വിദ്യാർഥികൾക്കൊപ്പം കവിത കരയാംവട്ടത്ത്

മുറിവേറ്റ കുട്ടികളിലുണ്ട്, ഉണങ്ങാത്ത ട്രോമകൾ

പുറമെനിന്ന് നോക്കുമ്പോൾ ഒന്നിന്റെയും കുറവില്ല. ഉള്ള ഒരേയൊരു കുറവ്, അവന് അവന്റെ സ്വന്തമായ ഒരു കുടുംബത്തിന്റെ ഭാഗമാകാൻ കഴിയുന്നില്ല എന്നതായിരുന്നു.

കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാനൊരാളില്ലെങ്കിൽ, അവരെ ചേർത്തുപിടിക്കാനാരുമില്ലെന്ന് അവർക്ക് തോന്നിയാൽ അവർ സ്ഥിരമായ വിഷാദത്തിലേക്ക് വീണുപോയേക്കാം. അല്ലെങ്കിൽ ക്രിമിനൽ ജീവിതങ്ങളിലേക്ക്.
ഒരു ചില്ലുപാത്രം കൈകാര്യം ചെയ്യും പോലെ വേണം കുട്ടികളോട് ഇടപെടാൻ.
അല്ലെങ്കിൽ, ഒരു ചെറിയ അശ്രദ്ധ മതി, വീണ് തകരാൻ. പിന്നീട് ഒരിക്കലും പഴയ രൂപത്തിൽ തിരിച്ചെടുക്കാനാവില്ല.

വ്യക്തികളുടെ സ്വഭാവ വൈകല്യങ്ങളെ വിശകലനം ചെയ്യുമ്പോൾ അതിന്റെയെല്ലാം വേരുകൾ എത്തി നിൽക്കുന്നത് അവരുടെ കുട്ടിക്കാലത്തിലാണ്.
ഉയർന്ന പദവി വഹിക്കുന്ന ഒരാളെ മക്കളും ഭാര്യയും ചേർന്ന് മനഃശാസ്ത്രജ്ഞന്റെ അടുത്തേയ്ക്ക് കൊണ്ടുവരുന്നു. വിഷയം ഇതാണ്, തിരക്കുള്ള ഇടങ്ങളിൽ ചെന്ന് അയാൾ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുന്നു. ഒടുവിൽ മനഃശാസ്ത്രജ്ഞൻ കണ്ടെത്തിയത്, ഈ വ്യക്തിയ്ക്ക് ബാല്യത്തിൽ ആരിൽ നിന്നും വേണ്ടത്ര സ്‌നേഹസ്പർശങ്ങൾ കിട്ടിയിട്ടില്ല എന്നാണ്.

ഞാനുള്ളപ്പോൾ നിങ്ങളെ കേൾക്കാൻ നിങ്ങൾ വേറൊരിടം തേടിപ്പോകേണ്ട എന്ന ഒരു പരോക്ഷ സന്ദേശം എങ്ങനെയെങ്കിലുമൊക്കെ ഞാൻ അവരിലേക്ക് എത്തിക്കാറുമുണ്ട്.

ഒരധ്യാപിക എന്ന നിലയിൽ നിത്യജീവിതത്തിൽ കേൾക്കുന്ന ഇത്തരം ഏതൊരു അനുഭവവും കുട്ടികളോടിടപെടുമ്പോൾ ഒരു കരുതലായി മനസ്സിൽ സൂക്ഷിച്ചുവെക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ അവർക്ക് വരാതിരിക്കാൻ ചുരുങ്ങിയത് എന്റെ പക്ഷത്തുനിന്നെങ്കിലും ശ്രമങ്ങൾ നടത്താമല്ലോ.

ഞാനുള്ളപ്പോൾ നിങ്ങളെ കേൾക്കാൻ നിങ്ങൾ വേറൊരിടം തേടിപ്പോകേണ്ട എന്ന ഒരു പരോക്ഷ സന്ദേശം എങ്ങനെയെങ്കിലുമൊക്കെ ഞാൻ അവരിലേക്ക് എത്തിക്കാറുമുണ്ട്. എങ്കിൽപ്പോലും, പല പല ഘട്ടങ്ങളിലും വൈവിദ്ധ്യമാർന്ന ഒരുപാട് ശരികൾക്കിടയിൽ ഉത്തരം കിട്ടാതെ കുഴങ്ങിനിന്നിട്ടുണ്ട്.
അത്തരം ചില അനുഭവങ്ങൾ പറയാം.
ക്ലാസിലെ മിടുക്കൻ കുട്ടിയെ പറ്റിയാണ് പറയുന്നത്.
ഹോം വർക്കുകളൊക്കെ മറ്റാരുടെയും സഹായമില്ലാതെയാണ് അവൻ ചെയ്യുക. പരീക്ഷകളിൽ നല്ല മാർക്കും മേടിക്കും. പാഠ്യേതര മേഖലയിലും മോശക്കാരനല്ല.
പക്ഷെ, അവന്റെ വ്യക്തിത്വത്തിന് ചേരാത്ത ഒരു കാര്യം ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു.

യൂണിഫോം എന്നും അഴുക്കുപിടിച്ചതാണ്.
ഒരു ദിവസം നോട്ട് കറക്റ്റ് ചെയ്യാൻ അവൻ എന്റെ അടുത്തുവന്നുനിന്നപ്പോൾ ഞാനവനെ എന്നോട് ചേർത്തുനിർത്തി പറഞ്ഞു; "യൂണിഫോം കഴുകുമ്പോൾ അൽപം കൂടി വൃത്തിയിൽ കഴുകാൻ അമ്മയോട് പറയണം ട്ടോ കുട്ടാ'.
"അതിന് യൂണിഫോം കഴുകുന്നത് ചേട്ടനാണ്, അമ്മയല്ല ടീച്ചറേ'
ഞാനാകെ അമ്പരന്നുപോയി.
കാരണം, ചേട്ടനെ എനിക്കറിയാം.
അവൻ ആറാം ക്ലാസിലാണ്. ഇവൻ മൂന്നിലും.
സംസാരത്തിൽ നിന്ന്, അവന്റെ അമ്മ കുറച്ചുകാലമായി അമ്മയുടെ വീട്ടിലാണെന്ന് മനസ്സിലായി.
അച്ഛൻ വിദേശത്താണ്. അച്ഛന്റെ സഹോദരങ്ങളുടെ വീട്ടിൽ മാറിമാറി നിൽക്കുകയാണ് അവനും ചേട്ടനും.
പുറമെനിന്ന് നോക്കുമ്പോൾ ഒന്നിന്റെയും കുറവില്ല. ഉള്ള ഒരേയൊരു കുറവ്, അവന് അവന്റെ സ്വന്തമായ ഒരു കുടുംബത്തിന്റെ ഭാഗമാകാൻ കഴിയുന്നില്ല എന്നതായിരുന്നു.
കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ ഞാനവനെത്തന്നെ നോക്കിയിങ്ങനെ ഇരുന്നു.
പിന്നെ ഒന്നുകൂടിയവനെ ചേർത്തണച്ച് കവിളത്ത് ഒരു ഉമ്മയും കൊടുത്ത് സീറ്റിൽ പോയിരിക്കാൻ പറഞ്ഞു.
മറ്റൊരിക്കൽ, ഒരു രണ്ടാം ക്ലാസിൽ എനിക്ക് സബ്സ്റ്റിറ്റിയൂഷൻ പോകേണ്ടി വന്നു. ആദ്യമായിട്ടാണ് ആ ക്ലാസിൽ പോകുന്നത്. കുശലാന്വേഷണങ്ങൾക്കൊടുവിൽ അവർക്കൊരു ജോലി കൊടുത്തു.
അമ്മയെ പറ്റി ഒരു പാരഗ്രാഫ് എഴുതുക.
അൽപം കഴിഞ്ഞപ്പോൾ ഒരാൾ എന്നെ അവന്റെ അടുത്തേക്ക് വിളിച്ചു. കക്ഷി ആകെ കൺഫ്യൂഷനിലാണ്.
എന്റെ ശരിയ്ക്കും അമ്മയെ പറ്റിയാണോ ഇപ്പോഴുള്ള അമ്മയെ പറ്റിയാണോ എഴുതേണ്ടത്?
ഞാൻ ഒന്ന് പകച്ചുപോയി.
"അതെന്താ ചക്കരേ അങ്ങനെ' എന്ന് ചോദിക്കാനാഞ്ഞതാണ്. പെട്ടെന്ന് നിയന്ത്രിച്ചു.
പക്ഷെ അപ്പോഴേക്കും ചറപറാ കമന്റുകൾ ക്ലാസിൽനിന്ന് അവന്റെ മുഖത്ത് വന്നലച്ചു.
വിങ്ങിപ്പൊട്ടി നിൽക്കുന്ന ആ കുഞ്ഞു മുഖം ഇപ്പോഴും ഓർക്കുന്നു.
അവന്റെ അമ്മ മറ്റൊരാളുടെ ഒപ്പം ഇറങ്ങിപ്പോയതാണ്.
അച്ഛൻ വേറെ വിവാഹം ചെയ്തു.
ആ അമ്മയാണ് ഇപ്പോൾ അവനെ നോക്കുന്നത്.

കുഞ്ഞുങ്ങൾക്കുമുണ്ട് അവരുടേതായ സമൂഹങ്ങൾ. വിശാല സമൂഹത്തിന്റെ കുഞ്ഞു പരിച്ഛേദങ്ങൾ. മുതിർന്നവരോട് പൊതുസമൂഹം ചെയ്യുന്നതെല്ലാം അവിടെ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളോടും ചെയ്യുന്നുണ്ട്.

പെട്ടെന്ന് ഒരു കുഞ്ഞുപെൺകുട്ടി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു."ടീച്ചറേ ക്ലാസിൽ എല്ലാവരും എപ്പോഴും അവനെ അവന്റെ അമ്മ ഓടിപ്പോയി എന്നുപറഞ്ഞ് കളിയാക്കുന്നു. ടീച്ചർ ഇവരോട് പറയുമോ, ഇനി ആരും അവനെ കളിയാക്കരുതെന്ന്? അവൻ എപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നുണ്ട് ട്ടോ.'

ഇനി മേൽ ആരും അവനെ ഒരു തരത്തിലും സങ്കടപ്പെടുത്തരുത് എന്ന് എല്ലാവരോടും കൂടിപറഞ്ഞ് അവനെ കുറെ നേരം മടിയിലിരുത്തി, അൽപം താലോലിച്ചു. അവന്റെ സങ്കടം തെല്ലുകുറഞ്ഞപ്പോൾ, ഇനി
നിനക്കിഷ്ടമുള്ള നിന്റെ അമ്മയെ പറ്റി എഴുതൂ എന്നുപറഞ്ഞു.
ഇത്തരം സന്ദർഭങ്ങൾ നമ്മെ ശരിയ്ക്കും സ്തബ്ധരാക്കും. എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നറിയാതായിപ്പോകും; ശരി ആരുടെ ഭാഗത്തെന്ന് പറയാൻ പറ്റാതെ കുഴങ്ങിപ്പോകും.

കുടുംബ പ്രശ്‌നങ്ങളിലെ ബലിയാടുകൾ പ്രൈമറി ക്ലാസുകളിലെ കുഞ്ഞുങ്ങളാണ്.
മാതാപിതാക്കൾ അവർ എത്തിപ്പെട്ട, ഒരു പക്ഷെ തീർത്തും വിഭിന്നമായ ഒരു ജീവിതരീതിയോട് / കുടുംബത്തോട് / വ്യക്തിയോട് പൊരുത്തപ്പെട്ടു വരുന്നതേയുണ്ടാകൂ. പാരന്റിങ്ങും പരിചയപ്പെട്ടു തുടങ്ങുന്ന കാലമാണത്. അപ്പോൾ രക്ഷിതാക്കൾ കൂടുതൽ ഏർപ്പെട്ടിരിക്കുക അതുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരിക്കും.

കുഞ്ഞുങ്ങളുടെ ശരിയായ മാനസികാവസ്ഥ പല രക്ഷിതാക്കളാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനു കാരണവും അതുതന്നെ.
കുഞ്ഞുങ്ങൾക്കുമുണ്ട് അവരുടേതായ സമൂഹങ്ങൾ. വിശാല സമൂഹത്തിന്റെ കുഞ്ഞു പരിച്ഛേദങ്ങൾ.
മുതിർന്നവരോട് പൊതുസമൂഹം ചെയ്യുന്നതെല്ലാം അവിടെ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളോടും ചെയ്യുന്നുണ്ട്.

കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ ബാധിക്കുന്ന മറ്റൊരു പരിസരം ടീനേജ് തലത്തിലുള്ള കുട്ടികളാണ്.
കൗമാരപ്രായത്തിൽ കുട്ടികൾക്ക് പൊതുവെ ഒരു ആർക്കും വഴങ്ങായ്കയുണ്ട്. എത്ര ശാന്ത സ്വഭാവികളിലും അതുണ്ട്. സ്വന്തം അച്ഛനമ്മമാരോട് പോലും അവർക്ക് പലപ്പോഴും യോജിച്ച് പോകാൻ പറ്റാറില്ല, ആ രക്ഷിതാക്കൾ എത്ര തന്നെ സ്‌നേഹശീലരായാലും. അത്തരം മാനസികാവസ്ഥയിൽ, കൂടെയുള്ളത് അമ്മയുടെ രണ്ടാം ഭർത്താവോ അച്ഛന്റെ രണ്ടാം ഭാര്യയോ ആണെങ്കിലോ?
അധ്യാപകരെ ഏറ്റവും നിസ്സഹായരാക്കുന്ന ചില മേഖലകൾ ഇതാണ്. ചിലപ്പോൾ ഇവർ വന്ന് വിങ്ങിപ്പൊട്ടും. "സ്വന്തമെന്നാണ് കരുതിയിട്ടുള്ളത് ടീച്ചറേ! നാളിതു വരെ ഒരു വിവേചനവും കാട്ടിയിട്ടില്ല. എന്നിട്ടും.. '
കുട്ടി അവരെ മനസിലാക്കുന്നില്ല എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
പക്ഷെ, കുട്ടികൾ പലപ്പോഴും അവർക്ക് തന്നെ സ്വയം തിരിച്ചറിയാനാവാത്ത ഒരു പാട് മാനസിക വ്യഥകളും പേറിയാണ് ജീവിക്കുന്നത്.
ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഒരു ചോക്കലേറ്റ് പാക്കറ്റോ കളിപ്പാട്ടമോ ഇടയ്ക്കുള്ള ഔട്ടിങ്ങുകളോ സ്‌നേഹത്തോടെയുള്ള പെരുമാറ്റമോ മതി കുഞ്ഞുങ്ങൾക്ക് ഒരാൾ പ്രിയപ്പെട്ടതാകാൻ. എന്നാൽ വലുതാകും തോറും അവർ തങ്ങളുടെ ജീവിതത്തിലെ പുറത്തു നിന്നുള്ള ഘടകത്തെ തെല്ലൊരു അതൃപ്തിയോടെ നേരിടുന്നതായി കണ്ടുവരുന്നുണ്ട്. അവർ അൽപം കാർക്കശ്യമുള്ളവരാണെങ്കിൽ പറയുകയും വേണ്ട.

കാലം മുറിവുണക്കും എന്നത് കുട്ടികളുടെ കാര്യത്തിൽ ശരിയല്ല. ഓരോ മുറിവും പ്രവചനാതീതമായ ട്രോമകളാണ് കുട്ടികളിൽ സൃഷ്ടിച്ചെടുക്കുന്നത്. പിന്നീട് സാമൂഹ്യ ജീവിതത്തിൽ സാധാരണ മട്ടിൽ പെരുമാറാൻ അവർക്ക് കഴിയാതെ വരുന്നു.

കുട്ടികളോട്, പ്രത്യേകിച്ച് കൗമാരക്കാരോട് ഇടപഴകുമ്പോൾ ആദ്യം വേണ്ടത് അവരുടെ വിശ്വാസം പിടിച്ചു പറ്റുക എന്നതാണ്. അത് എളുപ്പവുമല്ല. അത്രമേൽ ക്ഷമയും നിരീക്ഷണ ബോധവും ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ.
കുട്ടികൾ ഭൗതിക സുഖങ്ങളേക്കാൾ ആഗ്രഹിക്കുന്നത് ശ്രദ്ധയും സംരക്ഷണവും ആത്മാർത്ഥമായ ഇടപെടലുകളും ഒപ്പം നില്ക്കലുകളുമാണ്. മാത്രവുമല്ല, അച്ഛനുമമ്മയും സ്‌നേഹത്തോടെ സദാ ഒപ്പം വേണം എന്നതാണ് അവർ എപ്പോഴും ആഗ്രഹിക്കുന്ന, ഏറ്റവും വലിയ കാര്യം.

അവരെ വ്യക്തികളായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇന്നത്തെ സാമൂഹ്യ, സാങ്കേതിക കാലാവസ്ഥയിൽ ഓരോ കുട്ടിയും ആ മട്ടിലാണ് വളർന്നുവരുന്നത്.
മറ്റൊന്ന്, കാലം മുറിവുണക്കും എന്നത് കുട്ടികളുടെ കാര്യത്തിൽ ശരിയല്ല. ഓരോ മുറിവും പ്രവചനാതീതമായ ട്രോമകളാണ് കുട്ടികളിൽ സൃഷ്ടിച്ചെടുക്കുന്നത്. പിന്നീട് സാമൂഹ്യ ജീവിതത്തിൽ സാധാരണ മട്ടിൽ പെരുമാറാൻ അവർക്ക് കഴിയാതെ വരുന്നു. വിവാഹ മോചനങ്ങൾ, സ്ത്രീ വിരുദ്ധത, ക്രിമിനൽ സ്വഭാവങ്ങൾ അങ്ങനെ പല വിഷയങ്ങളുടെയും ഉറവിടം കുട്ടികൾ ചെറുപ്രായത്തിൽ നേരിടുന്ന ഈ ട്രോമകളാണ്.

അതുകൊണ്ട് തന്നെ കുട്ടികളുടെതായ സമാന്തര ലോകത്തേക്ക് നാം കടന്നുചെല്ലുമ്പോൾ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.▮

Comments