കെ.ഇ.എൻ Photo: Shafeek Thamarassery

'മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഞാന്‍ തോറ്റതാണ്’; മനുഷ്യകഥാനുഗായിയായ ഒരു ജീവിതകാലം

കാമ്പസിൽ അധ്യാപകനായും പുറത്തും തെരുവിലുമെല്ലാം സാംസ്കാരിക പ്രഭാഷകനായും ജീവിച്ച ഒരു അധ്യാപകൻ, ജോലിയിൽനിന്ന് വിരമിച്ചശേഷമുള്ള പലതരം വിനിമയങ്ങളെ ഓർത്തെടുക്കുന്നു.

ധ്യാപകജോലിയിൽനിന്ന് ഞാന്‍ വിരമിച്ചത് 55ാം വയസ്സിലാണ്, 2011-ൽ കോഴിക്കോട് ഫാറൂഖ് കോളേജില്‍നിന്ന്. റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്ന കാലം കൂടിയായിരുന്നു അത്. വളരെ സത്യസന്ധമായി പറഞ്ഞാല്‍, അതില്‍ ഏറെ സങ്കടപ്പെട്ട ആളു കൂടിയാണ് ഞാന്‍. വിരമിക്കല്‍ പ്രായം വധിപ്പിക്കുകയായിരുന്നുവെങ്കില്‍ വളണ്ടറി റിട്ടര്‍മെന്റ് എടുക്കാന്‍ തീരുമാനിച്ചിരുന്നു.

റിട്ടയര്‍മെന്റ് എന്നത് എനിക്ക് ഒരു അസ്വസ്ഥതയുമുണ്ടാക്കിയിട്ടില്ല എന്നു മാത്രമല്ല, പരേക്ഷമായ ആഹ്ലാദമാണുണ്ടാക്കിയത്. എനിക്ക് ക്ലാസ്‌റൂമും ക്ലാസ് റൂം അന്തരീക്ഷവും ഇഷ്ടമല്ലാത്തതുകൊണ്ടല്ല അത്. മറിച്ച്; ക്ലാസ് റൂമിലെ അധ്യാപകൻ, സാംസ്‌കാരിക പരിപാടികളിലെ പങ്കാളി എന്നീ സാഹചര്യങ്ങൾ പല സമയത്തും ക്ലാഷാകും. ഞാനായിരിക്കും കോളേജില്‍ ഏറ്റവും കൂടുതല്‍ ലീവ് എടുത്തിട്ടുണ്ടാകുക. കാഷ്വൽ ലീവ്, ഡ്യൂട്ടി ലീവ്, ഹാഫ് ഡേ ലീവ്, ലോസ് ഓഫ് പേ, പ്രിൻസിപ്പലിന്റെയും ഹെഡ് ഓഫ് ഡിപ്പാർട്ടുമെന്റിന്റെയും അനുവാദത്തോടെയുള്ള പോകലുകൾ എന്നിവ ധാരാളമെടുത്തിട്ടുണ്ട്. കോളേജില്‍ പഠിപ്പിക്കുന്ന സമയത്താണ് കടമ്മനിട്ട രാമകൃഷ്ണന്‍ ആറന്മുള്ളയില്‍ മത്സരിക്കുന്നത്. 20 ദിവസത്തോളം ഹാഫ് പേ ലീവെടുത്താണ് അദ്ദേഹത്തിനുവേണ്ടി കാമ്പയിനില്‍ പങ്കെടുത്തത്.

ആറന്മുള്ള നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.എ. ബേബിയും കടമ്മനിട്ട രാമകൃഷ്ണനും
ആറന്മുള്ള നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.എ. ബേബിയും കടമ്മനിട്ട രാമകൃഷ്ണനും

ഇത്തരം സമയങ്ങളിൽ ഒരു സംഘര്‍ഷമുണ്ട്. തൊഴിലിനോട് പൂര്‍ണമായും കൂറു പുലര്‍ത്തണം, സാംസ്‌കാരിക പ്രവര്‍ത്തനത്തോടും നൂറുശതമാനം കൂറു പുലര്‍ത്തണം. ആ അര്‍ഥത്തില്‍ ഒരു ധര്‍മസങ്കടമുണ്ടായിരുന്നു. വിരമിച്ചാല്‍ ആ ധര്‍മസങ്കടം പരിഹരിക്കപ്പെടുമല്ലോ. അതിനുമുമ്പ് ഒരു ചോദ്യമുണ്ട്, അത് ഞാനും ചോദിച്ചിട്ടുണ്ട്; വളണ്ടറി റിട്ടയര്‍മെന്റെ് എടുത്താല്‍ പോരേ?
പക്ഷെ, പണം വേണമല്ലോ. പണം എക്‌സ്ട്രാ കിട്ടാനുള്ള മാര്‍ഗമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ വളണ്ടറി റിട്ടയര്‍മെന്റ് എടുത്തേനേ. കോളേജ് ഒഴിവാക്കി സംഘടനാപരമായിതന്നെ ഫുള്‍ടൈം പ്രവര്‍ത്തനത്തിന് സന്നദ്ധനാണോ എന്ന് എന്നോട് ചോദിച്ചിരുന്നു. സാധ്യമല്ല എന്ന നിലപാടാണ് ഞാനെടുത്തത്.

സത്യത്തില്‍, അധ്യാപകന്‍ എന്ന നിലയ്ക്കുള്ള ഒരാവിഷ്‌കാരം എനിക്ക് ഒഴിവാക്കാന്‍ വയ്യ. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുളള ഒരാവിഷ്‌കാരവുമുണ്ട്, അതും ഒഴിവാക്കാന്‍ വയ്യ. ഇതുരണ്ടും പൊരുത്തപ്പെടുത്തി കൊണ്ടുപോകുക എന്നത് ചില സമയങ്ങളില്‍ പ്രത്യക്ഷവും പരോക്ഷവുമായ പ്രയാസങ്ങളുണ്ടാക്കും. അതുകൊണ്ട്, വിരമിക്കൽ പ്രായം 55 വയസ്സുകഴിഞ്ഞ് ഒരു കൊല്ലം കൂടി നീട്ടാന്‍ പാടില്ല എന്നാണ് മനസ്സില്‍ വിചാരിച്ചത്. ഞാന്‍ വിരമിച്ച് ഒരു വര്‍ഷം കഴിഞ്ഞശേഷമാണ് ഒരു വര്‍ഷം കൂടി കൂട്ടിയത്. അതില്‍ ഏറ്റവും ആഹ്ലാദിച്ച ആളാണ് ഞാന്‍.

റിട്ടയര്‍മെന്റിനുമുമ്പ്, ശേഷം എന്നിങ്ങനെ എനിക്ക് ഒരു വിഭജനമില്ല, അഥവാ, ഉണ്ടെങ്കില്‍ തന്നെ അത് എനിക്ക് കൂടുതല്‍ ആഹ്ലാദം നല്‍കുന്ന ഒന്നാണ്.

തെരുവില്‍ നടക്കുന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, ഒരു പ്രത്യേക വിഷയം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്. അതിനപ്പുറത്ത്, ക്ലാസ് റൂം എന്നത് ബോധ്യപ്പെടുത്താനുള്ള ഒരു വിഷയം മാത്രമല്ല, ബോധ്യപ്പെടുത്തലും ബോധ്യമാകലും തമ്മിലുള്ള ഒരു ഒത്തിരുപ്പുണ്ടതില്‍.
തെരുവില്‍ നടക്കുന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, ഒരു പ്രത്യേക വിഷയം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്. അതിനപ്പുറത്ത്, ക്ലാസ് റൂം എന്നത് ബോധ്യപ്പെടുത്താനുള്ള ഒരു വിഷയം മാത്രമല്ല, ബോധ്യപ്പെടുത്തലും ബോധ്യമാകലും തമ്മിലുള്ള ഒരു ഒത്തിരുപ്പുണ്ടതില്‍.

അധ്യാപക ജീവിതം ഒരു സാംസ്‌കാരിക പ്രവര്‍ത്തനം തന്നെയാണ്. എന്ത് പഠിക്കുമ്പോഴും എന്ത് പഠിപ്പിക്കുമ്പോഴും അതിന്റെ മൗലികമായ ആധാരം ചരിത്രം തന്നെയാണ്. ഈ വിഷയങ്ങളെല്ലാം നമുക്ക് മനസ്സിലാകണമെങ്കില്‍ അവയുടെ ചരിത്രസന്ദര്‍ഭത്തില്‍ വച്ച് വിശകലനം ചെയ്യണം. ഉദാഹരണത്തിന്, ഇടശ്ശേരിയുടെ പൂതപ്പാട്ട് ശരിക്കും മനസ്സിലാകണമെങ്കില്‍ ഗാര്‍ഹസ്ഥ്യ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തില്‍നിന്ന് നോക്കിക്കാണണം. അതേസമയം, അതേ പ്രത്യയശാസ്ത്രത്തിന്റെ പരിമിതികള്‍ അതിനുണ്ട് എന്നും അപ്പോള്‍ മനസ്സിലാകും. കാരണം, മാതൃത്വത്തിന്റെ മഹത്വമാണല്ലോ അത് പറയുന്നത്. അപ്പോള്‍ മാതാവാകാന്‍ പല കാരണങ്ങളാല്‍ കഴിയാത്തവരും മാതാവാകേണ്ട എന്നു ബോധപൂര്‍വം തീരുമാനിച്ചരും പുറത്തുനിര്‍ത്തപ്പെടുമല്ലോ. ഈ രീതിയില്‍ കാര്യങ്ങള്‍ അതിന്റെ സൂക്ഷ്മതയിലും സമഗ്രതയിലും മനസ്സിലാക്കണമെങ്കില്‍ അതിന്റെ ചരിത്രപാശ്ചാത്തലം ആവശ്യമാണ്.

അധ്യാപകൻ എന്ന നിലയ്ക്ക് എനിക്ക് ഞാന്‍ മാര്‍ക്കിടുമ്പോള്‍, ഞാന്‍ ഏറ്റവും മികച്ച അധ്യാപകനാണ് എന്നു പറയാന്‍ പറ്റില്ല. ഞാന്‍ ഒരു ചീത്ത അധ്യാപകനായിരുന്നിട്ടുമില്ല. അതേസമയം ഞാന്‍ മികച്ച ക്ലാസുകള്‍ എടുത്തിട്ടുണ്ട്.

നേരെ മറിച്ച്, ക്ലാസ് റൂമിലെ അധ്യാപകൻ, ഒരു പ്രഭാഷകൻ എന്ന നിലയ്ക്ക് തെരുവിലെത്തുമ്പോൾ ചില വ്യത്യാസങ്ങളുണ്ട്. തെരുവിലെ ഓഡിയന്‍സും ക്ലാസ്മുറിയിലെ വിദ്യാര്‍ഥികളും ഒന്നല്ല. തെരുവില്‍ സംസാരിക്കുമ്പോള്‍ അതില്‍ കുറച്ച് ഔപചാരികതയുണ്ടാകും. നമ്മള്‍ പ്രഭാഷകരാണ്, അവര്‍ കേട്ടുനില്‍ക്കുന്നവരാണ്. കേട്ടുകഴിഞ്ഞാല്‍ അവര്‍ പോകും. പക്ഷെ, ക്ലാസ്‌റൂം പോകുന്നില്ല. അത് സദാ സന്നിഹിതമാണ്, ആ ക്ലാസ് അവിടെ നിലനില്‍ക്കുകയാണ്.
ഫാറൂഖ് കോളേജില്‍ മലയാളം ബി.എയുടെ പൂര്‍വവിദ്യാര്‍ഥികളുടെ ബാച്ച് ഒത്തുചേരുമ്പോള്‍, 25 കൊല്ലം മുമ്പ് ഞാൻ കടമ്മനിട്ടയുടെ ശാന്ത എടുത്തതിനെക്കുറിച്ച് അവര്‍ പറയുന്നു. അവരിൽ അധ്യാപകരായി മാറിയവർ, അന്നത്തെ ക്ലാസുകളുടെ വെളിച്ചത്തിൽ, അവരുടെ കുട്ടികളോട് സംസാരിച്ചതിനെക്കുറിച്ച് പറയുന്നു- ഇതാണ് ക്ലാസ് മുറിയുടെ നൈരന്തര്യം.

അതേസമയം, തെരുവില്‍ നടക്കുന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, ഒരു പ്രത്യേക വിഷയം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്. അതിനപ്പുറത്ത്, ക്ലാസ് റൂം എന്നത് ബോധ്യപ്പെടുത്താനുള്ള ഒരു വിഷയം മാത്രമല്ല, ബോധ്യപ്പെടുത്തലും ബോധ്യമാകലും തമ്മിലുള്ള ഒരു ഒത്തിരുപ്പുണ്ടതില്‍. മാത്രമല്ല, ക്ലാസ് റൂമില്‍ അത്തരം പ്രഭാഷണവുമല്ല. തെരുവില്‍ നമ്മള്‍ ഏകപക്ഷീയമായി പ്രസംഗിക്കുകയാണ്. ഒരു കാര്യം പറഞ്ഞ് തീര്‍ക്കുകയാണ്. ചില ആശയങ്ങള്‍ ദൃഢപ്പെടുത്തി അവതരിപ്പിക്കുകയാണ്.

കോഴിക്കോട് ഫാറൂഖ് കോളേജ്
കോഴിക്കോട് ഫാറൂഖ് കോളേജ്

ക്ലാസ് റൂം എന്നത് അധ്യാപകരുടേതു മാത്രമല്ല. വിദ്യാർഥികളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലുള്ള അവതരണമായിരിക്കും അവിടെ. ക്ലാസ്‌റൂമില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരണം, ആ അര്‍ഥത്തില്‍, തെരുവില്‍ നടത്തുന്ന ആശയപ്രകടനത്തേക്കാള്‍ കുറച്ചുകൂടി സര്‍ഗാത്മകമാണ് ക്ലാസ് റൂമിലേത്. മാത്രമല്ല, നമ്മള്‍ ഇന്ന് ഒരു മണിക്കൂര്‍ പറഞ്ഞുപോയതിനെക്കുറിച്ച് ആ ഒരു സമയത്ത് പ്രതികരിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് പിന്നേറ്റുവരുമ്പോള്‍, അന്നു പറഞ്ഞതിനെക്കുറിച്ചു മാത്രമല്ല, മുമ്പ് പറഞ്ഞതിനെക്കുറിച്ചും ഇടപെടാന്‍ പറ്റും. ഈ സൗകര്യം തെരുവിലെ പ്രഭാഷണത്തിനില്ല.

