Photo : flickr.com

കൊടിയിറങ്ങിയ കൊട്ടകകളിലെ
ആറാട്ടുകാലങ്ങൾ

തൃശ്ശൂരിലെ രാമവർമ തിയേറ്റർ മുതൽ ബോംബെയിലെ കാമാഠിപുരയ്ക്കടുത്ത മിനർവാ സിനിമ അടക്കം ബോളിവുഡും ഹോളിവുഡും മറാഠി സിനിമയും പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ പലതും ഇപ്പോൾ നാമാവശേഷമായിരിക്കുന്നു. എന്നാൽ, അവിടെയെല്ലാം അലഞ്ഞുനടന്ന്​ ജീവിതം ആഘോഷിച്ച ഒരു കാലം മരണമില്ലാതെ ഒപ്പം നടക്കുന്നു.

സിനിമാ വ്യവസായം തഴച്ചുവളരുന്നതിനുമുമ്പുതന്നെ കേരളത്തിലേയും, പ്രത്യേകിച്ച് തൃശൂരിലേയും ‘കൊട്ടക മുതലാളിമാർ’ ധനാഢ്യരായിട്ടുണ്ട്. എന്റെ ബാല്യത്തിൽ തൃശൂർ പട്ടണത്തിൽ രണ്ടേരണ്ട് സിനിമാശാലകൾ മാത്രമാണുണ്ടായിരുന്നത്. അവയിൽ ഏറ്റവും പഴക്കം ജോസ് തിയേറ്ററിനാണെന്ന് തോന്നുന്നു. ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുമ്പോഴാണ് അപ്പൻ, അമ്മ, ചേച്ചി എന്നിവരുമൊത്ത് ജീവിതത്തിലെ ആദ്യ സിനിമ ജ്​ഞാനസുന്ദരി ജോസിൽ കണ്ടത്. അതിൽ വില്ലൻ കഥാപാത്രം നായികയുടെ ഇരുകൈകളും വെട്ടിമാറ്റി കാണികളെ സങ്കടക്കണ്ണീരിൽ ആറാടിച്ചു, അല്ല, കുളിപ്പിച്ചു എന്നുപറയുന്നതാകും കൂടുതൽ ശരി. അമ്മ അവരുടെ മൂക്കുചീറ്റുന്നതും കണ്ണീർ മേൽമുണ്ടുകൊണ്ട് തുടയ്ക്കുന്നതുമൊക്കെ ഞാൻ കാണുന്നുണ്ട്. അപ്പന് ഭാവഭേദമൊന്നുമില്ല എന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ജ്ഞാനസുന്ദരി ഉള്ളുരുകി പ്രാർത്ഥിച്ചപ്പോഴാണെന്ന് തോന്നുന്നു, അവർ അരുവിയിൽ കുളിക്കാനിറങ്ങിയ നേരം അതാ, അവരുടെ രണ്ടു കൈകളും ഒഴുകിവന്ന് കൈകൾ മുറിച്ചുമാറ്റപ്പെട്ട ഭാഗത്ത് ഒട്ടിച്ചേരുന്നത്. അമ്മയും മറ്റു കാണികളും സന്തോഷവതികളും സന്തോഷവാന്മാരുമായി. ആ നായിക കൈകൾ കുടഞ്ഞ് അവയുടെ ശക്തി ഒരിക്കൽ കൂടി പരിശോധിക്കുന്നുണ്ടെങ്കിലും ‘ഫെവിക്കോൾ' കൊണ്ട് ഒട്ടിച്ചപോലെ അവയ്ക്ക് സിനിമാന്ത്യം വരെ ഒരു കേടുപാടും സംഭവിക്കുന്നില്ല. എന്നാൽ, കൊച്ചുകുട്ടിയായ എനിക്ക് ആ അത്ഭുതപ്രതിഭാസം അങ്ങ് ദഹിച്ചില്ല.

തൃശൂർ പട്ടണത്തിൽ രണ്ടേരണ്ട് സിനിമാശാലകൾ മാത്രമാണുണ്ടായിരുന്നത്. അവയിൽ ഏറ്റവും പഴക്കം ജോസ് തിയേറ്ററിനാണ്.

രാഗിണിയുടെ ഉണ്ണിയാർച്ചയും ജെമിനി ഗണേശന്റെ വഞ്ചിക്കോട്ട വാലിബനും എം.ജി. ആറിന്റെ ഗുലേബക്കാവലിയും ശിവാജി ഗണേശന്റെ പരാശക്തിയും മുതൽ ബഹദൂറിന്റെ നീലിസാലിവരെയും ജോസിൽ തന്നെയാണ് കണ്ടത്. ആയിടെ കടലമ്മ എന്നൊരു സിനിമ അതേ തിയേറ്ററിൽ പ്രദർശനത്തിനെത്തി. നായികാ നായകന്മാരുടെയും മറ്റ് നടീനടന്മാരുടെയും സംഭാഷണം ഒരു ‘മറുഭാഷ'യായി കാണികൾക്ക് അനുഭവപ്പെട്ടു. അതിലെ ഒരു ഗാനം ഇപ്പോഴും ഓർമ വരുന്നു. ‘മുങ്ങി മുങ്ങി മുത്തുകൾ വാരും മൂക്കുവലി, ഓ, ഓ മൂക്കുവലി’ എന്നാണ് ഞാനടക്കമുള്ളവർ കേട്ടത്. സിനിമ കഴിഞ്ഞ് പുറത്തുകടന്ന് കടലമ്മ പത്തുപൈസ പാട്ടുപുസ്തകം പരിശോധിച്ചപ്പോഴാണ് സംഗതി മൂക്കുവലിയല്ല, മുക്കുവനെ എന്നാണ് യഥാർത്ഥ വരികൾ എന്നറിഞ്ഞത്. തിയേറ്ററിലെ സ്പീക്കറുകൾക്ക് ചില കേടുപാടുകൾ അന്നുതന്നെയുണ്ടായിരിക്കാം.

തൃശൂർക്കാരുടെ പഴയ ഓർമകൾ നിലനിർത്തിയിരുന്ന രാമവർമ്മ തിയേറ്റർ പൊളിച്ചു നീക്കി അവിടെ ഇപ്പോൾ Pay and Park എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

രാമവർമയിലെ നാലണ ടിക്കറ്റ്​

തൃശൂർ റൗണ്ടിലെ രാമവർമ തിയേറ്ററിൽ നാലണയായിരുന്നു അന്ന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഞാൻ നാലാം ക്ലാസിലെത്തിയപ്പോൾ ഒന്നു രണ്ട് ചെക്കന്മാരും കൂടി ഒറ്റയ്ക്ക് സിനിമ കാണാനുള്ള ഉൽക്കട മോഹവുമായി ഈ തിയേറ്ററിലെത്തി. അവിടമാകെ ടിക്കറ്റിനായി തിക്കും തിരക്കും ഉന്തും തള്ളും. ബ്ലാക്ക് ടിക്കറ്റ് വില്പനക്കാരായിരുന്നവർ നാലണയുടെ ടിക്കറ്റിന് ഒരു രൂപയാണ് വാങ്ങിയിരുന്നതെന്ന് തോന്നുന്നു. ഞങ്ങളുടെ പോക്കറ്റിൽ വേറെ ഒരു കാലണയില്ല. ഏതായാലും എന്തായാലും സിനിമ കണ്ടേ തീരൂ. അങ്ങനെ ഞാനൊരു ഭാഗ്യപരീക്ഷണത്തിന് മുതിർന്നു. ഞങ്ങൾ ഊളയിട്ട് നാലണക്കാരുടെ ടിക്കറ്റുവാങ്ങി കീറി അവരെ ഹാളിലേയ്ക്കു വിടുന്ന ചേട്ടനെ സമീപിച്ച് ഒരക്ഷരം മിണ്ടാതെ മൂന്നു പേരുടെ ടിക്കറ്റ് ചാർജ്ജ്, അതായത് പന്ത്രണ്ടണ, അദ്ദേഹത്തിന്റെ കൈയ്യിൽ വെച്ചുകൊടുത്തു. ‘പൊക്കോ, പൊക്കോ', ഞങ്ങളെ ആശീർവദിച്ച് ഹാളിലെ നീല കർട്ടൻ മാറ്റി ആ ചേട്ടൻ ഞങ്ങളെ ഉള്ളിലേക്ക് വിടുകയും ചെയ്തു. ജീവിതത്തിലാദ്യമായി നൽകിയ കൈക്കൂലി പന്ത്രണ്ടണയായിരുന്നു എന്ന് ചുരുക്കിപ്പറയാം. ദിലീപ്കുമാറും മീനാകുമാരിയും അഭിനയിച്ച ‘കോഹിനൂർ' ആയിരുന്നു ആ സിനിമ. കൂടാതെ, അതിലെ ‘മധുപൻ മേ രാധികാ നാം തേരെ' എന്ന മുഹമ്മദ്‌റാഫിയുടെ തകർപ്പൻ ക്ലാസിക്കൽ ഗാനവും നല്ല ഓർമയുണ്ട്. തൃശൂർക്കാരുടെ പഴയ ഓർമകൾ നിലനിർത്തിയിരുന്ന രാമവർമ്മ തിയേറ്റർ പൊളിച്ചു നീക്കി അവിടെ ഇപ്പോൾ Pay and Park എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

‘കോഹിനൂർ' സിനിമയിൽ നിന്ന്

ഗിരിജയും മാതയും

അഞ്ചാം ക്ലാസിലെത്തിയപ്പോഴാണ് ഗിരിജ തിയേറ്റർ സമാരംഭിക്കുന്നത്. സിനിമാ കമ്പക്കാരിയായ ബോംബെ ചേച്ചി ബേബി നാട്ടിലെത്തുമ്പോൾ ഞങ്ങളിരുവരും വീടിനടുത്തുള്ള ഗിരിജയിൽ മാറ്റിനി ഷോ കാണാൻ പോകും. അന്ന്​ തിയേറ്ററിന്റെ പുറത്തുള്ള ബോർഡിൽ ‘സോനെ കി ബിടിയാ' (മാറ്റിനി) എന്ന ബോർഡു കണ്ടു. പക്ഷേ, ‘സോനെ കി ബിടിയ’യാണോ അതോ മാറ്റിനിയാണോ യഥാർത്ഥ സിനിമയുടെ പേരെന്നൊരു ‘സംശം' എന്നെ പിടികൂടി. എല്ലാവരേയും ഭയങ്കരമായി കളിയാക്കുന്ന ബേബിയെ പേടിച്ച് മാറ്റിനിക്കാര്യത്തെക്കുറിച്ച് ഞാൻ ഒരക്ഷരം അവരോട് ചോദിച്ചില്ല. സിനിമ ഹിന്ദിയിലായിരുന്നതിനാൽ സംഭാഷണം അശേഷം തിരിഞ്ഞില്ലെങ്കിലും അതിലെ ‘ഗഥ' ഏതാണ്ടൊക്കെ മനസ്സിലായി. തൽക്കാലം അത്രമതിയെന്ന് സമാധാനിച്ചു. പിന്നീട് ഗിരിജ തിയേറ്റർ കുറേനാൾ അടച്ചിടുകയും വഴിയെ പുതുക്കിപ്പണിയുകയുമൊക്കെ ചെയ്ത് കൂടുതൽ മോടി കൂട്ടി നവീകരിച്ചു. ഞാൻ ബോംബെയിൽനിന്ന് തിരികെ വന്ന കാലമായിരുന്നു അത്. ഓസ്കാർ അവാർഡ് ലഭിച്ച ‘സ്ലം ഡോഗ് മില്യണയർ' അവിടെ പ്രദർശിപ്പിക്കുന്നുണ്ട്. അതൊന്ന് കാണണമെന്ന അതിയായ മോഹം. പത്രത്തിൽ ‘അഡ്വാൻസ് ബുക്കിംഗ് ഫെസിലിറ്റീസ്' എന്ന പരസ്യം കണ്ടു. സമയം വൈകീട്ട് അഞ്ചര അഞ്ചേമുക്കാൽ ആയിട്ടുണ്ട്. ഗിരിജയിലേക്ക് ഫോൺ ചെയ്തു. ‘സ്ലംഡോഗി’ന് ടിക്കറ്റ് ബുക്ക് ചെയ്യണം.
‘എത്ര ടിക്കറ്റ്?', മറുതലയ്ക്കൽ ഒരു സ്ത്രീ ചോദിക്കുന്നു.
‘നാല് ടിക്കറ്റ്.’
‘ഓ, അതിനെന്താ വന്നോളൂ.’
‘അപ്പോ ഷോ തുടങ്ങിയിരിക്കില്ലേ?'
‘പേടിക്കേണ്ട നിങ്ങൾ വന്നിട്ടേ അത് ആരംഭിക്കുകയുള്ളൂ.’

‘ചെമ്മീനും' ‘നഗരമേ നന്ദി' യും ‘കറുത്ത കൈയ്യും' സത്യജിത്ത് റേയുടെ ചിത്രങ്ങളും നല്ല കുറേ ഹിന്ദി ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്ന പണ്ടത്തെ മാതയ്ക്ക് ആ പഴയ പ്രൗഢിയില്ല എന്നുതോന്നുന്നു. ഇപ്പോൾ അവിടെ ‘ജവാനി ദിവാനി', ‘കച്ചീ കലി' തുടങ്ങിയ പടങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

എന്തിനേറെ, ഞാനും മകളും കുറേനാൾ മുമ്പ് അന്തരിച്ച സഹോദരി ത്രേസ്യാകുട്ടിയും ഒരു ബന്ധുവും ഓട്ടോപിടിച്ച് ഗിരിജയിലെത്തി ബാൽക്കണിയിലിരുന്ന് ആസ്വദിച്ചുതന്നെ മില്യണെയറെ കണ്ട കഥയും മറക്കാവതല്ല. പണ്ടത്തെ ‘മാതാ' ഇന്ന് ‘ബിന്ദു’ തിയേറ്റർ എന്ന പേരിൽ അറിയപ്പെടുന്നു. കാര്യമായ പുതുക്കിപ്പണിയലൊന്നും മാതാ അഥവാ ബിന്ദുവിനെ ബാധിച്ചിട്ടില്ല. ഈ തിയേറ്ററിലെ ആദ്യ ഷോ ‘ശ്രീനാരായണഗുരു' ആണ്. ഞാനും ബുദ്ധിമാന്മാരായ മൂന്ന് ജ്യേഷ്ഠന്മാരും- കെ.സി. ഫ്രാൻസിസ്, സേവ്യർ, വർഗീസ്- അടങ്ങിയ നാൽവർ സംഘം ബാൽക്കണിയിൽ തന്നെയിരുന്നാണ് ആ സിനിമ കണ്ടത്. യേശുദാസ് ആദ്യമായി സിനിമാഗാനം പാടുന്നതും ‘ശ്രീനാരായണഗുരു'വിലായിരുന്നു. നെല്ലിക്കോട് ഭാസ്കരൻ പട്ടാളവേഷത്തിലെത്തി കാമുകിയോട്, ‘കണ്ടാൽ ഞാനൊരു കാരിരുമ്പ്, കൈയ്യു പിടിച്ചാലോ പൂങ്കരിമ്പ്, അറ്റെൻഷൻ പെണ്ണേ അറ്റെൻഷൻ' എന്നു പാടി അഭിനയിച്ച രംഗവും ഓർമ വരുന്നു. പിന്നീട് ‘ചെമ്മീനും' ‘നഗരമേ നന്ദി' യും ‘കറുത്ത കൈയ്യും' സത്യജിത്ത് റേയുടെ ചിത്രങ്ങളും നല്ല കുറേ ഹിന്ദി ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്ന പണ്ടത്തെ മാതയ്ക്ക് ആ പഴയ പ്രൗഢിയില്ല എന്നുതോന്നുന്നു. ഇപ്പോൾ അവിടെ ‘ജവാനി ദിവാനി', ‘കച്ചീ കലി' തുടങ്ങിയ പടങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കാൻ ബിന്ദു ഇങ്ങനെയാണ്​ ശ്രമിക്കുന്നത്​.

അഞ്ചാം ക്ലാസിലെത്തിയപ്പോഴാണ് ഗിരിജ തിയേറ്റർ സമാരംഭിക്കുന്നത്

രാമദാസിലെ എ.സി

സുഹൃത്തുക്കളിലൊരാളുടെ പൂർവികസ്വത്തായിരുന്ന മാരാർ ബാങ്കും തൊട്ടടുത്തുണ്ടായിരുന്ന മാധവനുണ്ണി രാജയുടെ രാജാ കൺസ്ട്രക്ഷൻസും പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ഇന്നത്തെ രാമദാസ് സിനിമ കെട്ടിപ്പൊക്കിയത്. തൃശൂരിലെ ആദ്യത്തെ എ.സി സിനിമാ ഹാളാണ് രാമദാസ്. അവരുടെ ആദ്യത്തെ പ്രദർശനം ‘പൂരബ് ഓർ പശ്ചിം' ആയിരുന്നു. ദേശസ്നേഹത്തിന്റെ കഥപറയുന്ന ഈ സിനിമ കാണാൻ ഞങ്ങൾ നാലുപേർ ടിക്കെറ്റെടുത്തിട്ടുണ്ട്. (ടിക്കറ്റൊന്നിന് ഒന്നര രൂപയായിരുന്നു ചാർജ്ജ്) സിനിമ ആരംഭിക്കാറായെന്ന അനൗൺസ്മെന്റും കൂട്ടത്തിലൊരു ദേശഭക്തിഗാനവും കേട്ടു. തൃശൂരിലെ ഒട്ടുമിക്ക മുതലാളിമാരും അവിടെയെത്തിയിരിക്കുന്നു. സിനിമ ആരംഭിച്ചു. എന്നാൽ അഞ്ചുമിനിറ്റിനകം കാണികൾ തണുത്തു വിറയ്ക്കാൻ തുടങ്ങി. അപകടത്തിൽപെട്ട ബന്ധുവിന്റെ മൃതദേഹം തിരിച്ചറിയാൻ ഒരാൾ മോർച്ചറിയിൽ കയറുമ്പോഴുണ്ടാകുന്ന കൊടും തണുപ്പ് ആ തിയേറ്ററിൽ അനുഭവപ്പെട്ടു. എ.സി ഫുൾ സ്പീഡിലാണ് പ്രദർശിപ്പിച്ചിരുന്നത്. ചില കാണികൾ കസേരയിൽ കുത്തിയിരുന്ന് കൈകൾ കൂട്ടിത്തിരുമ്മി സ്വയം ചൂടുപകരാൻ ശ്രമിക്കുന്നുണ്ട്. സിനിമ പുരോഗമിക്കുമ്പോഴും തണുപ്പിന് ഒരു കുറവും ഉണ്ടായില്ല. പിന്നീട് തൃശൂർക്കാരുടെ പതിവ് പരിപാടികൾ ആരംഭിക്കുന്നു. കൂക്കുവിളി, തെറിയഭിഷേകം, അട്ടഹാസം എന്നിവ മുഴങ്ങിയത് സ്വാഭാവികം മാത്രം. എ.സി മെക്കാനിക്ക് എങ്ങനെയൊക്കെയോ മെഷീൻ തൊട്ടു തലോടി തണുപ്പ് നിയന്ത്രിച്ചു. ഇതിനകം ഒന്നൊന്നര മണിക്കൂർ കടന്നുപോയിട്ടുണ്ട്. ‘പൂരബ് ഓർ പശ്ചിം' പോയിത്തുലയട്ടെ എന്ന് ഒത്തൊരുമിച്ച് പറഞ്ഞ് ഞങ്ങൾ സുഹൃത്തുക്കൾ തിയേറ്ററിൽ നിന്ന് വാക്കൗട്ട് നടത്തി. പുറത്തുവന്ന് നാലഞ്ചു സിഗരറ്റുകൾ ഒരുമിച്ച് വലിച്ച് ആ തണുപ്പും നിരാശയും ഒരുമിച്ചകറ്റി.
രാമദാസിന് ഇപ്പോൾ ഒരു ഉപതിയേറ്റർ കൂടി ‘രവികൃഷ്ണ' എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്.

തൃശൂരിലെ ആദ്യത്തെ എ.സി സിനിമാ ഹാളാണ് രാമദാസ് / Photo : SingamGroupThrissur, twitter

സിനിമാസംബന്ധിയായ ഒരു ഉപകഥകൂടി പറയേണ്ടതുണ്ട്. മാധവനുണ്ണിയും പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ പി.എ. ബക്കറും ചേർന്ന് ഓളവും തീരവും എന്ന സിനിമയെടുക്കുന്നു. അതിലെ നായികാനായകന്മാരായ മധുവും ഉഷ നന്ദിനിയും രാജാ കൺസ്ട്രക്ഷൻ ഓഫീസ് ഇടക്കിടെ സന്ദർശിക്കാറുണ്ട്. പ്രശസ്ത ചിത്രകാരൻ പി.എൻ. മേനോൻ ആണ് ഓളവും തീരവും സംവിധാനം ചെയ്യുന്നത്​. കൺസ്ട്രക്ഷൻ കമ്പനിയുടെ ലെറ്റർ ഹെഡുകൾ സുലഭമായി ഉപയോഗിച്ച് ലൊക്കേഷൻ, സെറ്റ് തുടങ്ങിയവയുടെ വിവരങ്ങളും സ്കെച്ചുകളും അദ്ദേഹം തയ്യാറാക്കുന്നത് കാണാം. കെട്ടിടനിർമാണ കമ്പനിയുടെ താൽക്കാലിക സൈറ്റ് സൂപ്പർവൈസർ കൂടിയായ ഞാനത് നോക്കിനിൽക്കുന്നതുകണ്ട് മേനോൻ എന്റെ ഒരു ചിത്രവും സ്ക്രിബിൾ ചെയ്തുതന്നു. നിർഭാഗ്യവശാൽ അത് നഷ്ടപ്പെട്ടിരിക്കുന്നു.

ബിന്ദു ഇടയ്ക്കിടെ അയാളുടെ എ.സി. മെഷിനിലൂടെ വിവിധ സുഗന്ധങ്ങൾ ഹാളിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു. മുല്ലയുടെയും ചെമ്പകത്തിന്റെയും ഗന്ധം ഹാളിൽ പരക്കാൻ തുടങ്ങി. സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഡോൾബി സൗണ്ട് സിസ്റ്റത്തിന്റെ ‘മാഹാത്മ്യം' കാണിച്ചുകൊണ്ടുള്ള ചില സ്റ്റിൽസും ഓഡിയോ ക്ലിപ്പുകളും കാണുകയും കേൾക്കുകയും ചെയ്തു.

രാഗത്തിലെ ആദ്യ ഷോ

സ്വരാജ് റൗണ്ടിലെ കണ്ണായ സ്ഥലത്തുള്ള രാഗം തിയേറ്റർ' 1973-ലാണ് ആരംഭിച്ചത്. ഞാനന്ന് കേരളവർമ കോളേജിലെ ബി.എ ഫൈനൽ ഇയർ വിദ്യാർത്ഥി. രാമു കാര്യാട്ട് സംവിധാനം ചെയ്ത് സലീൽചൗധരി സംഗീതം നൽകി, ജയഭാരതിയും മോഹനും കനകദുർഗ്ഗയും അഭിനയിച്ച ‘നെല്ല്' ആണ് രാഗത്തിലെ ആദ്യത്തെ ഷോ. സുഹൃത്തും രാഗം തിയേറ്റർ കാന്റീൻ കോൺട്രാക്ടറുമായ ചെമ്മുണ്ട അന്തോണി, ഞാനുൾപ്പെടെ മറ്റ് മൂന്ന് സുഹൃത്തുക്കൾക്കായി ആദ്യ ഷോവിന് തന്നെ ടിക്കറ്റ് ഏർപ്പാട് ചെയ്തിട്ടുണ്ട്. വേറൊരു സുഹൃത്ത് ബിന്ദുവാണ് എ.സി ഓപ്പറേറ്റർ. അയാൾക്ക് ഈ കാര്യങ്ങൾ നന്നായിട്ടറിയാം. അതുകൊണ്ട് നോർത്ത്‌പോളിലെ എസ്കിമോകളെപ്പോലെ ഞങ്ങൾക്കാർക്കും രോമക്കുപ്പായങ്ങൾ അണിയേണ്ടിവന്നില്ല. കൈകൾ കൂട്ടിത്തിരുമ്മി സ്വയം ചൂടുപകരേണ്ടതായുംവന്നില്ല. കൂടാതെ, ബിന്ദു ഇടയ്ക്കിടെ അയാളുടെ എ.സി. മെഷിനിലൂടെ വിവിധ സുഗന്ധങ്ങൾ ഹാളിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു. മുല്ലയുടെയും ചെമ്പകത്തിന്റെയും ഗന്ധം ഹാളിൽ പരക്കാൻ തുടങ്ങി. സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഡോൾബി സൗണ്ട് സിസ്റ്റത്തിന്റെ ‘മാഹാത്മ്യം' കാണിച്ചുകൊണ്ടുള്ള ചില സ്റ്റിൽസും ഓഡിയോ ക്ലിപ്പുകളും കാണുകയും കേൾക്കുകയും ചെയ്തു. ടൈറ്റിലിൽ സംവിധായകൻ, നടീനടന്മാർ, സംഗീത സംവിധായകർ തുടങ്ങിയവരുടെ പേരുവിവരങ്ങൾക്കൊപ്പം മറ്റ് സഹായികളുടെ പേരുകളും ബാക്ക്ഗ്രൗണ്ട് സ്കോറിനൊപ്പം സ്ക്രീനിൽ നിറഞ്ഞു. കൊള്ളാം, ഡോൾബി ഒരു ഉഗ്രൻ സാധനം തന്നെ. തിയേറ്ററിൽ പ്രതിധ്വനിയില്ല. സംഭാഷണത്തിൽ കരകരപ്പോ മൂക്കണാഞ്ചി ശബ്ദങ്ങളോ ഒന്നും തന്നെയില്ല.

ജയഭാരതിയും മോഹനും കനകദുർഗ്ഗയും അഭിനയിച്ച ‘നെല്ല്' ആണ് രാഗത്തിലെ ആദ്യത്തെ ഷോ

ഇതിനിടെ ഞാനും എൻ.ഡി. പാവു എന്ന സുഹൃത്തും അതേ ഫ്ലോറിലുള്ള കാന്റീൻ ഔട്ട്‌ലെറ്റിൽ ചായ കുടിക്കാനെത്തി. അപ്പോഴതാ ‘ഠേ!' എന്നൊരു ഫയങ്കര ശബ്ദം. കതിനവെടി പൊട്ടിയപോലുള്ള ഒച്ച. ഞങ്ങൾ പകച്ചുനിന്നപ്പോൾ രാഗം മുതലാളി പറഞ്ഞു, ‘അത് കുറുമാട്ടി തുപ്പിയതാ.' (വില്ലൻ കഥാപാത്രം, കനകദുർഗ്ഗ അവരുടെ കാമുകനെ ഒറിജിനൽ നായിക അടിച്ചു മാറ്റിയ ക്രോധമടക്കിയതങ്ങനെ.) ഞങ്ങൾ തലയിൽ കൈവെച്ചുപോയി. അപ്പോൾ മുതലാളി പറയുന്നു: ‘അതാണ് ഡോൾബിയുടെ പവറ്.’

ഈയടുത്ത് വേറൊരു മുതലാളി രാഗം തിയേറ്റർ വിലയ്ക്കുവാങ്ങി പേരുമാറ്റി ‘ജോർജ്ജേട്ടൻസ് രാഗം' എന്നാക്കി. പേരിലാണ് പുതുമ. അല്ലെങ്കിൽ പേരിലും വേണ്ടേ പുതുമ?

തൃശ്ശൂരിലെ ഈ അഞ്ചു തിയേറ്ററുകളിൽ ഞാൻ കണ്ട സിനിമകളിലൂടെ ഒരു കാലത്തിന്റെ ചുരുളഴിയുന്നു. അന്നത്തെ പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം സിനിമാശാലകളുടെ സ്ഥിതിവിശേഷങ്ങളുടെ ഒരേകദേശ ചരിത്രവും നമുക്ക് ഇവിടെ വായിച്ചെടുക്കാം. കാലക്രമേണ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള കാണികളുടെ വീക്ഷണഗതി മാറിമറിഞ്ഞു. സാങ്കേതിക വിദ്യയും വളർന്നു, അവ കൂടുതൽ ജനകീയവും ആസ്വാദനക്ഷമത കൈവരുത്തുന്നതുമായി കാണുന്നു.

സ്വരാജ് റൗണ്ടിലെ കണ്ണായ സ്ഥലത്തുള്ള രാഗം തിയേറ്റർ' 1973-ലാണ് ആരംഭിച്ചത്. / Photo : Slogan Pictures, FB Page

ഛോട്ടീ സി ബാത്ത്​

1975-ൽ ജോലി തേടി ബോംബെയിലെത്തിയ എന്നെ കോർപറേറ്റ് കമ്പനികളുടെ ഓഫീസുകളിലോ ഭേദപ്പെട്ട ഇതര സ്ഥാപനങ്ങളിലോ ചവുട്ടിക്കയറ്റാൻ പ്രാപ്തിയുള്ള ഒരാളുമുണ്ടായിരുന്നില്ല. കല്പാത്തി / മാമ്പലം ബ്രാഹ്മണർ ഭരിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങളായ എൽ.ഐ.സി, ഹിന്ദുസ്ഥാൻ​ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയവയുടെ ഏഴയലത്തുപോലും അടുക്കാനുള്ള വഴികൾ സാധാരണക്കാരനായ എന്റെ മുമ്പിൽ അടഞ്ഞുകിടന്നു. കമ്പനികളിലെ വേക്കൻസികൾ നിയമപ്രകാരമുള്ള അവരുടെ വഴക്കമനുസരിച്ച് (സ്റ്റാറ്റ്യൂട്ടറി അഡ്വർടൈസ്മെന്റുകൾ) പോലും പത്രങ്ങളിൽ കൊടുക്കാതെയായിരുന്നു ഇത്തരം പിൻവാതിൽ നിയമനങ്ങളത്രയും. അവർക്കിഷ്ടമുള്ള ഉദ്യോഗാർത്ഥിയെ നിയമിച്ച ശേഷം മാത്രം ചിലപ്പോഴൊക്കെ മറാഠിയും ഇംഗ്ലീഷിലുമുള്ള ഏറ്റവും പ്രചാരം കുറഞ്ഞ പത്രങ്ങളിൽ ഇത്തരം പരസ്യങ്ങൾ നൽകാറുണ്ട്. ഇവ ആരാലും ശ്രദ്ധിക്കപ്പെടരുതെന്ന ദുരുദ്ദേശ്യമാണ് അതിന്റെ പിന്നിൽ. അപ്പോൾപിന്നെ ജോലിയന്വേഷണവും സിനിമ കാണലും സമന്വയിപ്പിച്ച ഒരു സമാന്തര രീതി എനിയ്ക്ക് കൈക്കൊള്ളേണ്ടിയിരുന്നു. ഫ്രീ ശാപ്പാടും അന്തിയുറക്കവും പൊതുകക്കൂസിൽ വരിനിൽക്കാതെയുള്ള രണ്ടിനുപോക്കും ആവശ്യമില്ലാതെ, സുഖമായിത്തന്നെ സഹോദരിയുടെ ചെമ്പൂരിലുള്ള വീട്ടിൽ താമസം തുടർന്നു.

‘ബോംബെ ടാക്കീസ് - വൺസ് ദി ഗ്ലോറി ഓഫ് മുംബൈ സിൽവർ സ്ക്രീൻ' എന്ന അഭിഷേക് ജാദവിന്റെ ലേഖനത്തിൽ ഇതുവരെ പൂട്ടിയ നാല്പതോളം സിനിമശാലകളെക്കുറിച്ച് നീട്ടിയും കുറുക്കിയും പ്രതിപാദിച്ചിരിക്കുന്നു.

അന്നും ഇന്നും ഞാൻ സിനിമകൾ നന്നായി ആസ്വദിക്കുന്നു. അല്പമൊരു സിനിക്കുകൂടിയായ എനിക്ക് ബോംബെ തിയേറ്ററുകളിൽ അന്ന് പ്രദർശിപ്പിച്ചിരുന്ന സിനിമകൾ വെറുമൊരു ‘ടൈംപാസ്’ മാത്രമല്ല, പല അനുഭവങ്ങളും അവ കാഴ്ചവെച്ചിട്ടുണ്ട്. ഇന്നിപ്പോൾ മഹാനഗരത്തിലെ സിനിമാശാലകൾ പലതും ഇടിച്ച് നിരത്തപ്പെടുകയും അവിടെ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഷോപ്പിംഗ് മാളുകളും ഉയർന്നിരിക്കുന്നതുമായ വാർത്തകൾ വരുന്നു. ഡിമോളിഷന് തയ്യാറായി നിൽക്കുന്ന സിനിമാ ഹാളുകളുടെ നീണ്ട നിരതന്നെ വേറെയുണ്ടെന്ന് ചില കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘ബോംബെ ടാക്കീസ് - വൺസ് ദി ഗ്ലോറി ഓഫ് മുംബൈ സിൽവർ സ്ക്രീൻ' എന്ന അഭിഷേക് ജാദവിന്റെ ലേഖനത്തിൽ ഇതുവരെ പൂട്ടിയ നാല്പതോളം സിനിമശാലകളെക്കുറിച്ച് നീട്ടിയും കുറുക്കിയും പ്രതിപാദിച്ചിരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ സിറ്റ്വേഷൻ വേക്കൻറ്​, ക്രൈം വാച്ച് എന്നീ കോളങ്ങൾക്കൊപ്പം സിനിമയുടെ ക്ലാസിഫൈഡ് പരസ്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്. അവിടെ ചെന്ന അവസരത്തിൽ ഒരുനാൾ ഘാട്കൂപ്പറിലെ ഉദയ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ‘ഛോട്ടീ സി ബാത്തി’ന്റെ പരസ്യം കണ്ടു. ഞാനും സഹോദരീപുത്രൻ സാബു ഫ്രാൻസിസുമൊത്ത് ചെമ്പൂരിൽനിന്ന്​ ബസ് പിടിച്ച് ഉദയ തിയേറ്ററിലെത്തി. അവിടെ വലിയ തിക്കും തിരക്കൊന്നുമില്ല. ഛോട്ടീ സീ ബാത്ത് കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. ഒരു ഓഫീസിൽ ജോലി ചെയ്യുന്ന നായകൻ അമോൽ പാലേക്കറിന്റെ ചിത്രവും ആ കഥാപാത്രത്തിന്റെ ചില സവിശേഷതകളും കമേന്ററ്റർ പരിചയപ്പെടുത്തുന്നു. പിന്നീട് സ്ക്രീനി ൽ വരുന്നത് ആ ഓഫീസിലെ ടൈപ്പിസ്റ്റായ വിദ്യാ സിൻഹയുടെ ഫോട്ടോ ആണ്. കൂട്ടത്തിൽ ത്രസിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയവും കാണാം.

‘ഛോട്ടീ സി ബാത്തി'ൽ വിദ്യാ സിൻഹ

‘യേ ഹേ ഉൻകാ ദിൽകാ ദഡ്കൻ.’ ഇവളാണ് കഥാനായകന്റെ ഹൃദയമിടിപ്പ്. ഭാവനാ സമ്പന്നനായ ബാസുചാറ്റർജിയെപ്പോലുള്ള സംവിധായകനുമാത്രമേ ഇത്തരം ലളിതവും സുന്ദരവുമായ ഒരാശയം ഉദിക്കൂ. സലീൽ ചൗധരിയാണ്​ സംഗീതം. യേശുദാസ് ഹിന്ദി സിനിമയിൽ ആദ്യമായി പാടുകയാണ്​. ആശാ ബോസ്​ലേയോടൊപ്പം യേശുദാസ്​ പാടിയ ‘ജാനെമൻ ജാനെമൻ തേരെ ദൊ നയൻ' എന്ന ശ്രുതിമധുരമായ പ്രേമഗാനം ഒരിക്കലെങ്കിലും മൂളാത്തവരായി ആരുമുണ്ടാകില്ല. ദൗർഭാഗ്യകരമെന്നുപറയട്ടെ, ഉദയ തിയേറ്റർ ഇടിച്ചു നിരത്തിയ വാർത്ത അഭിഷേക് ജാദവ് വെളിപ്പെടുത്തിയിരിക്കുന്നു.

വിജയ് തിയേറ്റർ ഇപ്പോൾ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

ഞാൻ താമസിച്ചുപോന്ന ചെമ്പൂർ നാക്കയിൽ, പഴയ ബോളിവുഡ് സിനിമകൾ പ്രദർശിപ്പിക്കാറുള്ള വിജയ് തിയേറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. പഴമ നിലനിർത്താനെന്ന പോലെ വിജയ് തിയേറ്റർ പഴയതായിത്തന്നെ ഇടിഞ്ഞ് നിലംപൊത്തുന്ന നിലയിൽ വളരെക്കാലം നിലനിന്നു. എനിക്കാണെങ്കിൽ ജോലി വിദൂരസ്വപ്നമായി എവിടെയോ തത്തിക്കളിക്കുന്ന കാലമാണ്​. ഞാനും, ചേച്ചി ബേബിയും മാറ്റിനി കാണാൻ വിജയിലെത്തി. രാജ്കപൂറിന്റെ ‘ജാഗ്‌തേ രഹോ' ആണ് അന്ന് പ്രദർശിപ്പിച്ചിരുന്നത്. തികച്ചും ഗ്രാമീണനായ കഥാനായകൻ രാജ്കപൂർ, അബദ്ധവശാൽ രാത്രി ഒരു വലിയ കെട്ടിടത്തിൽ പെട്ടുപോകുന്നു. അവിടെ ഓരോ മുറികളിലുമുള്ള ചില താമസക്കാരുടെ ചിരിയും മറ്റു ചിലരുടെ വേദനാജനകമായ ജീവിതവും നോക്കിക്കാണാൻ അയാൾക്ക് സന്ദർഭമുണ്ടാകുന്നു. ഒരു മുറിയിൽ കള്ളനോട്ടടിക്കുന്ന സംഘത്തിലുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങൾക്ക് ദൃക്‌സാക്ഷിയാകേണ്ടിവരുന്നതും മറ്റുമായ ‘ജാഗ്‌തെ രഹോ' വ്യത്യസ്തമായ ഒരു മാനത്തിലൂടെയാണ് നമ്മെ നയിക്കുന്നത്. ഏതായാലും വിജയ് തിയേറ്ററിനു പകരം അവിടെ വിജയ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉയർന്നുവന്നിരിക്കുന്നതു കാണാം. ജനങ്ങളുടെ ആരോഗ്യമാണ് ശ്രദ്ധിക്കേണ്ടത്, അല്ലാതെ സിനിമയല്ല എന്ന പരമാർത്ഥം നമ്മെ ഒരിക്കൽ കൂടി ബോദ്ധ്യപ്പെടുത്തുകകൂടിയാണ് വിജയ് ഹോസ്പിറ്റലിന്റെ ഇല്യുമിനേറ്റഡ് ബോർഡ് കണ്ടാൽ തോന്നുക.

