പ്രതീകാത്മക ചിത്രം / Photo: flamming coppercat, flickr

ഷൊർണൂർ റോട്ടിലെ അരിസ്റ്റോട്ടിൽ ബാലനും രാഗിണിയുടെ ഈവാ ബ്യൂട്ടി പാർലറും

കേരളത്തിലെ മറ്റേതൊരു തൊഴിൽമേഖലയിലുമെന്നപോലെ സലൂണുകളിലും ഇതര സംസ്​ഥാനക്കാർ രംഗം കീഴടക്കിയിട്ടുണ്ട്. ബംഗാൾ, ഒറീസ്സ, തമിഴ്നാട് എന്നീ സംസ്​ഥാനങ്ങളിൽനിന്നു മാത്രമല്ല, ഹിമാചൽ പ്രദേശ്, ഭൂട്ടാൻ, നേപ്പാൾ, തുടങ്ങിയ ഇടങ്ങളിൽനിന്നും യുവതികളും യുവാക്കളും ബ്യൂട്ടിപാർലറുകളിലും ഹെയർ കട്ടിങ്ങ് സലൂണുകളിലും ജോലി നോക്കുന്നു. കേശാലങ്കാരത്തി​ന്റെ മാറുന്ന സൗന്ദര്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൗതുകകരം കൂടിയാണ്, കെ.സി. ജോസ് എഴുതുന്നു.

ഹെയർ ആർട്ട് എന്നും ന്യൂ ഫാഷൻ ഹെയർ കട്ടിങ്ങ് സലൂൺ, ‘സ്​പാ’ ആൻ്റ് സലൂൺ തുടങ്ങി പുതുപുത്തൻ പേരുള്ള സ്​ഥാപനങ്ങൾ ഇന്ന് തൃശൂർ പട്ടണത്തിൽ പലതുണ്ട്. ഇവ ജനങ്ങളുടെ കേശാലങ്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവയാണ്.

‘ബാർബർ രാമു ആൻ്റ് അദർ സ്റ്റോറീസ്​’ മുൽക്ക് രാജ് ആനന്ദിന്റെ നമ്പർ വൺ കഥാസമാഹാരമാണ്. ഉറൂബിന്റെ ‘ഗോപാലൻനായരുടെ താടി’ ഏറ്റവും വായിക്കപ്പെട്ട മനോഹരമായ കഥകളിൽ ഒന്നാണ്.

ബാർബർ ഷോപ്പുകളായിരുന്നു ആദ്യ കാലങ്ങളിൽ നാട്ടുകാരുടെ രാഷ്ട്രീയം പറച്ചിലിന്റെ പ്രഭവകേന്ദ്രങ്ങൾ. എങ്കിലും ‘രാഷ്ട്രീയം പറയരുത്’ എന്ന താക്കീതും അവിടെ എഴുതി ഒട്ടിച്ചിരിക്കും. പാർട്ടി പത്രവും സിനിമാമാസികയും ഇതര വായനയ്ക്കുള്ള ചെലവു കുറഞ്ഞ വാരികകളും ഇവിടെയെത്തുന്നവരെ ‘ഇരുത്താൻ’ മാത്രം വാങ്ങിയിടുന്നവയാണ്. ചുമരിൽ നിറയെ വർണ്ണചിത്രങ്ങളോടുകൂടിയ കലണ്ടറുകൾ കൊളുത്തിയിട്ടിരിക്കുന്നതിന്റെ മനഃശാസ്​ത്രവശം; കസേരയിൽ നിന്ന് മുടിവെട്ടി ‘വെടുപ്പാക്കിയിറ’ങ്ങുന്നവരെ കാത്തിരിക്കുന്ന നെക്സ്റ്റ് കസ്റ്റമറെ ബോറടിപ്പിക്കാതിരിക്കാനാണ്. കാത്തിരുപ്പുകാർക്ക് കലണ്ടറുകളിൽ അർദ്ധനഗ്നകളായി കുളിക്കാൻ തയ്യാറായിനിൽക്കുന്ന സ്​നാനസുന്ദരിയേയും കന്നുപുട്ടുന്ന കർഷകത്തൊഴിലാളിയേയും മലേഷ്യയിൽ നാലുകാലിൽ കെട്ടിപ്പൊക്കിയ അതിമനോഹരമായ ആദിവാസി കുടിലുകളേയും നോക്കി സമയം കൊല്ലാനുള്ള സൗകര്യങ്ങളുമുണ്ട്. ഇന്ന് കലണ്ടറുകളുടെ സ്​ഥാനം ടി.വി. കൈവശപ്പെടുത്തി. മുടിവെട്ടുന്നയാൾ ടി.വി വാർത്ത കണ്ടും കേട്ടും മുടി വെട്ടുന്നതിനെ നമുക്ക് തടയാനാവില്ല. അതവരുടെ ആസ്വാദനത്തെ കത്തിവെക്കുന്നതാകും. അധികം വാചകമടിക്കുന്നവരുടെ തലമുടി വെട്ടി ഒരു മാതിരിയാക്കാനും ചില ബാർബർ മുതിരുക പതിവാണ്. അനുഭവസ്​ഥൻ ഞാനാകുന്നു.

ബാർബർ ഷോപ്പുകളായിരുന്നു ആദ്യ കാലങ്ങളിൽ നാട്ടുകാരുടെ രാഷ്ട്രീയം പറച്ചിലിന്റെ പ്രഭവകേന്ദ്രങ്ങൾ. എങ്കിലും ‘രാഷ്ട്രീയം പറയരുത്’ എന്ന താക്കീതും അവിടെ എഴുതി ഒട്ടിച്ചിരിക്കും.

വളർന്ന് കാടും പടലും അതിലപ്പുറവും കടന്ന മുടിയുള്ള എന്റെ തല മൊട്ടയടിക്കാൻ പരിപാടിയിടുന്ന അമ്മയുടെ ആജ്ഞാശക്തി കേൾക്കുമ്പോൾ അറുക്കാൻ കൊണ്ടുപോകുന്ന ആട്ടിൻകുട്ടിയെപ്പോലെ ഞാൻ ‘അയ്യോ, രക്ഷിക്കണേ’ എന്ന് കരഞ്ഞ് അലറിപ്പൊളിക്കും. പൂങ്കുന്നം റെയിൽവേ ഗേറ്റിന് സമീപമുണ്ടായിരുന്ന സുകുമാരേട്ടന്റെ ‘കേരള ഹെയർ കട്ടിങ്ങ് സലൂണി’ലേക്ക് കൊണ്ടുപോകുക സേവിയർ ചേട്ടനായിരുന്നു. ആൾ ചുരുളൻ മുടിക്കാരനാണ്, തേൾവാലൻ മീശയുണ്ട്, പതിവായി ‘സിൽപ്പ’ രീതിയിൽ കേശാലങ്കാരം നടത്തുന്ന കക്ഷിയുമാണ്. ‘സിൽപ്പ’ എന്ന ഹെയർ ആർട്ടിന്റെ വിവക്ഷിതാർത്ഥം സ്റ്റൈലൻ എന്നായിരിക്കാം. ഏതായാലും ആ വാക്കിന്റെ ഉല്പത്തിയെക്കുറിച്ച് എനിക്ക് പിടിപാടൊന്നുമില്ലായിരുന്നു, ഇപ്പോഴുമില്ല.

സുകുമാരേട്ടന്റെ ബാർബർഷോപ്പിൽ അന്ന് വലിയ തിരക്കില്ല. ഉയരമുള്ള കസേരയിലിരിക്കാൻ നിർദ്ദേശിച്ച് അദ്ദേഹം വെളുത്ത പുതമുണ്ട് കഴുത്തിലൂടെയിട്ട് കെട്ടും. കത്രികയും ചീർപ്പും കൈയിലെടുത്ത് ഒരു ഭീകരാക്രമണത്തിന് തയ്യാറായപോലെ ദീർഘനിശ്വാസം പൊഴിക്കും. കണ്ണാടി മുമ്പിലുണ്ട്. ചീപ്പ് താഴെവെച്ച് സുകുമാരേട്ടൻ ഒരു ചെറിയ ഉപകരണം കൈയ്യിലെടുത്തത് എന്റെ തല ആക്രമിച്ചുതുടങ്ങും. ഞാൻ വീണ്ടും അലറിക്കരയും. ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിലാണ് സുകുമാരേട്ടൻ. കരച്ചിലിന് ലവലേശം കാതുകൊടുക്കാതെ ‘പൊന്നരിവാളമ്പളിയില് കണ്ണെറിയുന്നോളെ’ എന്ന വിപ്ലവഗാനം മൂളി തലയുടെ പിൻഭാഗത്ത് കുഞ്ഞുയന്ത്രമോടിക്കും. അത് അവിടവിടെ പിടിവലി നടത്തുന്നുമുണ്ട്. കത്രിക, ചീർപ്പ് പ്രയോഗങ്ങൾ അവസാനിക്കുന്നതുവരെ അറിയാവുന്ന ദൈവനാമങ്ങൾ ഉരുവിട്ടുകൊണ്ടിരുന്ന ഞാൻ കണ്ണുതുറന്ന് കണ്ണാടിയിൽ നോക്കും. തല മൊട്ടയാക്കിയിട്ടില്ല. നല്ല ഒന്നാന്തരം സിൽപ്പ. ഞാനും സേവിയർചേട്ടനും മടങ്ങുമ്പോഴായിരിക്കും, ഓർക്കുക, തലമുടി ‘മുയ്മനും’ വെട്ടിയിട്ടില്ലല്ലോ എന്ന്.

