ഖയാല്‍ കെസ്സ് കിസ്സ
‘‘ബൈസൻ അല്ലെങ്കിൽ കാട്ടുപോത്ത് വന്നു കേറിയേക്കും ജാഗ്രപ്പെടുക’’ എന്ന ഗേറ്റിലെ മുന്നറിയിപ്പ് ഫലകം. മനഃശാന്തി നഷ്ടപ്പെട്ട് നിരവധി സത്യാന്വേഷകർ കയറിവന്ന വഴിത്താരയിലെ പൗരാണികമായ പൈൻ മരങ്ങൾ, ഓക്ക് വൃക്ഷങ്ങൾ. പാശ്ചാത്യവും പൗരസ്ത്യവും ഒരേ ഘടനയിൽ പാരസ്‌പര്യം കണ്ട ഏകലോക ദർശനത്തിന്റെ ഗുരു, നടരാജഗുരു ഊട്ടിയിലെ ഫേൺഹില്ലിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന മേളങ്ങൾ.
വിറകുവെട്ടിയും തീ കൂട്ടിയും പച്ചക്കറികൾ അരിഞ്ഞും കലമ്പില കൂട്ടുന്ന അടുക്കള. ആത്മീയമായാലും ഭൗതികമായാലും ആഹാരമില്ലാതെ മനുഷ്യന് പുലരാനാവില്ല.
ശരീരത്തെ നിലനിർത്താൻ ആഹാരം. മനസ്സിന് വിഹരിക്കാൻ അറിവിന്റെയും വായനയുടെയും ലോകങ്ങൾ. ആത്മാവിന് ഭക്ഷണമായി അസ്തിത്വത്തെയും ഉണ്മയെയും സംബന്ധിച്ച ബോധ്യങ്ങൾ. ഗുരുകുലം ഒരു സാധകന് ഇതെല്ലാം ഒരുക്കുന്നുണ്ട്.
ഒരു പിയാനോ ശീലു പോലെ. ലയത്തേക്കാൾ റിഥത്തിനു നൽകുന്ന പ്രാധാന്യം. പാശ്ചാത്യരുടെ ചിട്ടയോടും, അബ്സ്ട്രാക്ടിസത്തിലുള്ള ഊന്നലുകളോടും, വേറിട്ടു നിൽക്കാനുള്ള ജനാധിപത്യ ബോധത്തോടും ഐക്യപ്പെടുന്ന ഒന്നാണ് ഇവിടുത്തെ ആത്മീയപാത. കൂടിക്കലരുമ്പോഴും തമ്മിൽ കലരാത്ത പൈൻമരത്തണലുകൾ.
പിന്നിട്ട പാതകളുടെ ചെളി പുരണ്ട ആശയ കാലുഷ്യങ്ങൾ. മനസ്സിൽനിന്ന് ആത്മാവിലേക്കുള്ള ദൂരം പിന്നിട്ടിട്ടില്ലാത്ത അന്വേഷകർ. എവിടെയോ തങ്ങളിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന ശരീരങ്ങൾ. വല്ലാതെ കീഴോട്ട് വലിക്കുന്ന ഭൂമി. അഗ്നികോണിന് അപകടം പിണയുന്ന കാളീസാന്നിധ്യം.
ഇത്തിരി ഇറോട്ടിക് ആയ പ്രകൃതിയുടെ ഗ്രീഷ്മക്കുളിരിനെ നേരിടാൻ സ്വറ്ററുകളും ഷാളുകളും രാജായികളും കമ്പിളിപ്പുതപ്പുകളും.
മലയാള വായനാവരേണ്യതയുടെ സ്മാരകമായി ഗുരു നിത്യയുടെ വിശാലമായ ലൈബ്രറി. വഴിത്താരകളിൽ പൂക്കൾ. കല്ലുപാകിയ നടപ്പാതകൾ. ഇരിപ്പിടങ്ങൾ. പൈൻ മരങ്ങളുടെ കാട്. ഇച്ചിരി റൊമാന്റിസിസം തലയിലുള്ള ആരെയും മോഹിപ്പിക്കും ഫേൺഹിൽ.
ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യഗണങ്ങൾ പക്ഷങ്ങളായെത്തിയുള്ള ഓർമ പുതുക്കലുകൾ. നടരാജ ഗുരുവിന്റെ നാരായണഗുരു ജീവചരിത്രം, 'അബ്സൊല്യൂട്ടിസ്റ്റിന്റെ ആത്മകഥ' എന്ന സ്വന്തം ജീവചരിത്രം എന്നിവയുടെ അധ്യായങ്ങൾ തിരിച്ചുള്ള പഠന സെഷനുകൾ. പ്രബന്ധങ്ങൾ. കവിത, ഹോമം, ത്യാഗീശ്വര സ്വാമിയുടെ പ്രഭാത ഭാഷണങ്ങൾ, ഉപനിഷത്ത്, ഗാനാർച്ചന, കപില വേണുവിന്റെ കൂടിയാട്ടം, നിത്യയുടെ സമാധിയിൽ ദീപാഞ്ജലി.
ശിവഃ ശക്തി യുക്തോ
യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ
സ്പന്തിതു-മപിl
അധസ്ത്വാ-മാരാധ്യാം
ഹരി-ഹര-വിരിഞ്ചാദിഭി-രപി
പ്രണന്തും സ്തോതും വാ
കഥമകൃതപുണ്യഃ പ്രഭവതിll
സൗന്ദര്യ ലഹരിയുടെ ഈ ആദ്യ ശ്ലോകത്തെ മുൻനിർത്തി ശിവ- പാർവതീ പരിണയ കഥ യായിരുന്നു കപിലയും സംഘവും അവതരിപ്പിച്ചത്. അതിൽ കാമബാണൻ അയച്ച അമ്പേറ്റ് എന്റെ ധ്യാനനിഷ്ഠ തെറ്റി.
പിന്നിട്ട പാതകളുടെ ചെളി പുരണ്ട ആശയ കാലുഷ്യങ്ങൾ. മനസ്സിൽനിന്ന് ആത്മാവിലേക്കുള്ള ദൂരം പിന്നിട്ടിട്ടില്ലാത്ത അന്വേഷകർ. എവിടെയോ തങ്ങളിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന ശരീരങ്ങൾ. വല്ലാതെ കീഴോട്ട് വലിക്കുന്ന ഭൂമി. അഗ്നികോണിന് അപകടം പിണയുന്ന കാളീസാന്നിധ്യം. രാത്രിയിൽ ദുനി കത്തിക്കാനായെങ്കിൽ എന്ന് ആഗ്രഹിപ്പിക്കുന്ന പ്രകൃതി. എന്നാൽ ചില പാതകൾ അതിൽ തന്നെ ഒടുങ്ങുന്നു. പുതിയ വഴികളിൾ പ്രയാണം തുടരാൻ കഴിയാതെ.
രണ്ട്
നാരായണ ഗുരു തന്നെയാണ് നടരാജഗുരുവിന് ആശ്രമത്തിന് ഈ സ്ഥലം കാണിച്ചുകൊടുത്തത് എന്നു കേൾക്കുന്നു. തന്റെ ദർശനത്തിന്റെ പക്ഷികൾക്ക് ചേക്കേറാൻ പറ്റിയ ഇടം എന്ന നിലയിൽ, ബൈസനുകൾക്കിടയിൽ ഒരു ബൈസനായി, ജ്ഞാനത്തിന്റെ പരബ്രഹ്മമായി നടരാജഗുരു ആടിയ നാടകങ്ങളുടെ വേദി. ഗുരു നിത്യ ചൈതന്യ യതിയുടെ തുടർക്കാലത്താണ് ഫേൺഹിൽ കൂടുതലായും അറിയപ്പെട്ടത്.
നടരാജഗുരുവിന്റെ ദർശന ഗാംഭീര്യത്തേക്കാൾ കവിതയും സാഹിത്യവും മനഃശാസ്ത്രവുമായിരുന്നു നിത്യയ്ക്കു പഥ്യം.
എന്നാൽ, ഹൃദയത്തേക്കാൾ തലച്ചോറിനെയാണ് നടരാജ ഗുരു ലക്ഷ്യം വെച്ചത്. ചിന്ത കൊണ്ടുള്ള പരിഹാരങ്ങൾ. തത്വചിന്തയുടെ അഗാധ നീലിമ. ആകാശവും സമുദ്രവും കടന്നു പോകുന്ന കോസ്മിക് പ്രബഞ്ചം. പൗരസ്ത്യതയുടെ സംവേദനശീലങ്ങളെയും പാശ്ചാത്യതയുടെ ചിന്താപരിശീലനങ്ങളെയും വിളക്കിച്ചേർക്കുന്ന മണ്ണന്വേഷിക്കുകയായിരുന്നു നടരാജഗുരു. ഫിഗറേറ്റീവ് ആയ കാഴ്ച്ചകളെയും അബ്സ്ട്രാക്ട് ആയ ചിന്താരീതികളെയും ഒരച്ചിൽ വാർത്തെടുക്കാമോ എന്ന ഒരു അബ്സൊല്യൂട്ടിസ്റ്റിന്റെ ചിന്ത. വേദാന്തം മതിയാകാതെ വരുന്ന സർവ്വാശ്ലേഷിയായ ഒരു പരിരംഭണ പ്രയത്നം. വൈവിധ്യങ്ങളുടെ ഭ്രാന്തിനെ, ദ്വൈതഭാവം കൂടാതെ, കേവലമായുള്ള, ശുദ്ധനിലയിലുള്ള ഒരു ഏകതയായി പരിഗണിക്കാനാകുമോ എന്ന അന്വേഷണം. അബ്സൊല്യൂടിസ്റ്റ് എന്ന ആത്മസാക്ഷാത്കാര ലക്ഷ്യത്തിന്റെ രാജഗുരുവായി, അദ്വൈതത്തിനും അപ്പുറത്ത് ഒരു ഐക്യ ചിന്തയുണ്ടോ എന്ന അന്വേഷണം.
തന്റെ താപസ്സാനുഭവങ്ങളെ വേദാന്തമായറിഞ്ഞ നാരായണ ഗുരു, ഇന്ത്യൻ ആധ്യാത്മിക ചിന്തയ്ക്കൊപ്പം മറ്റു മതങ്ങളുടെ സാരവും തന്റെ ദർശനത്തിൽ ചേർത്തുവച്ചിരുന്നു. ‘ആധ്യാത്മികതയ്ക്ക് ഹിന്ദുമതം തന്നെ ധാരാളമല്ലേ?’ എന്ന ഗാന്ധിയുടെ ചോദ്യത്തിന് ‘മനുഷ്യന് ഭൗതിക ജീവിതവുമുണ്ടല്ലോ’ എന്നാണ് ഗുരു മറുപടി നൽകിയത്. ആ നിലയിൽ ഏഷ്യൻ ഉത്ഭവമാണെങ്കിലും പാശ്ചാത്യചിന്തയെ സ്വാധീനിച്ച ക്രിസ്തുമതവും പൗരസ്‌ത്യചിന്തകളെ സമാഹരിച്ച ഇസ്‌ലാമിക ദർശനങ്ങളും ഗുരു തന്റേതാക്കിയിരുന്നു. അങ്ങനെയാണ് ഗുരുവിന്റെ മതം ആധുനികവും സവിശേഷവുമായത്. വിസ്താരമുള്ള ക്ഷേത്രാങ്കണങ്ങളാണ് ഗുരു പ്രതിഷ്ഠ നടത്തിയ കോവിലുകൾ.
ഗുരുവിന്റെ ഈ ആത്മ-അപര പാരസ്പര്യ ചിന്തയെ, തത്വചിന്തയുടെ തലത്തിൽ അതിന്റെ ലക്ഷ്യസ്ഥാനത്തേക്കു നയിക്കുകയായിരുന്നു നടരാജഗുരു. ആത്മവും അപരവും, താനും അയല്പക്കവും, പാശ്ചാത്യവും പൗരസ്ത്യവും തമ്മിലുള്ള പാരസ്പര്യത്തിന്റെ അടിത്തറയാണ് അദ്ദേഹം അന്വേഷിച്ചത്. ഒരു ദല്യൂസിയൻ ഭൂവാദം. ഏകലോകം.
നാരായണ ഗുരു കണ്ട സ്വപ്നത്തെ തത്വചിന്തയിൽ സാക്ഷാത്ക്കരിക്കുകയായിരുന്നു നടരാജഗുരു. ആ അർത്ഥത്തിൽ നാരായണഗുരുവിൽ നിന്ന് മുമ്പോട്ടുള്ള ഒരു പ്രയാണത്തെ നടരാജഗുരു അടയാളപ്പെടുത്തുന്നു. ഒരു ദല്യൂസിയൻ കാലം വരുമെന്ന് ശിഷ്യനെ നിരൂപണം ചെയ്ത് ഫൂക്കോ എഴുതിയ പോലെ...