കുളമാവിലെ ജയൻ

തച്ചോളി അമ്പുവിൽ ഡബിൾ റോളിൽ അഭിനയിച്ചിരുന്ന ജയന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ ചെറിയ കുട്ടിയെ തപ്പി സിനിമാക്കാർ കുളമാവിലെ എന്റെ വീട്ടിലെത്തി. ഡാമിൽ ചിത്രീകരിക്കുന്ന രംഗമാണെന്നും കൂടെ ജയൻ ഉണ്ടാവുമെന്നും, മുതലയുമായുള്ള ഒരു മൽപ്പിടുത്തം ഉണ്ടാവുമെന്നും അവർ അച്ഛനോട് പറഞ്ഞു. ശരിക്കുമുള്ള മുതല അല്ലെന്നും സ്‌പോഞ്ചു മുതലയാണെന്നും പറഞ്ഞിട്ടും അച്ഛൻ എന്നെ അവർക്ക് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞാൻ വെള്ളത്തിൽ വീണുപോകുമോ, ജീവഹാനി സംഭവിക്കുമോ എന്ന് അച്ഛൻ ഭയന്നു. എന്നെ എന്തുകൊണ്ട് ജയനായി അഭിനയിക്കാൻ സിനിമാക്കാർക്ക് വിട്ടുകൊടുത്തില്ല എന്നു ചോദിച്ച് പിന്നീട് പലപ്പോഴും ഞാൻ അച്ഛനോടുമമ്മയോടും കലഹിച്ചിട്ടുണ്ട്... മലയാളികളുടെ ഹരമായിരുന്ന നടൻ ജയൻ മരിച്ച് 40 വർഷം തികയുമ്പോൾ, ആ താരാരാധനയുടെ വേറിട്ട ഒരനുഭവം പങ്കിടുകയാണ്, ചിത്രകാരൻ കൂടിയായ ലേഖകൻ

കാലം എഴുപത് അവസാനം. നവോദയയുടെ ആദ്യ സിനിമാസ്​കോപ്പ്​ ചിത്രമായ തച്ചോളി അമ്പുവും കടത്തനാട്ട് മാക്കവും ചിത്രീകരിച്ചത് ഇടുക്കിയിലെ പ്രകൃതിസുന്ദരമായ സ്ഥലമായ കുളമാവിൽ വച്ചാണ്. ഞാൻ ജനിച്ചു വളർന്ന സ്ഥലം. ഏതാനും മാസങ്ങൾ കൊണ്ട് സിനിമകൾ രണ്ടും ചിത്രീകരിച്ചു.

അന്ന് കുളമാവിൽ ഉത്സവ പ്രതീതിയാണ് ഉണ്ടായിരുന്നത്. അന്നത്തെ പല പ്രശസ്ത താരങ്ങളും കുളമാവിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ (IB) വന്ന് താമസിച്ചു. അതിൽ പ്രധാന താരമായിരുന്നു ജയൻ. പിന്നീട് എന്റെ ചേട്ടന്മാർ പറഞ്ഞ കാര്യങ്ങളിലൂടെയാണ് ജയൻ എന്ന പ്രതിഭാസത്തെക്കുറിച്ച് ഞാൻ അറിയുന്നത്.

തച്ചോളി അമ്പുവിൽ ഡബിൾ റോളിൽ അഭിനയിച്ചിരുന്ന ജയന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഒരു ചെറിയ കുട്ടിയെ തപ്പി സിനിമാക്കാർ കുളമാവിലെ പല വീടുകൾ കയറിയിറങ്ങി. ആരെയും കിട്ടിയില്ല. അവസാനം അവർ ഞങ്ങളുടെ വീട്ടിൽ എത്തി. ഡാമിൽ ചിത്രീകരിക്കുന്ന രംഗമാണെന്നും കൂടെ ജയൻ ഉണ്ടാവുമെന്നും, മുതലയുമായുള്ള ഒരു മൽപ്പിടുത്തം ഉണ്ടാവുമെന്നും അവർ അച്ഛനോട് പറഞ്ഞു.

'ദേവപ്രകാശിന്റെ കുട്ടിക്കാലം. തച്ചോളി ​​​​​ അമ്പുവിൽ ജയന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ

പറ്റിയ കുട്ടിയെ തിരഞ്ഞ് സിനിമാക്കാർ ദേവപ്രകാശിന്റെ വീട്ടിലെത്തിയ കാലത്തെ പടം

ശരിക്കുള്ള മുതല അല്ലെന്നും സ്‌പോഞ്ചു മുതലയാണെന്നും പറഞ്ഞിട്ടും അച്ഛൻ എന്നെ അവർക്ക് വിട്ടുകൊടുക്കാൻ തയ്യാറായില്ല. പേടിയായിരുന്നു കാരണം. ഞാൻ വെള്ളത്തിൽ വീണുപോകുമോ, ജീവഹാനി സംഭവിക്കുമോ എന്ന് അച്ഛൻ ഭയന്നു.

എസ്. കൊന്നനാട്ട് എന്ന പ്രശസ്ത കലാസംവിധായകനാണ് ഒറിജിനലിനെ വെല്ലുന്ന രീതിയിൽ സ്‌പോഞ്ചിൽ മുതലയെ ഉണ്ടാക്കിയത്. എനിക്ക് പകരം ജയന്റെ മകനായി അഭിനയിക്കാൻ പിന്നീട് നറുക്ക് വീണത് എന്റെ സഹപാഠിയും കൂട്ടുകാരനുമായ ജിജി മോനാണ്. അവനെ അവർ അതിലേക്കായി തെരഞ്ഞെടുത്തു. അവൻ ഇപ്പോൾ തൊടുപുഴയിൽ അധ്യാപകനായി ജോലി ചെയ്യുന്നു.

എന്നെ എന്തുകൊണ്ട് ജയനായി അഭിനയിക്കാൻ സിനിമാക്കാർക്ക് വിട്ടുകൊടുത്തില്ല എന്നു ചോദിച്ച് പിന്നീട് പലപ്പോഴും ഞാൻ അച്ഛനോടുമമ്മയോടും കലഹിച്ചിട്ടുണ്ട്.

കുളമാവിലെ ഡാമിന് സമീപമുള്ള ഒരു കുന്നിലാണ് തച്ചോളി അമ്പുവിന്റെ സെറ്റ് ഇട്ടിരുന്നത്. ആ കുന്ന് പിന്നീട് ‘ഷൂട്ടിംഗ് മല' എന്ന പേരിലറിയപ്പെട്ടു. മനോഹരമായ പടുകൂറ്റൻ കൊട്ടാരസെറ്റാണ് എസ്. കൊന്നനാട്ട് അവിടെ ഇട്ടത്. ഷൂട്ടിംഗ് കഴിഞ്ഞു പോയിട്ടും അതിന്റെ അവശിഷ്ടങ്ങൾ അവിടെ കാണാമായിരുന്നു.

മിക്കപ്പോഴും ജയൻ സെറ്റിലേക്ക് അഭിനയിക്കേണ്ട വേഷത്തിൽ കുതിരപ്പുറത്ത് കയറി ഞങ്ങളുടെ വീടിനടുത്തുള്ള ബണ്ടിൻ പുറം എന്നറിയപ്പെടുന്ന റോഡിലൂടെ സഹായികൾക്കൊപ്പം പൊടിപറത്തി പാഞ്ഞു പോകുമായിരുന്നു - ചേട്ടൻ പറഞ്ഞു. കാറുണ്ടായിട്ടും അതിൽ പോകുകയില്ല. സാഹസികത ആയിരുന്നല്ലോ ജയന്റെ മുഖമുദ്ര.

ഷീലയോടും, ഉണ്ണിമേരിയോടും, ജയഭാരതിയോടും സദാസമയവും സംസാരിച്ചുകൊണ്ട് സെറ്റിൽ ഇരിക്കാറുള്ള ജയനെ കുളമാവിലെ യുവാക്കൾ അസൂയയോടെ നോക്കിനിന്നു. ജയനെയും ഉണ്ണിമേരിയേയും കാണാൻ കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ കുളമാവിലേക്ക് ഒഴുകിയെത്തി.

കസേരയിൽ ശാന്തനായി ഇരിക്കുന്ന ജയന്റെ അടുക്കൽ കുട്ടികൾ എത്തുമായിരുന്നു. ജയൻ അവർക്ക് കടലയും, ബിസ്‌കറ്റും നൽകി. വീട്ടുവിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി. നസീറിന്റെ അടുത്തേക്ക് അധികം ആൾക്കാർക്ക് പ്രവേശനമില്ലായിരുന്നു.

കനേഡിയൻ സായിപ്പന്മാരുടെ ഡ്രൈവറായിരുന്ന എന്റെ അച്ഛൻ ജോസഫ് ഫിലിപ്പ് ഒരു ദിവസം കുഞ്ഞായിരുന്ന എന്നെയും, എന്റെ ചേട്ടന്മാരെയും അമ്മയേയും കൂട്ടി ‘ഇംബാല'കാറിൽ (ഇന്നത്തെ മെഴ്‌സിഡസ് ബെൻസ് എന്നുപറയാം) തച്ചോളി അമ്പുവിന്റെ ലൊക്കേഷനായ ഷൂട്ടിംഗ് മലയിൽ ചെന്നു. ഇംബാലയിൽ വന്ന കുടുംബത്തിന്റെ ആവശ്യം താരങ്ങളെ കാണണം എന്നതായിരുന്നു.

കനേഡിയൻ സർക്കാരിന്റെ (എസ്.എൻ.സി ലാവലിൻ) ജീവനക്കാരനായതിനാൽ അച്ഛന് അവിടെ കുറച്ച് സ്വാധീനമുണ്ടായിരുന്നു. ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ഒരു കസേരയിൽ വെളുത്തു സുമുഖനായ ഒരാൾ ഇരിക്കുന്നു. ഒരാൾ വന്ന് ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അന്ന് ഞാൻ നേർച്ചയ്ക്കായി മുടി നീട്ടിവളർത്തിയിരുന്ന കാലമായിരുന്നു. സുമുഖനായ ആ നടൻ അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞായ എന്റെ നേർക്ക് ഒരു കുല പച്ചനിറമുള്ള മുന്തിരി നീട്ടി. അതുവരെ മുന്തിരി കണ്ടിട്ടില്ലാത്ത ഞാൻ ആർത്തിയോടെ അതിൽ പിടിമുറുക്കി നെഞ്ചോട് ചേർത്തു പിടിച്ചു. അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞു; ‘മോനേ ഇതാണ് പ്രേംനസീർ'.

നസീറിനടുത്ത് കുറച്ച് ഇരുണ്ട നിറത്തിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു. അത് ജയനായിരുന്നു എന്ന് പിന്നീട് ചേട്ടൻമാർ എന്നോട് പറഞ്ഞു. അന്ന് നസീറായിരുന്നല്ലോ സൂപ്പർസ്റ്റാർ!

എന്റെ ചേട്ടൻ പറഞ്ഞത് ഓർക്കുന്നു: ഒരിക്കൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ഷൂട്ടിംഗ് കാണാൻ കുറച്ച് കോളേജ് കുമാരന്മാർ ഷൂട്ടിംഗ് മലയിലെത്തി. അതിൽ ഒരുവൻ പന്തയം വെച്ച് ഉണ്ണിമേരിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ആകെ ബഹളമായി. അഭിനയിക്കാൻ നിർത്തിയിരുന്ന പടയാളികൾ വന്ന് കോളേജ് കുമാരന്മാരെ തുരത്തി ഓടിച്ചു. കുളമാവിലെ കാണികളായ നാട്ടുകാരും ചിതറിയോടി.

ഉണ്ണിമേരിയെ രക്ഷപ്പെടുത്താൻ ജയനും വന്നു കാണുമായിരിക്കും അല്ലേ? - ഞാൻ ചേട്ടനോട് മുതിർന്നപ്പോൾ പിന്നീട് ചോദിച്ചു.

ആദ്യം ഇറങ്ങി ഓടിയത് ഞാനായതുകൊണ്ട് എനിക്കറിയില്ല - ചേട്ടൻ പറഞ്ഞു.

ഒരിക്കൽ വില്ലനായ എം.എൻ. നമ്പ്യാർ ഓടിച്ചിരുന്ന കുതിരയുടെ കാൽ കല്ലിടിക്കിൽ വീണ് ഒടിഞ്ഞു. മൂന്നാഴ്ച ചികിത്സിച്ചിട്ടും കുതിരയുടെ കാൽ ഭേദമായില്ല. ഏറെ വൈകാതെ കുതിര മൃതപ്രായനായി. കുതിരയുടെ അവസ്ഥകണ്ട് ജയൻ ദുഃഖിതനായി. ഇത് മനസ്സിലാക്കിയ എം.എൻ. നമ്പ്യാർ നവോദയ അപ്പച്ചനോട് പറഞ്ഞു. ‘കുതിരയുടെ ദുരിതം കണ്ടുനിൽക്കാൻ പറ്റൂല. അതിനെ വെടിവെച്ചു കൊല്ലൂ!'

ജയനോടുള്ള ആരാധനമൂത്ത് സിനിമാസംഘത്തിനൊപ്പം കൂടിയ കുളമാവ് സ്വദേശി രാഗിണി ജയഭാരതിയ്‌ക്കൊപ്പം

സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് നവോദയ കുളമാവിൽ നിന്ന് പോയപ്പോൾ അവരുടെ കൂടെ ഞങ്ങളുടെ അയൽക്കാരിയായി അതിസുന്ദരിയായ ഒരു പെൺകുട്ടി ജയനെ ഇഷ്ടപ്പെട്ട് സിനിമാക്കാരുടെ കൂടെ പോയി. അവളുടെ പേര് രാഗിണി എന്നായിരുന്നു. അവൾ സിനിമയിൽ പോയി നടിയായി പ്രശസ്തി നേടി തിരികെവരുമെന്ന് കുളമാവുകാർ പ്രതീക്ഷിച്ചു. പക്ഷേ, അവൾ ആരുമായില്ല. ഏതാനും സിനിമകളിൽ ജയനോടും ജയഭാരതിയോടൊപ്പവും അവളെ കണ്ടു. കുറെ വർഷങ്ങൾ കഴിഞ്ഞ് രാഗിണി ഞങ്ങളുടെ വീട്ടിൽ വന്നു. അവളുടെ മകളുടെ കല്യാണത്തിന് ഞങ്ങളെ വിളിക്കാൻ. മകളുടെ പേര് മഹേശ്വരി എന്നായിരുന്നു.

രൂപത്തിലും ഭാവത്തിലും ജയനെ അനുകരിച്ച് നടക്കുന്ന ഒരു വിരുതൻ ഞങ്ങളുടെ അയൽവക്കത്ത് ഉണ്ടായിരുന്നു. ‘വട്ടൻ തങ്കച്ചൻ' എന്നാണ് ഞങ്ങൾ അവനെ വിളിച്ചിരുന്നത്. ജയന്റെ മരണശേഷം തങ്കച്ചൻ ഒരു കോളിളക്കമായി മാറി. ബെൽബോട്ടവും, പട്ടി നാക്ക് പോലുള്ള കോളറുള്ള ചുവന്ന ഷർട്ടുമിട്ട് തങ്കച്ചൻ കാണുന്ന മരങ്ങളെ ഹെലികോപ്റ്ററാക്കി. വീടിന്റെ മുമ്പിലുള്ള പേരക്കാശിഖരത്തിൽ തൂങ്ങിയാടി ജയനായി മാറി. മുകളിലിരുന്ന് പേരയ്ക്ക തിന്നുന്ന ബാലൻ കെ നായരെ തങ്കച്ചൻ ജയൻ കാലിൽ പിടിച്ച് നിലത്തെറിഞ്ഞു. സ്വന്തം സൈക്കിൾ തങ്കച്ചൻ ബുള്ളറ്റാക്കി പേരമരത്തിൽ ചാടിക്കയറി കസറി. ഞങ്ങൾ ആർത്തുവിളിച്ചു.

തങ്കച്ചനെ അനുകരിച്ച് ഞാനും വീട്ടിൽ ഒരു ജയൻ ആയി. അച്ഛൻ തേച്ചു വെച്ച വെള്ളമുണ്ട് എടുത്ത് ഞാൻ ബെൽബോട്ടം ഉണ്ടാക്കി മേശപ്പുറത്ത് കയറി അനിയത്തിമാരെ കാണിച്ച് ജയൻ കളിച്ചു. പിന്നെ വീട്ടിൽ നടന്നതൊരു കോളിളക്കമായിരുന്നു. എന്റെ ചന്തി അമ്മയുടെ അടി കൊണ്ട് ചുവന്നു.
വർഷങ്ങൾ കഴിഞ്ഞ് ഞങ്ങൾ കൂട്ടുകാർ ഷൂട്ടിങ് മലയിൽ പോയി; കിളിത്തട്ടും, ഫുട്‌ബോളും, കളിച്ചു. അവിടത്തെ മുത്തും പവിഴവും കുഴിച്ചെടുത്തു വർഷങ്ങളോളം സൂക്ഷിച്ചുവെച്ചു. അതെല്ലാം എവിടെയോ നഷ്ടപ്പെട്ടുപോയി. ഷൂട്ടിംഗ് മലയുടെ മണ്ണിന് കാക്കപൊന്നിന്റെ നിറമായിരുന്നു. ജയന്റെ കാൽപ്പാടുകൾ പതിഞ്ഞ ഷൂട്ടിങ് മല കൊടുംകാടായി മാറിയിരിക്കുന്നു ഇന്ന്, ജയന്റെ ഓർമ്മകൾക്ക് അന്തിവെയിലിന്റെ നിറവും.

Comments