ബോളിവുഡിലെ സ്ഥിരം ഫോർമുലകൾ പൊളിച്ചെഴുതിയ പുത്തൻ സിനിമകളുടെ പ്രവാഹം തന്നെ ആയിടെയുണ്ടായി. അമിതാഭ്ബച്ചൻ ‘ആംഗ്രി യങ്ങ്മാൻ' ആയി തുടരെത്തുടരെ എത്തിയെങ്കിലും അദ്ദേഹത്തിന്റെ ‘ശരാബി', ‘കൂലി' തുടങ്ങിയവ വൻപരാജയമായി എനിക്കനുഭവപ്പെട്ടു.

ചെമ്പൂരിനെ പലരും ബോംബെയുടെ ഗ്യാസ് ചേംബർ എന്ന് വിശേഷിപ്പിക്കാറുള്ളത് അവിടെയുള്ള വ്യവസായശാലകളിലെ ചിമ്മിനികളിൽനിന്നുയരുന്ന അഗ്നിനാളങ്ങളും രാസവസ്തുക്കളുടെ രൂക്ഷഗന്ധവും ജനജീവിതത്തെ താറുമാറാക്കുന്നതുകൊണ്ടാകാം. ചെമ്പൂർ നാക്കയിൽനിന്ന് ഇടത്തോട്ടു തിരിയുന്ന വരി മേഹുളിലേക്ക് നീളുന്നു. അതിലൂടെ കുറച്ച് ദൂരം മുന്നോട്ട് നടന്നാൽ ‘ആഷിഷ്' തിയേറ്റർ കാണാം. പ്രിയ സുഹൃത്ത് വിജയനും മറ്റൊരു സുഹൃത്ത് കൈമളുമൊത്ത് ആഷിഷിൽ അമിതാഭ്ബച്ചനും രേഖയും വേഷമിട്ട ‘മിസ്റ്റർ നട്ട്​വർലാൽ’ കാണാനെത്തി ടിക്കറ്റിന് വരിയിൽ ചേർന്നു. ഭയങ്കര തിക്കും തിരക്കും. സാധാരണ രീതിയിൽ ഒരാൾക്ക് ടിക്കറ്റു ലഭിക്കാൻ വലിയ പ്രയാസമായിരിക്കും. ഏതായാലും ഒന്ന് നോക്കാമെന്ന് കരുതി ഞാനും കൈമളും വരിയിൽത്തന്നെനിന്നു. തിരക്കുകണ്ട് തലചുറ്റിയപോലെ വിജയൻ എങ്ങോ അപ്രത്യക്ഷനായി. ഒടുവിൽ ആരുടെയോ കൃപാകടാക്ഷമെന്നോണം മൂന്ന് ടിക്കറ്റുകൾ ലഭിച്ചു. അന്ന് 80 രൂപയായിരുന്നു ഒരു ടിക്കറ്റിന് വില. ഇതിനിടെ കൈവിരലുകളിൽ മൂന്ന് ബാൽക്കണി ടിക്കറ്റുകൾ ഇറുക്കിപ്പിടിച്ച്​ പുഞ്ചിരിയോടെ വിജയൻ വന്നു പറഞ്ഞു, ‘സംഗതി ഒപ്പിച്ചു.’ ബ്ലാക്കിൽ വാങ്ങിയ അവയ്ക്ക് ഒന്നിന് 150 രൂപയാണ് വില. ഞങ്ങളും മൂന്നു ടിക്കറ്റുകൾ അയാളെ കാണിച്ചു. ചിരിച്ച് മതിമറന്ന വിജയനും ഞങ്ങളും തീയേറ്ററിനു പുറത്ത് കൈനീട്ടി ഭിക്ഷ യാചിച്ചിരുന്ന ഒരു വൃദ്ധയ്ക്ക് ആ മൂന്നു ടിക്കറ്റുകൾ നൽകി സ്വയം സമാധാനിച്ചു. ആ പാവം വൃദ്ധ ‘മിസ്റ്റർ നട്​വർലാൽ’ കണ്ടുവോ? അവർ അമിതാഭിന്റെ എളിയ ആരാധികയാണോ? അതോ അവ വിറ്റ് കാശാക്കിയോ? ആർക്കറിയാം?

'മിസ്റ്റർ നട്ട്‌വർലാൽ' കാണാൻ മുംബൈയിലെ കോഹിനൂർ തിയറ്ററിന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ / Photo : Moses Sapir, twitter

ഈ സിനിമയിലാണ് അമിതാഭ്ബച്ചൻ ആദ്യമായി ഗായകനാകുന്നത്. ആഷിഷ് തിയേറ്റർ ഇന്ന് പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ബോളിവുഡിന്റെ ചരിത്രപുസ്തകത്തിൽ തങ്കലിപികളിൽ എഴുതിയ ഒരു മഹാനടന്റെ പേരാണ് രാജ്കപൂർ. ആവാര, ജാഗ്‌തെ രഹോ, സംഗം, മേരാനാം ജോക്കർ, സത്യം ശിവം സുന്ദരം, കപൂർ കുടുംബത്തിന്റെ കഥപറയുന്ന ‘കൽ ആജ് ഓർ കൽ' തുടങ്ങിയ തകർപ്പൻ ചിത്രങ്ങളിൽ നായകവേഷമിടുകയും അവ നിർമിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്ത രാജ്കപൂർ മൺമറഞ്ഞ് വർഷങ്ങളേറെയായി.

മന്ദാകിനി എന്ന നായികയെ കുളിപ്പിച്ചെടുക്കുന്നതും അവരുടെ കുഞ്ഞിനെ പാലൂട്ടുന്നതുംവരെ രാം തേരിയിൽ ചേർത്തുവെങ്കിലും പ്രതികൂലമായ വിശേഷണങ്ങളാണ് ഫിലിം ക്രിട്ടിക്കലിൽനിന്നും പ്രേക്ഷകരിൽനിന്നും ഉണ്ടായത്.

ചില ഗോസിപ്പ് പത്രജീവികൾ ചേർന്ന് വ്യത്യസ്തമായ ഒരു കെണിയിൽ അകപ്പെടുത്തി നടി മന്ദാകിനിയെ (ശരിയായ പേര് ജോസഫൈൻ) അധോലോക നായകന്റെ വെപ്പാട്ടിയായും അയാളുടെ കള്ളപ്പണ സൂക്ഷിപ്പുകാരിയായും ചിത്രീകരിച്ചു. അതേ തുടർന്ന് പോലീസ്- ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ (ഇ.ഡി. റെയ്ഡ് അന്നുണ്ടായിരുന്നില്ലെന്ന് തോന്നുന്നു) നിരന്തര ചോദ്യം ചെയ്യലിലൂടെ മാനസികമായി തളർന്ന മന്ദാകിനിയെ നായികയാക്കി രാജ്കപൂർ നിർമ്മിച്ച ‘രാം തേരി ഗംഗാ മൈലി' കപൂർ സാഹിബ്​ പ്രതീക്ഷിച്ചതുപോലെ ആരും കൊട്ടിഘോഷിച്ചില്ല. നായികയെ കുളിപ്പിച്ചെടുക്കുന്നതും അവരുടെ കുഞ്ഞിനെ പാലൂട്ടുന്നതുംവരെ രാം തേരിയിൽ ചേർത്തുവെങ്കിലും പ്രതികൂലമായ വിശേഷണങ്ങളാണ് ഫിലിം ക്രിട്ടിക്കലിൽനിന്നും പ്രേക്ഷകരിൽനിന്നും ഉണ്ടായത്.

ഞാൻ ബോംബെയിലെത്തുന്നതിന് വളരെ മുമ്പുതന്നെ ഗാഠ്‌ളാ വില്ലേജിൽ സ്ഥിതി ചെയ്തിരുന്ന ആർ.കെ. സ്റ്റുഡിയോവും ഇപ്പോൾ പ്രവർത്തനനിരതമല്ല. അതിന്റെ ഭാവി തുലാസിൽ തൂങ്ങുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

സംഗീതസംവിധായകൻ ജയദേവ്

വ്യക്തിപരമായ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിച്ച് ഞാൻ താനെയിലുള്ള വാഗ്ലേ സ്റ്റേറ്റിലെ ചോളുകളൊന്നിൽ സുഹൃത്തുക്കളുമൊത്ത് താമസമാരംഭിച്ചു. ആയിടെ മുളുണ്ടിലെ ദീപ് മന്ദിറിൽ പ്രദർശിപ്പിച്ചിരുന്ന ‘ഗരോണ്ട’, പ്രണയവും പരാജയവും നൈരാശ്യവും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന് മനോഹരമായി കോർത്തിണക്കിയ സിനിമയായിരുന്നു. ബോളിവുഡ് അത്രയൊന്നും അംഗീകരിക്കാത്ത അനുഗൃഹീത സംഗീത സംവിധായകൻ ജയ്‌ദേവ് ഈണം നൽകിയ ഗുൽസാറിന്റെ വരികൾ ശ്രുതിമധുരമായി പാടിയ ബംഗ്ലാദേശ് ഗായിക റുണാ ലൈലയ്ക്കും അനനുകരണീയമായ ശബ്ദത്തിൽ ഗാനങ്ങൾ അവതരിപ്പിക്കുന്ന ഭൂപേന്ദ്രയ്ക്കും സലാം! ഇവർ ചേർന്ന് പാടിയ ഗരോണ്ടയിലെ ‘ജബ് താരേ ജമീൻ പർ' എന്ന ഗാനവും ഭൂപേന്ദ്രയുടെ ‘ഏക് അകേലാ ഇസ് ശഹർ മേം' എന്ന പാട്ടും ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നു. പക്ഷേ, ദീപ് മന്ദിർ സിനിമാ ടാക്കീസ് ഇടിച്ച് നിരത്തപ്പെട്ട വാർത്തയും അഭിഷേക് ജാദവ് എഴുതുന്നു.

എന്റെ ജോലി സംബന്ധമായ ‘അരക്ഷിതാവസ്ഥ' ഇതിനകം ഏറെക്കുറെ അവസാനിച്ചുവെങ്കിലും സിനിമ കാണലും ബീയറടിക്കലും തുടർന്നു.

പ്രണയവും പരാജയവും നൈരാശ്യവും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന് മനോഹരമായി കോർത്തിണക്കിയ സിനിമയായിരുന്നു. 'ഗരോണ്ട', / Photo : NFAI, twitter

ബോളിവുഡിലെ സ്ഥിരം ഫോർമുലകൾ പൊളിച്ചെഴുതിയ പുത്തൻ സിനിമകളുടെ പ്രവാഹം തന്നെ ആയിടെയുണ്ടായി. അമിതാഭ്ബച്ചൻ ‘ആംഗ്രി യങ്ങ്മാൻ' ആയി തുടരെത്തുടരെ എത്തിയെങ്കിലും അദ്ദേഹത്തിന്റെ ‘ശരാബി', ‘കൂലി' തുടങ്ങിയവ വൻപരാജയമായി എനിക്കനുഭവപ്പെട്ടു. കൂലിയുടെ ഒരു ഗാനരംഗത്തിന്റെ ഷൂട്ട് ജുഹുവിലെ ചന്ദൻ സിനിമാ പരിസരത്തായിരുന്നു. അതിന്റെ കുറെ ഭാഗങ്ങൾ പിന്നീട് ബാംഗ്ലൂരിൽ ചിത്രീകരിക്കുന്നതിനിടയിൽ അമിതാഭ്ബച്ചന്​ മാരകമായി പരിക്കുപറ്റി. അപ്പോൾ ജൂഹുവിൽതന്നെയുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിനു മുന്നിൽ തടിച്ചുകൂടിയ ആരാധകർ പൂജാകർമാദികളും നാളികേരമുടക്കലും പ്രാർത്ഥനകളുമൊക്കെ യഥാവിധി നടത്തുന്നത് കാണാനിടയായി. എന്തുപറയട്ടെ, ചന്ദൻ സിനിമയും ഇപ്പോൾ അവരുടെ പരിപാടി അവസാനിപ്പിച്ചിരിക്കുന്നു.

എം.ജി.ആർ മരിച്ചപ്പോൾ ധാരാവിയിലെ തമിഴ്​മക്കൾ അദ്ദേഹത്തിന്റെ ഫോട്ടോയിൽ മാലചാർത്തി ചന്ദനത്തിരി കത്തിച്ച് പ്രാർത്ഥിക്കുന്നതും പ്രണമിക്കുന്നതും കാണാനിടയായി. മാത്രമല്ല, കുറച്ചു മാറി എം.ജി.ആറിന്റെ വൃദ്ധയായ ആരാധിക മണ്ണെണ്ണയൊഴിച്ച് ആത്മാഹുതി ചെയ്തതും ഓർമ വരുന്നു. ഭക്തികൾ പലവിധമാണെന്ന് ഇതിൽനിന്ന് തിരിച്ചറിയാം. അതുപോലെ ‘ഫാനുകളും'. A mob does not think, it only feels എന്ന റസ്സലിന്റെ വാക്യം ഇവിടെ ഏറെക്കുറെ യോജിക്കുമെന്ന് തോന്നുന്നു.

‘രാം തേരി ഗംഗാ മൈലി' യിൽ നിന്ന്

ക്യാപ്പിറ്റലിലെ ‘അവളുടെ രാവുകൾ’

ബോംബെയിൽ കോവിഡ് പടരുന്നതിന് മുമ്പുതന്നെ വി.ടി സ്റ്റേഷനിന്​ (ഛത്രപതി ശിവജി ടെർമിനസ്) എതിർവശമുള്ള ഏറ്റവും പഴക്കം ചെന്ന, വിക്ടോറിയൻ ശില്പകലാമാതൃകയിൽ പണിത ക്യാപിറ്റൽ സിനിമയുടെ കാര്യത്തിലും ഏതാണ്ട് തീരുമാനമായിരുന്നു. 1879-ൽ കൂവർജി പഗ്ഡിവാല ‘ടിവോളി' എന്ന കലാരൂപം പ്രദർശിപ്പിക്കുന്നതിനുവേണ്ടിയാണ്​ ക്യാപിറ്റൽ കെട്ടിടം നിർമിച്ചത്. ടിവോളി കാണാൻ ആളില്ലാതായതോടെ അവിടെ സിനിമ പ്രദർശനം ആരംഭിച്ചു. 1975-ൽ ഞാൻ ജോലിയന്വേഷിച്ച് ഡി.എൻ. റോഡിലൂടെ കറങ്ങിത്തിരിയുന്നതിനിടയിൽ വർണങ്ങൾ കോരിയൊഴിച്ച പോലെയുള്ള ഒരു കൂറ്റൻ ഹോർഡിംഗ് ക്യാപിറ്റൽ കെട്ടിടത്തിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്നത് കണ്ടു. Her Nights (Malayalam) എന്ന് വലിയ അക്ഷരങ്ങളിലും അതിലും വലിയ അക്ഷരത്തിൽ ‘അ' എന്നും ആ ബോർഡിൽ ചേർത്തിരിക്കുന്നു. എന്തിനേറെ, സാക്ഷാൽ അവളുടെ രാവുകൾ കാണാൻ തീയേറ്ററിൽ കയറി ഇരുപ്പുറപ്പിച്ചപ്പോൾ കാൽപാദങ്ങളിൽ നൊച്ചെനെലികളുടെ എരിപൊരി സഞ്ചാരം തുടങ്ങി. അവ ഛിൽ, ഛിൽ എന്ന് ശബ്ദമുണ്ടാക്കി ഓടിക്കളിക്കുന്നുമുണ്ട്. മൂട്ടകളുടെ ഭീകരാക്രമണം യഥാവിധി തുടരുന്നു. മലയാളി സഹോദരന്മാർ കൂടാതെ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരായ ചുമട്ടുകാരും പഴക്കച്ചവടക്കാരുമൊക്കെയായിരുന്നു. നായിക കാമുകനെ ‘ബാബുവേട്ടാ ബാബുവേട്ടാ' എന്ന് പലകുറി ബഹുമാനപൂർവ്വവും പ്രേമപരവശയുമായി അഭിസംബോധന ചെയ്യുമ്പോൾ അന്യസംസ്ഥാനക്കാരായ കാണികൾക്ക് അത് ശരിയാംവണ്ണം തിരിഞ്ഞില്ല. അവർ ആ സുന്ദരൻ, ചുള്ളൻ ചുരുളൻമുടിക്കാരൻ നായകൻ സ്ക്രീനിലെത്തുമ്പോൾ ‘ബാബട്ട', ‘ബാബട്ട' എന്ന് വിളിച്ചു കൂവാൻ തുടങ്ങി. തൽക്കാലം ക്യാപിറ്റൽ സിനിമയുടെയും അവളുടെ രാവുകളുടെയും കഥ ഇവിടെ അവസാനിപ്പിക്കുന്നു. ക്യാപിറ്റൽ സിനിമ ഇടിച്ചു നിരത്തി പുതിയ കെട്ടിടം തയ്യാറായി വരുന്നുവെന്ന പത്രവാർത്ത ഈയിടെ കണ്ടു.

'അവളുടെ രാവുകൾ' സിനിമയിൽ നിന്ന്

കൊളാബ ‘ഫരിയാസ് ഹോട്ടലിന്' എതിർവശമുള്ള ആഡ് ഏജൻസിയിൽ 1980-കളിൽ ജോലി നോക്കിയിരുന്ന കാലം. ഞങ്ങളുടെ ഏജൻസി കെട്ടിടത്തിന്റെ വലതുഭാഗത്ത് സ്ഥിതി ചെയ്തിരുന്ന അവിസ്മരണീയമായ രണ്ട് ഓർമകൾ പങ്കുവെയ്ക്കുന്നതാണ് സ്ട്രാൻറ്​ സിനിമയും അതിനോടു ചേർന്ന മാടക്കട പോലുള്ള സ്ട്രാൻറ്​ ബുക്ക് ഹൗസും. ഈ തിയേറ്ററിൽ ‘ഫിഡിലർ ഓൺ ദ റൂഫ്', ‘ക്രാന്തി വീർ' തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. സ്ട്രാൻറ്​ ബുക്ക് ഹൗസ് ബുദ്ധിജീവികളും എഴുത്തുകാരും ചിത്രകാരന്മാരുമടങ്ങിയ ധാരാളം പേരുടെ സങ്കേതം കൂടിയായിരുന്നു. പ്രശസ്ത ഇന്ത്യൻ (ഇംഗ്ലീഷ്) കവി നിസ്സിം എസ്കിയേൽ ഈ ബുക്ക് ഹൗസിലെ സ്ഥിരം സന്ദർശകനായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കൊളാബ പാസ്റ്റാ ലെയ്‌നിലുള്ള ഫ്ലാറ്റിൽ ഏകനായി താമസിച്ചുപോന്ന എസ്കിയേൽ മരിച്ചത്​ അയൽവാസികൾ പോലും രണ്ടുമൂന്ന് ദിവസം കഴിഞ്ഞാണ് അറിഞ്ഞത്. ഇതിനിടെ സ്ട്രാൻറ്​ ബുക്ക് സ്റ്റാളുടമ, ടി.എൻ. ഷാൻബാഗ് മാടക്കടപോലുള്ള ബുക്ക്‌ഷോപ്പ് വിപുലീകരിച്ച് പി.എം. റോഡിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ മരണാനന്തരം ബുക്ക്‌ഷോപ്പിന് ഷട്ടറിട്ടു. എന്നാൽ ഇന്നിപ്പോൾ സ്ട്രാൻറ്​ ബുക്ക് ഹൗസുമില്ല, സ്ട്രാൻറ്​ സിനിമയുമില്ല. ഇവ ഓർമകളാണെങ്കിലും ഈ സ്മരണകൾ എന്നും അവശേഷിക്കും.

ശാന്താറാം എന്ന പ്രശസ്ത സംവിധായകനും അദ്ദേഹത്തിന്റെ അവസാന സൃഷ്ടികളിലൊന്നായ ‘ചാണി' പ്രദർശിപ്പിച്ച ഈറോസ് തിയേറ്ററും ഇപ്പോഴില്ല എന്നത് കാലത്തിന്റെ വഴിമാറിയ സഞ്ചാരത്തിന്റെ സവിശേഷതയായി തോന്നുന്നു.

ചർച്ച്​ ഗേറ്റിലെ ഈറോസ്​ സിനിമ

ബോംബെയുടെ മർമപ്രധാനഭാഗം, ചർച്ച് ഗേറ്റിലുള്ള ഈറോസ് സിനിമയ്ക്ക് പത്തെഴുപത് വർഷങ്ങളുടെ ചരിത്രപാരമ്പര്യമുണ്ട്. തിയേറ്ററും അത് സ്ഥിതി ചെയ്യുന്ന ബഹുനിലക്കെട്ടിടവും രൂപകല്പന ചെയ്തത് ബ്രിട്ടീഷ് ആർക്കിടെക്റ്റുകളാണെങ്കിലും അതിന്റെ പുതുമ ഇന്നും മങ്ങാതെ നിൽക്കുന്നു. വി. ശാന്താറാമിന്റെ ചാണി എന്ന മറാഠി സിനിമയാണ് ഞാൻ ഈറോസിൽ ആദ്യമായി കണ്ടത്. ഉത്തമസുഹൃത്തും ഏജൻസിയിലെ ആർട്ട് ഡയറക്ടറുമായ സതീശ് ദേശ്പാണ്ഡേ, ശാന്താറാം സിനിമകൾക്കുള്ള സാമൂഹ്യ പ്രതിബദ്ധതകളുടെ സംക്ഷിപ്ത വിവരണം എനിക്ക് നൽകിയിരുന്നു. ഈ പ്രശസ്ത സംവിധായകന്റെ മകൾ രഞ്ജനയാണ് നായിക. കൊങ്കൺ പ്രദേശത്തെ കഥപറയുന്ന ‘ചാണി'യിൽ കവുങ്ങിൽ കയറി അടക്ക പറിക്കുന്ന നായിക ഒരു കവുങ്ങിൽനിന്ന് മറ്റൊന്നിലേക്ക് ‘പകരുന്നതും' മറ്റും ശാന്താറാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പത്മഭൂഷൺ പുരസ്കാരം നേടിയ ശാന്താറാമെന്ന മഹാപ്രതിഭ ദോ അംഖേം ബാരാ ഹാത്, പിഞ്ജറ (കൂട്) തുടങ്ങിയ അനശ്വരമായ നിരവധി ഹിന്ദി / മറാഠി സിനിമകൾ ബോളിവുഡിനായി സമ്മാനിച്ചിട്ടുണ്ട്. ആ പ്രശസ്ത സംവിധായകനും അദ്ദേഹത്തിന്റെ അവസാന സൃഷ്ടികളിലൊന്നായ ‘ചാണി' പ്രദർശിപ്പിച്ച ഈറോസ് തിയേറ്ററും ഇപ്പോഴില്ല എന്നത് കാലത്തിന്റെ വഴിമാറിയ സഞ്ചാരത്തിന്റെ സവിശേഷതയായി തോന്നുന്നു.

Photo: wikipedia

ബോംബെ സെൻട്രൽ സ്റ്റേഷനിൽ സബർബൻ ​ട്രെയിനിറങ്ങി ഓവർബ്രിഡ്ജിലൂടെ പുറത്ത് റോഡിലെത്തി വടക്കോട്ട് നടന്നാൽ നിരനിരയായി ടാക്‌സി കാർ ഡ്രൈവർമാർ സവാരി കാത്തുകിടക്കുന്നത് കാണാം. തൊട്ടുമാറി എസ്.ടി. ബസ് സ്റ്റേഷനു സമീപമുള്ള ഹോട്ടലുകളിൽ കനലിൽ ചുട്ടെടുക്കുന്ന കോഴിയും തന്തൂരി റൊട്ടിയും നമ്മുടെ ഉള്ളം കുളിർപ്പിക്കുന്നുണ്ട്. മഹാനഗരത്തിലെ പ്രസിദ്ധ ഫോട്ടോഗ്രാഫർമാരായിരുന്ന ഗൗതം രാജ്യാധ്യക്ഷയുടെയും ഫറൂക്ക് ഇറാനിയുടെയും ക്യാമറകളിൽ പകർത്തിയ ഈ ഹോട്ടൽ വിശേഷങ്ങളുടെ ബ്ലാക്ക് ആൻറ്​ വൈറ്റ് ഫോട്ടോകൾ ഇല്ലസ്​ട്രേറ്റഡ്​ വീക്കിലിയിൽ ആഴ്ച തോറും അച്ചടിച്ചുവന്ന കാലമുണ്ടായിരുന്നു. കുറേ വർഷങ്ങൾ കഴിഞ്ഞ് ഈ ഇംഗ്ലീഷ് വാരിക നിർത്തിയതോടെ ഇത്തരം വൈചിത്യ്രമാർന്ന ലേഖനങ്ങളും ഫോട്ടോഗ്രാഫുകളും സാധാരണ വായനക്കാർക്ക് വായിക്കാനായില്ല. ബോംബെ മഹാനഗരത്തിന്റെ വ്യത്യസ്ത ചരിത്രം ഫോട്ടോഗ്രാഫുകളിലൂടെ വെളിപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങൾ ചരിത്രരേഖയായി കണക്കാക്കാം. എങ്കിലും അതേ ഹോട്ടലുകളിൽ ഇപ്പോഴും തന്തൂരി കോഴി പൊരിക്കുകയും ചുടുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെനിന്ന് റേഡിയോഗ്രാമിലൂടെ ഒഴുകിയെത്താറുള്ള തലത്ത് മഹ്​മൂദിന്റെ ഗാനങ്ങൾക്കുപകരം ഇന്നിപ്പോൾ ലക്കി അലിയുടെ അടിപൊളി പാട്ടുകളാണ് കേൾക്കുക.

ഇവയ്ക്ക് എതിർഭാഗത്ത് കാണുന്ന അലക്‌സാൻഡ്രിയ സിനിമയുടെ കെട്ടിടം പൊട്ടിപ്പൊളിഞ്ഞും പൊടിപിടിച്ചും മാറാല ചുറ്റിയും ഒരു കാലത്തിന്റെ അടയാളമെന്നോണം നിലകൊള്ളുന്നുണ്ട്. അവിടെ ക്ലാസ് സിനിമകൾക്കു പകരം ‘അ' പടങ്ങളാണ് പതിവ്​. അധികം അകലെയല്ലാത്ത കാമാഠിപുരയിലെ സ്ത്രീകൾ പലരും പാൻ ചവച്ചും മുല്ലപ്പൂ ചൂടിയും അലക്‌സാൻട്രിയയ്ക്ക് സമീപം കാത്തു നിക്കുന്നതു കാണാം. പരിചയക്കാരിൽ ഒരാളായ, ആദ്യമായി ബോംബെയിലെത്തുന്ന ഒരു മലയാളി സിനിമാക്കമ്പക്കാരൻ, തന്റെ ഇഷ്ട നടൻ അഭിനയിക്കുന്ന ഏതോ സിനിമ എത്തിയ വാർത്തയറിഞ്ഞ് അലക്‌സാൻഡ്രിയ തിയ്യേറ്റർ പരിസരത്തെത്തി. വഴിയറിയാതെ വട്ടം കറങ്ങവെ ഒരു മലയാളി വൃദ്ധനോട് ‘തിയേറ്റർ എവിടെ'യെന്ന് സംശയം ചോദിക്കുന്നു. ‘എന്തിനാ മോനേ, ഈ ചെറിയ പ്രായത്തിൽ അവിടെയൊക്കെ പോകുന്നേ?' എന്നായിരുന്നു ആ വൃദ്ധന്റെ സദുപദേശം. ഏതായാലും മറ്റനേകം സിനിമാശാലകൾ പൂട്ടിയ ലിസ്റ്റിൽ അലക്‌സാൻഡ്രിയയുമുണ്ട്.

ബോംബെ സെൻട്രലിൽനിന്ന് കറങ്ങിയടിച്ച് ചുവന്ന തെരുവായ ഫാക്ക് ലാൻറ്​ റോഡിലൂടെ ഷോർട്ട് കട്ട് അടിച്ചാലും ഗ്രാൻറ്​ റോഡിലുള്ള അലങ്കാർ തിയേറ്റർ പരിസരത്തെത്താം. ഈ സ്ഥലം മൊത്തം ‘ടോളറേറ്റഡ്' റെഡ് ലൈറ്റ് ഏരിയയായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ നിറം മങ്ങിയ കാമാഠിപുരയിലും ശുക്ലാജി സ്ട്രീറ്റിലുമുള്ള അന്തേവാസികളെ തേടിയെത്തുന്ന ‘ഗിരാക്കു' കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അലങ്കാർ സിനിമയിലെ കാണികളും ഏതാണ്ട് ഇല്ലാതായി. അങ്ങനെ ആ സിനിമാ ഹാളും പൂട്ടി.

തിയേറ്റർ ബിസിനസ്​ അത്ര ലാഭകരമല്ലാതായിരിക്കുന്നുവെന്നാണ്​ ഉടമകൾ പറയുന്നത്​. ബൃഹൺ മുംബൈ കോർപറേഷന്​ നൽകേണ്ട എന്റർടെയ്‌മെൻറ്​ ടാക്‌സിലുണ്ടായ വർധന, കറൻറിനും വെള്ളത്തിനും നൽകേണ്ടിവരുന്ന ഭാരിച്ച തുക എന്നിവ തിയ്യേറ്റർ ഉടമകൾക്ക് താങ്ങാവുന്നതിനപ്പുറമാണ്.

മിനർവ എന്ന അഭിമാനം

ഞാനിപ്പോൾ ഗ്രാൻറ്​ റോഡിലെ മിനർവ തിയേറ്റർ പരിസരത്താണ് കറങ്ങുന്നത്. ‘പ്രൈഡ്​ ഓഫ്​ മഹാരാഷ്ട്ര' എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന അതിന്റെ കെട്ടിടത്തിനും ബോർഡിന് പോലും വല്ലാതെ മങ്ങലേറ്റിരിക്കുന്നു. 1975 മുതൽ 80 വരെ ഈ സിനിമാ ഹാളിൽ നിറഞ്ഞോടിയ ‘ഷോലെ' പോലുള്ള മഹത്തായ സിനിമകൾ കാണാനുള്ള തിരക്ക് ഓർക്കുമ്പോൾ ഇന്ന് മിനർവ പരിസരം ഏതാണ്ട് ശൂന്യമെന്നുതന്നെ പറയാം. ‘സലാം ബോംബെ’, ‘ടോറോ ടോറേ’, ‘ഗൺസ്?ഓഫ് നെവറോൺ' തുടങ്ങിയ ക്ലാസ് സിനിമകൾ പ്രദർശിപ്പിച്ചിരുന്ന, 70 എം.എം. സ്ക്രീനും, എയർകണ്ടീഷൻ സജ്ജീകരണവും ഡോൾബി സൗണ്ട് സിസ്റ്റവും ഏ-1 ഇരിപ്പിടങ്ങളുമുണ്ടായിരുന്ന മിനർവ സത്യം പറഞ്ഞാൽ കുറച്ചുനാൾ മുമ്പുവരെ ‘പ്രൈഡ്​ ഓഫ്​ മഹാരാഷ്ട്ര' തന്നെയായിരുന്നു. എന്നാൽ ഇന്ന് അത്‌ പ്രൈഡിനുപകരം ‘ഡെസർട്ട്' എന്ന് പറയുന്നതാകും കൂടുതൽ ശരി.

തൃശ്ശൂരിലെ രാമവർമ തിയേറ്റർ മുതൽ കാമാഠിപുരയ്ക്കടുത്ത അലക്‌സാൻഡ്രിയ സിനിമയും മിനർവാ സിനിമയും അടക്കം ബോളിവുഡും ഹോളിവുഡും മറാഠി സിനിമയും പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ പലതും ഇപ്പോൾ നാമാവശേഷമാകുകയോ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയോ ചെയ്തിരിക്കുന്നു. ഈ ബിസിനസ്​ അത്ര ലാഭകരമല്ലാതായിരിക്കുന്നുവെന്നാണ്​ ഉടമകൾ പറയുന്നത്​. ബൃഹൺ മുംബൈ കോർപറേഷന്​ നൽകേണ്ട എന്റർടെയ്‌മെൻറ്​ ടാക്‌സിലുണ്ടായ വർധന, കറൻറിനും വെള്ളത്തിനും നൽകേണ്ടിവരുന്ന ഭാരിച്ച തുക എന്നിവ തിയ്യേറ്റർ ഉടമകൾക്ക് താങ്ങാവുന്നതിനപ്പുറമാണ്. അതിലുപരി ഇന്ന് റിലീസ് ചെയ്യപ്പെടുന്ന ഒരു സിനിമ അടുത്ത ആഴ്ചതന്നെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ വരുമ്പോൾ ഭൂരിഭാഗം കാണികളും തിയ്യേറ്റർ ഒഴിവാക്കി വീട്ടിലിരുന്ന് അവ ആസ്വദിക്കും.

ബോംബെയിൽ സാധാരണ എ.സി. സിനിമാഹാളിൽ പ്രവേശനത്തിനുള്ള ടിക്കറ്റിന് ഒരാൾക്ക് 300 രൂപ മുതൽ 500 രൂപവരെ ടിക്കറ്റ് ചാർജ്ജിനത്തിൽ ഈടാക്കുന്നുവെങ്കിൽ അയാൾ താമസ സ്ഥലത്തുനിന്ന് ടാക്‌സി പിടിച്ചോ ബസിലോ ട്രെയിനിലോ വേണം തിയേറ്ററിലെത്താൻ. തിയേറ്ററിലെത്തിയാൽ കൂൾഡ്രിംഗ്‌സിന് ഒരു ബോട്ടിലിന് 80 മുതൽ 120 രൂപ വരെയാണ്​ ഈടാക്കുക. പോപ്‌കോൺ ഒരു പായ്ക്കറ്റിന് 100-110 രൂപ കൊടുക്കണം. ഹോം തിയേറ്ററും ബ്രാവിയ പോലുള്ള വലിയ സ്ക്രീനുകളുള്ള നൂറായിരം ബ്രാൻറ്​ ടി.വികളും മാർക്കറ്റിൽ സുലഭമാണ്. ബോംബെയിലെ ഒരാൾക്ക് ഒരു തിയേറ്ററിൽ സിനിമ കാണാൻ ശരാശരി 800 മുതൽ 1200 രൂപ വരെ ചെലവഴിക്കേണ്ടി വരുമ്പോൾ നാലോ, അഞ്ചോ, പത്തോ പേർക്ക് വീട്ടിലിരുന്ന് സുഖമായി സിനിമ കാണാം. ദൂരദർശനിലെ രാമായണ സംപ്രേഷണകാലം ഓർക്കുക.

ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ. ഷോലെയിലെ രംഗം

ബിൽഡർ ലോബി കൈവെയ്ക്കാത്ത മേഖലകളോ ഇടങ്ങളോ ഇന്ന് ബോംബെയിലില്ല. മഹാരാഷ്ട്ര ഗവൺമെന്റിന്റെ സ്വപ്നപദ്ധതിയായിരുന്ന, ഇപ്പോൾ പൊളിഞ്ഞ് പാളീസായ ലഘുഭക്ഷണശാലകളായ ‘ജുൺ കാ ബാക്കർ' നിൽക്കുന്ന ആറടി മണ്ണുപോലും ബിൽഡർമാരുടെ കൈയ്യിലകപ്പെടാൻ തുടങ്ങിയിരിക്കുന്നു. ബോംബെയിലെ സാധാരണക്കാരുടെ താമസ സൗകര്യം വർദ്ധിപ്പിക്കാൻ പുതിയ ഗവൺമെന്റിന് പദ്ധതികളൊന്നുമില്ല. അതിനാലാകണം ബിൽഡർ ലോബി രാഷ്ട്രീയക്കാരുടെ ഒത്താശകളോടെ സിനിമാ ഹാളുകളിൽ കൈവെച്ച് തുടങ്ങിയതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മിനർവ അല്ലെങ്കിൽ ഈറോസ് തിയേറ്റർ പോലുള്ള സിനിമാ കൊട്ടകകൾ പൂട്ടിയിടാനും ചിലത് പൊളിക്കാനും ആരംഭിച്ചത് അതിന്റെ അസൽ ബിസിനസുകാർ മാത്രമായ ഉടമകളുടെ കൈയ്യിൽ ഭീമമായ സംഖ്യ വന്നുചേർന്നതുകൊണ്ടാകാമെന്നും ചില ബോംബെ കൂട്ടുകാർ നിരീക്ഷിക്കുന്നു.

കാർ പാർക്കിംഗ്, സ്വിമ്മിംഗ്പൂൾ, ത്രീ ബെഡ്റൂം- ഹാൾ- കിച്ചൺ + ബാൽക്കണി തുടങ്ങി കൂടുതൽ സൗകര്യമുള്ള ബഹുനിലക്കെട്ടിടങ്ങളുടെ ആകർഷക പരസ്യങ്ങളും ബോംബെ പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. കോർപറേഷൻ ടാക്‌സും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ടിക്കറ്റ് വില്പന വഴി ലഭിക്കുന്ന വരുമാനവുമായി ഒത്തുപോകുന്നില്ലെന്ന്​ ഈ രംഗത്തെ ഒരു പ്രമുഖൻ പറഞ്ഞു. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments