കേരളവർമയിലെ ബിരുദപഠനം 1974 മാർച്ചിൽ അവസാനിച്ചെങ്കിലും ഭരണകൂടത്തിനെതിരെ പോസ്റ്റർ പതിക്കൽ, ചുമരെഴുത്ത്, ജാഥകളിൽ അണിചേരുക തുടങ്ങി അൽപം രാഷ്ട്രീയം, ചില്ലറ വായന, സിനിമകാണൽ, കാർട്ടൂൺവര എന്നിവയുമായി തൃശൂരിൽ കറങ്ങിത്തിരിഞ്ഞിരുന്ന കാലം. സന്തോഷകരമായ ആ ദിനങ്ങൾ അവസാനിപ്പിക്കാൻ ഞാൻ നിർബ്ബന്ധിതനായി. ഇടതുപക്ഷ ചിന്താഗതിയുള്ള യുവാക്കളെ തെരഞ്ഞ് പിടിച്ച് അറസ്റ്റുചെയ്ത് ഇടിച്ച് കേരള പൊലീസ് രംഗം വഷളാക്കിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുതന്നെ ഇത്തരം "തല്ലിക്കൊഴിക്കൽ' പരിപാടി അവർ നടപ്പിലാക്കിയത് മുൻകൂട്ടിയുള്ള ആസൂത്രിത പരിപാടി ആയിരുന്നു എന്നുവേണം കരുതാൻ. അങ്ങനെ 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അറസ്റ്റും പൊലീസിന്റെ ക്രൂരമർദ്ദനവും ഒഴിവാക്കാൻ ഇടതുപക്ഷക്കാരായ പലരും നാടുവിട്ടു.
ഒരു നിമിത്തമെന്നപോലെ ആയിടയ്ക്കുതന്നെ എനിക്ക് ബോംബേയ്ക്ക് പോകേണ്ടിവന്നു, സഹോദരീപുത്രന്റെ ശസ്ത്രക്രിയക്കുവേണ്ടി. മഹാനഗരത്തെപ്പറ്റി വായിച്ചും സിനിമയിലൂടെ കണ്ടും കേട്ടും അറിഞ്ഞ് ഞാൻ അതിനെ പ്രണയിക്കാൻ തുടങ്ങിയത് അവിടെയെത്തുന്നതിനും വളരെമുമ്പ്. ആകാശം മുട്ടുന്ന ബഹുനില കെട്ടിടങ്ങൾ, രണ്ടുനില ബസുകൾ, ആയിരങ്ങളെ വഹിച്ച് "കടകടാരവം' മുഴക്കി ചീറിപ്പായുന്ന സബർബൻ ട്രെയ്‌നുകൾ. വട-പാവ് സെന്ററുകൾ. കട്ടിംഗ് ചായ് സ്റ്റോളുകൾ. എങ്ങുമെത്താത്ത റോഡുകൾ, മസ്ജിദ് ബന്ദറിലെ, ധാരാവിയിലെ എണ്ണമറ്റ ഗലികൾ തുടങ്ങിയവ ഉൾപ്പെട്ട മഹാനഗരം അധികം വൈകാതെ ഒരു മലമ്പാമ്പിനെപ്പോലെ എന്നെ വരിഞ്ഞുമുറുക്കി.
അക്കാലത്ത് ധാരാളം തൊഴിലവസരങ്ങൾ അവിടെ ഉണ്ടായിരുന്നു. ബൈക്കുള, ചിഞ്ച്‌പോക്‌ളി, പരേൽ തുടങ്ങിയ സ്ഥലങ്ങളിലുള്ള തുണിമില്ലുകളുടെ പുകക്കുഴലിൽനിന്ന് എപ്പോഴും പുകപൊന്തി. കേരളീയരിൽ പലരും ടൈപ്പിങ്ങ്-ഷോർട്ട് ഹാന്റ് പഠിച്ച് ബോംബെയിൽ തൊഴിൽ തേടി എത്തിക്കൊണ്ടിരുന്നത് കൊച്ചി- ദാദർ എക്സ്പ്രസിലാണ്. "ടൈപ്പിസ്റ്റ് ഗാഡി' എന്നത്രെ പൊതുവെ മുംബൈക്കർ അതിനെ വിളിച്ചുപോന്നത്. ദാദർ പ്ലാറ്റ്‌ഫോമിൽ ഈ ട്രെയ്‌നിൽ വന്നിറങ്ങുന്ന ഉദ്യോഗാർത്ഥികളെ "കെണി വെച്ചുപിടിക്കാൻ' കോർപറേറ്റ് കമ്പനികളിലെ പ്രതിനിധികൾ മേശയും കസേരയുമിട്ട് സൈക്ലോസ്റ്റൈൽ ചെയ്ത അപേക്ഷാഫോറങ്ങളുമായി പ്ലാറ്റ്‌ഫോമിൽ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നുവത്രേ. എന്നാൽ, ഞാനവിടെ എത്തിയ സമയം അതെല്ലാം പൊയ്‌പ്പോയ ഓർമ മാത്രമായി അവശേഷിച്ചിരുന്നു.
അന്ന് ശിവസേനയുടെ ദക്ഷിണേന്ത്യക്കാരോടുള്ള സമീപനം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. അവർ "അംചി മാഠി, അംചി മാണുസ്' (ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ ആളുകൾ) വാദം ഉയർത്തിയിരുന്ന കാലം. കേരളത്തിലെ കല്പാത്തിയിൽനിന്നോ മദിരാശിയിലെ (ചെന്നൈ) മാമ്പലത്തു നിന്നോ ഒരാൾ ബോംബെയിൽ ജോലി സമ്പാദിച്ച് കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിൽ വിഹരിക്കുന്നതോടൊപ്പം അയാൾ അവരുടെ ഒരു ഗ്രാമം തന്നെ അത്തരം കമ്പനികളിൽ പറിച്ചുനടുന്നുണ്ട് എന്നായിരുന്നു അവരുടെ ആക്ഷേപം.
1966-ൽ ബാൽ താക്‌റേ ഒരു നാളികേരമുടച്ച് ആരംഭിച്ച ശിവസേന പ്രസ്ഥാനം ബോംബെയിൽ വലിയ കലാപത്തിന് വഴിയൊരുക്കി. "മദ്രാസികൾ' എന്ന് അവർ വിശേഷിപ്പിച്ച ദക്ഷിണേന്ത്യക്കാരുടെ മേലുള്ള കുതിരകയറ്റമായി അത് തിരിയാൻ അധികം കാലതാമസം വേണ്ടിവന്നില്ല. ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, ചെറിയ കച്ചവടങ്ങൾ തുടങ്ങിയവ നടത്തിപ്പോന്ന സൗത്ത് ഇന്ത്യക്കാരുടെ നേരെ അക്രമം അഴിച്ചുവിടുകയും അവരുടെ കടകളും വീടുകളും കത്തിച്ച് ചാമ്പലാക്കുകയും ചെയ്തു. കേരളീയരും തമിഴരും കർണ്ണാടകക്കാരും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യേണ്ട ഗതികേടുണ്ടായി. വി.കെ. കൃഷ്ണമേനോൻ ആഭ്യന്തരമന്ത്രിയായിരിക്കെ പട്ടാളം ഇറങ്ങി ലഹളക്കാരെ അടിച്ചമർത്തുകയാണുണ്ടായത്. ശിവസേനയുടെ മണ്ണിന്റെ മക്കൾ വാദം പിന്നീട് "ഹിന്ദുത്വ'യുടെ മേലങ്കി ചാർത്തി ബി.ജെ.പി.യുമായി കൂട്ടുചേർന്ന് മുസ്ലിംകൾക്കു നേരെ തിരിച്ചുവിട്ടത് ഇതിനോടു ചേർത്തുവായിക്കാം. ഒരു പ്രാദേശികകക്ഷി മാത്രമായിരുന്ന ശിവസേനയുടെ അജണ്ടയിൽ മാറ്റം വരുത്തി ‘മുസ്ലിംകൾ പാകിസ്താനിലേക്ക് പോകുക’ എന്നാക്കി.
മങ്കി ബിസിനസ്സ്!
ബോംബെയിൽ അന്ന് ജീവിതസന്ധാരണത്തിനെത്തിക്കൊണ്ടിരുന്ന പലർക്കും അവിടെ "നിന്നുപിഴയ്ക്കാൻ' സഹായിക്കുന്നവർ അവരുടെ ബന്ധുക്കളോ, സ്‌നേഹിതരോ, നാട്ടുകാരോ ആയിരിക്കും. അതായത് ഓടിച്ചെന്ന് ജോലിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം തുലോം പരിമിതമാണെന്ന് സാരം. ജോലി അന്വേഷകർ സാധാരണമായി ആശ്രയിക്കുന്നത് "ടൈംസ് ഓഫ് ഇന്ത്യ'യിലെ സിറ്റ്വേഷൻ വേക്കൻറ് കോളമാണ്. വിവിധ സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇത്തരം പരസ്യങ്ങളുടെ ബോക്‌സ് നമ്പറിലാണ് അപേക്ഷകൾ അയക്കേണ്ടത്. പത്രവായനയ്‌ക്കൊപ്പം അവയിലെ പരസ്യങ്ങൾ കൂടുതൽ ശ്രദ്ധിയ്ക്കാൻ താല്പര്യമുദിച്ചു.
അടിയന്തരാവസ്ഥ നിലവിൽ വന്ന് നാളുകളേറെയായി. ആയിടയ്ക്ക് തൊഴിലാളി നേതാവ് ജോർജ്ജ് ഫെർണാണ്ടസിനെ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലുള്ള പോസ്റ്ററുകൾ ബോംബെയിൽ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടത് ഇപ്പോഴും ഓർമയുണ്ട്. ‘കാം കരാ, അണിഗപ്പ ബസാ!' (ജോലി ചെയ്യൂ, മിണ്ടാതിരിക്കൂ) "ഇന്ത്യ ഈസ് ഇന്ദിര' എന്നീ പോസ്റ്ററുകൾ അതിന് ബദലായി ഗവ. ഓഫീസുകളിലും കാണപ്പെട്ടു. കമ്യൂണിസ്റ്റ് നേതാക്കളായ എസ്.എ. ഡാങ്കേ, അഹല്യ രംഗനേക്കർ, രണദിവേ തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടച്ച വാർത്തകളും പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു.
എന്റെ സഹോദരി ബേബിയുടെ വീട്ടിലാണ് അപ്പോൾ താമസിച്ചിരുന്നത്. ജോലി എന്നത് നീലക്കൊടുവേലിയാണെന്ന് ആരോ പറഞ്ഞത് ഓർമ്മവരുന്നു. ടൈംസിലെ സിറ്റ്വേഷൻ വേക്കന്റ് കോളത്തിലെ ബോക്‌സ് നമ്പറുകളിലേക്ക് അപേക്ഷിച്ചുകൊണ്ടിരുന്നെങ്കിലും "Freshers need not apply, Clock watchers need not apply' എന്ന നിബന്ധനകളും അവയിൽ പലതിലുമുണ്ടായിരുന്നത് എന്നെ കുഴക്കി. ചുരുക്കിപ്പറഞ്ഞാൽ ക്ലോക്കിലെ സമയം നോക്കി ജോലി ചെയ്യുന്നവരേയും മുൻപരിചയമില്ലാത്ത ഉദ്യോഗാർത്ഥികളേയും ആവശ്യമില്ല എന്ന് പച്ചയോടെ പറഞ്ഞിരിക്കുന്നു. എക്‌സ്പീരിയൻസ് എന്നത് പണം നല്കി വാങ്ങാനാകില്ലല്ലോ! അങ്ങനെ അലക്ക് കമ്പനി മുതൽ ട്രാൻസ്‌പോർട്ട് കമ്പനി വരെയുള്ള സ്ഥാപനങ്ങളിൽ ടൈംസ് ക്ലാസിഫൈഡ്‌സിന്റെ ബോക്‌സ് വഴി പലപ്പോഴായി അപേക്ഷിച്ചെങ്കിലും മറുപടി വന്നത് രണ്ടുമൂന്നെണ്ണത്തിനുമാത്രം. അതിലൊന്ന് ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ സഹായി ആയി പ്രവർത്തിക്കാൻ ഉള്ളതാണ്.
ഏതായാലും കള്ളനെ പിടിക്കുക എന്ന അയാളുടെ സദുദ്യമം നേരിട്ടു കാണാൻ മുളുണ്ട് വെസ്റ്റിലെ മലയാളി ഹോട്ടലിനു സമീസ്ഥമായ ഒരു കെട്ടിടസമുച്ചയത്തിൽ ചെന്നു. അവിടെയുള്ള കാർഷെഡ്ഡിലാണ് ഡിറ്റക്ടീവിന്റെ ഓഫീസ്. പേരും നാളും മറ്റും അയാൾ ചോദിച്ചറിഞ്ഞു. പിന്നെ നടന്നത് ശമ്പളത്തെക്കുറിച്ചുള്ള സംസാരമാണ്. ഞാൻ 600 രൂപ ശമ്പളമായി ആവശ്യപ്പെട്ടപ്പോൾ 250 രൂപ ശമ്പളവും റെയിൽവേ പാസും സൗജന്യമായി നൽകും എന്ന ഉത്തരം അയാൾ നൽകി. അതൊരു ഗംഭീരൻ ബാർഗെയിനിങ്ങായിരുന്നു. അറിയുന്ന ഹിന്ദിയിൽ അല്പം ഇംഗ്ലീഷിന്റെ മേമ്പൊടി വിതറി ഒരു "മണിപ്രവാള'ഭാഷയിൽ ഞാൻ ചെയ്യേണ്ട ജോലി എന്താണെന്നു ചോദിച്ചു. ഉത്തരമായി ആ മാർവാഡി ഡിറ്റക്ടീവ് പറഞ്ഞത് ഇങ്ങിനെ: ""പണക്കാർക്ക് പൊതുവെയുള്ള സംശയം അവരുടെ ഭാര്യമാരുടെ ചാരിത്ര്യത്തെക്കുറിച്ചാണ്. അതുകൊണ്ട് ജാരന്മാരെ കണ്ടുപിടിക്കുകയാണ് നമ്മുടെ പ്രധാനജോലി. അതിന് ശരിയായ അന്വേഷണം വേണ്ടിവരും.''
വല്ലവന്റെ ഭാര്യയുടെ ജാരനെ തേടിപ്പോയി അടിവാങ്ങുക എന്നത് എനിക്കത്ര പന്തിയായി തോന്നിയില്ല. ഒരു വാക്ക് ഔട്ട് നടത്തി തിരിച്ചുപോന്നു എന്നു പറഞ്ഞാൽ മതിയല്ലോ. പക്ഷേ, ഈ കലാപരിപാടി വൻനിലയിൽ ബോംബെയിലുണ്ട് എന്നത് ആശ്ചര്യകരമായ പുത്തനറിവായിരുന്നു. കോർപറേറ്റ് കമ്പനികളിൽ ഉദ്യോഗസ്ഥർ നടത്തുന്ന പണം തട്ടിപ്പ് (Financial offences) കണ്ടെത്തുക, കൊലപാതകങ്ങൾക്ക് തുമ്പുണ്ടാക്കി പോലീസിന് നൽകുക, സെക്യൂരിറ്റി സർവ്വീസ് നടത്തുക തുടങ്ങിയ കാര്യങ്ങൾ നടത്തിപ്പോന്ന ചില ഡിറ്റക്ടീവ് ഏജൻസികളുടെ പത്രപരസ്യങ്ങളിൽ ഒന്ന് "മങ്കി ബിസിനസ്' എന്ന തലക്കെട്ടോടെ ദിനവും പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്.
ബാല്യകാലസുഹൃത്ത് പി. വിജയൻ അപ്പോൾ മന്ത്രാലയയിലെ (മഹാരാഷ്ട്ര സെക്രട്ടറിയേറ്റ്) നിയമനിർമാണ വകുപ്പിൽ സ്റ്റെനോഗ്രാഫറായിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ അസാമാന്യവൈഭവമുള്ള അദ്ദേഹം എന്നെ മഹാരാഷ്ട്ര ഫൈനാൻഷ്യൽ കോർപ്പറേഷനിലെ വിനു വഡ്ഗാവ്ക്കറെ പരിചയപ്പെടുത്തി. ന്യൂ എക്‌സലൈസർ തിയേറ്ററിന്റെ അഞ്ചാംനിലയിൽ പ്രവർത്തിച്ചിരുന്ന ആ സ്ഥാപനത്തിലെ പി.ആർ.ഒ. ആയിരുന്നു വിനു. എനിക്ക് അവിടെ അധികം വായിട്ടലയ്‌ക്കേണ്ടിവന്നില്ല. 500 രൂപ ശമ്പളവും റെയിൽവേ പാസും ആയിരുന്നു അദ്ദേഹം തന്ന ഓഫർ. ഞാനത് സ്വീകരിച്ചു. അദ്ദേഹവും സുഹൃത്ത് സുഷമ ചൗധരിയും ഗ്രാഫിക് ആർട്ടിസ്റ്റായ സതീശ് ദേശ്പാണ്ഡെയും ചേർന്ന് ഒരു ആഡ് ഏജൻസി ആരംഭിക്കാനുള്ള പരിപാടിയിട്ടിരുന്നു. അങ്ങനെ ഞാൻ തേടിക്കൊണ്ടിരുന്ന വള്ളി കാലിൽ ചുറ്റി.
വിലേ പാർലേ ഈസ്റ്റിൽ വിൽസ് സിഗററ്റ് ഫാക്റ്ററിക്കു സമീപമുള്ള സർവോദയ ഹൗസിങ്ങ് സൊസൈറ്റിയിലെ ഫ്‌ളാറ്റുകളിൽ ഒന്നിലാണ് വർഷ അഡൈ്വർട്ടിസിങ്ങ് സമാരംഭിച്ചത്. ഒരാഴ്ചയ്ക്കുശേഷം സിനിമ നെഞ്ചേറ്റിയ ദിൻകർ ബോസ്‌ലെ ഞങ്ങൾക്കൊപ്പം ചേർന്നു. സിനിമയിൽ കയറിപ്പറ്റാൻ അവസരം തേടിയാണ് അയാൾ ബോംബെയിലെത്തിയത്. ഏജൻസിയിൽ വരുന്നവർ എല്ലാവരും സിനിമക്കാരാണെന്ന് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. അക്കാലത്ത് നാടകനടനായിരുന്ന ജെ.ജെ. സ്‌കൂൾ ഓഫ് ആർട്ട് സന്തതി നാനാ പഠേക്കർ (വിശ്വനാഥ് പഠേക്കർ), മറാഠി ഹിറ്റ് സിനിമ സംവിധായകൻ കമലാകർ തോർണെ എന്നിവർ ആയിരുന്നു പ്രധാനമായും നിത്യേന ഏജൻസിയിൽ സൗഹൃദസംഭാഷണത്തിനെത്തിയിരുന്നത്. അവരിൽ സതീശ് ദേശ്പാണ്ഡെ മരിച്ചിട്ട് പത്തുവർഷങ്ങളോളമായി. ഞങ്ങൾ എല്ലാവരുടേയും സപ്തതി ഇതിനിടെ കടന്നുപോയി.
വിനു വഡഗാവ്ക്കർ നബാർഡ് പബ്ലിക് റിലേഷൻസ് ജനറൽ മാനേജരായി പെൻഷൻ പറ്റി, ജന്മനാടായ കോലാപൂരിൽ ഇപ്പോൾ താമസിക്കുന്നു.
എന്തിരുപത് മുറി മുപ്പത് എന്നു പറയുന്ന പ്രായം. ബോംബെയിലെ ആന്റിബാർ സന്ദർശിക്കാനോ അല്ലെങ്കിൽ ഗോവൻ ഫെനി ഒന്നു രണ്ട് ഗ്ലാസ് മോന്താനോ എനിക്കു ലവലേശം സങ്കോചമുണ്ടായില്ല. "പീനേ വാലോം കോ, പീനേക്കാ ബഹാനാ ചാഹിയേ...' എന്നാണ് അതിനെ പറയുക (അതായത് തണ്ണിയടിക്കാൻ എന്തെങ്കിലുമൊരു കാരണം വേണമെന്ന് മൊഴിമാറ്റിപ്പറയാം). ആന്റി ബാറുകളെക്കുറിച്ച് പറയുന്നതിനുമുമ്പ് മഹാനഗരത്തിൽ ഉണ്ടായിരുന്ന മദ്യനിരോധനനയത്തെക്കുറിച്ചും അപ്പോൾ തഴച്ചുവളർന്നിരുന്ന വരദരാജ മുതലിയാരുടെ ചാരായനിർമ്മിതിയെക്കുറിച്ചും പറയേണ്ടതുണ്ട്. ഒരു കാര്യം പറയുമ്പോൾ ആ കാലവും പശ്ചാത്തലവും അടയാളപ്പെടുത്തിക്കൊണ്ടാകണം അത് എന്ന അലിഖിതനിയമം പാലിയ്ക്കണമല്ലോ!
ത്രീ മെൻ ആർമി
1950-ൽ മൊറാർജി ദേശായി മദ്യനിരോധനനയം ബോംബേയിൽ പ്രാവർത്തികമാക്കിയതോടെ മുക്കിനും മൂലയിലുമുള്ള ലിക്കർ ഷോപ്പുകൾക്ക് ഷട്ടറിടേണ്ടിവന്നു. വരദരാജ മുതലിയാരുടെ ശുക്രദശ ആരംഭിക്കുന്നത് ഏതാണ്ട് ഇതേ കാലങ്ങളിൽതന്നെയാണ്. ജനത്തിന് ചാരായമടിക്കാൻ വഴിയില്ലാതെ നട്ടംതിരിയവെ വരദരാജൻ ജനസാന്ദ്രത അന്ന് കുറവായിരുന്ന ധാരാവി തന്റെ വാറ്റുല്പാദനകേന്ദ്രമാക്കി. ചതുപ്പുകളും കുറ്റിച്ചെടികളും ഉയരമുള്ള കോറപ്പുല്ലുകളും നിറഞ്ഞ നീണ്ടുപരന്നു കിടക്കുന്ന ഈ സ്ഥലത്ത് ചാരായം വാറ്റി മൺമംഗലികളിൽ നിറച്ച് ഫെർമെന്റേഷനായി കുഴിച്ചിടാൻ എളുപ്പമായിരുന്നു. ആഴ്ചതോറും വരദരാജ ശിങ്കിടികളിൽനിന്നും "ഹഫ്ത' (പിരിവ്) വാങ്ങാനെത്തുന്ന പോലീസ് പണം വാങ്ങി പോക്കറ്റിലിട്ട് രണ്ടെണ്ണം അടിച്ചിട്ടാണ് സ്ഥലംവിടുക പതിവെന്ന് ബോംബെ പൊലീസിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന ദിലീപ് പാഠ്ക്കർ എന്ന അയൽവാസി പറയാറുണ്ട്.
ഒരുകാലത്ത് ബോംബെയിലെ തദ്ദേശവാസികളായ കോലികളുടെ കുത്തകയായിരുന്നു ചാരായം വാറ്റ്. തുകൽ ഊറയ്ക്കിടുന്ന പരിപാടിയിൽനിന്ന് വരദരാജ മുതലിയാർ ചാരായം വാറ്റാൻ രംഗത്തെത്തിയതോടെ "കോലി നിർമിത വാറ്റിന്' ഡിമാൻറ് വൻതോതിൽ കുറഞ്ഞു. മത്സ്യബന്ധനക്കാരായ കോലികൾ അതോടെ ആദ്യം വരദരാജനു നേരെ തിരിഞ്ഞ് ഒറ്റക്കെട്ടായി തമിഴ് "വാറ്റ് കലാകാരന്മാരുടെ' ബദ്ധശത്രുക്കളായി. അവർ തമ്മിലുള്ള അടിപിടികൾ പലപ്പോഴും കൊലപാതകങ്ങളിൽവരെ ചെന്നെത്തി. ജനസംഖ്യയിൽ 8% മാത്രമുള്ള (ഇപ്പോൾ അത് 0.3% ആയി കുറഞ്ഞിട്ടുണ്ട്) കോലികൾ ചീഞ്ഞളിഞ്ഞ പഴവർഗ്ഗങ്ങളാണ് വാറ്റിന് ഉപയോഗിച്ചിരുന്നതെങ്കിൽ വരദരാജൻ തേരട്ടയും പഴുതാരയും ഉപയോഗശൂന്യമായ ബാറ്ററിയും കൂടാതെ ചില രാസവസ്തുക്കളും ചേർത്ത് അയാളുടെ ചാരായം VAT -69 നെ വെല്ലുന്നതാക്കി, വിലയും കുറച്ചു വിറ്റു. ശിവസേന ഈ അവസരം നന്നായി മുതലെടുത്ത് ഹിന്ദു കോലികളെ തങ്ങൾക്കൊപ്പം അണിചേർത്തു. കൂട്ടത്തിൽ "ഹിന്ദുത്വസംഹിത' വേണ്ടുവോളം കലർത്തി അവരുടെ പ്രസ്ഥാനത്തെ കൂടുതൽ ആകർഷണീയമാക്കി.
‘‘മൊറാർജി ദേശായിയുടെ മദ്യനിരോധനനയം മദ്യവില്പന നിയമാനുസൃതമല്ലാതാക്കിയെന്നല്ലാതെ വാറ്റ് ബിസിനസ് ബോംബെയിൽ പൊടിപൊടിച്ചു നടന്നുപോന്നു''; മാട്ടുംഗ സ്റ്റേഷൻ റോഡിലെ "ചിപ്‌സ്' വ്യാപാരി ഉണ്ണികൃഷ്ണൻ എന്ന ഗുരുവായൂർ സ്വദേശി പറയുന്നു.
വരദരാജമുതലിയാരുടെ കേളീരംഗം ആന്റോപ് ഹിൽ പരിസരമായിരുന്നു. വാറ്റുചാരായം കന്നാസുകളിലാക്കി വിതരണം ചെയ്യാൻ ആ ഭാഗത്ത് നിരനിരയായി ടാക്‌സികൾ കാത്തുകിടക്കുന്നതു കാണാം. കാജാ ഭായി എന്ന് അറിയപ്പെടുന്ന മലയാളി തോമസ് കുര്യനായിരുന്നു ചാരായവിതരണ ശൃംഖല നിയന്ത്രിച്ചുപോന്നത്. ചാരായം ടാക്‌സികളിൽ മാത്രമല്ല, സൈക്കിൾ ട്യൂബുകളിൽ നിറച്ച് വയറ്റിൽ കെട്ടിവെച്ച് പാവങ്ങളായ മറാഠി/തമിഴ് സ്ത്രീകളും വിതരണം നടത്തി അഷ്ടിക്ക് വക കണ്ടെത്തി. എന്തിനേറെ മാറാരോഗികളായവർവരെ ബൂട്ട് ലെഗ്ഗേഴ്‌സ് ആയി. ദിനവും ഏകദേശം 20,000 ലിറ്റർ വാറ്റ് മഹാനഗരത്തിന്റെ സിരകളിലൂടെ ഒഴുകി എന്ന് ആലങ്കാരികമായി പറയാം.
ചാരായവാറ്റുകാരനായിരുന്ന വരദരാജമുതലിയാർ ഇതിനകം ബോംബെയിലെ ഡോണായി മാറിയിരുന്നു. കരിംലാല, ഹാജി മസ്താൻ, വരദരാജമുതലിയാർ എന്നിവരുടെ "ത്രീമെൻ ആർമി' പോലീസിന് വലിയ തലവേദനയുണ്ടാക്കി. കള്ളക്കടത്തിലും കറുപ്പ് പാർലറിലുമായി തന്റെ ബിസിനസ്സ് കേന്ദ്രീകരിച്ച കരിംലാല, സ്വർണ്ണബിസ്‌കറ്റ് കടത്തുന്ന ഹാജി മസ്താൻ, ബോസ്‌ക്കി തുണി, വിലകൂടിയ റോളക്‌സ് അടക്കമുള്ള വാച്ചുകളും തുണിത്തരങ്ങളുടെയും കള്ളക്കടത്ത് നടത്തുന്ന വരദരാജ മുതലിയാർ, അവരുടെ പരശ്ശതം ഗുണ്ടകൾ, കവലച്ചട്ടമ്പികൾ എന്നിവരെല്ലാം ബോംബെ പോലീസിനെ വിരൽത്തുമ്പിൽ നിർത്തിയ അനേകം കഥകൾ ആ കാലങ്ങളിൽ ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു.
ഒരു ആംഗ്രി യങ്ങ്മാൻ ജനിക്കുന്നു!
ഇതുവരെ ഫ്രീസ് ഷോട്ടിൽ ഞാൻ നിർത്തിയ ആന്റിബാറുകളെക്കുറിച്ച് പരാമർശം തുടർന്നു പറയേണ്ട ഘട്ടമായി.
"കേരം തിങ്ങും കേരളനാടി'ന്റെ റപ്ലിക്കയായ ഗോവ 1961 വരെ പോർച്ചുഗീസ് കോളനിയായിരുന്നു. ചെറിയ തോതിലുള്ള ഒരു യുദ്ധം നടത്തി ഇന്ത്യൻ ഗവണ്മെന്റ് അത് പിടിച്ചെടുത്ത് ഇന്ത്യയോട് ചേർത്തു. ഉദ്ദേശം 4000 സ്‌ക്വയർ കിലോമീറ്റർമാത്രം വിസ്തീർണ്ണമുള്ള ഗോവയിലെ ജനസംഖ്യയിൽ 22% പേർ സംസ്ഥാനത്തിന് വെളിയിലാണെന്നും അവരിൽ 8 ലക്ഷത്തോളം പേർ ബോംബെയിലുണ്ടെന്നും കണക്കുകൾ പറയുന്നു. ഗോവൻ കത്തോലിക്കർ (ഗോവേചാ കത്തോലിക്ക്) റോമൻ കത്തോലിക്കരുടെ വംശീയ, മതസമൂഹമാണ്. അവരുടെ ചരിത്രത്തിൽ പ്രസ്താവയോഗ്യമായ സംഭവങ്ങളിലൊന്ന്, പോർച്ചുഗീസ്- മറാത്ത യുദ്ധമാണ്. അതുമൂലം ഗോവൻ കത്തോലിക്കർ അന്യദേശങ്ങളിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്നതായി ചരിത്രം പറയുന്നുണ്ട്. ഇങ്ങനെ സ്വന്തം നാട് വിട്ട് പലരും ബോംബെയിൽ എത്തിയെങ്കിലും കശുമാങ്ങയിൽനിന്ന് വാറ്റിയെടുക്കുന്ന ഫെനി എന്ന അവരുടെ ദേശീയ മദ്യവും സംഗീതവും സാഹിത്യവും അവർ കൈവിട്ടില്ല. ച,ച, ച, ട്വിസ്റ്റ്, റോക്-എൻ- റോൾ, ബാൾറൂം ഡാൻസ് തുടങ്ങിയ സിനിമകളിൽ ഇടംപിടിച്ചത് അങ്ങിനെയാണ് (വൺ റ്റു, ച ച, ച്ച, ത്രീ ഫോർ ബഹുത്ത് അച്ച, എന്ന് ഉഷ ഉതുപ്പ് പാടിയ ഹിന്ദി ഗാനം ഓർക്കുക). 1920 മുതൽ 1930 വരെയുള്ള കാലങ്ങളിലാണ് ഗോവൻ കത്തോലിക്കർ ബോംബെയിൽ ഏറെയും ചേക്കേറിയത്.
ജീവിതമാർഗ്ഗം തേടി മഹാനഗരത്തിലെത്തിയ ഇവരുടെ സംരക്ഷണാർത്ഥം ചുരുങ്ങിയ ചെലവിൽ താമസിക്കാനും ഭക്ഷണം ലഭിക്കാനുമുള്ള സൗകര്യം ഗോവൻ പാതിരിമാർ ഒരുക്കി. ഇവ "കുദ്ദ്' എന്നപേരിൽ അറിയപ്പെട്ടു. ആദ്യത്തേ "കുദ്ദ്' അല്ലെങ്കിൽ ഗോവൻ ക്ലബ്ബ് മറൈൻ ലൈൻസിലെ മെട്രോ സിനിമയ്ക്ക് എതിർവശമുള്ള ജെർമെഹളിലാണ് ഉണ്ടായിരുന്നത്. ഉദ്ദേശം 250 ക്ലബ്ബുകളുണ്ടായിരുന്ന മുംബൈയിൽ ഇന്ന് അവ അംഗുലീപരിമിതമായിത്തീർന്നിരിക്കുന്നു. നഗരത്തിന്റെ മർമ്മപ്രധാനമായ ഭാഗങ്ങളിലുണ്ടായിരുന്ന ഇവ പിന്നീട് ബിൽഡർമാർ വാങ്ങിക്കൂട്ടി അവിടെ അംബരചുംബികൾ പണിതുയർത്തി.
ചർച്ചിനെ ചുറ്റിപ്പറ്റിയുള്ളതാണ് പൊതുവേ ഗോവക്കാരുടെ ജീവിതം. ''We are peace loving people. Usually we arrange Booze parties either at hotels or someone's residences''; എന്റെ സുഹൃത്ത് ഫിലോമിന ഡിക്കോസ്റ്റ പറയുന്നു. ഗോവ പോർച്ചുഗീസ് ആധിപത്യത്തിലായിരുന്നതിനാൽ ഭൂരിഭാഗം ജനങ്ങളും ക്രിസ്തുമതത്തിലേക്ക് മതം മാറി. അല്ലെങ്കിൽ മാറ്റി. അവരുടെ പേരുകൾതന്നെ ഇതിന് ഉദാഹരണങ്ങളാണ്. പോർച്ചുഗലിന്റെ സ്വാധീനം ഗോവക്കാരുടെ ജീവിത ശൈലിയിലും വാസ്തുശില്പകലകളിലും പ്രകടമാണ്. വസയ്, നന്ദാഖാൾ, അഗാസി തുടങ്ങിയ താനെ ജില്ലയിലെ കത്തോലിക്കരുടെ പള്ളികൾ പോർച്ചുഗീസ് ശില്പകലയുടെ ഉത്തമമാതൃകകളായി ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. കൊങ്കണിയും മറാഠിയും കലർന്ന സങ്കരഭാഷയാണ് ഗോവക്കാരുടേത്. ഫ്രോക്കും ടോപ്പും സ്ത്രീകളും പാൻറ്/ബെർമൂഡാ ഷർട്ട് എന്നിവ പുരുഷന്മാരും ധരിക്കുന്നു.
ഇന്ദിരാഗാന്ധി ഗവണ്മെൻറിനെതിരായി ജയപ്രകാശ് നാരായന്റെ നേതൃത്വത്തിൽ സമാന്തര രാഷ്ട്രീയം ഇന്ത്യയിൽ അപ്പോൾ അലയടിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനതാപാർട്ടിയിൽ കോൺഗസ്സുകാരായ പല നേതാക്കളും അണിചേർന്നു. ജനതാ പാർട്ടി വഴിയെ ബ.ജ.പ (ബി.ജെ.പി.) ആയി രൂപം പ്രാപിച്ച് ശിവസേനയ്‌ക്കൊപ്പം ഹിന്ദുത്വം കൊണ്ടുനടന്നു വില്ക്കാനാരംഭിച്ചു; അണ്ണ ഹസാരേ ‘മാന്യമായി’ ഇന്ത്യൻ ഡെമോക്രസിയെ കോർപ്പറേറ്റുകൾക്ക് വില്ക്കാൻ വഴിയൊരുക്കിയ പോലെ! 1975 ജൂണിൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ 21- മാർച്ച് 1977 വരെ നീണ്ട് അവിടെ അവസാനിപ്പിക്കേണ്ടിവന്നു.
ഉറങ്ങിക്കിടന്ന ഓഹരിവിപണി വീണ്ടും സജീവമായി. ബിൽഡർമാർ പുതിയ പ്രോജക്റ്റുകൾ ആരംഭിച്ചു. കോർപറേറ്റുകൾ പബ്ലിക് ഇഷ്യു പുനരാരംഭിച്ചു. പരസ്യകലാരംഗം ഉണർന്നു. എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ, ഞങ്ങളുടെ വർഷ അഡൈ്വർട്ടെസിങ്ങിന് തിരശ്ശീല വീണു. സി.ഇ.ഒ. സുഷമാചൗധരി ഏജൻസി ഒരു ഗുജറാത്തിക്ക് വിറ്റ് ജർമ്മനിയിലേക്ക് പോയി. ഞാനടക്കം ബാക്കിയുള്ളവർ വേറെ ജോലികളിൽ പ്രവേശിച്ചു. ദിൻകർ ബോസ്‌ലെ സിനിമയിൽ ചാൻസു തേടി അലഞ്ഞ് ചില മറാഠി, ഹിന്ദി ചലച്ചിത്രങ്ങളിൽ തലകാണിച്ചു. അമീർഖാന്റെ ഖയാമത് സെ ഖയാമത് തക്,നാനാപഠേക്കറുടെ അബ് തക് ചപ്പൺ തുടങ്ങി രണ്ടുമൂന്നു സിനിമകളിൽ മാത്രം ചെറിയ റോളുകളിൽ അയാൾക്ക് അഭിനയിക്കാനായി. ബോസ്‌ലെ ഇപ്പോൾ എവിടെയാണെന്ന് ഞങ്ങൾക്കാർക്കും അറിയില്ല. കൊളാബ ഫരിയാസ് ഹോട്ടലിന് എതിർവശമുള്ള ഭേദപ്പെട്ട ഒരു ആഡ് ഏജൻസിയിൽ എനിക്ക് മീഡിയ അസിസ്റ്റന്റായി ജോലി ലഭിച്ചു. നാലക്ക ശമ്പളവും ഓവർടൈമുമൊക്കെയായി ജീവിതം മുന്നോട്ടുപോയി. ആയിടയ്ക്ക് "ആംഗ്രി യങ്ങ് മാൻ' കേന്ദ്രകഥാപാത്രമായി ധാരാളം ഹിന്ദി സിനിമകളിറങ്ങി. കൺട്രി ബാറും ഐറ്റം ഡാൻസും ഇത്തരം സിനിമകളിൽ അവിഭാജ്യഘടകമായി.
