വി.എസ്. അച്യുതാനന്ദൻ ഒരു മഹാചരിത്രസന്ദർഭത്തിന്റെ സംഗ്രഹം എന്ന അർഥത്തിൽ തുടർന്നും സൂക്ഷ്മമായി വായിക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിതവും മരണവും അനിവാര്യമായും ആഴത്തിലുള്ള ബഹുജന വൈകാരികതയുടെ ഭാഗമാണ്.
കുട്ടിക്കാലം മുതൽ ആരംഭിക്കുന്ന സമരോത്സുകജീവിതം, രോഗബാധിതനായി കിടന്ന ചെറിയ കാലമൊഴിച്ചുനിർത്തിയാൽ അവിരാമം തുടരുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ആർക്കും എളുപ്പം തിരിച്ചറിയാൻ കഴിയും. എന്നാൽ, വി.എസ് തുടർന്ന ആ വീര്യവും ആവേശവും മരണാനന്തരവും അവസാനിക്കുന്നില്ല, അത് ഞങ്ങൾഏറ്റെടുത്തുകഴിഞ്ഞു എന്നാണ്, അടയാളപ്പെടുത്തൽഅസാധ്യമാകുംവിധം വൈവിധ്യപൂർണമായ ഒരു ജനസഞ്ചയം അടയാളപ്പെടുത്തിയത്.
വി.എസിന്റെ ജീവിതം ഒരു വ്യക്തി എന്ന അർഥത്തിൽവി.എസിന്റേതു മാത്രമാണ്. അതേസമയം, അത് ചരിത്രത്തിന്റെ ഭാഗവുമാണ്. ചരിത്രം കിഴിച്ചാൽ പിന്നെ വി.എസിൽ എന്നല്ല, ആരിലും ഒന്നും ബാക്കിയുണ്ടാകില്ല.
എത്ര സമയം കാത്തുനിന്നാലും, മഴ എത്രതന്നെ കോരിച്ചൊരിഞ്ഞാലും, കുടിവെള്ളം പോലും കിട്ടാനില്ലാത്തവിധം തിരക്കുണ്ടായാലും ഞങ്ങൾ വി.എസിനെ കാണും, കാണണം എന്ന വിവരണവിധേയമല്ലാത്ത, നമ്മുടെ വിശകലനങ്ങളെയൊക്കെ പൊളിക്കുന്ന ഒരുതരം വൈകാരികത ജനജീവിതത്തിലുണ്ടായി എന്നത് എല്ലാ ജനായത്തവാദികളെയും ഊർജ്ജിതപ്പെടുത്തും. പൊതുപ്രവർത്തനം അപഹസിക്കപ്പെടുന്ന ഒരു കാലത്ത്, അവർ ഉച്ചരിച്ച ഇംഗ്ലീഷിലെ പിഴവുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്ന ഒരു സമയത്ത്, പരോക്ഷമായിട്ടാണെങ്കിലും ഇംഗ്ലീഷ് അല്ല, ഉടുത്ത വസ്ത്രമല്ല, തൊലിയുടെ നിറമല്ല, ആദർശമാണ് ചരിത്രത്തിൽ എന്നും അവസാനമായി ജ്വലിച്ചുനിൽക്കുക എന്ന് ബോധ്യപ്പെടുത്തുന്നതാണ് വി.എസിനുള്ള മരണാനന്തര ബഹുജന സ്വീകരണം. ആരുടെയും ആഹ്വാനമോ നിർബന്ധമോ ഇല്ലാതെ സ്വയംബോധ്യത്തിന്റെ മാത്രം ഭാഗമായി, വന്നുചേർന്ന ആ ജനസഞ്ചയം പൊതുപ്രവർത്തനത്തിനുള്ള ഒരു വലിയ പിന്തുണയാണ്. ആരും എന്തും പറഞ്ഞോട്ടെ, ഏതുവിധത്തിലും അപഹസിക്കട്ടെ, അതെല്ലാം താൽക്കാലികമാണ്. എന്നാൽ, പൊതുപ്രവർത്തനത്തിൽ സ്വയം സമർപ്പിക്കുന്ന ആ മനുഷ്യനെ ഞങ്ങൾ കൈവിടില്ല, ഞങ്ങൾക്ക് കൈകളുണ്ടെങ്കിൽ എന്ന ഒരു വലിയ ആവേശമാണ് പൊതുവിൽ കണ്ടത്.

കേരളത്തിലെ പല തലമുറകളിൽ പെട്ടവർ, പല കാഴ്ചപ്പാടു പുലർത്തുന്നവർ, വി.എസുമായി ആശയസംവാദത്തിലേർപ്പെട്ടവർ, അദ്ദേഹത്തിന്റെ വിമർശനത്തിനിരയായവർ, അദ്ദേഹത്തെ അതേപോലെ തന്നെ വിമർശിച്ചവർ ഉൾപ്പെടെ എല്ലാവരും ഒത്തുചേർന്ന വേറിട്ട വേദിയായി അദ്ദേഹത്തിന്റെ അനുസ്മരണവേദി അസാധാരണമാംവിധം വളരുക തന്നെയാണ്, ഇപ്പോഴും അത് വളർന്നുകൊണ്ടിരിക്കുകയാണ്.
സാധാരണഗതിയിയിൽ സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഒരു നേരത്ത്, പ്രത്യേകിച്ച് അധികാരത്തിന്റെ നടുവിൽനിൽക്കുമ്പോൾ ഒരു മരണം സംഭവിക്കുമ്പോൾ സ്വാഭാവികമായിട്ടും ഉണ്ടാകുന്ന ഒരു ജനസാന്നിധ്യം നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാൽ വി.എസ് കുറച്ചുവർഷങ്ങളായി ആരോഗ്യസംബന്ധമായ കാരണങ്ങളാൽ കിടപ്പിലാണ്. അദ്ദേഹം ഊർജ്ജസ്വലനായിരുന്ന കാലത്ത് എന്നും അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളും മാധ്യമങ്ങളിലും ജനഹൃദയങ്ങളിലുമെല്ലാം നിറഞ്ഞുകൊണ്ടിരുന്നു. എന്നാൽ, രോഗബാധിതനായശേഷം അദ്ദേഹം മാധ്യമങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മാധ്യമങ്ങൾ പതിച്ചുനൽകുന്ന ഒരു കൃത്രിമപ്രതിച്ഛായ കൊണ്ടുമാത്രം ഒരു പൊതുപ്രവർത്തകനും തന്റെ ജീവിതത്തിൽ പ്രകാശം പരത്താൻ കഴിയില്ല. മാധ്യമങ്ങൾ എത്രതന്നെ ഇരുട്ടിൽനിർത്തിയാലും പൊതുപ്രവർത്തനം ഇപ്പോഴല്ലെങ്കിൽ എപ്പോഴെങ്കിലും അതിന്റെ പ്രകാശം നമ്മുടെ ജീവിതത്തിന്റെ ഇരുൾമടക്കുകളിലേക്ക് ഇടിച്ചുകയറും.

വി.എസിന്റെ ജീവിതം ഒരു വ്യക്തി എന്ന അർഥത്തിൽ വി.എസിന്റേതു മാത്രമാണ്. അതേസമയം, അത് ചരിത്രത്തിന്റെ ഭാഗവുമാണ്. ചരിത്രം കിഴിച്ചാൽ പിന്നെ വി.എസിൽ എന്നല്ല, ആരിലും ഒന്നും ബാക്കിയുണ്ടാകില്ല. കാരണം, നമ്മൾ നടത്തുന്ന നാനാപ്രകാരേണയുള്ള ഇടപെടലുകളെല്ലാം സവിശേഷമായ ചരിത്രസന്ദർഭത്തിൽ, നമ്മൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയകാഴ്ചപ്പാടിന്റെ ഭാഗമായി ചെയ്യുന്നതാണ്. അതിനപ്പുറത്തും ഇപ്പുറത്തും ഒന്നുമില്ല. അതുകൊണ്ട് ചരിത്രം കിഴിച്ചാൽ പിന്നെ ഒരാളും ബാക്കിയുണ്ടാകില്ല. അതുകൊണ്ട് വി.എസ്, വി.എസ്. ആയിരിക്കേ തന്നെ; വി.എസിനെ നമ്മൾ ഇന്നറിയുന്ന വി.എസ് ആക്കി മാറ്റിയ സാമൂഹിക സാംസ്‌കാരിക ചരിത്ര സന്ദർഭങ്ങളും ആ അവസ്ഥകളോട് സംവദിക്കാൻ അദ്ദേഹത്തെ പ്രാപ്തമാക്കിയ അദ്ദേഹത്തിന്റെ പാർട്ടിയും എല്ലാം കൂടിയാണ് കേരളീയ സമൂഹത്തിലിപ്പോൾ അടയാളപ്പെടുത്തപ്പെടുന്നത്.
