കെ.എൻ.എ ഖാദറിന് സംഭവിച്ചത് ....!
കോഴിക്കോട് ചാലപ്പുറത്ത് കേസരിഭവനിൽ നടന്ന പരിപാടി പെട്ടെന്നങ്ങ് ഉണ്ടായതല്ല. എത്രയോ ദിവസങ്ങൾക്കു മുമ്പുതന്നെ തീരുമാനിച്ച് നോട്ടീസടിച്ച് ചന്ദ്രികയടക്കമുള്ള പത്രാപ്പീസുകളിൽ അറിയിച്ച് നടന്നതാണ്. അതുകൊണ്ടുതന്നെ സാംസ്കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തിൽ കെ.എൻ.എ ഖാദർ ചെന്നുകയറിയതല്ല.
കേസരി എന്താണെന്നും എന്തിനാണെന്നും അവിടെ നടക്കുന്ന പരിപാടി എന്താണെന്നും അറിയാത്തയാളല്ല ഖാദർ.
കേസരി ഭവനിൽ സ്ഥാപിച്ച ‘സ്നേഹബോധി’ എന്ന ശിൽപത്തിന്റെയും ചുവർ ശിൽപത്തിന്റെയും അനാഛാദന ചടങ്ങിൽ മുഖ്യപ്രഭാഷണമായിരുന്നു കെ.എൻ.എ ഖാദർ നടത്തിയത്. തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജി പണിക്കറാണ് ബുദ്ധശിൽപം അനാഛാദനം ചെയ്തത്. ചുവർ ശിൽപം കെ.എൻ.എ ഖാദറും അനാഛാദനം ചെയ്തു.
അദ്ദേഹത്തിന്റെ പ്രഭാഷണത്തനു തൊട്ടുമുമ്പ് അര മണിക്കൂർ നീണ്ട മറ്റൊരു പ്രഭാഷണം അവിടെ നടന്നു. ആർ.എസ്.എസിന്റെ പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദർശിയായ ജെ. നന്ദകുമാറിന്റെ പ്രഭാഷണം. ആ പ്രസംഗം അരമണിക്കൂറായി കുറഞ്ഞുപോയതിൽ തനിക്ക് സങ്കടമുണ്ടെന്നും അത് കൂടുതൽ കേൾക്കാനാണ് താൻ ആഗ്രഹിച്ചതെന്നും പറഞ്ഞാണ് കെ.എൻ.എ ഖാദർ സംസാരിച്ചു തുടങ്ങിയത്.
36 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിൽ കുമാരനാശാനെയും വള്ളത്തോളിനെയും ഗീതയും രാമായണവും ഒക്കെ ഉദ്ധരിച്ച് ഗംഭീരമായി തന്നെ ഖാദർ പ്രസംഗിച്ചു. അതിനിടയിൽ ഉത്തരേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലും സിഖുകാരുടെ ദേവാലയമായ സുവർണ ക്ഷേത്രത്തിലും പോയ കാര്യവും അദ്ദേഹം സരസമായിതന്നെ പറഞ്ഞു. പക്ഷേ, ഇക്കാലമത്രയുമായിട്ടും ഗുരുവായൂരിൽ കയറാനാകാത്ത കാര്യവും അദ്ദേഹം പങ്കുവെച്ചു...
അദ്ദേഹത്തെ ജെ. നന്ദകുമാർ പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിക്കുകയും ചെയ്തു ...
അദ്ദേഹത്തിന്റെ അരമണിക്കൂർ പ്രഭാഷണത്തിനിടയിൽ എവിടെയെങ്കിലും വെച്ച് അദ്ദേഹം ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ, സമുദായത്തിന്റെ ഇന്ത്യയിലെ നിസ്സഹായമായ അവസ്ഥയെക്കുറിച്ച്, ഓരോ ദിവസവും ആശങ്കയിൽ പുലരുന്ന അവരുടെ അസ്വസ്ഥതകളെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയുമെന്ന് അവസാന നിമിഷംവരെ ആ ഹാളിൽ പ്രതീക്ഷയോടെ ഇരുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ, സംഘാടകരെ തെല്ലും അലോസരപ്പെടുത്താതെ, അവരെ ആവോളം സുഖിപ്പിക്കുന്നവിധത്തിലായിരുന്നു കെ.എൻ.എ ഖാദർ സംസാരിച്ചവസാനിപ്പിച്ചത്.
സ്നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്ന് ഖാദർ അവകാശപ്പെടുന്നുണ്ട്. അത് ശരിയാണ്. എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്ന ദൈവം ഒന്നുതന്നെയെന്നും എല്ലാ മതങ്ങളെയും കുറിച്ചു പഠിച്ചാൽ കാലുഷ്യങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. പക്ഷേ, അത് പറയുമ്പോൾ അതേ മതത്തിന്റെ പേരിൽ തെരുവുകൾ കത്തിക്കരുതെന്നോ ആളുകളെ തല്ലിക്കൊല്ലരുതെന്നോ കൂടി അദ്ദേഹം പറയുമെന്ന് വെറുതെ കരുതി...
അതുണ്ടായില്ല...
മറ്റൊന്ന്, ലീഗുകാരും മാർക്സിസ്റ്റുകാരും മുസ്‍ലിം മതനേതാക്കന്മാരുമെല്ലാം ആർ.എസ്.എസ് അടക്കം സംഘടിപ്പിക്കുന്ന സംവാദങ്ങളിൽ പങ്കെടുക്കാറുണ്ടല്ലോ എന്ന് ഷാഫി ചാലിയത്തെപ്പോലുള്ള ലീഗുകാർ ചാനലിലിരുന്ന് കെ.എൻ.എ ഖാദറിനെ ന്യായീകരിക്കുന്നതു കണ്ടു. കേസരി ഭവനിൽ നടന്നത് ആശയസംവാദമായിരുന്നില്ല. പൊതുസാംസ്കാരിക രംഗം ഇപ്പോഴും വലിയ തോതിൽ അടുപ്പിക്കാത്ത ആർ.എസ്.എസിന്റെ സാംസ്കാരിക രംഗപ്രവേശനത്തിന്റെ അധ്യായം മാത്രമാണ്...
അതുകൊണ്ട് സംവാദമല്ലാത്തൊരു ആർ.എസ്.എസ് സദസ്സിൽ ഒരു ലീഗ് നേതാവ് പങ്കെടുക്കുമ്പോൾ അതിനു കിട്ടുന്ന വിസിബിലിറ്റി, പൊതുസമൂഹത്തിലേക്ക് അവർക്കുള്ള ന്യായീകരണം ചമച്ചുകൊടുക്കൽ കൂടിയാണ്.
(പ്ര.ശ്ര: ഇടയ്ക്കൊക്കെ തന്റെ ഇടതുപക്ഷ സഹയാത്രികത തുറന്നു പറഞ്ഞിട്ടുള്ളയാളാണ് രൺജി പണിക്കർ എന്നാണറിവ്.....)