ചിത്രീകരണം: ദേവപ്രകാശ്

മഗ്‌രിബ് ബാങ്കിനുമുമ്പുള്ള അവസാനത്തെ പത്തുമിനിറ്റ്

ബാങ്ക് കൊടുക്കുന്നതിനു തൊട്ടു മുമ്പുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ ഏതോ ഒരു വലിയ നിധിക്കു ചുറ്റും ഇരിക്കുന്ന മന്ത്രവാദികളെപ്പോലെയാണ് ഓരോരുത്തരും. വെള്ളിപോലെ വിളങ്ങുന്ന തളികയ്ക്ക് ചുറ്റുമിരുന്ന് അവർ മന്ത്രങ്ങൾ ഉരുവിടുന്നു: സുബ്ഹാനള്ളാഹി വബിഹംദിഹീ...

ബാച്ച്‌ലർ ആയിരുന്ന സമയത്ത് റമദാൻ എനിക്ക് ചെലവു കുറഞ്ഞ കാലമായിരുന്നു. ആ മാസത്തിൽ ഭക്ഷണത്തിന് പൈസ മുടക്കേണ്ട കാര്യമില്ല. വൈകുന്നേരമാകുമ്പോൾ റൂമിൽനിന്ന് നാലടി നടന്നാൽ റമദാൻ കൂടാരത്തിലെത്താം. അവിടെയുണ്ട് ആവിപറക്കുന്ന ചിക്കൻ മന്തി. അല്ലെങ്കിൽ മട്ടൻ മന്തി. പഴവർഗങ്ങളും ഹരീസും വേറെ!

റമദാൻ ഫാസ്റ്റിംഗിന്റെ മാസം എന്നതുപോലെ ഫീസ്റ്റിംഗിന്റെ കൂടി മാസമാണ്. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതോടെ ഭക്ഷണഗന്ധം പാത്രങ്ങൾ തുറന്ന് പുറത്തേക്കൊഴുകുന്നു. വീടുകൾ റമദാൻ സ്‌പെഷ്യലുകൾ കൊണ്ട് സമൃദ്ധമാകുന്നതുകൂടാതെ വ്യക്തികളുടേയും സംഘടനകളുടേയും ഗവണ്മെന്റുകളുടേയും ഇഫ്താർ മേളകൾ പൊടിപൊടിക്കുന്നു. അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിലെ മെഗാ ഇഫ്താറിൽ 35,000 പേർക്കാണ് ദിനംപ്രതി ഭക്ഷണം വിളമ്പുന്നത്.

ഇവിടെ, റൂമിനടുത്തെ പള്ളിക്കൂടാരത്തിൽ കാര്യം ബഹുരസമാണ്. എയർ കണ്ടീഷൻ ചെയ്ത കൂടാരത്തിൽ നോമ്പുതുറക്ക് അഞ്ഞൂറുപേരെങ്കിലും ഉണ്ടാവും. ഓരോ നാലുപേർക്കും ഒരു വലിയ തളിക ഭക്ഷണം എന്നതാണ് കണക്ക്. ബാങ്ക് മുഴങ്ങുമ്പോൾ തളിക പൊതിഞ്ഞിരിക്കുന്ന അലൂമിനിയം ഫോയിൽ തുറക്കും. ബാങ്ക് കൊടുക്കുന്നതിനു തൊട്ടുമുമ്പുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ ഏതോ ഒരു വലിയ നിധിക്കു ചുറ്റും ഇരിക്കുന്ന മന്ത്രവാദികളെപ്പോലെയാണ് ഓരോരുത്തരും. വെള്ളിപോലെ വിളങ്ങുന്ന തളികയ്ക്ക് ചുറ്റുമിരുന്ന് അവർ മന്ത്രങ്ങൾ ഉരുവിടുന്നു: ""സുബ്ഹാനള്ളാഹി വബിഹംദിഹീ...''.

മന്ത്രോച്ചാരണത്തിനിടയിലും അലൂമിനിയം ഫോയിലിനുള്ളിൽ എന്തായിരിക്കുമെന്ന ചിന്ത തലയുടെ ഒരു സൈഡിലൂടെ പാഞ്ഞുനടക്കും. ചിക്കനാണോ മട്ടനാണോ? പീസുകൾക്ക് എത്ര വലുപ്പമുണ്ടാവും? ഏറ്റവും വലിയ പീസ് എനിക്കുതന്നെ കിട്ടുമോ? അലൂമിനിയം ഫോയിൽ തുറന്നാലറിയാം ആ ഭാഗ്യം ആർക്കാണെന്ന്!

ബംഗാളിയും ഞാനും പാകിസ്ഥാനിയുടെ മുഖത്തേക്ക് നീരസത്തോടെ നോക്കും. "ഇയ്യാൾക്ക് വേറേ പണിയൊന്നുമില്ലേ, അവൻ വേറേ എവിടെങ്കിലും പോയി കൂടിയേനെ, ഉടനേ ഇവിടെ വിളിച്ചിരുത്തിയിരിക്കുന്നു' - മനസ്സ് പിറുപിറുക്കും.

സ്ഥിരമായി ടെന്റിൽ പോയ്‌ക്കൊണ്ടിരുന്ന ആദ്യകാലത്ത് സുപ്രയിൽ വെച്ച് പരിചയപ്പെട്ട ഞങ്ങൾ നാലുപേർ ഒരു റമദാൻകാല മൾട്ടിനാഷണൽ സൗഹൃദം ഉണ്ടാക്കിയെടുത്തിരുന്നു. അവർ സ്ഥിരമായി ഒരേ തളിക പങ്കിടാനും തീരുമാനിച്ചു. ഒന്ന് ഒരു തടിച്ച പാകിസ്ഥാനി ടാക്‌സി ഡ്രൈവർ, പിന്നൊരാൾ ഈജിപ്ഷ്യൻ സഈദി, പിന്നൊരു ബംഗാളി, പിന്നെ മലയാളിയായ ഞാൻ. ഭക്ഷണശേഷം മിച്ചം വരുന്നതൊക്കെ സഈദി ഒരു കവറിനകത്താക്കി കൊണ്ടുപോകും. അയാളുടെ അത്താഴം അതാണ്. ഈജിപ്തിലെ സഈദ് എന്ന പ്രദേശത്തു നിന്നുള്ളവരെയാണ് സഈദി എന്നു വിളിക്കുന്നത്. സഈദികളിൽ അധികവും ഗ്രാമീണരും നേരേവാ നേരേപോ പ്രകൃതക്കാരുമാണ്.

പാകിസ്ഥാനിയോ ഞാനോ ബംഗാളിയോ തളികയിലെ അവരവരുടെ അതിർത്തികൾ വിട്ട് കൈയേറാറില്ല. ഭക്ഷണം കഴിച്ച് എഴുന്നേൽക്കുമ്പോൾ തളികയിൽ ബിരിയാണിച്ചോറുകൊണ്ടുള്ള നേരിയൊരു അതിർത്തി രേഖ ബാക്കിയാവുന്നത് അതിന്റെ ലക്ഷണമാണ്.
മാനുഷികമായ ഒട്ടേറെ ചപലവികാരങ്ങളെ നമുക്കുതന്നെ മനസ്സിലാക്കിത്തരുന്ന നിമിഷങ്ങളാണ് ബാങ്കുവിളി പ്രതീക്ഷിച്ച് തള്ളിനീക്കുന്ന അവസാനത്തെ പത്തുമിനിട്ട്. ആ പത്തുമിനിട്ടിനിടയ്ക്കാണ് ടെന്റിലെ സീറ്റിംഗ് കപ്പാസിറ്റി ഫുൾ ആയതിനാൽ താമസിച്ചെത്തിയ ഒരുപാടുപേരിൽ നിന്ന് അഞ്ചാമനായി ഒരാളെക്കൂടി നമ്മുടെ തളികയിലേക്ക് ആനയിക്കേണ്ടി വരുന്നത്. സീറ്റ് കാത്തുനിൽക്കുന്നവരിൽ ഏറ്റവും മെലിഞ്ഞതെന്ന് തോന്നുന്നൊരാളാളെ പാകിസ്ഥാനി കൈ ആട്ടി വിളിക്കും: ""അരേ ബായ്.. ഇഥർ ആജാവോ,, ഇഥർ ബൈഠിയേ ജീ.''
ബംഗാളിയും ഞാനും പാകിസ്ഥാനിയുടെ മുഖത്തേക്ക് നീരസത്തോടെ നോക്കും. ""ഇയ്യാൾക്ക് വേറേ പണിയൊന്നുമില്ലേ, അവൻ വേറേ എവിടെങ്കിലും പോയി കൂടിയേനെ, ഉടനേ ഇവിടെ വിളിച്ചിരുത്തിയിരിക്കുന്നു''- മനസ്സ് പിറുപിറുക്കും. ""നമ്മുടെ അതിർത്തികൾക്കുള്ളിൽ നമുക്ക് കഴിക്കാനുള്ളതേ ഉള്ളൂ. അതെങ്കിലും മനസ്സിലാക്കണ്ടേ ഈ പട്ടാണി?!''

ടെന്റിൽ താമസിച്ചെത്തുന്നവൻ അഭയാർഥിയെപ്പോലെയാണ്. ഏത് തളികയിലും അവനൊരു അധികപ്പറ്റാണ്. തളികയുടെ ഔദ്യോഗിക അവകാശികൾ വിശന്നു പൊരിഞ്ഞ് അലൂമിനിയം ഫോയിൽ ഇളക്കാൻ തയ്യാറെടുത്തിരിക്കുമ്പോൾ അതിനടിയിലുള്ള ഭക്ഷണത്തിന് ഒരു അവകാശികൂടി എത്തുകയാണ്. അവനെ സഹിക്കാൻ ആർക്കാണ് വിശാലമനസ്സുണ്ടാവുക? വന്നയാളിന്റെ വിശപ്പും മറ്റുള്ളവരുടെ വിശപ്പിനു തുല്യമാണല്ലോ. അതുകൊണ്ട് അവനുകൂടി ഭക്ഷണം പങ്കുവെക്കും. അൽപം ബദ്ധപ്പെട്ടിട്ടാണെങ്കിലും എല്ലാവരും മനസ്സിനെ വിശാലമാക്കും.

സഈദി മുൻകൈയ്യെടുത്ത് പുതുതായി ചേർന്നയാൾക്ക് ഈന്തപ്പഴവും ഓറഞ്ചും അങ്ങനെ പറ്റുന്നതെല്ലാം പങ്കുവെക്കും. അഭയാർഥി ഭവ്യതയോടെയേ എല്ലാം സ്വീകരിക്കൂ. ""മഷ്‌കൂർ.. മഷ്‌കൂർ..''
മറ്റുള്ളവരും അവർക്ക് കിട്ടിയ പാനീയങ്ങളും പഴങ്ങളും പങ്കുവെക്കാൻ തുടങ്ങും. ഒടുവിൽ, നാലുപേരുടേയും പങ്കുപറ്റുന്ന അഭയാർഥിയുടെ കയ്യിൽ മറ്റുള്ളവരുടെ കയ്യിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭക്ഷണസാധനങ്ങൾ വന്നുചേരും.

നാലുപേരോടൊപ്പം ഇരുന്ന് ബിരിയാണി കഴിച്ച്, പാകിസ്ഥാനി പകർന്ന വെള്ളവും കുടിച്ച് പശിയടങ്ങിയ ശേഷം എഴുന്നേൽക്കാറാവുമ്പോഴാണ് കൂടെയിരുന്ന് കഴിച്ചവരുടെ കൈകളിലേക്ക് ഞാൻ നോക്കുന്നത്. പല നിറത്തിലുള്ള കൈകൾ. എല്ലാവരും നഖം വെട്ടിയിട്ടുണ്ടോ? സഈദിയുടെ കൈപ്പുറത്തുകാണുന്ന ചെറിയ പുള്ളിക്കുത്തുകൾ എന്താണ്?

ഇതിനിടയിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു അറബി സ്‌പെഷ്യൽ ഫുഡുമായി തന്റെ കാറിൽ വന്നിറങ്ങും. മിക്കപ്പോഴും ആയാളുടെ കയ്യിൽ നോമ്പുകാരെ ആകർഷിക്കുന്ന നിറത്തിലുള്ള, പുറമേ ഈർപ്പം പൊടിഞ്ഞുനിൽക്കുന്ന തണുത്ത ഏതെങ്കിലും ജ്യൂസ് ആയിരിക്കും. പക്ഷേ അയാളുടെ കയ്യിലുള്ളത് ടെന്റിലുള്ള അത്രയും പേർക്ക് തികയില്ല. അതിനാൽ അയാൾ തന്റെ ജ്യൂസ് കുപ്പികൾ അവിടേക്കും ഇവിടേക്കുമൊക്കെ എറിഞ്ഞുകൊടുക്കുന്നു. അപ്പോൾ, ടെന്റിലെ ഓരോരുത്തരുടേയും കൈകൾ അതിനായി നീളുന്നു. വിശന്നാലോ ദാഹിച്ചാലോ നീളാത്ത കൈകളുണ്ടോ?

പാകിസ്ഥാനി സെവൻഅപ്പിന്റെ വലിയ കുപ്പിയിൽ പ്രത്യേകം വെള്ളം കൊണ്ടുവരാറുണ്ട്. ടെന്റിൽ വിതരണം ചെയ്യുന്നതു മതിയാവാത്തതുകൊണ്ട് ഞങ്ങൾക്കെല്ലാം അയാൾ അത് പകർന്നുതരും. ദാഹിച്ചുവലഞ്ഞൊരാൾ ഏറ്റവുമധികം ആഗ്രഹിക്കുന്നതും അയാളെ ഏറ്റവും അധികം ആകർഷിക്കുന്നതും കലർപ്പേതുമില്ലാത്ത, പ്രത്യേക രുചിക്കൂട്ടുകളൊന്നും വേണ്ടാത്ത വെറും ശുദ്ധജലമാണ്.

നാലുപേരോടൊപ്പം ഇരുന്ന് ബിരിയാണി കഴിച്ച്, പാകിസ്ഥാനി പകർന്ന വെള്ളവും കുടിച്ച് പശിയടങ്ങിയ ശേഷം എഴുന്നേൽക്കാറാവുമ്പോഴാണ് കൂടെയിരുന്ന് കഴിച്ചവരുടെ കൈകളിലേക്ക് ഞാൻ നോക്കുന്നത്. പല നിറത്തിലുള്ള കൈകൾ. എല്ലാവരും നഖം വെട്ടിയിട്ടുണ്ടോ? സഈദിയുടെ കൈപ്പുറത്തുകാണുന്ന ചെറിയ പുള്ളിക്കുത്തുകൾ എന്താണ്? ഇത്തരം സംശയങ്ങളേക്കാൾ, വിശപ്പ് കെടുമ്പോൾ എന്താണിങ്ങനെ സംശയങ്ങൾ എന്നൊരു സംശയത്തിലേക്ക് അവസാനം ഞാൻ എത്തിച്ചേരുന്നു.

അമ്മേ, ദേ ആമസോൺകാരൻ...

ഗിരീഷ് കാലങ്ങൾക്കു ശേഷമാണ് ഗൾഫിൽ നിന്ന് തിരിച്ചെത്തുന്നത്. എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി വരവ് ആരെയും അറിയിച്ചില്ല. പതിയെ വേലി തുറന്ന് അകത്തുകടന്ന് കയ്യിലെ ലഗേജുകൾ തിണ്ണയിൽ വെച്ചിട്ട് പമ്മിപ്പമ്മിച്ചെന്ന് അടുക്കളയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന ഭാര്യയെ പിന്നിൽ നിന്ന് കെട്ടിപ്പിടിക്കണം. അവൾ അയ്യോപൊത്തോന്ന് നിലവിളിക്കുമായിരിക്കും.

പക്ഷേ സർപ്രൈസ് കാണുമ്പോൾ അന്തംവിടും. കല്യാണം കഴിഞ്ഞ് ഇത്രനാളായിട്ടും സർപ്രൈസില്ല സർപ്രൈസില്ല എന്ന് പുള്ളിക്കാരിക്ക് പരാതിയാണ്. ഇത് ഗിരീഷിന്റെ വക ആദ്യത്തെ സർപ്രൈസാണ്. ഇതിനേക്കാൾ വലിയ സർപ്രൈസ് എന്തുണ്ട്? ഇതോടെ ചിലപ്പോ ബർത്ത്‌ഡേ സർപ്രസ്, വിവാഹവാർഷിക സർപ്രൈസ് തുടങ്ങിയ സർപ്രൈസുകൾ ചോദിക്കുകപോലുമില്ല. ഒന്നുരണ്ട് വാർഷികങ്ങൾ മറന്നുപോയതിനെപ്പറ്റി വർഷാവർഷം തുടരുന്ന ഓർമ്മപ്പെടുത്തലുകളും ഇല്ലാതെയാവും. അത്ര വലിയ സർപ്രൈസാണിത്!

എയർപോർട്ടിൽ നിന്ന് കാർ ഗിരീഷിന്റെ വേലിക്കലെത്തിയപ്പോൾ രാവിലെ പതിനൊന്നര. ഭാര്യ മീൻവെട്ടുന്ന സമയം. എല്ലാം പ്ലാൻ ചെയ്തപോലെ. ഗിരീഷ് കാറിൽ നിന്നിറങ്ങി ലഗേജുകളിൽ ഒന്നെടുത്തുകൊണ്ട് ഒരു കള്ളനെപ്പോലെ വേലി തുറന്ന് മുറ്റത്തേക്ക് കടക്കുമ്പോൾ വീടിന്റെ വാതിൽ തുറന്ന് മറ്റൊരാൾ പുറത്തേക്ക്. ഗിരീഷിന്റെ മകൻ. അവൻ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു: "അമ്മേ, ദേ ആമസോൺകാരൻ...'
ഗൾഫുകാരനും പാഴ്‌സൽ സർവീസുകാരനും ഒരേ രൂപമായതിൽ പയ്യനെ കുറ്റം പറയാൻ പറ്റില്ല. ഒരു ചിത്രകാരനോട് ഒരു ഗൾഫുകാരന്റെ ചിത്രം വരയ്ക്കാൻ പറഞ്ഞാൽ അയാൾ വരയ്ക്കുക പെട്ടിയും പിടിച്ചു നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാവും. അതല്ലെങ്കിൽ കയ്യിൽ ഒരു ചെറിയ പെട്ടിയും ചുറ്റിനും ഒന്നുരണ്ട് ചതുരപ്പെട്ടികളും.

എന്താണതിനകത്തുള്ളത്

ഈ ലഗേജുകൾ ഒരുകാലത്ത് എന്നെ ഒരുപാട് അലട്ടിയിട്ടുണ്ട്. പോകുമ്പോഴും വരുമ്പോഴും എയർപോർട്ടിലെ കാത്തിരിപ്പുകൾ ഒരുതരം അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. എല്ലാത്തരം കാത്തുനിൽപ്പുകളും അസ്വസ്ഥത തന്നെയാണ്.

എങ്കിലും കൺവെയറിനടുത്തുള്ള കാത്തുനിൽപ്പും ബോർഡിംഗ് പാസ്സിനുവേണ്ടിയുള്ള കാത്തുനിൽപ്പും ഒന്നു പ്രത്യേകമായിരുന്നു. ആ സമയത്ത് എന്തോ, എനിക്ക് വല്ലാത്ത വേവലാതിയും വെപ്രാളവുമാണ്. മറ്റുള്ളവരുടെ ലഗേജുകൾ ഓരോന്നായി മുന്നിലൂടങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അസ്വസ്ഥത കൂടിക്കൂടി വരും. ചില സമയത്ത് അതങ്ങനെ കൂടിക്കൂടി ടോയിലറ്റിൽ പോയി വരേണ്ട അവസ്ഥ പോലും ഉണ്ടാവും. ടോയിലറ്റിനകത്തിരുന്നും ഞാൻ ചിന്തിക്കും: "ഈ ലഗേജുകൾക്കുള്ളിൽ എന്തൊക്കെ സാധനങ്ങളാവും ഉണ്ടാവുക?!, ആ ചുവപ്പ് ബാഗിൽ എന്താവും? ആ നീല ബാഗിൽ എന്താവും?, ആ അമേരിക്കൻ ടൂറിസ്റ്ററിൽ മുഴച്ചിരിക്കുന്നതെന്താവും?, ആ കയറുകൊണ്ടു വരിഞ്ഞുകെട്ടിയ പെട്ടിയിൽ എന്താവും?'

സത്യത്തിൽ അതിരുകടന്ന ജിജ്ഞാസ ലഗേജുകളിൽ മാത്രമല്ല എനിക്കുണ്ടായിരുന്നത്. അടച്ചുവെച്ചിരിക്കുന്ന ഏതാണ്ട് എല്ലാ സാമഗ്രികളോടും അങ്ങനെ തന്നെ. അടച്ചുവെച്ച പാത്രങ്ങൾ, അടച്ചുവെച്ച മേശവലിപ്പുകൾ, അടച്ചിട്ടിരിക്കുന്ന മുറികൾ, അടച്ചിട്ടിരിക്കുന്ന വീടുകൾ തുടങ്ങി അടച്ചുവെച്ച പുസ്തകങ്ങൾ വരെ എന്നെ അസ്വസ്ഥനാക്കിയിരുന്നു.
"എന്താണതിനകത്തുള്ളത്?, എന്താണതിനകത്തുള്ളത്?, എന്താണതിനകത്തുള്ളത്?'

കേരളത്തിൽ ടൂറിനു വന്ന് തിരിച്ചുപോകുമ്പോൾ അവർ ഇവിടെ നിന്ന് എന്തൊക്കെയാവും വാങ്ങിയിട്ടുണ്ടാവുക? കായ വറുത്തതും ഉപ്പേരിയുമാകുമോ? സായിപ്പിന്റെ ലഗേജ് എന്തായാലും ഗൾഫ് മലയാളിയിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരിക്കും. ഒന്നു ചോദിച്ചു നോക്കിയാലോ? വേണ്ട

ഒരു ഗൾഫുകാരൻ പോകുമ്പോഴും വരുമ്പോഴും എന്തൊക്കെ കൊണ്ടുപോകുന്നുവെന്നും എന്തൊക്കെ കൊണ്ടുവരുന്നുവെന്നും ഏകദേശം എല്ലാവർക്കും അറിയാം. എനിക്കും അറിയാം. ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ ഉറപ്പായും നിഡോ, ടാങ്, ടൈഗർ ബാം, ആക്‌സ് ഓയിൽ, സോപ്പുകൾ, പെർഫ്യൂമുകൾ, ഷേവിംഗ് ബ്ലേഡ്, ഒന്നുരണ്ട് മൊബൈൽ ഫോണുകൾ എന്നിവ ഉണ്ടാവും. നാട്ടിൽ നിന്ന് ഗൾഫിലേക്കാണ് വരുന്നതെങ്കിൽ ഉപ്പേരി, അച്ചാറ്, അച്ചപ്പം, അലുവ, മാങ്ങ, ചക്ക, ഇറച്ചിവറുത്തത്, കരിമീൻ വറുത്തത്, ചമ്മന്തിപ്പൊടി - അങ്ങനെ കുറേ സാധനങ്ങൾ. എന്നാൽ ഇത്തരം സാധനങ്ങളെ സംബന്ധിച്ചല്ല എന്റെ ചിന്തകളും വേവലാതികളും. കുറച്ചുകൂടി കടന്ന് എതാണ്ട് ഇങ്ങനെയൊക്കെയാണ്: "ഓ, ഇയാൾ പാന്റ് ധരിച്ചിരിക്കുന്നതു കണ്ടാലറിയാം, ആദ്യമായാണ് യാത്ര ചെയ്യുന്നത്. ലഗേജും തള്ളിക്കൊണ്ടുള്ള ഇയാളുടെ നടപ്പിൽ അത് കൂടുതൽ വ്യക്തമാണ്. ഇയാളുടെ ലഗേജിൽ അമ്മ ഉണ്ടാക്കിയ അച്ചാറും ഇറച്ചി വറുത്തതും ഉണ്ടാവുമായിരിക്കും. അതിന്റെ ടേസ്റ്റ് എങ്ങനെയായിരിക്കും? എന്ത് അച്ചാറാവും അവർ ഉണ്ടാക്കിയിരിക്കുക? മാങ്ങ? വെളുള്ളി? നാരങ്ങ? അതോ ഇഞ്ചിയോ? അതിന്റെ എരിവും രുചിയും മണവും ഒന്നു തൊട്ടുനോക്കാൻ പറ്റിയിരുന്നെങ്കിൽ.. അയാളുടെ അച്ഛൻ കടയിൽ നിന്ന് നല്ലയിനം അലുവ വാങ്ങിപ്പൊതിഞ്ഞ് എണ്ണ പുറത്തുവരാത്ത രീതിയിൽ ഒന്നുകൂടി പൊതിഞ്ഞ് ലഗേജിൽ വെച്ചിട്ടുണ്ടാവും. സ്ഥലം ക്രമീകരിക്കാനായി അതിന്റെ സ്ഥാനം നാലു പ്രാവശ്യമെങ്കിലും മാറ്റിയിരിക്കാം. ഇപ്പോൾ അത് പെട്ടിയുടെ ഏത് മൂലക്കാവും ഉണ്ടാവുക. അത് കറുത്ത അലുവ ആയിരിക്കുമോ വെളുത്ത അലുവ ആയിരിക്കുമോ? അതോ രണ്ടും ഉണ്ടോ? ഇയാൾ കല്യാണം കഴിച്ചതാണോ? കുട്ടികൾ? ഭാര്യ ഇയാൾക്കുവേണ്ടി എന്താണ് പെട്ടിയിൽ തിരുകിയിരിക്കുന്നത്? ഇറങ്ങുന്നതിനു തൊട്ടുമുമ്പ് ആരും കാണാതെ എന്തോ ഒരു കാര്യം അവർ പെട്ടിയിൽ വെച്ചിട്ടുണ്ടാവും. ഒരു സ്‌പെഷ്യൽ ഐറ്റം. എന്താവും അത്?
അതാ അയാൾ ലഗേജ് ട്രോളി പുറത്തുവെച്ചിട്ട് ടോയിലറ്റിനുള്ളിലേക്ക് കയറുന്നു. ചെന്ന് കുത്തിക്കീറി നോക്കിയാലോ? വേണ്ട, എയർപോർട്ട് മുഴുവൻ ക്യാമറയാണ്.
ഈ പോകുന്ന സായിപ്പിന്റെ ലഗേജിൽ എന്താണുള്ളത്. സായിപ്പന്മാർ എന്തൊക്കെയാണ് അവരുടെ ലഗേജുകളിൽ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും? കേരളത്തിൽ ടൂറിനു വന്ന് തിരിച്ചുപോകുമ്പോൾ അവർ ഇവിടെ നിന്ന് എന്തൊക്കെയാവും വാങ്ങിയിട്ടുണ്ടാവുക? കായ വറുത്തതും ഉപ്പേരിയുമാകുമോ? സായിപ്പിന്റെ ലഗേജ് എന്തായാലും ഗൾഫ് മലയാളിയിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരിക്കും. ഒന്നു ചോദിച്ചു നോക്കിയാലോ? വേണ്ട, വിശാല മനസ്‌കരാണെങ്കിലും ലഗേജിൽ എന്തൊക്കെയാണെന്ന് ചോദിക്കുന്നത് ചിലപ്പോൾ ഇഷ്ടപ്പെടില്ല. കൂടെയുള്ള മദാമ്മയോട് ചോദിച്ചാലോ? വേണ്ട, സായിപ്പും മദാമ്മയും തമ്മിൽ എന്താണ് വ്യത്യാസം?

എയർപോർട്ട് സെക്യൂരിറ്റിയായി ജോലി കിട്ടിയിരുന്നെങ്കിൽ ഈ പോകുന്ന ലഗേജുകളിലൊക്കെ എന്തൊക്കെയാണെന്ന് ചോദിച്ചറിയാമായിരുന്നു. പെട്ടിയും പ്രമാണങ്ങളുമൊക്കെ തുറപ്പിച്ച് അതൊക്കെ കാണാമായിരുന്നു. അവർ കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷണങ്ങൾ, കളിസാധനങ്ങൾ, അമ്മക്കും ഭാര്യക്കുമുള്ള സമ്മാനങ്ങൾ, ഇവയുടെയെല്ലാം വിന്യാസങ്ങൾ... ഒക്കെ കൺകുളിർക്കെ കാണാമായിരുന്നു. എല്ലാ ലഗേജുകളും തുറന്നു നോക്കാൻ പറ്റില്ലായിരിക്കും. എങ്കിലും ജിജ്ഞാസ കൂട്ടുന്നതൊക്കെ തുറപ്പിക്കാൻ പറ്റും. പെട്ടി തുറക്കുമ്പോൾ അതിനുള്ളീൽ വീണ്ടും അടച്ചുവെച്ച സാധനങ്ങൾ കാണും. അതും ഞാൻ തുറപ്പിക്കും:
ഉം.. തുറക്ക്
തുറന്നു.
എന്താണിത്?
അച്ചാർ
ഉം.. തുറക്ക്
തുറന്നു.
ആരുണ്ടാക്കിയതാണ്?
അമ്മ.
ഭാര്യ ഉണ്ടാക്കിയതെവിടെ?
ഇല്ല.
അതെന്താ?
അവൾക്ക് അച്ചാർ ഉണ്ടാക്കാനറിയില്ല.
ഉം.. അടയ്ക്ക്.. പോ.. നെക്സ്റ്റ്...

ഇങ്ങനെയൊക്കെയാണ് ചിന്തകളുടെ ചെയിൻ റിയാക്ഷൻ നടക്കുക. ചിന്താഭാരം കാരണം കലോറി കുറേ കത്തിത്തീരുമെന്നതിനാൽ പെട്ടെന്ന് വിശപ്പും ദാഹവും അനുഭവപ്പെടും. കൂടാതെ ശരീരത്തിന് മൊത്തത്തിൽ ഒരുജാതി തളർച്ചയും.
എയർപോർട്ടിൽ ജോലി കിട്ടുന്നതിനെപ്പറ്റിയുള്ള ചിന്ത പലപ്പോഴും കയറിവരാറുണ്ട്. അപൂർവ്വമായി പകൽക്കിനാക്കളും കാണും. ആ കിനാവുകളിൽ ലഗേജുകൾ തുറക്കുമ്പോഴെല്ലാം പലമാതിരി കാഴ്ചകളാണ് കാണുന്നത്. അത്ഭുതപ്പെടുത്തുന്നതും, സങ്കടപ്പെടുത്തുന്നതും, സന്തോഷിപ്പിക്കുന്നതും ഒക്കെ അതിലുണ്ട്. ഗൾഫുകാരന്റെ ലഗേജുകളുടെ ഭാരം സത്യത്തിൽ ത്രാസ്സിൽ തൂക്കാനാവുതല്ല. അത് അങ്ങോട്ടു പോകുന്നതവട്ടെ, ഇങ്ങോട്ടു പോരുന്നതാവട്ടെ, രണ്ടിലും കണ്ണീരും കഷ്ടപ്പാടുകളും സന്തോഷങ്ങളും കനം തൂങ്ങുന്നു.
ഒരിക്കൽ ഒരാളുടെ എക്കോലാക്കിന്റെ പെട്ടി തുറപ്പിച്ചപ്പോൾ അതിൽ നിറയെ സ്വർണ്ണ ബിസ്‌കറ്റുകൾ... ഹോ! വേറൊരിക്കൽ, ഫ്രെയിം ചെയ്തു വെച്ച നിലയിൽ നീളമുള്ള രണ്ടു മുടിയിഴകൾ, മറ്റൊരിക്കൽ ചെമ്പുകുടത്തിൽ സൂക്ഷിച്ച ചിതാഭസ്മം. ഞാൻ അയാളോടു ചോദിച്ചു:
""ഇതെവിടെക്കൊണ്ടുപോകുന്നു?''
""അറബിക്കടലിൽ ഒഴുക്കാൻ''
""അറബിക്കടൽ ഇവിടുണ്ടല്ലോ''
""ഒമാനിലെ അറബിക്കടലിൽത്തന്നെ ഒഴുക്കണം. അച്ഛന്റെ ആഗ്രഹം അതാണ്. അച്ഛന്റെ ജീവിതം മുക്കാലും ഒമാനിലായിരുന്നു''. ▮

(തുടരും)


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments