ഇങ്ങള് ഖാൻ കാവിലല്ല മാഷേ; ഘാൻ കാവിലാണ്...

ഒരു നിമിഷം സ്വിച്ചിട്ട പോലെ നിശ്ശബ്ദവും നിശ്ചലവുമാകുന്നു സദസ്സ്. കാതടപ്പിക്കുന്ന മൗനം. മേഘഗർജ്ജനം പോലുള്ള ആ ശബ്ദപ്രവാഹത്തിൽ ലയിച്ച് അന്തം വിട്ടിരിക്കുന്നു ഹോസ്റ്റൽവാസികൾ. പുച്ഛരസക്കാരൻ സുഹൃത്ത് കാതിൽ മന്ത്രിക്കുന്നു: "കൊള്ളാലോ, എജ്ജാതി ഒച്ചയാണപ്പാ. കണ്ടാ തോന്നൂല.''

ദേവഗിരി കോളേജിന്റെ ഹോസ്റ്റൽ ഡേ ഉദ്‌ഘാടനം ചെയ്യാൻ മൈക്കിനുമുന്നിലേക്ക് പതുക്കെ നടന്നുവന്ന കറുത്തു മെലിഞ്ഞ യുവാവിനെ കണ്ടപ്പോൾ, അടുത്തിരുന്ന കൂട്ടുകാരന് പുച്ഛം: "ഓ, ഇതാരാണപ്പാ ഈ അവതാരം? വേറെ ആരേം കിട്ടീലേ പരിപാടി കൊഴുപ്പിക്കാൻ? ഞാൻ വിചാരിച്ചു വല്ല ഫിലിം സ്റ്റാറും ആയിരിക്കും ന്ന്..''

സദസ്സിന്റെ പൊതുവികാരമായിരുന്നു അത്. കാമ്പസുകളുടെ ആരാധനാപാത്രങ്ങൾ ഇന്നത്തെപ്പോലെ അന്നും സിനിമാതാരങ്ങൾ തന്നെ. ഷൂട്ടിംഗുമായി നഗരപരിസരത്തെങ്ങോ ഉണ്ടായിരുന്ന സോമനേയും ജയഭാരതിയെയും കുതിരവട്ടം പപ്പുവിനെയും ബാലൻ കെ. നായരെയുമൊക്കെ ചൂണ്ടയിട്ടു നോക്കിയതാണ് മുഖ്യാതിഥിയാക്കാൻ. കിട്ടിയില്ല. കോളേജ് പിള്ളേരുടെ ഇടപാടായതുകൊണ്ട് ആർക്കുമില്ല വരാൻ താൽപ്പര്യം. അവസാന നിമിഷം തരപ്പെടുത്തിയതാണ് ഈ റേഡിയോ സ്റ്റാറിനെ.

റേഡിയോയ്ക്ക് ഇന്നത്തേക്കാൾ ആരാധകരുള്ള കാലം. എങ്കിലും സിനിമയോളം വരില്ല, കാണാമറയത്തെ താരങ്ങളുടെ മൂല്യം. അതുകൊണ്ടു തന്നെ മുഖ്യാതിഥിക്ക് കുറച്ചുകൂടി ഗ്ലാമർ പരിവേഷം ആകാമായിരുന്നു എന്ന് ഹോസ്റ്റൽ പിള്ളേർ. കിട്ടിയോനെ കൊണ്ട് തൃപ്തിപ്പെടിൻ എന്ന് സംഘാടകർ.

ഖാൻ കാവിൽ

സദസ്സിനെ താണുവണങ്ങിയശേഷം മൈക്ക് ഇരുകൈകളും കൊണ്ട് ചേർത്തുപിടിച്ച് സംസാരിച്ചു തുടങ്ങുന്നു ഉദ്‌ഘാടകൻ: "പ്രിയപ്പെട്ട യുവവാണി സുഹൃത്തുക്കളേ..''

തരിമ്പും താൽപ്പര്യം കാണിക്കാതെ മറ്റെങ്ങോ നോക്കി ചിലച്ചുകൊണ്ടിരുന്ന കുട്ടികളെ പോലും ഞെട്ടിക്കാൻ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു, മരത്തിൽ വലിച്ചുകെട്ടിയ സ്‌പീക്കറുകളിലൂടെ ഒഴുകിയെത്തിയ ഘനഗാംഭീര്യമാർന്ന ആ ശബ്ദത്തിൽ...

ഒരു നിമിഷം സ്വിച്ചിട്ട പോലെ നിശ്ശബ്ദവും നിശ്ചലവുമാകുന്നു സദസ്സ്. കാതടപ്പിക്കുന്ന മൗനം. മേഘഗർജ്ജനം പോലുള്ള ആ ശബ്ദപ്രവാഹത്തിൽ ലയിച്ച് അന്തം വിട്ടിരിക്കുന്നു ഹോസ്റ്റൽവാസികൾ. പുച്ഛരസക്കാരൻ സുഹൃത്ത് കാതിൽ മന്ത്രിക്കുന്നു: "കൊള്ളാലോ, എജ്ജാതി ഒച്ചയാണപ്പാ. കണ്ടാ തോന്നൂല.''

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു: "ഇതാണ് ഖാൻ കാവിൽ. കോഴിക്കോട് ആകാശവാണിയിലെ സൂപ്പർസ്റ്റാർ.''

ആകാശവാണിയിലെ സുഹൃത്തുക്കൾക്കൊപ്പം ഖാൻ കാവിൽ; വലത്തുനിന്ന് രണ്ടാമത്

വേദിയിൽ ഖാൻ പൂത്തുലഞ്ഞുതുടങ്ങിയിരുന്നു അപ്പോഴേക്കും. വാക്കുകൾ കൊണ്ടും ശബ്ദം കൊണ്ടുമുള്ള പെരുങ്കളിയാട്ടം. കലയും സാഹിത്യവും കാമ്പസ് സംസ്കാരവുമെല്ലാം കടന്ന് അന്നത്തെ ന്യൂജൻ തലമുറയുടെ അഭിരുചികളിലൂടെ കുതിക്കുന്നു ആ വാഗ്ധോരണി. മേമ്പൊടിക്ക് നർമ്മമധുരമായ അനുഭവകഥകൾ. ആ വാഗ്പ്രവാഹത്തിന്റെ ആകർഷണവലയത്തിലേക്ക് കുറച്ചകലെയുള്ള പ്രീഡിഗ്രിക്കാരുടെ ഹോസ്റ്റലിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നുമെല്ലാം ആളുകൾ കൂട്ടം കൂട്ടമായി ഒഴുകിയെത്തുന്നു. പതുക്കെ ടാഗോർ ഹോസ്റ്റലിന്റെ മുറ്റത്ത് ഒരു വൻ ജനക്കൂട്ടം രൂപപ്പെടുന്നു.

സിനിമാക്കാരുടെ കാര്യം പാടേ മറന്നുപോയിരുന്നു ഞങ്ങൾ. കാറ്റിൽ ഒഴുകിയെത്തിയ ശബ്ദത്തിന്റെ ജാലവിദ്യ.

വർഷങ്ങൾക്കുശേഷം, 1980- കളുടെ ഒടുവിൽ, കോഴിക്കോട് ആകാശവാണിയിൽ ആദ്യമായി ഒരു പ്രഭാഷണം അവതരിപ്പിക്കാൻ ചെന്നപ്പോഴാണ് ഖാനെ പരിചയപ്പെട്ടത്. ആയിടെ അന്തരിച്ച വോളിബാൾ ഇതിഹാസം ജിമ്മി ജോർജ്ജിനെ കുറിച്ച് വൈകുന്നേരത്തെ ‘ലക്ഷദ്വീപ്’ പരിപാടിയിൽ പത്തു മിനിറ്റ് സംസാരിക്കാൻ എന്നെ നിയോഗിച്ചത് അന്നവിടെ പ്രൊഡ്യൂസർ ആയിരുന്ന ഇരവി ഗോപാലൻ. കൗമുദിയിലെ സഹപ്രവർത്തകനും നാടകകൃത്തുമായ എം. രാജേന്ദ്രപ്രസാദിന്റെ ശുപാർശയിലായിരുന്നു അപ്രതീക്ഷിതമായ ആ ക്ഷണം. റെക്കോർഡിംഗ് കഴിഞ്ഞ്​ സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കയ്യിലൊരു സ്പൂൾ ഡിസ്‌കുമായി നേരെ മുന്നിൽ ഖാൻ കാവിൽ.

തമ്മിൽ പരിചയപ്പെടുത്തിയത് ഇരവിയാണ്. ദേവഗിരി കോളേജിലെ ഹോസ്റ്റൽ ഡേ അനുഭവം മറന്നിരുന്നില്ല ഖാൻ; വർഷങ്ങൾ പലതു കഴിഞ്ഞിട്ടും. "തല തിരിഞ്ഞ പിള്ളേരല്ലേ? ഞാനാണെങ്കിൽ അവർ പ്രതീക്ഷിച്ച പോലൊരു സെലിബ്രെറ്റി അല്ല താനും. അപ്പൊപ്പിന്നെ കയ്യിൽ നിന്ന് എന്തെങ്കിലും ഇട്ടാലല്ലേ രക്ഷയുള്ളൂ.''-- ഖാൻ ചിരിക്കുന്നു. "യുവവാണി സുഹൃത്തുക്കളേ എന്ന പ്രയോഗം ആ നിമിഷം മനസ്സിൽ വന്നതാണ്. ഭാഗ്യത്തിന് അതേറ്റു..'' റേഡിയോ ശ്രോതാക്കളുടെ ഒരു തലമുറയെ ശബ്ദതരംഗങ്ങളുടെ മാസ്മരവലയത്തിൽ രാവും പകലും തളച്ചിട്ട അതേ ശബ്ദം നേരിൽ കേട്ട് തരിച്ചുനിൽക്കുകയിരുന്നു ഞാൻ..

"ഇങ്ങള് ഖാൻ കാവിലല്ല മാഷേ; ഘാൻ കാവിലാണ്.''-- മനസ്സ് മന്ത്രിച്ചു അപ്പോൾ. "ഘനഗംഭീരമായ ഈ ശബ്ദം വെച്ചിട്ടല്ലേ ഇങ്ങടെ കളി..''

ജനപ്രിയ റേഡിയോ അവതാരകൻമാത്രമായിരുന്നില്ല ഖാൻ. എഴുത്തുകാരനായിരുന്നു; നാടകകൃത്തായിരുന്നു; സംവിധായകനായിരുന്നു; നടനായിരുന്നു; ഗാനരചയിതാവായിരുന്നു; വാഗ്മിയായിരുന്നു. ശരിക്കും ഒരു ഓൾറൗണ്ടർ. ബാല്യകൗമാര സ്മരണകളിൽ ആ പേരുണ്ട്; ശബ്ദമുണ്ട്. ഖാന്റെ മാത്രമല്ല, രാജം കെ. നായർ, നാരായണൻ, കരുമല ബാലകൃഷ്ണൻ, എ. പി. മെഹറലി, മായാ നാരായണൻ, മുരളീമനോഹര പ്രസാദ്, അഹമ്മദ്‌കോയ, രത്നാബായി, വെണ്മണി വിഷ്ണു, ശ്രീധരനുണ്ണി, സാവിത്രി ശ്രീധരൻ, ശിവരാമകൃഷ്ണൻ, മാലിനി രവിവർമ്മ, ചന്ദ്രിക ഗോപിനാഥ്, എൽസി സുകുമാരൻ, ജി. ഭാർഗ്ഗവൻ പിള്ള, ചന്ദ്രബാബു, വിമലസേനൻ നായർ, കെ. എ. മുരളീധരൻ, പുഷ്പ, കൗസല്യ, ജി. എസ്. ശ്രീകൃഷ്ണൻ, ഗായത്രി ശ്രീകൃഷ്ണൻ, മാലതി മാധവൻ, ആർ കനകാംബരൻ, കെ. കുഞ്ഞിരാമൻ, ഹരിപ്പാട് കെ. പി. എൻ. പിള്ള, എം. ഉണ്ണികൃഷ്ണൻ, സി. എ. അബൂബക്കർ, എം. കുഞ്ഞിമൂസ... അങ്ങനെ പലരുടെയും. രാഘവൻ മാഷേയും തിക്കോടിയനെയും എൻ. എൻ. കക്കാടിനെയും പോലുള്ള ലജൻഡുകൾ വേറെ.

ഖാൻ കാവിൽ ഉൾപ്പെടെ അവരിൽ പലരും ഇന്ന് ഓർമ്മ. എങ്കിലും എന്റെ സ്മൃതിപഥങ്ങളിൽ അവരുണ്ട്; അനശ്വര ശബ്ദങ്ങളായി...

Comments