക്കുന്നവർ പലപ്പോഴും അവരുടെ അനവധി ജന്മങ്ങളുടെ കൂടി ഓർമയും അനുഭവിക്കുന്നു. തങ്ങൾ വിട്ടുപോന്ന ജന്മങ്ങൾ, വിട്ടുപോന്ന കരകളായി അവരുടെ ഉടലിലും മുങ്ങിപ്പൊന്തുന്നു.
മേതിലാകട്ടെ, രാഷ്ട്രങ്ങൾ ഉപേക്ഷിച്ച ഒരാളെപ്പോലെയാണ് അതെല്ലാം കേട്ടിരിക്കുക. സൈബർ ലോകത്തെ ആദ്യത്തെ കുടിയേറ്റക്കാരിൽ ഒരാളായിരുന്നു മേതിൽ, അന്നേ. രാജ്യങ്ങളിൽ പാർക്കാത്ത ഒരാൾ.
രണ്ടും എനിക്ക് അപരിചിതമായിരുന്നു. ദേശങ്ങളുടെ അതിർത്തികൾക്കുള്ളിലായിരുന്നു ഞാൻ. സൈബർലോകത്തെ ആ ആദ്യദിനങ്ങളിലേക്ക് എനിക്ക് പരിചിതമായ സാർവദേശീയതയ്ക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടുമില്ലായിരുന്നു. കല ശ്വസിച്ചതിനെക്കൾ രാഷ്ട്രീയം ശ്വസിച്ച ഒരാളായിരുന്നു ആ ദിവസങ്ങളിൽ ഞാൻ. ആയിടെ വായിച്ച മേതിലിന്റെ ഒരു കവിതയെപ്പറ്റി, വീണ്ടും സാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ഞാൻ മേതിലിനോട് പറഞ്ഞു.
കവിതയുടെ പേര് പറഞ്ഞു.
എത്രയോ വര്ഷം മുമ്പ് മേതിൽ എഴുതിയ ഒരു കവിത വർഷങ്ങൾക്കുശേഷം മൾബെറിയുടെ ‘ശിഖ' മാസികയുടെ ഒരു ലക്കത്തിൽ അതിന്റെ പത്രാധിപർ ഷെൽവി ചേർത്തിരുന്നു. ആ കവിതയാണ് ഞാൻ ഓർമിച്ചത്.
അല്ലെങ്കിൽ, എന്റെ തലമുറയ്ക്ക് മേതിൽ ‘ഇപ്പോൾ ഒന്നും എഴുതാത്ത ആളാണ്', അല്ലെങ്കിൽ ‘എഴുത്ത് അവസാനിപ്പിച്ച ഒരാൾ'; അപ്പോഴും നമ്മുടെ സാഹിത്യത്തിന്റെ കേട്ടുകേൾവിയിൽ നിന്നും പിൻവാങ്ങാതെ ‘മേതിൽ' എന്ന നാമം കളംവിടാതെ നിൽക്കുന്നുമുണ്ടായിരുന്നു. മേതിലിന്റെ രണ്ടു കൃതികളുടെ പേരുകൾ എപ്പോഴും നമ്മുടെ സാഹിത്യത്തിന്റെ ഓർമയിൽ തങ്ങിനിന്നിരുന്നു. ‘സൂര്യവംശം' എന്ന നോവലും ‘പെൻഗ്വീൻ' എന്ന കവിതാസമാഹാരവും. മേതിലിനെ അക്കാലത്ത് വായിച്ചവരുടെ ഓർമയിലാകട്ടെ ആ രണ്ടു പുസ്തകങ്ങളും രണ്ട് വടുക്കൾ പോലെയും കിടന്നു: കഥ പറച്ചിലിന്റെയും കവിതയെഴുത്തിന്റെയും അതുവരെയും ഇല്ലാത്ത രണ്ടുതരം അടയാളങ്ങൾപോലെ. മേതിലിന്റെ ഈ രണ്ടു കൃതികളും, ആ സമയം, ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടും എനിക്ക് പരിചയമുണ്ടായിരുന്ന പുസ്തകവിൽപ്പന ശാലകളിൽ ഉണ്ടായിരുന്നുമില്ല. ഗ്രാമീണ വായനശാലകളുടെ സാഹസികമായ മറവിയിലേക്ക്, അല്ലെങ്കിൽ ഈ പുസ്തകങ്ങളും ഇതിനകം നിക്ഷേപിക്കപ്പെട്ടിരുന്നു.
പിന്നീട് വന്ന എല്ലാ വ്യാഴാഴ്ചകളിലും ഞങ്ങൾ, മേതിലും ഞാനും, മുടങ്ങാതെ കണ്ടു. രണ്ടോ മൂന്നോ കാരണങ്ങൾ ഒഴിച്ചാൽ. ചിലപ്പോൾ മണിക്കൂറൂകളോളം ആ കൂടിക്കാഴ്ച നീണ്ടു.
മേതിൽ എന്നെ നോക്കാതെ, തന്റെ മുമ്പിലെ കമ്പ്യൂട്ടർ സ്‌ക്രീനിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു. ഒരു നിമിഷം എന്തോ ഓർത്ത് മേതിൽ പുഞ്ചിരിച്ചു. ഒരു ചീത്ത കവിതയുടെ പേരിലാണ് എന്നെ ഓർത്തതും ഇപ്പോൾ കാണാൻ വന്നതുമെങ്കിൽ അത് മോശമായിപ്പോയി എന്നുപറഞ്ഞു. ഒന്നും മിണ്ടാതെ കുറച്ചു നേരംകൂടി അതേ ഇരിപ്പിൽ തുടർന്നു. പിന്നെ എന്റെ ഭാഗത്തേയ്ക്ക് കസേരയിൽ തിരിഞ്ഞിരുന്നു.
‘മറ്റെന്തെങ്കിലും പറയാനുണ്ടോ?', മേതിൽ ചോദിച്ചു.‘സാഹിത്യത്തെ കുറിച്ചല്ലാതെ മറ്റെന്തെങ്കിലും?', ആ കൂടിക്കാഴ്ച അവസാനിപ്പിക്കാനെന്നപോലെ.
സാഹിത്യത്തിന്റെ ഒരു വലിയ ഉപയോഗം സാഹിത്യത്തെ കുറിച്ചുള്ള സംഭാഷണങ്ങളായി ഒരിക്കലും രേഖപ്പെടുത്താതെ ഒടുങ്ങുന്നു. രേഖപ്പെടുത്താത്ത നീരൊഴുക്കുകൾ പോലേയാണത്. എന്നാൽ, അതേനേരങ്ങളെ പിന്നീട് ഓർമകൾകൊണ്ട് വീണ്ടെടുക്കുന്ന സന്ദർഭങ്ങളിലേക്ക്, ചിലപ്പോൾ ജീവിതത്തിനുമൊപ്പം, സാഹിത്യവും വന്നുചേരുന്നു. പലപ്പോഴും ആദിമമായ ഒരു പ്രവൃത്തിയുടെ, എഴുത്തിന്റെ, സിദ്ധി കാണിച്ചുകൊണ്ടുകൂടിയായിരിക്കുമത്.
‘‘എങ്കിൽ ഞാൻ ബോംബെയിലെ നക്‌സലൈറ്റുകളെപ്പറ്റി പറയട്ടെ, എനിക്ക് അവരെ പറ്റിയും ചിലത് അറിയാം''.
യുവത്വത്തിന്റെ മറ്റൊരു വേവൽ പോലെ ഉള്ളിലെരിയുന്ന രാഷ്ട്രീയം കൊണ്ടായിരിക്കാം ഒരുപക്ഷെ അപ്പോൾ അങ്ങനെ എനിക്ക് പറയാൻ തോന്നിയത്. സാഹിത്യേതരമായ മറ്റൊരു പാർപ്പിടവും അപ്പോൾ എനിക്ക് രാഷ്ട്രീയമായിരുന്നതുകൊണ്ടുമാകാം. ആ കൂടിക്കഴ്ച അവസാനിപ്പിക്കാൻ സമ്മതമെന്നപോലെ, ഞാൻ പുഞ്ചിരിച്ചു.
കലാപവും കലയുമായി ജീവിക്കുന്നവർ പലപ്പോഴും അവരുടെ അനവധി ജന്മങ്ങളുടെ കൂടി ഓർമയും അനുഭവിക്കുന്നു. തങ്ങൾ വിട്ടുപോന്ന ജന്മങ്ങൾ, വിട്ടുപോന്ന കരകളായി അവരുടെ ഉടലിലും മുങ്ങിപ്പൊന്തുന്നു.
മേതിൽ, ഒരു നിമിഷം, എന്നെമാത്രം കാണുന്നപോലെ നോക്കി. പിന്നെ ചിരിച്ചുകൊണ്ട് എനിക്ക്, ആ ദിവസത്തെ രണ്ടാമത്തെ ഹസ്തദാനത്തിനായി കൈ നീട്ടി.
‘‘എനിക്ക് തോന്നുന്നു, നമുക്ക് സംസാരിക്കാൻ ചിലതുണ്ട് എന്ന്'', മേതിൽ പറഞ്ഞു.
‘‘എനിക്കും'', ഞാൻ പറഞ്ഞു.
തമ്മിൽ കാണാതിരുന്നപ്പോഴും സംഭാഷണങ്ങളുടെ ഇടവേളകളുണ്ടായപ്പോഴും ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയിലെ ഈ സംഭാഷണം ഞാൻ ഓർത്തു.
പിന്നീട് വന്ന എല്ലാ വ്യാഴാഴ്ചകളിലും ഞങ്ങൾ, മേതിലും ഞാനും, മുടങ്ങാതെ കണ്ടു. രണ്ടോ മൂന്നോ കാരണങ്ങൾ ഒഴിച്ചാൽ. ചിലപ്പോൾ മണിക്കൂറൂകളോളം ആ കൂടിക്കാഴ്ച നീണ്ടു. കുവൈറ്റിലെ ജോലി അവസാനിപ്പിച്ച് മേതിൽ നാട്ടിലേക്കു മടങ്ങുന്നതുവരെ അതൊരു പതിവായി ഞങ്ങൾ സ്വയം സ്വീകരിച്ചിരുന്നു.
ആ ചെറിയ രാജ്യത്തിൽ പിന്നെയും വർഷങ്ങൾ ഞാൻ പാർത്തു. ജീവിതവും സാഹിത്യവും പരിശീലിച്ചു.മേതിലുമായുള്ള കൂടിക്കാഴ്ചകൾ, അവയുടെ നിലയ്ക്കാത്ത ഓർമ, പക്ഷെ എന്നെയും എന്റെ കലാവീക്ഷണത്തെയും സ്വാധീനിക്കുകതന്നെ ചെയ്തു. എഴുത്ത്, രാജ്യങ്ങളുടെയും ആളുകളുടെയും ഓർമയിലെയും ഭാഷയിലെയും വീണ്ടെടുപ്പുകളാവുന്നു എന്ന് ഓർമിക്കാൻ ഞങ്ങളുടെ ഈ കൂടിക്കാഴ്ചകൾ, അഥവാ, ധാരാളമായിരുന്നു.▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.