ഉത്രാളിക്കാവിലെ ട്രാക്കിൽനിന്ന് ക്യാമറയുമായി
ജെല്ലിക്കെട്ട് കാളയെപ്പോലെ തെറിച്ചുപോയ കെ.ജെ. വിൻസെന്റ്‌

കേരളം കണ്ട മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളായ കെ.ജെ. വിൻസെന്റിനെക്കുറിച്ചാണ് ഈ ഓർമ. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വയലുകളിലൂടെ സഞ്ചരിച്ച് അതിസാഹസികമായി ഫോട്ടോകളെടുത്ത വിൻസെന്റ്, 2013- ലെ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട്, പരിസരത്തെ റെയിൽവേ ട്രാക്കിൽ കയറിനിന്ന് പകർത്തവേ, ട്രെയിനിടിച്ചാണ് മരിച്ചത്. അപൂർവമായ ആ ക്യാമറാജീവിതത്തെയും വ്യക്തിജീവിതത്തെയും പകർത്തുകയാണ് കെ.ആർ. സുനിൽ

ർഷങ്ങൾക്കു മുൻപ്, തൃശ്ശൂരിൽ ചിത്രകല പഠിക്കുന്ന സമയത്ത് എപ്പോഴും ബാഗിൽ ക്യാമറയുണ്ടാകും, ഇടയ്ക്കിടെ പണിമുടക്കുന്ന പഴഞ്ചൻ ഫിലിം ക്യാമറ. അതിനാൽ ടൗണിലെ റിപ്പയറിംഗ് സ്ഥാപനങ്ങളുമായി നല്ല അടുപ്പത്തിലായിരുന്നു. ഒരിക്കൽ, അവയിലൊന്നിൽച്ചെന്ന് ക്യാമറയുടെ അസുഖം വിവരിക്കുന്നതിനിടെ, അവിടുത്തെ ഭിത്തിയിൽ പുതുതായി ഒട്ടിച്ചുവെച്ച ഒരു 'ജല്ലിക്കെട്ട്'ചിത്രം കണ്ണിൽപ്പെട്ടു. ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുന്ന ഒരു കാളക്കൂറ്റന്റെ കൂർത്ത കൊമ്പ് അതിലൊരാളുടെ കയ്യിലേക്ക് ആഴത്തിൽ തുളഞ്ഞു കയറിയിരിക്കുന്നു, അയാൾ അതറിയുന്നതിനു മുൻപത്തെ നിമിഷം പകർത്തിയ അപൂർവ്വ ചിത്രമായിരുന്നു അത്! ഞാനതിലേക്ക് ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നതു കണ്ട്, ക്യാമറ റിപ്പയർ ചെയ്യുന്നയാൾ പറഞ്ഞു 'അത് നിങ്ങടെ നാട്ടുകാരനായ വിൻസന്റ് എടുത്തതാണ് ആളൊരു ഗംഭീര ഫോട്ടോഗ്രാഫറാണ്' എന്ന്. ഏറെ മതിപ്പോടെയാണ് അയാളത് പറഞ്ഞത്. തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ നാളുകളിൽ നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോരിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഒരു ദൃശ്യം കാണുന്നത് ആദ്യമായിട്ടായിരുന്നു. മറ്റൊരിക്കൽ, ടൗണിലെ സെക്കന്റ് ഹാൻഡ് ബുക്ക്സ്റ്റാളിൽ മാഗസിനുകൾ മറിക്കുന്നതിനിടെ പിന്നെയും കണ്ടു ആ ജെല്ലിക്കെട്ട് ചിത്രം, 'ദൈവം എടുത്ത ഫോട്ടോ' എന്ന അടിക്കുറിപ്പോടെ!

ചിത്രങ്ങള്‍: കെ.ജെ. വിന്‍സെന്റ്
ചിത്രങ്ങള്‍: കെ.ജെ. വിന്‍സെന്റ്

ഫൈൻ ആർട്‌സ് കോളേജ്, കേരള സാഹിത്യ അക്കാദമി എന്നിവ അടുത്തടുത്തായതിനാൽ, വിദ്യാർഥികളായിരുന്ന ഞങ്ങൾക്ക് എഴുത്തുകാരിൽ പലരേയും അടുത്തു കാണാൻ സാധിച്ചിരുന്നു. ഒരിക്കൽ, അക്കാദമി ഹാളിനു പുറത്തെ വലിയൊരു ആൾക്കൂട്ടത്തിൽ എംടി വാസുദേവൻ നായർ, മാധവിക്കുട്ടി, സുകുമാർ അഴീക്കോട് തുടങ്ങിയ പ്രമുഖ എഴുത്തുകാരെ കണ്ടു, ആർക്കോ പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് ആദരിക്കുന്ന ചടങ്ങായിരുന്നു. പതിവിലേറെ തിരക്കും. അതിനിടയിൽ നിന്ന് ഫോട്ടോയെടുക്കാൻ പാടുപെടുന്ന പത്രക്കാരെ ഞങ്ങൾ കൗതുകത്തോടെ നോക്കുന്നതിനിടെ പെട്ടെന്നൊരാൾ തന്റെ ക്യാമറയുമായി അടുത്തുകണ്ട മരത്തിലേക്ക് വലിഞ്ഞുകയറി ആവശ്യമുള്ള ചിത്രങ്ങളെടുത്ത് തിരിച്ചിറങ്ങി, അതായിരുന്നു കെ.ജെ. വിൻസെന്റ്.

ഡാർക്ക് റൂമിന്റെ മണം

ജീവിതത്തിൽ ഒറ്റയാനായിരുന്ന വിൻസന്റ് അവാർഡുകളുടെ സ്വന്തം ഫോട്ടോഗ്രാഫർ എന്നാണ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. മികച്ച കുടുംബ പശ്ചാത്തലമുണ്ടായിട്ടു പോലും അദ്ദേഹം ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുടെ വീടുകളിലും സ്റ്റുഡിയോകളിലും, ഡിജിറ്റൽ കാലത്ത് ഉപയോഗശൂന്യമായ ഡാർക്ക് റൂമുകളിൽപ്പോലും അന്തിയുറങ്ങാൻ ഇഷ്ടപ്പെട്ടു. ഫിലിമിന്റെ ഗന്ധമുള്ള ഏതിടവും വിൻസെന്റിന് പ്രിയപ്പെട്ടതായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും അനവധി സൗഹൃദങ്ങളും സ്വന്തം. അദ്ദേഹം രാപ്പകലെന്നില്ലാതെ ക്യാമറയുമായി അലഞ്ഞ് പകർത്തിയ ചിത്രങ്ങളിൽ ഗ്രാമീണ ജീവിതം, ഉത്സവം, ജലം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും നിറഞ്ഞുനിന്നത്. പുതിയ തലമുറയോട് കൂട്ടുകൂടാനും അറിവുകൾ പങ്കിടാനും തൽപ്പരനായിരുന്നു. അവരുടെ സർഗാത്മകതയ്ക്ക് ശരിയായ ദിശാബോധം നൽകാൻ ആ സൗഹൃദത്തിനായി.

കെ.ജെ. വിൻസെന്റ്
കെ.ജെ. വിൻസെന്റ്

പരിചയപ്പെടുന്നതിനു മുൻപ് അദ്ദേഹത്തെക്കുറിച്ച് കേട്ട കഥകൾ പലതും വിചിത്രമായിരുന്നു. അരാജക ജീവിതം, മദ്യപാനം തുടങ്ങി പൊടിപ്പും തൊങ്ങലും വെച്ച നിരവധി കഥകൾ! ഒരിക്കൽ, കൊടുങ്ങല്ലൂരിലെ കലാ സാംസ്‌കാരിക പ്രവർത്തകരുടെ താവളമായിരുന്ന ഫോർട്ട് സ്റ്റുഡിയോയിൽ വെച്ച് നേരിൽ കാണാനും പരിചയപ്പെടാനുമിടയായി. പ്രായഭേദമന്യേ പെരുമാറിയ അദ്ദേഹം, ഏറേ നാളത്തെ പരിചയക്കാരനെപ്പോലെയാണ് സംസാരിച്ചത്. അടുപ്പമായപ്പോൾ ഇടക്ക് വിളിവന്നു. അദ്ദേഹത്തിന് സ്വന്തമായി ഫോൺഇല്ലായിരുന്നതിനാൽ പലപ്പോഴും സുഹൃത്തുക്കളുടെ ഫോണിൽ നിന്നായിരിക്കും വിളിക്കുക.

ഫോട്ടോഗ്രഫി പോലെ സൗഹൃദങ്ങളും അദ്ദേഹത്തിന് ലഹരിയായിരുന്നു, അനുഭവങ്ങൾ കൗതുകത്തോടെ പറയുന്നതിൽ തൽപ്പരനും. സ്വന്തം അബദ്ധങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും ശീലമായിരുന്നു. ഉപരാഷ്ട്രപതിയുടെ കയ്യിൽ നിന്ന് ദേശീയ പുരസ്‌കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയപ്പോൾ തിരിച്ചറിയൽ കാർഡോ മറ്റ് രേഖകളോ കരുതാത്തതിനാൽ സെക്യൂരിറ്റിക്കാർ കയറ്റി വിടാതിരുന്നതും കലഹിച്ചതും ഒടുവിൽ അവാർഡ് വാങ്ങി തിരിച്ചു പോന്നതുമായ നിരവധി കഥകൾ. ഇടക്കിടെ കിട്ടുന്ന അവാർഡുകൾ പ്രധാന വരുമാന മാർഗ്ഗവും. ദേശീയ പുരസ്‌കാരം പലവട്ടം ലഭിച്ച ആളായിട്ടുപോലും നാട്ടിലെ ചെറിയ മത്സരങ്ങൾക്ക് ചിത്രങ്ങൾ അയച്ചിരുന്നതിന്റെ കാരണവും അതായിരുന്നു.

ആർക്കും പൂർണമായും പിടികൊടുക്കാത്ത, രാപ്പകലെന്നില്ലാതെ എവിടെ വെച്ചും കണ്ടുമുട്ടാവുന്ന, ഏതവസ്ഥയിലും കഴിഞ്ഞുകൂടാൻ മടിയില്ലാത്ത പച്ച മനുഷ്യൻ. സ്വന്തമായി ക്യാമറയോ കൈയ്യിൽ പൈസയോ ഇല്ലാത്ത അവസ്ഥയിലും പലവട്ടം കണ്ടുമുട്ടിയിട്ടുണ്ട്. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ ക്യാമറയുമായാണ് പലപ്പോഴും വിൻസന്റേട്ടന്റെ യാത്രകൾ. എപ്പോൾ തിരിച്ചു വരും എന്ന നിശ്ചയമില്ലാത്തതിനാൽ പഴയ ക്യാമറകളാണ് പലരും കൈമാറിയിരുന്നത്. എന്നാൽ, അത്തരം ക്യാമറകളിലെടുത്ത ചിത്രങ്ങൾക്കാണ് തനിക്ക് വലിയ പുരസ്‌കാരങ്ങൾ പലതും ലഭിച്ചതെന്ന് അദ്ദേഹം ചിരിയോടെയും അഭിമാനത്തോടെയും പറയാറുണ്ടായിരുന്നു. ക്യാമറ കൊണ്ടല്ല മനസ്സുകൊണ്ടാണ് ചിത്രമെടുക്കേണ്ടതെന്ന് ഉറച്ചു വിശ്വസിച്ചു. നാളെ എന്നത് അദ്ദേഹത്തിന്റെ വിഷയമല്ലായിരുന്നു. ഇന്നിൽ ജീവിച്ച് ഈ നിമിഷത്തെ പകർത്തുക എന്നത് ശീലവും.

ജെല്ലിക്കെട്ട് ലഹരി

ജെല്ലിക്കെട്ട് അടുക്കാറാവുമ്പോൾ അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും യാത്രകളെയും കുറിച്ചാവും വിൻസന്റേട്ടന്റെ സംസാരം. മധുരയിലെ പരിചയക്കാരെ വിളിച്ച് വിവരങ്ങൾ തിരക്കും, ക്യാമറയും മനസ്സും ഒരുക്കിവെക്കും. അദ്ദേഹം കോയമ്പത്തൂർ താമസിച്ചിരുന്ന കാലത്ത് ചില സുഹൃത്തുക്കളോടൊപ്പം ആദ്യമായി ജല്ലിക്കെട്ട് കാണാൻ പോയ കഥയാണ് ഒരു ദിവസം പറഞ്ഞത്. അന്ന് പകർത്തിയതും പിന്നീട് പ്രശസ്തമായതുമായ തന്റെ ആദ്യകാല ചിത്രങ്ങൾ എടുത്ത രീതികൾ വിശദീകരിച്ചു തന്നു. അദ്ദേഹത്തിന്റെ കഥകളുടേയും ചിത്രങ്ങളുടേയും സ്വാധീനത്താൽ ജല്ലിക്കട്ട് കാണണമെന്നും ചിത്രമെടുക്കണമെന്നും എന്റെയുള്ളിലും മോഹമുദിക്കാൻ കാരണമായി. പൊങ്കൽ അടുത്തെത്തിയ നാളുകളിലൊന്നിൽ തെല്ല് ആശങ്കയോടെ ആ കാര്യം അവതരിപ്പിച്ചു. എന്നാൽ, മറുപടി സ്വാഗതാർഹമായിരുന്നു. രണ്ടുദിവസം കഴിഞ്ഞ്, വൈകീട്ട് ഏഴു മണിക്കു തന്നെ തൃശൂർ ബസ് സ്റ്റാന്റിൽ എത്തിച്ചേരണമെന്നും താൻ അവിടെ ഉണ്ടാവുമെന്നും ഒരുമിച്ച് പോവാമെന്നും കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. അന്ന്, തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കളോട് മധുരക്കുള്ള യാത്രയെക്കുറിച്ച് ഞാൻ വാചാലനായി. ചിലർ ഫിലിം റോളുകൾ വാങ്ങിത്തന്നു. ഒതുക്കിവെച്ച ആവേശത്തോടെയായിരുന്നു ആ രണ്ടു ദിവസത്തെ കാത്തിരിപ്പ്.

പറഞ്ഞ സമയത്തിന് തോട്ടുമുൻപേ ഞാൻ തൃശൂർ ബസ് സ്റ്റാന്റിലെത്തി, മനസ്സുനിറയെ തയ്യാറെടുപ്പ്. ഏഴര കഴിഞ്ഞിട്ടും വിൻസെന്റേട്ടനെ കാണാതായപ്പോൾ ചില സുഹൃത്തുക്കളെ വിളിച്ചുനോക്കി, അദ്ദേഹത്തിന്റെ കയ്യിൽ ഫോണുമില്ല. സമയം പിന്നെയും കടന്നുപോയി; മധുരയ്ക്കുള്ള ചില വണ്ടികളും. മനസ്സ് അസ്വസ്ഥമായി. മധുരക്ക് ആദ്യമായാണ് യാത്ര. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലേക്ക് പിന്നെയും ദൂരമുണ്ട്. ഭാഷയും പിടിയില്ല. ഏറെ അപകടം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് പോകരുതെന്ന് പലരും ഉപദേശിച്ചിരുന്നു. ബസ് സ്റ്റാന്റിലേക്കു വന്നുകയറുന്ന ഓരോ മുഖങ്ങളിലും അദ്ദേഹത്തെ തിരഞ്ഞുകൊണ്ടിരുന്നു. കണ്ടില്ല. മദ്യലഹരിയിൽ കൈവിട്ടു പോകാവുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്ന് അറിയാവുന്നതിനാൽ നിരാശയും സങ്കടവുമേറി. സമയം എട്ടരയായി, അദ്ദേഹം എത്തിച്ചേരുമെന്ന പ്രതീക്ഷയും പോയി. നാട്ടിലേക്ക് മടങ്ങിപ്പോയാൽ നാണക്കേട്. മനസ്സിൽ ചിന്തകളുടെ കാളപ്പോര്. രാത്രിയിലെ തണുപ്പിലും ഞാൻ വിയർത്തു. ഒരുവട്ടംകൂടി സ്റ്റാന്റ് മൊത്തം പരതി. ഒൻപതു മണിയായപ്പോൾ മധുരക്കുള്ള ഒരു പൊടിപിടിച്ച ബസ് വന്നുനിന്നു; അങ്ങോട്ടുള്ള അവസാന ബസ്. അതവിടെ പത്തുമിനിറ്റ് കാണും. ഒരിക്കൽക്കൂടി പരിസരങ്ങളിൽ കണ്ണോടിക്കാൻ തോന്നി. അന്നേരം, കുറച്ചകലെ ക്യാമറാ ബാഗുമായി നിൽക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെട്ടു. തികച്ചും അപരിചിതനും സമപ്രായക്കാരനുമായ അവന്റെ മുഖത്ത് എന്നെക്കാളേറെ ടെൻഷനും വിയർപ്പും, ആരെയോ തിരയുകയാണെന്ന് വ്യക്തം. വെറുതെയൊരു തോന്നലിൽ അരികിൽ ചെന്ന് ചോദിച്ചു

''വിൻസെന്റേട്ടനെ കാത്തുനിൽപ്പാണോ?''
ഒരു പിടിവള്ളി കിട്ടിയ മുഖത്തോടെ അവൻ എന്നോട് പറഞ്ഞു.
''അതെ''
''പേരെന്താ''
''നസറു…’’
പുന്നയൂർക്കുളത്തുകാരനായ നസറുവിനോടും ഏഴു മണിക്ക് അവിടെ എത്തിച്ചേരാമെന്നും ഒരുമിച്ച് പോവാമെന്നും വിൻസന്റേട്ടൻ പറഞ്ഞതാണത്രേ! കാത്തുനിൽപ്പിന്റെ ആവലാതിയും അങ്കലാപ്പും ആ മുഖത്തുണ്ടായിരുന്നു. ഞാൻ സ്വയം പരിചയപ്പെടുത്തുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു. അന്നേരം, മധുരക്കുള്ള അവസാന ബസ് പോകാൻ തുടങ്ങി, ഒരാളെക്കിട്ടിയ ധൈര്യത്തിൽ, ഇല്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച് ഞാൻ ചോദിച്ചു; നമുക്ക് പോയാലോ?

മധുരയിലെ പൊങ്കൽ കാലം

തണുപ്പുള്ള ഒരു വെളുപ്പാൻകാലത്ത് മധുരയിൽ ഞങ്ങൾ ബസിറങ്ങി. പാളമേട്, അളഗനല്ലൂർ എന്നിവിടങ്ങളിലാണ് പ്രധാന ജെല്ലിക്കെട്ടുകൾ നടക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ വയലുകൾക്കരികിലൂടെയും കാർഷിക ജീവിതം മണക്കുന്ന ഗ്രാമങ്ങളിലൂടെയും ആ ബസ് സഞ്ചരിച്ചു. അലങ്കരിച്ച കാളകളുമായി നടന്നും വാഹനങ്ങളിലും പോകുന്ന നിരവിധിയാളുകളെ യാത്രയിൽ പലയിടങ്ങളിലും കണ്ടു. നാടുമുഴുവൻ ഉത്സവാന്തരീക്ഷം. കുടിലുകൾക്കു മുന്നിൽ ഭംഗിയായി കോലമെഴുതുന്നവരും മറ്റും. ആ യാത്ര എത്തിച്ചേർന്നത് പാളമേട് ഗ്രാമത്തിൽ. താൽക്കാലിക കച്ചവടങ്ങൾ നിറഞ്ഞ തെരുവുകൾ. ഇലക്ട്രിക് പോസ്റ്റുകളിലും മരങ്ങളിലുമായി ഉയർത്തിക്കെട്ടിയ നിരവധി കോളാമ്പി മൈക്കുകളിൽ പഴയ തമിഴ് സിനിമകളിലെ ജെല്ലിക്കെട്ട് പാട്ടുകൾ. വയലിനോടു ചേർന്ന ഒരു കോവിലിൽ വഴിപാടുകൾ നേരാനും പ്രാർത്ഥിക്കാനും നിൽക്കുന്നവരും കാളകളെ കുങ്കുമം അണിയിക്കുന്ന പൂജാരിമാരും ഭക്തരും. കൃഷിയും മനുഷ്യനും നാൽക്കാലികളും ഇഴ ചേർന്ന ജീവിതക്കാഴ്ചകൾ.

ഒമ്പതു മണിയോടടുത്തപ്പോൾ ആളുകളുടെ പ്രവാഹമേറി. മരംകൊണ്ട് തീർത്ത നിലകളുള്ള ഗാലറികളാൽ ചുറ്റപ്പെട്ട മൈതാനത്താണ് ജെല്ലിക്കെട്ട്.  ലോറിയടക്കമുള്ള പലതരം വാഹനങ്ങളും താൽക്കാലിക ഗാലറികളായി മാറ്റിയിട്ടുണ്ട്. അതിൽ കയറിക്കൂട്ടാനായി തിരക്കുകൂട്ടുന്നവരുടെ ശബ്ദങ്ങൾ. മധുരയുടെ ഉൾഗ്രാമങ്ങളിൽ നിന്നെത്തിച്ചേർന്ന കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ തികച്ചും സാധാരണക്കാരാണ് ഏറെയും. പഴങ്ങളടക്കമുള്ള ഭക്ഷണവുമായാണ് ചിലരുടെ വരവ്. പ്രധാന ഗ്യാലറിക്ക് താഴെ, ഒരു ഇടനാഴിക്ക് പിന്നിൽ ചെത്തിക്കൂർപ്പിച്ച കൊമ്പുകളുമായി നൂറുകണക്കിന് കാളകളും ഉടമസ്ഥരും നിരനിരയായി നിൽക്കുന്നു; ജെല്ലിക്കെട്ടിനായുള്ള കാത്തുനിൽപ്പ്! അതിൽനിന്ന് കുതറിയോടുന്ന കാളകൾ തെരുവിലിറങ്ങി അക്രമാസക്തമാവാറുണ്ട്.

കള്ള്, കഞ്ചാവ് മുതലായ ലഹരി പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ചേർത്ത് കാളകൾക്ക് നൽകരുതെന്നും ഉപദ്രവിക്കരുതെന്നുമുള്ള അറിയിപ്പുകൾ മൈക്കിലൂടെ കേൾക്കാമായിരുന്നു. മരണം തൊട്ടു മുന്നിലുണ്ടെന്നറിഞ്ഞിട്ടും കാളകളെ കീഴടക്കാനായി പലയിടങ്ങളിൽ നിന്നുമെത്തിയവർ മൈതാനത്ത് അക്ഷമരായി നിൽക്കുന്നു. ജെല്ലിക്കെട്ട് ആരംഭിക്കാൻ പോകുന്നു എന്ന അറിയിപ്പ് വന്നപ്പോൾത്തന്നെ ആദ്യമെത്തുന്ന കാളയെ പിടിക്കാനായി ചിലർ അടിപിടി കൂടുന്നതു കണ്ടു. പാത്രം, സൈക്കിൾ, അലമാര, ആട്ടിൻകുട്ടി, കോഴി തുടങ്ങിയ സമ്മാനങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടാവും. ആദ്യ കാള കുതിച്ചെത്തിയതോടെ ജെല്ലിക്കെട്ടിന്റെ ആരംഭമായി. ആർക്കും പിടികൊടുക്കാതിരിക്കാൻ വേദനിപ്പിച്ചും പ്രകോപിപ്പിച്ചുമാണ് കാളകളെ ഉടമസ്ഥർ തുറന്നുവിട്ടിരുന്നത്. കീഴടക്കിയില്ലെങ്കിൽ സമ്മാനം കാളയുടെ ഉടമസ്ഥന്. ഉച്ചയോടടുത്തപ്പോൾ വെയിലിന്റേയും കാളപ്പോരിന്റേയും തീവ്രതയേറി; മൈതാനത്തെ ആരവവും. അതിനിടെ എത്രയോപേർ കാളയുടെ കുത്തേറ്റ് വീഴുന്നതിനും ചോര ചിതറുന്നതിനും സാക്ഷിയാവേണ്ടി വന്നു. ശരാശരി പത്തു പേരെങ്കിലും ഒരു ദിവസം കൊല്ലപ്പെടാറുണ്ടത്രെ. പരിക്കേറ്റവരെ കൊണ്ടുപോകാൻ നിരവധി ആംബുലൻസുകൾ ഗ്യാലറിക്കരികിൽ കാത്തു കിടപ്പുണ്ടായിരുന്നു. ചോരയുടെ നിറവും മരണത്തിന്റെ ഗന്ധവുമുള്ള ജെല്ലിക്കെട്ടിൽ ജീവൻ പണയപ്പെടുത്തി നേടിയ സമ്മാനങ്ങളുമായി ആർപ്പുവിളികളോടെയാണ് ജേതാക്കളും കൂട്ടരും കടന്നുപോവാറ്. അതിനിടെ മറ്റ് കാളകളെ തുറന്നു വിട്ടിട്ടുണ്ടാവും. കാളയെ പിടിച്ചു നിർത്തുന്നവർക്ക് ഗ്രാമങ്ങളിൽ വീരപുരുഷ പരിവേഷമാണ്.

ഒരു ദിവസത്തെ വെയിലും പൊടിയുമേറ്റ് ക്ഷീണിച്ച്, ഞാനും നസറുവും ഗ്യാലറിയിൽ നിന്ന് തിരിച്ചിറങ്ങി. എങ്കിലും കണ്ട കാഴ്ചകളേയും പകർത്തിയ ചിത്രങ്ങളേയുമോർത്ത് സന്തോഷിച്ചു. മധുരയിലെ ഏതെങ്കിലും ഹോട്ടലുകൾ ലക്ഷ്യമാക്കിയായിരുന്നു വൈകീട്ടത്തെ മടക്കയാത്ര. അതിനിടെ ഫോണിലേക്ക് അപരിചിതമായ നമ്പരിൽ നിന്ന് ഒരുകോൾ; വിൻസെന്റേട്ടൻ. ഇന്നലെ ഏതോ സുഹൃത്തുക്കളോടൊപ്പം കമ്പനി കൂടിയെന്നും പെട്ടുപോയെന്നും വിശദീകരണം. പുലർച്ചെ തന്നെ പുറപ്പെട്ട് മധുരയിലെത്തിയപ്പോൾ വിളിച്ചതാണ്. തികച്ചും സാധാരണമട്ടിൽ ചിരിച്ചാണ് കാര്യങ്ങൾ പറഞ്ഞത്. ഏഴു മണിയോടടുത്ത സമയത്ത് ഞങ്ങൾ കണ്ടുമുട്ടി; മധുര ബസ് സ്റ്റാന്റിലാണെന്ന് മാത്രം.

അന്നു രാത്രി, ടൗണിലെ ഹോട്ടൽ മുറിയിൽ ഞങ്ങൾ മൂവരും തങ്ങി. കണ്ട കാഴ്ചകളെക്കുറിച്ച് വിൻസന്റേട്ടനോട് വാചാലരായി. മധുര ഉൾഗ്രാമങ്ങളിലെ കാർഷിക ജീവിതം, വിശ്വാസങ്ങൾ, ആചാരാനുനുഷ്ടാനങ്ങൾ തുടങ്ങിയവയെപ്പറ്റി അദ്ദേഹത്തിന്റെ അറിവുകൾ പങ്കിട്ടു. അളകനല്ലൂർ ജെല്ലിക്കെട്ടിന്റെ പ്രത്യേകതകൾ വിവരിച്ചു. ആ ദിവസത്തിന്റെ ക്ഷീണത്തിൽ ഞാനും നസറുവും വേഗം ഉറങ്ങിപ്പോയി. നേരം പുലർന്നപ്പോൾ മുറിയിൽ വിൻസന്റേട്ടൻ ഇല്ലായിരുന്നു. വെളിച്ചം വീണപ്പോൾ തന്നെ ക്യാമറയുമായി മധുരയിലെ തെരുവുകളിലേക്കിറങ്ങി. പുലർകാലവെളിച്ചത്തിൽ ജീവിതം പകർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ലഹരി.

അളഗനല്ലൂരിടെ ജല്ലിക്കെട്ട് മൈതാനവും ഗ്യാലറിയും പാളമേടിനെ അപേക്ഷിച്ച് കുറച്ചുകൂടി വലുതായിരുന്നു. മധുരയിൽ പലയിടങ്ങളിലും ചെറുതും വലുതുമായ കാളപ്പോരുകൾ നടക്കാറുണ്ടെങ്കിലും അളഗനല്ലൂർജല്ലിക്കെട്ടാണ് പ്രധാനമായും ലോകമറിഞ്ഞത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിച്ചേർന്ന ചാനലുകാരും ഫോട്ടോഗ്രാഫർമാരും മറ്റു പ്രമുഖരും പ്രത്യേകം തയ്യാറാക്കിയ ഗ്യാലറിയിൽ നിറഞ്ഞു. വർഷങ്ങളായി അവിടേക്ക് പടമെടുക്കാൻ എത്തിയിരുന്നതിനാൽ ആ നാട്ടിലെ പലരുമായും വിൻസന്റേട്ടന് അടുപ്പമുണ്ടായിരുന്നു. കേരളത്തിൽ നിന്നെത്തിയ ആരാധകരായ ചില ഫോട്ടോഗ്രാഫർമാർ അദ്ദേഹത്തിന്റെ അടുത്തുവന്ന് കുശലം പറയുകയും ഉപദേശം തേടുകയും ചെയ്യുന്നതും കണ്ടു. ആദ്യമായി ജെല്ലിക്കെട്ട് പകർത്താനെത്തിയവർക്ക് മികച്ച ചിത്രങ്ങൾ ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങൾ കാണിച്ചുകൊടുത്തു. അപകട സാധ്യതകളെക്കുറിച്ച് മുന്നറിപ്പുകൾ തന്നു. വിലപിടിപ്പുള്ള ക്യാമറകളുമായി എത്തിച്ചേർന്ന പുതു തലമുറക്കാർക്കിടയിൽ തന്റെ പഴയ ക്യാമറയുമായി അദ്ദേഹം വേറിട്ടുനിന്നു. 

പിന്നീടുള്ള രണ്ടു വർഷങ്ങളിലും ജെല്ലിക്കെട്ട് യാത്രകളിൽ ഞാനും നസറുവും തന്നെയായിരുന്നു വിൻസന്റേട്ടന്റെ കൂട്ട്. ഏറെ അപകടമുണ്ടെന്നറിഞ്ഞിട്ടും, മൈതാനത്തേക്കിറങ്ങി, അപകടകരമായ കാളകൾക്കരികെ, അവയെ പിടിച്ചടക്കാൻ പാടുപെടുന്ന ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചിത്രമെടുക്കാൻ പാടുപെടുന്ന വിൻസന്റേട്ടനെ ആശങ്കയോടെയാണ് നോക്കിനിന്നത്. ക്യാമറ കയ്യിലുണ്ടെങ്കിൽ അദ്ദേഹം സ്വയം മറക്കുന്നതിന് ചങ്കിടിപ്പോടെ സാക്ഷിയായി.

ട്രാക്കിൽനിന്ന് ഉത്രാളിക്കാവ്
വെടിക്കെട്ടിന്റെ അവസാന പടം…

ജല്ലിക്കെട്ടിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബക്കാരുടെ പരാതികളും മൃഗസ്നേഹികളുടെ സംഘടനയായ 'പെറ്റ' നൽകിയ ഹർജിയുമായപ്പോൾ സുപ്രീംകോടതി, തമിഴ് ദ്രാവിഡ ജീവിതത്തിന്റെ ഉൾക്കരുത്തിന്റെയും മെയ്ക്കരുത്തിന്റെയും അടയാളങ്ങളിലൊന്നായ ജെല്ലിക്കെട്ട് നിരോധിച്ചു. പിന്നീട്, തമിഴ് ജനത നടത്തിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവിൽ, കർശനമായ നിബന്ധനകളോടെ തുടരാമെന്നും ധാരണയായി. ജെല്ലിക്കെട്ട് മൈതാനത്തേക്ക് സാധാരണക്കാർക്ക് പ്രവേശനമില്ലാതായതോടെ മരണസംഖ്യയിൽ നന്നേ കുറവുണ്ടായത് വലിയ ആശ്വാസവുമായി.

ഗ്രാമീണ ജീവിതങ്ങളും ഉത്സവങ്ങളും ലക്ഷ്യമാക്കി ക്യാമറയുമായുള്ള വിൻസന്റേട്ടന്റെ യാത്രകൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. പലപ്പോഴും സുഹൃത്തുക്കളേയും കൂട്ടിയിരുന്നു. 2013- ലെ ഉത്രാളിക്കാവ് പൂരത്തിന് പക്ഷേ, അദ്ദേഹം തനിച്ചാണ് പോയത്. പലവട്ടം ആ പൂരക്കാഴ്ചകൾ പകർത്തിയതുമാണ്. എന്നാൽ, കൂടുതൽ മികച്ച ചിത്രങ്ങളും കഥകളുമായി വിൻസന്റേട്ടൻ എത്തുന്നത് കാത്തിരുന്ന സുഹൃത്തുക്കളെ തേടിയെത്തിയത് ഏറെ സങ്കടം നിറഞ്ഞ വാർത്തയും. ഉത്രാളിക്കാവ് പരിസരത്തെ റെയിൽവേ ട്രാക്കിൽ കയറിനിന്ന് വെടിക്കെട്ടിന്റെ ചിത്രമെടുക്കവെ ചീറിപ്പാഞ്ഞുവന്ന ഒരു ട്രെയിൻ അദ്ദേഹത്തെ തട്ടിത്തെറുപ്പിക്കുകയായിരുന്നു. കേരളം കണ്ട മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളെ, സ്വന്തം ജീവനേക്കാളേറെ ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ച ഒരാളുടെ ജീവിതം അന്ന് അവിടെ അവസാനിച്ചു. അദ്ദേഹത്തിന്റെ അവസാനചിത്രങ്ങൾ പതിഞ്ഞ ക്യാമറ ക്ഷേത്ര പരിസരത്തുനിന്ന് പിന്നീട് കണ്ടെടുത്തു. പല ദേശങ്ങളിൽ നിന്നായി നിരവധി ഫോട്ടോഗ്രാഫർമാർ അദ്ദേഹത്തെ അവസാനമായി യാത്രയാക്കാൻ കൊടുങ്ങല്ലൂരിലേക്ക് എത്തിച്ചേർന്നിരുന്നു.

വർഷങ്ങൾ പിന്നെയും കഴിഞ്ഞു.
വിൻസന്റേട്ടന്റെ പ്രിയപ്പെട്ട ഉത്സവങ്ങളും മറ്റും പലവട്ടം കടന്നുപോയി. ജെല്ലിക്കെട്ടിന് പലരും പോവാതെയായി. തമിഴ്‌നാട്ടിൽ നിന്നും മറ്റും അദ്ദേഹത്തെ തിരക്കി കൊടുങ്ങല്ലൂരിലേക്കെത്തിയിരുന്ന സുഹൃത്തുക്കളേയും കാണാതെയായി. പലരുടേയും വിളികളില്ലാതെയുമായി. എങ്കിലും, കാലങ്ങൾക്കുശേഷം പുന്നയൂർക്കുളത്തു നിന്ന് നസറു വിളിച്ചു. ഏറെ സംസാരിച്ചു. കാലംതെറ്റി കടന്നുപോയ വിൻസന്റേട്ടനെക്കുറിച്ചും പഴയ ജെല്ലിക്കെട്ട് യാത്രയെക്കുറിച്ചും പറഞ്ഞു. മനസ്സ് അന്നേരം വർഷങ്ങൾ മുൻപത്തെ തൃശൂർ ബസ് സ്റ്റാന്റിലേക്കൊന്നു പോയി, ഓർമകൾക്കുമുൻപിൽ മധുരയിലേക്കുള്ള പൊടിപിടിച്ച ബസ് വന്നുനിന്നു. 


കെ.ആർ. സുനിൽ

ഫോട്ടോഗ്രാഫർ. ഇന്ത്യയിലും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തി. ‘റെഡ് ഡിവോഷൻ', ‘വാനിഷിങ് ലൈഫ് വേൾഡ്‌സ്' തുടങ്ങിയ ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Comments