ഇൻകാർ എന്ന സിനിമയിൽ "മംഗ്താ ഹേ തോ രസിയ' എന്നു തുടങ്ങുന്ന ഉഷാ മങ്കേഷ്‌കർ പാടിയ ഗാനത്തോടൊപ്പം ഹെലന്റെ മാദകനൃത്തവും ചെറുപ്പക്കാർ മതിമറന്ന് ആസ്വദിച്ചിരുന്ന കാലം, ഗോവൻ ആന്റിമാരുടെ കൺട്രി ബാർ സന്ദർശിക്കണമെന്ന മോഹം അപ്പോൾ ഒന്നുകൂടി കലശലായി. ഉത്തമസുഹൃത്തും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ മൈക്കിൾ ഡിസൂസയുമൊത്താണ് കലീന വില്ലേജിലെ ആന്റിബാർ സന്ദർശിച്ചത്. അവിടെയുള്ള ചോളുകളിൽ ഗോവക്കാരും മാംഗ്ലൂരികളുമായ ക്രൈസ്തവരുമാണ് കൂടുതലായി പാർത്തുവന്നത്. പ്രോം പ്രോം എന്ന് മുക്രയിടുന്ന നാടൻ പോർക്കുകൾ ചെളിക്കുണ്ടുകളിൽ എപ്പോഴും ബഹളം വെച്ചുകൊണ്ടിരിക്കും. തെങ്ങുകളുടെയും വാഴകളുടെയും പപ്പായ തുടങ്ങിയവയുടെയും ഇടയിലുള്ള ഒരു കോട്ടേജിൽ ഗോവൻ ആന്റി മെറ്റിൽഡ നടത്തിപ്പോന്ന കൺട്രി ബാറിലാണ് ഞങ്ങൾ ചെന്നെത്തിയത്. എന്നാൽ, ഹിന്ദിസിനിമകളിൽ കണ്ടുപോന്ന "സെറ്റപ്പ്' അവിടെ ഉണ്ടായിരുന്നില്ല. കോട്ടേജിന്റെ വരാന്തയിൽ രണ്ടുമൂന്നു ബെഞ്ചുകളിലിരുന്ന് നാലഞ്ചുപേർ ചാരായമടിക്കുന്നുണ്ടായിരുന്നു. ഒരു ഐറ്റം ഡാൻസിനോ അനുബന്ധമായി പ്രവഹിക്കുന്ന മ്യൂസിക്കിനോ അവിടെ ചാൻസുണ്ടായിരുന്നില്ല എന്നത് എന്നെ നിരാശപ്പെടുത്തി.
അല്പം തടിച്ചുകൊഴുത്ത മെറ്റിൽഡ ഫെർണാണ്ടസ്സ് മധ്യവയസ്സിലെത്തിനിൽക്കുന്ന ഗോവക്കാരിയാണ്. മർഗോവ സ്വദേശിയായ അവരുടെ ഭർത്താവ് ഫ്രാൻസിസ് ഫെർണാണ്ടസ് തുണിമിൽ തൊഴിലാളിയായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനുമായി ട്രേയ്ഡ് യൂണിയനുകൾ അക്കാലത്ത് നടത്തിക്കൊണ്ടിരുന്ന തൊഴിൽ സമരങ്ങൾ മൂലം ബോംബെയിലെ മില്ലുടമകൾ അവ ഗുജറാത്തിലേക്ക് പറിച്ചുനട്ടു. നുസ്‌ലി വാഡിയയുടെ ബോംബെ ഡയ്ങ്ങ്, വിമൽ മിൽസ് തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. അതോടെ തൊഴിലാളികൾ പട്ടിണിയിലുമായി.
ഇതിനിടെ ഖട്ടാവു തുണിമിൽ ഉടമയെ അധോലോകസംഘം കുർള പ്ലാറ്റ്‌ഫോമിൽ വെച്ച് കുത്തിക്കൊന്നു. ഹയർ സെക്കണ്ടറി പാസ്സായ മെറ്റിൽഡ തങ്ങളുടെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഗത്യന്തരമില്ലാതെ ആന്റിബാർ ആരംഭിക്കുകയാണ് ഉണ്ടായത്. മൊറാർജി ദേശായിയുടെ മദ്യനിരോധനനയംമൂലം മദ്യപാനികൾ രണ്ടെണ്ണമടിക്കാൻ ആന്റിബാറുകളിലെത്തി. "ഗാവ്ഠൺ' എന്ന് അറിയപ്പെടുന്ന ഗോവക്കാർ താമസിക്കുന്ന ഇടങ്ങളിൽ കൂണുകൾപോലെ ആന്റി ബാറുകൾ പൊന്തിവന്നിരുന്നു. ദോബി തലാവ്, ഖാർ ബാന്ദ്ര, സാന്റാക്രൂസ് - കലീന, ഡോക്‌യാഡ് റോഡ് തുങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇവ കേന്ദ്രീകരിച്ചിരുന്നത്.
മെറ്റിൽഡ ആന്റിയുടെ "ദാരുചി അഡ്ഡ'യിൽ (മലയാളീകരിച്ചാൽ വാറ്റുചാരായഷോപ്പിൽ) ഞങ്ങളിരുവരും എത്തിയപ്പോൾ സമയം വൈകീട്ട് ഏഴു മണി കഴിഞ്ഞിട്ടുണ്ടാകും. ഗോവക്കാരനായ സുഹൃത്ത് മൈക്കിൾ ഡിസൂസയെ കണ്ടമാത്രയിൽ മെറ്റിൽഡ ആന്റി സൗഹൃദം നടിച്ച് പറഞ്ഞത്, ""യങ്ങ്മാൻ, ലോംഗ് ടൈം നോട്ട് സീൻ'' എന്നാണ്. അതായത് "തന്നെ കുറെനാളായല്ലോ കണ്ടിട്ട് മാഷേ!' എന്ന്.
തുടർന്ന് ""യാ കോൻ?''
‘മാജാ മിത്ര് ആഹേ', തന്റെ സുഹൃത്താണ് മൈക്കിൾ എന്നെ പരിചയപ്പെടുത്തി. വി.ഐ.പി. ഗണത്തിലുള്ളവരെ സൽക്കരിക്കാൻ കോട്ടെജിന്റെ അകത്തെ മുറി സജ്ജമാക്കിയിട്ടുണ്ട്.
‘കം, കം ഇൻസൈഡ്' മെറ്റിൽഡ ആന്റി ഞങ്ങളെ മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. ഗോവക്കാരുടെ പ്രിയപ്പെട്ട പുണ്യാളൻ സെൻറ് ഫ്രാൻസിസ് സേവ്യറുടെ ഛായാചിത്രം ചുമരിൽ തൂക്കിയിട്ടുണ്ട്. ഒരു ധർമസങ്കടത്തിൽ പെട്ടുപോയപോലെയാണ് പുണ്യാളന്റെ മുഖഭാവമെന്ന് എനിക്കപ്പോൾ തോന്നിയത്. മെഴുകുതിരി തെളിയിക്കാൻ അവിടെ ഫ്രോക്കും ടോപ്പുമണിഞ്ഞ ഒരു പതിനേഴുകാരി എത്തി.
""ഷീ ഈസ് മൈ ഡോട്ടർ'', ആന്റി എന്നോടെന്നവണ്ണം പറഞ്ഞു.
തൊട്ടടുത്ത മുറിയിൽ ബോംബെ ദൂർദർശന്റെ "ചിത്രഹാർ' പരിപാടി നടക്കുന്നുണ്ട്. അവിടെ കഭി ഖുശി കഭി ഗം, റം ബംബം മേരാ ഘർ ആയകരോ എന്ന് അമോൽ പലേക്കറും ടീന മുനിമും പേൾ പദംസിയും പാടുന്ന ബാത്തോം ബാത്തോം മെഎന്ന ചലച്ചിത്രം ടീവിയിൽ മിന്നിമറയുന്നത് കഷ്ടിച്ചുകാണാം. ഒരു ഗോവൻ കുടുംബകഥ പറയുന്നതാണ് ഈ സിനിമ.
വി.ഐ.പി. മുറിയിൽ സജ്ജമാക്കിയ ചൂരൽ മെടഞ്ഞ സെറ്റിയിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. മെറ്റിൽഡ ആന്റി അകത്തുപോയി ഹാഫ് ബോട്ടിൽ "ഡബിൾ ഗോഡ' എന്ന ബ്രാൻഡ് നെയ്മിൽ അറിയപ്പെടുന്ന ഫെനിയുമായെത്തി. ഉപദംശങ്ങളായി പുഴുങ്ങിയ മുട്ടയും കപ്പലണ്ടിയും റോസ്റ്റ് ചെയ്ത ബോംബെ ഡക്കിന്റെ രണ്ടുമൂന്നു കഷണങ്ങളും പ്ലേറ്റിലാക്കി ടീപ്പോയിൽവെച്ച് ആ പെൺകുട്ടി മുറിയിൽനിന്ന് സ്ഥലംവിട്ടു. മൈക്കിൾ ഗ്ലാസുകളിൽ മുക്കാൽഭാഗത്തോളം ഫെനി പകർന്ന് ചിയേഴ്‌സ് പറഞ്ഞ് ചുണ്ടോടടുപ്പിച്ചു. ഞാനത് നുണയ്ക്കുംമുമ്പ് ഫെനി ഒന്നു മണത്തുനോക്കി.
""ഹമ്മോ, എന്തൊരു കുത്തുന്ന മണം!'' ഏതായാലും ഇവിടെ വന്ന സ്ഥിതിക്ക് ഒന്നുകൂടി പരീക്ഷിച്ചുനോക്കാമെന്ന് തീരുമാനിച്ച് പ്ലാസ്റ്റിക് പാത്രത്തിൽ നിറച്ചുവെച്ച ഐസ് ക്യൂബുകൾ രണ്ടുമൂന്നെണ്ണം ഗ്ലാസിലിട്ട് ഞാൻ ദ്രാവകത്തെ ലഘൂകരിച്ചു. ഒരു കൂസലുമില്ലാതെ മൈക്കിൾ നീറ്റായി ഫെനി അടിച്ചുതുടങ്ങി. കശുമാവിന്റെ ദേശത്തുനിന്നു വരുന്ന മൈക്കിളിന് ഇതൊരു പുത്തരിയല്ല. വെട്ടുഗ്ലാസിലുള്ള ഫെനി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ എനിക്കനുഭവപ്പെട്ടു. രണ്ട് "ഇറക്ക്' ദ്രാവകം ഉള്ളിൽ ചെന്നപ്പോൾ തൊണ്ടവരണ്ട് വയറിൽ തീഗോളം സഞ്ചരിക്കുന്ന പോലായി. You mix with cococola എന്ന് മൈക്കിൾ നിർദ്ദേശിച്ചു.
കൊക്കോകോള ചേർത്ത ഫെനി സൗമ്യമായിത്തന്നെ എന്നോട് പെരുമാറാൻ തുടങ്ങി. ബോംബെ ഡക് ഫ്രൈ ചെയ്തതും പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ ഉപ്പും കുരുമുളക് പൊടി വിതറിയതും ഇടയ്ക്കിടെ തിന്ന് രണ്ട് രണ്ടര ഗ്ലാസ് ഫെനി ഞാൻ അല്പാല്പം കുടിച്ചുതീർത്തപ്പോൾ വലിയൊരു സാഹസംചെയ്ത പ്രതീതിയാണ് അനുഭവപ്പെട്ടത്. ഡ്രിങ്ക് അവസാനിപ്പിച്ച് ഞങ്ങൾ മെറ്റിൽഡ ആന്റിയോട് നന്ദിപറഞ്ഞ് പുറത്തിറങ്ങി. മൈക്കിൾ എത്ര പണം ഈ വകയിൽ നല്കി എന്ന് എനിക്കറിയില്ല. ഹിന്ദിയിൽ പറഞ്ഞാൽ "ഫെനി ഏക് ദം കംക് ഹെ ബോസ്' (ഉഗ്രൻ സാധനമാണ്).
മദ്യനിരോധനനയം നിലനില്‌ക്കെ ആന്റിബാറുകൾ പോലീസിന്റെ മൂക്കിന് താഴെ തഴച്ച് വളർന്നിരുന്നു. എന്തായാലും, പോലീസ് റെയ്ഡ് നാമമാത്രമായേ ഉണ്ടായിരുന്നുള്ളൂ. ആന്റിമാർ പണം നല്കി കേസുകൾ ഒതുക്കിത്തീർക്കുകയാണ് പതിവ്. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ജാതിമതഭേദമന്യെ എല്ലാതരത്തിൽ പെട്ടവരും ആന്റിബാർ സന്ദർശിച്ചിരുന്നു. ഒരുതരം "യൂനിറ്റി ഇൻ ഡൈവേഴ്‌സിറ്റി' തന്നെയാണ് പിന്നീടും ഞാൻ ആന്റിബാറുകളിൽ കണ്ടത്. ആഴ്ചതോറുമുള്ള "ഹഫ്ത' പോലീസിന്റെ പോക്കറ്റിൽ വീഴുന്നതുകൊണ്ട് അവരും ആന്റിബാറിനു നേരെ കണ്ണടച്ചു.
ആശാ, ആശ മാത്രം....
പശ്ചിമ റെയിൽവേയിലുള്ള മലാഡ് (വെസ്റ്റിൽ) ഈസ്റ്റ് ഇന്ത്യക്കാരുടെയും ഗോവക്കാരുടെയും മാംഗ്ലൂർകാരുമായ ക്രിസ്ത്യാനികളുടെയും വാസഗൃഹങ്ങളാണ് അധികവും കാണുക. ഓർളം ചർച്ചിന് സമീപസ്ഥമായി അനേകം ക്രൈസ്തവർ ഗോവൻമാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് താമസിച്ചുപോന്നു. മേൽക്കൂരയിൽ മാംഗ്ലൂരിയൻ ടൈൽസ് (ഓടുകൾ) പാകിയ വീടുകളുടെ മുറ്റങ്ങളിൽ പൂച്ചെടികളും തെങ്ങുകളും നട്ടുപിടിപ്പിച്ച് ഇക്കൂട്ടർ സമാധാനപരമായ ജീവിതമാണ് നയിച്ചുപോന്നത്. മലാഡിൽനിന്ന് ഓട്ടോയിൽ സഞ്ചരിച്ചാൽ പിക്‌നിക് സ്‌പോട്ടായ മദ് ഐലന്റിലെത്താം. കാറ്റാടിമരങ്ങളും തെങ്ങുകളും ധാരാളമായുള്ള ഈ പ്രദേശത്ത് ഹിന്ദിസിനിമകളിലെ പ്രണയരംഗങ്ങളും സ്റ്റണ്ട് സീനുകളും ചിത്രീകരിക്കാറുണ്ട്.
ഐലന്റിൽ വിനോദയാത്രക്കായെത്തുന്ന കമിതാക്കൾക്ക് സൗകര്യപൂർവ്വം പ്രണയിക്കാൻ ഓലകൊണ്ട് മറച്ച കുടിലുകൾ സ്വകാര്യവ്യക്തികൾ ദിവസവാടകയ്ക്ക് നല്കുക പതിവാണ്. ഐലന്റിലെ ഫെറി (ബോട്ട് ജെട്ടി)യിൽനിന്ന് ബോട്ടിൽ സഞ്ചരിച്ചാൽ എസ്സ് എൽ വേൾഡ് എമ്യൂസ്‌മെന്റ് പാർക്കിലെത്താം. വിനോദസഞ്ചാരികളെ വലവീശിപ്പിടിക്കാൻ ഒന്നല്ല, രണ്ട് ആന്റിബാറുകൾ മദ് ഐലന്റിൽ ഉണ്ടായിരുന്നു. സായ്പരഞ്ചെപ്പെയുടെ "അർത്ഥ്' എന്ന സിനിമയുടെ ഷൂട്ടിങ്ങ് അന്ന് അവിടെ നടക്കുന്നുണ്ട്. അകാലത്തിൽ മരണമടഞ്ഞ ഫാറൂഖ് ഷെയ്ക്ക്, നസുറുദ്ദീൻ ഷാ, വിഖ്യാത ബോളിവുഡ് നടി ദീനാപഥക്കിന്റെ മകൾ സുപ്രിയ പഥക്ക്, ദീപ്തി നേവൽ തുടങ്ങിയവരായിരുന്നു നടീനടന്മാർ. ഞാനും സുഹൃത്ത് സതീഷ് ഷിന്റേയും സിനിമാഷൂട്ട് കണ്ട് മടുത്തപ്പോൾ അദ്ദേഹം പറഞ്ഞു ; ‘ആപൺ ദോൺ പെഗ് മാരുയാ?'
നമുക്ക് രണ്ടെണ്ണം അടിച്ചാലോ എന്ന്.
ഞാൻ തലയാട്ടി സമ്മതം മൂളി.
മാർവേ ബീച്ചിന് സമീപമുള്ള സാമാന്യം തരക്കേടില്ലാത്ത ഒരു വീട്ടിലാണ് ആശാ സൽദാന ആന്റിബാർ നടത്തുന്നത്. മദർ മേരി കൈകൂപ്പി നിൽക്കുന്ന ഒരു ഗ്രോട്ടോ അവിടെ കണ്ടു. അല്പം മാറി കടലലകൾ കരിങ്കല്ലിൽ തിരതല്ലിച്ചാവുന്നുണ്ട്. കോലികൾ താമസിക്കുന്ന മനോറിലേയ്ക്ക് ബോട്ടുപിടിക്കാൻ വന്നവരത്രയും സ്ത്രീകളാണ്. ഒരു പിച്ചളമൊന്തയിൽ കല്ലുകളിട്ട് കിലുക്കുന്ന ശബ്ദംപോലെ അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ചാഞ്ഞുനിൽക്കുന്ന തെങ്ങുകൾക്കു താഴെ ടാർപോളിൻകൊണ്ട് താല്ക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലപ്പോൾ ഫെനിയടിച്ച് തല പെരുത്ത ഒരാൾ ഞങ്ങളെക്കണ്ട് മലയാളത്തിൽ കമന്റടിച്ചു. ‘അവശകലാകാരന്മാരേ ഇങ്ങോട്ടിരിക്ക്' എന്ന്.
തരക്കേടില്ലാത്ത താടിയും നീണ്ട ജുബ്ബയും തുണിസഞ്ചി കഴുത്തിലുമിട്ട എന്നെ കണ്ടാണയാൾ കമന്റടിച്ചത് എന്ന് സ്പഷ്ടം. ഞാൻ ക.മ. എന്ന് മിണ്ടാൻ പോയില്ല. ഇതിനിടെ ആശാ സൽദാന (ആന്റി) യെത്തി. സതീഷ് ഷിന്റേ കൈവിരലാൽ ഒരു മുദ്ര കാണിച്ചു.
അകത്തുപോയി അവർ തിരിച്ചെത്തി കൈയിൽ കൊണ്ടുവന്ന "റോക്കറ്റ്' എന്ന് മുദ്രണംചെയ്ത ലേബൽ ഉള്ള അരബോട്ടിൽ ഫെനി ടീപ്പോയിൽ വെച്ചു. കൂട്ടത്തിൽ രണ്ടു ഗ്ലാസുകളും ഒരു മഗ്ഗ് പച്ചവെള്ളവും. ഷിന്റേ കുപ്പി തലകീഴായി കമഴ്ത്തിയശേഷം ഉയർത്തി അതിന്റെ മൂടിയിൽ രണ്ട് അടി അടിച്ചു. കുപ്പിയുടെ സീൽ പൊട്ടിച്ച് ഓരോ പെഗ്ഗ് വീതം ഗ്ലാസ്സിൽ വീഴ്ത്തി. തുടർന്ന് വിരലുകൾകൊണ്ട് രണ്ട് മൂന്നു തുള്ളി പുറത്തേയ്‌ക്കെറിഞ്ഞു; ഹിന്ദുക്കളുടെ ഏതോ ഒരു ആചാരം പോലെ! റോക്കറ്റിന് അത്ര രൂക്ഷഗന്ധമുണ്ടായിരുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഞങ്ങൾ ഫെനി വെള്ളം ചേർത്ത് ചിയേഴ്‌സ് പറഞ്ഞ് സിപ് ചെയ്തു തുടങ്ങി. ആശ നല്ല ചൊറുചൊറുക്കുള്ള, മധ്യവയസ്സിലെത്തിനില്ക്കുന്ന ഗോവക്കാരിയാണ്. തലമുടി റബ്ബർ ബാന്റിട്ട് കെട്ടിയിട്ടുണ്ട്. സോഡയ്‌ക്കൊപ്പം സവാള അരിഞ്ഞ കഷണങ്ങളും പ്ലേറ്റിൽ നിരത്തി ആശ എന്റെ പിന്നിൽ നില്പുറപ്പിച്ചു. ഹൂലാ ഹോപ് ഉപയോഗിച്ച് ആശയുടെ ഉദരഭാഗം ക്രമപ്പടുത്തിയിട്ടുണ്ട്. (ഗോവാക്കാരായ സ്ത്രീകൾ പ്ലാസ്റ്റിക് നിർമ്മിതമായ ഈ വളയം അവരുടെ ആകാരവടിവ് നിലനിർത്താൻ ഉപയോഗിച്ചുവരുന്നു).
ഇതിനിടെ മനോറിലേക്കുള്ള ബോട്ടിനായി കാത്തുനിന്ന കോലിസ്ത്രീകളിൽ നാലഞ്ച് പേർ ആന്റിബാറിലെ കസേരകളിൽ ചടഞ്ഞിരുന്ന് ബീഡി കത്തിച്ച് പുകവിട്ടുകൊണ്ടിരുന്നു. ബീഡിയുടെ അസഹ്യമായ ദുർഗന്ധം അവിടമാകെ പരന്നു. അവരിൽ ഒരുവൾ എന്നെ നോക്കി കണ്ണിറുക്കി ഗോഷ്ഠി കാണിച്ച് എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ജഡച രീതിയിലുള്ള (ദ്വയാർത്ഥമുള്ള) വാക്കുകളാണ് അവൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് വ്യക്തമായി എനിക്ക് മനസ്സിലായില്ല.
ആശാ സൽദാന കുഞ്ഞുകുട്ടി പരാധീനതകളില്ലാത്ത, സ്വതന്ത്രമായി ജീവിക്കാനറിയുന്ന തന്റേടിയായ സ്ത്രീയാണ്. ആന്റിബാർ അവർ ആരംഭിച്ച് വർഷങ്ങൾ പത്തോളമായി. അവരുടെ മംഗേതർ (പ്രതിശ്രുതവരൻ) റോണി (റൊണാൾഡ്) ദുബൈയിലെ റിഗ്ഗിൽ ജോലിക്കാരനായിരുന്നു. വിവാഹം ഉറപ്പിച്ച് മോതിരം കൈമാറി അയാൾ പെട്ടെന്നുതന്നെ ബോംബെ വിട്ടുപോയി. അത്യാവശ്യമായി ജോലിയ്‌ക്കെത്തണം എന്ന ടെലഗ്രാം അയാൾക്ക് ലഭിച്ചിരുന്നുവത്രേ. മനസ്സമ്മതവും വിവാഹവും മാറ്റിവെയ്ക്കപ്പെട്ടു. ആശ രണ്ടുവർഷത്തോളം കാത്തിരുന്നുവെങ്കിലും റൊണാൾഡ് വന്നില്ല. ഒരു കത്തുപോലും അയാൾ അയച്ചില്ല. ‘അതിന്റെ കാരണം എന്തെന്ന് ആർക്കുമറിയില്ല’, മിസ് സൽദാന നിസ്സംഗയായി പറഞ്ഞു.
ആശ അവളുടെ വൈവാഹികജീവിതത്തിന്റെ അധ്യായം അങ്ങനെ അടച്ചു. വൃക്കകൾ തകരാറിലായ അവളുടെ അമ്മയുമൊത്ത് അവരുടെ പൈതൃകസ്വത്തായ ഈ വീട്ടിൽ താമസിച്ചുപോരുന്നു. യൗവനയുക്തയായ അവളുടെ ജീവിതത്തിലെ കല്ലുകടി ആശയെ കൂടുതൽ ധൈര്യശാലിയാക്കി. ഫെനി വാറ്റുക, കുടിക്കുക, പാട്ടുപാടുക, ച, ച നൃത്തംവെയ്ക്കുക തുടങ്ങിയ ഗോവൻ സംസ്‌കാരം ആശയുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. അതിനാൽതന്നെ ആ ചുറ്റുപാടിൽ ആന്റിബാർ ആരംഭിക്കുന്നതിന് അവൾക്ക് ഒട്ടും മടിയുണ്ടായില്ല. നല്ലതും ചീത്തയുമായ അതിന്റെ വശങ്ങൾ മനസ്സിലാക്കി കൂടുതൽ കൗശലക്കാരിയായി ആ ഗോവൻ സ്ത്രീ മാറി. ""എന്തടാ എന്ന് ചോദിച്ചാൽ ആരടാ'' എന്ന തന്റേടം അവൾ കരസ്ഥമാക്കി. ക്രിസ്തുമസ്ദിനാഘോഷപരിപാടി സംഘടിപ്പിച്ചാണ് ആശാ സൽദാന തന്റെ ബാർ ആരംഭിച്ചതെന്ന് അവർ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
ലോപസ് കാ കഹാനി
ഇത്തരം ആന്റിബാറുകളുടെ ചുറ്റുവട്ടത്ത് പുഴുങ്ങിയ മുട്ടയും ബോംബെ ഡക് മുതൽ ഗോവക്കാരുടെ ഇഷ്ട ഭക്ഷണപദാർത്ഥങ്ങളിലൊന്നായ പോർക്ക് വിന്ധാലുവും വരെയുള്ള ഉപദംശങ്ങൾ വില്പന നടത്തിപ്പോന്ന ചിലരെ പരിചയപ്പെടാൻ ഇടയായി. അവരിൽ ഒരാളുടെ പേര് ബോബി ലോപസ്. മെലിഞ്ഞ് നീണ്ട ബോബിയ്ക്ക് 45 വയസ്സോളം പ്രായമുണ്ട്. ചെറുപ്പക്കാർ ധരിക്കുന്ന ജീൻസും കള്ളികളുള്ള ഫുൾക്കൈ ഷർട്ടും കൂടാതെ തലയിൽ അണിഞ്ഞ തൊപ്പിയുടെ മുൻഭാഗം അയാൾ പിറകോട്ടായി വെച്ചിരിക്കുന്നു.
ആന്റിബാറിലെത്തുന്ന ഗിരാക്കുകൾക്ക് പുഴുങ്ങിയ മുട്ട, റോസ്റ്റ് ചെയ്ത കപ്പലണ്ടി, "കേലജ റോസ്റ്റ്' (പോത്തിന്റെ തലച്ചോറ്) തുടങ്ങിയ ടച്ചിങ്ങ്‌സ് വില്ക്കുന്ന തിരക്കിലായിരുന്നു അയാളപ്പോൾ. പുഴുങ്ങിയ മുട്ടക്ക് ഒരു രൂപയും കപ്പലണ്ടി പൊതിയൊന്നിന് അമ്പതുപൈസയ്ക്കുമാണ് അന്നു വിറ്റുകൊണ്ടിരുന്നത്. ‘തുമാല കായ് പാജേ?' നിങ്ങൾക്ക് എന്ത് വേണമെന്ന ചോദ്യത്തിന് രണ്ടു മുട്ടയും രണ്ടു പൊതി (പൂഡ) കപ്പലണ്ടിയുമാണ് വേണ്ടതെന്നു പറഞ്ഞു. മുട്ട രണ്ടായി കീറി അതിൽ കുരുമുളകും ഉപ്പും വിതറി തുണ്ടുകടലാസിൽവെച്ച് അയാൾ ഞങ്ങൾക്കു നല്കി. ബോബി ലോപസ് മാംഗ്ലൂരിൽനിന്ന് ജീവിതമാർഗം തേടി ബോംബെയിലെത്തി പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട്. ഫോർട്ടിലെ മഹേഷ് ലഞ്ച് ഹോമിൽ ക്ലീനറായാണ് അയാൾ തന്റെ ജീവിതസമരം ആരംഭിച്ചത്. ഒരു സ്ഥലത്ത് സ്ഥിരമായി ജോലിചെയ്യുന്ന സ്വഭാവം ബോബി ലോപ്പസിനുണ്ടായിരുന്നില്ല. പിന്നീട്, വഡാല ശ്രീരാം ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള "സെറോക്‌സ്' കടയിലെ ജോലിക്കാരനായി. ഒരുനാൾ മെഷിനിന്റെ കേടുപാടുകൾ തീർക്കാൻ ലോപസ് അതുമായി പുറപ്പെട്ടു. എന്നാൽ, റിപ്പയറിനൊന്നും നില്ക്കാതെ മെഷിൻ വിറ്റ് കാശാക്കി അയാൾ അവിടെനിന്ന് മുങ്ങുകയാണുണ്ടായത്. ചില്ലറ മോഷണങ്ങൾ, ചിലപ്പോൾ അടിപിടിയുമൊക്കെയായി ജീവിച്ചുപോരവേ ബോബി ലോപസിനെ പോലീസ് പിടികൂടി ലോക്കപ്പിലടച്ചു. ബോംബെ പോലീസിന്റെ മുട്ടൻ ഇടി അയാളുടെ താടിയെല്ല് തകർത്തു. അങ്ങനെ അവരുടെ നോട്ടപ്പുള്ളികളിൽ ഒരാളായി. അയാൾ താമസിച്ചുപോന്ന സാക്കിനാക്കയിൽ നടന്ന ചിലരുമായുള്ള സംഘട്ടനത്തിൽ അയാളുടെ വലതുകണ്ണിന് താഴെ തെമ്മാടികൾ കത്തി കയറ്റിയതിന്റെ അടയാളം കാണാമായിരുന്നു.
നമുക്ക് ബോബി ലോപ്പസിനോട് ഫെനിയെക്കുറിച്ച് മറ്റു ചില വിവരങ്ങൾ ചോദിച്ചറിയാം:
‘‘ഫെനി വാറ്റാനുള്ള പ്രധാന ഐറ്റമായ കശുമാങ്ങ താനേ ജില്ലയിലെ ധാനു, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ഫെനിയോ മറ്റ് മദ്യങ്ങളോ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. എന്നാൽ, കശുമാങ്ങ കൊണ്ടുവരുന്നത് കുറ്റമല്ല. ധാനുവിൽ നിന്ന് കൊണ്ടുവരുന്ന കശുമാങ്ങ വാറ്റി ആന്റിമാർ യഥേഷ്ടം ഫെനി ഉണ്ടാക്കുന്നു’’; ലോപസ് പറഞ്ഞു.
ഇവയുടെ ബ്രാൻറ് നെയിം ആന്റിമാരുടെ സൃഷ്ടിയാണെന്നയാൾ വെളിപ്പെടുത്തി. ""ഫെനിയുടെ പുതുമ നിലനിർത്താൻ അവർ പേരുകൾ മാറ്റാറുമുണ്ട്'' എന്നും ലോപസ് പറഞ്ഞു.
ആന്റിബാറുകൾ നിലവിലുള്ളപ്പോൾ ബോംബേ പോലീസ് ഹഫ്ത ഇനത്തിൽ ധാരാളം പണമുണ്ടാക്കി. 1963-ൽ വി.പി. നായ്ക്ക് മുഖ്യമന്ത്രിപദം അലങ്കരിച്ചതോടെ പ്രോഹിബിഷൻ ആക്റ്റിൽ ചില ഇളവുകൾ വരുത്തി. പൊലീസിന്റെ ഈ രംഗത്തുള്ള അഴിമതി അവസാനിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് ഇവ ഗവണ്മെന്റ് പ്രഖ്യാപിച്ചത്. ആന്റിബാറുകളിൽ പലപ്പോഴും വാക്കേറ്റങ്ങളും കയ്യേറ്റങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. കലീനയിലെ മെറ്റിൽഡാ ആന്റിയുടെ ബാറിൽ അവരുടെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന മകളെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരു ഗുണ്ടയെ മെറ്റിൽഡ കസേരകൊണ്ട് തല്ലി തലപൊളിച്ചു. പകരം ചോദിക്കാനെത്തിയ ഗുണ്ടാസംഘത്തെ വെട്ടുകത്തി കാണിച്ച് ഓടിച്ചുവിടേണ്ടിവന്ന സാഹചര്യം അവർക്കുണ്ടായെന്ന് സുഹൃത്ത് മൈക്കിൾ ഡിസൂസ പറഞ്ഞു. പോലീസ്, കേസ്, കോടതി എന്നിവ മെറ്റിൽഡ കയറിയിറങ്ങിക്കൊണ്ടിരുന്നു. ആന്റിബാർ നടത്തുന്ന ഗോവക്കാരികളാണ് ഗൃഹഭരണം നടത്തിയിരുന്നത്. അവരുടെ ഭർത്താക്കന്മാരിൽ ഭൂരിഭാഗവും തൊഴിൽരഹിതരായിരിക്കുമെന്നാണ് കൗതുകകരമായ വസ്തുത. എന്നാൽ, ബോംബെയിൽ ആന്റിമാരുടെ മക്കളിൽ ഭൂരിഭാഗവും അഭ്യസ്ഥവിദ്യരായി ഡി.റ്റി.പി. ഓപ്പറേറ്റർ, നഴ്‌സ്, സ്‌കൂൾ ടീച്ചർ, ഓഫീസ് റിസപ്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി സമ്പാദിച്ചിട്ടുണ്ടെന്നു ഈ പഠനത്തിൽനിന്നു മനസ്സിലായി. പല പെൺകുട്ടികളും വിദേശത്തുള്ള കമ്പനികളിലും ബാങ്കുകളിലും ജോലി നേടിയിട്ടുണ്ട്. വളരെ അപൂർവ്വം യുവതികൾ മാത്രമേ തങ്ങളുടെ അമ്മയുടെ ബാർ ഏറ്റെടുത്ത് മുന്നോട്ടുപോയതായി അറിയാൻ കഴിഞ്ഞത്. ""We have many desires, But no money, what to do? That is why wet started the hooch Bar....'' അവരിൽ ഒരാളായ ജൂലി ഡിക്രൂസ് പറഞ്ഞു.
വിഖ്യാത കോളമിസ്റ്റും ആഫ്റ്റർ നൂൺ ടാബ്ലോയ്ഡിന്റെ പത്രാധിപരുമായിരുന്ന അന്തരിച്ച ബെഹ്‌റം കോൺട്രാക്റ്റർ തന്റെ റൗണ്ട് ആന്റ് എബൗട്ട് എന്ന കോളത്തിൽ ഒരിക്കലെഴുതിയതോർമ്മ വരുന്നു.
""മദ്യനിരോധനനയം ഏർപ്പെടുത്തിയപ്പോൾ ആന്റിബാറുകൾ സജീവമായി. കാരണം, ഫെനി അവർക്ക് രണ്ടുനേരമെങ്കിലും ഭക്ഷിക്കാനുള്ള വഴി തുറന്നു. അതല്ലെങ്കിൽ അവരെല്ലാം പട്ടിണികിടന്ന് മരിക്കുമായിരുന്നു. പ്രായം ഏറെ ചെന്ന ആ ആന്റിക്കു ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേറെ ഉപാധികളൊന്നുമില്ലായിരുന്നു. ഒരുനാൾ അവിടെയെത്തിയപ്പോൾ അവരുടെ മകൾ ശവമഞ്ചത്തിൽ കിടക്കുന്നതു കണ്ടു. ചുറ്റും മെഴുകുതിരികൾ കത്തിക്കൊണ്ടിരുന്നു. തൊട്ടപ്പുറത്തുള്ള മുറിയിൽ ആളുകൾ ഫെനി കഴിച്ചുകൊണ്ടിരുന്നു.''
വരദരാജ മുതലിയാരുടെ വാറ്റുകേന്ദ്രങ്ങൾ ബോംബെ ഐ.ജി. ജൂലിയോ റിബൈറേ, ഡി.വൈ.എസ്.പി. വൈ.സി.പവാർ എന്നിവരുടെ നേതൃത്വത്തിൽ തല്ലിത്തകർത്തതോടെ മുതലിയാർ പിടിയിലായെങ്കിലും ലോക്കപ്പിൽ ഒരുദിവസം മാത്രം കിടന്ന് പുറത്തിറങ്ങി അയാൾ അപ്രത്യക്ഷനായി. വൈ.സി. പവാർ കാജാബായി എന്ന തോമസ് കുര്യനെ അരമണിക്കൂർ നേർക്കുനേരെയുള്ള മൽപിടുത്തത്തിൽ കീഴടക്കി. അങ്ങനെ വരദരാജന്റെ ഒരു ചിറക് അറ്റപോലെയായി. അധികം വൈകാതെ ദർശൻകുമാർ ദില്ല എന്ന അയാളുടെ നമ്പർവൺ ലെഫ്റ്റനന്റിനെ അറസ്റ്റുചെയ്ത് തുറുങ്കിലടച്ചു. വരദരാജനെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും അയാൾ ഒളിച്ച് കടന്നു മദ്രാസിലെത്തി. മാരകമായ കാൻസർ രോഗം പിടിപെട്ട് അജ്ഞാതകേന്ദ്രത്തിൽവെച്ച് മരിക്കുകയും ചെയ്തു.
1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിയ്ക്കപ്പെട്ടു. അടഞ്ഞുകിടന്നിരുന്ന വൈൻ ഷോപ്പുകൾ വീണ്ടും സജീവമായി. വിദേശമദ്യവില്പന പൊടിപൊടിച്ചു. ഗവണ്മെന്റിന്റെ ഖജനാവിൽ പണം കുമിഞ്ഞുകൂടി. എന്നാൽ, ബോംബെയിലെ ആന്റിബാറുകൾ അതോടെ നാമാവശേഷമായി.
മെറ്റിൽഡയും ആശയും ജൂലി ഡിക്രൂസും പോലുള്ള ഗോവൻ ആന്റിമാർ അനുഭവിച്ച കനൽജീവിതവും, വ്യഥകളും, ധർമ്മസങ്കടങ്ങളുമെല്ലാം പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്. ഇന്നിപ്പോൾ "ആന്റി ബാറുകൾ' എന്ന പേര് മാത്രം മഹാനഗരത്തിന്റെ ചരിത്രപുസ്തകത്തിൽ അവശേഷിച്ചിരിക്കുന്നു; ഒരു ഓർമത്തെറ്റ് എന്നപോലെ!