കോരന്റെ മകൾ

‘‘കോരൻ എന്നത് പാടത്തും പറമ്പിലും പണിയെടുക്കുന്ന ദലിതനുണ്ടാകുന്ന പേരല്ലേ. ആ പേര് തമ്പ്രാക്കന്മാർക്കുണ്ടാവോ... കളിയാക്കിയാലും കുഴപ്പമില്ല. ഇതിപ്പോ, ഞാൻ എന്തിനാ ഇത്ര വിഷമിക്കുന്നേ? ഓർമ വച്ച കാലം തൊട്ട് കേൾക്കുന്നതല്ലേ... നമ്മളൊക്കെ എന്ത് പഠിച്ചാലും ജോലി ചെയ്താലും ചെറുമനായ കോരന്റെയും കാളിയുടെയും മകളല്ലേ? നമുക്ക് ആ ബോധ്യം ഇല്ലെങ്കിൽ അറിയുന്നവർ അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കും...’’- അച്ഛനെക്കുറിച്ച് ഒരു മകളുടെ തീക്ഷ്ണമായ അനുഭവക്കുറിപ്പ്.

11 മണി കഴിഞ്ഞുള്ള സയൻസ് ക്ലാസിലിരിക്കുമ്പോഴും ബിന്ദുവിന്റെ കണ്ണ് മുഴുവൻ റോഡിലേക്കായിരുന്നു. നാലാമത്തെ ബെഞ്ചിൽ മൂന്നാമത്തെ സീറ്റിൽനിന്ന് എത്തിവലിഞ്ഞു നോക്കിയാലും റോഡിന്റെ ചെറിയൊരു ഭാഗം മാത്രേ കാണാൻ കഴിയൂ.

ടീച്ചറുടെ ഉയർന്ന ശബ്ദം, റോഡിൽ വണ്ടികൾ പോകുന്ന ശബ്ദം, ക്ലാസിൽ അങ്ങിങ്ങായി നടക്കുന്ന കുശുകുശുപ്പ്... എല്ലാം ബിന്ദുവിന്റെ ചെവിയെ കാർന്നുതിന്നുന്നുണ്ടാർന്നു. ടീച്ചറുടെ നിർദ്ദേശ പ്രകാരം എന്തോ എഴുതാൻ ടേബിളിലിരിക്കുന്ന പുസ്തകത്തിലേക്ക് കണ്ണ് പോയപ്പോഴേക്കും അപ്പുറത്തെ സി ക്ലാസിൽ നിന്ന് പൊട്ടിച്ചിരി ഉയർന്നു. അവളുടെ ഹൃദയമിടിപ്പ് ചമ്മിണിക്കാവിലെ പൂരത്തിന്റെ ചെണ്ടമേളം പോലെ തകർത്തു...

അപ്പുറത്തെ ക്ലാസിലെ ചിരിയുടെ താളം കുറയുന്നതിനനുസരിച്ച് മങ്ങിയ നീല ഷർട്ടും കാപ്പി കളറിൽ ചെറിയ പൂക്കളുള്ള ലുങ്കിയും ഉടുത്ത് അസ്ഥിരൂപത്തിൽ സകല വെയിലും കൊണ്ട് ക്ഷീണ ഭാവത്തിൽ ഒരാൾ അവളുടെ ക്ലാസിനുമുന്നിൽ വന്നു നിന്നു. ക്ലാസിൽ വിറങ്ങലിച്ചു നിൽക്കുന്ന അവളുടെ മുഖം കണ്ട സന്തോഷവും വെപ്രാളവും പുറത്തുനിൽക്കുന്ന മുഖത്തുണ്ടായിരുന്നെങ്കിലും ക്ലാസിൽ ടീച്ചറുണ്ടെന്ന ബോധം അവൾക്കുണ്ടായിരുന്നു. എന്നാൽ പുറത്തു നിൽക്കുന്ന എല്ലുന്തിയ ശരീരമുള്ള, വായ വരെ താടി വളർന്നുനിൽക്കുന്ന ആ മനുഷ്യന് അത് ഉണ്ടായിരുന്നില്ല.

കൂലിപ്പണിക്കുപോയി കിട്ടുന്ന പൈസയ്ക്ക് ഭാര്യേം അമ്മേം മക്കളും അടക്കം വലിയൊരു സംഘത്തെ ഊട്ടി ബാക്കി കാശിന് അന്തിയ്ക്ക് കള്ള് കുടിക്കുന്നതുമാത്രം ജീവിതത്തിലെ ഏറ്റവും വലിയ ആർഭാടമായിരുന്ന, ‘മാന്യമായ’ ഒരു വേദിയിലും ഇടങ്ങൾ കിട്ടാത്ത ആ മനുഷ്യന് എങ്ങനെയാണ് പറയപ്പെടുന്ന മാന്യതയുടെ ചട്ടക്കൂടുകൾ അറിയുക.

 ക്ലാസ് മുറിയിൽ കഴിഞ്ഞ കുറച്ചു സെക്കന്റുകളായി സ്റ്റക്കായി ഇരിക്കുന്ന അവൾ ആ മെലിഞ്ഞ ശരീരത്തിൽനിന്ന് ഉയരുന്ന ഉറക്കെയുള്ള സ്വരത്തെ ഭയന്നു. അവളെ ഒട്ടും അത്ഭുതപ്പെടുത്താതെ ആ മനുഷ്യന്റെ തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം ഉയർന്നു, ‘ഇങ്ങു വാ ഉണ്ണിമോളേ...’
കഴിഞ്ഞ കുറച്ചു സെക്കന്റുകളായി ഒരു വലിയ കുമിളയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന അവളുടെ കാതുകളിൽ വലിയൊരു കൂട്ടച്ചിരി പതിച്ചപ്പോൾ ആ കുമിള പൊട്ടിത്തകർന്നു.

ടീച്ചർ ആ ക്ലാസ് മുറിയിലെ ചിരി കൺട്രോൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവളുടെ ശബ്ദം ഉയർന്നു, ‘ടീച്ചറേ അതെന്റെ ആളാണ്’.
‘നിന്റെ ആളെന്ന് വച്ചാൽ?’
അവളുടെ പറച്ചിൽ കേട്ടതും ടീച്ചറുടെ മറുപടിച്ചോദ്യമെത്തി.
‘എന്റെ അച്ഛയാണ് ടീച്ചറെ’.

ഇരുട്ടു കയറിയ കണ്ണുകൾ കൊണ്ട് അവൾ പുറത്തു നിൽക്കുന്ന രൂപത്തെ നോക്കിയപ്പോൾ അതിൽ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വെപ്രാളത്തിന്റെയും ഭാവങ്ങൾ മിന്നി മായുന്നുണ്ടായിരുന്നു.

ഒരിക്കൽ പോലും പേരന്റ്സ് മീറ്റിങ്ങിൽ കാണാത്തവർ പൈസ (ഗ്രാൻഡ്) കിട്ടുന്ന ദിവസം കറക്റ്റായി എത്തുന്നുണ്ടല്ലോ എന്ന ഒരു പരിഹാസഭാവം ടീച്ചറുടെ മുഖത്ത് തോന്നിയെങ്കിലും അത് വകവെയ്ക്കാതെ അവൾ ക്ലാസിന്റെ പുറത്തേക്കുനടന്നു... ക്ലാസിലെ ഉറ്റസുഹൃത്തുക്കളുടെ കൂട്ടച്ചിരി അവളുടെ കാതുകളിൽ ഉയർന്ന ശബ്ദത്തിൽ പതിച്ചുകൊണ്ടിരുന്നു.

മുന്നിൽ നടക്കുന്ന അച്ഛനെന്ന രൂപത്തെ നോക്കി അവൾ സ്വയം അപമാനഭാരം ചുമന്നു. രാവിലെ നടന്ന കാര്യങ്ങൾ അവളുടെ മനസിലേക്ക് ഓടിവന്നു.
‘അമ്മേ, അച്ഛടെ, കല്യണത്തിന് പോവുമ്പോ ഇടാറുള്ള മഞ്ഞ ഷർട്ട് എവിടാണ്?’
‘ആ പത്തായത്തില്ലെങ്ങാനും കാണും പെണ്ണേ, എന്താണ് അച്ഛനെ നീ ഇന്ന് കെട്ടിക്കാൻ പോവാണാ?’, മാവ് കലക്കി ദോശച്ചട്ടിയിൽ ഒഴിക്കുന്ന തിരക്കിൽ അമ്മ പറഞ്ഞു.

ചിരി വന്നെങ്കിലും അതവർക്ക് പ്രോത്സാഹനമാവുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവൾ ചിരിക്കാൻ തുനിഞ്ഞില്ല.
പത്തായത്തിലെ വലിയൊരു ചാക്കിൽ നിന്ന് വെള്ള മുണ്ടും അച്ഛന്റെ മഞ്ഞ ഷർട്ടും അവൾ പുറത്തേക്കെടുത്തു. അവളുടെ കുഞ്ഞു കൈകൾ കൊണ്ട് അത് പൊടി തട്ടി.
‘അമ്മേ ചെരട്ട കത്തിച്ചു തരോ...’
അന്നത്തെ ചിരട്ട തേപ്പുപെട്ടി അവൾക്ക് പേടിയാണെങ്കിലും തേക്കാൻ മുതിർന്ന പോലെ അമ്മയോട് ചോദിച്ചു, ‘പിന്നെ ഇവിടെ കഞ്ഞീം കറീം വെക്കാൻ ചെരട്ടയില്ല, പിന്നെയാണല്ലോ നിനക്ക് ചെരട്ട’.

സംഭവം അവളെ നിരാശപ്പെടുത്തിയെങ്കിലും ഷർട്ട് നീട്ടിയിട്ട് ആ കുഞ്ഞുകൈ കൊണ്ട് ചുളുക്ക് മുഴുവൻ അവൾ നിവർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

സുരയുടെ വീടിന്റെ സൈഡിലുള്ള പാറയുടെ മുകളിലൂടെ രാവിലെ താഴേക്കുപോയ അച്ഛൻ വരുന്നതുകണ്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു, ‘അതേ ഇന്ന് വരുമ്പോ ഈ ഷർട്ടും മുണ്ടും ഉടുത്ത് വരണം... പണി സ്ഥലത്തുന്നു നേരെ സ്കൂളിലേക്ക് വരല്ലേ ട്ടാ..’

അച്ഛന്റെ സമ്മതം മൂളൽ പോലും കേൾക്കാതെ അവൾ സ്കൂളിൽ പോവാനുള്ള പരിപാടി നോക്കാൻ ഉമ്മറത്തേക്ക് ഓടി.

മുന്നിൽ പാടത്തുന്നു കേറി വന്ന അതേ കുപ്പായത്തിൽ സ്കൂളിലെത്തിയ അച്ഛനോടുള്ള അമർഷം അയാൾക്ക് പുറകിലായി നടക്കുന്ന അവളിൽ നിറഞ്ഞുനിന്നു. അയാളുടെ വിയർപ്പിന്റെ ഗന്ധം നടക്കുന്നതിനസരിച്ച് അവിടെയാകെ പരക്കുന്നുണ്ടായിരുന്നു. വെറും രണ്ടു മിനിറ്റുകൊണ്ട് എത്തേണ്ട ഓഫീസ് റൂമിലേക്ക് അന്ന് എത്രയോ ദൂരം താണ്ടിയ പോലെ അവൾക്ക് തോന്നി. അപമാനഭാരം അവളെ തല ഉയർത്താൻ സമ്മതിച്ചില്ല.

അശ്വതിടേം റഷിയുടെയും ദിവ്യടേം ആരുടേം അച്ഛനും അമ്മയും ഇങ്ങനെയല്ലാലോ. ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ. അവളുടെ കുഞ്ഞു തല പുകഞ്ഞു.

ഓഫീസ് മുറിയ്ക്കപ്പുറത്തെ ഒരു മുറിയിലാണ് പൈസ കൊടുക്കുന്നത്. അവളുടെ അച്ഛനോളം പ്രായം വരില്ലെങ്കിലും അച്ഛനെ പോലെയുള്ള മനുഷ്യർ വെള്ള മുണ്ടും അലക്കി തേച്ച ഷർട്ടും ഇട്ട് ക്യുവിൽ നിൽക്കുന്നു. അച്ഛനു പുറകിലായി അവൾ ഒളിച്ചു. അത് അവിടെ നിൽക്കുന്നവർ കാണാതിരിക്കാൻ മാത്രമായിരുന്നില്ല, അവളുടെ ഐഡന്റിറ്റിയെയാണ് അവൾ അവിടെ ഒളിപ്പിച്ചു വച്ചത്.
അവരുടെ ഊഴമായപ്പോൾ പേനയെടുത്ത് അവിടെയിരിക്കുന്ന മാഷ് അച്ഛന്റെ കൈയിൽ കൊടുത്തെങ്കിലും തൊട്ടടുത്തിരിക്കുന്ന ഇങ്ക് പാഡിലേക്ക് അയാളുടെ കണ്ണുകൾ പോയി. എന്നിട്ട് മകളുടെ മുഖത്തേക്ക് നോട്ടം പായിച്ചു.
സ്കൂളിന്റെ പടി ചവിട്ടാത്ത, സാക്ഷരതാക്ലാസുകൾ മാത്രം അറ്റൻഡ് ചെയ്തിരുന്ന അവരെകൊണ്ട് (അച്ഛനേം അമ്മയെയും) പേരെഴുതിക്കാനും ഒപ്പിടീക്കാനും അവളും ചേച്ചിയും അടങ്ങുന്ന ടീം സമയം കിട്ടുമ്പോഴെല്ലാം ശ്രമിച്ചിട്ടുണ്ടായിരുന്നു.

അച്ഛന്റെ നോട്ടം അവളോട് പറയാതെ പറഞ്ഞു, ‘ഡീ ഉണ്യോളെ.. പേന കാണുമ്പോൾ അച്ഛന്റെ കൈയ് വിറക്കാടി’.
ഒപ്പിനുശേഷം 50 രൂപ നോട്ടും രണ്ട് ഇരുപതിന്റെ നോട്ടും എണ്ണി തിട്ടപ്പെടുത്തി കുഞ്ഞുപുഞ്ചിരിയിൽ മാഷ് അത് അച്ഛന്റെ കൈയിൽ കൊടുക്കുന്നത് അവൾ നോക്കിനിന്നു. ആ ഹാളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവൾ അച്ഛനോട് മുട്ടായി വാങ്ങാൻ പൈസ ചോദിച്ചു. അവളുടെ പൈസ കൊണ്ടാണ് ഇനിയുള്ള അവരുടെ ജീവിതമെന്ന അഹങ്കാരഭാവമുണ്ട് അവളുടെ മുഖത്ത്.

രണ്ടു രൂപ അവളുടെ അവകാശം കൊടുത്ത് പണിക്കിടയിലെ ചായ ബ്രേക്കിന് വന്ന അച്ഛൻ അവളോട് മുഖത്ത് നോക്കി യാത്രപോലും പറയാതെ പുറത്തേക്കിറങ്ങി നടന്നു.

ആ വെയിലത്ത്, കൂസലില്ലാതെ, സൂര്യനെ പോലും വെല്ലുവിളിച്ച് നടന്നു പോകുന്ന രൂപം അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്നു.

പെട്ടെന്ന് മുന്നിലിരിക്കുന്ന എക്സിക്യൂട്ടീവ് ലുക്കിലുള്ള ഒരു മനുഷ്യൻ ടേബിളിൽ കൊട്ടി വിളിച്ചു, ‘ഹലോ ബിന്ദു, ആർ യു ഓ കെ?’
പെട്ടെന്ന് ഉറക്കത്തിൽ നിന്നുണർന്ന പോലെ ഓർമകളിൽനിന്ന് പുറത്തേക്കുചാടിയ ബിന്ദു മുന്നിലിരിക്കുന്ന മുന്ന് രൂപങ്ങളെ നോക്കി. ബാക്കിലെ ചില്ലുഗ്ലാസ്സിലൂടെ അവൾ അവളുടെ രൂപം ശ്രദ്ധിച്ചു.

പച്ച കുർത്ത, പോണിടെയിൽ ഹെയർ സ്റ്റൈൽ. ചുണ്ടിൽ ചെറുതായി ചായം. കണ്ണുകൾ എഴുതിയിട്ടുണ്ട്. അവൾക്കുപോലും അവളുടെ ലുക്കിൽ മാരകമായ ആത്മവിശ്വാസം തോന്നി. തൊട്ടുമുൻപ് നടന്നത് സെക്കന്റുകൾ അവളുടെ മനസിലേക്ക് ഓടിവന്നു.

ബിന്ദുവും അച്ഛൻ കോരനും

പ്രമുഖ മാധ്യമത്തിന്റെ ഇന്റർവ്യൂ കാൾ വന്നതുമുതൽ അവൾ എക്സൈറ്റഡാണ്. അതും അവളുടെ ഉറ്റസുഹൃത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ. കഴിഞ്ഞ നാലു വർഷമായി അവൾ എടുക്കുന്ന കൊടും അധ്വാനം, ഏഴായിരത്തിൽ തുടങ്ങി നാലു വർഷം കൊണ്ട് പതിനായിരത്തിലെത്തി നിൽക്കുന്ന കരിയർ ഗ്രോത്ത്. അപ്പോഴാണ് അവൾക്ക് ഇഷ്ടമുള്ള സിനിമാമാഗസിനിലെ ജോലി ഒഴിവിലേക്ക് വിളിക്കുന്നത്.
ഇന്റർവ്യൂ ദിവസം കുളിച്ച്, പുതിയ പച്ച ടോപ്പും ലെഗ്ഗിൻസും ഇട്ട്, ഇന്റർവ്യൂ ലുക്കിൽ അണിഞ്ഞൊരുങ്ങി അവൾ കണ്ണാടിക്കുമുന്നിൽ നിന്ന് സ്വയം പറഞ്ഞു, 'ഈ ജോലി നിനക്കാണ് ഡീ.. ഇനിയും നീ ഇപ്പോൾ നിൽക്കുന്ന കംഫർട്ട് സോണുകളിൽനിന്ന് പുറത്തു കടന്നില്ലെങ്കിൽ, ജീവിതം കൂടുതൽ ഇരുട്ടിലാവും’.

വൃത്തിയാക്കിയ ചെരുപ്പിട്ട് അവൾ ഡോർ പൂട്ടി കീ ജനൽ പാളിയ്ക്കിടയിൽ വച്ച് ഓട്ടോയ്ക്കായി റോഡിലേക്ക് നടന്നു. ആദ്യം വന്ന ഓട്ടോയിൽ കയറി അവളുടെ സ്വപ്നത്തിന്റെ ആദ്യ പടിയെന്നോണം ആ പ്രമുഖ സ്ഥാപനത്തിന്റെ മുന്നിലിറങ്ങി. മുപ്പത് രൂപ നോട്ട് ഓട്ടോ ചേട്ടന് കൊടുത്ത് അവൾ റിസപ്ഷൻ ലക്ഷ്യം വച്ചു നടന്നു.

'ഇന്റർവ്യൂവിന് വന്നതാണോ’, റിസപ്ഷനിലിരിക്കുന്ന ചെറുപ്പക്കാരന്റെ ചോദ്യത്തിന് അതിവിനയത്തോടെ 'യെസ് ' എന്ന് അവൾ പറഞ്ഞു.
‘ഇരിക്ക് ട്ടാ.. സാർ.. മീറ്റിംഗിലാ’.
ശരി എന്ന ഭാവത്തിൽ കുഷ്യനുള്ള സോഫയിലിരുന്ന് ടി.വിയിൽ മുഴുകി.
അപ്പോഴാണ് കൈയിലിക്കുന്ന റോസ് ഫയലിൽ റെസ്യൂമും ഒപ്പം ബൈലൈൻ മാഗസിനുകളും എടുത്തില്ലേയെന്ന് അവൾ ഉറപ്പുവരുത്തിയത്. അപ്പോഴേക്കും റിസപ്ഷനിൽ കാൾ എത്തി, 'ഇന്റർവ്യൂവിന് വിളിക്കുന്നുണ്ട് കേട്ടോ’.
ഫയലും താങ്ങി മുന്നോട്ട് നടക്കുമ്പോൾ ഉറ്റസുഹൃത്തിന് മെസേജ് അയക്കുന്നുണ്ട്, ‘എടീ ഞാൻ കേറുവാ... പേടിയാവാ’.

ബിന്ദു പി.പി.

നെറ്റ് ഓഫ് ചെയ്ത്, ഫോൺ ലോക്കാക്കി, മറ്റൊരു ഹാളിലേക്ക് അവൾ പ്രവേശിച്ചപ്പോൾ നഗ്നമായ കാലുകളിലേക്ക് ആദ്യം തണുപ്പ് കയറി. ഇതാണല്ലേ ഉറ്റസുഹൃത്ത് പറഞ്ഞ സെൻട്രലൈസ്ഡ് എസി യെന്ന് മനസ്സിൽ പറഞ്ഞു.
കോൺഫറൻസ് ഹാളിൽ നിന്ന് ഒരു രൂപം കൈ കാണിക്കുന്നുണ്ടായിരുന്നു. അതാണ് അവളുടെ ഉറ്റ സുഹൃത്തിന്റെ ഗുരു. അവൾ ജോലി ചെയ്യാൻ പോകുന്ന മാഗസിന്റെ എഡിറ്റർ.
കോൺഫറൻസ് ഹാളിലേക്ക് കയറിയ അവളെ വരവേറ്റത് മുന്ന് സീരിയസ് മുഖങ്ങൾ. അതിൽ രണ്ടുപേർ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.
‘ഹലോ ബിന്ദു, കുറച്ചുനേരം വെയിറ്റ് ചെയ്തല്ലേ..'
ചിരി കൊണ്ടവൾ മറുപടി കൊടുത്തു.

അവളുടെ ഫയലിലെ റെസ്യുമെ കോപ്പി എടുത്ത് മുന്നിലിരിക്കുന്ന വ്യക്തിയുടെ കൈവശം കൊടുത്ത്, എന്ത് ചോദ്യത്തിനും തയ്യാറായെന്ന ഭാവത്തിൽ ഇരുന്നു.
ആദ്യം ഇരിക്കുന്ന രണ്ടു പേർ തുടരെ തുടരെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു...

ആ വർഷം ഓസ്‌ക്കാർ കിട്ടിയ പാരസൈറ്റ് മുതൽ അയ്യപ്പനും കോശിയിലെ രാഷ്ട്രീയം വരെ അവരുടെ സംസാരങ്ങൾക്കിടയിൽ വന്നു. സിനിമ അവളുടെ ഇഷ്ടവിഷയമായതുകൊണ്ട് അതിനെ കുറിച്ചുള്ള ചർച്ചകൾ എപ്പോഴും അവളെ ഹൈപ്പർ ആക്കാറുണ്ട്. അവളുടെ താത്പര്യം മുഖത്ത് കാണാനും സാധിക്കുന്നുണ്ട്. മുന്നിലിരിക്കുന്ന രണ്ട് വ്യക്തികൾക്ക് അവളെ ബോധിച്ചെന്ന ഭാവവും.

അപ്പോഴാണ് അതുവരെ കേൾക്കാത്ത ഒരു അശരീരി പോലെ ഒരു ശബ്ദം കോൺഫറൻസ് ഹാളിൽ ഉയർന്നത്.
‘ഇതെന്താ അച്ഛന്റെ പേര് കോരനെന്ന്?’

റെസ്യുമിൽ ബിന്ദു പി.പി എന്നതിനുതാഴെ, d/o എന്നതിനുനേരെ, കോരൻ പി.പി. എന്നത് അടിവരയിട്ട് കൊണ്ടായിരുന്നു അയാളുടെ ചോദ്യം.
‘അത് സാർ, എന്റെ അച്ഛനും അമ്മയും കുറച്ച് ഓൾഡ് ആണ്. ഞാൻ ലേറ്റ് ചൈൽഡ് ആണ്. ആറാമത്തെ ആൾ’.
പരിഹാസഭാവത്തിലെ മുന്നാമന്റെ ചോദ്യത്തിന് മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
‘എന്തോ ഒരു ചൊല്ല് ഇല്ലേ, കോരന് കഞ്ഞി കുമ്പിളിൽ എന്തോ…’, പഴഞ്ചൊല്ല് പോലും മുഴുമിക്കാൻ കഴിയാതെ അയാളുടെ അട്ടഹാസം ആ ഹാളിനെ കുലുക്കി.

അന്ന് പൈസ വാങ്ങി സൂര്യനെ തോൽപിച്ച് നടന്നകന്ന അച്ഛന്റെ ആ രൂപം അവളുടെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ്.
‘ഹലോ ബിന്ദു, ആർ യു ഓകെ’ എന്ന ചോദ്യം വരുന്നത്.
അവൾ പോയ വഴികളും ഓർമ്മകൾക്കും അവിടെ തടയിണയിട്ടുകൊണ്ട് അവൾ ചിരിക്കുന്ന മുഖത്തോടെ അവരെ നോക്കി പറഞ്ഞു, 'യെസ് സർ ആം പെർഫെക്ട്ലി ഓകെ’.

പിന്നീട് സാലറി കാര്യങ്ങൾ, നിലവിലുള്ള കമ്പനിയിൽ നോട്ടിസിങ് പീരിയഡ് ഉണ്ടോയെന്നൊക്കെ അന്വേഷിച്ച്, വിളിക്കാം എന്നു പറഞ്ഞുകഴിഞ്ഞ് അവൾ ആ കോൺഫറൻസ് ഹാളിൽനിന്ന് പുറത്തു കടന്നു.

എ.സിയിലിരുന്നിട്ടും അവളുടെ കൈവെള്ളയിൽ വിയർപ്പുതുള്ളികളുണ്ടായിരുന്നു. ബാഗിലെ തൂവാല എടുത്ത് മുഖവും കൈയും തുടച്ചു. അവൾക്കു നേരെ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനു നേരെ നടന്നു.

‘‘കോരൻ എന്നത് പാടത്തും പറമ്പിലും പണി എടുക്കുന്ന ദലിതനുണ്ടാകുന്ന പേരല്ലേ. ആ പേര് തമ്പ്രാക്കന്മാർക്ക് ഉണ്ടാവോ...
കളിയാക്കിയാലും കുഴപ്പമില്ല. ഇതിപ്പോ, ഞാൻ എന്തിനാ ഇത്ര വിഷമിക്കുന്നേ? ഓർമ വച്ച കാലം തൊട്ട് കേൾക്കുന്നതല്ലേ... നമ്മളൊക്കെ എന്ത് പഠിച്ചാലും ജോലി ചെയ്താലും ചെറുമനായ കോരന്റെയും കാളിയുടെയും മകൾ അല്ലേ?... നമുക്ക് ആ ബോധ്യം ഇല്ലെങ്കിൽ അറിയുന്നവർ അത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും..."

കണ്ടക്ടർ കേറുന്നുണ്ടോ എന്നുറക്കെ വിളിച്ചു ചോദിക്കുമ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്ന് മുന്നിൽ വന്നുനിൽക്കുന്ന ബസിലേക്ക് നോട്ടം പതിപ്പിക്കുന്നത്. ചാടിക്കയറി ആദ്യം കണ്ട സീറ്റിലിരുന്ന അവളെ നോക്കി അടുത്തിരിക്കുന്ന ചേച്ചി ചിരിച്ചു.
'എങ്ങോട്ടാ’, ചേച്ചിയുടെ ചോദ്യം വന്നു.
'കണ്ണംമൂലയിലേക്കാ’, അവളുടെ മറുപടി.
‘പഠിക്കാണോ, എന്താ പേര്?’, ഈ രണ്ടു ചോദ്യങ്ങൾക്കും അവളും ഒരുമിച്ച് ഉത്തരം പറഞ്ഞു.
‘ജോലി ചെയ്യാണ് ചേച്ചി, ബിന്ദുന്നാ പേര്’.
‘ങേ, ഇതെന്താ മോഡേൺ ലുക്കും ബിന്ദൂന്ന് പേരും’.
കൺഫ്യൂഷൻസ് നിറഞ്ഞ ചേച്ചിയുടെ മുഖത്ത് നോക്കി 'അടിപൊളി' എന്ന ഭാവത്തിൽ അവൾ ചിരിക്കുന്നു.
'ചേച്ചി ഇറങ്ങുവാണേ’
ധൃതി പിടിച്ച് സൂര്യനുകീഴിൽ അവൾ വീണ്ടും നടന്നു. ആ മെലിഞ്ഞ ശരീരം വെയിലിനെ വെല്ലുവിളിച്ച് നടന്നതുപോലെ ആഞ്ഞുനടന്നു.

Comments