ജാതി- ലിംഗ വിവേചനങ്ങൾക്കെതിരായ സമരങ്ങളിലൂടെ മാത്രമേ വർഗ ഐക്യം സാധിക്കൂ എന്ന കാര്യം മാർക്​സിസ്​റ്റുകൾ പരിഗണിക്കണം

സവർണജാതി മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനെതിരെ രാജ്യവ്യാപകമായി ദലിതുമുന്നേറ്റങ്ങൾ നടക്കുന്ന സന്ദർഭത്തിലാണ് കൃഷ്ണപ്പിള്ള ദിനം ആചരിക്കുന്നത്. വർഗഐക്യം എന്നത് ജാതി അടിച്ചമർത്തലിനെതിരെയും ലിംഗപരമായ വിവേചനങ്ങൾക്കെതിരെയുമുള്ള സമരങ്ങളിലൂടെ കൂടിമാത്രമെ നേടിയെടുക്കാനാവൂ എന്ന കാര്യം മാർക്സിസ്റ്റുകൾ ഗൗരവമായി തങ്ങളുടെ പ്രയോഗങ്ങളിൽ പരിഗണിക്കണം.

പൽക്കരമായ ചരിത്രസന്ധികളിൽ ഏതൊരു ജനസമൂഹത്തിനും അതിജീവനസമരത്തിന്റെ ഊർജ്ജമേകുന്നത് മഹാവിപ്ലവകാരികളുടെയും ചരിത്രത്തെ മാറ്റിമറിച്ച മഹാസമരങ്ങളുടെയും സ്മരണകളാണ്. മലയാളിയുടെ സാമൂഹ്യ പുരോഗതിക്കും സ്വാതന്ത്ര്യത്തിനും സമത്വാഭിലാഷങ്ങൾക്കും തടസ്സമായി നിന്ന പ്രതിലോമപരമായ ഭൗതിക ജീവിത ബന്ധങ്ങളെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വ- ജന്മിത്വ വിരുദ്ധ സമരങ്ങളുടെയും ചരിത്രഗതിയെ നിർണയിച്ച ഇടപെടലുകളിലുടെയാണ് പി. കൃഷ്ണപിള്ളയെന്ന സഖാവും നേതാവും രൂപപ്പെടുന്നത്.

ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ആഹ്വാനം
ഹൃദയത്തിലേറ്റിയാണ് 1930ൽ കൃഷ്ണപിള്ള കോഴിക്കോട് എത്തുന്നത്.
മാതൃഭൂമിയിൽ സിവിൽനിയലംഘനത്തിന് സന്നദ്ധരായ വളണ്ടിയർമാരെ ക്ഷണിച്ചുകൊണ്ടുവന്ന കേളപ്പജിയുടെ പ്രസ്താവന കണ്ടാണ് കൃഷ്ണപിള്ള കോഴിക്കോട് ചാലപ്പുറത്തെ കോൺഗ്രസ് ഓഫീസിലെത്തുന്നത്.
ഇവിടെ നിന്നാരംഭിക്കുന്നു കൃഷ്ണപിള്ളയുടെ ത്യാഗപൂർണമായ സമരജീവിതവും കോൺഗ്രസിന്റയും കമ്യൂണിസ്റ്റു പാർടിയുടെയും സംഘാടനവും.

സഖാക്കളുടെ സഖാവാണ് കൃഷ്ണപിള്ള. കോമ്രേഡ് എന്ന ഇംഗ്ലീഷ് പദത്തെ അർത്ഥത്തിലും ആഴങ്ങളിലും അന്വർത്ഥമാക്കിയ ജീവിതമായിരുന്നു സഖാവിന്റേത്. വെറും 42 വർഷത്തെ ജീവിതകാലംകൊണ്ട് മലയാളിയുടെ സമരോത്സുകതയുടെയും സോഷ്യലിസ്റ്റ് വിപ്ലവ ബോധത്തിന്റെയും പ്രതീകമായി മാറാൻ കൃഷ്ണപിള്ളക്ക് കഴിഞ്ഞു. ബോൾഷേവിക് വപ്ലവ പ്രതീകം. വളരെ പ്രതികൂലവും വിഷമകരവുമായ ഒരു കാലഘട്ടത്തിലാണ് കൃഷ്ണപിള്ള ദേശീയപ്രസ്ഥാനത്തിലൂടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചേരുന്നത്.

ജാതിജന്മിത്വവും കൊളോണിയലിസവും ജീവിതം അസാധ്യമാക്കിതീർത്ത ഒരു കാലഘട്ടത്തിലാണ് പാവപ്പെട്ടവരുടെയും പണിയെടുക്കുന്നവരുടെയും സ്വതന്ത്രരാഷ്ട്രീയപ്രസ്ഥാനത്തെക്കുറിച്ചുള്ള അഗ്‌നിചിതറുന്ന ചിന്തകളുമായി കൃഷ്ണപിള്ള കേരളമാകെ ഓടിനടന്നത്. നവോത്ഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും അഗ്‌നിപഥങ്ങളിലൂടെ തൊഴിലാളിവർഗരാഷ്ട്രീയത്തിന്റെ മുൻനിര പോരാളിയായി മാറിയ അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവായി. 1930-കളിലെ മുതലാളിത്ത പ്രതിസന്ധിയുടെ ആഘാതങ്ങളേല്ക്കാത്ത സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മഹത്തായ മാതൃക കൃഷ്ണപിള്ളയും ഇ.എം.എസ് ഉൾപ്പെടെയുള്ള ഒരു തലമുറയെ കമ്യൂണിസത്തിലേക്ക് ആകൃഷ്ടരാക്കി.

എല്ലാ പ്രതികൂലതകളെയും വിഷമസന്ധികളെയും ഒളിവിലും തെളിവിലും തടവറയിലും നിന്ന് നേരിടുന്നതിന് സഖാക്കൾക്ക് മാർഗദർശനം നൽകിയ കൃഷ്ണപിള്ള പുരോഗമനാത്മകമായ രാഷ്ട്രീയപ്രവർത്തനം വിഷമകരമായിരുന്ന ഒരു കാലഘട്ടത്തിൽ ലെനിനിസ്റ്റ് സംഘടനാശൈലിയിലൂടെ കേരളത്തിലെ തൊഴിലാളികളെയും കൃഷിക്കാരെയും ഒരു സ്വതന്ത്രരാഷ്ട്രീയശക്തിയായി വളർത്തിടെയുക്കുകയായിരുന്നു. അതുകൊണ്ടൊക്കെയാണ് കൃഷ്ണപിള്ളയെ പലരും ‘കേരളത്തിന്റെ ഗ്രാംഷി’ എന്ന് വിശേഷിപ്പിച്ചത്. തൊഴിലാളിവർഗത്തിൽ നിന്ന് തന്നെ അതിന്റെ സൈദ്ധാന്തികവും സംഘടനാപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ബുദ്ധിജീവികൾ ഉയർന്നുവരുന്നതിനെയാണ് ഗ്രാംഷി ജൈവബുദ്ധിജീവികൾ എന്ന പരികൽപനയിലൂടെ വിശദീകരിച്ചത്.

നവലിബറൽ മൂലധനവും വർഗീയതയും ചേർന്ന് രാജ്യത്തിന്റെ മതനിരപേക്ഷതക്കും സ്വാശ്രയത്വത്തിനും പരമാധികാരത്തിനും വെല്ലുവിളി ഉയർത്തുന്ന, ഒരു ഫാസിസ്റ്റ് അധികാരത്തിലേക്ക് രാജ്യത്തെ തള്ളിവിടുമോയെന്ന ഉൽകണ്ഠകൾ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് കൃഷ്ണപിള്ളദിനം കടന്നുപോകുന്നത്. സോഷ്യലിസ്റ്റ് സ്വപ്നങ്ങളെ നെഞ്ചിലേറ്റുന്നവർ തീവ്രവലതുപക്ഷവൽക്കരണത്തി നെതിരെ ജാഗ്രതയോടെ നീങ്ങേണ്ട സമയമാണിത്. ആഗോളവൽക്കരണം സൃഷ്ടിച്ച സാമൂഹ്യബന്ധങ്ങളിലെ മാറ്റങ്ങളെയും പുതിയ വർഗധ്രുവീകരണങ്ങളെയും ജനങ്ങളുടെ ജീവിതവീക്ഷണങ്ങളിലും അഭിരുചികളിലും വന്ന പ്രതിലോമകരമായ മാറ്റങ്ങളെയും ഉപയോഗ പ്പെടുത്തിയാണ് തീവ്രവലതുപക്ഷരാഷ്ട്രീയം ജനമനസ്സുകളെ പിടിച്ചെടുക്കുന്നത്.

ചരിത്രത്തിന്റെ ഇത്തരം വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന സന്ദിഗ്ധതകളും ആശയക്കുഴപ്പങ്ങളും ഇടതുപക്ഷപ്രസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ഏറിയും കുറഞ്ഞും സ്വാധീനം ചെലുത്തിയേക്കാം. ദേശീയതയെ സാംസ്‌കാരിക സ്വത്വമായും വർഗബോധത്തെ മതബോധമായും മാറ്റിക്കൊണ്ടുകൊണ്ടാണ് നവഹിന്ദുത്വവാദവും മറ്റ് മതരാഷ്ട്രീയവും പുരോഗമനപ്രസ്ഥാനങ്ങൾക്ക് ഭീഷണി ഉയർത്തുന്നത്. സ:കൃഷ്ണപ്പിള്ള കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യബോധത്തിന്റെ വളർച്ചയെയും അതിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ചും പറഞ്ഞത് ഇന്ന് വളരെയേറെ പ്രസക്തമാണ്.

കമ്യൂണിസ്റ്റ് പാർട്ടി തിയ്യരെയും നായരെയും ക്രിസ്ത്യാനിയെയും മാപ്പിളയെയും മണൽ തൊഴിലാളിയും കയർതൊഴിലാളിയും പീടിക തൊഴിലാളിയെയും വർഗപരമായി സംഘടിപ്പിച്ചാണ് മതവർഗീയതയിൽ നിന്ന് പണിയെടുക്കുന്നവരെ മതേതരമായി ഒന്നിപ്പിച്ചതെന്നാണ് കൃഷ്ണപിള്ള പറഞ്ഞത്. മതവർഗീയത സൃഷ്ടിക്കുന്ന സങ്കുചിത വിഭജനങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനും തൊഴിലാളിവർഗ രാഷ്ട്രീയധാരയെ പ്രബലപ്പെടുത്താനും ഇന്ന് ഇതുതന്നെ വഴിയെന്ന കാര്യം പുരോഗമനശക്തികൾ തിരിച്ചറിയണം. ഇവിടെ, ഇന്ത്യൻ സാമൂഹ്യഘടനയിൽ ജാതിയും വർഗവും തമ്മിലുള്ള ബന്ധം സാമൂഹ്യ അടിച്ചമർത്തലിനെതിരെയും സാമ്പത്തിക ചൂഷണത്തിനുമെതിരെയുമായുള്ള പോരാട്ടത്തിന്റെ പാരസ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. വർഗഐക്യം എന്നത് ജാതി അടിച്ചമർത്തലിനെതിരെയും ലിംഗപരമായ വിവേചനങ്ങൾക്കെതിരെയുമുള്ള സമരങ്ങളിലൂടെ മാത്രമെ നേടിയെടുക്കാനാവൂ എന്ന കാര്യം മാർക്സിസ്റ്റുകൾ ഗൗരവമായി തങ്ങളുടെ പ്രയോഗങ്ങളിൽ പരിഗണിക്കണം. സവർണജാതി മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനെതിരെ രാജ്യവ്യാപകമായി ദലിതുമുന്നേറ്റങ്ങൾ നടക്കുന്ന സന്ദർഭത്തിലാണ് കൃഷ്ണപ്പിള്ള ദിനം ആചരിക്കുന്നത്.

കൃഷ്ണപിള്ളയുടെ സമരോത്സുകവും ലളിതവുമായ ജീവിതം കമ്യൂണിസ്റ്റ് വിപ്ലവമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അനഭിലഷണീയവും ജനങ്ങളിൽ നിന്നു അകന്നുപോകുന്നതുമായ നാനാവിധപ്രവണതകൾ കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഇന്നത്തെ കാലത്ത് കൃഷ്ണപിള്ളയിൽ നിന്ന്​ നാം ഏറെ പഠിക്കേണ്ടതുണ്ട്. 23-ാം പാർട്ടി കോൺഗ്രസും കൽക്കത്താ പ്ലീനവും നിർദ്ദേശിക്കുന്ന തരത്തിൽ പാർട്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ ദൃഡീകരിയ്ക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകുകയാണ്.

ഏത് പ്രവൃത്തിയും ഏറ്റെടുത്തുചെയ്യാനുള്ള കമ്യൂണിസ്റ്റ് സന്നദ്ധതയുടെ ആൾരൂപമായിരുന്നു സഖാവ്. കൃഷ്ണപിള്ളയുടെ ജനകീയവും ലളിതവുമായ കമ്യൂണിസ്റ്റ് ജീവിത ശൈലിയെക്കുറിച്ച് ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. ടി.എസ്.തിരുമുമ്പിന്റെ സഹോദരനായ ഹരീശരൻ തിരുമുമ്പിന്റെ മകൻ ഉണ്ണികൃഷ്ണൻ നമ്പ്യാർ കൃഷ്ണപിള്ളയെക്കുറിച്ചുള്ള ഒരോർമ്മ ഇതെഴുതുന്ന ആളുമായി ഒരിക്കൽ പങ്കുവെക്കുകയുണ്ടായി.

1940-കളിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയുടെ ഒടുവിൽ വൈക്കത്ത് ക്ഷേത്രദർശനത്തിനെത്തിയ അവസരത്തിൽ സഖാവ് കൃഷ്ണപിള്ള അന്നു വൈകുന്നേരം വൈക്കം ബോട്ടുജെട്ടിയിൽ പ്രസംഗിക്കുന്ന ഒരു ബോർഡ് കണ്ടു. കൃഷ്ണപിള്ളയെ പരിചയമുള്ള തിരുമുമ്പ് കുടുംബം കൃഷ്ണപിള്ളയുടെ പ്രസംഗം കേട്ടിട്ട് മടക്കമാകാമെന്ന് തീരുമാനിച്ചു. പൊതുയോഗം നടക്കുന്ന ബോട്ടുജെട്ടി അന്വേഷിച്ച് അവിടെയെത്തിയ ഉണ്ണികൃഷ്ണൻ നമ്പ്യാരും സഹോദരങ്ങളും സ്റ്റേജ് പണിതുകൊണ്ടിരിക്കുന്ന സഖാക്കളോട് കൃഷ്ണപിള്ള സ്ഥലത്തെത്തിയോ എന്നന്വേഷിച്ചു. അപ്പോഴാണ് അതിലൊരാൾ സ്റ്റേജിന്റെ കാലുകുഴിച്ചിടാനായി കുഴിയെടുത്തുകൊണ്ടിരിക്കുന്ന ഒരു തലേക്കെട്ടുകാരനെ ചൂണ്ടി, അതാ അവിടെ കൃഷ്ണപിള്ള എന്നുപറയുന്നത്. അല്പം അവിശ്വാസത്തോടെയാണെങ്കിലും അടുത്തുചെന്ന് അത് കൃഷ്ണപിള്ളയാണെന്ന് അവർ തിരിച്ചറിഞ്ഞു! അതാണ് സഖാവ്. കൃഷ്ണപിള്ള പ്രസംഗിക്കുന്ന വേദി കൃഷ്ണപിള്ള തന്നെ കെട്ടിയുണ്ടാക്കുന്ന ആ സംഭവം എന്താണ് കാണിക്കുന്നത്. പാർട്ടി പ്രവർത്തകർ എത്ര ഉന്നതസ്ഥാനത്തിരിക്കുന്ന ആളാണെങ്കിലും ഏതുജോലിയും ചെയ്യാൻ സന്നദ്ധമായിരിക്കണമെന്ന മഹാസന്ദേശമാണ് നൽകുന്നത്. ആഗോളവൽക്കരണം സൃഷ്ടിക്കുന്ന സങ്കീർണതകളെ ആഴമേറിയ രാഷ്ട്രീയബോധംകൊണ്ടും ലളിതമായ ജീവിതംകൊണ്ടും നമുക്ക് അതിജീവിക്കാനാവണം.

നിയോലിബറലിസവും വർഗീയതയും ചേർന്ന് വർധിതമാക്കുന്ന ഉപഭോഗാസാക്തിക്കും സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ പുരുഷാധിപത്യവരേണ്യ മൂല്യങ്ങൾക്കുമെതിരായ സമരത്തിൽ കൃഷ്ണപിള്ളയുടെ ജീവിതവും നമുക്ക് മാതൃകയാവേണ്ടതുണ്ട്​. 1940കളിലെ കോഴിക്കോട്ടെ കമ്യൂൺ ജീവിതത്തിലൂടെ കമ്യൂണിസ്റ്റു ജീവിതമാതൃകയുടെ സമരോത്സുക പരീക്ഷണങ്ങളടക്കം നമുടെ ജീവിതത്തിന്റെ കുടുംബടമടക്കമുള്ള സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളിൽ നടത്തേണ്ട ബോധപൂർവ്വമായ ആശയസമരത്തിന്റെയും ജനാധിപത്യവൽക്കരണത്തിന്റെയും അനുഭവങ്ങളെ സ്വാംശീകരിക്കേണ്ടതുണ്ട്​. സ്വയം മാറാതെ സമൂഹത്തെ മാറ്റാനും അധീശത്വപ്രത്യയശാസ്ത്രങ്ങൾക്കെതിരെ തൊഴിലാളിവർഗ്ഗവിപ്ല കാരികൾക്ക് ജനങ്ങളിൽ പ്രത്യധീശത്വബോധം നിർമിച്ചെടുക്കാനും ആകില്ല.

Comments