കോട്ടയം ഡയറി

നാലു വയസുകാരൻ മകന്റെ സ്പീച്ച് ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിശീലനം നൽകുന്ന സ്​ഥാപനം തേടിയാണ്​ സ്മിത ഗിരീഷ് കോട്ടയത്തെത്തിയത്​. ആ ഹ്രസ്വകാല ജീവിതം അവർക്ക്​ മറക്കാനാകാത്ത അനുഭവമായിരുന്നു. താൻ കണ്ട അപൂർവ മനുഷ്യരെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമാണ്​ അവർ എഴുതുന്നത്​. കോട്ടയത്തുള്ളതും, അല്ലാത്തതുമായ നൂറിലേറെ മനുഷ്യർ ഇതിൽ വന്നു പോകുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രതിസന്ധിക്കാലത്തെ അതിജീവനശ്രമം കൂടിയാണ്​ അഭിഭാഷകയും എഴുത്തുകാരിയുമായ സ്​മിത ഗിരീഷ്​ രേഖപ്പെടുത്തുന്നത്​.

കന്റെ ചില്ലറ സ്പീച്ച് ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിശീലനം തരുന്ന ഒരു സ്ഥാപനമാണ് വാസ്തവത്തിൽ ഞങ്ങളെ കോട്ടയത്തേക്ക് ഹൃസ്വകാല പാർപ്പിന് കൊണ്ടുവന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രതിസന്ധിക്കാലത്തെ അക്ഷരങ്ങളെ കൂട്ടുപിടിച്ചാണ് ഞാൻ പൊരുതിത്തോൽപ്പിക്കാൻ ശ്രമിച്ചത്. ‘കോട്ടയം ഡയറി’യും അത്തരത്തിലൊരു അതിജീവന ശ്രമമാണ്.

എന്നെ കോട്ടയം കാണിച്ചു തന്നത് ഓട്ടോക്കാരായ അജിത്തേട്ടനും, ജോഷിയും, കണ്ണൻ ചേട്ടനുമൊക്കെയാണ്. ജന്മ വേരുകൾ മണ്ണിൽ പടർന്ന സ്ഥലമെങ്കിലും കൂടുതലും അവരുടെ വാക്കുകളിലൂടെ, അവർ കൊണ്ടുപോയ വഴികളിലൂടെ ഞാൻ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ കോട്ടയത്തെയാണ്, ഇതിൽ ചെറുതായി അടയാളപ്പെടുത്തിയിട്ടുള്ളത്. ഈയെഴുത്തുകളിൽ സാഹിത്യമോ, കാൽപ്പനികതയോ ഉണ്ടാവില്ല. ഏതൊരു നാട്ടിലുമെന്നപോലെ കോട്ടയത്തും ഞാൻ കണ്ട വെളിച്ചം വിതറുന്ന ചില വലിയ ചെറിയ മനുഷ്യരെ പറ്റി ഏറെ ആദരവോടെ പറയാൻ ശ്രമിച്ചിട്ടുണ്ട്. മിക്കവാറും നാട്ടുസ്ലാങ്ങിലാണ് ഈ എഴുത്തുകൾ ആവിഷ്ക്കരിക്കാൻ ശ്രദ്ധിച്ചത്. പാളിച്ചകൾ ഉണ്ടങ്കിൽ വായനക്കാർ ക്ഷമിക്കണം. വെറുതെ എഴുതിയിട്ട കോട്ടയം കുറിപ്പുകളെ പ്രോത്സാഹിപ്പിച്ചത് വലിയ എഴുത്തുകാരടക്കമുള്ളവരായിരുന്നു എന്നത് ഇത് തുടരാൻ ആവേശമായി. കെ.സി നാരായണൻ സാറാണ് ഈ ഡയറി തുടരണം എന്ന് ആദ്യം പറഞ്ഞത്.

കോട്ടയത്ത് നിന്ന്​ വന്നതിനുശേഷം പലവിധ കാരണങ്ങളാൽ ഡയറി പകർത്താൻ സാധിച്ചില്ല. പുസ്തകം എഴുതി പ്രസിദ്ധീകരിച്ചേ പറ്റൂ എന്ന് പറഞ്ഞ് കൈയ്യും കരളും തന്ന് കൂടെ നിന്നത് കൂട്ടുകാരായിരുന്നു. ബബിതയും, സിതാരയും, ഗിരിജേച്ചിയും, രാധികയുമൊക്കെ കൈ പിടിച്ച് ഒപ്പമില്ലായിരുന്നെങ്കിൽ ഡയറി എന്റെ പെട്ടിക്കുള്ളിൽ അപൂർണമായി കിടന്നേനെ. ചായ്പ്പ്, ഞാറ്റുവേല വാട്സ്​ആപ്പ്​ കൂട്ടായ്മ എന്നിവരെ മറക്കുന്നില്ല. മ്യൂസ് ടീച്ചർ സദാ കൂടെ ഉണ്ടായിരുന്നു. ജയറാം സ്വാമി, ടി.കെ വിനോദൻ എന്നിവർ തന്ന ക്രിയാത്മക നിർദ്ദേശങ്ങൾ വിലപ്പെട്ടതായിരുന്നു. കോട്ടയത്തുള്ളതും, അല്ലാത്തതുമായ ഏകദേശം നൂറിലേറെ മനുഷ്യർ ഇതിൽ വന്നു പോകുന്നുണ്ട്.

നമ്മുടെ കോട്ടയത്തേയ്ക്ക്, ‘കോട്ടയം ഡയറിയി’ലേക്ക്

കുറച്ചു മാസങ്ങൾക്ക് മുൻപ് തൊടുപുഴ സുഹൃത്ത് അഡ്വ. സിബി ജോസഫ് വഴി കോട്ടയത്തെ ഒരു പ്രമുഖ വക്കീലായ ഫിൽസൺ മാത്യൂസ് നമ്മളെ വിളിച്ച് കുന്ദംകുളം കോടതിയിൽ ഒരു ചെക്കു കേസേൽപ്പിക്കുന്നു. പ്രതി കോട്ടയംകാരൻ കുരുവിള മാണിക്ക് വേണ്ടിയാണ് ഹാജരാകേണ്ടത്. അന്നേ ദിവസം വ്യക്തിപരമായ മറ്റൊരു അത്യാവശത്താൽ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നമുക്ക് കോടതിയിൽ ഹാജരായി ആ കേസ് അറ്റന്റ് ചെയ്യാൻ നിർവാഹമില്ലാതെ വന്നു. കേസ്, ക്ലാർക്ക് ശ്രീധരേട്ടനെ ഏൽപ്പിച്ചു. കുന്ദംകുളം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷക ക്ലാർക്കുമാരിൽ ഒരാളാണ് ശ്രീധരേട്ടൻ. കൃത്യനിഷ്ഠയിൽ, പെരുമാറ്റ, തൊഴിൽ സംസ്കാരത്തിൽ മുൻപൻ.വർഷങ്ങളായി, ഗർഭനഷ്ട/ഗർഭ / പ്രവാസ, പ്രസവ, മെറ്റേണിറ്റി തുടങ്ങി തൊഴിൽ ബ്രേക്കപ്പ് കാലങ്ങളിൽ അദ്ദേഹത്തെ ജോലി ഏൽപ്പിച്ച് ലീവിൽ പോവാറുണ്ട്. എന്നിട്ടും ആദ്യമായി എങ്ങനെയോ, ഫിൽസൺ വക്കീൽ ഏൽപ്പിച്ച ചെക്ക് കേസിൽ പ്രതിക്ക് വാറന്റായി പോയി..

ചിത്രീകരണം : അമൃത ഷജിൻ
ചിത്രീകരണം : അമൃത ഷജിൻ

ഫസ്റ്റ് അപ്പിയറൻസാണ്. കേസ് സെറ്റിലാവാൻ സാധ്യതയുമുണ്ട്. വല്ലാത്ത വിഷമമായി. ഫിൽസൺ വക്കീലിനെ വിളിച്ചു. കാലു പിടിക്കുന്ന പോലെ മാപ്പു പറഞ്ഞു. പ്രതി കുരുവിള മാണി, അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയാണ്. അടുത്ത അവധിക്ക് മുന്നേ പ്രതി ഹാജരായി കേസ് അഡ്വാൻസ് ചെയ്ത് കോടതിയിൽ വിളിപ്പിച്ച് ജാമ്യമെടുത്ത്, വാറണ്ട് പിൻവലിപ്പിക്കണം.

അങ്ങനെ നിശ്ചയിച്ച ദിവസം കുരുവിള മാണി ജാമ്യമെടുക്കാൻ കുന്നംകുളം ഓഫീസിൽ വന്നു. ശ്രീധരേട്ടൻ അന്ന് അസുഖമായി കിടപ്പിലായതിനാൽ വിനു എന്ന മറ്റൊരു ക്ലാർക്കാണ് അന്ന് ഈ കേസ് നോക്കിയത്.

ചെക്കന്റെ കാര്യങ്ങൾ ഒക്കെ കഴിച്ച്, അവനെ കോടതിയുടെ അടുത്തുള്ള നേഴ്സറിയിലാക്കി ഓടിപ്പിടച്ചെത്തിയപ്പോൾ, കുരുവിളച്ചേട്ടനും ഭാര്യയും മകനും തങ്കപ്പ വിലാസം ഹോട്ടലിനടുത്തുള്ള പതിനെട്ടാം പടി കയറി നമ്മുടെ ഓഫീസിൽ ഇരിക്കുന്നുണ്ട്. അച്ചായൻ കറക്ട് കോട്ടയം കുഞ്ഞച്ചൻ മോഡലൊരു അച്ചായൻ തന്നെ. സുന്ദരിയും കുലീനയുമായ ഭാര്യ, നിയമ വിദ്യാർത്ഥിയായ മകൻ എന്നിവർ രണ്ടു ജാമ്യക്കാരായി അദ്ദേഹത്തിന്റെ കൂടെയുണ്ട്.

ഈ കേസിലെ വാദി അച്ചായനെ കബളിപ്പിച്ച് ചെക്ക് കേസിൽ പ്രതിയാക്കിയതും ബിസിനസിലെ നഷ്ടങ്ങളും അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ച് മൂത്ത മകനേയും, ഭാര്യയേയും, കുഞ്ഞിനേയും തിരക്കുന്നത് കണ്ടു. ഒരു വിസിറ്റിങ്ങ് കാർഡ് തന്ന് വക്കീൽ കോട്ടയത്ത് എന്താവശ്യത്തിന് വന്നാലും ഈ നമ്പരിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു. കോട്ടയമേ, നീയും ഞാനും തമ്മിലെന്ത്...? എന്ന കുന്നംകുളം കുടിയേറ്റക്കാരിയുടെ പുച്ഛം കലർന്ന ഉൾച്ചിരിയോടെ ആ കാർഡ് അലസമായി വാങ്ങി മേശമേലിട്ടു...

കേസിന് ജാമ്യം കിട്ടി. അച്ചായൻ ഫീസു തന്നു. തന്നതിൽ പാതി തിരികെ കൊടുത്തു. നല്ല ലെവലിൽ ജീവിച്ച മനുഷ്യനല്ലേ. പറഞ്ഞതത്രയും തകർച്ചയുടെ കഥകൾ. മാത്രമല്ല, കേസ് വാറൻറ് ആയതിൽ നമ്മുടെ ഉപേക്ഷ ഉണ്ടോയെന്ന കുറ്റബോധവും തോന്നി.

ഉച്ചയായി. അച്ചായനും കുടുംബവും പോവാൻ നിന്നപ്പോഴാണ് ക്ലാർക്ക് വിനു വന്ന് മറ്റൊരു കേസും ഇതേ വാദി തന്നെ അച്ചായന്റെ പേരിൽ കൊടുത്തിട്ടുണ്ടെന്നും അതും വാറന്റാണെന്നും പറഞ്ഞത്! ആ കേസ് വിവരം കോട്ടയം ഫിൽസൺ വക്കീലിന് അറിവില്ല. ചോദിച്ചപ്പോൾ അച്ചായനും അറിവില്ല. ആ നമ്പർ വക്കീൽ തന്നിട്ടുമില്ല. ആ നമ്പർ അന്ന് കോടതിയിൽ വിളിച്ചപ്പോൾ പാവം ശ്രീധരേട്ടനും കൺഫ്യൂഷനായതാണ്, കേസ് വാറൻറാവാൻ കാരണം. ഫലത്തിൽ ഞങ്ങളുടെ ഉപേക്ഷയല്ല ആദ്യ കേസ് വാറൻറാവാൻ കാരണം.

ഉച്ചയ്ക്ക് നഴ്സറിയിൽ പോയി ചെക്കനെ എടുത്ത് വീട്ടിൽ പോവാൻ റെഡിയായി നിന്നതാണ്. വേഗം വിനു, കോടതി ഓഫീസിൽ പോയി ആ കേസിന്റെ നമ്പർ എടുത്തു. അപേക്ഷ തയ്യാറാക്കി. കോടതി ഉച്ചയൂണിന് പിരിയുന്നതിനുമുന്നെ, താണുകേണ് സബ്മിഷൻ പറഞ്ഞ് കേസ് ഉച്ചയ്ക്ക് ശേഷം മാറ്റി വെപ്പിച്ചു.

മൂന്നു മണിയോടെ രണ്ടാം കേസിനും ജാമ്യം കിട്ടി. അച്ചായനും കുടുംബവും സന്തുഷ്ടരായി തിരികെ പോവാൻ തുടങ്ങി. ഉച്ച തിരിഞ്ഞിരുന്നതല്ലേ. എന്റെ ജോലിക്കുള്ള ഫീസ് തരണം എന്നുപറഞ്ഞ് രണ്ടാം കേസിന്റെ ഫീസ് തരാൻ മറന്നു പോയ അച്ചായനോട് കണക്ക് പറഞ്ഞു വാങ്ങി, ചില കണക്കുകൾ കാലം നമ്മോട് തിരിച്ചു ചോദിക്കുമെന്നറിയാതെ.!
അച്ചായനും കുടുംബവും ഹൃദ്യമായി യാത്ര പറഞ്ഞു പോയി. അടുത്ത അവധി ജനുവരിയിലാണ്. അതിനുള്ളിൽ കേസ് ഒത്തു തീരുമെന്ന് അദ്ദേഹം പറഞ്ഞു..

കോട്ടയമേ, നീയെന്നോട് കരുണ കാട്ടുമോ?

നാലു വയസുകാരൻ മകന്റെ സ്പീച്ച്, ശ്രദ്ധ തുടങ്ങിയ കാര്യങ്ങൾ മെച്ചപ്പെടുത്താൻ പറ്റുന്ന തരം ട്രയിനിങ് കിട്ടുന്നൊരു മികച്ച സ്ഥാപനം കോട്ടയത്തുണ്ടെന്ന് കൂട്ടുകാരി ശാലിനിയാണ് പറഞ്ഞത്. ശാലിനിയുടെ ഭർത്താവ് സെഷൻസ് ജഡ്ജ് കൃഷ്ണകുമാറിന്റെ സുഹൃത്ത് പ്രദീപ് വേണ്ട ഗൈഡൻസ് തന്നു. അവിടെ പോയി. അഡ്മിഷൻ തരപ്പെടുത്തി. കുഞ്ഞുമായി കുറച്ചു നാൾ കോട്ടയത്ത് വീടെടുത്ത് താമസിച്ചേ പറ്റു. ജനുവരിയിൽ പോകണം.

വീടന്വേഷണം തുടങ്ങി. എനിക്ക് വേണ്ടി കോട്ടയത്ത് വീട് നോക്കാൻ സുഹൃത്തുക്കൾ സുൾഫിക്കറും, സൈഫുദ്ദീനും, കെ.സി. നാരായണൻ സാറും, ഇടക്കുളങ്ങര ഗോപേട്ടനും, കെ രേഖയും, മിനി വിനീതു മൊക്കെയുണ്ടായിരുന്നു. പലതിനും ഭീകര വാടക. സെക്യൂരിറ്റി. റീസണബിൾ ആയ വീട് തരപ്പെടുമ്പോൾ, ട്രയിനിങ്ങ് സെന്ററിലേക്കുള്ള ദൂരം പ്രശ്നം. കോട്ടയം ലിവിങ്ങ് എക്സ്പെൻസ് കൂടിയ സ്ഥലമാണെന്നറിഞ്ഞു. കൊടുക്കുന്ന വാടകയേക്കാൾ ലാഭം സ്ഥലം വാങ്ങി വീടുവെക്കുന്നതാണെന്ന് മനസിലാക്കി അതു നടപ്പിലാക്കുന്ന ചരിത്രം സുൾഫിക്കർ പറഞ്ഞു. ഒടുവിൽ മറ്റൊരു സുഹൃത്ത് മുഖാന്തിരം ഒരു ആന്റിയുടെ വീടിന്റെ അപ്സ്റ്റെയർ വൺ ബെഡ് റൂം, കിച്ചൺ, വാഷ് റൂം റെഡിയായി.

ട്രയിനിങ്ങ് സെന്ററിന് വളരെയടുത്ത്. ഈ ആന്റി പറഞ്ഞു വന്നപ്പോൾ സുഹൃത്ത് സജിൽ ശ്രീധറിന്റെ അടുത്ത ബന്ധുവുമാണ്. ആന്റിക്കും ഞങ്ങൾക്കും സന്തോഷം. ജനുവരി എട്ടിന് ക്ലാസിൽ ജോയിൻ ചെയ്യണം. ആന്റിക്ക് രാഹുകാലത്തിൽ വിശ്വാസമുള്ളതാണ് കൺഫ്യൂഷനായത്. എട്ടാം തീയതിയെ കരാറെഴുതി കയറാൻ പറ്റൂ. ഏഴാം തീയതി കുന്ദംകുളത്ത് നിന്ന് കുട്ടി, ചട്ടി പ്രാരാബ്ധങ്ങളുമായിപ്പോന്നാലേ ഞങ്ങൾക്ക് കുഞ്ഞിനെ എട്ടാം തീയതി ക്ലാസിൽ ഇരുത്താൻ പറ്റൂ. ക്ലാസ് വൈകിക്കുന്നതിന് ദുബായിലുള്ള ഗിരീഷും, നാട്ടിലെ അയൽപക്കത്തുള്ള അദ്ദേഹത്തിന്റെ അച്ഛനമ്മമാരും ഉത്ക്ക്ണ്ഠാകുലരുമാണ്. ഏഴാം തീയതി ഏറ്റുമാനൂരുള്ള ബന്ധുവീട്ടിൽ തങ്ങി, എട്ടാം തീയതി മോനെ ചേർത്ത്, ആന്റിയുടെ വീട്ടിലേക്ക് താമസം മാറ്റാമെന്ന് കണക്ക് കൂട്ടി.

അങ്ങനെയിരിക്കുമ്പോൾ ഓഫീസിൽ നിന്ന്​ ബീന വക്കീൽ വിളിച്ചു പറയുന്നു. ഒരു കുരുവിള മാണിയുടെ കേസ് ഈയാഴ്ച ഉണ്ടല്ലോ എന്ന്.
അപ്പോഴാണ് അച്ചായനും, കേസും, കോട്ടയത്ത് എന്താവശ്യം വന്നാലും വിളിക്കണേ വക്കീലേ... എന്ന അച്ചായന്റെ അനുഗ്രഹ വചനവും ഓർമ്മ വന്നത്.! അച്ചായൻ തന്ന വിസിറ്റിങ്ങ് കാർഡ് ഓഫീസിൽ തപ്പാൻ ബീനയോട് പറഞ്ഞു. കിട്ടിയില്ല.. ഫോണിൽ തിരഞ്ഞിട്ട് നമ്പരും കണ്ടില്ല. ഒടുവിൽ ഫയലിന് മുകളിൽ നിന്ന്​ നമ്പരെടുത്ത് അച്ചായനെ വിളിച്ചു. കേസ് സെറ്റിലാവുമെന്ന് അച്ചായൻ. കോട്ടയത്ത് ഉടൻ വരുമെന്ന കാര്യവും താമസ സൗകര്യത്തിന് അലഞ്ഞ കാര്യവും സൂചിപ്പിച്ചപ്പോൾ, "എന്നാ പണിയാ വക്കീല് കാണിച്ചെ. കോട്ടയത്ത് എന്റെ ഫ്ലാറ്റുണ്ട്. വക്കീലൊന്ന് ചോദിക്കെണ്ടാരുന്നോ? ഇതിന്റെ വല്ല ആവശ്യേം ഒണ്ടാരുന്നോ..?' എന്നൊക്കെ അച്ചായൻ ഗുണദോഷിച്ചപ്പോൾ വാ പൊളിച്ചിരുന്നു പോയി. അല്ലേലും സമയത്തു പയോഗിക്കേണ്ട ബുദ്ധിയുടെ കാര്യത്തിൽ നമ്മൾ എന്നും പിൻബെഞ്ചിൽത്തന്നെ...!

അങ്ങനെ സന്ധ്യയായി. ഉഷസായി. ആറാം തീയതി എത്തി. മമ്മിയും, അനിയൻ സൈജുവും കൂടി എല്ലാം പായ്ക്ക് ചെയ്തു ഏഴിന് കാലത്തെ ട്രയിനിൽ പോകാൻ തയ്യാറായി. ബന്ധുവീട്ടിൽ ഏഴിന് തങ്ങാനാണ് പ്ലാൻ. ബന്ധുവിനോട് പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അവർക്ക് ഞങ്ങൾ അവിടെ തങ്ങി ട്രയിനിങ്ങിന് പോവണമെന്ന കാര്യത്തിൽ നിർബന്ധമായിരുന്നു. ആറിന് രാത്രി പിറ്റേന്ന് കാലത്ത് എത്തുമെന്ന് പറയാൻ നിന്നപ്പോൾ, ആ വീട്ടുകാരുടെ കോൾ ക്ഷമാപണത്തിൽ, ഇങ്ങോട്ട് വന്നു. ഒഴിവാക്കാനാവാത്ത അടുത്ത ബന്ധുവിന്റെ മരണം. അങ്ങോട്ടുള്ള യാത്രയിലാണ് വീട്ടുകാർ. നിശ്ചയിച്ച വീട്ടിൽ രാഹുകാലം നോക്കി എട്ടാം തിയതിയേ കയറാൻ പറ്റൂ..! ഭഗവാനേ എന്ത് ചെയ്യുമെന്ന് ദീനയായി.

നീ വിഷമിക്കണ്ട , നമുക്ക് എന്റെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാമെന്ന് അനിയൻ. അതല്ലേൽ, ഒരു രാത്രിയുടെ കാര്യമല്ലേ, ഹോട്ടലിൽ റൂമെടുത്താൽ മതിയെന്ന് മമ്മി.
അമർഷവും വിഷമവും തിക്കു മുട്ടി. എല്ലാ വഴികളും ആലോചിച്ചു. അപ്പോഴാണ് കോട്ടയം അച്ചായൻ വെളിപാട് പോലെ മനസിലേക്ക് ഫ്ലാഷടിച്ചു വന്നത്. ഉടനെ വിളിച്ചു. ബുദ്ധിമുട്ടോടെ കാര്യം അവതരിപ്പിച്ചു.
"അതിനെന്നാ വക്കീലേ, വക്കീലിങ്ങ് പേരെ, എല്ലാ സൗകര്യവും ഞാൻ അറേഞ്ച് ചെയ്തോളാം.' എന്ന് അച്ചായൻ.
"ചേട്ടാ.. വാടക എങ്ങനെ ?' എന്ന് നമ്മൾ.
"അതൊക്കെ റെഡിയാക്കാന്നേ...! വക്കീലിന് സ്ഥിര താമസത്തിനൊന്നുവല്ലല്ലോ. എന്റെ വീട്ടിലും പിള്ളാരൊണ്ട്. കൊച്ചിന്റെ കാര്യം നടക്കട്ടെ.. അതല്ലേ ആവശ്യം.' എന്നായി അച്ചായൻ.

യാത്ര നീട്ടാൻ നിവൃത്തിയില്ല. മകന്റെ ക്ലാസാണ് മുഖ്യം. പിറ്റേന്നത്തെ പുലർച്ചെ ട്രയിനിന് കോട്ടയത്ത് എത്തുമെന്ന് അച്ചായനെ അറിയിച്ചു. അച്ചായന്റെ വീട്ടിലെ സൗകര്യം പറ്റിയില്ലെങ്കിൽ, ആന്റിയുടെ വീട്ടിലേക്ക് തന്നെ മാറാല്ലോ എന്ന കച്ചിത്തുരുമ്പും ഉണ്ട്. ഒരു രാഹുകാലം വരുത്തിവെച്ച വിന. രാത്രി ഉറക്കമേ വന്നില്ല. പുതിയ സ്ഥലത്തേക്ക് പിറ്റേന്ന് പോകണം. വീടിന്റെ സുഖശീതളിമയും ചിരപരിചിതത്വവും വെടിഞ്ഞ്, അത്ര പരിചയമില്ലാത്ത ഒരാളുടെ ആതിഥ്യത്തിൽ, അത്ര പരിചിതമല്ലാത്തൊരു ഭൂമികയിലേക്ക്.

എന്താവും എങ്ങനെയാവും?
കോട്ടയമേ, നീയും ഞാനും തമ്മിലെന്ത് എന്നത് കോട്ടയമേ, നീയെന്നോട് കരുണ കാട്ടുമോ എന്ന പ്രാർത്ഥനയായി, അല്ല വിലാപമായി നേർത്തു. എങ്ങനെയോ, നേരം വെളുപ്പിച്ചു.

(തുടരും)


Summary: നാലു വയസുകാരൻ മകന്റെ സ്പീച്ച് ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിശീലനം നൽകുന്ന സ്​ഥാപനം തേടിയാണ്​ സ്മിത ഗിരീഷ് കോട്ടയത്തെത്തിയത്​. ആ ഹ്രസ്വകാല ജീവിതം അവർക്ക്​ മറക്കാനാകാത്ത അനുഭവമായിരുന്നു. താൻ കണ്ട അപൂർവ മനുഷ്യരെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമാണ്​ അവർ എഴുതുന്നത്​. കോട്ടയത്തുള്ളതും, അല്ലാത്തതുമായ നൂറിലേറെ മനുഷ്യർ ഇതിൽ വന്നു പോകുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രതിസന്ധിക്കാലത്തെ അതിജീവനശ്രമം കൂടിയാണ്​ അഭിഭാഷകയും എഴുത്തുകാരിയുമായ സ്​മിത ഗിരീഷ്​ രേഖപ്പെടുത്തുന്നത്​.


സ്​മിത ഗിരീഷ്​

കഥാകൃത്ത്​, കവി. അഭിഭാഷക.

Comments