ഞങ്ങൾക്ക്​ ചെറുതല്ല, വി.എസ്​ ഓടിയെത്തിയ ആ നിമിഷം, നൽകിയ കരുത്ത്​

ടി.പി ചന്ദ്രശേഖരനെ പോലെയുള്ള നേതാക്കൾക്കൊപ്പം വി.എസ് നയിച്ച പോരാട്ടം പക്ഷേ പൂർണവിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നത് സത്യമാണ്. ഒരു പക്ഷേ അദ്ദേഹത്തിനൊപ്പം കൂടിയവരുടെ ചാഞ്ചാട്ടവും പിന്നോട്ടുപോക്കുമൊക്കെ ഇതിനൊരു കാരണമായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. വടകര എം.എൽ.എ കെ.കെ. രമ, നൂറാം വയസ്സിലേക്കു കടക്കുന്ന വി.എസ്​. അച്യുതാനന്ദനെ ഓർക്കുന്നു.

വി.എസ്. അച്യുതാനന്ദൻ താണ്ടിയ കനൽവഴികളും, നയിച്ച പോരാട്ടങ്ങളും കേരള രാഷ്ട്രീയചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നു. വി.എസ് സ്വീകരിച്ച രാഷ്ട്രീയനിലപാടുകളുടെ വിജയങ്ങൾ, കേരളത്തിലെ ജനങ്ങളുടെയും ജനകീയ രാഷ്ട്രീയചരിത്രത്തിന്റെയും വിജയമാണെന്ന് പറയാം. അതിനേറ്റ തിരിച്ചടികൾ കേരളത്തിലെ ജനപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൾ കൂടിയാണ്. ജയങ്ങളോടൊപ്പം പരാജയം കൂടി ചേർന്നതായിരുന്നു വി.എസിന്റെ രാഷ്ട്രീയ ജീവിതം.

ടി.പി. ചന്ദ്രശേഖരനെ സി.പി.എം ആസൂത്രിതമായി കൊലപ്പെടുത്തിയപ്പോൾ വി.എസ് എടുത്ത ധീരമായ നിലപാടുകൾ എന്നും ഓർമിക്കപ്പെടേണ്ടതാണ്. എന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ അദ്ദേഹം ഓടിയെത്തിയ നിമിഷം ഇപ്പോഴും മനസ്സിലുണ്ട്. എനിക്കും കുടുംബത്തിനും പാർട്ടിപ്രവർത്തകർക്കും അദ്ദേഹം തന്ന ആശ്വാസവും കരുത്തും ചെറുതല്ലായിരുന്നു.

വി.എസ്. ഞങ്ങളുടെ ജീവിതത്തോട് വളരെ അടുത്തുനിൽക്കുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വി.എസിന്റെ വലിയ പിന്തുണ സഖാവ് ടി.പി. ചന്ദ്രശേഖരനുണ്ടായിരുന്നു. വി.എസ് പാർട്ടിക്കുള്ളിൽ ഒരു ആശയസമരം നടത്തയപ്പോൾ പാർട്ടിക്കു പുറത്തുനിന്ന് ആ ആശയ സമരം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയത് ടി.പി. ചന്ദ്രശേഖരനാണ്. അങ്ങനെയാണ് ആർ.എം.പി എന്ന പാർട്ടി രൂപീകരിക്കുന്നതു പോലും. നയവ്യതിയാനങ്ങളിൽ അകപ്പെട്ടു പോയൊരു പാർട്ടിയെ പുറത്തുനിന്ന് തിരുത്താനുള്ള ശ്രമമാണ് ചന്ദ്രശേഖരൻ പാർട്ടിക്ക് പുറത്തുവന്ന്​ നടത്തിയ സമരം.

ടി.പി ചന്ദ്രശേഖരനെ പോലെയുള്ള നേതാക്കൾക്കൊപ്പം വി.എസ് നയിച്ച പോരാട്ടം പക്ഷേ പൂർണവിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നത് സത്യമാണ്. ഒരു പക്ഷേ അദ്ദേഹത്തിനൊപ്പം കൂടിയവരുടെ ചാഞ്ചാട്ടവും പിന്നോട്ടുപോക്കുമൊക്കെ ഇതിനൊരു കാരണമായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വി.എസ്. അച്യുതാനന്ദൻ

ജന്മിത്വത്തിനെതിരായ പോരാട്ടങ്ങളിലൂടെ ഉറപ്പിച്ചെടുത്ത ധീരമായ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കാൻ സി.പി.എമ്മിന്റെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും വി.എസ് ശ്രദ്ധിച്ചിരുന്നു. വി.എസിന്റെ കാർക്കശ്യം എൺപതുകളിലും തൊണ്ണൂറുകളിലും ശത്രുക്കളെ സൃഷ്ടിച്ചെങ്കിലും രണ്ടായിരത്തിനുശേഷം സാമൂഹ്യമണ്ഡലത്തിൽ അനീതിക്കെതിരായി സ്വീകരിച്ച നിലപാടുകൾ പൊതുജനങ്ങൾക്കിടയിൽ വലിയ അംഗീകാരവും ബഹുമാനവുമാണ് ഉണ്ടാക്കിയെടുത്തത്. സി.പി.എം നേതൃത്വവുമായി ഏറ്റുമുട്ടിയ വി.എസിനെയാണ് നാം പലപ്പോഴും കണ്ടത്. സി.പി.എമ്മിന്റെ ചരിത്രത്തിൽ വി.എസ്. - പിണറായി പോരുകളായി അത് വ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കിലും, താൻ വിയർപ്പൊഴുക്കി വളർത്തിയെടുത്തൊരു പ്രസ്ഥാനത്തെ ആഗോള മൂലധനശക്തികൾക്ക് പണയം വെയ്ക്കുന്നതിനോടുള്ള ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ പ്രതിഷേധമായിരുന്നു സത്യത്തിൽ ആ പോരിനടിസ്ഥാനം. അതൊരു വ്യക്തിപരമായ പോരായിരുന്നില്ല. വി.എസ്. അച്ചുതാനന്ദൻ എന്ന പേരിൽനിന്ന്, വി.എസ് എന്ന സ്നേഹാദരങ്ങൾ നിറഞ്ഞ ഒരു വിളിപ്പേരിലേക്ക് അദ്ദേഹം എത്തിച്ചേർന്നത് ഇത്തരത്തിലുള്ള വലിയ ഉൾപാർട്ടി സമരത്തിന്റെ കനലുകൾ നിറഞ്ഞൊരു കാലത്തുകൂടിയാണ്.

പാർട്ടി സംവിധാനങ്ങളെല്ലാം ശത്രുപക്ഷത്ത് നിർത്തിയപ്പോഴും വി.എസ്. സമര പദങ്ങളിൽ ഉറച്ചുനിന്നത് നാം പലപ്പോഴും കണ്ടതാണ്. നേതൃത്വത്തിന്റെ അഴിമതിക്കെതിരെ, ഭൂമാഫിയകൾക്കെതിരെ വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളുമായി ഉൾപാർട്ടി സമരം നടത്തിയ വി.എസ്. ചരിത്രത്തിന്റെ ഭാഗമാണ്.

ആദ്യകാല പാർടി നേതാക്കൾക്കൊപ്പം വി.എസ്.

നൂറാം വയസ്സിലേക്ക് കടക്കുന്ന വി.എസിന്റെ വിപ്ലവ ജീവിതത്തിന് സ്നേഹാദരങ്ങൾ.

Comments