ഇത് പറഞ്ഞുകൊണ്ടിരിക്കേ, തീര്‍ത്തും അപ്രതീക്ഷിതമായി അവര്‍ എന്റെ കാല്‍ക്കല്‍ വീണു. സത്യത്തില്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്ന നിലക്ക്, എനിക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന അവസ്ഥയാണ്, എന്റെ കാലില്‍ ഒരാള്‍ വീഴുക എന്നത്.

എങ്കിലും, അധ്യാപകൻ എന്ന നിലയ്ക്ക് എനിക്ക് ഞാന്‍ മാര്‍ക്കിടുമ്പോള്‍, ഞാന്‍ ഏറ്റവും മികച്ച അധ്യാപകനാണ് എന്നു പറയാന്‍ പറ്റില്ല. ഞാന്‍ ഒരു ചീത്ത അധ്യാപകനായിരുന്നിട്ടുമില്ല. അതേസമയം ഞാന്‍ മികച്ച ക്ലാസുകള്‍ എടുത്തിട്ടുണ്ട്. അത് മിക്കവാറും എടുക്കുന്നത് ക്ലാസ് റൂമിന്റെ തന്നെ പ്രത്യേകമായ ഒരു സര്‍ഗപാശ്ചാത്തലത്തിലായിരിക്കും. ചിലപ്പോള്‍ നല്ല ക്ലാസ് എന്ന് നമ്മള്‍ കരുതും, എന്നാൽ, അത് അവതരിപ്പിച്ചുകഴിയുമ്പോള്‍ നമുക്ക് ആ തൃപ്തിയുണ്ടായിരിക്കുകയില്ല. അതേസമയം, നമുക്ക് നല്ല ക്ലാസ് എന്ന് തോന്നാത്തത് ഒന്ന്, കുട്ടികളുടെ ഇടപെടലോടെ പ്രതീക്ഷിക്കാത്ത ലെവലിലെത്തും. അതേസമയം ചില ക്ലാസുകള്‍ നമ്മളെ അതിശയിപ്പിച്ച് മികച്ചതായി തീര്‍ന്നതിന്റെ അനുഭവങ്ങളുമുണ്ട്.

അതുകൊണ്ട് ക്ലാസ്‌റൂം എന്നു പറയുന്നത് ഇരമ്പുന്ന ചരിത്രത്തിന്റെ ഒരു കേന്ദ്രം തന്നെയാണ്. ആ രീതിയില്‍ തിരിച്ചറിഞ്ഞാൽ, നമ്മള്‍ പഠിപ്പിക്കുന്ന കവിതയും നമ്മള്‍ വിശകലനം ചെയ്യുന്ന കഥയും നമ്മള്‍ വിവരിക്കുന്ന ഔപചാരിക സാഹിത്യചരിത്രവുമൊക്കെ ഈ ബ്രഹത് ജീവിതപാശ്ചാത്തലവുമായി ബന്ധമുള്ള ഒന്നാണെന്നു വരും. മുണ്ടശ്ശേരിയൊക്കെ പറയുന്നുണ്ടല്ലോ, കൃതികള്‍ മനുഷ്യകഥാനുഗായികള്‍ എന്ന്.

പ്രസാദ് കൈതക്കലിന്റെ പെരിവെയിലിലും പെരുമഴയിലും എന്ന പുസ്തകം കെ.ഇ.എൻ പ്രകാശനം ചെയ്യുന്നു.
പ്രസാദ് കൈതക്കലിന്റെ പെരിവെയിലിലും പെരുമഴയിലും എന്ന പുസ്തകം കെ.ഇ.എൻ പ്രകാശനം ചെയ്യുന്നു.

ഈയിടെയുണ്ടായ രണ്ട് അനുഭവങ്ങൾ പറയാം.

ഏതാനും ദിവസം മുമ്പ് കോഴിക്കോട് ഉള്ള്യേരി ഭാഗത്ത് കന്നൂരില്‍ പ്രസാദ് കൈതക്കല്‍ എന്ന സാംസ്‌കാരികപ്രവര്‍ത്തകന്റെ പെരിവെയിലിലും പെരുമഴയിലും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഞാനാണ് പ്രകാശനം ചെയ്തത്. ആ പ്രദേശത്തെ ജനകീയ ഉത്സവമായി മാറിയ ഒരു പരിപാടി കൂടിയായിരുന്നു അത്. പല സ്ഥലത്തും പുസ്തകപ്രകാശനത്തിന് പുസ്തകമെഴുതിയവരുടെ കുടുംബക്കാരും സുഹൃത്തുക്കളുമാണ് കാര്യമായി ഉണ്ടാകുക. അതിനുപകരം, ഈ പരിപാടിയിൽ ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുത്തു. കലാപരിപാടികളുണ്ടായിരുന്നു. ഞാൻ ഇത്രയും കൂടി അവിടെവച്ച് പറഞ്ഞു, ‘ഒരു ചടങ്ങുതന്നെയാണ് പുസ്തകപ്രകാശനം, എന്നാല്‍ ചടങ്ങ് ചങ്ങലയായി മാറാറുണ്ട്, ഇവിടെ അത് ചിറകായി മാറിയിരിക്കുന്നു.’ അതൊരു ആഹ്ലാദകരമായ സംഗതി കൂടിയായിരുന്നു.

അപൂര്‍വം ചില അധ്യാപകര്‍ക്കേ, അവരുടെ അനുഭവത്തിലെ ആദ്യ വര്‍ഷത്തെയോ രണ്ടാമത്തെ വര്‍ഷത്തെയോ ക്ലാസ് റൂം അനുഭവം ഓര്‍മിച്ചെടുക്കാന്‍ കഴിയൂ. എനിക്ക് കൃത്യം ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല.

കെ. പാപ്പുട്ടി മാഷ്, ഡോ. എം.ജി. മല്ലിക തുടങ്ങിയവരും എന്നോടൊപ്പമുണ്ട്. പരിപാടി തുടങ്ങുന്നതിനുമുമ്പ് ഞങ്ങൾ ഒരു മുറിയിലിരിക്കുകയാണ്. അവിടേക്ക് ഒരു സ്ത്രീ കയറിവന്നു. തങ്കം എന്നാണ് പേര്. അവര്‍ നേരെ എന്റെയടുത്തേക്കുവന്നിട്ട് പറഞ്ഞു; എന്നെ പഠിപ്പിച്ച മാഷാണ്.

ഏകദേശം 40 വര്‍ഷം മുമ്പ്, 1983-ലാണ് ഞാന്‍ അവരെ പഠിപ്പിച്ചത്. അവർ പറഞ്ഞു, 'മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഞാന്‍ തോറ്റതാണ്.’
ജീവിതത്തിന്റെ പാരവശ്യവും സംഘര്‍ഷങ്ങളുമെല്ലാം അവരുടെ കടന്നുവരവിലും സംഭാഷണത്തിലുമൊക്കെയുണ്ട്. ഇത് പറഞ്ഞുകൊണ്ടിരിക്കേ, തീര്‍ത്തും അപ്രതീക്ഷിതമായി അവര്‍ എന്റെ കാല്‍ക്കല്‍ വീണു. സത്യത്തില്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്ന നിലക്ക്, എനിക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന അവസ്ഥയാണ്, എന്റെ കാലില്‍ ഒരാള്‍ വീഴുക എന്നത്. ഏതെങ്കിലും കാരണവശാല്‍ മറ്റൊരാളുടെ കാലില്‍ എനിക്ക് വീഴേണ്ടിവന്നാലും മറ്റൊരാള്‍ എന്റെ കാലില്‍ വീഴേണ്ടിവരുന്ന അവസ്ഥ കടുത്ത വേദനയുണ്ടാക്കും, കളങ്കമില്ലാത്ത അടുപ്പമാണ് അവര്‍ അതിലൂടെ ആവിഷ്‌കരിക്കുന്നത് എങ്കിലും. സാധാരണഗതിയില്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ തടയാന്‍ കഴിയുമായിരുന്നു, എന്നാല്‍, ഇത്രയും ആളുകളിരിക്കേ, ഒരു ഗറില്ലാ ആക്രമണം പോലെയായിരുന്നു അവരുടെ കാല്‍ക്കല്‍ വീഴ്ച. എനിക്കത് തടുക്കാന്‍ പറ്റിയില്ല. അവര്‍ പറയുന്നതോ, നാല്‍പതുവര്‍ഷം മുമ്പുള്ള ഡിഗ്രി ക്ലാസ് റൂമിനെപ്പറ്റി. എനിക്കത് ശരിക്ക് ഓർത്തെടുക്കാനും കഴിഞ്ഞില്ല. അപൂര്‍വം ചില അധ്യാപകര്‍ക്കേ, അവരുടെ അനുഭവത്തിലെ ആദ്യ വര്‍ഷത്തെയോ രണ്ടാമത്തെ വര്‍ഷത്തെയോ ക്ലാസ് റൂം അനുഭവം ഓര്‍മിച്ചെടുക്കാന്‍ കഴിയൂ. എനിക്ക് കൃത്യം ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല.

എത്രയോ കൊല്ലം നമ്മള്‍ തൊഴില്‍ ചെയ്ത ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍, നമ്മള്‍ തൊഴില്‍ ചെയ്ത കാലത്തുനിന്ന് വ്യത്യസ്തമായി, പുതിയ കാലം ആവശ്യപ്പെടുന്ന ഒരു അനൗപചാരിക സംഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ എനിക്ക് വലിയ ആഹ്‌ളാദമുണ്ടായി. Photo: Instagram / hanihaneefa
എത്രയോ കൊല്ലം നമ്മള്‍ തൊഴില്‍ ചെയ്ത ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍, നമ്മള്‍ തൊഴില്‍ ചെയ്ത കാലത്തുനിന്ന് വ്യത്യസ്തമായി, പുതിയ കാലം ആവശ്യപ്പെടുന്ന ഒരു അനൗപചാരിക സംഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ എനിക്ക് വലിയ ആഹ്‌ളാദമുണ്ടായി. Photo: Instagram / hanihaneefa

പ്രസാദ് കൈതക്കലിന്റെ പരിപാടി കഴിഞ്ഞ് വേദിയില്‍നിന്നിറങ്ങി പോകുമ്പോള്‍ വീണ്ടും തങ്കം ഓടിവച്ച് എന്റെ കൈപിടിച്ച് ഒരാളുടെ അടുത്തേക്ക് കൊണ്ടുപോയി; എന്നിട്ടു പറഞ്ഞു, ‘ഇത് എന്റെ ആളാണ്.’ അയാളെയും ചേര്‍ത്തുപിടിച്ച് മകളെക്കൊണ്ട് സെല്‍ഫിയെടുപ്പിക്കുകയും ചെയ്തു.
പ്രാചീനവും അതേസമയം ആധുനികവുമായ രണ്ട് അനുഭവങ്ങളാണ് ചെറിയയൊരു ഇടവേളക്കുള്ളില്‍ സംഭവിച്ചത്.
ഒന്ന്, പരിപാടി തുടങ്ങുന്നതിനുമുമ്പേ ഞങ്ങളിരുന്ന മുറിയിലേക്ക് കടന്നുവന്ന് അവര്‍ പ്രകടിപ്പിച്ച സ്‌നേഹവും ബഹുമാനവും. അത് അവിടെ അവസാനിക്കുന്നില്ല. വളരെ പ്രാചീനമെന്നു പറയാവുന്ന ആ സാഷ്ടാംഗപ്രണാമം, അവരുടെ സത്യസന്ധമായ സ്‌നേഹത്തിന്റെ കൂടി പ്രകാശനമായിരുന്നു. ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അതിനെ അപഗ്രഥിച്ചുനോക്കിയല്‍ അത് ആവേശകരമല്ല. അതേസമയം, അവരോട് അതേക്കുറിച്ച് ആ സമയത്ത് സംസാരിക്കാനും പ്രയാസമാണ്. അത് അവര്‍ക്ക് വിഷമമുണ്ടാക്കും. നമ്മള്‍ വല്ലാത്തൊരു ധര്‍മസങ്കടത്തിലാകും.

വിരമിച്ചിട്ട് 12 കൊല്ലം കഴിഞ്ഞുവെങ്കിലും ഇപ്പോഴും പല സ്ഥലത്തുമെത്തുമ്പോഴുണ്ടാകുന്ന അനുഭവങ്ങള്‍, സത്യത്തില്‍ നമ്മളെ ആഹ്ലാദിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യും.

പുറത്തിറങ്ങുമ്പോള്‍, തീര്‍ത്തും ആധുനികമായ, സെല്‍ഫി എന്ന ഫോട്ടോയെടുപ്പിലേക്കാണ് നമ്മളെത്തുന്നത്. നമ്മുടെ ജീവിതത്തിന്റെ ഒരു മെറ്റഫറാണിത്. നമ്മള്‍ ആധുനിക കാലത്ത് ജീവിക്കുമ്പോഴും, നമ്മുടെ ജീവിതത്തിന്റെ പല ഭാഗങ്ങളും മറ്റു കാലങ്ങളിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. നമ്മള്‍ ജീവിക്കുന്ന ആധുനിക കാലത്തിലേക്ക് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്താനാകില്ല. ആധുനിക കാലത്ത് ജീവിക്കുമ്പോഴും നമ്മുടെ ജീവിതം പല കാലങ്ങളിലായി ചിതറിനില്‍ക്കുകയാണ്.

വിരമിച്ചിട്ട് 12 കൊല്ലം കഴിഞ്ഞുവെങ്കിലും ഇപ്പോഴും പല സ്ഥലത്തുമെത്തുമ്പോഴുണ്ടാകുന്ന അനുഭവങ്ങള്‍, സത്യത്തില്‍ നമ്മളെ ആഹ്ലാദിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യും.
ആഹ്ലാദത്തിന് ഒരു കാരണമുണ്ട്. അധ്യാപനം എന്നത് വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസ് റൂമും പാഠപുസ്തകങ്ങളും നമ്മുടെ ചരിത്രവും എല്ലാം പ്രവര്‍ത്തിക്കുന്ന, ഇതെല്ലാം കൂടിക്കുഴഞ്ഞുള്ള ഒരു സാംസ്‌കാരിക സംയുക്തമാണ്. അതുകൊണ്ടുതന്നെ നമ്മെ അത് ആഹ്ലാദിപ്പിക്കും.

അതേസമയം, ഇത് നമ്മള്‍ യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നുണ്ടോ എന്ന ആലോചന ഒരാശങ്കയുണ്ടാകും. മറ്റ് ഏതു തൊഴിലും പോലെ ജീവസന്ധാരണത്തിന് നടത്തുന്ന തൊഴിലാണല്ലോ ഇതും, അല്ലാതെ സേവനപ്രവര്‍ത്തനമൊന്നുമല്ലല്ലോ. പക്ഷെ, ഇതൊരു സേവനപ്രവര്‍ത്തനമല്ലാതിരുന്നിട്ടും, ഒരു സേവനപ്രവര്‍ത്തനത്തെയും കവിഞ്ഞുള്ള സ്‌നേഹവും സൗഹൃദവുമാണ് പലയിടത്തും ആളുകള്‍ പങ്കുവെക്കുന്നത്. അതിനുമാത്രം നമ്മള്‍ എന്താണ് ചെയ്തത് എന്നാലോചിക്കുമ്പോഴാണ് ആശങ്കയുണ്ടാകുന്നത്.
കന്നൂര്‍ എന്ന സ്ഥലത്തേക്കുപോകുമ്പോള്‍ നേരത്തെ പറഞ്ഞതുപോലുള്ള ഒരു സംഭവം ആലോചിക്കുന്നില്ലല്ലോ. അത് സത്യത്തില്‍ വലിയൊരു അനുഭവം തന്നെയാണ്. അനുഭവിക്കുമ്പോള്‍ മാത്രമാണ് അതിന്റെ സാന്ദ്രത അറിയാനാകുക. അത് നമ്മളെ ശക്തരുമാക്കും, നിസ്സഹായരുമാക്കും.

ഫാറൂഖ് കോളേജില്‍ സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ച 'കഹാനി' എന്ന പരിപാടി
ഫാറൂഖ് കോളേജില്‍ സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ച 'കഹാനി' എന്ന പരിപാടി

2023 അവസാനത്തില്‍, ഫാറൂഖ് കോളേജില്‍ സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ വേറിട്ടൊരു പരിപാടിയില്‍ പങ്കെടുക്കുന്നു. നാല്‍പതുകൊല്ലത്തിലേറെയായിട്ടുണ്ടാകും ഞാന്‍ സാംസ്‌കാരിക പ്രവര്‍ത്തനം, അതിന്റെ ഭാഗമായ പ്രഭാഷണങ്ങള്‍, എഴുത്ത്, ക്ലാസ്‌റൂം അനുഭവം ഇതൊക്കെയായി ജീവിച്ചുകൊണ്ടിരിക്കുന്നു. ഫറൂഖ് കോളേജിലെ പല ഡിപ്പാര്‍ട്ടുമെന്റുകളിലും സാംസ്‌കാരിക പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വിരമിച്ചശേഷവും മറ്റു കോളേജുകളിലെന്നപോലെ ഫാറൂഖ് കോളേജിലെയും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്.

എന്നാല്‍, അതില്‍നിന്ന് നൂറു ശതമാനവും വേറിട്ട ഒരു പരിപാടിയിലാണ് 2023 ഡിസംബറില്‍ ഞാന്‍ പങ്കെടുക്കുന്നത്. ഒരു ബയോപ്‌സി ടെസ്റ്റ് കഴിഞ്ഞ്, അതിന്റെ പെയിന്‍ അനുഭവിച്ചശേഷമാണ് ഈ പരിപാടിക്കുപോകുന്നത്.
'കഹാനി' എന്നായിരുന്നു പരിപാടിയുടെ പേര്. എന്നോട് അവര്‍ പറഞ്ഞത് കഥ പറയാനാണ്.
അതിനുമുമ്പൊക്കെ പരിപാടികളില്‍ പ്രസംഗിക്കുന്നത് സെമിനാര്‍ ഹാളിലോ ക്ലാസ് മുറികളിലോ ലൈബ്രറിയുടെ മുകളിലോ ആയിരിക്കും. ‘നാലുകെട്ട്’ എന്ന് അവര്‍ പേരിട്ട ഒരു സ്ഥലത്തുവച്ചാണ്, തീർത്തും അനൗപചാരികമായി ഈ പരിപാടി നടക്കുന്നത്. അധ്യക്ഷനും മറ്റു പ്രസംഗികരുമില്ല. കസേരയും മേശയും മറ്റ് ഇരിപ്പിടങ്ങളൊന്നുമില്ല. കുട്ടികള്‍ ഇരിക്കുന്നത് നിലത്തും വരാന്തയിലും മരങ്ങളും പുല്ലുമുള്ള സ്ഥലത്തുമൊക്കെയാണ്. ‘നാലുകെട്ട്’ എന്ന പേരിനോട് ആഭിമുഖ്യം തോന്നിയില്ല, എന്നാല്‍, ആ സ്ഥലം എനിക്കിഷ്ടമായി.

പൊന്നാനി എം.ഇ.എസ് കോളേജില്‍ എം ഫില്ലിന് പഠിക്കുമ്പോള്‍, അന്നത്തെ സാമ്പത്തിക പ്രയാസം മൂലം നിത്യക്കൂലിക്ക് ജോലി ചെയ്തിട്ടുണ്ട്. അതുമൂലം എന്റെ എം.ഫില്‍ കുളമായി.

വരാന്തയിലൂടെ നടക്കുമ്പോള്‍ സൈക്കോളജിയിലെ ആസിഫ് മാഷ് ചോദിച്ചു; ഇതിലൂടെ നടക്കുമ്പോള്‍ മാഷ്‌ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ?.
വര്‍ഷങ്ങള്‍ക്കുമുമ്പ് ക്ലാസ് മുറിയിലേക്ക് നടന്നുപോയിക്കൊണ്ടിരുന്ന വരാന്തയാണല്ലോ ഇത്. പക്ഷെ; ക്ലാസ്‌റൂം, വരാന്ത, അതിലൂടെയുള്ള നടത്തം എന്നിവ കൊണ്ട് എനിക്കങ്ങനെയൊരു ഗൃഹാതുരത്വം അപ്പോൾ അനുഭവപ്പെട്ടില്ല. അതേസമയം, ആ പരിപാടി നടക്കുന്ന ഇടവും അവിടുത്തെ മരങ്ങളും മണ്ണും നിലത്തിരിക്കുന്ന കുട്ടികളും എല്ലാം ചേര്‍ന്നപ്പോള്‍ ടൗണ്‍ഹാളില്‍നിന്നോ കോളേജിലെ സെമിനാര്‍ ഹാളില്‍ നിന്നോ തെരുവില്‍നിന്നോ കിട്ടാത്ത പ്രത്യേകമായ അനുഭവമുണ്ടായി. അത് ഒരുപക്ഷെ ഔപചാരികതയുടെ ഭാരമില്ലാത്തതുകൊണ്ടുകൂടിയാകാം. അല്ലെങ്കില്‍ എത്രയോ കൊല്ലം നമ്മള്‍ തൊഴില്‍ ചെയ്ത ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍, നമ്മള്‍ തൊഴില്‍ ചെയ്ത കാലത്തുനിന്ന് വ്യത്യസ്തമായി, പുതിയ കാലം ആവശ്യപ്പെടുന്ന ഒരു അനൗപചാരിക സംഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്‌ളാദവുമാകാം.
അതുമല്ലെങ്കില്‍ കോളേജ് ക്ലാസ് റൂം എന്നു പറയുന്നത് ഒരു പാശ്ചാത്തലം കൂടിയാണല്ലോ. അവിടുത്തെ മണ്ണ്, നടവഴികള്‍, ഗ്രൗണ്ട്, കാന്റീന്‍, മരങ്ങള്‍, ഇതിന്റെയെല്ലാം പരിച്‌ഛേദം അവിടെയുണ്ടായിരുന്നതുകൊണ്ടാകാം, എനിക്ക് ഏറെ താല്‍പര്യം തോന്നിയത്.

ഫാറൂഖ് കോളേജ്  കാംപസ് /  Photo: instagram , farookcollege_stories
ഫാറൂഖ് കോളേജ് കാംപസ് / Photo: instagram , farookcollege_stories

ഞാന്‍ അവിടെ രണ്ടു കഥകള്‍ പറഞ്ഞു. അതിലൊന്ന് ഇതായിരുന്നു: മരിച്ചപ്പോള്‍ മൃതദേഹം മറവുചെയ്യാന്‍ മണ്ണിലെ കുഴിയിലിറക്കിവച്ചു. അപ്പോള്‍, ആ കുഴിക്കുപുറകില്‍ അദൃശ്യമായ ഒരു ക്യൂ പ്രത്യക്ഷമായി. അതില്‍ സ്‌നേഹം, സത്യം, ദയ, വാത്സല്യം എന്നീ മൂല്യങ്ങളാണുണ്ടായിരുന്നത്. ഈ മൂല്യങ്ങളെല്ലാം മൃതദേഹത്തിനൊപ്പം കുഴിയിലിറങ്ങി മറവുചെയ്യപ്പെടാന്‍ പാകത്തില്‍ കിടന്നുകൊടുത്തു. കാവല്‍ക്കാര്‍ നോക്കുമ്പോള്‍ ഒരു കക്ഷി മാത്രം കുഴിയിലേക്കിറങ്ങാതെ നില്‍ക്കുന്നു. അപ്പോള്‍ കാവല്‍ക്കാരന്‍ പറഞ്ഞു; കുഴി മൂടാറായി, നിനക്കെന്താ പ്രത്യേകിച്ച് എന്തെങ്കിലും പ്രിവിലേജുണ്ടോ, നീയെന്താ ഇറങ്ങാത്തത് എന്നു ചോദിച്ചു.
അപ്പോള്‍ ആ കക്ഷി പറഞ്ഞു; ഞാന്‍ നീതിയാണ്. നീതി കുഴിയിലറങ്ങാന്‍ സമയമായിട്ടില്ല. ലോകത്ത് എവിടെയെങ്കിലും നീതി നിലനില്‍ക്കുന്നില്ല എങ്കില്‍ ലോകം തന്നെ നിലനില്‍ക്കുകയില്ല. അതുകൊണ്ട് ഒരാള്‍ക്കൊപ്പം, സത്യത്തിനും ദയക്കുമൊക്കെ കുഴിയിലിറങ്ങാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ നീതി കുഴിയിലിറങ്ങില്ല എന്നും നീതി കുഴിയിലിറങ്ങാതിരുന്നാല്‍ നീതിയുടെ കടയ്ക്കല്‍നിന്ന് മുളച്ചുവരാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അവര്‍ക്കറിയാം. എന്നാല്‍, നീതിയില്ലെങ്കില്‍ ലോകം നിലനില്‍ക്കില്ല.
കാവല്‍ക്കാരന്‍ തലകുനിച്ചു. നീതി പൂര്‍വാധികം തലയുയര്‍ത്തിനിന്നു. നിഷേധിക്കപ്പെടുന്ന നീതി, വൈകിയെത്തുന്ന നീതി തുടങ്ങിയ കാര്യങ്ങളും ഇതോടൊപ്പം സംസാരിക്കും. ജീവിതത്തിന്റെ ന്യൂക്ലിയസ് എന്നു പറയുന്നത് നീതിയാണ്. നീതിയെ പിന്തുണക്കുന്നിടത്തോളം മാത്രമേ തെളിവുകള്‍ തിളങ്ങുകയുള്ളൂ. പ്രഭാഷണത്തിലെ സാംസ്‌കാരികാവിഷ്‌കാരത്തിന്റെ തലങ്ങളെല്ലാം ഇതോടൊപ്പം വരും.
കഥ പറയുക എന്നെ സംബന്ധിച്ച് ഒരു പരിമിതിയാണ്. ഇത് ആദ്യ പരീക്ഷണമായിരുന്നു. അത് 'വളരെ ഗംഭീരമായി' എന്ന് അവര്‍ പറയുകയും ചെയ്തു. ഇതിനുമുമ്പോ ശേഷമോ ഞാന്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തിട്ടില്ല.

കെ.ഇ.എന്നും പങ്കാളി എ.പി. സബിതയും / Photo: Shafeek Thamarassery
കെ.ഇ.എന്നും പങ്കാളി എ.പി. സബിതയും / Photo: Shafeek Thamarassery

പരിപാടികളുടെ സ്വാഗതപ്രസംഗത്തിൽ നമ്മളെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമെല്ലാം പറയും. അതൊരു സ്‌നേഹപ്രകടനമാണ്. അത് അവരുടെ അവകാശം കൂടിയാണ്. ഈ പരിപാടിയിൽ എന്നെപ്പറ്റിയും പലതും പറഞ്ഞ്, ‘ഇദ്ദേഹം സര്‍വോപരി ഒരു മലയാള അധ്യാപകനുമാണ്’ എന്നാണ് അവസാനിപ്പിച്ചത്.
അതിൽനിന്നാണ് ഞാന്‍ സംസാരിച്ചുതുടങ്ങിയത്; ‘‘എന്നെക്കുറിച്ച് ആദ്യം പറഞ്ഞതെല്ലാം ഒരു സ്‌നേഹപ്പെയ്ത്താണ്, അതില്‍ ഞാന്‍ വല്ലാതെ അലിഞ്ഞ് കോരിത്തരിച്ച് കുളിരണിഞ്ഞ് നില്‍ക്കുകയാണ്. അപ്പോഴാണ്, ‘സര്‍വോപരി മലയാള അധ്യാപകനുമാണ്’ എന്നു പറയുന്നത്. അത് സത്യമാണ്. യാതൊരു കളങ്കവുമില്ലാത്ത പരമമായ സത്യം.’’

അധ്യാപകൻ എന്ന നിലയ്ക്കും അല്ലാതെയും എന്റെയൊരു പരിമിതി, ആളുകളുടെ പേര് ഓര്‍മിക്കാന്‍ കഴിയാറില്ല എന്നതാണ്. കണ്ടാല്‍ ആളുകളെ തിരിച്ചറിയുന്നതിലും ഞാൻ പിന്നിലാണ്.

പരിപാടി കഴിഞ്ഞ് യാത്രയാക്കാൻ കാറിന്റെ അടുത്തെത്തി, പ്രിയ സുഹൃത്തുകൂടിയായ സൈക്കോളജി അധ്യാപകന്‍ പറഞ്ഞത്, ‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം’ എന്നാണ്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സംഘാടകർ പറയാറ്, ‘ഞങ്ങള്‍ ഇനിയും കെ.ഇ.എന്നിനെ പരിപാടിക്കു വിളിക്കും’, ‘സംശയം ചോദിക്കാന്‍ വിളിക്കും’ എന്നൊക്കെയാണ്. ഞാന്‍ ആദ്യം ഒന്നമ്പരന്നു. എന്താണ് ഇദ്ദേഹം പറയുന്നത്, തെറ്റിപ്പോയോ? തെറ്റിയതല്ല എന്ന് മനസ്സിലായി, അദ്ദേഹം ആവർത്തിക്കുകയാണ്, ‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം’ എന്ന്.

പൊന്നാനി എം.ഇ.എസ് കോളേജില്‍ എം ഫില്ലിന് പഠിക്കുമ്പോള്‍, അന്നത്തെ സാമ്പത്തിക പ്രയാസം മൂലം നിത്യക്കൂലിക്ക് ജോലി ചെയ്തിട്ടുണ്ട്. അതുമൂലം എന്റെ എം.ഫില്‍ കുളമായി. അറ്റന്‍ഡന്‍സ് കുറവായതിനാല്‍, പഠനം അവസാനിപ്പിക്കേണ്ടിവന്നു. പക്ഷെ, അന്ന് രണ്ടോ മൂന്നോ മാസം പൊന്നാനിയില്‍ നിത്യക്കൂലിക്ക് പഠിപ്പിച്ച കാലത്തുണ്ടായിരുന്നവർ, ഇപ്പോൾ പല പദവികളിലുമുള്ളവര്‍, യാത്രക്കിടയിലും മറ്റും കണ്ടാൽ അതെല്ലാം ഓര്‍മിച്ചെടുക്കും. ഡിഗ്രിക്കു പഠിക്കുമ്പോള്‍ തന്നെ ഞാന്‍ പാരലല്‍ കോളേജുകളില്‍ പഠിപ്പിച്ചിരുന്നു. തളിപ്പറമ്പ് സര്‍സെയ്ദ് കോളേജില്‍ പതിനൊന്നുമാസം പഠിപ്പിച്ചു. അതുകഴിഞ്ഞാണ് ഫാറൂഖ് കോളേജിലെത്തുന്നത്. ഏതോ കാലത്ത് പാരലല്‍ കോളേജില്‍ പഠിപ്പിച്ചവരെ യാദൃച്ഛികമായി കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം പ്രധാനമാണ്.

‘കഹാനി’ എന്ന പരിപാടി നടക്കുന്ന ഇടവും അവിടുത്തെ മരങ്ങളും മണ്ണും നിലത്തിരിക്കുന്ന കുട്ടികളും എല്ലാം ചേര്‍ന്നപ്പോള്‍ ടൗണ്‍ഹാളില്‍നിന്നോ കോളേജിലെ സെമിനാര്‍ ഹാളില്‍ നിന്നോ തെരുവില്‍നിന്നോ കിട്ടാത്ത പ്രത്യേകമായ അനുഭവമുണ്ടായി.    Photo: Instagram /@daaniecie
‘കഹാനി’ എന്ന പരിപാടി നടക്കുന്ന ഇടവും അവിടുത്തെ മരങ്ങളും മണ്ണും നിലത്തിരിക്കുന്ന കുട്ടികളും എല്ലാം ചേര്‍ന്നപ്പോള്‍ ടൗണ്‍ഹാളില്‍നിന്നോ കോളേജിലെ സെമിനാര്‍ ഹാളില്‍ നിന്നോ തെരുവില്‍നിന്നോ കിട്ടാത്ത പ്രത്യേകമായ അനുഭവമുണ്ടായി. Photo: Instagram /@daaniecie

2023-ല്‍ മെയ്ത്ര ആശുപത്രിയില്‍ ചില പരിശോധനകള്‍ കഴിഞ്ഞ് ഞാനും പങ്കാളി എ.പി. സബിതയും കല്‍പ്പറ്റ ലൈബ്രറി കൗണ്‍സിലിന്റെ സ്‌റ്റേറ്റ് സര്‍ഗോത്സവം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. എം.എക്ക് എന്റെ കൂടെ പഠിച്ചിരുന്ന സുബ്രഹ്മണ്യന്‍, രജി പുല്‍പ്പള്ളി എന്നിവരൊക്കെ വന്നിരുന്നു. സംഘാടക കൂടിയായ ഹയര്‍ സെക്കന്‍ഡറി അധ്യാപിക, എന്റെ പങ്കാളിയോട് ചോദിക്കുന്നു, ‘മാഷ്‌ക്ക് എന്തെങ്കിലും അസുഖമുണ്ടോ, ആശുപത്രിയില്‍ പോയിരുന്നുവോ’ എന്ന്.
ഞങ്ങള്‍ അന്തംവിട്ടുപോയി. കാരണം, ആര്‍ക്കും അറിയാത്ത ഒരു കാര്യം എങ്ങനെ വയനാട്ടിലുള്ള ഇവര്‍ ഇത്ര പെട്ടെന്ന് അറിഞ്ഞു? ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന, ഇവര്‍ക്കൊപ്പം പഠിച്ചിരുന്ന ആരോ ഇവര്‍ക്ക് ഫോണ്‍ ചെയ്തതാണ്. പറഞ്ഞുവരുന്നത് ഇതാണ്: ആ കാലത്ത് പഠിച്ച കുട്ടികള്‍ തമ്മില്‍ വളരെ വേഗത്തില്‍ കാര്യങ്ങള്‍ വിനിമയം ചെയ്യുന്നുണ്ട്.

കുട്ടികളുടെ വീടുകളിലും മറ്റും നടക്കുന്ന കല്യാണച്ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറില്ല. വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ബദല്‍ കാഴ്ചപ്പാടുള്ളതിനാലാണിത്.

അധ്യാപകൻ എന്ന നിലയ്ക്കും അല്ലാതെയും എന്റെയൊരു പരിമിതി, ആളുകളുടെ പേര് ഓര്‍മിക്കാന്‍ കഴിയാറില്ല എന്നതാണ്. കണ്ടാല്‍ ആളുകളെ തിരിച്ചറിയുന്നതിലും ഞാൻ പിന്നിലാണ്. പാരലല്‍ കോളേജുകള്‍ മുതല്‍ പല കോളേജുകളിലും പഠിപ്പിച്ച്, സാംസ്‌കാരിക പരിപാടികളില്‍ നിരന്തരം പങ്കെടുക്കുന്നു, അങ്ങനെ ഒരുപാട് ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതുകൊണ്ടാണോ എന്നറിയില്ല, ഈയൊരു പ്രശ്നം.
ഞാൻ പഠിപ്പിച്ച ഒരു കുട്ടി, ഞാൻ പഠിപ്പിച്ച കാലത്തെ സംഭവങ്ങൾ എന്നോടു പറഞ്ഞാലേ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാറുള്ളൂ. ഒരു പൊലീസുകാരെ യൂണിഫോമിലാണെങ്കിലോ യൂണിഫോം ഇല്ലാതെയോ കണ്ടാൽ, അയാൾ ഇന്ന ബാച്ചില്‍ പെട്ടയാളായിരുന്നു എന്ന് തിരിച്ചറിയാൻ കഴിയില്ല.
ഞാൻ പഠിപ്പിച്ചിരുന്ന മലയാളത്തിന്റെ സെക്കന്‍ഡ് ലാംഗ്വേജ് ഒരു പാരാവാരമാണ്. വളരെ സൂക്ഷ്മതയുളള അധ്യാപകര്‍ക്കേ ആ ക്ലാസുകളിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനാകൂ. ഞാന്‍ അതില്‍ പരാജയമാണ്. തുടക്കത്തില്‍ ഞാനിതിനെ ഒരു വീഴ്ചയായി കണ്ടിരുന്നില്ല. എല്ലാവരുടെയും പേര് നമ്മളും നമ്മുടെ പേര് എല്ലാവരും ഓര്‍മയില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല എന്നാണ് വിചാരിച്ചിരുന്നത്. വളരെ വൈകിയാണ് പേര് ഓര്‍മിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. ആ തിരിച്ചറിവിനുപിന്നിൽ ഒരു കൗതുകവുമുണ്ട്. മോഹനകൃഷ്ണന്‍ കാലടിയുടെ ‘രാമനും റഹ്മാനും’ എന്ന കവിത വായിച്ചു. അത് തുടങ്ങുന്നത് ഇങ്ങനെയാണ്:
"റഹ്മാനേ ചങ്ങാതീ രാമനാണ്ടോ
നമ്മളൊന്നിച്ചു പഠിച്ചതാണ്ടോ
ഉപ്പിട്ട നെല്ലിക്ക മാറി മാറി
തുപ്പലും കൂട്ടിക്കടിച്ചതാണ്ടോ
കള്ളപ്പെറുക്കു കളിയിലെന്നും
തന്തയ്ക്കു ചൊല്ലിപ്പിരിഞ്ഞതാണ്ടോ''

എത്രയേ കാലത്തെ ഒന്നിച്ചുള്ള പഠനം കഴിഞ്ഞ്, ജീവിതപ്രയാസത്തിന്റെ ഭാഗമായി പിരിഞ്ഞുപോയവർ, അപ്രതീക്ഷിതമായി ഒരു നഗരത്തിന്റെ തിരക്കില്‍ കണ്ടുമുട്ടുമ്പോള്‍, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഫീല്‍ വരുമ്പോള്‍, പെട്ടെന്ന് ആ ആളെ ഓര്‍ത്തെടുത്ത് ‘റഹ്മാനേ’ എന്നു വിളിക്കുമ്പോള്‍, ‘ഞാന്‍ രാമനാണ്’ എന്നു പറയുമ്പോള്‍, ഇരുവരും ആ പേരില്‍ തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഒരു പുളകമുണ്ടല്ലോ, ആ മധുരം നഷ്ടമായ ഒരു മനുഷ്യനാണ് ഞാന്‍. അത് ഞാന്‍ തിരിച്ചറിയുന്നത് ഇതുപോലുള്ള കവിതകൾ വായിച്ചും സിനിമകൾ കണ്ടിട്ടുമാണ്. അങ്ങനെ ഞാന്‍ സ്വകാര്യമായി കേമം എന്നു വിചാരിച്ചത് ഒരു കേമത്തമല്ല, അടിസ്ഥാനപരമായ കുറവാണ് എന്നു മനസ്സിലായി.

ക്ലാസ് റൂമും അധ്യാപന ജീവിതവുമൊക്കെ ഈ ജീവിതം തന്നെയാണ് എന്നാണ് എന്റെ ബോധ്യം.    Photo: Instagram / @babehawk._
ക്ലാസ് റൂമും അധ്യാപന ജീവിതവുമൊക്കെ ഈ ജീവിതം തന്നെയാണ് എന്നാണ് എന്റെ ബോധ്യം. Photo: Instagram / @babehawk._

പിന്നെ, കുട്ടികളുടെ വീടുകളിലും മറ്റും നടക്കുന്ന കല്യാണച്ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറില്ല. വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ബദല്‍ കാഴ്ചപ്പാടുള്ളതിനാലാണിത്. അത്തരം ചടങ്ങുകളുമായി പൊരുത്തപ്പെടാനാകാത്തതുകൊണ്ടാണ് പോകാത്തത്.

ഈ കാരണങ്ങൾ കൊണ്ടെല്ലാം എന്നോട്, ആളുകള്‍ക്ക് അകല്‍ച്ചയാണുണ്ടാകേണ്ടത്, അനിവാര്യമായും. കാരണം, മനുഷ്യര്‍ കൂടുന്നിടത്തുനിന്ന്, എന്ത് തത്വം പറഞ്ഞാലും, വിട്ടുനില്‍ക്കുകയാണെങ്കില്‍ അത് അവർക്ക് അത്രകണ്ട് ഉൾക്കൊള്ളാൻ കഴിയില്ലല്ലോ. അവര്‍ അത്രക്കും സ്‌നേഹം കാരണമാണല്ലോ നമ്മളെ വിളിക്കുന്നത്. മാത്രമല്ല, നമ്മള്‍ ഒരു കാഴ്ചപ്പാട്, അടിയില്‍നിന്ന് കെട്ടിപ്പൊക്കുന്നതൊന്നും മറ്റുള്ളവര്‍ അതേപോലെ ഷെയര്‍ ചെയ്യണമെന്നുമില്ല. എന്നിട്ടും അത്തരം സ്‌നേഹങ്ങൾ വളരെ ഊര്‍ജം നല്‍കുന്ന ഒന്നായി നില്‍ക്കുകയാണ്. അവരെ നമ്മള്‍ അവരായിട്ടുതന്നെയാണ് കാണുന്നത്. അവരും അങ്ങനെതന്നെയാണ് നമ്മളെയും കാണുക. നമ്മള്‍ പഠിപ്പിച്ച കുട്ടികളുടെ ജയപരാജയങ്ങളോ പ്രതാപമോ പണമോ ഒന്നുമല്ല, പിന്നീട് അവരെ കാണുമ്പോഴുള്ള ബന്ധങ്ങളുടെ അടിസ്ഥാനം. കാരണം, ജയിച്ചുവെന്നുപറയുന്ന പലരും ചില തലങ്ങളില്‍ തോറ്റവരായിരിക്കും. തോറ്റു എന്നു പറയുന്ന പലരും ചില തലങ്ങളില്‍ ജയിച്ചവരുമായിരിക്കും. പഠിപ്പിക്കുന്ന കാലത്ത്, കവിതയും കഥയും എഴുതി, സംവാദങ്ങളില്‍ പങ്കെടുത്ത് പ്രതിഭയുടെ വെളിച്ചം പ്രസരിപ്പിച്ചിരുന്ന, വിദ്യാര്‍ഥി പഠനാനന്തരം ഏതെങ്കിലും തൊഴിലില്‍ പരിമിതപ്പെട്ടുപോകുന്നത് നമ്മള്‍ കാണും. അതേസമയം, അത്ര ഇടപെടല്‍ നടത്താതിരുന്നവര്‍ പില്‍ക്കാലത്ത് നല്ല ഇടപെടല്‍ നടത്തുന്നവരായി മാറും. അതെല്ലാം ജീവിതത്തിന്റെ സങ്കീര്‍ണതകളാണ്. വ്യക്തിഗതമായ ചില അനുഭവ ലോകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംഭവിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ, 'മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഞാന്‍ തോറ്റതാണ്' എന്നു പറയുന്ന ഒരാളും, ‘ഞാന്‍ അമേരിക്കയില്‍ ജോലി ചെയ്യുകയാണ്’ എന്നു പറയുന്ന ഒരാളും രണ്ടു തരംഗദൈര്‍ഘ്യത്തിലാണ് നില്‍ക്കുന്നതെങ്കിലും നമ്മുടെ മനസ്സില്‍ അവര്‍ ചെന്നുതൊടുന്നത്, ‘നമ്മുടെ കുട്ടികള്‍’ എന്ന അര്‍ഥത്തിലാണ്.

ക്ലാസ് റൂമും അധ്യാപന ജീവിതവുമൊക്കെ ഈ ജീവിതം തന്നെയാണ് എന്നാണ് എന്റെ ബോധ്യം. റിട്ടയർമെന്റ് ജീവിതവും ഈ വസ്തുത എന്നെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.


Summary: K.E.N. Kunhahamed writes about his teaching experience and retirment life


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments