ചിത്രീകരണം : ദേവപ്രകാശ്

നാരായണീ, നീ എവിടെയാണ്?

പ്രവാസിക്കത്തുകൾ ചാടിയ മതിലുകൾ കനമേറിയതായിരുന്നു. മലകളും പുഴകളും ആകാശങ്ങളും കടന്ന് വൈകിയെത്തുന്ന ശബ്ദങ്ങൾ.. തണുപ്പിൽ നിന്ന് ചൂടിലേക്കും ചൂടിൽ നിന്ന് തണുപ്പിലേക്കും പ്രയാണം നടത്തുന്ന ശബ്ദങ്ങൾ

‘‘എന്നെ ഓർക്കുമോ?'' ‘‘ഓർക്കും.'' ‘‘എങ്ങനെ? എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓർക്കും? അങ്ങെന്നെ കണ്ടിട്ടില്ല...തൊട്ടിട്ടില്ല. എങ്ങനെ ഓർക്കും?'' ‘‘നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.'' ‘‘ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്...'' ‘‘നാരായണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകൾ! മതിലുകൾ! നോക്കൂ ഈ മതിലുകൾ ലോകം മുഴുവൻ ചുറ്റി പോകുന്നു.''...

പ്രിയപ്പെട്ട ബഷീർ, മതിലുകൾ ഉള്ളിടത്തോളം കാലം ഞങ്ങളും നാരായണിയെ ഓർക്കും. മതിലുകളെല്ലാം തകർന്നുവീഴുന്ന കാലം വരുമോ? വരില്ല. എങ്കിൽ ലോകാവസാനം വരേയും ഈ അണ്ഡകടാഹത്തിൽ ജനിച്ചുമരിച്ചുപോകുന്ന കോടാനുകോടി ആളുകളും നാരായണിയെ ഓർക്കും.

രണ്ടുപേർ ഫോണിൽ സംസാരിക്കുമ്പോൾ ബഷീറിനേയും നാരായണിയെയും പോലെ അവർ ഇരുവരും ഒരു മതിലിന്റെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നുമാണ് സംസാരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ശബ്ദവീചികൾ സാങ്കേതിക വിദ്യയുടെ കാലിലേറി മതിലുകൾ ചാടിക്കടക്കുന്നു. ഓരോ നിമിഷവും എത്ര കോടി ശബ്ദങ്ങളാണ് അതിന്റെ ശ്രോതാവിലേക്ക് ഇങ്ങനെ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്നത്!

ഗൾഫിൽ പോകുന്ന സമയത്ത് (2001) മൊബൈൽ ഫോൺ പ്രചാരത്തിലായിത്തുടങ്ങതേ ഉണ്ടായിരുന്നുള്ളൂ. ആദ്യം ഉണ്ടായിരുന്ന ഫോൺ ആൽക്കാടെല്ലിന്റേതായിരുന്നു. ഒരു മിനി റേഡിയോയുടെ വലിപ്പമുണ്ടായിരുന്നു അതിന്. അധികം വിളിയും പറച്ചിലുമൊന്നുമില്ല. ലോക്കൽ കോളുകൾക്കുതന്നെ വലിയ ചാർജ്ജ് കൊടുക്കണമെന്നതുകൊണ്ട് അങ്ങനൊരു സാഹസത്തിന് അധികമാരും തുനിയില്ല. ഇൻകമിംഗിന് ചാർജ്ജ് ഈടാക്കിയിരുന്നതുകൊണ്ട് ആരും വിളിക്കല്ലേ എന്ന പ്രാർഥനയിലുമായിരുന്നു. നാട്ടിൽ നിന്നുള്ള കോളുകൾ മാത്രം പ്രതീക്ഷിച്ച് ബാറ്ററിയും സിമ്മും റീചാർജ്ജ് ചെയ്ത് റെഡിയാക്കി നിർത്തിയിരുന്നു. വീട്ടിൽ അന്ന് ഫോൺ ഇല്ലായിരുന്നതുകൊണ്ട് അവിടെ നിന്ന് അപൂർവ്വമായേ ഫോൺ വരാറുണ്ടായിരുന്നുള്ളൂ.
പകരം വാപ്പ കത്തുകളെഴുതും.
ആ കത്തുകൾ ചിലപ്പോഴൊക്കെ ഒരു സാഹിത്യകൃതി പോലെയും മറ്റു ചിലപ്പോൾ രാഷ്ട്രീയ ലേഖനം പോലെയുമിരുന്നു.
വാപ്പ എഴുതുമ്പോൾ എല്ലാം എഴുതും.
ഒരു കാര്യം എഴുതിപ്പോകുന്ന വഴിയിൽ മറ്റൊരു കാര്യത്തെപ്പറ്റി പറഞ്ഞാൽ അതേപ്പറ്റിയും വിവരിക്കും.
അങ്ങനെ ശാഖകളായി വികസിക്കുന്നൊരു മരം പോലെയായിരുന്നു വാപ്പയുടെ കത്തുകൾ. പണ്ട് ഉപരിപഠനാർഥം വീട്ടിൽനിന്ന് വിട്ടുനിന്ന മിനിപ്രവാസത്തിന്റെ സമയത്തും രണ്ടാഴ്ച കൂടുമ്പോഴെങ്കിലും വാപ്പയുടെ സാഹിത്യം വരാറുണ്ടായിരുന്നു. അന്ന് ആ കത്തുകൾ വായിക്കാൻ എന്റെ കൂട്ടുകാരെല്ലാം താല്പര്യം പ്രകടിപ്പിച്ചിരുന്നു.
വാപ്പ ആദ്യ കാലങ്ങളിൽ എഴുതിയ കത്തുകൾ ഈയിടെ വരെ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇടയ്ക്കിടെയുള്ള അടുക്കിപ്പെറുക്കലുകളിൽ അവയുടെ സ്ഥാനം അങ്ങോട്ടുമിങ്ങോട്ടും മാറി ഇപ്പോഴത് ഏതോ ഒരറയിൽ നിശബ്ദമായിരിക്കുന്നുണ്ടാവണം.

അടുക്കിപ്പെറുക്കുന്ന സമയത്ത് ഭാര്യ പറയും: ഇത് ഇനിയും ചുമന്നോണ്ടു നടക്കണോ? എത്രയോ പ്രാവശ്യം വായിച്ചതാണ്.?
ഒരു വിധത്തിൽ അവൾ പറയുന്നത് ശരിയാണ്. ഗൾഫിൽ താമസിക്കുമ്പോൾ ഇത്തരം ഇമോഷണൽ വേസ്റ്റുകൾ (ഇ- വേസ്റ്റ്) കുന്നുകൂടിക്കൊണ്ടിരിക്കും. വീടിന്റെ മുക്കുമൂലകളിൽ ഈ ഇ-വേസ്റ്റുകൾ അടയിരിക്കുന്നു. ഒരു പെട്ടിയിൽ നിന്ന് വേറൊരു പെട്ടിയിലേക്കും ഒരു മൂലയിൽ നിന്നും വേറൊരു മൂലയിലേക്കും സ്ഥാനം മാറ്റുന്നതല്ലാതെ അവയൊന്നും ഗാർബേജ് ബോക്‌സുകളിലേക്ക് തള്ളാനുള്ള മനക്കട്ടി ഇല്ല.

‘‘അതവിടെ വെച്ചേക്ക്. ഞാൻ ആദ്യമായി ഗൾഫിൽ പോകുന്ന സമയത്ത് ബാപ്പ വാങ്ങിത്തന്ന ഷർട്ടും പാന്റ്‌സുമാണത്.''‘‘ഇത് നമ്മൾ ആദ്യമായി വിരുന്നിനു പോയപ്പോൾ ഇട്ടതാണ്. ഇത് ഇവിടിരിക്കട്ടെ’’‘‘ഇത് ഞാൻ നിനക്ക് നാലാം വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് വാങ്ങിത്തന്ന ചെരിപ്പാണ്. അതു കളയണ്ട.’’ ‘‘ഇത് നമ്മുടെ മോൻ ആദ്യമായി നോക്കിക്കിടന്നിരുന്ന കളിപ്പാട്ടമല്ലേ, അത് ആ ഷെൽഫിനു മുകളിലേക്ക് വെച്ചേക്ക്'' ‘‘ഇത് ഉമ്മയുടെ സമ്പാദ്യത്തിൽ നിന്നു വാങ്ങിയ വാച്ചായിരുന്നു. ഗൾഫിലേക്ക് പുറപ്പെടുമ്പോൾ കെട്ടിത്തന്നത്. ചില്ലുപൊട്ടി സ്ട്രാപ്പ് പോയെങ്കിലും അത് ആ ബാഗിന്റെ ചെറിയ അറയിൽ വെറുതേ ഇരുന്നുകൊള്ളുമല്ലോ''

അങ്ങനെ എത്രയെത്ര ഇ-വേസ്റ്റുകൾ.
അവയിൽ ചിലതെല്ലാം ഗാർബേജ് ഭീഷണിയെ ചെറുത്തുനിന്നു. ചിലതൊക്കെ വശംവദരായി.
ഉമ്മ പണ്ട്, ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ കൊണ്ട് തലയണകൾ ഉണ്ടാക്കുമായിരുന്നു. ഗാർബേജ് ബോക്‌സിൽ തള്ളാതെ ദശകങ്ങളെ അതിജീവിച്ച ഒരു തലയണയിലെ രഹസ്യങ്ങൾ ഉമ്മാ ഈയിടെ തുറന്നു വെച്ചു. ഹൃദയഭേദകമായിരുന്നു അത്.
അതിൽ, എന്റെയും ജ്യേഷ്ഠന്റേയും കുഞ്ഞുടുപ്പുകൾ, കറുത്ത ബട്ടണുകൾക്കിടെ, നഷ്ടപ്പെട്ട ഭാഗത്ത് തുന്നിച്ചേർത്ത ചുവന്ന ബട്ടൺ..
ചന്തി പിഞ്ഞിയ നിക്കറുകൾ.. ഇമോഷൻസ്.. ഇമോഷണൽ വേസ്റ്റ്‌സ്...

വാപ്പ അയച്ച കത്തുകൾ ഇപ്പോഴും എവിടെയോ ഉണ്ട്.
സൂക്ഷിച്ചു വെച്ചിരുന്ന ഇടം മറന്നുപോയെന്നു മാത്രം. സൂക്ഷിച്ചു വെക്കാതിരുന്ന ഒരു കത്ത് രണ്ടുമാസം മുമ്പ് ഒരു പുസ്തകത്തിനുള്ളിൽ നിന്നും കിട്ടയത് ഇപ്പോൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

കത്തുകൾ മൊബൈലുകൾക്ക് വഴിമാറിയത് പ്രവാസ ജീവിതത്തിലും അതിന്റെ നിർവചനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. കഴിഞ്ഞ ഭാഗങ്ങളിലൊന്നിൽ സൂചിപ്പിച്ച പ്രതീതിയാഥാർഥ്യങ്ങളുടെ ലോകം അവിടെ ഉറവപൊട്ടി

പ്രവാസിക്കത്തുകൾ ചാടിയ മതിലുകൾ കനമേറിയതായിരുന്നു.
മലകളും പുഴകളും ആകാശങ്ങളും കടന്ന് വൈകിയെത്തുന്ന ശബ്ദങ്ങൾ.. തണുപ്പിൽ നിന്ന് ചൂടിലേക്കും ചൂടിൽ നിന്ന് തണുപ്പിലേക്കും പ്രയാണം നടത്തുന്ന ശബ്ദങ്ങൾ. അഡ്രസ്സിലുള്ളയാൾക്ക് മാത്രം കേൾക്കാനാവുന്ന ശബ്ദങ്ങൾ. അയാൾക്ക് മാത്രം മനസ്സിലാക്കാനാവുന്ന ആശയങ്ങൾ, സംഘട്ടനങ്ങൾ.. സ്‌നേഹവും സന്തോഷവും സങ്കടവും വാത്സല്യവും പരിഭവവുമെല്ലാം അക്ഷരങ്ങളിലേക്ക് ആവാഹിച്ച കത്തുകൾ.

ആ കത്തുകളിൽ ആവർത്തിച്ചു കണ്ട വരികൾ പിന്നീട് പാട്ടുകളായി. കത്തുപാട്ടുകൾ.. ഒരുപക്ഷേ ഒരു പാട്ടുകേട്ട് മലയാളികളിൽ ആരെങ്കിലുമൊക്കെ വിങ്ങിക്കരഞ്ഞിട്ടുണ്ടെങ്കിൽ അത് എസ്. എ ജമീലിന്റെ "എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ' എന്നു തുടങ്ങുന്ന കത്തുപാട്ട് കേട്ടിട്ടായിരിക്കും. ദേശീയതലത്തിൽ അത് പങ്കജ് ഉധാസിന്റെ ‘ചിട്ടീ ആയീ ഹെ'-യും. രണ്ടും പ്രവാസത്തിന്റെ പാട്ടുകൾ. ഈ രണ്ടു പാട്ടുകളും ഒരു വലിയ വിഭാഗം പ്രവാസികളെ ഇപ്പോഴും ഈറനണിയിക്കാറുണ്ട്.

മൊബൈലുകളും വീഡിയോ ചാറ്റുകളും ഇല്ലാതിരുന്ന അക്കാലത്തെ പ്രവാസത്തിന്റെ കാഠിന്യം ഇത്ര സ്ഫുടമായി വരച്ചുവെക്കാൻ മറ്റൊരു പ്രവാസി രചനയ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ആടുജീവിതം ഒരു പ്രവാസിയുടെ കഷ്ടപ്പാടിന്റെയും അതിജീവനത്തിന്റേയും കഥ പറയുമ്പോഴും ആ ജീവിതം പ്രവാസികളെല്ലാം ജീവിക്കുന്നതല്ല. മുഴുവൻ പ്രവാസികളേയും അത് പ്രതിനിധീകരിക്കുന്നുമില്ല. അതേസമയം, മരുഭൂമിയുടെ വിദൂരതയിലെവിടെയോ ഒരു മസറയിൽ ഒറ്റപ്പെട്ടുപോയൊരാളാണ് താനും എന്നൊരു വിചാരം ആ കൃതി പ്രവാസികളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. വേരുകൾ പടർത്താൻ കഴിയാത്തൊരു ഭൂമിയിൽ അതിജീവനത്തിനായി പ്രയത്‌നിക്കുന്ന ഓരോ പ്രവാസിയും നജീബിനോട് താദാത്മ്യപ്പെടാൻ ശ്രമിക്കുന്നു.

കത്തുകൾ മൊബൈലുകൾക്ക് വഴിമാറിയത് പ്രവാസ ജീവിതത്തിലും അതിന്റെ നിർവചനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. കഴിഞ്ഞ ഭാഗങ്ങളിലൊന്നിൽ സൂചിപ്പിച്ച പ്രതീതിയാഥാർഥ്യങ്ങളുടെ ലോകം അവിടെ ഉറവപൊട്ടി. ശബ്ദങ്ങളിലൂടെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യം അനുഭവിക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. പ്രവാസിയുടെ നൊമ്പരങ്ങൾ അയഞ്ഞുകൊണ്ടിരുന്നു. ഓരോ വർഷവും മൊബൈൽ മേഖല ധ്രുതഗതിയിൽ വളർന്നു. നോക്കിയ 3310 ലെ പാമ്പ് ഇരവിഴുങ്ങി വലുതാകുമ്പോലെ മൊബൈൽ ശൃഖലകളും സാങ്കേതികതയും വലുതായിക്കൊണ്ടിരുന്നു.

മതിലുകൾക്കപ്പുറത്തും ഇപ്പുറത്തും നിന്ന് അടൂരിന്റെ പടത്തിലെ കഥാപാത്രങ്ങളെപ്പോലെ പിശുക്കി സംസാരിച്ചിരുന്നവർ മണിക്കൂറുകൾ നീളുന്ന സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ഇപ്പോൾ അത് വീഡിയോ കോളുകളിലും അനേകം പേരെ ഉൾക്കൊള്ളാവുന്ന മീറ്റിംഗുകളിലും എത്തിനിൽക്കുന്നു.

സുനീർ അങ്ങനെ ഒരാളായിരുന്നു.
മണിക്കൂറുകൾ സംസാരിക്കുന്നൊരാൾ.
രണ്ട് രണ്ടര മൂന്നു മണിക്കൂർ അവൻ കൂസലില്ലാതെ സംസാരിച്ചുകൊണ്ടിരിക്കും. വിശപ്പും ദാഹവുമൊന്നും അവനെ അലട്ടാറില്ല. മെസ്സിൽ അവന്റെ ദിവസമാണെങ്കിൽ തോളുകൊണ്ട് ഫോൺ ചെവിയിലേക്ക് അമർത്തിവെച്ച് അരി കഴുകുകയും പയർ അരിയുകയും മീൻ വെട്ടുകയും ചെയ്യും. ഒരു തോള് വേദനിക്കുമ്പോൾ ഫോൺ മറ്റേ തോളിലേക്ക് മാറ്റും.
അട്ടഹസിച്ച് സംസാരിക്കുകയാണെങ്കിൽ അത് അവന്റെ കൂട്ടുകാരിൽ ആരോ ആവുമെന്നർഥം. എവിടെങ്കിലും പോയിരുന്ന് സ്വസ്ഥമായി സംസാരിക്കുകയാണെങ്കിൽ വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചതാണെന്ന് മനസ്സിലാക്കാം. കോൾ അറ്റന്റ് ചെയ്ത് ആദ്യത്തെ കുറച്ചു മിനിട്ടുകൾ വെറും മുക്കലും മൂളലും "പിന്നെന്താ' പറച്ചിലുമാണെങ്കിൽ അത് അവളുതന്നെ. നാരായണി. ആ കോളാണ് പിന്നീട് മണിക്കൂറുകൾ നീളുന്ന കോള്. ഇയർ പീസ് ചൂടാവുമ്പോൾ അവൻ ഹെഡ് ഫോൺ എടുത്തുകുത്തും. ബാറ്ററി തീരാറാകുമ്പോൾ ചാർജർ കുത്തി കോൾ തുടരും.

അവളെ അവൻ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവളെ ഞങ്ങൾ നാരായണി എന്നു വിളിച്ചിരുന്നത്. അവൾ പ്രൊഫൈൽ പിക്ചർ ആക്കാറുള്ളത് പൂക്കളുടെ പടങ്ങളായിരുന്നു. വോയിസ് മാറി വീഡിയോ ചാറ്റ് യുഗമായപ്പോഴും ദുരുപയോഗ ഭയം കാരണം അവൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടില്ല. പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അവളെ നാരായണി എന്നുതന്നെയാണ് വിളിക്കേണ്ടത്; അല്ലേ?

മതിലുകൾക്കുള്ളിൽ വീർപ്പുമുട്ടുമ്പോൾ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും അവൻ അപ്പുറത്തുള്ള നാരായണിയുടെ ശബ്ദം കേൾക്കുന്നു. അവൻ അവൾക്ക് റോസാ പുഷ്പങ്ങൾ എറിഞ്ഞുകൊടുക്കുന്നു. അത് അവളുടെ മുലകൾക്കു മീതെ വീഴുന്നു

മതിലുകൾക്കപ്പുറത്തു നിന്നു വരുന്ന ശബ്ദം മാത്രമല്ല നാരായണി. എത്തിപ്പിടിക്കാനോ തൊടാനോ ആശ്ലേഷിക്കാനോ ആവാത്ത കാഴ്ചയും നാരായണിയാണ്. ഒരു ചില്ലുമതിലിനപ്പുറത്ത് നിൽക്കുന്ന നാരായണിമാരെ പ്രണയിക്കുന്ന പ്രവാസികളും അപ്രവാസികളുമായവർ എത്രയോ ഉണ്ട് ലോകത്ത്.
21- വയസ്സിൽ നാട്ടിൽനിന്ന് ഗൾഫിലേക്കു വന്ന സുനീർ തനിക്ക് പരിചയമില്ലാത്ത മതിലുകൾക്കുള്ളിൽ അകപ്പെട്ട ചെറുപ്പക്കാരനാണ്. നഷ്ടങ്ങൾ എണ്ണുന്ന കൂട്ടത്തിൽ അവന്റെ യൗവനവുമുണ്ട്. ഒരു ജീവി എന്ന നിലയിൽ യൗവ്വനത്തിൽ തന്നിലുണരുന്ന ഭാവങ്ങളെ പ്രദർശിപ്പിക്കാനും ആഘോഷിക്കാനും ഇടമില്ലാതെ പോയവൻ. മതിലുകൾക്കുള്ളിൽ വീർപ്പുമുട്ടുമ്പോൾ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും അവൻ അപ്പുറത്തുള്ള നാരായണിയുടെ ശബ്ദം കേൾക്കുന്നു. അവൻ അവൾക്ക് റോസാ പുഷ്പങ്ങൾ എറിഞ്ഞുകൊടുക്കുന്നു. അത് അവളുടെ മുലകൾക്കു മീതെ വീഴുന്നു.

നാരായണിയുമായുള്ള ബഷീറിന്റെ സംഭാഷണത്തിൽ ഒരുകാര്യം നിരീക്ഷിക്കാനാവും. ആ സംഭാഷണം ലൈംഗികച്ചുവയിലേക്ക് പുരോഗമിക്കുന്നുവെന്നതാണത്. മറ്റൊരു കാര്യം നിരീക്ഷിക്കാനാവുന്നത്, കോണ്ടക്സ്റ്റിൽ നിന്ന് അടർത്തിയെടുത്താൽ ആ സംഭാഷണം ഒരു കാമുകനും കാമുകിയും തമ്മിലുള്ള ഫോൺസംഭാഷണം പോലെയിരിക്കുമെന്നാണ്.
ഇവിടെ, രാത്രിയേറെ വൈകിയും സുനീർ നാരായണിയോട് സംസാരിക്കുന്നതെന്താവും?

ചീവീടുകൾ

ൾഫിലെ നഗരങ്ങളുടെ നിശ്ശബ്ദതയെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നു. ശബ്ദകോലാഹലങ്ങളില്ലാത്ത നഗരങ്ങൾ... ഇന്നിപ്പോൾ വീണ്ടും ഞാൻ ശബ്ദത്തെപ്പറ്റി ചിന്തിക്കുന്നു. ഈ കുറിപ്പുകൾക്ക് ശബ്ദം നൽകുന്നതിന്റെ ബദ്ധപ്പാടുകളെപ്പറ്റി. ആദ്യ കുറിപ്പിന്റെ ശബ്ദരേഖ എഡിറ്റർക്ക് അയച്ച് അധിക സമയം കഴിഞ്ഞില്ല; ഒരു കമന്റോടെ അത് തിരിച്ചുവന്നു: ""ഇതിൽ കുട്ടികൾ കരയുന്ന ശബ്ദമുണ്ട്.''

മുറിയുടെ വാതിലും ജനലുകളും അടച്ച് യാതൊരു ശബ്ദവുമില്ലെന്നു കരുതി റെക്കോഡ് ചെയ്ത സംഗതിയാണ് തിരിച്ചെത്തിയത്. ഒന്നുകൂടി പ്ലേ ചെയ്തു നോക്കിയപ്പോൾ ശരിയാണ്. എന്റെ ശബ്ദത്തോട് ഇഴുകിച്ചേർന്ന് ഇളയ മകന്റെ കരച്ചിൽ. അതുകൂടാതെ റോഡിലൂടെ അനൗൺസ്‌മെന്റ് വാഹനം പോകുന്നതിന്റെ ശബ്ദം, വഴിയിലൂടെ ബുള്ളറ്റ് ഓടിച്ചുപോകുന്നതിന്റെ ശബ്ദം, ഹോണടികൾ അങ്ങനെ അവിടവിടെയായി പലപല പാളിച്ചകൾ.

പിള്ളേർ ഉറങ്ങിയപ്പോൾ ഒന്നുകൂടി റെക്കോഡ് ചെയ്യാനിരുന്നു.
പകുതി റെക്കോഡ് ചെയ്തപ്പോഴേക്കും അവൻ ഉണർന്ന് വീണ്ടും കരയാൻ തുടങ്ങി. അവനൊരു കരഞ്ഞുച്ചെക്കനാണ്. ഇനി ഒന്നര മണിക്കൂറുകളെങ്കിലും ഇടവിട്ടിടവിട്ട് അവൻ കരഞ്ഞുകൊണ്ടിരിക്കും. വീട്ടിലിരുന്നാൽ സംഗതി നടക്കില്ല. ഞാൻ മൊബൈലുമെടുത്ത് കുടുംബവീട്ടിൽ പോയി. അവിടുത്തെ ഒരു മുറിയിൽ കയറി കതകടച്ച് റെക്കോഡ് ചെയ്യാൻ തൊണ്ട ക്ലിയർ ചെയ്തതും അതിനേക്കാൾ ഒച്ചയിൽ മറ്റൊരു തൊണ്ട ക്ലിയർ ചെയ്യലിന്റെ ശബ്ദം. എന്താണത്? ചിന്തിച്ചിരിക്കെ മേൽക്കൂര വഴി ബാക്കിശബ്ദം മുറിയിലേക്ക് കുത്തിയൊലിക്കുന്നു. ഓം ഭഗവതേ വാസുദേവായ... അടുത്തുള്ള അമ്പലത്തിലെ ഭാഗവത പാരായണക്കാരൻ ഇടവേള കഴിഞ്ഞ് അപ്പോൾ എത്തിയതേയുള്ളൂ.

ഓരോ മനുഷ്യന്റേയും ആത്മാവിലിരുന്ന് കരയുന്ന ജീവിയാണ് ചീവീട്. രാത്രികാലങ്ങളിൽ ഗൾഫിൽ നിന്ന് ഫോൺ ചെയ്യുമ്പോഴെല്ലാം അത് ഉയർത്തിയിരുന്ന ഗൃഹാതുരത്വം ആസ്വദിച്ചിട്ടുണ്ട്

കതകുതുറന്ന് പുറത്തുവന്ന് ഞാൻ വാപ്പായോട് ചോദിച്ചു: ‘‘ഇതെപ്പോ തീരും?''‘‘സന്ധ്യ കഴിയും.''‘‘കെ.എസ്.ഇ.ബിയിലെ ബിജുവിനെ വിളിച്ച് കുറച്ചുനേരത്തേക്ക് ഫ്യൂസ് ഊരാൻ പറഞ്ഞാലോ?''‘‘കാര്യമില്ല, ജനറേറ്ററുണ്ട്. ദുബായ് അസോസിയേഷൻ വക. ജനറേറ്ററിന്റെ സൗണ്ടും ഭാഗവതത്തിന്റെ സൗണ്ടും ഒന്നിച്ചുവരും.''‘‘അപ്പോ സന്ധ്യവരെ കാത്തിരിക്കണം.''‘‘വേണ്ടിവരും. കൊറോണ ആയതു നിന്റെ ഭാഗ്യം. സന്ധ്യമുതൽ ഇപ്പോൾ പള്ളിയിൽ നിന്നുള്ള മൗലൂദും റാത്തീബുമൊന്നുമില്ല.''

സന്ധ്യവരെ കാത്തിരുന്നു. എന്നാലോ, സന്ധ്യ അത്ര നിഷ്‌കളങ്കമൊന്നുമല്ല. പ്രകൃതിയുടേതായ സകല ശബ്ദകോലാഹലങ്ങളും അപ്പോഴാണ്. കാക്കകളും കിളികളും ഒച്ചയുണ്ടാക്കുന്നതും മറ്റും അപ്പോഴാണ്. ഒരുകിളി അങ്ങോട്ടു കരയും: കിയോ കിയ്യോ കിയ്യോ. മറ്റേക്കിളി ഇങ്ങോട്ടു കരയും: കുയ്യോ കുയ്യോ കുയ്യോ.. വല്ലതും പറയാൻ പറ്റുമോ? കിളികളുടെ കരച്ചിലും പാട്ടുമെല്ലാം പ്രകൃതിയുടെ ശബ്ദങ്ങളാണ്. അതിനെ ശബ്ദമലിനീകരണമെന്നു പറയാൻ പറ്റില്ല. പ്രകൃതിക്ക് സ്വതവേയുള്ള ശബ്ദങ്ങളെ കൂടാതെയുള്ള നിർമ്മിത ശബ്ദങ്ങളെയല്ലേ കുറ്റം പറയാൻ പറ്റൂ.

വോയിസ് റെക്കോഡ് ചെയ്യുമ്പോൾ കാക്ക കരയുന്ന ശബ്ദമുണ്ടെങ്കിൽ എഡിറ്റർ എന്നെ കുറ്റം പറയാൻ പാടില്ലാത്തതാണ്. പ്രകൃതിയുടെ ശബ്ദം നിശബ്ദതയിൽ പെടുമല്ലോ. ആ ന്യായപ്രകാരം കുട്ടികളുടെ കരച്ചിലും പ്രകൃതിയുടെ ശബ്ദത്തിൽപ്പെടും. പ്രത്യേകിച്ച് ദുരുദ്ദേശ്യമൊന്നുമില്ലാതെയുള്ള നിഷ്‌കളങ്കക്കരച്ചിലാണല്ലോ അത്. വേണ്ട. എഡിറ്ററെ വെറുതേ പിണക്കണ്ട. സന്ധ്യമയങ്ങുമ്പോൾ കാക്കയും കിളിയുമെല്ലാം ചേക്കേറും. പിന്നെ നീണ്ടുകിടക്കുകയാണ് നിശ്ശബ്ദരാത്രി. എത്രവേണമെങ്കിലും റെക്കോഡ് ചെയ്യാം. എഡിറ്റർ അൽപം കൂടി വെയിറ്റ് ചെയ്യേണ്ടിവരും. വെയിറ്റ് ചെയ്യട്ടെ.

അങ്ങനെ രാത്രിയായി.

രാത്രിയുടെ നിശ്ശബ്ദത എന്ന പ്രയോഗം ഏതു കാതുപൊട്ടനാണ് ആദ്യം പ്രയോഗിച്ചതെന്ന് ഗൂഗിളിൽ സർച്ച് ചെയ്യാൻ തോന്നിയെനിക്ക്.
സത്യത്തിൽ പകലിനേക്കാൾ ബഹളമയമാണ് രാത്രി. ചീവീടുകൾ, മാക്രികൾ, മറ്റേതൊക്കെയോ ജീവികൾ.. വാശിയോടെ കരയുന്നു. നിർത്താതെ. നിലയ്ക്കാതെ. ചീവീടെന്നു പറയുന്ന ജീവിയെ ഞാനിതുവരെ കണ്ടിട്ടേയില്ല. അതിന്റെ ശബ്ദം പക്ഷേ മറ്റേതൊരു ജീവിയുടെ ശബ്ദത്തേക്കാളും കേട്ടിട്ടുണ്ട്. യേശുദാസിന്റെ പാട്ടു കേട്ടതിനേക്കാൾ കൂടുതൽ അതിന്റെ പാട്ട് കേട്ടിട്ടുണ്ട്. ഓരോ മനുഷ്യന്റേയും ആത്മാവിലിരുന്ന് കരയുന്ന ജീവിയാണ് ചീവീട്. രാത്രികാലങ്ങളിൽ ഗൾഫിൽ നിന്ന് ഫോൺ ചെയ്യുമ്പോഴെല്ലാം അത് ഉയർത്തിയിരുന്ന ഗൃഹാതുരത്വം ആസ്വദിച്ചിട്ടുണ്ട്. ഗൾഫിലും ചീവീട് ശബ്ദമുണ്ട്. പക്ഷേ ഇവിടുത്തത്രയും ഓർക്കസ്‌ട്രേഷനില്ല. ചീവീടുകൾ രാത്രിയുടെ കുഞ്ഞുങ്ങളാണ്. പക്ഷേ ഇവിടെ ഇപ്പോൾ റെക്കോഡ് ചെയ്യാനിരിക്കുമ്പോൾ അതൊരു ഭീകരജീവിയായിമാറി മുറിയ്ക്കുള്ളിൽ എവിടെയോ ഇരുന്ന് കത്തി രാകുന്നു. ഒന്നല്ല രണ്ട് ചീവീടുകൾ. രണ്ടല്ല, മൂന്നോ നാലോ ചീവീടുകൾ...

റെക്കോഡിംഗിനുള്ള അന്നത്തെ ഉദ്യമം ഞാൻ ഉപേക്ഷിച്ചു.
എഡിറ്ററെ വിളിച്ചു പറഞ്ഞു:""നാളെ ഉച്ചയ്ക്കുള്ളിൽ റെക്കോഡ് ചെയ്ത് അയയ്ക്കാം.''
എവിടിരുന്ന് റെക്കോഡ് ചെയ്യും എന്നതിനെപ്പറ്റി അപ്പോൾ എനിക്ക് ഐഡിയകൾ ഒന്നുമില്ലായിരുന്നെങ്കിലും അതേപ്പറ്റിത്തന്നെയുള്ള ചിന്ത ഒരു സൂപ്പർ ഐഡിയ തലയിൽ മുളപ്പിച്ചു. അമ്പലങ്ങളും പള്ളികളും ബസ്സും അനൗൺസ്‌മെന്റ് വാഹനങ്ങളുമില്ലാത്ത ദൂരെദിക്കിൽ എവിടെയെങ്കിലും കാറുമായി പോവുക. ഗ്ലാസ്സുകൾ ടൈറ്റായി അടച്ച് എ.സി ഓഫ് ചെയ്ത് അതിനുള്ളിലിരുന്ന് റെക്കോഡ് ചെയ്യുക.

അതൊരു നല്ല ഐഡിയ ആയിരുന്നു.
അങ്ങനെ, അധികം ആൾപ്പാർപ്പില്ലാത്തൊരിടം ഞാൻ കണ്ടുപിടിച്ചു. കാറിനുള്ളിലിരുന്ന് റെക്കോഡിംഗ് തുടങ്ങി. റെക്കോഡിംഗ് അത്ര ഈസിയായ പരിപാടിയല്ല. "യഥാവിധി' എന്നൊരു വാക്ക് നേരേ ചൊവ്വേ പറയണമെങ്കിൽ അഞ്ച് ടേക്ക് വേണ്ടിവരും. അതുകൊണ്ടുതന്നെ സമയം ഏറെയെടുക്കുന്ന കാര്യമാണ് എനിക്ക് റെക്കോഡിംഗ്.

എ.സി ഓഫ് ആയിരുന്നതിനാൽ റെക്കോഡിംഗ് കഴിഞ്ഞപാടെ ഞാൻ വിയർത്തുകുളിച്ചു. തൊണ്ട നനയ്ക്കാനുള്ള വെള്ളം വാങ്ങാനായി അടുത്തുള്ള മാടക്കടയിലേക്ക് പോയി. തിരികെയെത്തുമ്പോൾ കുറച്ച് ചെറുപ്പക്കാർ കാറിനു ചുറ്റും കൂടി എന്തോ തിരയുമ്പോലെ അകത്തേക്ക് നോക്കുന്നു.
കാറിനകത്ത് വിയർത്തുകുളിച്ച് ഞാൻ എന്തു ചെയ്യുകയായിരുന്നു എന്ന് നോക്കുകയാവാം. ആ ഏരിയ സദാചാര പൊലീസുകാരുടെകൂടി ഏരിയയാണെന്ന് പിന്നീടാണ് ഒരു സുഹൃത്ത് പറയുന്നത് ▮

(തുടരും)


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments