എം.എൻ.വിജയനും ബ്രണ്ണൻ കോളേജിലെ പോക്കിരികളും

വിജയൻ മാഷ് എഴുതി: ‘‘സി.പി.ഐ(എം) നേതാവ് എ.കെ. ബാലനും കെ.എസ്.യു വിലെ വടക്കൻ മേഖലകളിലെ മുടിചൂടാമന്നനായിരുന്ന മമ്പറം ദിവാകരനും എന്റെ വിദ്യാർത്ഥികളായിരുന്നു. നിരവധി മർദ്ദനങ്ങൾക്ക്​ നേതൃത്വം നൽകിയതുകൊണ്ട് ദിവാകരൻ പലർക്കും പേടിസ്വപ്നമായി. ഒടുവിൽ ദിവാകരനെ കോളേജിൽ നിന്ന്​ പുറത്താക്കി. ഒരു രാത്രി ദിവാകരൻ എന്റെ ധർമ്മടത്തുള്ള വീട്ടിൽ വന്നു കയറി; ‘മാഷേ എനിക്കൊരു കോണ്ടക്​റ്റ്​ സർട്ടിഫിക്കറ്റ്​ വേണം.' ഞാൻ ചിരിച്ചു- കാലം കാത്തുവെച്ച വരികളെക്കുറിച്ച്​ കെ.എം. സീതി എഴുതുന്നു

വായന എന്ന അനുഭവവും അതിന്റെ മേലുള്ള ജൈവവ്യവഹാരങ്ങളുമാണ് സാമൂഹിക ജീവിതത്തെ അർത്ഥവത്താക്കുന്നത്. ഓരോ വായനക്കാരനും വലിയ സാമൂഹിക ഉത്തരവാദിത്വമാണ്- ധർമ്മമാണ്- ആ അർത്ഥത്തിൽ നിർവഹിക്കുന്നത്. ഒരു സിനിമ കാണുന്നതും (ഒരു നല്ല വാർത്താസമ്മേളനം കേൾക്കുന്നതും കൂടി) ഇന്ന് ഒരു വായന കൂടിയാണ്. കണ്ണും ചെവിയും മനസ്സും ഹൃദയവും കൊണ്ടുള്ള ഈ ജൈവരാഷ്ട്രീയ പ്രക്രിയ നാമറിയാതെ പലതും ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും പുനരുൽപ്പാദനവുമായിരിക്കും.

വായനക്കാരെപ്പോലെ, കാണികളും ശ്രോതാക്കളും പലതും വായിച്ചെടുക്കാൻ കൂടി ശ്രമിക്കുകയാണ്. നവമാധ്യമങ്ങളുടെ വരവോടെ വായനയുടെയും, കേൾവിയുടെയും കാഴ്ചയുടെയും അതിർവരമ്പുകൾ മങ്ങിത്തുടങ്ങി, മാഞ്ഞുതുടങ്ങി. എന്നാൽ പുതിയ വായനകളുടെ ഈ നവ്യാനുഭവം സാമ്പ്രദായിക വായനയുടെ ഊഷ്മളത ചോർത്തിക്കളയുന്നില്ല. ഇതിൽ നല്ലതേത്, ചീത്തയേത്, ചവറേത്, ചവർപ്പേത് എന്ന് തിരയുന്നതിൽ ഇന്ന് അർത്ഥമുണ്ടെന്നു തോന്നുന്നില്ല. ‘സത്യാനന്തര'മെന്നെല്ലാം പേരിട്ടുവിളിക്കുന്ന ഈ കാലവിചാരങ്ങൾ നമ്മെ ഒരേ സമയം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും അന്ധാളിപ്പിക്കുകയും ചെയ്യും.

സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഈ ‘ചവർ- പവർ' പ്രതിഭാസം കാണാനാകുമെന്ന് നമ്മോടു പറഞ്ഞത് എം. ഗോവിന്ദൻ. നാൽപ്പതു വർഷം മുമ്പെഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം പറയുന്നു: ‘ചവറിനും അതിന്റെ പവറുള്ളപോലെ പവറിനും അതിന്റെ ചവറുണ്ടെന്നു പത്രങ്ങളിൽ നിന്ന്​വ്യക്തമാകുന്നു.'
‘അധികാര രാഷ്ട്രീയത്തിന്റെ ആവിയും ആത്മാവും സംവിധാനം ചെയ്യുന്നത് അധോലോകമല്ലേ' എന്ന് ചോദിക്കുന്ന ഗോവിന്ദൻ സംസ്‌കാരവും ഈ അധോലോക കളിയരങ്ങിന്റെ ഇടമായി മാറുന്നതിൽ അതിശയിക്കുന്നില്ല. കാലത്തോട് സംവദിക്കുന്ന ഗോവിന്ദന്റെ വാക്കുകൾ ശ്രദ്ധിക്കുക: ‘ചവറും പവറുമൊക്കെ ഉണ്ടാക്കുന്ന അലങ്കോലങ്ങൾ അവിടെ ഇരിക്കട്ടെ. എല്ലാം നഷ്ടപ്പെട്ടിട്ടില്ല. പറന്നുകിടക്കുന്ന പകർച്ചവ്യാധിക്കിടയിലും അങ്ങിങ്ങു ആരോഗ്യത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. സാംസ്‌കാരികാധഃപതനത്തെക്കുറിച്ച്​ അമ്പേ ആരും വേവലാതിപ്പെടേണ്ടതില്ല. വിവേകമതികളുടെ ഒരു വ്യൂഹം തന്നെ രൂപപ്പെട്ടുവരുന്നു. വായനക്കാരെല്ലാം വങ്കന്മാരല്ല. അങ്ങനെ ധരിക്കാനിടവരുന്നവരാണ് വങ്കന്മാർ. മലയാളഭാഷാസാഹിത്യത്തിന്റെ മാനമാണ് പുതിയ വായനക്കാർ.'

‘പുതിയ വായനക്കാരെ' ഗോവിന്ദൻ പരിചയപ്പെടുത്തുന്നത് വളരെ കൗതുകപൂർവ്വം കാണേണ്ടതുണ്ട്. പലപ്പോഴും എഴുത്തുകാരെ പല തലമുറകളായി വ്യവച്ഛേദിക്കുന്നവർ, വായനക്കാരുടെ തലമുറകളെ അത്രത്തോളം ഗണം തിരിച്ചു പറയാറില്ല. പക്ഷെ അദ്ദേഹം ഒന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്: ‘പുതിയ സംവേദനകൗതുകം തികഞ്ഞവരുള്ളതിനാലാണ് പുതിയ സാഹിത്യം പ്രചാരവും സമ്മതിയും നേടിയത്. ആധുനിക സാഹിത്യം ആസ്വദിക്കുന്നുവെന്നുവെച്ച് അവരാരും അതിന്റെ അടിമകളല്ല. അവർക്കു അവരുടേതായ രസികത്തമുണ്ട്. അനുഭവവും അതിൽ നിന്ന് മെനഞ്ഞെടുത്ത അളവുകോലും. വളർന്നു വരുന്ന വായനക്കാരുടെ തലമുറയാണ് ആധുനിക സാഹിത്യത്തിന്റെ നിർണായക ശക്തി.'

വായനക്കാർക്കിടയിൽ വന്ന മാറ്റത്തെ വർഷങ്ങൾക്കു മുമ്പ് മുണ്ടശ്ശേരി കണ്ടെത്തിയിരുന്നു എന്ന് ഗോവിന്ദൻ പറയുന്നു: ‘വളരെയധികം വ്യാപ്തിയും ആഴവും' ഉള്ള ആ കണ്ടെത്തൽ ‘നവീന ഭാവുകത്വമുള്ള വായനക്കാരുടെ തലമുറയെക്കുറിച്ചു' വിസ്തരിച്ചു സംസാരിക്കാൻ തനിക്കു പ്രേരണയായെന്നു അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വായനക്കാർ ചിലപ്പോഴെങ്കിലും ‘എഴുത്തുകാരേക്കാൾ വിവേകികളും മിടുക്കന്മാരുമാണ്' എന്ന് ഗോവിന്ദൻ പറയുന്നുണ്ട്.

അക്കാലത്തു വന്ന ചില ചർച്ചകളെ മുൻനിർത്തി അദ്ദേഹം പറയുന്നു: ‘എഴുത്തുകാരുടെ കാഴ്ചപ്പാടിന്റെ കാണാപ്പുറം വായനക്കാരൻ കണ്ടെത്തുന്നു. തെറ്റുകൾ തിരുത്തുന്നു. ചർച്ചയിൽ വിട്ടുപോയ മൗലിക പ്രശ്‌നങ്ങൾ പൂരിപ്പിക്കുന്നു. വായനക്കാരുടെ വിചാരശീലം മാത്രമല്ല, ഭാഷാശൈലിയും ഏറെ വ്യത്യസ്തമാണ്. രണ്ടിലും പുതുമയുണ്ട്. പൂർണതയിലേക്കുള്ള ത്വരയും.'

‘വായനക്കാരുടെ ഈ വിഭാഗം നമ്മുടെ സംസ്‌കാരത്തിന് മുതൽക്കൂട്ടുതന്നെയാണ്' എന്നുപറയുന്ന ഗോവിന്ദൻ, സാഹിത്യത്തിൽ സംഭവിച്ച ഈ മാറ്റം രാഷ്ട്രീയത്തിലുണ്ടായില്ല' എന്ന് പരിതപിക്കുന്നു.
‘നമ്മുടെ രാഷ്ട്രീയം ഇന്നും ശുഷ്‌ക ചിന്തയിലും ശുംഭൻ പ്രവർത്തനത്തിലും അടിഞ്ഞുകൂടിയിരിക്കുന്നു' എന്നുകൂടി അദ്ദേഹം പറയുന്നു. ‘എഴുത്തുകാരെ ചോദ്യം ചെയ്യുന്ന അനുവാചകരെപ്പോലെ നേതാക്കളെ ചോദ്യം ചെയ്യുന്ന അനുയായികളെവിടെ' എന്ന് ഗോവിന്ദൻ ചോദിക്കുന്നു.

എം.എൻ. വിജയൻ

‘ആത്മധൈര്യത്തിന്റെയും പരിശീലനത്തിന്റെയും അഭാവം' ഈ പുതിയകാലഘട്ടത്തിലും ഇല്ലാതെ പോകുന്നതിൽ സങ്കടപ്പെടുന്ന ഗോവിന്ദൻ ഒന്നുകൂടി പറഞ്ഞു നിർത്തുന്നു: ‘സാഹിത്യം ആധുനികതമായി തുടങ്ങുമ്പോൾ രാഷ്ട്രീയം പഴഞ്ചൻ പാതയിലെ ചക്കടവണ്ടിയായി അർത്ഥമില്ലാത്ത ആരവങ്ങളുണ്ടാക്കുന്നു.'

ഒരു വായനാദിനത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജ് രാഷ്ട്രീയം നമ്മുടെ വ്യവഹാര മണ്ഡലത്തിൽ പുതിയ അലോസരങ്ങളുണ്ടാക്കുന്നത്​ പലരെയും അത്ഭുതപ്പെടുത്തുന്നുണ്ടാവില്ല. കോളേജിലെ ദീർഘകാല സാന്നിധ്യമായിരുന്ന പ്രൊഫ. എം.എൻ.വിജയനുമായുള്ള ഒരു യാത്രാസംഭാഷണം ഓർമ വരുന്നു. തന്റെ ‘യൗവനവും വാർധക്യവും' ഒരുമിച്ചു ജീവിച്ച ഏറെ സന്ദർഭങ്ങൾ ബ്രണ്ണനിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ ജയാ/പചയങ്ങൾ പലപ്പോഴും തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നു അദ്ദേഹം സൂചന നൽകി. പിന്നീട് ഇതേക്കുറിച്ച്​ അദ്ദേഹം എഴുതിയതുതന്നെ നോക്കുക:
‘‘എഴുപതുകളിൽ Angry Youths ന്റെ തീപറക്കുന്ന ചിന്തകളിൽ ബ്രണ്ണൻ കലുഷിതമായി. വിപ്ലവം എങ്ങനെ തുടങ്ങണമെന്നായിരുന്നു ചർച്ച. ഒടുവിൽ അവരെന്നെ സമീപിച്ചു; ‘ഞങ്ങൾ ഈ കോളേജ് ലൈബ്രറി തീവെച്ചോട്ടെ മാഷേ', കുട്ടികളുടെ ചോദ്യം. അവരുടെ വഴിയിൽ തെറ്റുണ്ടെന്ന് ഞാൻ പറഞ്ഞു. പുസ്തകങ്ങൾ പലതും കത്തിക്കേണ്ടത് തന്നെ. പക്ഷേ, വിപ്ലവത്തിന്റെ വഴി ഇതല്ല. അവരെന്നെ കേട്ട് നിന്നു. പിന്നെ നിശബ്ദം പിന്തിരിഞ്ഞു.’’

വിജയൻ മാഷ് എഴുതുന്നു: ‘‘സി.പി.ഐ(എം) നേതാവ് എ.കെ. ബാലനും കെ.എസ്.യു വിലെ വടക്കൻ മേഖലകളിലെ മുടിചൂടാമന്നനായിരുന്ന മമ്പറം ദിവാകരനും എന്റെ വിദ്യാർത്ഥികളായിരുന്നു. നിരവധി മർദ്ദനങ്ങൾക്ക്​ നേതൃത്വം നൽകിയതുകൊണ്ട് ദിവാകരൻ പലർക്കും പേടിസ്വപ്നമായി. ഒടുവിൽ ദിവാകരനെ കോളേജിൽ നിന്ന്​ പുറത്താക്കി. ഒരു രാത്രി ദിവാകരൻ എന്റെ ധർമ്മടത്തുള്ള വീട്ടിൽ വന്നു കയറി; ‘മാഷേ എനിക്കൊരു കോണ്ടക്​റ്റ്​ സർട്ടിഫിക്കറ്റ്​ വേണം.' ഞാൻ ചിരിച്ചു.
ദിവാകരന്റെ മുഖം എന്തൊക്കെയോ പ്രശ്‌നങ്ങളാൽ കലുഷിതമായിരുന്നു. വേദന ആ കണ്ണുകൾ ഓളം വെട്ടി. ഞാൻ അയാൾക്ക് സർട്ടിഫിക്കറ്റ് നൽകി.'

വിജയൻ മാഷ് ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ: ‘‘നിരവധി പോക്കിരികൾ കോളേജിലുണ്ടായിരുന്നു. ‘ഒരു വിരൽത്തുമ്പിനാൽ ബ്രണ്ണനിലെ കുട്ടികളെ അനുസരിപ്പിക്കുന്ന' ഒരു പോക്കിരിയും അവിടെയുണ്ടായിരുന്നു.’’ (പിന്നീട് സ്‌കൂൾ അധ്യാപകനായപ്പോൾ പോക്കിരിത്തരം കാട്ടാൻ കഴിയാത്തതുകൊണ്ട് വലിയ പ്രയാസമാണെന്ന് മാഷോട് ഒരിക്കൽ അദ്ദേഹം പറഞ്ഞത്രേ).

വിജയൻ മാഷ് തുടർന്നെഴുതുന്നു: ‘‘ഒരു റാങ്ക് ഹോൾഡർ ഒരിക്കൽ പോലും ഒരധ്യാപകനെ തേടിവരില്ല. കോളേജും അധ്യാപകരും അവന്റെ മറവിയിലേക്കു പോകുന്നു. ഗജപോക്കിരികൾ വരുന്നു. പിന്നെയും വരുന്നു. മാഷ് എന്നെ മറന്നുവോ എന്ന് ചോദിക്കുന്നു. മാഷ് ശാസിച്ചതുകൊണ്ടു ഞാൻ നന്നായി എന്ന് പറയുന്നു. ചിലപ്പോൾ കോളേജിലെ ഏറ്റവും ആർദ്രമായ ഒരോർമയിൽ പോക്കിരി കരയുന്നു. ബ്രണ്ണനു മുന്നിൽ ഞാൻ കാത്തിരിക്കുന്നത് പഴയ പോക്കിരികളെയാണ്.’’

ഇന്ന് ഇത് വായിക്കുമ്പോൾ കാലം കാത്തുവെച്ച വരികളായി അനുഭവപ്പെടുന്നു.
‘പോക്കിരികളായ വിപ്ലവകാരികൾ' കത്തിക്കാൻ ആഗ്രഹിച്ച പുസ്തകങ്ങളെക്കുറിച്ച്​ വിജയൻ മാഷ് ഞങ്ങളുടെ യാത്രക്കിടയിൽ സൂചിപ്പിച്ചതു വെറും സാന്ദർഭികമായിട്ടല്ല. ‘എഴുത്തുകാരെ ചോദ്യം ചെയ്യുന്ന അനുവാചകരെപ്പോലെ നേതാക്കളെ ചോദ്യം ചെയ്യുന്ന അനുയായികളെവിടെ' എന്ന് ഗോവിന്ദൻ ഉന്നയിച്ചതിന്റെ തുടർച്ചയായി തന്നെയാണ് വിജയൻ മാഷും പറഞ്ഞതെന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു.

അതെ, വിജയൻ മാഷ് നല്ലൊരു അധ്യാപകൻ ആയിരുന്നു. എല്ലാ പോക്കിരികൾക്കും ഒരു തുള്ളി കണ്ണീർ വാർക്കാൻ പറ്റിയിരുന്ന ഒരു ‘ധർമ്മയിടം.'

Comments