ചിത്രീകരണം : ദേവപ്രകാശ്

പ്രവാസിയുടെ ‘വർക്ക് ഫ്രം ഹോം'

മുമ്പ്, ജോലിചെയ്യാൻ വീട്ടിൽ നിന്ന് ലോകത്തേക്ക് ഇറങ്ങി നടന്നു. ഇപ്പോൾ ലോകം വീട്ടിലേക്ക് ഇറങ്ങി നടക്കുന്നു. ഈ ജീവിതത്തിനും ഒരു പേരിടണം. 'പ്രവാസം' പോലെ സുന്ദരമായൊരു പേര്

ണ്ടു ദശകക്കാലത്തെ പ്രവാസജീവിതത്തിനുശേഷം തിരിച്ചെത്തുമ്പോൾ പ്രവാസം എനിക്കെന്തായിരുന്നു എന്ന് കൃത്യമായി ഇനിയും മനസ്സിലായിട്ടില്ല. അതിന് ഒരുത്തരം കിട്ടാൻ കുറേ കാലങ്ങൾകൂടി എടുത്തേക്കും. എങ്കിലും ചില ഉപചോദ്യങ്ങളിലൂടെ അതിന് ഉത്തരം കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. ‘എന്തായിരുന്നു എനിക്കു ലഭിച്ച ഏറ്റവും വലിയ കാര്യം' എന്നത് ആ ഉപചോദ്യങ്ങളിൽ ഒന്നാണ്.

എനിക്ക് തോന്നുന്നത് യു.എ.ഇയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധ്യമായ യാത്രകളായിരുന്നു ഏറ്റവും വലിയ നേട്ടം എന്നാണ്. അതുവഴി വിവിധ നാടുകളേയും സംസ്‌കാരങ്ങളേയും കാലാവസ്ഥകളേയും കുറച്ചെങ്കിലും അടുത്തറിയാൻ പറ്റി. ഗൾഫിലെ 55 ഡിഗ്രി ചൂടും സ്വീഡനിലെ -20 ഡിഗ്രി തണുപ്പും ശരീരവുമായി ഏതുതരം യുദ്ധം നടത്തുമെന്ന് എനിക്കിപ്പോൾ അറിയാം. സ്വിറ്റ്‌സർലാന്റിന്റെ തലസ്ഥാനനഗരിയായ ബയേണിനുമേൽ മഞ്ഞുപൊഴിയുന്നത് കണ്ടിട്ടുള്ളതുകൊണ്ട് ‘snowy evening' എന്ന് ഏതെങ്കിലും പുസ്തകത്തിൽ വായിച്ചാൽ എന്റെ തലയ്ക്കുള്ളിലും മഞ്ഞുപൊഴിയും. എത്ര മനോഹരരംഗമാണത്! യൂറോപ്പിലെ ചുവന്ന തെരുവുകളെപ്പറ്റി ആരെങ്കിലും പറയുകയാണെങ്കിൽ, ആംസ്റ്റർഡാമിന്റെ പിങ്ക് വെട്ടത്തിൽ മുങ്ങിയ കുറേയേറെ ഇമേജുകൾ മനസ്സിലൂടെ ഓടിപ്പോകും. ഫ്രാങ്ക്ഫർട്ടിലെ ഇടുങ്ങിയ ഗോവണികളുടെ ഓരോ ലാന്റിംഗിലും നിന്ന് കറുത്തതും വെളുത്തതും ഇരുനിറക്കാരുമായ സുന്ദരികൾ സന്ദർശകരെ കൈയ്യാട്ടി വിളിക്കുന്നു.
ലണ്ടനിൽ എനിക്ക് നിർഭയനായ ഗാന്ധിയെ കാണാൻ പറ്റി. തകർക്കപ്പെടുമെന്നോ വീണ്ടും വീണ്ടും വെടിവെക്കപ്പെടുമെന്നോ ഭയക്കാതെ നെൽസൺ മണ്ടേലയോടും വിൻസ്റ്റൺ ചർച്ചിലിനോടും എബ്രഹാം ലിങ്കനോടും സൊറപറഞ്ഞ് കയ്യിലൊരു ഊന്നുവടി പോലുമില്ലാതെ വെസ്റ്റ് മിൻസ്റ്റേഴ്‌സ് സ്‌ക്വയറിൽ നമ്മുടെ ഗാന്ധിജി തലയുയർത്തി നിൽക്കുന്നു.

പ്രവാസികളുടെ സ്വാധീനത്തെ കേവലം സാമ്പത്തിക ക്രയവിക്രയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ചുരുക്കിക്കാണാനാവില്ല. പ്രവാസി കേരളത്തിലേക്ക് അയച്ചിട്ടുള്ളത് പണം മാത്രമല്ല.

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റുകളിലൂടെ നടക്കാനായതും ഹോളണ്ടിലെ മ്യൂസിയത്തിൽ വാൻഗോഗിനെ കണ്ടുമുട്ടാനായതും ബ്രസ്സൽസിലെ ഗ്രാന്റ് സ്‌ക്വയറിൽ അന്തം വിട്ട് ആകാശം നോക്കിനിൽക്കാനായതും ഭാഗ്യമായി കരുതുന്നു.
പ്രവാസികളിൽ ചുരുക്കം പേർക്കെങ്കിലും അവരുടെ തുടർയാത്രകളുടെ കേന്ദ്രസ്ഥാനമാണ് ഗൾഫ്. അവർ കമ്പനിക്കാര്യങ്ങൾക്കും കച്ചവടാവശ്യാർഥവും ഗൾഫിൽ നിന്ന് പുറപ്പെട്ട് ലോകം ചുറ്റിക്കാണുന്നു. വ്യത്യസ്ത രുചികളും നിറങ്ങളും ആസ്വദിക്കുന്നു. അതുവഴി ലോകത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മാറുന്നു. പുതിയ ആശയങ്ങളും മൂല്യങ്ങളും പിറവിയെടുക്കുന്നു. താമസിയാതെ അതിന്റെ അലയൊലികൾ ഇങ്ങ് കേരളത്തിലും എത്തുന്നു. ഇവിടുത്തെ വാസ്തുവിദ്യകളിലും ആഹാരരീതികളിലും വസ്ത്രധാരണത്തിലും വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും തൊഴിൽ സംസ്‌കാരത്തിലുമെല്ലാം പ്രവാസവും അതിന്റെ തുടർയാത്രകളും പ്രതിഫലിക്കുന്നു. പ്രവാസികളുടെ സ്വാധീനത്തെ കേവലം സാമ്പത്തിക ക്രയവിക്രയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ചുരുക്കിക്കാണാനാവില്ല. പ്രവാസി കേരളത്തിലേക്ക് അയച്ചിട്ടുള്ളത് പണം മാത്രമല്ല.

മഴക്കാലമായാൽ കപ്പ പുഴുങ്ങിയതിന്റേയും ഉണക്കമീൻ വറുത്തതിന്റേയും ഗന്ധങ്ങൾ അലഞ്ഞുനടന്നിരുന്ന എന്റെ കുഗ്രാമത്തിലെ റോഡുകളിൽ ഇന്ന് കോഴി മൊരിയുന്നതിന്റെ അറേബ്യൻ ഗന്ധം ഷുജായിയായി വിലസുന്നു. പൊറോട്ടയും പോത്തിറച്ചിയും കയ്യടക്കിയിരുന്ന ടേബിളുകളിൽ ഇന്ന് പീറ്റ്‌സയും ബ്രോസ്റ്റഡ് ചിക്കനും ടെന്നീസ് കളിക്കുന്നു. തെരുവുകളുടെയെല്ലാം ഗന്ധം മാറിയിരിക്കുന്നു. പുതിയ ഗന്ധങ്ങൾ ലാന്റ് മാർക്കുകളായിരിക്കുന്നു. ബസ്സിലിരുന്ന് ഉറങ്ങുന്നൊരാളെ KFC അമ്മാവൻ മൂക്കിൽ തോണ്ടി വിളിച്ചുണർത്തുന്നു: ‘ഡോ, എണീക്ക്. തനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പെത്തി.'

അയൽപക്കത്തെ അമ്മൂമ്മ ഷവർമ്മയെ വർമ്മ എന്നാണ് വിളിക്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും അവർക്ക് വർമ്മ വേണം. പല്ലു പകുതിയും പോയെങ്കിലും ഉള്ള പല്ലുകളും മോണയും ചേർത്തുവെച്ച് അവർ ഞം-ഞമ്മെന്ന് വർമ്മ കഴിക്കുന്നു. പല്ലുകൾ കുറവായതുകൊണ്ടാവാം അവർ ‘ഷ' ഒഴിവാക്കി വർമ്മ എന്നു മാത്രം വിളിക്കുന്നത്. ഓർത്തുനോക്കിയാൽ അതിലൊരു കാര്യമുണ്ട്. വലിയ വാൾ ഉപയോഗിച്ചാണല്ലോ ഷവർമ്മ അരിഞ്ഞെടുക്കുന്നത്. ഒരു യുദ്ധസാമഗ്രി ഉപയോഗിക്കുന്ന ഒരേയൊരു ആഹാരസാധനമാവും ഷവർമ്മ. അപ്പോൾപ്പിന്നെ അതിനെ വർമ്മ എന്നുവിളിച്ചാലെന്ത്?
ഗൾഫിൽ നിന്ന് തിരിച്ചുവന്ന ഒരാൾക്ക് അറേബ്യൻ രുചികളും ഗന്ധങ്ങളും നാട്ടിൽ ആസ്വദിക്കാനാവുന്നുവെന്നത് വലിയ കാര്യമാണ്. ഗൾഫിലായിരിക്കുമ്പോൾ സമോവർ ചായയ്ക്കു വേണ്ടി പാരീസ് കഫേയിൽ ക്യൂ നിന്നിരുന്ന ഞാൻ നാട്ടിലായിരിക്കുമ്പോൾ അൽ ഫെഹം ഓർഡർ ചെയ്ത് കാത്തിരിക്കുന്നു.

ഒരു ടൈം മെഷീൻ യാത്ര

ഏതെങ്കിലും യാത്രയിൽ നിങ്ങൾക്ക് ഭൂതകാലത്തേക്ക് പോകാൻ കഴിഞ്ഞാൽ എന്തായിരിക്കും നിങ്ങൾക്കുണ്ടാകുന്ന അനുഭൂതി? ഭൂതകാലത്തിലേക്ക് നടക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? അങ്ങനെയൊരു ടൈം മെഷീൻ യാത്രയായിരുന്നു എന്നെ സംബന്ധിച്ച് നൈജീരിയൻ യാത്ര. സമ്പന്നരാജ്യങ്ങളിലേക്കുള്ള യാത്രയേക്കാൾ ഞാൻ ഇപ്പോൾ ഇഷ്ടപ്പെടുന്നത് ആ യാത്രയെയാണ്. ചെമ്മൺ പാതകളും വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളും മുപ്പത് കൊല്ലം മുമ്പുള്ള കേരളീയ ഗ്രാമങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

എന്റെയുള്ളിൽ വല്ലാത്ത ഭയം നിറഞ്ഞു. കൂട്ടിക്കൊണ്ടു പോകാൻ വരുമെന്നു പറഞ്ഞ ഫെലിക്‌സ് എന്നയാളെ വിളിച്ചിട്ട് കിട്ടുന്നുമില്ല. ഞാൻ പേടിച്ചു വിറച്ച് ഒരു ഓരം ചേർന്നു നിന്നു

നൈജീരിയയിലെ പോർട്ട് ഹാർകോർട്ട് നല്ല പച്ചപ്പുള്ള സ്ഥലമാണ്. മുകളിൽ നിന്നുള്ള കാഴ്ചയിൽ കായലുകളും തോടുകളും നിറഞ്ഞിരിക്കുന്നതുകൊണ്ട് ആ പ്രദേശം എന്റെ ഗ്രാമമായ ആറാട്ടുപുഴയെ ഓർമിപ്പിച്ചു. പോർട്ട് ഹാർകോർട്ട് എയർ പോർട്ടിൽ ലാന്റ് ചെയ്യുമ്പോൾ നേരം സന്ധ്യയായിരുന്നു. ഒരു സൂപ്പർ മാർക്കറ്റിന്റെ അത്രയുമുള്ള ചെറിയ എയർ പോർട്ട്. ആ കെട്ടിടത്തിൽ എന്തൊക്കെയോ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പോളിത്തീൻ ഷീറ്റുകൾ വലിച്ചുകെട്ടിയ ഒരു കൂടാരമായിരുന്നു അറൈവൽ ടെർമിനൽ. അവിടെയെത്താൻ വിമാനത്തിൽ നിന്നിറങ്ങി കുറേ ദൂരം നടക്കണം. ടെർമിനൽ കൂടാരം കൈക്കൂലിയുടേയും പിടിച്ചുപറിയുടേയും കൂടി കൂടാരമാണ്. ഓരോ ഉദ്യോഗസ്ഥനും ചോദിക്കും: ‘‘ഞങ്ങൾക്കെന്ത് സമ്മാനമാ കൊണ്ടുവന്നിട്ടുള്ളത്?''

ചിരിച്ചുകൊണ്ടും സൗഹാർദ്ദം നടിച്ചുമാണ് ഉദ്യോഗസ്ഥർ യാത്രക്കാരോട് സമ്മാനം ചോദിക്കുന്നത്. രേഖകളിൽ എന്തെങ്കിലും പിശകുകളോ കൺഫ്യൂഷനുകളോ ഉണ്ടെങ്കിൽ സമ്മാനം കൊടുത്തേ പറ്റൂ എന്ന അവസ്ഥ ഉണ്ടായേക്കാം. ‘കൈക്കൂലി കൊടുക്കരുത്, ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക' എന്നെല്ലാം സൂചിപ്പിച്ചുകൊണ്ട് ഓരോ മുക്കിനും മൂലയിലും നോട്ടീസുകൾ പതിച്ചിട്ടുണ്ട്. ‘കൈക്കൂലി ഇവിടെ സർവാംഗീകൃതവും സാർവത്രികവുമാണ്' എന്നൊരു സന്ദേശമാണ് ആ മുന്നറിയിപ്പ് നോട്ടീസുകൾ നൽകുന്നതെന്നേ എനിക്ക് തോന്നിയുള്ളൂ.

എമിഗ്രേഷൻ കൗണ്ടറിലെ ചെക്കിംഗ് കഴിയുന്ന നേരത്തിനിടയ്ക്ക് യാത്രക്കാരുടെ ലഗേജുകൾ കൂടാരത്തിന്റെ ഒരു മൂലയിൽ കൂട്ടിയിട്ടിരുന്നു. അതിൽ നിന്ന് എന്റേത് കണ്ടെത്തി പുറത്തേക്ക് പോകാൻ ഞാൻ തിടുക്കപ്പെട്ടു. എന്നാൽ പുറത്തേക്കുള്ള വഴി അത്ര സുഗമമായിരുന്നില്ല. ഒരോ രണ്ടു മീറ്ററിലും ലഗേജുകൾ ചെക്ക് ചെയ്യാൻ മൂന്നോ നാലോ ഉദ്യോഗസ്ഥന്മാർ വീതം നിൽപ്പുണ്ട്. അവിടെയെലാം സ്റ്റോപ്പ് ചെയ്യിച്ച് സിബ്ബുകൾ തുറന്ന് ബാഗേജുകൾ പരിശോധിക്കും. ബാഗിനുള്ളിലേക്ക് കയ്യിടുന്നതിനിടെ സൗഹാർദ്ദത്തിന്റെ ഭാഷയിൽ ചോദിക്കും: ‘‘സാർ, എന്താണ് സാർ ഞങ്ങൾക്ക് കൊണ്ടുവന്നിരിക്കുന്ന ഗിഫ്റ്റ്?''

ആ ഹർഡിലുകളെല്ലാം ചാടിക്കടന്ന് വേഗത്തിൽ നടക്കുമ്പോൾ ഇടനാഴിയിൽ നിന്ന് മറ്റൊരാളും ബാഗ് വാങ്ങി പരിശോധിച്ചു. അയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കൂടാരത്തിന്റെ ഇടനാഴിയും കടന്ന് പുറത്തേക്കിറങ്ങുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. സന്ധ്യക്കുശേഷമുള്ള ആ അരണ്ട വെളിച്ചത്തിൽ അതാ കുറേ മിഴിച്ച കണ്ണുകൾ കൂട്ടം കൂടി നിന്ന് എന്നെത്തന്നെ നോക്കുന്നു. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ വന്നവരുടെ കൂട്ടമാണ്. ഓരോരുത്തരും പുറത്തേക്കു വരുമ്പോൾ വെറുതേ നോക്കുന്നുവെന്നേയുള്ളൂ. പക്ഷേ യാത്ര പുറപ്പെടും മുമ്പ് നൈജീരിയയെ കുറിച്ച് പലരും പറഞ്ഞ വാണിംഗുകൾ ഉള്ളിൽ നിന്ന് തികട്ടി വരുന്നതുകൊണ്ടും ഒരു എയർപോർട്ടിനു പുറത്ത് ഞാൻ പ്രതീക്ഷിച്ച ധവളിമയും അലങ്കാരങ്ങളും ഇല്ലാത്തതുകൊണ്ടുമാവണം, എന്റെയുള്ളിൽ വല്ലാത്ത ഭയം നിറഞ്ഞു. കൂട്ടിക്കൊണ്ടു പോകാൻ വരുമെന്നു പറഞ്ഞ ഫെലിക്‌സ് എന്നയാളെ വിളിച്ചിട്ട് കിട്ടുന്നുമില്ല. ഞാൻ പേടിച്ചു വിറച്ച് ഒരു ഓരം ചേർന്നു നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ തോക്കുധാരിയായൊരു സെക്യൂരിറ്റി ഗാർഡിനൊപ്പം ഒരാൾ വന്ന് കൈ നീട്ടി: ‘‘ഹലോ, ഐ ആം ഫെലിക്‌സ്''.

തിരിച്ചുപോക്ക് അനുഭവിക്കാനായ മറ്റൊരു യാത്ര, പത്തു വർഷങ്ങൾക്കു ശേഷം നടത്തിയ കുവൈത്ത് യാത്രയായിരുന്നു

പോർട്ട് ഹാർകോർട്ട് ഒരു കച്ചവട നഗരമാണ്. ബിസിനസ്​ ആവശ്യാർഥം വിദേശത്തു നിന്ന് നിരവധി ആളുകൾ വന്നുപോകുന്നിടം. സന്ദർശകരെ തട്ടിക്കൊണ്ടുപോകൽ അവിടെ നിത്യസംഭവമാണ്. അതുകാരണം, നൈജീരിയയ്ക്കുള്ളിലെ എന്റെ യാത്രകളിൽ തോക്കുധാരിയായൊരു സെക്യൂരിറ്റി ഗാർഡും കൂടെയുണ്ടായിരുന്നു. (സത്യത്തിൽ ആ സുരക്ഷാ ഭടൻ സുരക്ഷിതബോധത്തേക്കാൾ അരക്ഷിതബോധമാണ് എന്നിൽ ഉണർത്തിക്കൊണ്ടിരുന്നത്.)

എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽത്തന്നെ മുപ്പതുകൊല്ലമെങ്കിലും മുമ്പുള്ള കേരളത്തിലൂടെയാണ് ഞാൻ യാത്രചെയ്യുന്നതെന്ന് തോന്നി. വഴിവിളക്കുകൾ അപൂർവമായ പാതകൾ, വൈദ്യുതീകരിക്കപ്പെടാത്ത വീടുകൾ, എതിരേ കടന്നുപോകുന്ന ഓട്ടോ റിക്ഷകൾ, ചുവരെഴുത്തുകൾ, റോഡരികിൽ കൂട്ടം കൂടി നിൽക്കുന്ന ജനങ്ങൾ - പഴയ കാലത്തിന്റെ പരിസരം സൃഷ്ടിക്കുന്നതിൽ ഓരോന്നും അതാതിന്റെ പങ്കുവഹിച്ചു.
പോർട്ടിൽ നിന്ന് പിന്നീടെനിക്ക് കടലിനു നടുവിലുള്ള ഒരു ഓയിൽ റിഗ്ഗിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നു. ഹെലിക്കോപ്റ്ററിലേറിയുള്ള ആ യാത്രയിൽ തീരപ്രദേശത്തെ ഗ്രാമങ്ങളൊക്കെ കുറച്ചുകൂടി വ്യക്തമായിരുന്നു. ഹെലിക്കോപ്റ്റർ തീരം വിട്ടകലുമ്പോൾ ആശ്ചര്യത്തോടെ ഞാനൊരു കാഴ്ചകണ്ടിരുന്നു. അതാ താഴെ, എന്റെ ഗ്രാമമായ ആറാട്ടുപുഴയുടെ അതേ ഭൂപ്രകൃതിയോടെ ഒരു തീരദേശ ഗ്രാമം. കടലിനും കായലിനുമിടയിൽ ഒരു നാടപോലെ കിടക്കുന്ന ദേശം. ഇരു വശങ്ങളിലും കായൽ കടലിലേക്കു ചേരുന്ന പൊഴിമുഖങ്ങൾ..

തിരിച്ചുപോന്നു, കുവൈത്തിൽനിന്ന്...

തിരിച്ചുപോക്ക് അനുഭവിക്കാനായ മറ്റൊരു യാത്ര, പത്തു വർഷങ്ങൾക്കു ശേഷം നടത്തിയ കുവൈത്ത് യാത്രയായിരുന്നു. പ്രവാസത്തിന്റെ ആദ്യത്തെ ആറര വർഷങ്ങൾ ഞാൻ ചെലവഴിച്ചത് കുവൈത്തിലാണ്. പ്രവാസം മതിയാക്കി തിരികെയെത്തുന്നതിനു മുമ്പ്, പണ്ടു താമസിച്ചിരുന്ന സ്ഥലങ്ങൾ ചുറ്റിക്കാണാനും പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും പത്തു വർഷങ്ങൾക്കു ശേഷം ഭാഗ്യമുണ്ടായി.

നാടുവിട്ടു പോയൊരാൾ കൊല്ലങ്ങൾക്കു ശേഷം തിരികെയെത്തുമ്പോഴെന്നപോലുള്ള അനുഭൂതിയായിരുന്നു എനിക്കത്. ആ യാത്രയിൽ ഒരു ദിവസം ഞാൻ ആദ്യമായി ഗൾഫിൽ പോകുമ്പോൾ താമസിച്ചിരുന്ന ലേബർ ക്യാമ്പിലെ റൂമിനു മുന്നിലെത്തി. എന്നാൽ കതകു തുറന്ന് അകത്തേക്കൊന്നു നോക്കാനോ, മുട്ടിവിളിക്കാനോ ധൈര്യമില്ലാതെ ഞാൻ വെറുതേ കുറേ നേരം ആ വാതിലിനു മുന്നിൽ നിന്നു. അതിനുള്ളിൽ എന്റെ പഴയ റൂം മേറ്റ്‌സ് വർഗീസും ഹുസൈനും വെട്രിസെൽവവും ഉണ്ടാവുമെന്ന് വെറുതേ സങ്കൽപ്പിച്ചു.. തിരിച്ചു പോന്നു.

ഇപ്പോൾ...

ഇപ്പോൾ, ഗൾഫ് ജീവിതം അവസാനിപ്പിച്ച് തിരികെ വന്ന് ആറുമാസമാകുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കുശലം ചോദിക്കും: '' കുറേ നാളായല്ലോ വന്നിട്ട്, തിരിച്ചു പോകുന്നില്ലേ?''
ഞാൻ പറയും: ‘‘ഇല്ല, ഇനി ഇവിടെത്തന്നെ'' ‘‘ഇവിടെന്ത് പരിപാടി?'' ‘‘വർക്ക് ഫ്രം ഹോം ആണ്. പഴയ കമ്പനിക്കുവേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യുന്നു.'' ‘‘അതുകൊള്ളാം..''

മുമ്പ്, ജോലിചെയ്യാൻ വീട്ടിൽ നിന്ന് ലോകത്തേക്ക് ഇറങ്ങി നടന്നു. ഇപ്പോൾ ലോകം വീട്ടിലേക്ക് ഇറങ്ങി നടക്കുന്നു. ഈ ജീവിതത്തിനും ഒരു പേരിടണം. "പ്രവാസം' പോലെ സുന്ദരമായൊരു പേര്.▮

(അവസാനിച്ചു.)


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments