സുനിൽ പി. ഇളയിടത്തിന്റെ താടിയും, മാർക്കോസിന്റെ ഡാലിയാപ്പൂവും

"കോട്ടയം എഴുത്തുകാരടെ സ്ഥലവല്ലേ, അക്ഷര നഗരം? ഇവടൊക്കെ എന്തോരം എഴുത്തു കാരൊണ്ടെന്നോ? വന്നും നിന്നും താമസിക്കുന്നോരൊണ്ട്." കോട്ടയത്തെ ഹൃദ്യമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി സ്മിത ഗിരീഷ് എഴുതുന്ന കോട്ടയം ഡയറീസ്​.

ചെക്കന്റെ പുഴുപ്പല്ല് പ്രശ്‌നം നമ്മുടെ സ്വസ്ഥ സമാധാന മേഖലയുടെ അന്താരാഷ്ട്ര പ്രശ്‌നം തന്നെയാണ്. പല്ലുവേദനയ്ക്ക് കുന്നംകുളത്ത് കാണാത്ത ഡോക്ടർമാരില്ല. സുഹൃത്ത് സുശാന്ത് ഡോക്ടർക്ക് സ്വൈര്യം കൊടുക്കാതെ പല്ലുവേദനക്കാരനുമായി അങ്ങോട്ട് ഓടും. വേദന വന്നാൽ പയ്യൻസ് പത്തു പേര് പിടിച്ചാൽ നിൽക്കില്ല. ചെക്കന്റെ പല്ല് നോക്കാൻ എളുപ്പവുമല്ല. ഒന്നുരണ്ടെണ്ണം റൂട്ട് കനാൽ പോലുള്ള സംഭവങ്ങൾ ചെയ്തു. ചെറിയ കുഞ്ഞല്ലേ, പല്ലു പ്രൊസീജിയർ എളുപ്പവുമല്ല. പല്ലുവേദന വന്നാൽ ആകെ പോംവഴി മെഫ്താൽ സിറപ്പാണ്. അത് കൈവശം സ്റ്റോക്കാണ്. കുന്നംകുളത്ത് നിന്നു വരുമ്പോൾ പല്ല് പ്രശ്‌നം ഏതു സമയത്തും പ്രതീക്ഷിച്ചിരുന്നു. "കോട്ടയം ഡെന്റൽ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്ക് സെക്ഷൻ വളരെ കാര്യക്ഷമമാണ്. കൊച്ചിനെ അങ്ങോട്ട് കൊണ്ടോയാ മതി കേട്ടോ' ജൂവലിലേക്കെത്താൻ കാരണമായ പ്രദീപ് അവിടേയും രക്ഷകനായി. കാലത്ത് എട്ടുമണിക്കെങ്കിലും എത്തണം അവിടെ. നേരത്തെ പോയാൽ ഡോക്ടർമാരെ കാണാം. സംഭവം വിചാരിച്ച പോലെ തന്നെ. പല്ലുവേദന വന്നു. ചെക്കൻ കിളി പോയ ഇരുപ്പും കരച്ചിലും. മെഫ്ത്താൽ കൊടുത്ത് ഒരു വിധേന രാത്രി ഉറക്കി. രാവിലെ മെഡിക്കൽ കോളേജിൽത്തന്നെ കൊണ്ടുപോകാമെന്ന് കരുതി. ഓട്ടോ വിളിച്ചപ്പോൾ ഒന്നും ഒഴിവില്ല. "എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോ, വക്കീലൊന്നും ഓർക്കണ്ടാ 'എന്ന് അച്ചായൻ പറഞ്ഞിരുന്നത് ഓർത്തു. വിളിച്ചപ്പോൾ, "അതിനെന്നാ വക്കീലേ, ഞാൻ കാലത്ത് ഏഴു മണിക്കവിടെ കാറുവായിട്ടൊണ്ട്.'എന്ന് അച്ചായൻ ഉറപ്പു തന്നു. രാവിലെ ചായ മാത്രം കുടിച്ച് റെഡിയായി. ചെക്കന് കൊടുക്കാൻ മമ്മി ഒരു പാത്രത്തിൽ പൊടിയരിക്കഞ്ഞി ഉണ്ടാക്കി കൈയ്യിൽ പിടിച്ചു. സൈജുവും മമ്മിയുമായി താഴെ ഇറങ്ങി ചെന്നപ്പോൾ ബീയെംഡബ്‌ളിയുവിൽ അച്ചായൻ മുമ്പിൽ ഹാജരുണ്ട്. കാറിൽ കയറി. വണ്ടി മണർക്കാട് നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓടി.

പ്രഭാതമാണ്. കോട്ടയം ഉണർന്ന് വരുന്നതേയുള്ളു.റോഡിൽ വാഹനങ്ങൾ കുറവ്. പത്രം വായിച്ചും സൊറ പറഞ്ഞും നിൽക്കുന്ന ഓട്ടോക്കാർ. റോഡിൽ കൂട്ടം കൂടി പണിക്ക് പോകുന്ന ബംഗാളികൾ. "ദാണ്ട്, ഇവടെയാ കേട്ടോ എന്റെ വീട്. ദേ ലെഫ്റ്റ് സൈഡിക്കാണുന്ന ഗേറ്റാ. തിരിച്ചു വരുമ്പം എറങ്ങാം. മാണിക്കുഞ്ഞ് രാവിലെ എണീറ്റിട്ടൊണ്ടാകും. മായമ്മ അവന്റെ പൊറകേയാ. രാവിലെ മായക്ക് നല്ല പണിയാ. ദാ, ഇതാ വീട്.' വഴിയോരത്ത് സിംഹ മുഖങ്ങൾ വാർത്തു വെച്ച ഗേറ്റുള്ള തന്റെ വീട് കാട്ടി അച്ചായൻ പറഞ്ഞു. "ഒന്നാന്തരവൊരു പട്ടിയൊണ്ട് കൂട്ടില്. ആരേലും വന്നാ അവനെന്നാ കൊരയാന്നോ. പിന്നെ മീൻ കൊളം.അപ്പുക്കുട്ടൻ വളത്തുന്നതാ.' വണ്ടി അച്ചായൻ മൻസിൽ കഴിഞ്ഞ് മുന്നോട്ട് പോയി.

"ബെന്നിച്ചന് ബുദ്ധിമുട്ടായോ,ഇത്ര രാവിലെ വരാൻ?ശ്ശൊ,ഞങ്ങക്കാണേ, ഓട്ടോയും കിട്ടീല' മമ്മി പറഞ്ഞു. "ഓ, അതിനെന്നാ ബുദ്ധിമുട്ടാ എന്റെ ചേച്ചി. എന്റെ മാണിക്കുഞ്ഞ് ഇതുപോലെ രാത്രി വയ്യാണ്ടായാ ഞാൻ ആശൂത്രി കൊണ്ടുപോവത്തില്ലേ? അതുപോലെ നമ്മടെ കൊച്ചല്ലേയിതും? നിങ്ങക്കാണേ ഇവടം പരിചയവായി വരുന്നതല്ലേ ഒള്ളു? ഞാനാണേല് കാലത്തെ നാലു മണിക്ക് അലാറം വെച്ചിട്ടഴുന്നേക്കും പിന്നെ ഒരു നാലുമൊതല് അഞ്ചു വരെ ഫയങ്കര യോഗായാ. അത് കഴിഞ്ഞ് ഉടുപ്പൊക്കെ മാറി നമ്മടെ സ്ഥലങ്ങളിലേക്കൊക്കെ ഒന്നെറങ്ങും. ചില്ലറ പണിയൊക്കെ ചെയ്യും.പിന്നെ വീട്ടി വന്നാ ചായേം, കപ്പേം, മത്തിക്കറീം കൂട്ടി പ്രാതല് കഴിക്കും.പിന്നെ കുളിച്ച് റെഡിയായി. വരുമ്പഴത്തേക്കും മണി എട്ടാവും. ഇന്നിപ്പോ ഒക്കെ കഴിഞ്ഞേച്ചാ വന്നത്.'കാർ നാലു മണിക്കാറ്റ് വഴി തിരിഞ്ഞു. "വക്കീലേ, ഞങ്ങള് കോട്ടയംകാര് കാറ്റു കൊള്ളാനും, സൊറ പറയാനുവൊക്കെ വന്നിരിക്കുന്ന സ്ഥലവാ ഇത്. നല്ല കാറ്റാ. ദാണ്ട്, സിമന്റ് ബെഞ്ചൊക്കെ കണ്ടോ.വൈകുന്നേരവായാ ഇങ്ങോട്ട് ഫാമിലീടെ ഒഴുക്കാ. ഒരു ദിവസം കൊച്ചിനേം കൊണ്ട് വന്ന് നോക്ക് കേട്ടോ' "ഓ... ശരി.. ' നമ്മ മൂളി. വണ്ടിയങ്ങനെ സംക്രാന്തി, കഴിഞ്ഞ് ചെമ്മനം പടി എത്തി."ചെമ്മനം ചാക്കോടെ വീട് ഇവടെയാണോ.?' മമ്മി എത്തി നോക്കി പറഞ്ഞു."എനിക്കെന്നാ ഇഷ്ടവാണന്നോ. പുള്ളീടെ കവിതയൊക്കെ മൊത്തം തമാശയല്ലേ..?' "അതയെതേ, കോട്ടയം എഴുത്തുകാരടെ സ്ഥലവല്ലേ, അക്ഷര നഗരം? ഇവടൊക്കെ എന്തോരം എഴുത്തു കാരൊണ്ടെന്നോ?വന്നും നിന്നും താമസിക്കുന്നോരൊണ്ട്. എനിക്ക് വായിക്കാനൊന്നും സമയം കിട്ടത്തില്ല ചേച്ചീ. പത്രമൊക്കെ വായിക്കും.' അച്ചായൻ പറഞ്ഞു. "പക്ഷേ, ബെന്നിച്ചൻ മിണ്ടുന്ന കേട്ടാ, നല്ല വിവരവൊള്ള വർത്താനവാ.നല്ല ഒഴുക്കൊണ്ട്. അത് വായിക്കുന്നോർക്കാ സാധാരണ ഒണ്ടാവുന്നെ. ' മമ്മി തന്റെ നിരീക്ഷണ പാടവം വ്യക്തമാക്കി. "അത്, എന്റെ അമ്മച്ചിക്ക് നല്ല വിവരവല്ലേ. അമ്മച്ചി കവിതയൊക്കെ കാണാതെ പറയും. എന്നാ കിട്ടിയാലും വായിക്കും.' " അയ്യോ, എനിക്കീ പിള്ളാരടെ പല്ലാശൂത്രി എവടാന്ന് കറക്ട് അറിയത്തില്ല കേട്ടോ. നമക്ക് ചോദിച്ചും പറഞ്ഞും പോകാം.'അച്ചായൻ പുറത്തോട്ട് നോക്കിപ്പറഞ്ഞു.

കാർ കോട്ടയം മെഡിക്കൽ കോളേജിന്റെ കാമ്പസിലേക്ക് കയറി. നിറയെ മരങ്ങൾ. കാട് പോലുണ്ട്. മെയിൻ മെഡിക്കൽ കോളേജ് ഇതല്ല."ഈ സ്ഥലവൊക്കെ ജോർജ് ജോസഫ് പൊടിപ്പാറ എമ്മെല്ലെയെ കേട്ടിട്ടൊണ്ടോ? അങ്ങേര് എഴുതിക്കൊടുത്തതാ മെഡിക്കൽ കോളേജിന്. മൊത്തവൊരു പത്തിരുനൂറ്റമ്പതിനടുത്ത് കാണും'അച്ചായൻ ഗ്ലാസ് താഴ്ത്തി. "കേട്ടിട്ടൊണ്ടോന്നോ?. പത്രത്തിലൊക്കെ വായിച്ചിട്ടൊണ്ട്. അന്നൊക്കെ.. പ്രസവം നെർത്താനൊള്ള ഓപ്പറേഷൻ ചെയ്യാൻ ഇങ്ങോട്ടാ പണ്ട് വന്നത്. 'മമ്മി പുറത്തോട്ട് എത്തി നോക്കി.കാർ ഒരു ക്യാമ്പസിലേക്ക് കയറി. ആരുമില്ല. അടച്ചിട്ട കെട്ടിടങ്ങൾ.എൻട്രൻസും സെറ്റപ്പും ഗാർഡനുമൊക്കെ കണ്ടിട്ട് കോളേജ് ആണെന്ന് തോന്നുന്നു.ഞങ്ങൾ ഇറങ്ങി. "ഞാനിവിടെ ഒന്ന് ചോദിച്ചിട്ട് വരാം.'അനിയൻ കോളേജിന് വശത്തുകൂടി നടന്നു. അച്ചായൻ ഫോണിലാണ്.

ഒരു വശത്തേക്ക് മാറ്റി നിർത്തി ഇഷാൻ ചെക്കനെ സുസു വെപ്പിച്ചു."അതേയ്, ഇതിലെ എറങ്ങിയാ, പിള്ളാരടെ ഡെന്റൽ സെക്ഷനിലെത്താം. ഒരു കാര്യം ചെയ്യാം. ചേട്ടന് നല്ല തെരക്കല്ലേ.ഞങ്ങള് പോയി ഡോക്ടറെക്കണ്ട്, ഓട്ടോ വിളിച്ച് തിരിച്ചു പൊക്കോളാം. ചേട്ടനിനി നിക്കണ്ട.'സൈജു തിരിച്ചു വന്ന്, അച്ചായനോട് പറഞ്ഞു. "എനിക്ക് കെണറ് പണിക്കാരുവായി ലോറിയേല് ഇപ്പോ ചങ്ങനാശ്ശേരിക്കൊന്ന് പോകേണ്ട കാര്യവൊണ്ട്. അവടിച്ചിരി വള്ളിയാക്കി വെച്ചേക്കുവാ ബംഗാളികള് കാര്യങ്ങള്.ഞാഞ്ചെല്ലാൻ പറഞ്ഞ് ഫോൺ വരുവാ. മെയിൻ പണിക്കാരനില്ലെന്നേ. പണി അറിയാവുന്നവമ്മാരുവായിട്ട് സ്ഥലത്ത് നമ്മള് വേണം. എന്നതേലും ആവശ്യവൊണ്ടേ ഒറ്റ വിളി വിളിച്ചാ മതി.എന്റെ മാനേജര് വന്നോളും. എന്നാ ശരി, വക്കീലേ, ചേച്ചീ..ചേട്ടാ.. കാണാം 'അച്ചായൻ കാറ് തിരിച്ചു യാത്ര പറഞ്ഞു.

ഡെന്റൽ കോളേജിനുള്ളിലെ ഒരു ഇടനാഴി കയറിയിറങ്ങി ഞങ്ങളങ്ങനെ കുട്ടികളുടെ ദന്താശുപത്രിയിലെത്തി. കുട്ടികളുമായി വന്ന മാതാപിതാക്കൾ, ബന്ധുക്കൾ. മറ്റു ഡെഡന്റൽ സെക്ഷനിലേക്ക് ചീട്ടെടുക്കാൻ വന്നവർ. അവിടെ നല്ല തിരക്ക് തന്നെ. ഒ.പി ടിക്കറ്റെടുത്ത് മുകളിലെത്തി. വൃത്തിയുള്ള അന്തരീക്ഷമാണ്. വെയിറ്റിങ്ങ് ഏരിയ. കുട്ടികൾക്ക് കളിക്കുവാനും മറ്റുമായി പ്ലേ ഏരിയയുമുണ്ട്. പി.ജിയ്ക്ക് പഠിക്കുന്ന ഡോക്ടർമാർക്കാണ് ആ സെക്ഷന്റെ ചാർജ്. ഒരു സ്റ്റാഫ് ഇഷാന്റെ ട്രീറ്റ്‌മെന്റ് ഹിസ്റ്ററി എടുത്തു. ഒരു ലേഡി ഡോക്ടർ പല്ലുകൾ ചെക്ക് ചെയ്തു. നമ്മളെ കസേരയിൽ കിടത്തി, മടിയിൽ ചെക്കനെ ഇരുത്തിയാണ് പരിശോധന. ബ്യൂട്ടി പാർലറിൽ ഫേഷ്യൽ ചെയ്യാനിരിക്കുന്ന ഓർമ്മവന്നു. ചെക്കൻ കരയുന്നുണ്ട്. കുതറുന്നുണ്ട്. നാലഞ്ച് ലേഡി ഡോക്ടർമാർ പിടിച്ചിട്ടുണ്ട്. ചുമരിലിരുന്ന് മിക്കി മൗസും, ചോട്ടാ ഭീമുമൊക്കെ "കരഞ്ഞ് മാനക്കേടാക്കി പുരുഷവർഗ്ഗത്തെ അപമാനിക്കാതെ ഇഷാൻ ചെക്കാ' എന്ന മട്ടിൽ ഒളിഞ്ഞ് നോക്കുന്നുണ്ട്. വീണ എന്ന ഡോക്ടറാണ് പൽപ്പോട്ടമി ചെയ്തത്. ഒരു വിധത്തിൽ ഗുസ്തി കഴിഞ്ഞു. അര മണിക്കൂർ നേരത്തേക്ക് ഒന്നും കൊടുക്കണ്ട എന്നു പറഞ്ഞു. ഒക്കെ കഴിഞ്ഞ് ഒരു ഓട്ടോയിൽ കോട്ടയത്തേക്ക് തിരിച്ചു. അനിയൻ വഴിയ്ക്കിറങ്ങി. അവന് തൊടുപുഴയ്ക്ക് പോണം. സമയം ഒമ്പതര ആവുന്നതേയുള്ളു.ചെക്കനെ ക്ലാസിൽ കൊണ്ടുപോകാൻ സമയമുണ്ട്.

ചിത്രീകരണം : അമൃത ഷാജിൻ

ജൂവലിലെത്തി ഫ്രീയായി ഫോൺ നോക്കിയപ്പോഴാണ്. കെ.സി നാരായണൻ സാറിന്റെ കോൾ കാണുന്നുണ്ട്. സുനിൽ പി ഇളയിടം ഏട്ടന്റെ ഫോൺ കോളുമുണ്ടല്ലോ? ഒന്നല്ല, രണ്ടു മൂന്ന് കോളുകൾ. എന്താവും കാര്യം? അത്യാവശ്യമില്ലെങ്കിൽ ഇവരാരും അങ്ങനെ രാവിലെ വിളിക്കേണ്ടകാര്യമില്ലല്ലോ. തിരിച്ചുവിളിച്ചു. സുനിൽ ഏട്ടൻ ഫോൺ എടുത്തില്ല. കെ സി സാറിനെ കിട്ടി. കാര്യമിതാണ്. ബസേലിയസ് കോളേജിൽ എന്തോ പരിപാടിയ്ക്കായി സുനിൽ ഏട്ടൻ കോട്ടയത്ത് എത്തിയിട്ടുണ്ട്. നമ്മളേയും ചെക്കനേയും കണ്ട് മടങ്ങണമെന്നുണ്ട്. അതിന് വിളിച്ചതാണ്.ചെക്കന്റെ ക്ലാസ് കഴിയുന്ന ഉച്ച സമയം കുഴപ്പമില്ല. അപ്പോഴേയ്ക്കും സുനിൽ ഏട്ടനും കെസി സാറും ഫ്രീ ആവുകയും ചെയ്യും. മനോരമയിൽ വന്നാൽ മതി. ഒരു മണി അടുപ്പിച്ച് അവിടെ കാണാം.

അങ്ങനെ ഉച്ചയായപ്പോൾ ജീസസ് ഓട്ടോയിലേറി മനോരമയിൽ എത്തി. "ആന്റി, വേഗം വരത്തില്ലേ, ഒരു രണ്ടരയാവുമ്പം റോസ് മേരീവായിട്ട് പാലായ്‌ക്കൊന്ന് പോണം. ഒരു മരിച്ചടക്കുണ്ട് 'ഓട്ടോ ബിജുച്ചേട്ടൻ പറഞ്ഞു. റോസ്‌മേരി അദ്ദേഹത്തിന്റെ ഭാര്യ ആണ്. മനോരമയുടെ മുന്നിലൊന്നും പാർക്കിങ്ങില്ല. ഒന്ന് കറങ്ങി വരാമെന്ന് പറഞ്ഞ് ബിജുച്ചേട്ടൻ ജീസസുമായി നട്ടം കറങ്ങി മറഞ്ഞു. സംശയാസ്പദമായ രീതിയിൽ പരിഷ്‌കൃതയല്ലാതെ, മനോരമയുടെ കോമ്പൗണ്ടിൽ ഓട്ടോയിൽ വന്നിറങ്ങിയ അവശ യുവതിയേയും, കുട്ടിയേയും മാതാവിനേയും സെക്യൂരിറ്റി ചേട്ടമ്മാർക്കത്തത്ര പിടിച്ചില്ല എന്ന് തോന്നി. കെ.സി നാരായണൻ സാറിനെ കാണാനെന്നു പറഞ്ഞ് റിസപ്ഷൻ റൂമിലേക്ക് കടന്നു. അവിടെ ആരും തന്നെയില്ല. സ്വച്ഛ സുഖദമായ അന്തരീക്ഷം. സോഫകൾ കണ്ടതേ ചെക്കൻ ചാടി മറിയാൻ കുതിച്ചു. റിസപ്ഷനിൽ ഇരിക്കുന്ന സുന്ദരിക്ക് സ്പ്രിങ്ങ് മുടിയും വലിയ പൊട്ടും ഒരു അരുന്ധതി റോയി ച്ഛായയും.കെ.സി സാറിനെ അവർ വിളിച്ചു. സുനിൽ ഏട്ടന്റെ പരിപാടിയുമായി കോളേജിലാണെന്നും ഉടൻ വരാമെന്നും മറുപടി കിട്ടി.

ആ റൂമിന്റെ ഒരു ഭാഗത്ത് മനോരമ ആദ്യം അച്ചടിച്ച യന്ത്രം വെച്ചിട്ടുണ്ട്. അത്. നോക്കി അവിടെ നിന്ന് പടം പിടിച്ചു. അങ്ങനെ കാത്തിരുന്ന് നേരം പോയപ്പോഴാണ് വിശപ്പ് തോന്നിയത്. സത്യത്തിൽ ചായയല്ലാതെ ഒന്നും കഴിച്ചിട്ടില്ല. മോന് ഇടയ്ക്ക് മമ്മി കരുതിയ കഞ്ഞി കൊടുത്തിരുന്നു. ശരീരം വിശന്ന് തളർന്ന് പോകുന്ന പോലെ. ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് എങ്കിലും കരുതാമായിരുന്നു കൈയ്യിൽ. ഇനിയും ഇവര് വരാൻ താമസിക്കുമോ? കാത്തിരിപ്പ് തുടങ്ങിയിട്ട് അര മണിക്കൂറിലേറെ കഴിഞ്ഞു. പോയാലോ?പല്ലടച്ച ചെക്കനും കിണുങ്ങിത്തുടങ്ങി. അങ്ങനെ പുറത്തിറങ്ങി നോക്കുമ്പോഴതാ, സ്‌നാപക യോഹന്നാനും, യേശുക്രിസ്തുവും വരുന്നതു പോലെ ആ രണ്ടു പേർ വേഗം നടന്നു വരുന്നു. കെ.സി നാരായണൻ സാറും, സുനിലേട്ടനും. വീണ്ടും റിസപ്ഷൻ റൂമിലേക്ക്...

ഭക്ഷണം കഴിച്ചുവോ എന്ന് കെ.സി സാർ. വേണ്ട, ഓട്ടോച്ചേട്ടന് തിടുക്കമുണ്ട്. വേഗം പോകണമെന്ന് പറഞ്ഞു.സുനിലേട്ടൻ ഇഷാനെ എടുത്തു. ചെക്കന് പൊക്കമുള്ളവർ എടുക്കുന്നത് ഭയങ്കര ഇഷ്ടമാണ്. ആകാശപ്പനയിലിരിക്കുന്ന അഹങ്കാരത്തോടെ അവൻ സുനിൽ ഏട്ടന്റെ താടിയിൽ തൊട്ട് കളിക്കാൻ തുടങ്ങി. പിന്നെ കുശലാന്വേഷണവും സ്‌നേഹവർത്തമാനങ്ങളുമായി. ഉച്ച തിരിഞ്ഞും സുനിൽ ഏട്ടന് അവിടെ സെഷനുണ്ട്. ലഞ്ച് കഴിക്കാതെയാണ് രണ്ടു പേരും നമ്മളെക്കാണാൻ ഓടി വന്നിരിക്കുന്നത്. സുനിൽ ഏട്ടനും, കെ.സി സാറും ഒരിക്കലും ബൗദ്ധികതയോ, ജാഡയോ കാണിക്കാറില്ല. "താണ നിലത്തേ നീരോടൂ', "നിറകുടം തുളുമ്പില്ല 'എന്നീ ചൊല്ലുകൾ അന്വർത്ഥമാക്കുന്ന രണ്ടു പേർ. സാധാരണത്വവും, സഹൃദയത്വവും ഉള്ള ലളിത മനസ്‌ക്കർ.

"സുനിൽ എളയിടത്തിനെ ടിവിലൊക്കെ കാണുമ്പോ ഞാൻ ശ്രദ്ധിക്കാറൊണ്ട് കേട്ടോ. പാട്ടു പാടുന്ന മർക്കോസിനെ ഓർമ്മ വരും. എനിക്കെന്നാ ഇഷ്ടവാന്നോ മർക്കോസിനെ. എന്നാ ഫങ്ങിയാ കാണാൻ. ഡാലിയാ പൂ എന്ന പാട്ടോ..? എനിക്ക് ജീവനാ'മമ്മി സുനിലേട്ടന്റെ കൈ പിടിച്ച് പറഞ്ഞു
അതിന് ഗായകൻ മർക്കോസിനെവിടാ സുനിലേട്ടന്റെ ച്ഛായ എന്നോർത്ത് നമ്മ ബ്‌ളിങ്കി നിന്നു. രണ്ടാൾക്കും താടിയൊണ്ട്. രണ്ടാൾക്കും പൊക്കവൊണ്ട്. രണ്ടാൾക്കും ജുബ്ബായൊണ്ട്. മമ്മിയെപ്പോലൊരു ഫാവനാ ശാലിയുടെ ഫാവന അഡ്ജസ്റ്റ് ചെയ്ത് ചിന്തിച്ചതായിരിക്കും എന്ന് തൽക്കാലം സമാധാനിച്ചു.

Comments