ഖത്തറിലെ സൂക്ക് വഖ്വിഫിന് സമീപം / ഖത്തർ ആഭ്യന്തര മന്ത്രാലയം ഫേസ്​ബുക്കിൽ പോസ്​റ്റു ചെയ്​ത ചിത്രം

കോവിഡുകാല ഗൾഫ്​

എണ്ണയിതര മേഖലകളിൽ എത്ര തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നതിനെയും അതിലെത്ര ശതമാനം വിദേശികൾക്ക് നൽകുമെന്നതിനെയും ആശ്രയിച്ചായിരിക്കും ഭാവിയിൽ മലയാളിയുടെ അവസരങ്ങൾ.

കോവിഡിനെ മെരുക്കാൻ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി യൂറോപ്പും അമേരിക്കയുമൊക്കെ പെടാപ്പാട് പെടുമ്പോൾ ഗൾഫ് രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ്. ആവശ്യമായ മുൻകരുതലെടുത്ത് കോവിഡിനൊപ്പം ജീവിക്കാൻ തീരുമാനിച്ചുറച്ചതിന്റെ പ്രതിഫലനം ഗൾഫിൽ എല്ലാ മേഖലകളിലും കാണാം. വ്യാപകമായ ടെസ്റ്റിംഗ്, മാസ്‌ക് ധാരണം, സാമൂഹിക അകലം തുടങ്ങിയവയിലൂടെ ഗൾഫ് രാജ്യങ്ങൾക്ക് കോവിഡിനെ നിയന്ത്രിക്കാനായി. ഇതിനു പുറമെ വാക്സിനേഷൻ നടത്താനുളള നടപടി ക്രമങ്ങൾക്കും മിക്ക ഗൾഫ് രാജ്യങ്ങളും തുടക്കമിട്ടുണ്ട്. ഇതെല്ലാം കോവിഡ് കാലത്തെ സുരക്ഷിത മേഖലയായി ഗൾഫിനെ മാറ്റുകയാണ്.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രി ഡോ. തൗഫീക്ക്​ അൽ റബീഅ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നു

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറത്തു വന്ന വാർത്തകൾ ഏറെ ആശങ്കയുണർത്തുന്നതായിരുന്നു. ആദ്യ ഘട്ടത്തിൽ കോവിഡു മൂലമുളള മലയാളികളുടെ ദുരിത കഥകൾ കൂടുതൽ കേട്ടത് ഗൾഫിൽ നിന്നായിരുന്നു. ഗൾഫിൽ കോവിഡ് പടർന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇന്ത്യയും കേരളവും സുരക്ഷിത പ്രദേശങ്ങളായിരുന്നു. സുരക്ഷിതമായ നാട്ടിലേക്ക് തിരിക്കാൻ ജോലി നഷ്ടമായവരും രോഗഭയമുളളവരും ആഗ്രഹിച്ചപ്പോൾ വിമാന സർവീസ് ഇല്ലാതിരുന്നത് ആശങ്ക വർദ്ധിപ്പിച്ചു. മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങളിൽ തിരിച്ചു കൊണ്ടു പോകുകയും നാട്ടിലേക്ക് പറക്കാൻ വഴിയില്ലാതാവുകയും ചെയ്തതാണ് മലയാളി പ്രവാസികളിൽ ഉത്കണ്ഠയുണ്ടാക്കിയത്. ആ ഉത്കണ്ഠ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരം പ്രവാസികൾ പങ്കുവെച്ചു. അങ്ങനെയാണ് "വന്ദേഭാരത് മിഷൻ' എന്ന പേരിൽ കേന്ദ്ര സർക്കാർ ഇന്ത്യയിലേക്ക് വിമാന സർവീസിന് തുടക്കമിട്ടത്. ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി നൽകി. എന്നാൽ കുറച്ചാഴ്ചകൾ പിന്നിട്ടപ്പോൾ നാട്ടിലേക്കുളള വിമാനങ്ങളിൽ വേണ്ടത്ര യാത്രക്കാരില്ലാതായി. ചാർട്ടേഡ് വിമാനങ്ങൾ പ്രഖ്യാപിച്ചിരുന്ന പല സംഘടനകൾക്കും അത് പിൻവലിക്കേണ്ടി വന്നു. ജൂൺ മാസമായതോടെ നാട്ടിൽ നിന്ന് ഗൾഫിലേക്ക് വിമാന സർവീസ് വേണമെന്ന ആവശ്യമുയർന്നു. സോഷ്യൽ മീഡിയ ക്യാമ്പയിനിങിലൂടെ പ്രവാസികൾ ആവശ്യം ശക്തമാക്കിയപ്പോൾ എയർ ബബിൾ കരാറിലൂടെ ഗൾഫിലേക്ക് വിമാനങ്ങൾ പറന്നു തുടങ്ങി. നാട്ടിൽ നിന്ന് ഗൾഫിലേക്ക് വരുന്ന വിമാനങ്ങളിലാണിപ്പോൾ തിരിച്ചുളളവയേക്കാൾ യാത്രക്കാരുളളത്.

കെ.ടി നൗഷാദും ഭാര്യ സുരഭിയും ബഹ്‌റൈനിലെ മുഹറഖ്​ ഹെൽത്ത്​ സെൻററിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം. ബഹ്​റൈനിൽ ഡിസംബർ 16നാണ്​ വാക്​സിനേഷൻ തുടങ്ങിയത്​

ലോകമാകെ വ്യാപിച്ച കോവിഡ് ഗൾഫിലെ എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ അതിനെ അതിവേഗം മറികടക്കാനുളള ഉദ്യമത്തിൽ ഗൾഫ് രാജ്യങ്ങൾ വളരെ മുന്നിലാണ്. യു.എ.ഇ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വിനോദ സഞ്ചാര മേഖല വരെ തുറന്നു കഴിഞ്ഞു. വിസയില്ലാതെ ഒമാൻ സന്ദർശിക്കാം എന്ന ഓഫർ നൽകിയാണ് ഒമാൻ കോവിഡ് കാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ക്വാറന്റീനുമൊന്നുമില്ലാതെ ഒമാൻ സന്ദർശിക്കാം. ഒമാനും ബഹ്റൈനും വിമാനത്താവളത്തിൽ പി.സി. ആർ ടെസ്റ്റിനുളള സൗകര്യമൊരുക്കിയാണ് ക്വാറന്റീൻ നിബന്ധന ഒഴിവാക്കിയിട്ടുളളത്. 12 മണിക്കൂറിനകം പുറത്തു വരുന്ന ഫലം നെഗറ്റീവാണെങ്കിൽ യാത്രക്കാർക്ക് ക്വാറന്റീനില്ലാതെ രാജ്യത്ത് കറങ്ങാം. ഗൾഫ് രാജ്യങ്ങൾ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും യാത്ര ചെയ്യുന്നതിനുളള നിയന്ത്രണങ്ങൾ കുറച്ചത് വ്യവസായ-വാണിജ്യാവശ്യങ്ങൾക്കാവശ്യങ്ങൾക്കായി ഗൾഫ് മേഖലയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കോവിഡിനെതിരെയുളള വാക്സിനേഷൻ ആരംഭിക്കുന്നതോടെ എല്ലാ മേഖലയിലും ഉണർവുണ്ടാകുമെന്നാണ് കരുതുന്നത്. ബഹ്റൈൻ സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകാനായി രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. യു.എ.ഇ , സൗദി അറേബ്യ, കുവൈത്ത് തുടങ്ങി രാജ്യങ്ങളും രജിസ്ട്രേഷൻ തുടങ്ങിയത് മേഖലക്ക് പുതിയ ഉണർവാണ് നൽകുന്നത്.

കുവെെത്തിലെ പാർലമെൻററി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയവരുടെ ഊഷ്​മാവ്​ പരിശോധിക്കുന്നു

വിവിധ നടപടികളിലൂടെ കോവിഡു ബാധിതരുടെ എണ്ണം കുറച്ച് സാധാരണ ജനജീവിതവും വ്യവസായ വാണിജ്യാന്തരീക്ഷവും തിരിച്ചു കൊണ്ടു വരാൻ ഗൾഫ് രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളാണ് മുകളിൽ പരമാർശിച്ചത്. അതേ സമയം ലോകത്താകമാനം കോവിഡ് ഏൽപ്പിച്ച ആഘാതം ഗൾഫിനെയും പല രൂപത്തിൽ ഞെരുക്കുന്നുണ്ട്. എണ്ണ വിലയിടിവുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കോവിഡിന്റെ വരവോടെ തീവ്രമായിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിലെ പല സർക്കാർ പദ്ധതികളും നീട്ടിവെക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തത് വ്യവസായമേഖലയെയും തൊഴിൽ മേഖലയെയും സാരമായി ബാധിക്കും. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലുകൾ വെട്ടിക്കുറക്കുന്നത് മലയാളി പ്രവാസികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണ്. ഇത് മൂലം തൊഴിൽ നഷ്ടമായവരും ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരുമായ ധാരാളം മലയാളികൾ ഗൾഫിലുണ്ട്. ഇതിലൊരു വിഭാഗമാണ് നാട്ടിലേക്ക് മടങ്ങിയത്. മെയ്് മുതലുളള കണക്കനുസരിച്ച് ഏതാണ്ട് നാല് ലക്ഷം പേർ കേരളത്തിലേക്ക് മടങ്ങി. ഇതിൽ പകുതിയോളം പേർ ജോലി നഷ്ടമായവരാണ്. ഭക്ഷണശാലകൾ, സലൂൺ, ജിംനേഷ്യം, ടാക്സി തുടങ്ങിയവയിൽ ജോലി ചെയ്തിരുന്ന മടങ്ങിപ്പോയ പലർക്കും ഇപ്പോൾ തിരിച്ചു വരാനായി എന്നത് ആശ്വാസകരമാണെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താൻ സമയമെടുക്കും. എണ്ണവരുമാനത്തിന്റെ കുറവ് നികത്താൻ നിക്ഷേപങ്ങളുടെയും വ്യവസായങ്ങളുടെ വൈവിദ്ധ്യവത്കരണത്തിന് ഗൾഫ് രാജ്യങ്ങൾ നേരത്തെ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. കോവിഡ് ഈ പദ്ധതികൾക്ക് പുതിയ ദിശ നൽകിയേക്കും. ഡിജിറ്റലൈസേഷൻ, ലോജിസ്റ്റിക് തുട
ങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങൾ. കോവിഡ് കാലത്ത് ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും വിതരണവും ഉറപ്പു വരുത്താൻ കുവൈത്തിന്റെ നിർദ്ദേശത്തിൽ തുടങ്ങിയ സംയുക്ത ഭക്ഷ്യ വിതരണ ശൃംഖല, ലോജിസ്റ്റിക് രംഗത്ത് ജി.സി.സി രാജ്യങ്ങളുടെ കോവിഡ് കാല പരീക്ഷണമാണ്. എണ്ണയിതര മേഖലകളിൽ എത്ര മാത്രം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നതിനെയും അതിലെത്ര ശതമാനം വിദേശികൾക്ക് നൽകുമെന്നതിനെയും ആശ്രയിച്ചായിരിക്കും ഭാവിയിൽ മലയാളിയുടെ അവസരങ്ങൾ.

കോവിഡ്​ പ്രതിരോധപ്രവർത്തനത്തിൽ ദുബൈ പൊലീസ്

അതേ സമയം കോവിഡ് സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുകയാണെന്ന നിരീക്ഷണം ജി.സി.സി രാജ്യങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൽ ശരി വെക്കുന്നില്ല. മാത്രമല്ല, സ്വദേശിവത്കരണം മന്ദഗതിയിലാക്കാനാണ് കോവിഡ് കാരണമായിട്ടുളളത്. ബഹ്റൈനിൽ വൈദ്യുത മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണം കോവിഡോടെ നീട്ടിവെച്ചു. സൗദി അറേബ്യ വിദേശ തൊഴിലാളിൾക്ക് ഗുണകരമാകും വിധം സ്പോൺസർഷിപ്പ് നിയമം പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചു. ബഹ്റൈനിലെ പോലെ ഖത്തറിലും സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാമെന്ന നിയമം നിലവിൽ വന്നു. യു.എ.ഇയിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥതയിൽ കമ്പനി തുടങ്ങാൻ അനുമതി നൽകി കൊണ്ടുളള ഉത്തരവുണ്ടായതും കോവിഡ് കാലത്താണ്. ബഹ്റൈനിലും ഒമാനിലും നേരത്തെ ഈ സൗകര്യമുണ്ട്. വിദേശ നിക്ഷേപത്തിന്റെയും വിദേശ തൊഴിലാളികളുടെയും കാര്യത്തിൽ തുറന്ന സമീപനമായിരിക്കുമെന്നാണ് ഗൾഫ് രാജ്യങ്ങളുടെ ഈ പ്രഖ്യാപനങ്ങൾ വെളിവാക്കുന്നത്.

ഗൾഫിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം കേന്ദ്രസർക്കാരിന്റെ അവഗണനയുടെ ആഴം മനസ്സിലാക്കാനുളള കാലം കൂടിയായിരുന്നു. എല്ലാ കാലത്തും അവഗണിക്കപ്പെടുന്ന പ്രവാസ സമൂഹത്തെ ദുരിത കാലത്തെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്. ദുരിത സമയത്തു നാട്ടിലേക്ക് തിരിക്കേണ്ടി വന്ന പ്രവാസികൾക്ക് മാന്യമായ നിരക്കിൽ ടിക്കറ്റ് ഉറപ്പാക്കിയില്ലെന്ന് മാത്രമല്ല കൊളളയടിക്കുന്ന സമീപനമാണ് സർക്കാരിൽ നിന്നും എയർ ഇന്ത്യയിൽ നിന്നുമുണ്ടായത്. ഗൾഫിലേക്കുളള നിയന്ത്രിത സർവീസ് തുടങ്ങിയപ്പോഴാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ചുഷണം ചെയ്യപ്പെട്ടത്. സാധാരണ നിരക്കായ പത്തായിരത്തിന് പകരം 50,000 രൂപയോളം പ്രവാസികൾക്ക് ടിക്കറ്റിനായി നൽകേണ്ടി വന്നു. പ്രവാസികളുടെ വിയർപ്പിൽ നിന്ന് സ്വരൂപിച്ചിട്ടുളള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് അർഹരായ പ്രവാസികൾക്ക് ടിക്കറ്റ് നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന പ്രവാസികളുടെ ആവശ്യവും സർക്കാർ ചെവി കൊണ്ടില്ല. കോടി കണക്കിന് രൂപ എംബസികളിൽ കെട്ടി കിടക്കുമ്പോഴാണ് സർക്കാരിന്റെ ഈ സമീപനം. ഗൾഫ് രാജ്യങ്ങൾ നൽകിയ ചില ആനുകുല്യങ്ങളും സന്നദ്ധ സംഘടനകളുടെ സഹായവുമാണ് മാസങ്ങളോളം വരുമാനമില്ലാത്ത തൊഴിലാളികൾക്ക് ആശ്വാസമായത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് വരുന്ന പ്രവാസികൾ വിമാനത്തിൽ

വിമാന സർവീസ് നിർത്തി വെച്ചതു മൂലം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന പ്രവാസികളെ അഭ്യർത്ഥന പോലും വൈകിയാണ് കേന്ദ്രം കേട്ടത്. "വന്ദേഭാരത് മിഷൻ' വിമാനങ്ങൾ തുടങ്ങിയെങ്കിലും ആവശ്യത്തിന് സർവീസുകൾ ഏർപ്പെടുത്താതെ പിന്നെയും പ്രവാസികളെ വലച്ചു. 1990-ൽ ഗൾഫ് യുദ്ധകാലത്ത് രണ്ട് മാസം നിർത്താതെ അമ്മാൻ എയർപോർട്ടിൽ നിന്ന് സർവീസ് നടത്തി രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ചരിത്രമുളള എയർ ഇന്ത്യയെ അല്ല കോവിഡ് കാലത്ത് പ്രവാസികൾ കണ്ടത്.

ഇന്ത്യയിലേക്ക് വരുന്ന പ്രവാസി പണത്തിന്റെ പകുതിയലധികവും അയക്കുന്ന ഗൾഫിലെ പ്രവാസികളോടുളള അവഗണന ഈ സർക്കാരിന്റെ കാലത്ത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. വിദേശ ഇന്ത്യക്കാർക്ക് തപാൽ വോട്ട് സൗകര്യം ഒരുക്കുമ്പോൾ അതിൽ നിന്ന് ഗൾഫിലുളള പ്രവാസികളെ ഒഴിവാക്കാനുളള വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം ഒടുവിലത്തെ ഉദാഹരണം മാത്രം. ദുരിത കാലത്തുളള സഹായത്തിന് മാത്രമല്ല പൗരനെന്ന നിലയിൽ കിട്ടേണ്ട അവകാശത്തിനും ഗൾഫ് പ്രവാസി അർഹനല്ലെന്ന സന്ദേശമാണോ സർക്കാർ ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. രണ്ടേ കാൽ ലക്ഷം കോടി രൂപയിലധികമാണ് ഗൾഫിലെ പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യയുടെ റവന്യു വരുമാനത്തിന്റെ 12 ശതമാനത്തോളവും ജി.ഡി.പിയുടെ (മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ) രണ്ട് ശതമാനത്തോളവും സംഭാവന ചെയ്യുന്ന വിഭാഗമാണ് നിരന്തരം അവഗണിക്കപ്പെടുന്നത്. ▮

Comments