കെ.പി.എ.സി. ലളിത.

വെള്ളിത്തിരയിൽനിന്നിറങ്ങിവന്ന ‘ആദ്യ കാമിനി'

സിനിമ കാണൽ ഹറാമായ കാലത്ത്, മാപ്പിളഭാവുകത്വം കൊണ്ട് ഇത്ര സന്തോഷത്തോടെ ഞാൻ ആദ്യം കാണുന്ന ചിത്രം മരമായിരുന്നു. സിനിമ കാണുന്ന എന്റെ കൗമാരകാല മനസ്സിലേക്ക് സിനിമയിൽ നിന്ന്​ ആദ്യം കുടിയേറിപ്പാർത്ത കാമിനിയുടെ രൂപം, കെ.പി.എ.സി ലളിത അവതരിപ്പിച്ച ജാനുവിന്റേതാണ്.

‘മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ മാനത്തെ മട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ താലോലം കിളി വായോ.. '

മരം എന്ന സിനിമയിലെ പാട്ടുകൾ കേൾക്കാത്ത ദിനങ്ങൾ ഇന്നെന്റെ ജീവിതത്തിൽ കുറവാണ്. വിരമ്യസ്ഥ ജീവിതത്തിന്റെ നവോന്മേഷത്തിന്​ നല്ല മെലഡികൾ ആവശ്യമാണ്. എൻ.പി മുഹമ്മദിന്റെ, മരം എന്ന നോവലിന്റെ അഭ്രാവിഷ്‌കാരമാണല്ലോ, അതേ പേരിലുള്ള സിനിമ. യൂസഫലി കേച്ചേരി സംവിധാനം ചെയ്​ത സിനിമകളിൽ ശ്രദ്ധേയമായ ഒന്ന്. എന്നാൽ, തന്റെ സിന്ദൂരചെപ്പ്, വനദേവത, നീലത്താമര തുടങ്ങിയ സിനിമകളെയപേക്ഷിച്ച്​, മുസ്​ലിം തീം ആധാരമാക്കി ഉണ്ടാക്കിയ സിനിമകൾ തിയേറ്ററുകളിൽ വേണ്ടത്ര ഓടിയില്ല എന്ന അഭിപ്രായം അദ്ദേഹം ഒരിക്കൽ പങ്കുവെച്ചതോർമ വരുന്നു. തന്റെ മറ്റു സിനിമകളിലെന്നപോലെ മരത്തിലെ ഗാനങ്ങളും എഴുതിയത്, യൂസഫലി തന്നെ.

‘മരം’ എന്ന സിനിമയിൽ, മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ... എന്ന ഗാനരംഗത്തിൽ കെ.പി.എ.സി. ലളിത.

മലയാളത്തിലെ പ്രഗത്ഭ കവി കൂടിയല്ലോ, യൂസഫലി. അദ്ദേഹത്തിന്റെ കവിതകളും സിനിമാഗാനങ്ങളും പലപ്പോഴും താരതമ്യമില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കാവ്യം വിശേഷകലയാണെന്നും ശില്പപരമായ ദൃഢതയും സൗന്ദര്യാകാരവും കൊണ്ടേ അത് അനുവാചകമനസ്സിൽ ഉറയ്ക്കൂ എന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. ലോകത്തിൽ, നിത്യനൂതനമായത് എന്നൊന്നില്ലെന്നും നവീകരണ പ്രക്രിയ മാത്രമേയുള്ളൂ എന്നും ഈ കവി വിശ്വസിക്കുന്നു. കല ഈ പ്രമാണം ഏറ്റെടുക്കുന്നു എന്നതുകൊണ്ടാവാം, കവിതയായാലും ചലച്ചിത്ര ഗാനമായാലും കലയുടെ ഒരു നവീകരണ പ്രക്രിയ യൂസഫലിയുടെ രചനകളിലുണ്ട്. കെ. പി. നാരായണ പിഷാരടിയുടെ പ്രിയശിഷ്യരിൽ ഒരാളാണ് അദ്ദേഹം, എന്നുകൂടിയോർക്കാം.

യൂസഫലി കേച്ചേരി. / Photo : Wikimedia Commons.

സിനിമയെ ഒരു പോപ്പുലർ ആർട്ട് ആയിട്ടുതന്നെയാണ് യൂസഫലി കണ്ടത്.ഉമ്മ മുതലുള്ള അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഈയർത്ഥത്തിൽ നൂതനമായ ഒരു ജനപ്രിയ സാംസ്‌കാരിക ഭാവുകത്വം മലയാളത്തിനു നൽകി. സിനിമയെ ഏറെ പോപ്പുലറാക്കുന്നതിൽ തന്റെ ഗാനങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സിനിമ ഹിറ്റാകും മുമ്പേ മരത്തിലെ ഗാനങ്ങൾ ഹിറ്റായി.

ദേവരാജൻ മാഷാണ് ഈ സിനിമയിലെ പാട്ടുകൾക്ക് ഈണം നൽകിയത്. ഒരുപക്ഷേ, വയലാറിന്റെയും യൂസഫലിയുടെയും ഗാനങ്ങൾക്ക് ദേവരാജൻ നൽകിയ ഈണം ഏറെ ഭിന്നതാളത്തിലുള്ളതാണ്. അതിനുകാരണം, ഓരോ കവിയുടെയും / പാട്ടെഴുത്തുകാരുടെയും രചനയിൽ മാറിവരുന്ന ഡിക്ഷനും അതിന്റെ കാവ്യസംസ്‌കാരവുമാവാം. സംഗീതത്തിന്റെ സംസ്‌കാരം അതിന്റെ ബഹുല പ്രയോഗങ്ങളിലൂടെയാണല്ലോ, സാക്ഷാൽക്കരിക്കപ്പെടുക!

‘മാരിമലർ ചൊരിയുന്ന... ' എന്ന പാട്ട് പാടിയത് മധുരിയാണ്.
ആപാട്ടിനെ ഇത്രമേൽ പ്രണയസുരഭിലവും ഹൃദയാവർജ്ജകമാക്കിയതിൽ പാട്ട് ചിത്രീകരിച്ച ലൊക്കേഷനും നല്ല പങ്കുണ്ട് എന്നുഞാൻ വായിച്ചെടുക്കുന്നു. കൗമാരകാലത്ത് സിനിമ കണ്ടാലേ അത് തിരിച്ചറിയൂ. ആ സിനിമയിലെ തന്നെ ‘കല്ലായിപ്പുഴയൊരു മണവാട്ടി.... ' യിലും ഇതേ ഓർമകളിലേയ്ക്ക് സഞ്ചരിച്ചെത്താവുന്ന ഒരു സ്ഥലസീമയുണ്ട്. മാപ്പിളപ്പാട്ടിന്റെ ഭാവരസത്തിലാണ് ഈ സിനിമയിലെ പാട്ടുകൾ മിക്കവയും രചിക്കപ്പെട്ടിട്ടുള്ളത്​.

കെ.പി.എ.സി. ലളിതയും ജയഭാരതിയും

ഇതൊന്നുമല്ല കാര്യം. ഈ പാട്ടിൽ പാടി അഭിനയിച്ചത് കെ.പി.എ.സി ലളിതയാണ്. ഈ നാലക്ഷരങ്ങൾക്ക് കേരളീയ സാംസ്‌കാരിക ചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്. ഒരുപക്ഷേ, ജീവിതത്തിലുടനീളം ഇത്ര ജനപ്രിയതയോടും ശക്തിയോടും കൂടി, ഈ നാലക്ഷരം ഒരാളിന്റെ പേരിനോടും ജീവിതത്തോടുമൊപ്പം സഞ്ചരിച്ചത്, ലളിത എന്ന കലാകാരിയോടൊപ്പമായിരിക്കും. ആ സിനിമയിലെ നായിക ആമിന (ജയഭാരതി) യുടെ തോഴിയാണ് ജാനു (ലളിത). സിനിമ കാണുന്ന എന്റെ കൗമാരകാല മനസ്സിലേക്ക് സിനിമയിൽ നിന്ന്​ ആദ്യം കുടിയേറിപ്പാർത്ത കാമിനിയുടെ രൂപം, ഒരു പക്ഷേ, ഈ ജാനുവിന്റേതാണ്. അത്ര സ്വതസിദ്ധവും കാല്പനിക ഭംഗിയും ചേർന്ന പ്രകൃതി -നാട്യ അവതരണമാണ്, ഈ പാട്ടിലും, സിനിമയിൽ തന്നെയും ലളിത അവതരിപ്പിച്ചത്. കോഴിക്കോടൻ പ്രകൃതമുള്ള ഒരു തോഴിയുടെ ഭാഷയും ഭാവഹാവാദികളും അത്രകണ്ടു അഭിനയിച്ചുറപ്പിക്കാൻ, ലളിതക്ക് കഴിഞ്ഞു. സിനിമ കാണൽ ഹറാമായ കാലത്ത്, മാപ്പിള ഭാവുകത്വം കൊണ്ട് ഇത്ര സന്തോഷത്തോടെ ഞാൻ ആദ്യം കാണുന്ന ചിത്രം മരമായിരുന്നു. അതിനുശേഷമാണ്​ കുട്ടിക്കുപ്പായവും മറ്റും കാണുന്നത്.

എട്ടാം ക്ലാസ്സിലാണ് ഞാനന്ന് പഠിക്കുന്നതെന്നു തോന്നുന്നു.
വേങ്ങര വിനോദ് ടാക്കീസിൽ ഫസ്റ്റ്‌ ഷോക്കാണ് മരം കണ്ടത്. അമ്മാവന്റെ വീട്ടിൽ വിരുന്നുപോയിട്ടാണ് സിനിമക്ക് പോയത്. അങ്ങനെയൊക്കെ കട്ടുകടന്നുവേണം അന്നൊരു സിനിമ കാണാൻ! പല വിരുന്നുപോക്കും ഇത്തരം സിനിമ കാണലിലിലാണ് സമാപിക്കുക. മയിലാടുംകുന്നും, വീണ്ടും പ്രഭാതവും, കൊച്ചിൻ എക്‌സ്​പ്രസും പത്മവ്യൂഹവും, പുള്ളിമാനും.. എന്നുവേണ്ട പല സിനിമകളും കണ്ടത്, വിരുന്നുപാർപ്പിലൂടെത്തന്നെ.

കെ.പി.എ.സി. ലളിത, ജയഭാരതി, ഫിലോമിന- ‘മരം’ എന്ന സിനിമയിൽനിന്ന്​

ഞാനിപ്പോഴുമൊർക്കുന്നുണ്ട്, നല്ല നിലാവുള്ള രാത്രിയായിരുന്നു സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ. പുഴകടന്ന് പാടവും കുന്നും കയറി അഞ്ചാറ് കിലോമീറ്റർ താണ്ടിയാണ് തിയേറ്ററിലെത്തുന്നത്. സിനിമ കഴിഞ്ഞിറങ്ങിയപ്പോഴും ഏറെ താരത്തിളക്കത്തോടെ മനസ്സിൽ തങ്ങിനിന്നത്, ‘മാരിമലർ....' പാടിയഭിനയിച്ച ജാനു എന്ന കഥാപത്രത്തെയവതരിപ്പിച്ച, കെ. പി. എ. സി. ലളിതയായിരുന്നു. ഒരുപക്ഷേ ഒരു സഹകഥാപാത്രം / സഹനടി എന്നതിലുപരി ഒരു നായികാ കഥാപത്രത്തിന്റെ മുഴുവൻ ചാരുതയോടുമാണ്, ലളിതയെ ആ പാട്ടുരംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത്.