സുകുമാരേട്ടന്റെ ബാർബർഷോപ്പിൽ അന്ന് വലിയ തിരക്കില്ല. ഉയരമുള്ള കസേരയിലിരിക്കാൻ നിർദ്ദേശിച്ച് അദ്ദേഹം വെളുത്ത പുതമുണ്ട് കഴുത്തിലൂടെയിട്ട് കെട്ടും. കത്രികയും ചീർപ്പും കൈയിലെടുത്ത് ഒരു ഭീകരാക്രമണത്തിന് തയ്യാറായപോലെ ദീർഘനിശ്വാസം പൊഴിക്കും.
സുകുമാരേട്ടന്റെ ബാർബർഷോപ്പിൽ അന്ന് വലിയ തിരക്കില്ല. ഉയരമുള്ള കസേരയിലിരിക്കാൻ നിർദ്ദേശിച്ച് അദ്ദേഹം വെളുത്ത പുതമുണ്ട് കഴുത്തിലൂടെയിട്ട് കെട്ടും. കത്രികയും ചീർപ്പും കൈയിലെടുത്ത് ഒരു ഭീകരാക്രമണത്തിന് തയ്യാറായപോലെ ദീർഘനിശ്വാസം പൊഴിക്കും.

അതേ ഭാഗത്തുതന്നെയാണ് മാധവൻ നായരുടെ കാപ്പിക്ലബ്ബ്. ചില്ലലമാരിയിൽ പൊക്കുവട, (കൊക്കുവട എന്നാണ് ഞാനതിനെ വിളിച്ചിരുന്നത്) സുഖിയൻ, പഴമ്പൊരി, മധുരസേവ തുടങ്ങിയ എണ്ണപ്പലഹാരങ്ങൾ എന്നെ നോക്കി ചിരിക്കുന്നു. സേവിയർക്ക് വേഗം എങ്ങോട്ടോ പോകേണ്ടതുണ്ട്. ആൾ എന്നെ കൈപിടിച്ചു വലിക്കാൻ തുടങ്ങി.
‘‘ഡാ സേവിയാരേ, സുകുമാരേട്ടൻ തലമുടി മുഴുവനും വെട്ടീട്ടില്ല. നാലണ നീ ആൾക്ക് കൊടുക്കുന്നത് ഞാൻ കണ്ടു. ബാക്കി ബാക്കി നാലണക്ക് ‘കൊക്കുവട’ വാങ്ങിത്താ’’
‘‘നെണക്ക് ഇപ്പോത്തന്നെ തരാം’’ സേവിയർ എന്റെ ചെവി പിടിച്ചുവലിച്ചു, സിൽപ്പത്തലയിൽ അഡീഷണലായി അസ്സലൊരു കിഴുക്കും സമ്മാനിച്ചു. അങ്ങനെ ആദ്യത്തെ ‘സിൽപ്പ’ വെട്ടി​ന്റെ കഥ ഇവിടെ അവസാനിപ്പിക്കുന്നു.

ഷൊർണൂർ റോഡിലെ അരിസ്റ്റോട്ടിൽ

അല്പം കൂടി മുതിർന്നപ്പോൾ സുകുമാരേട്ടന്റെ കടയിലും തിരക്കുകൂടി. വലിയ വലിയ ആൾക്കാർ വന്ന് കുത്തിയിരുന്ന് മുടിവെട്ടി തിരിച്ചുപോകുന്നതുവരെ ഈ ചെക്കനായ എന്നെ അദ്ദേഹം വേണ്ടത്ര മൈൻഡ് ചെയ്യുന്നില്ല എന്നൊരു തോന്നൽ. കേരള ഹെയർ കട്ടിങ്ങ് സലൂൺ ഇൻ്റീരിയർ ഡെക്കറേഷനും പെയ്ൻ്റടിയും നടത്തി ഉഗ്രനൊരു ബാർബർഷോപ്പാക്കി. ബോർഡ് പുതുതാക്കി. അതോടെ പഴയ കേരള പോയി ‘ന്യൂ കേരള ഹെയർകട്ടിങ്ങ് സലൂണാക്കി മാറ്റി. ഇതിൽ ‘ന്യൂ’ എന്നു ചേർത്തതിന്റെ പൊരുൾ എനിക്കു മനസ്സിലായില്ല. കേരളത്തനിമയുടെ കാര്യം അദ്ദേഹം സൗകര്യപൂർവ്വം മറന്നതാണോ അതോ ഒഴിവാക്കിയതാണോ എന്ന് നിശ്ചയമില്ല.

വിവിധ കച്ചവടങ്ങൾ പൊടിപൊടിക്കുന്ന തിരുമേനി കെട്ടിടത്തിലെ പഴയകാല വാടകക്കാരനായിരുന്നു അരിസ്റ്റോ ബാലൻ. ഈ കെട്ടിടത്തിന്റെ മുകളിലായിരുന്നു പ്രശസ്​ത സിനിമാ സംവിധായകൻ പി. രാമദാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ’മഹാത്മ ആർട്ട് ക്ലബ്ബും’ ‘കഥ’ മാസികയുടെ ഓഫീസും.

ഷൊർണൂർ റോഡിലെ അരിസ്റ്റോ കട്ടിങ്ങ് സലൂണിന് സാക്ഷാൽ അരിസ്റ്റോട്ടിലുമായി പുലബന്ധം പോലുമില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തത്വചിന്തകളുമായി അവിടെ വരുന്നവരോട് ആൾ സംവാദത്തിലേർപ്പെടാറുണ്ട്. അതാണ് അരിസ്റ്റോ സലൂൺ ബാലന്റെ ഒരു രീതി. അതിന്റെ ഉടമസ്​ഥൻ തൃപ്രയാർ സ്വദേശിയാണ്. ഷൊർണൂർ റോഡിലെ ‘തിരുമേനി കെട്ടിടം’ എന്നു ഞങ്ങൾ വിളിക്കുന്ന ഓടിട്ട പഴയ മോഡൽ കെട്ടിടത്തിൽ പീടികമുറികൾ വാടകയ്ക്കെടുത്തവർ ഗണേശ് ഹോട്ടലും മൈതാനക്കുറുക്കൻ എന്ന് അപരനാമമുള്ള ഒരാൾ (യഥാർത്ഥ പേര് അജ്ഞാതം) സ്റ്റേഷനറിക്കടയും നടത്തിയിരുന്നു. തൊട്ടടുത്തുള്ള പലചരക്കുകട സഹപാഠിയും സ്​കൂൾ തലത്തിൽ സ്റ്റേറ്റ് കളിക്കാരനുമായ ജയന്റേതാണ്.

വിവിധ കച്ചവടങ്ങൾ പൊടിപൊടിക്കുന്ന തിരുമേനി കെട്ടിടത്തിലെ പഴയകാല വാടകക്കാരനായിരുന്നു അരിസ്റ്റോ ബാലൻ. ഈ കെട്ടിടത്തിന്റെ മുകളിലായിരുന്നു പ്രശസ്​ത സിനിമാ സംവിധായകൻ പി. രാമദാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ’മഹാത്മ ആർട്ട് ക്ലബ്ബും’ ‘കഥ’ മാസികയുടെ ഓഫീസും. അരിസ്റ്റോ ബാലന് സ്വാതന്ത്ര്യ സമരവുമായി ബന്ധമുണ്ടായത് അങ്ങനെയാണത്രേ. അതാണ് അവിടെയെത്തുന്നവരോട് ഗാന്ധിജി, നെഹ്റു, വല്ലഭായ് പട്ടേൽ തുടങ്ങിയ നേതാക്കളെപ്പറ്റി വാഴ്ത്തിപ്പാടുന്നതിന്റെ രഹസ്യം. അരിസ്റ്റോയിൽ ആകെ രണ്ട് കസേരകളും മൂന്ന് കണ്ണാടികളും മാത്രമാണ് ഫർണീച്ചർ ഇനത്തിൽ കാണുക. ചുമരിൽ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വലിയ ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. ഇരിക്കാനുള്ള ബഞ്ചിൽ മൂട്ടകളുടെ സാന്നിദ്ധ്യം ഓർമ്മപ്പെടുത്തി, ചെറിയ തോതിലുള്ള കടിയും നിങ്ങൾക്ക് ലഭിക്കും. അരിസ്റ്റോ ബാലൻ വാചാലനാണ്. എപ്പോഴും ബീഡി പുകച്ച് അന്തരീക്ഷം തുലയ്ക്കുന്ന വ്യക്തി കൂടിയാണ്. ഇത്രയുമായാൽ അരിസ്റ്റോ കട്ടിങ്ങ് സലൂണിന്റെ ഏകദേശ ചിത്രമായി.

പി. രാമദാസ്
പി. രാമദാസ്

ഫ്രീ പത്രവായന തരമാക്കാനും വെറുതെ വാചകമടിക്കാനും ചിലപ്പോൾ ഷേവിങ്ങ് ആൻ്റ് കട്ടിങ്ങിനുമായി സമീപവാസികളായ യുവാക്കൾ അവിടെ സമ്മേളിക്കുക പതിവായിരുന്നു. കോളേജിലെത്തിയപ്പോൾ പഴയ തട്ടകം വിടേണ്ടിവന്നു. സുഹൃത്ത് സിദ്ധാർത്ഥൻ ക്യാപിറ്റൽ എഞ്ചിനീയറിങ്ങ് (കോട്ടപ്പുറം പാലത്തിന് സമീപം) ക്രാങ്ക് ഷാഫ്റ്റ് വെൽഡിങ്ങ് മെക്കാനിക്കായി. നന്ദനാർ പോത്തുപരിപാലനം വെടിഞ്ഞ് മൈസൂരിലേക്കു കടന്ന് കപ്പലണ്ടി കച്ചവടത്തിന്റെ സാങ്കേതികവശം പഠിച്ചിരുന്ന കാലമായിരുന്നു അത്. ഞാൻ കളം മാറി പാലിയം റോഡ്–കോളേങ്ങാട്ട് ലൈൻ (ഇന്നത്തെ പ്രസ് ക്ലബ്ബ് റോഡ്) കേന്ദ്രമായി ചില്ലറ ലൈനടിയും രാഷ്ട്രീയവും ബീഡിവലിയുമായി സഞ്ചരിക്കാൻ തുടങ്ങി. പാലിയം റോഡിന്റെ എതിർവശത്തുള്ള അരിസ്റ്റോ ബാലന്റെ സലൂൺ അങ്ങനെ എന്റെ ഇടവേളകളിലെ കേന്ദ്രവുമായി. ബാലൻ തൃപ്രയാർ പുഴവക്കിലെവിടെയോയുള്ള കൊച്ചുവീട്ടിലെ അംഗമാണ്. അയാൾ 8–ാംക്ലാസ് പാസ്സായിട്ടുണ്ടെങ്കിലും കുലത്തൊഴിൽ തിരഞ്ഞെടുക്കാൻ നിർബ്ബന്ധിതനായെന്ന് ബാലന്റെ ഭാഷ്യം. അയാളുടെ അച്ഛൻ പരാലിസിസ് ബാധിതനായി. അന്നു ബാലന് 17 വയസാണ്. പെരിഞ്ഞനത്തുള്ള ഒരു ബന്ധുവിൽനിന്ന് പണി പഠിച്ച അയാൾക്ക് ആദ്യമായി പിതാവിന്റെ വഴി പിന്തുടരേണ്ടിവന്നു.

ബോംബെയിൽ താമസിച്ചവർക്കും ഒന്നു കണ്ട് മടങ്ങിവന്നവർക്കും മഹാനഗര ചിന്തകളെ പുതുക്കാനും കാണാത്തവർക്ക് ജിജ്ഞാസയുളവാക്കാനും പലരും കച്ചവടസ്​ഥാപനങ്ങളുടെ ഒറിജിനൽ പേരുകൾക്ക് മുമ്പിൽ ബോംബെ എന്നു ചേർക്കുന്ന പതിവുണ്ടായിരുന്നു.

എനിക്ക് മീശയും സമൃദ്ധമായി മുടിയും താടിയും വളർന്നുതുടങ്ങിയ അന്നുമുതൽ ഞാൻ അരിസ്റ്റോ ബാലന്റെ സ്​ഥിരം കസ്റ്റമറാണ്. തേക്കിൻകാട് മൈതാനത്ത് അക്കാലത്ത് ചില ഹിപ്പികൾ വന്നുംപോയ്ക്കൊണ്ടുമിരുന്നു. അവർ പൊതുവെ പട്ടിണിക്കാരാണെന്ന് അനുഭവം. തേക്കിൻകാട്ടിൽ സിനിമാപ്പാട്ട് തകർക്കുന്ന വി.ആർ.എസ്സിനു സമീപം ഞങ്ങൾ പത്തിരുപതുപേർ വട്ടംകൂടിയിരുന്ന് വാചകമടിക്കുമ്പോൾ അവിടെ ഒരു ഹിപ്പിയും വന്നുപെട്ടു. അയാൾ ഫ്രഞ്ച്കാരനാണെത്ര. അയാളുടെ പേര് കിണഞ്ഞ് പരിശ്രമിച്ച് കേട്ടെങ്കിലും പറയുന്നതിൽ എന്തോ സ്​പെല്ലിങ്ങ് മിസ്റ്റേക്ക് പോലെ തോന്നി. ‘ഗുലുമാൽ ഹിപ്പി’യെന്ന് അവസാനം കക്ഷിക്ക് പേരുമിട്ടു. വി.ആർ.എസ്​. പബ്ലിസിറ്റിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കേശവന്റെ ചായക്കട മുതിര പുഴുങ്ങിയതിനും കൊള്ളി സ്റ്റ്യൂവിനും പ്രസിദ്ധമാണ്. അവിടെ ഗുർമാൽ ഹിപ്പിയേയും ഞങ്ങൾ കൂടെ കൊണ്ടുപോകാറുണ്ട്. This too hot, oh! spicey എന്നൊക്കെ മുളക് ചേരുവയ്ക്ക് അയാൾ മുറി ഇംഗ്ലീഷിൽ പരാതിയും പറയാറുണ്ട്. കേശവന്റെ പഴയ ചായക്കടക്ക് രൂപമാറ്റം വരുത്തി അവിടെ ചിക്കൻ നൂഡിൽസും ലോലിപോപ്പും പരിപ്പുവടയും മസാലദോശയും അതേ കെട്ടിടത്തിൽത്തന്നെ വിറ്റുപോരുന്നു.

കൃതാവ്, താടി, അമിത കേശഭാരം ഇവയെല്ലാം യുവാക്കളിൽ കടന്നുവന്നത് ഹിപ്പി യുഗത്തോടെയാണ്. അവരിൽനിന്ന് ‘ബീറ്റിൽസിന്റെ’ പോപ്പ് ഗാനങ്ങൾ സംഗീതലോകത്തിനുള്ള ശ്രേഷ്ഠ സമ്മാനമാണ്. ‘കാരിയോൺ ദി സ്​കയ്...’, ‘റ്റുമോറോ നെവർ....’ തുടങ്ങിയവ കേൾക്കുമ്പോൾ ഹരംകൊള്ളുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. സംഗീതലോകത്തിന് ഹിപ്പികളായ ബീറ്റിൽസ് സമ്മാനിച്ച മഹത്തായ സംഭാവനയാണ് ആ അടിപൊടി ഗാനങ്ങളെല്ലാം; കൂട്ടത്തിൽ ഹിപ്പി സംസ്​കാരവും.

കൃതാവ്, താടി, അമിത കേശഭാരം ഇവയെല്ലാം യുവാക്കളിൽ കടന്നുവന്നത് ഹിപ്പി യുഗത്തോടെയാണ്. അവരിൽനിന്ന് ‘ബീറ്റിൽസിന്റെ’ പോപ്പ് ഗാനങ്ങൾ സംഗീതലോകത്തിനുള്ള ശ്രേഷ്ഠ സമ്മാനമാണ്.
കൃതാവ്, താടി, അമിത കേശഭാരം ഇവയെല്ലാം യുവാക്കളിൽ കടന്നുവന്നത് ഹിപ്പി യുഗത്തോടെയാണ്. അവരിൽനിന്ന് ‘ബീറ്റിൽസിന്റെ’ പോപ്പ് ഗാനങ്ങൾ സംഗീതലോകത്തിനുള്ള ശ്രേഷ്ഠ സമ്മാനമാണ്.

നമ്മുടെ ഗുലുമാൽ ഹിപ്പിക്ക് താടിയും മുടിയും വെട്ടിക്കണമെന്ന ബോധോദയം ഉണ്ടായൊരു നാൾ ഞങ്ങൾ അയാളെ അരിസ്റ്റോ ബാലന്റെ സലൂണിലേക്ക് ആനയിച്ചു. അവിടെ ആരുമില്ല. ബാലൻ പേപ്പർ വായനയിലാണ്. ഹിപ്പിച്ചേട്ടന്റെ കാര്യം അവതരിപ്പിച്ച ഞങ്ങളെ നോക്കി, ‘‘ഇതെവ്ടന്ന് കിളച്ചുപിടിച്ചു’’ എന്ന ആദ്യ കമൻ്റ് കേൾക്കേണ്ടിവന്നു. ഹിപ്പി കസേരയിലിരുന്നു. ബാലൻ അയാളെ വെള്ളവസ്​ത്രം പുതപ്പിച്ചു. മുടിവെട്ട് തുടങ്ങി. പണി ഒരുവിധമായപ്പോൾ ബാലേട്ടൻ തളർന്ന മട്ടായി. അവസാനത്തെ ‘ഫിനിഷിങ്ങ് ടച്ച്’ കഴിഞ്ഞപ്പോൾ ഹിപ്പിയുടെ താടി ഉഴിഞ്ഞ ബാലന്റെ നേരെ ഗുലുമാൽ കണ്ണുരുട്ടി, ‘നോ’ പറഞ്ഞു. ‘നോ’ എന്നു പറഞ്ഞാൽ അതിന്റെ സകലമാന അർത്ഥങ്ങളും ബാലേട്ടനറിയാം. ആൾ പിന്മാറി. കൈയിലെ ബാർബർ കത്തി മൂർച്ച കൂട്ടേണ്ടിവന്നില്ല. ഹിപ്പി ഇറങ്ങിയോടി. പിന്നെ ഗുലുമാലിനെ ഞങ്ങൾ കണ്ടിട്ടേയില്ല. അയാളുടെ ഐഡൻ്റിറ്റിയായ മുടി മുറിച്ച ബാലനോടും ഞങ്ങളോടും അയാൾക്ക് വെറുപ്പ് തോന്നിയിരിക്കാം; ഞങ്ങൾ എസ്റ്റാബ്ലിഷ്മെൻ്റ് വിരോധികളാണെങ്കിലും. അരിസ്റ്റോ ഹെയർ കട്ടിങ്ങ് സലൂൺ ഇപ്പോൾ പ്രവർത്തന രഹിതമല്ല. അവിടെ മുടിവെട്ടിനു പകരം സർബ്ബത്ത് കടയാണുള്ളത്.

വി.റ്റി (വിക്ടോറിയ ടെർമിനസ്സ്) ഭാഗത്തു ചെന്നാൽ എതിർഭാഗത്തുള്ള ടൈംസ് ഓഫ് ഇന്ത്യ ഓഫീസ് കെട്ടിടത്തിന് സമീപം ഫുട്പാത്തിൽ നാടൻ രീതിയിൽ കട്ടിങ്ങ് ആൻ്റ് ഷേവിങ്ങ് നടത്തുന്ന യു.പി. വാലകളെ കാണാമായിരുന്നു.

ബോംബെയിൽ താമസിച്ചവർക്കും ഒന്നു കണ്ട് മടങ്ങിവന്നവർക്കും മഹാനഗര ചിന്തകളെ പുതുക്കാനും കാണാത്തവർക്ക് ജിജ്ഞാസയുളവാക്കാനും പലരും കച്ചവടസ്​ഥാപനങ്ങളുടെ ഒറിജിനൽ പേരുകൾക്ക് മുമ്പിൽ ബോംബെ എന്നു ചേർക്കുന്ന പതിവുണ്ടായിരുന്നു. ഗൾഫ് തീരത്തി​ന്റെ ആകർഷണീയത നിലവിൽ വന്നതോടെ ബോംബെ മാറ്റി ഗൾഫ് എന്നാക്കിയത് അത്ര പുതിയ ഒരാശയമൊന്നുമല്ല. എങ്കിലും ഒരു ബോംബെ ഹെയർ കട്ടിങ്ങ് ഞങ്ങളുടെ കാലത്ത് ഈ രംഗം പിടിച്ചടക്കിയതു പറയാതെ വയ്യ. ഷൊർണൂർ റോഡിൽ ഡോ. വിശ്വനാഥൻ എം.ബി.ബി.എസിന്റെ ക്ലിനിക്കിന് എതിർഭാഗത്തുള്ള, ഓടിട്ട കെട്ടിടത്തിലാണ് പ്രസ്​തുത സലൂൺ ആരംഭിക്കുന്നത്. പലരും അവിടെ പോയ വിശേഷങ്ങൾ കേൾപ്പിക്കാറുണ്ട്. ചാർജ്ജ് അല്പം കൂടുതലാണെത്ര.

റേഡിയോ സിലോണിൽനിന്ന് തലത്ത് മുഹമ്മദ് മുതൽ പാക്കിസ്​ഥാനി ഗായിക നൂർജഹാൻ വരേയുള്ളവരുടെ ഗാനങ്ങൾ ഫ്രീയായി കേൾക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷതയായി സുഹൃത്ത് ഗിരിജാവല്ലഭെൻ്റ വെളിപ്പെടുത്തൽ. അയാൾ ചില അവസരങ്ങളിൽ സ്റ്റേജുകളിലും അല്ലാതേയും പാട്ടു പാടാറുണ്ട്. ബോംബെ സലൂണിൽ ഫോൺ സൗകര്യം ലഭ്യമെന്നാണ് വേറൊരു കക്ഷിയുടെ ഇഷ്​ടംപറച്ചിൽ. ഈ രണ്ട് സംഗതികളും അക്കാലങ്ങളിലെ സലൂണുകളിൽ ഞങ്ങളുടെ പട്ടണത്തിൽ വിരളമായിരുന്നു. ഈ സലൂൺ ഉടമ ചുരുളൻ മുടിയും വീതുളി കൃതാവും വെച്ച കക്ഷിയാണെന്ന് എനിക്കറിയാം. ആൾ ബോംബെവാലയായിരുന്നു എന്നാണ് ഹിസ്റ്ററി. ഞാൻ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ അവിടെ കാലുകുത്തിയിട്ടുള്ളൂ. ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ഡിഗ്രി പരീക്ഷയുടെ റിസൾട്ട് നോക്കാനായിരുന്നു ആദ്യ സന്ദർശനം. പിന്നീട് അതുപോലെയെന്തോ ഒരാവശ്യത്തിനും. ആ സലൂണിനും ഷട്ടറിട്ടു. അവിടെ ഇപ്പോൾ ഒരു ഓഫീസ് പ്രവർത്തിക്കുന്നതും കാര്യക്ഷമമല്ലായെന്നു തോന്നുന്നു.

 റേഡിയോ സിലോണിൽനിന്ന് തലത്ത് മുഹമ്മദ് മുതൽ പാക്കിസ്​ഥാനി ഗായിക നൂർജഹാൻ വരേയുള്ളവരുടെ ഗാനങ്ങൾ ഫ്രീയായി കേൾക്കാം.
റേഡിയോ സിലോണിൽനിന്ന് തലത്ത് മുഹമ്മദ് മുതൽ പാക്കിസ്​ഥാനി ഗായിക നൂർജഹാൻ വരേയുള്ളവരുടെ ഗാനങ്ങൾ ഫ്രീയായി കേൾക്കാം.

ബോംബെയിലെ ബാർബർ ഷോപ്പുകൾ

ഇനി ബോംബെയിലെ ബാർബർഷോപ്പുകളെപ്പറ്റി പറയാം. വി.റ്റി (വിക്ടോറിയ ടെർമിനസ്സ്) ഭാഗത്തു ചെന്നാൽ എതിർഭാഗത്തുള്ള ടൈംസ് ഓഫ് ഇന്ത്യ ഓഫീസ് കെട്ടിടത്തിന് സമീപം ഫുട്പാത്തിൽ നാടൻ രീതിയിൽ കട്ടിങ്ങ് ആൻ്റ് ഷേവിങ്ങ് നടത്തുന്ന യു.പി. വാലകളെ കാണാമായിരുന്നു. മഹാരാഷ്ട്രയുടെ ഉൾപ്രദേശങ്ങളായ നാൻഡെഡ്, അമരാവതി ജില്ലകളിൽ നിന്നിവിടെയെത്തിയ ചിലരും ഈ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. ഫുട്പാത്തിലെ ബാർബർമാരുടെ കസ്റ്റമേഴ്സിൽ ടാക്സി ഡ്രൈവർ, ഡബ്ബാവാലകൾ, കോലികൾ എന്നിവരാണ് അധികവും. ഇതര സംസ്​ഥാനങ്ങളിൽ നിന്നെത്താറുള്ള തൊഴിലന്വേഷകർ ചെലവ് കുറഞ്ഞ (കട്ടിങ്ങ് 5 രൂപ, ഷേവിങ്ങ് ഉൾപ്പെടെ 8 രൂപ) ഈ തെരുവോര ഹെയർകട്ടിങ്ങ് സലൂണുകളെയാണ് ശരണം പ്രാപിക്കുക. ഫുട്പാത്തിൽ ചമ്രം പടിഞ്ഞിരുന്ന് കസ്റ്റമറുടെ കയ്യിൽ കൊച്ചുകണ്ണാടിയും പിടിപ്പിച്ച് മുഖം വടിക്കുന്ന ബാർബറുടെ ചിത്രങ്ങൾ പ്രശസ്​ത ഫോട്ടോഗ്രാഫർ ഗൗതം രാജാദ്ധ്യക്ഷയുടെ ഇഷ്​ടവിഷയമായിരുന്നു. ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ സുവർണ്ണകാലങ്ങളിൽ ഇത്തരം അസുലഭമായ വഴിയോരക്കാഴ്ചകൾ അച്ചടിച്ചുവന്നിരുന്നു. ഖുഷ് വന്ത് സിങ്ങായിരുന്നു അന്നത്തെ പത്രാധിപർ. പാവപ്പെട്ട ഈ തൊഴിലാളികൾ പല സ്റ്റേഷൻ പരിസരങ്ങളിലും പണി ചെയ്തിരുന്ന കാലമുണ്ടായിരുന്നു. നഗരം മോടി കൂട്ടുന്നതിന്റെ ഭാഗമായി ബാർബർമാരെ ഇവിടെനിന്ന് ഓടിച്ചുവിട്ടു. അവരിൽ ഒരാളായ ആൻ്റണി പാറക്കൽ കുന്നംകുളും സ്വദേശിയാണ്. ആൻ്റണി പാറക്കൽ ബോംബെയിലെ ആദ്യകാല മലയാളിയും മിഡ് ഡേ, ഇന്ത്യൻ എക്സ്​പ്രസ്സ്, ഫ്രീപ്രസ്സ് ജേണൽ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ നിരന്തരം കത്തെഴുതാറുള്ള വ്യക്തിയുമാണ്.

പാർലേ ബിസ്​ക്കറ്റ് കമ്പനിയും മാധുരി ദീക്ഷിതിന്റെ ജന്മഗൃഹവും ഞങ്ങളുടെ വർഷ ആഡ് ഏജൻസിയും ഒരുതരത്തിൽ ബന്ധുക്കളാണെന്ന് പറയാം.

ദാദർ സ്റ്റേഷനിൽനിന്ന് വഡാല ഇൻ്റസ്​ട്രിയൽ എസ്റ്റേറ്റിലേക്ക് നായ്ഗാവ് റോഡിലൂടെ ഷോർട്ട് കട്ടടിക്കാം. ആ എസ്റ്റേറ്റിൽ ഒന്നിലായിരുന്നു എന്റെ ഓഫീസ്​. വഴിയുടെ (നായ്ഗാവ് ക്രോസ് റോഡ്) വലതുഭാഗത്തായി റെഡ് റോസ് ത്രീ സ്റ്റാർ ഹോട്ടൽ. അതിന് സമീപം കപൂർ വൈൻഷോപ്പിന് തൊട്ടടുത്തുള്ള ബാർബർ ഷാപ്പിലൊന്നു കയറി. കൗണ്ടറിൽ ഒരു ഈസ്റ്റിന്ത്യൻ സ്​ത്രീ. കഴുത്തിൽ സ്വർണ്ണചെയ്നിൽ തൂങ്ങിക്കിടക്കുന്ന കുരിശ് ധർമ്മസങ്കടത്തിലാണോ എന്നും സംശയിക്കാം. ലേഡീസ് ആൻ്റ് ജൻ്റ്സ് കട്ടിങ്ങ്, ഡൈയ്ങ്ങ് സർവ്വീസാണ് പുറമെയുള്ള ബോർഡ് വിളംബരം ചെയ്യുന്നത്. പ്രൊപ്രൈറ്ററോ ബാർബർഷോപ്പ് നടത്തിപ്പുകാരിയോ എന്നറിയില്ല, സംഭാഷണ തല്പരയാണ്. അവർ വസായ് പാപ്ഡി ചർച്ച് പരിസരത്താണ് താമസം. മലയാളിയെന്നറിഞ്ഞപ്പോൾ പേരും സഭയും മറ്റും ചോദിച്ചറിഞ്ഞു. സന്തോഷം നിറഞ്ഞ മുഖഭാവത്തോടെ അവർ ഒഴിഞ്ഞ സീറ്റിലിരുത്തി. ഫോൺ ചെയ്ത് ഓൺ ഡ്യൂട്ടി ബാർബറെ വിളിച്ചുവരുത്തി സങ്കരഭാഷയിൽ അല്പം ദേഷ്യപ്പെട്ട് എന്നെ ചൂണ്ടിക്കാണിച്ച് പറഞ്ഞു, മര്യാദയ്ക്ക് നന്നായി മുടിവെട്ടണം.

‘ന്യൂ ബാമൻവാഡ ഹെയർ ഡ്രെസ്സിങ്ങ്’ സലൂണിൽ അമിതാബ് ബച്ചൻ, വിനോദ് ഖന്ന, ശത്രുഘ്നൻ സിൻഹ എന്നിവരുടെയും മുഹമ്മദലി, ധാരാസിംങ് എന്നിവരുടെയും  മറ്റ് സ്​പോർട്സ് താരങ്ങളുടെയും കളർ പോസ്റ്ററുകൾ പതിച്ചുവെച്ചിട്ടുണ്ട്.
‘ന്യൂ ബാമൻവാഡ ഹെയർ ഡ്രെസ്സിങ്ങ്’ സലൂണിൽ അമിതാബ് ബച്ചൻ, വിനോദ് ഖന്ന, ശത്രുഘ്നൻ സിൻഹ എന്നിവരുടെയും മുഹമ്മദലി, ധാരാസിംങ് എന്നിവരുടെയും മറ്റ് സ്​പോർട്സ് താരങ്ങളുടെയും കളർ പോസ്റ്ററുകൾ പതിച്ചുവെച്ചിട്ടുണ്ട്.

ആ കട്ടിങ്ങ് സലൂണിൽ തലയിൽ ചായമടിക്കാൻ സന്നദ്ധരായ ചിലർ തലയിൽ പ്ലാസ്റ്റിക് ക്യാപ് വെച്ച് ഉപവിഷ്​ടരായിട്ടുണ്ട്. ബാർബർ മനസ്സിരുത്തി എന്റെ മുടി വെട്ടി. കണ്ണാടിയിൽ നോക്കി, വല്ല്യേ കുഴപ്പമില്ല. നന്ദി പറഞ്ഞ് പുറത്തിറങ്ങവേ ആ സ്​ത്രീ ചോദിക്കുന്നു: ‘‘മാഷേ, നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും മലയാളി ചെക്കന്മാരുണ്ടോ’’യെന്ന്. അവരുടെ ദോസ്തിന്റെ മകളെ കെട്ടാനാണേത്ര. ഞാൻ മതിയോ എന്ന് ചോദിക്കാമായിരുന്നെങ്കിലും, അന്വേഷിച്ചു പറയാം ചേച്ചീ എന്ന് പറഞ്ഞ് ഞാൻ തല്ക്കാലം വിടചൊല്ലി. ആ അന്വേഷണം ഇതുവരെ തീർന്നിട്ടില്ല.

ഇതര സംസ്​ഥാനങ്ങളിൽ നിന്നെത്താറുള്ള തൊഴിലന്വേഷകർ ചെലവ് കുറഞ്ഞ (കട്ടിങ്ങ് 5 രൂപ, ഷേവിങ്ങ് ഉൾപ്പെടെ 8 രൂപ) തെരുവോര ഹെയർകട്ടിങ്ങ് സലൂണുകളെയാണ് ശരണം പ്രാപിക്കുക
ഇതര സംസ്​ഥാനങ്ങളിൽ നിന്നെത്താറുള്ള തൊഴിലന്വേഷകർ ചെലവ് കുറഞ്ഞ (കട്ടിങ്ങ് 5 രൂപ, ഷേവിങ്ങ് ഉൾപ്പെടെ 8 രൂപ) തെരുവോര ഹെയർകട്ടിങ്ങ് സലൂണുകളെയാണ് ശരണം പ്രാപിക്കുക

പാർലേ ബിസ്​ക്കറ്റ് കമ്പനിയും മാധുരി ദീക്ഷിതിന്റെ ജന്മഗൃഹവും ഞങ്ങളുടെ വർഷ ആഡ് ഏജൻസിയും ഒരുതരത്തിൽ ബന്ധുക്കളാണെന്ന് പറയാം. ബിസ്​ക്കറ്റ് കമ്പനി വിലേ പാർലെ സ്റ്റേഷന് സമീപമാണെങ്കിൽ മാധുരിയുടെ ആദ്യകാല താമസം ഏതാണ്ട് ഒരു മൈൽ അകലെയുള്ള വിലെ പാർലേയിലെ മഹാരാഷ്ട്രീയൻ ബ്രാഹ്മണരുടെ തട്ടകത്തിലാണ്. ഞങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്നത് അവിടെനിന്ന് ഒരു മൈലിസ് ദൂരമുള്ള ബാമൻവാഡ, ചക്കാല സിഗരറ്റ് ഫാക്ടറിക്ക് തൊട്ടടുത്തുള്ള സർവ്വോദയ ഹൗസിങ്ങ് സൊസൈറ്റിയിലുമാണെങ്കിലും പഴയ തറവാട്ട് ബന്ധം വിളക്കിച്ചേർക്കുന്ന പുത്തൻ പണക്കാർ ഇത്തരത്തിലുള്ള ഓരോന്നാണ് യുക്തം പോലെ പറഞ്ഞുറപ്പിക്കുക. ആ ദോഷം ഞാനിവിടെ താല്ക്കാലികമായി ഉപയോഗിക്കുന്നു.

ഞങ്ങളുടെ ഏജൻസി ഫുൾ സ്വിങ്ങിലാണ് പ്രവർത്തനം. അവിടെ ദിൻകർ ബോസ്ല (ഓൾറൗണ്ടർ) ‘ഷോലെ’യിലെ ഡയലോഗ് ഇടക്കിടെ വീശും. ആർട്ടിസ്റ്റ് നന്ദുഭവസാർ താടിതടവിയാണ് കട്ടിങ്ങ്–പേസ്റ്റിങ്ങ് നടത്തുക. ചായയിൽ പഞ്ചസാരയും പാലും അധികം വേണമെന്ന പിടിവാശിക്കാരനായ നന്ദുവിന് എരുമകളെ വളർത്തുന്നതാണ് അഭികാമ്യമെന്ന് ഭോസ്​ലെ പറയാറുണ്ട്. വിഷ്വലൈസർ സതീശ് ദേശ്പാണ്ഡേ സാംഗ്ലി വിശേഷങ്ങൾ അയവിറക്കുന്നതോടൊപ്പം റോസ്റ്റഡ് കപ്പലണ്ടി ചവക്കുക പതിവാണ്. അയാളുടെ ഗ്രാമത്തിൽ നിലക്കടല വ്യാപാരാടിസ്​ഥാനത്തിലാണ് കൃഷി ചെയ്യുന്നത്. എനിക്കാണെങ്കിൽ ഇടക്കിടെ കട്ടിങ്ങ് ചായ അടിക്കണം. അതിനായി പുറമെ പോയി യു.പി.വാലയുടെ കടയിൽനിന്ന് ഫോർസ്​ക്വയർ കിങ്ങ് സിഗരറ്റ് പുകച്ചു മാത്രമേ തിരികെ വരൂ.

ഗ്രാൻ്റ് റോഡ് സോളാങ്കി റോഡിലെ മിനർവ തിയേറ്റർ ഇന്ന് ലോക്കണ്ട്വാല ഗ്രൂപ്പിന്റെ 78 നിലകളുള്ള കൂറ്റൻ റസിഡൻഷ്യൽ ബിൽഡിങ്ങിന് വഴിമാറിക്കൊണ്ടിരിക്കുന്നു.

ഏജൻസി ഉടമ സുഷമ ചൗധരി സൈക്കോളജി ബിരുദധാരിയാണ്. ഞങ്ങളുടെ മനഃശ്ശാസ്​ത്രവശത്തെക്കുറിച്ച് അവർക്കു വലിയ പിടിപാടൊന്നുമില്ല. പിന്നെയുള്ളത് പുതുതായി ജോലിക്കു ചേർന്ന പെൺകുട്ടി, രണ്ടായി മെടഞ്ഞിട്ട തലമുടി താലോലിക്കുന്ന സുന്ദരിക്കുട്ടി ലളിതാ പാട്ടീൽ. അവൾക്ക് മാധുരി ദീക്ഷിതിനെപ്പോലെ ബോളിവുഡിൽ പറന്നുകളിക്കാൻ അത്യാഗ്രഹിച്ച് ബോംബെയിലെത്തിതാണെന്ന് സ്വകാര്യമായി എന്നെ ധരിപ്പിച്ചിട്ടുണ്ട്. രണ്ടാനച്ഛന്റെ മാരണത്തിൽനിന്ന് പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള പെൺകുട്ടി എടുത്തുചാടി ഗാങ്ങ്സ്റ്റർ അരുൺ ഗാവ്​ലി വിളയാടിയിരുന്ന ബൈക്കുള ദഗ്ഡിചോൾ പരിസരത്തുള്ള മറ്റൊരു മൊഹല്ലയിലാണ് അമ്മാവനൊപ്പം താമസം. ഇടയ്ക്കിടെ മാത്രം മുഖം കാണിക്കുന്ന, കോപ്പിറൈറ്റിങ്ങ് നടത്തുകയും അന്യരെ അനുകരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന റോണി (റോണി പെരേര) വേറൊരു വ്യത്യസ്​ത കഥാപാത്രമാണ്. ഏജൻസിയിൽ പതിവായി സന്ദർശിക്കുന്നവരിൽ വിശ്വനാഥ പാഠൺക്കർ, (നാനാ പഠേക്കറായി ഇപ്പോൾ അറിയപ്പെടുന്ന ബോളിവുഡ് സൂപ്പർ താരം), സംവിധായകൻ കമലാകർ തോർണെ, സഹസംവിധായകൻ വിലാസ് പാട്ടീൽ എന്നിവരുമാണ്. സുഹൃത്ത് കോളേങ്ങാട്ട് ലൈൻവാല വിജയനാണ് ആ ഏജൻസിയിൽ എന്നെ നിർബ്ബന്ധപൂർവ്വം ചേർത്തത്. ആൾ വാചകമടിച്ചും സിഗരറ്റ് പുകച്ചും ഇടയ്ക്കിടെ തമാശ് പറയുന്ന ‘പാർട്ടി എനിമൽ’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്. ഉടമ സുഷമയും പാർട്ട്ണർ വിനു വഡ്ഗാവർക്കറുമായി ചങ്ങാത്തത്തിലുമാണ്.

ഞങ്ങളുടെ വർഷ ആഡ് ഏജൻസിയിൽ പതിവായി സന്ദർശനം നടത്തിയിരുന്ന ആളാണ് വിശ്വനാഥ പാഠൺക്കർ. പിന്നീട് നാനാ പഠേക്കർ എന്നറിയപ്പെട്ടു.
ഞങ്ങളുടെ വർഷ ആഡ് ഏജൻസിയിൽ പതിവായി സന്ദർശനം നടത്തിയിരുന്ന ആളാണ് വിശ്വനാഥ പാഠൺക്കർ. പിന്നീട് നാനാ പഠേക്കർ എന്നറിയപ്പെട്ടു.

എനിക്കും വിജയനും മുടിവെട്ടണമെന്ന ആഗ്രഹമുദിച്ച ഒരുനാൾ. അയാൾക്ക് ശനി, ഞായർ മുടക്കമുള്ള മന്ത്രാലയയിലാണ് അന്ന് സ്റ്റെനോഗ്രാഫറുടെ ജോലി. ഞങ്ങളിരുവരും ബാമൻവാഡ പരിസരം കറങ്ങി അവിടവിടെ തമ്പടിച്ച് ഒടുവിൽ ആര്യൻ ബ്രഷ് കമ്പനിക്ക് (കുറെനാൾ മുമ്പ് അതിന് ഷട്ടറിട്ടു) സമീപസ്​ഥമായ മാംഗ്ലൂരിയൻ ഹോട്ടലിൽ കയറി താലി (ഊണ്) തരമാക്കി. തൊട്ടുമാറിയുള്ള ‘ന്യൂ ബാമൻവാഡ ഹെയർ ഡ്രെസ്സിങ്ങ്’ സലൂണിൽ കയറി. അവിടെ അമിതാബ് ബച്ചൻ, വിനോദ് ഖന്ന, ശത്രുഘ്നൻ സിൻഹ എന്നിവരുടെയും മുഹമ്മദലി (ബോക്സിംഗ് ചാമ്പ്യൻ), ധാരാസിംങ് എന്നിവരുടെയും മറ്റ് സ്​പോർട്സ് താരങ്ങളുടെയും കളർ പോസ്റ്ററുകൾ പതിച്ചുവെച്ചിട്ടുണ്ട്.

ഒഴിവുള്ള കസേരകളിൽ ഞങ്ങളിരുന്നു. അങ്ങേ അറ്റത്ത് വിജയനും ഞാൻ ഇങ്ങേ അറ്റത്തുമാണ് ഇരുന്നുകൊടുത്തത്. ഞങ്ങളുടെ വേഷഭൂഷാദികൾ ഹിപ്പികൾ ഉപേക്ഷിച്ചുപോയ ഫാഷൻ–ബെൽബോട്ടം പാൻ്റും അരപ്പട്ടയായി ദ്വാരങ്ങളുള്ള ബെൽറ്റും ചെക്ക് ഷർട്ടുമാണ്. കാലിൽ വലിയ ഹീലുള്ള, മുന്നിൽ വൃത്താകൃതിയുള്ള ‘കരോണ ഷൂ’വുമുണ്ട്. ബാർബർ നമ്പർ–1 വിജയനോട് ഏത് സ്റ്റൈൽ വേണമെന്ന ആദ്യ ചോദ്യമെറിഞ്ഞു. ഒട്ടും മടിക്കാതെ അയാൾ അമിതാബിന്റെ ചിത്രം ചൂണ്ടിക്കാട്ടി. കത്രിക ചലിപ്പിച്ച ബാർബർ പണി തുടങ്ങിക്കഴിഞ്ഞു. എന്നെ നോക്കി ബാർബർ നമ്പർ–2 ചോദിച്ചപ്പോൾ ഞാനും അമിതാബിനെ ചൂണ്ടിക്കാട്ടി. ആ കക്ഷി കത്രിക, ചീർപ്പ്, മറ്റ് പണിയായുധങ്ങൾ മേശമേൽ വെച്ച് എന്റെ തലമുടി കൈവിരൽ കൊണ്ട് ഉയർത്തി ഉൾക്കനം പരിശോധിച്ച് ഒരൊറ്റച്ചിരി; ‘കഹാം സെ ചലേ ആത്തേ ഹേ യേ ഫാൾതു’- എവിടെ നിന്നാടാ ഈ വളിപ്പൻ എന്നായിരുന്നു അയാളുടെ വാമൊഴി. മാങ്ങ ഉപ്പിലിട്ടതുപോലെ മുഖമുള്ള ബാർബറെ ഞാൻ കുത്തിക്കൊല്ലുമായിരുന്നു. പകരം, നാണക്കേടായി വാക്കൗട്ട് നടത്തി പുറത്തുവന്നു. അരമണിക്കൂർ കഴിഞ്ഞ് സുഹൃത്ത് പുറത്തെത്തി. കക്ഷി മുഖം പൊത്തിപ്പിടിച്ചിരിക്കുന്നു. എന്റെ സുഹൃത്ത് പറഞ്ഞത് ബാർബർ നമ്പർ–1 അക്ഷരംപ്രതി പാലിച്ചു. വിജയെൻ്റ അഴകാർന്ന ദേബ്രേ സ്റ്റൈൽ മീശ അപ്പാടെ നിഷ്കരുണം അയാൾ വടിച്ചുകളഞ്ഞു. ചോദിച്ചപ്പോൾ ആ ബാർബർ വീണ്ടും അമിതാബിന്റെ ചിത്രം ചൂണ്ടിക്കാട്ടി മന്ദഹസിച്ചെത്ര. അമിതാബ് മീശ വെക്കാറില്ലായെന്ന് ആ പോസ്റ്റർ സാക്ഷ്യം പറഞ്ഞിട്ടുണ്ടാകണം! ആശാരിമാരുടെ വീതുളി പോലൊരു കൃതാവ് ബാർബർ വിജയന്റെ കവിളിൽ ബാക്കി വെച്ചത് മഹാഭാഗ്യം. അപ്പോൾ സുഹൃത്ത് ഒരു സദുപദേശം കൂടി തന്നു–മുടിവെട്ടുമ്പോൾ കസ്റ്റമർ ഉറങ്ങരുതെന്ന്!

ബാർബർ നമ്പർ–1 വിജയനോട് ഏത് സ്റ്റൈൽ വേണമെന്ന ആദ്യ ചോദ്യമെറിഞ്ഞു. ഒട്ടും മടിക്കാതെ അയാൾ അമിതാബിന്റെ ചിത്രം ചൂണ്ടിക്കാട്ടി
ബാർബർ നമ്പർ–1 വിജയനോട് ഏത് സ്റ്റൈൽ വേണമെന്ന ആദ്യ ചോദ്യമെറിഞ്ഞു. ഒട്ടും മടിക്കാതെ അയാൾ അമിതാബിന്റെ ചിത്രം ചൂണ്ടിക്കാട്ടി

ഗ്രാൻ്റ് റോഡ് പ്രസിദ്ധവും അതോടൊപ്പം അല്പം കുപ്രസിദ്ധവുമായ ഇടമാണ്. പ്രൈഡ് ഓഫ് മഹാരാഷ്ട്ര– മിനർവാ തിയേറ്ററും കാമാഠിപുരയും ഉണ്ടായിരുന്ന ആ പ്രദേശത്തിന്റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്നു. വേശ്യാഗൃഹങ്ങൾ നിരനിരയായുണ്ടായിരുന്ന കാമാഠിപുര ഇടിച്ച് നിരത്തി അവിടെ മഹാരാഷ്ട്ര ഹൗസിങ്ങ് സൊസൈറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും. ഷോലെ മുതൽ ബാൻഡിറ്റ് ക്വീൻ അടക്കമുള്ള നിരവധി പോപ്പുലർ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന മിനർവയ്ക്ക് ഷട്ടറിട്ടിട്ട് കുറേ നാളുകളായി. ഗ്രാൻ്റ് റോഡ് സോളാങ്കി റോഡിലെ മിനർവ തിയേറ്റർ ഇന്ന് ലോക്കണ്ട്വാല ഗ്രൂപ്പിന്റെ 78 നിലകളുള്ള കൂറ്റൻ റസിഡൻഷ്യൽ ബിൽഡിങ്ങിന് വഴിമാറിക്കൊണ്ടിരിക്കുന്നു.

ഷോലെ മുതൽ ബാൻഡിറ്റ് ക്വീൻ അടക്കമുള്ള നിരവധി പോപ്പുലർ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന മിനർവയ്ക്ക് ഷട്ടറിട്ടിട്ട് കുറേ നാളുകളായി.
ഷോലെ മുതൽ ബാൻഡിറ്റ് ക്വീൻ അടക്കമുള്ള നിരവധി പോപ്പുലർ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന മിനർവയ്ക്ക് ഷട്ടറിട്ടിട്ട് കുറേ നാളുകളായി.

ഗ്രാൻ്റ് റോഡിൽ മൂന്ന് നവ്ജീവൻ സൊസൈറ്റികളുണ്ട്. വിശാലമായ റോഡിലൂടെ നിരന്തരം പായുന്ന കാറുകളും അരിച്ച് നീങ്ങുന്ന ബി.ഇ.എസ്​.റ്റി ബസ്സുകളും ഫുട്പാത്തുകളിൽ പച്ചക്കറി വില്പനക്കാരുടെ ‘പൂഹോയ്’ വിളികളും നിങ്ങളെ അവിടെ എതിരേൽക്കുന്നു. സൊസൈറ്റി നമ്പർ–2വിൽ പ്രവർത്തിക്കുന്ന, സിനിമാപരസ്യങ്ങളും ഗുജറാത്തി നാടകങ്ങളും മാത്രം റിലീസ് ചെയ്യുന്ന ‘പാരസ് പബ്ലിസിറ്റി’ ഉടമ ദീപക് വസാനിയുമായി ഞാൻ ചങ്ങാത്തത്തിലാണ്. മാസത്തിലൊരിക്കലെങ്കിലും ആശാനെ മുഖം കാണിച്ചില്ലെങ്കിൽ ‘‘ആജ്കൽ ആപ് കാ ദർശൻ നഹി മിൽത്താ’’ എന്നൊക്കെ പരിഭവിക്കും. അയാളേയും പത്തുമുതൽ പന്ത്രണ്ട് പേരെയെങ്കിലും നേരിൽ കണ്ട് എന്റെ ‘മുഖകമലം’ പ്രദർശിപ്പിച്ചില്ലെങ്കിൽ എന്റെ ജോലി തെറിപ്പിക്കുമെന്ന് ഞങ്ങളുടെ ബോസ് ജോസഫ് പഠാണി ഭീഷണിപ്പെടുത്താറുമുണ്ട്. ആഹാരത്തിെൻ്റ പ്രശ്നമാണ്. അത് മുടങ്ങാതിരിക്കാനുള്ള തീവ്ര പരിശ്രമം നടത്താതെ ഞങ്ങൾക്ക് നിവൃത്തിയില്ല.

കാമാഠിപുര ഇടിച്ചുനിരത്തി മഹാരാഷ്ട്ര ഹൗസിങ്ങ് സൊസൈറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും.
കാമാഠിപുര ഇടിച്ചുനിരത്തി മഹാരാഷ്ട്ര ഹൗസിങ്ങ് സൊസൈറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും.

‘പാരസ് പബ്ലിസിറ്റി’ വസാനിയെക്കണ്ട് വണങ്ങി വിശേഷങ്ങൾ പറഞ്ഞ് അന്ന് തിരികെ ലിഫ്റ്റിൽ നവ്ജീവൻ സൊസൈറ്റിയുടെ മൂന്നാംനിലയിൽ ഇറങ്ങി. ഇടതുഭാഗത്താണ് ‘പാരഡൈസ് ഹെയർ ഡ്രെസിങ് സലൂൺ എ.സി’ (ജെൻ്റ്സ് ആൻ്റ് ലേഡീസ്​). അപ്പോൾ അടഞ്ഞുകിടന്നിരുന്ന ചില്ലുവാതിൽ തള്ളിത്തുറക്കേണ്ടിവന്നു. അവിടെ വെറും നിലത്ത് ഗ്യാസ് സ്റ്റൗവിൽ ദാൾ (പരിപ്പ്) തിളയ്ക്കുന്നുണ്ട്. പ്രായം അല്പം കടന്ന സ്​ത്രീ പച്ചക്കറികൾ കറിക്കരിയുന്നു. നേപ്പാളിയുവതി ‘ബാങ്ക്ഡാ’ (അയല) വൃത്തിയാക്കുന്ന തിരക്കിൽ. ആറേഴ് ദിവസങ്ങളോളം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് അവളുടെ തൊട്ടരികെ നിലത്തുവിരിച്ച ഫ്ളക്സ് ഷീറ്റിൽ ഒന്നുമറിയാതെ മയക്കത്തിലാണ്. ചുമരിൽ ബുദ്ധദേവന്റെ ഛായാചിത്രം. പൊക്കിൾക്കൊടിയിൽ എന്തോ പൊടിതേച്ച് പിടിപ്പിച്ചിരിക്കുന്നു. മുറിവുണങ്ങാൻ സഹായിക്കുന്ന മഞ്ഞൾപൊടിയാകാം. കതകിൽ ‘ഓപൺ’ എന്ന ചെറിയ ബോർഡ്. ‘‘ജീവിതമേ നിത്യവേദനയല്ലോ നീയെനിക്കു നല്കീ’’, യേശുദാസ് എന്തിനാവോ വന്ന് ഇപ്പോൾ കാതിൽ ഈ വരികൾ മൂളുന്നത്. ഞാൻ താഴെയിറങ്ങി പരിസരം വിട്ടു.

മഹാനഗരത്തിലെ പോഷ് ലൊക്കാലിറ്റികളിൽ ‘ലേഡീസ് ഓൺലി ബ്യൂട്ടി പാർലറുകൾ’ ധാരാളമാണ്. LAKME PRODUCTS സ്​ത്രീകളുടെ സൗന്ദര്യ സംരക്ഷണം ഉദ്ദേശിച്ച് ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ‘ബഡാ’ കമ്പനിയാണ്.
മഹാനഗരത്തിലെ പോഷ് ലൊക്കാലിറ്റികളിൽ ‘ലേഡീസ് ഓൺലി ബ്യൂട്ടി പാർലറുകൾ’ ധാരാളമാണ്. LAKME PRODUCTS സ്​ത്രീകളുടെ സൗന്ദര്യ സംരക്ഷണം ഉദ്ദേശിച്ച് ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ‘ബഡാ’ കമ്പനിയാണ്.

മഹാനഗരത്തിലെ പോഷ് ലൊക്കാലിറ്റികളിൽ ‘ലേഡീസ് ഓൺലി ബ്യൂട്ടി പാർലറുകൾ’ ധാരാളമാണ്. LAKME PRODUCTS സ്​ത്രീകളുടെ സൗന്ദര്യ സംരക്ഷണം ഉദ്ദേശിച്ച് ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ‘ബഡാ’ കമ്പനിയാണ്. ചർച്ച് ഗേറ്റിൽനിന്ന് നരിമാൻ പോയിൻ്റിലേക്കുള്ള മഹർഷീ കാർവേ റോഡിൽ ഇവരുടെ ബ്യൂട്ടിപാർലർ കാണാം. ലാക്മേ പ്രൊഡക്റ്റുകളുടെ വിന്റോ ഡിസ്​പ്ലേ ഓഫീസ് ഗോവേഴ്സ് യുവതികളും സ്​ത്രീകളും കണ്ട് ആസ്വദിക്കുന്നത് പതിവു​കാഴ്ച. ഖാർറോഡ്, ബാന്ദ്ര, മഹാലക്ഷ്മി, പെഡ്ഡാർ റോഡ് ഏരിയകളിലെ ബ്യൂട്ടി പാർലറുകളിൽ വന്നിറങ്ങാറുള്ള സ്ത്രീകളുടെ ഡ്രൈവർമാർ ധവളവസ്​ത്രധാരികളും വെളുത്ത തൊപ്പി വെച്ചവരുമാണെന്നുള്ളത് ലേഡീസിന്റെ സോഷ്യൽ സ്റ്റാറ്റസ് വർദ്ധിപ്പിക്കാനാണെന്ന് തോന്നുന്നു. ആയമാർ അവരുടെ കുഞ്ഞുങ്ങളെ പെരാമ്പുലേറ്ററിൽ കിടത്തി ഡ്രൈവർമാരോട് ‘പഞ്ചാരവർത്തമാനം’ പറയാറുള്ളതും ഒരു കാഴ്ചയാണ്.

തൃശൂരിന്റെ ഹൃദയഭാഗങ്ങളിൽ ശരിയായ അർത്ഥത്തിൽ ലേഡീസ് ബ്യൂട്ടി പാർലർ ഇടംപിടിച്ചത് 2000–മാണ്ടിന്റെ ആദ്യ കാലങ്ങളിലാണ്

തലമുടിയുടെ കളറിങ്ങ് (ചെമ്പൻ, കറുപ്പ്, ഇവ ഇടകലർത്തിയും), ഫേഷ്യൽ, പെഡിക്യൂർ, മെഡിക്യൂർ തുടങ്ങി നഖം മുറിക്കൽ വരെ ഇത്തരം ബ്യൂട്ടിപാർലറുകളിൽ സജ്ജമാണ്. ഇന്ന് സാധാരണക്കാരായ സ്​ത്രീകളും യുവതികളും കുട്ടികളോടൊപ്പം പാർലറുകളിലെത്തുന്നത് പുതിയ കാഴ്ചയല്ല. മസാജ് സെൻ്ററുകളും ‘സ്​പാ’ ഇടപാടുകളും ബ്യൂട്ടിപാർലറുകളിൽ ബോംബെയിൽ സർവ്വസാധാരണമായിരിക്കുന്നു. മഹാനഗര പ്രാന്തങ്ങളിലുള്ള കേരളീയ ആയുർവേദ മരുന്ന് വില്പനശാലകളിൽ പലതും ‘സ്​പാ’കളായി മാറിയെന്ന് ബന്ദാബായിയുടെ മകൾ യമു (യമുന) പറയുന്നു. അവൾ ഒരു ബ്യൂട്ടിപാർലർ വസയ് വെസ്റ്റിൽ ആരംഭിച്ചിട്ടുണ്ട്.

തൃശൂരിന്റെ ഹൃദയഭാഗങ്ങളിൽ ശരിയായ അർത്ഥത്തിൽ ലേഡീസ് ബ്യൂട്ടി പാർലർ ഇടംപിടിച്ചത് 2000–മാണ്ടിന്റെ ആദ്യ കാലങ്ങളിലാണ്. പഴയ കെട്ടിടങ്ങൾ റിനോവേറ്റ് ചെയ്ത് ആർകിടെക്ച്വറൽ സ്​ക്കില്ലും ഇൻ്റീരിയർ ഡെക്കറേഷനും മറ്റും നടത്തുന്ന ഒന്നുരണ്ടുപേരെ നേരിൽ പരിചയമുണ്ട്. അവരുടെ പ്രത്യേക ടച്ചുകളുള്ള ഐറ്റങ്ങളിൽ ഒന്നാണ് ബ്യൂട്ടിപാർലർ നിർമ്മാണം. ഇത്തരമൊരാളുടെ കീഴിൽ ജോലിയെടുക്കുന്ന കെ.എസ്​. പരമേശ്വരൻ സമീപവാസിയാണ്. ‘ഇക്കോ ഫ്രണ്ട്​ലി അറ്റ്മോസ്​ഫിയർ കൺസെപ്റ്റിന്റെ കൊടിക്കീഴിലാണ്’ ഈ നവീകരണമെന്ന് പരമേശ്വരെൻ്റ ഭാഷ്യം. പത്മരാജന്റെ ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിൽനിന്ന് കട്ടെടുത്തതാണ് എ.കെ. രാഗിണി എന്ന പരിചയക്കാരിയുടെ ‘ഈവ ബ്യൂട്ടിപാർലറെ’ന്ന് എനിക്കറിയാം. അവർ നായ്ക്കനാൽ പരിസരത്തായിരുന്നു ആദ്യം താമസിച്ചിരുന്നത്. കാലം മാറിയതോടെ, പഴയ സിനിമാരംഗത്ത് തിളങ്ങിനിന്നിരുന്ന കുഞ്ചാക്കോ ചിത്രങ്ങളായ ഭാര്യയിലും ഉണ്ണിയാർച്ചയിലും അഭിനയിച്ച സിനിമാനടി രാഗിണി പ്രേക്ഷകമനസ്സിൽ ഇപ്പോഴില്ല. അതുപോലെ ഈ എ.കെ. രാഗിണിയുടെ ഈവ ബ്യൂട്ടി പാർലറും എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.

കേരളത്തിലെ മറ്റേതൊരു തൊഴിൽമേഖലയിലുമെന്നപോലെ സലൂണുകളിലും ഇതര സംസ്​ഥാനക്കാർ വന്നെത്തി രംഗം കീഴടക്കിയിട്ടുണ്ട്. ബംഗാൾ, ഒറീസ്സ, തമിഴ്നാട് എന്നീ സംസ്​ഥാനങ്ങളിൽനിന്നു മാത്രമല്ല, ഹിമാചൽ പ്രദേശ്, ഭൂട്ടാൻ, നേപ്പാൾ, തുടങ്ങിയ ഇടങ്ങളിൽനിന്നും യുവതികളും യുവാക്കളും ബ്യൂട്ടിപാർലറുകളിലും ഹെയർ കട്ടിങ്ങ് സലൂണുകളിലും ജോലി നോക്കുന്നു. നേപ്പാളിയായ അലിഖാനും അയാളുടെ വാമഭാഗം സോനിയ, കുഞ്ഞുമകൾ മിയാ എന്നിവരും എന്റെ അയൽപക്കത്ത് വീട് വാടകയ്ക്കെടുത്തു താമസിച്ചിരുന്നു. നഴ്സിങ്ങ് പഠിക്കാൻ സോനിയക്ക് നേപ്പാളിൽ അവസരം ലഭിച്ചപ്പോൾ മിയക്കുട്ടിയുമൊന്നിച്ച് സ്വന്തം രാജ്യത്തേക്ക് തിരികെ പോയി. അലിഖാനും സമാന ജോലി ചെയ്യുന്ന അയാളുടെ സുഹൃത്തുക്കളും അതേ വീട്ടിൽത്തന്നെ താമസം തുടരുന്നു.

ബാർബർ തങ്കവേൽ, പാലക്കാട് തമിഴ്നാട് അതിർത്തിപ്രദേശമായ കമ്പം–തേനിയിൽ നിന്നാണ് തൃശൂരിലെത്തിയത്. ഇവിടെ സലൂണിൽ ജോലിക്കു വന്ന അവസരത്തിൽ അയാൾക്ക് കേരള ഗവ: ലോട്ടറിയുടെ പത്ത് ലക്ഷം രൂപ സമ്മാനമടിച്ചു. ടിക്കറ്റ് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്ത തങ്കവേൽ പണമെടുക്കാൻ ഒരിക്കൽ മാത്രമെത്തി, ആ തുക കൈപ്പറ്റി സ്​ഥലംവിട്ടെന്ന് സലൂണിന്റെ സാക്ഷാൽ ഉടമ പ്രഭാകരൻ സങ്കടപ്പെടുന്നു. താൻ വാങ്ങിക്കൊടുത്ത ബീറി​ന്റെ നന്ദി വാക്കാൽപോലും പ്രകടിപ്പിച്ചില്ലെന്ന പ്രഭാകര​ന്റെ പരാതി പ്രധാനമാണ്.

ബാർബർമാർക്ക് സംഘടനയുണ്ടെങ്കിലും അവരുടെ കട്ടിങ്ങ്– ഷേവിങ്ങ് നിരക്കുകളുടെ ചാർട്ടിനുനേരെ കാണുന്ന കൂലി പലരും ഈടാക്കുന്നില്ലത്രേ.

ബാർബർമാർക്ക് സംഘടനയുണ്ടെങ്കിലും അവരുടെ കട്ടിങ്ങ്– ഷേവിങ്ങ് നിരക്കുകളുടെ ചാർട്ടിനുനേരെ കാണുന്ന കൂലി പലരും ഈടാക്കുന്നില്ലത്രേ. ആളും തരവും നോക്കിയും പതിവുകാരെന്നോ അല്ലയോ എന്നുമൊക്കെയുള്ള തീരുമാനങ്ങളുടെ അടിസ്​ഥാനത്തിലുമാണ് ചാർജ്ജ് ചെയ്യുകയെന്ന് പുത്തൻ തലമുറയിലെ ബാർബർ മുരളി പറയുന്നു.
വിവാഹാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ബ്യൂട്ടീഷ്യൻമാർ ഉഷാറാണ്. വധുവി​ന്റെ മുഖവും കൈകാലുകളും, നഖം വരെയും മിനുസപ്പെടുത്തുന്ന പാക്കേജ് ഈ സൗന്ദര്യവൽക്കരണത്തിൽ ഉൾപ്പെടുന്നു. അതിന് 20,000 മുതൽ 25,000 രൂപ വരെയാണ് ചാർജ്ജ്. ഊബർ ടാക്സിക്കൂലി, ഊണ്, കാപ്പി ഇവ വേറെയും നൽകണം. ബ്യൂട്ടീഷന് അകമ്പടിയായി അസിസ്റ്റൻ്റുമുണ്ടാകും. വരന്റെ കേശാലങ്കാരം ആൺ ബ്യൂട്ടീഷ്യന്മാരാണ് കൈകാര്യം ചെയ്യുക. കോട്ട്–സ്യൂട്ട് വാടകയ്ക്കെടുത്തോ അല്ലാതെയോ അണിഞ്ഞ് വിവാഹവേദിയിലെത്താറുള്ള വരന്റെ ‘മുഖകമലം’ രാസവസ്​തുക്കൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്​തുക്കളെക്കൊണ്ടാണ് മോടികൂട്ടുകയെന്ന് ഒരു നവവരൻ പറയുന്നു, അങ്ങനെയുമാകാം.

തൃശൂരിലെ സ്വരാജ് റൗണ്ട്
തൃശൂരിലെ സ്വരാജ് റൗണ്ട്

ഒരിക്കൽ ഞാൻ സ്വരാജ് റൗണ്ടിലുള്ള ബാർബർ ഷോപ്പിൽ ഷേവിങ്ങിനായി കയറി. എന്റെ വേഷവും സംസാരവുമെല്ലാം കണ്ട ബാർബർ കഥകളെഴുതാറുണ്ടോയെന്നൊരു ചോദ്യമെറിഞ്ഞു. കഷ്​ടകാലത്തിന് ചിലപ്പോഴെന്ന ഉത്തരവും പറഞ്ഞു. ഷേവിങ്ങ് കഴിഞ്ഞ് മുഖമാകെ ഓൾഡ് സ്​പൈസ് ഷേവിങ്ങ് ലോഷൻ പുരട്ടിയപ്പോൾ വല്ലാത്ത നീറ്റം. സംഗതി ഇതാണ്: കഥയുടെ ചിത്രീകരണം അയാൾ എ​ന്റെ മുഖത്ത് അരങ്ങേറ്റി എന്നുമാത്രം. അതായത് ചിത്രകലയുടെ ബേസിക് പാഠങ്ങൾ പ്രാക്ടീസ് ചെയ്തത് ആ കക്ഷി എന്റെ ‘സുന്ദരകളേബര മുഖത്താണ്’.


Summary: As in any other profession in Kerala, salons have also been conquered by people from other states. K.C. Jose writes.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments