സദാ സൂര്യനെ ചുറ്റുന്ന ഭൂമിയിൽ 24 മണിക്കൂറും മാധ്യമത്തെ ഭ്രമണം ചെയ്ത ശുക്രനക്ഷത്രമായിരുന്നു പി. അസ്സൈൻ എന്ന എല്ലാവരുടെയും പ്രിയങ്കരനായ അസൈനിക്ക. ഉണർന്നിരുന്ന സമയത്തിന്റെ 90 ശതമാനവും തൊഴിലുമായി മല്ലിട്ട സമാനതകളില്ലാത്ത മാധ്യമ പ്രവർത്തകൻ. അതുല്യ പ്രതിഭകളായ, ഇതിഹാസ തുല്യരായ ഒട്ടേറെ മാധ്യമപ്രവർത്തകർക്കു ജന്മം നൽകിയ മലയാളത്തിന്റെ മണ്ണിൽ ഹൃദയം കൊണ്ട് പത്രപ്രവർത്തനം നടത്തിയ അപൂർവ വ്യക്തിത്വം എന്ന നിലയിലാണ് നൂറു കണക്കിന് ജേണലിസ്റ്റുകളുടെ നെഞ്ചകങ്ങളിൽ പൊള്ളുന്ന വേദനയായി ആ മനുഷ്യൻ വേർപിരിഞ്ഞുപോകുന്നത്.
അക്ഷരങ്ങളിൽ അഗ്നി പടർത്തുന്ന എഴുത്തിന്റെ വിസ്മയം കൊണ്ടല്ല, വലിപ്പച്ചെറുപ്പമില്ലാതെ അടുത്തിടപഴകിയ ഏതൊരാളുടെയും നെഞ്ചിൽ വരച്ചിട്ട സ്നേഹ, സൗഹൃദ, വാത്സല്യങ്ങളുടെ ആൾരൂപമായാവും അസ്സൈൻ കാരന്തൂർ ഓർമകളിൽ അനശ്വരനാവുക.
1987 ജൂൺ ഒന്നിന് മാധ്യമത്തിന്റെ താളുകളിൽ ആദ്യമായി ഔദ്യോഗികമായി അച്ചടി മഷി പതിച്ചു തുടങ്ങുന്നതിനു മാസങ്ങൾക്കു മുമ്പേ സ്ഥാപനത്തോടു ചേർന്നു അദ്ദേഹം. സർക്കാർ ജോലിയുടെ സുഖശീതളിമ ഉപേക്ഷിച്ച്, പിച്ചവെച്ചു തുടങ്ങാൻ ആലോചിക്കുന്ന പത്രത്തിന്റെ വാർത്താമുറിയുടെ അനിശ്ചിതത്വങ്ങളിലേക്കു നടന്നുകയറി; തുടർന്നങ്ങോട്ട് മൂന്നു പതിറ്റാണ്ടിലേറെ അവിടെ നായക സ്ഥാനത്തു നങ്കൂരമിട്ടിരുന്നത്, എണ്ണമറ്റ വാർത്താവിസ്ഫോടന മുഹൂർത്തങ്ങളിൽ ബാലാരിഷ്ടത വിട്ടുമാറാത്ത പത്രത്തെ ആളിലും അർഥത്തിലും പ്രതിഭയിലും ബഹുദൂരം മുന്നിലുള്ള സഹജീവികളുടെ ഒപ്പത്തിനൊപ്പമോ പലപ്പോഴും ഒരുപടി മുന്നിലോ എത്തിക്കുന്ന ആസൂത്രണ മികവും സഹപ്രവർത്തകരെ പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും ഏത് ഉത്തരവാദിത്തവും നിറവേറ്റാൻ പ്രാപ്തമാക്കുന്ന കളി തന്ത്രങ്ങളും പ്രകടമാക്കി കൊണ്ടായിരുന്നു. സ്നേഹമസൃണമായ ആ വാക്കുകളിൽ സഹപ്രവർത്തകർ ഷിഫ്റ്റുകളുടെ സമയക്രമവും ഉറക്കച്ചടവിന്റെ ആലസ്യവും മാറ്റിവെച്ചു. അക്ഷരാർഥത്തിൽ അസൈനിക്കയുടെ നായക മികവ് ആയിരുന്നു പല സന്ദർഭങ്ങളിലും പത്രത്തിന്റെ വിജയമന്ത്രം. ക്യാപ്റ്റൻമാർ കളി ജയിപ്പിക്കുന്നു എന്ന പ്രയോഗം തികച്ചും അർഥവത്താക്കുന്നതായിരുന്നു സ്പോർട്സ് ലേഖകനായി പത്രമെഴുത്ത് തുടങ്ങിയ അസ്സൈൻ കാരന്തൂരിന്റെ മാധ്യമ പ്രവർത്തന ജീവിതം.
ഔദ്യോഗിക ജോലിഭാരങ്ങൾ അധികരിച്ചു തുടങ്ങിയതോടെ ക്രമേണ എഴുത്തിന്റെ ലോകം വിട്ട് വാർത്താ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും ചുമതലകളിലേക്കുള്ള വ്യതിചലനം ഉണ്ടായിരുന്നില്ലെങ്കിൽ കളിയെഴുത്തിൽ പ്രസിദ്ധനാവുമായിരുന്നു അദ്ദേഹമെന്ന് ആ പഴയ കുറിപ്പുകൾ പരിചിതമായ തലമുറ സാക്ഷ്യപ്പെടുത്തുന്നു.
തന്റെ പത്രത്തെ വാർത്തയുടെ മത്സരക്കളത്തിൽ മുന്നിൽ നിർത്താൻ അദ്ദേഹം പയറ്റാത്ത തന്ത്രങ്ങളില്ലായിരുന്നു. അറബ് ന്യൂസ് അടക്കം വിദേശ പത്രങ്ങളിലെയും കേരളത്തിൽ അത്ര പ്രചാരമില്ലാതിരുന്ന പ്രമുഖ ദേശീയ പത്രങ്ങളിലെയും വിശേഷ വാർത്തകൾ സ്ഥിരമായി പ്രത്യേക ലേഖകന്റെ
എഴുത്തുകളായി മാധ്യമത്തിന്റെ താളുകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ചത് അടക്കം പത്രത്തിന്റെ കുതിപ്പിന് അദ്ദേഹം മെനഞ്ഞ സൂത്രപ്പണികൾ എണ്ണമറ്റതായിരുന്നു. ആധുനിക വാർത്താലോകത്ത് ഇന്ന് ആലോചിക്കാൻ പോലുമാവാത്ത സൂത്രപ്പണികളും അതിനായി ആ ചിന്തയിൽ രൂപപ്പെട്ടിരുന്നു. രാത്രി ഒരു മണിക്കും രണ്ടു മണിക്കും ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരോട് നാളെ വരുമ്പോൾ, ഇതു കൂടി എഴുതിക്കൊണ്ടുവാ ചങ്ങായീ എന്നു പറഞ്ഞ് അദ്ദേഹം നീട്ടുന്ന കട്ടിങ്ങുകൾ പിറ്റേന്നു മൂന്നു മണിക്ക്വീണ്ടും ജോലിക്ക് കയറേണ്ടവരാണെങ്കിൽക്കൂടി പുഞ്ചിരിയോടെ പോക്കറ്റിൽ ഇട്ടുപോയിരുന്നത് തൊഴിലിൽ മാത്രമല്ല, വ്യക്തിപരമായ പ്രശ്നങ്ങളിലും താങ്ങാവുന്ന മനുഷ്യനോട് മറുത്ത് പറയാൻ കഴിയാത്ത ദൗർബല്യം കൊണ്ടായിരുന്നു.
മനുഷ്യർ പലവിധമാണ്. എഴുത്തിലും വായനയിലും സൗഹൃദങ്ങളിലും കലാസ്വാദനങ്ങളിലും ആഹ്ലാദം കണ്ടെത്തി അഭിരമിക്കുന്നവർ. പക്ഷേ, അസ്സൈൻ കാരന്തൂരിന് പത്രപ്രവർത്തനം തന്നെയായിരുന്നു ജീവിതം. അതായിരുന്നു അദ്ദേഹത്തിന്റെ ലഹരി. മാധ്യമത്തിൽ 31 വർഷത്തിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ വാരാന്ത ഓഫും എണ്ണമറ്റ മറ്റനവധികളുമടക്കം ഉപേക്ഷിച്ചു ദിനേന ജോലിയിൽ മുഴുകി ആ മനുഷ്യൻ. പ്ലാസ്റ്റിക് വരിഞ്ഞ പഴയ കസേരയിൽ ഒടിഞ്ഞുമടങ്ങിയിരുന്ന മെല്ലിച്ച മനുഷ്യന്റെ ചെവിയിൽ ടെലിഫോൺ ഒഴിഞ്ഞ സമയം വിരളമായിരുന്നു. കേരളത്തിലുടനീളമുള്ള ലേഖകരുമായി വാർത്താവിവരങ്ങൾ പങ്കുവെച്ചും വാർത്തകൾ പ്ലാൻ ചെയ്തുമിരിക്കുന്നതിനിടയിൽ വാർത്താ ഏജൻസികൾ ഇടതടവില്ലാതെ അടിച്ചുവിടുന്ന കുറിപ്പുകളിൽനിന്ന് മാധ്യമത്തിനു വേണ്ട വിഭവങ്ങൾ പരതിയെടുക്കുന്നുമുണ്ടാവും അദ്ദേഹം.
സാധാരണ തൊഴിലാളി ഒരു വർഷമെടുക്കുന്ന ആകസ്മികാവധി പോലും മൂന്നു പതിറ്റാണ്ടിലേറെ നീണ്ട മാധ്യമ ജീവിതത്തിൽ ഓഫും അവധിയുമായി എടുത്തിട്ടുണ്ടാവില്ല അദ്ദേഹം. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പ്രകാരം ഒരു മാധ്യമ പ്രവർത്തകൻ 28 ദിവസത്തിനുള്ളിൽ ജോലി ചെയ്യേണ്ടത് 144 മണിക്കൂർ ആണ്. അതായത് ദിവസം ആറു മണിക്കൂർ. ഈ സ്ഥാനത്ത് അസ്സൈൻ കാരന്തൂർ പണിയെടുത്തത് ശരാശരി 15-16 മണിക്കൂർ ആയിരുന്നു. വേണ്ടെന്നുവെച്ച അവധിദിനങ്ങളിൽ എടുത്ത പണി കൂടി നോക്കിയാൽ 70 വയസ്സ് വരെ ജീവിച്ച അസൈൻക്ക യഥാർഥത്തിൽ നിറവേറ്റിയത് ഒരു തൊഴിലാളി ഒമ്പതു പതിറ്റാണ്ടുകൊണ്ടു ചെയ്യുന്ന ജോലിയായിരുന്നു. അല്ലെങ്കിൽ മൂന്നു പേർ 30 വർഷം കൊണ്ടു ചെയ്യുന്ന ജോലി. പത്രപ്രവർത്തന മികവിനൊപ്പം സെൽഫ് മാർക്കറ്റിങ് മികവ് കൂടി ഉണ്ടായിരുന്നെങ്കിൽ റെക്കോർഡ് പുസ്തകങ്ങളിൽ ഇടം പിടിക്കേണ്ടതായിരുന്നു ഈ സേവനം.
ഭാര്യയെ പ്രസവത്തിന് ആശുപത്രിയിലാക്കി അത്യാവശ്യ കാര്യങ്ങൾ നോക്കി ഓഫിസിൽ ജോലിക്കെത്തി എന്ന കഥ വെറും തമാശയായി എഴുതിത്തള്ളാൻ അസൈനിക്കയെ അടുത്തറിയുന്നവർക്ക് എളുപ്പം കഴിയില്ല. മിക്കവാറും ശരിയായിരിക്കാനാണു സാധ്യത. നേരിട്ടു തിരക്കിയപ്പോൾ പുഞ്ചിരിയായിരുന്നു മറുപടി. ഗൃഹപ്രവേശം അടക്കം വീട്ടിലെ സുപ്രധാന ചടങ്ങുകളുള്ള ദിവസങ്ങളിൽ പോലും ആ മനുഷ്യൻ ഓഫിസിൽനിന്ന് പൂർണമായി വിട്ടുനിന്നിരുന്നില്ല. പത്രപ്രവർത്തകർക്ക് അപൂർവമായി മാത്രം കിട്ടുന്ന പൊതു അവധി ദിവസങ്ങളിൽ കാരന്തൂരിൽനിന്ന് ബസ് കയറി അദ്ദേഹം വെള്ളിമാടുകുന്നിലെ മാധ്യമം ഓഫീസിൽ എത്തുമായിരുന്നു എന്നതും വെറും കഥയായി മാത്രമാണ് ആദ്യകാലത്തു തോന്നിയത്. പക്ഷേ, ഏതാണ്ട് രണ്ടു പതിറ്റാണ്ടു മുമ്പ് മാധ്യമം ജീവനക്കാരുടെ കുടുംബമേളയുടെ ഭാഗമായി ഒരുമ എന്ന പേരിൽ പുറത്തിറക്കിയ ഹൗസ് മാഗസിനിൽ യശ്ശശരീരനായ എൻ. രാജേഷ് അഭിമുഖം നടത്തി തയാറാക്കിയ കുറിപ്പിൽ അസ്സൈനിക്ക തന്നെ സമ്മതിക്കുന്നുണ്ട്; ഒരു ദിവസം മാധ്യമത്തിന്റെ ഗേറ്റിനടുത്ത് വരെയെങ്കിലും വരാൻ കഴിഞ്ഞില്ല എങ്കിൽ ആകെ അസ്വസ്ഥത ആണ് എന്ന്.
രാവിലെ 11 മുതൽ രാത്രി രണ്ടു വരെ ഓഫിസിൽ ജോലി ദിനമാറ്റങ്ങളില്ലാതെ തുടർന്നുപോന്ന മനുഷ്യൻ രാവിലെ എട്ടൊമ്പതു മണിയാകുമ്പോൾ നാട്ടുകാർക്ക് സഹായങ്ങളുമായി വീട്ടിൽനിന്ന് ഇറങ്ങുമായിരുന്നു എന്നാണ്പറഞ്ഞറിവ്. തന്റെ കഴിവുകളെ അത്രമേൽ പൊതുനന്മക്കായി നീക്കിവെച്ചു ആ മനുഷ്യൻ. സർക്കാർ ജോലി വിട്ട് മാധ്യമപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചതും ഒപ്പം കൊണ്ടുനടന്ന ആദർശങ്ങൾക്ക് ബലം പകർന്നു ജീവിക്കുന്നതിനു വേണ്ടിയായിരുന്നു. മാധ്യമത്തെ നിഷ്പക്ഷവും സമ്പൂർണവും പൊതുജന സാമാന്യത്തിന് ഇഷ്ടപ്പെടുന്നതുമായ പത്രമായി രൂപകൽപന ചെയ്യുന്നതിൽ മാനേജ്മെൻറിനൊപ്പം പങ്ക് വഹിച്ചയാളായിരുന്നു അസ്സൈൻ കാരന്തൂർ. വാർത്തയുടെ അഴകളവുകൾ നിർണയിക്കുന്നതിൽ വാർത്തയുടെ മൂല്യത്തിനപ്പുറം പരിഗണനകളില്ലാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പത്രത്താളുകളാണ് മാധ്യമത്തിന് ജനമനസ്സുകളിൽ ലബ്ധപ്രതിഷ്ഠ നേടിക്കൊടുത്തത്.
വാത്സല്യത്തിന്റെയും കരുതലിന്റെയും അർപ്പണബോധത്തിന്റെയും മഹാനദിയായിരുന്നു, പത്രപ്രവർത്തക തലമുറകൾക്കു വഴികാട്ടിയും ഗുരുതുല്യനുമായ അസൈനിക്ക. ആ കളരിയിൽ മുറകൾ പഠിച്ചവർ ഇന്ന് ഒട്ടേറെ സ്ഥാപനങ്ങളിൽ പ്രതിഭയുടെ പ്രഭ പരത്തി ശോഭിച്ചുനിൽക്കുന്നു. ഓർമകളുടെ മഹാസാഗര തീരത്ത് മാനംമുട്ടി നിൽക്കുന്നു ആ അനശ്വര വ്യക്തിത്വം.
കണ്ണീരിന്റെ ഉപ്പ് രുചിക്കാതെ നിങ്ങളെ ഓർക്കാൻ പോലും കഴിയുന്നില്ലല്ലോ മനുഷ്യാ...
പറുദീസാ മുറ്റത്തെ വാർത്താസംഘത്തിനു നടുവിൽ പേജ് വിട് ചങ്ങായീ എന്ന സ്നേഹ ശാസനയുമായി നിങ്ങൾ കസേരയിട്ടിരിക്കുന്നുണ്ടാവും അല്ലേ.