മനുഷ്യനെയും മരത്തെയും ഒരുപോലെ കാണുന്ന സാമൂഹ്യ /മത സമുദായിക നീതിയുടെ കാഠിന്യം കല്ലായിയെന്ന സ്ഥലത്തിന്റെ ടോപ്പോഗ്രഫിയെ ചൂഷണം ചെയ്​ത്​ അവതരിപ്പിക്കുന്നു, മരം എന്ന സിനിമ.

അന്ന് സിനിമകൾ കറുപ്പിലും വെളുപ്പിലും തീർത്ത ഒരു കലാരൂപം മാത്രമായിരുന്നില്ല, സ്വപ്നം പോലെ അഴകും അസ്വാസ്ഥ്യവും നിറഞ്ഞ പ്രതീക്ഷകൾ കൂടിയായിരുന്നു.

1973-ലാണ് മരം റിലീസായത്. ഏതാണ്ട് രണ്ടുകൊല്ലം കാത്തിരുന്നുകാണും, നാട്ടിലെ ടാക്കീസിലൊക്കെ കളി വരാൻ. മരം എന്ന നോവലിനെപ്പറ്റിയൊന്നും ഞാനന്ന് കേട്ടിട്ടില്ല. സിനിമക്കുശേഷമാണ് ഇതൊക്കെയറിയുന്നത്. എൻ.പി. മുഹമ്മദിന്റെ മറ്റു കൃതികളെപ്പോലെ ആധുനിക കേരളീയ നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും പ്രശ്‌നങ്ങൾ ഉയർത്തുന്ന കൃതി തന്നെയാണ്, മരം. കല്ലായിപ്പുഴയോടു ചേർന്ന് അന്ന് തഴച്ചുവളർന്ന മരവ്യവസായത്തിന്റെ സാമൂഹിക -മത സാംസ്‌കാരിക സാഹചര്യം പിൻപറ്റിയാണ്​ എൻ.പി കഥ വികസിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ബാല്യം പരപ്പനങ്ങാടിയിലാണെങ്കിലും എഴുത്തിന്റെയും പിൽക്കാല ജീവിതസമരങ്ങളുടെയും തട്ടകം കോഴിക്കോടായിരുന്നുവല്ലോ.

കല്ലായിപ്പുഴയോടു ചേർന്ന് അന്ന് തഴച്ചുവളർന്ന മരവ്യവസായത്തിന്റെ സാമൂഹിക -മത സാംസ്‌കാരിക സാഹചര്യം പിൻപറ്റിയാണ്​ എൻ പി മുഹമ്മദ്‌ മരം നോവലിൻറെ കഥ വികസിപ്പിച്ചിട്ടുള്ളത്. / Photo : Anesh Kumar, Fb Page.

കോഴിക്കോടിന്റെ സാമ്പത്തിക പുരോഗതിയെയും നാഗരികതയെയും നിർണയിച്ചതിൽ മരവ്യവസായത്തിന്​ ഏറെ പങ്കുണ്ട്. ഫ്യൂഡലിസവും ആധുനികതയും സംഘർഷത്തിലായിരുന്ന അക്കാലത്തെ മലബാറിന്റെ മുസ്​ലിം പശ്ചാത്തലം നോവലിൽ നിറഞ്ഞുനിൽക്കുന്നു. ആധുനിക ജീവിതത്തിന്റെ മാനുഷിക സന്ദർഭത്തിൽ പൗരോഹിത്യം ഇടപെടുമ്പോഴുള്ള കുടുംബ -സാമൂഹിക പ്രശ്‌നങ്ങളാണ് മരത്തിലെ ഉഉള്ളടക്കം.

പട്ടാളത്തിൽപോയി എഴുവർഷമായിട്ടും ഭർത്താവ് തിരിച്ചു വരാതിരിക്കുമ്പോൾ പൗരോഹിത്യത്തെ കൂട്ടുപിടിച്ച്, സ്ഥലത്തെ കാദർ മുതലാളി (കെ. പി. ഉമ്മർ) തന്റെ ഇംഗിതം നടത്താൻ നോക്കുന്നു. അതിനുവേണ്ടി മുസ്​ലിം പുരോഹിതനെ കൂട്ടുപിടിച്ച്​ ഫത്വകൾ സൃഷ്ടിക്കുകയും കാര്യങ്ങൾ തനിക്കനുകൂലമാക്കി ഇബ്രാഹിമിന്റെ സുന്ദരിയായ ഭാര്യയെ (ജയഭാരതി) പുനർവിവാഹം ചെയ്യാൻ​ കോപ്പുകൂട്ടുന്നതും തുടർന്നുള്ള ജീവിത സംഘർഷങ്ങളുമാണ് സിനിമയിൽ. നെല്ലിക്കോട് ഭാസ്‌കരൻ അവതരിപ്പിച്ച കഥാപാത്രമായിരിക്കാം മാനുഷികതയുടെ ഉജ്ജ്വല അടയാളമായി ഈ സിനിമയിൽ കാണികളെ വേട്ടയാടുക. മനുഷ്യനെയും മരത്തെയും ഒരുപോലെ കാണുന്ന സാമൂഹ്യ /മത സമുദായിക നീതിയുടെ കാഠിന്യം കല്ലായിയെന്ന സ്ഥലത്തിന്റെ ടോപ്പോഗ്രഫിയെ ചൂഷണം ചെയ്​ത്​ അവതരിപ്പിക്കുന്നു, ഈ സിനിമ.

നെല്ലിക്കോട്​ ഭാസ്​കരൻ, ‘മരം’ എന്ന സിനിമയിൽ

മുഖ്യമായും ആമിനയിലൂടെയും ജാനുവിലൂടെയുമാണ്, കല്ലായിയുടെ തരവും മണവും അനുവാചകരിലെത്തിക്കുന്നത്. കോഴിക്കോടിന് നമ്മുടെ കടൽ /ജല വാണിജ്യ സംസ്‌കാരവുമായുള്ള ബന്ധവും സ്ഥാനവും ധ്വനിപ്പിക്കാൻ സിനിമ ആശ്രയിക്കുന്നത് ഒരുപക്ഷേ ഇതിലെ പാട്ടുകളെയും അവയുടെ ചിത്രീകരണത്തെയുമാണ് എന്നുപറയുന്നത് അസ്ഥാനത്തല്ല.

വൈക്കം മുഹമ്മദ് ബഷീർ. / Photo : Punalur Rajan.

ശേഷം, മനസ്സിനെ മഥിപ്പിക്കുന്ന നിരവധി റോളുകൾ ലളിതയുടേതായി സിനിമകളിൽ കണ്ടിട്ടുണ്ട്. അടൂരിന്റെ മതിലുകളിലെ നാരായണിയുടെ ശബ്ദം, കെ. പി. എ. സി ലളിതയിലൂടെ മധുരതരമായ ഒരണുപ്രസരണം പോലെയാണ്, മതിലുകൾ കണ്ട സിനിമാസ്വാദകരിലേയ്ക്ക് ഒഴുകിയത്. അതോടെ, മതിലുകൾക്ക് അനുഗുണമായും പ്രതികൂലമായും വന്ന വിമർശനത്തിന് കണക്കില്ല. ബഷീറിന്റെ മതിലുകളിൽ, പെൺജയിലിലെ സ്ത്രീശബ്ദം ആരുടേതാണെന്ന് തിരിച്ചറിയപ്പെടാതെ കിടന്നിടത്താണ്, നാരായണി എന്ന കഥാപാത്രം ചരിത്രപരമായ ഒരു സമസ്യയായത്. ആ കൃതിയുടെ ലാവണ്യാത്മകവും രാഷ്ട്രീയവുമായ സസ്‌പെൻസ് മുഴുവൻ നാരായണിയുടെ ശബ്ദത്തിന്റെ ഉടമയുടെ ഭൗതികമായ അസാന്നിധ്യത്തിലാണ്. ലളിതയുടെ ശബ്ദത്തിലൂടെ ചോർന്നുപോയതും ഇതേ സസ്‌പെൻസ് തന്നെ.

എന്നാൽ, മലയാളനാടക രംഗത്തും വെള്ളിത്തിരയിലും കെ. പി. എ. സി. ലളിത ഉണ്ടാക്കിയ ഒരു പ്രഭാവമുണ്ട്. ആ പ്രഭാവത്തെയാണ്, നാരായണിയുടെ ശബ്ദത്തിലൂടെ പൊടുന്നനെ കാണികൾ തിരിച്ചറിഞ്ഞത്. കേരളീയ സംസ്‌കാരത്തിൽ നാലക്ഷരങ്ങളോട് ചേർന്നുനിൽക്കുന്ന ലളിത എന്ന പേരിന്റെ ഉജ്ജ്വലതയെയാണ് അതെടുത്തുകാട്ടിയത്. ഒരുപക്ഷേ, സംവിധായകൻ പോലും ആലോചിക്കാൻ വിട്ടുപോയ ഒരു ‘ശബ്ദപ്രഹരം’. സിനിമയുടെ വിജയമാണോ പരാജയമാണോ അതുകൊണ്ട് സംഭവിച്ചത് എന്ന കാര്യത്തിൽ, ആർക്കും അവരവരുടെ തീരുമാനത്തിലെത്താം. ഏതായാലും, സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ സിനിമ കണ്ടശേഷം ആദ്യമായി പ്രതികരിച്ചത് ഞാനിന്നുമോർക്കുന്നു: ‘പാത്തുമ്മയുടെ ആടിനെയും അടൂരിന് ഫ്രീയായി നൽകിയിരിക്കുന്നു’.

കെ.പി.എ.സി. ലളിത. / Photo : KPAC Lalitha, Fb Page.

കെ. പി. എ. സി. ലളിതയെ എനിക്ക് നേരിട്ട് പരിചയമില്ല. കാലിക്കറ്റിൽ, മലയാള വിഭാഗം മേധാവിയായിരിക്കുന്ന സമയത്ത്, ഒരു സെമിനാർ ഉത്ഘാടനത്തിന് അവരെ ക്ഷണിക്കാൻ ഫോണിൽ വിളിച്ചു. നാടക സംഗീത അക്കാദമിയുടെ, അധ്യക്ഷയാണ് അന്ന് അവർ. അന്നേ ദിവസം പ്രോഗ്രാം ഉണ്ടെന്നും തീർച്ചയായും പിന്നെയൊരിക്കൽ വരാമെന്നും വിളിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ എന്നെയറിയിച്ചു. കൗമാരകാലത്ത്, മരം എന്ന സിനിമ കണ്ട കഥയും അതിലെ പാട്ടുരംഗവും ഞാൻ ഏറെ ഗൃഹാതുരതയോടെ അവരോട് പറഞ്ഞു. ലളിത എന്ന വലിയ അഭിനേത്രി എല്ലാം ആസ്വദിച്ചു കേട്ടു. അരമണിക്കൂറോളം ആ സംസാരം നീണ്ടു. എന്നാൽ, സർവകലാശാല അതിഥിയായി ഒരിക്കൽ കൂടി വിളിക്കാനുള്ള അവസരം നിർഭാഗ്യവാശാൽ പിന്നെ കൈവന്നില്ല.

മരത്തിലെ, ജാനുവായി വേഷമിടുമ്പോൾ, 28 വയസ്സ് പ്രായമേ അവർക്കുണ്ടാവൂ. സിനിമയിലാവട്ടെ അതിനേക്കാൾ ചെറുപ്പവും. കേരള സാംസ്‌കാരിക ചരിത്രത്തിൽ അവിഭാജ്യമായ ഒരുപെണ്ണടയാളമായി എന്നും കെ.പി.എ.സി ലളിത എന്ന നാമം വാഴും, തീർച്ച! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments