‘രക്ഷപ്പെടുക’- 2022ലെ മലയാള വാക്ക്​

‘വസ്തുവോ, വീടോ പണയം വെച്ച് വിദ്യാഭ്യാസം നേടിയാൽ പോരേ എന്നും, മികച്ച വിദ്യാഭ്യാസം പുറത്താണെന്നും കേരളത്തിലെ ബുദ്ധിജീവികളും സർവകലാശാലാ അധ്യാപകരും യുവാക്കളോടായി ഉപദേശിച്ച വർഷമാണ് 2022’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. കുഞ്ഞുണ്ണി സജീവ്​ എഴുതുന്നു.

‘‘ഇത്തിരിപോലും ജീവൻ ബാക്കിയില്ലാതെ, അവസാന സമയമെത്തി എന്നുതോന്നുന്ന ഏതു സംസ്കാരവും, ഏതു വിധേനയും അതിന്റെ അവിശിഷ്ടങ്ങളെ സ്ഥിരമായ ഒഴിച്ചുനിർത്തലുകളിലൂടെ ഭരിക്കാനാണ് ശ്രമിക്കുക. ഏണസ്റ്റ് യുങ്ർ ഇന്നത്തെ കാലത്തിന്റെ സ്വഭാവമായി കാണുന്ന "സമ്പൂർണ പടയൊരുക്ക'മെന്ന (Total Mobilization) വീക്ഷണത്തെ അങ്ങനെയാണ് മനസിലാക്കേണ്ടത്. അടിയന്തരാവസ്ഥയിലാണ് തങ്ങളുടെ ജീവിതം എന്ന് തോന്നുന്ന (തോന്നിപ്പിച്ചെടുക്കുന്ന) ജനങ്ങളെ ഏകോപിതമായി നീക്കുന്ന അവസ്ഥ. കഴിയുന്നത്ര കുറച്ചുവിവരങ്ങൾ മാത്രം പങ്കുവെച്ച് അടിയന്തരാവസ്ഥ എപ്പോൾ വേണമെന്ന് അധികാരികൾക്ക് തീരുമാനിക്കുവാൻ സാധിക്കുന്ന കാലവുമാണിത്. പഴയകാല പടയൊരുക്കങ്ങൾ ജനങ്ങളെ അടുപ്പിക്കുകയായിരുന്നെങ്കിൽ, ഇന്ന് പടയൊരുക്കങ്ങൾ മനുഷ്യരെ ഒറ്റപ്പെടുത്തുകയും, പരസ്പരമുള്ള അകലം കൂട്ടുകയും ചെയ്യുന്നു’’- മഹാമാരി പ്രസിദ്ധനാക്കിയ തത്ത്വചിന്തകനാണ് ജോർജിയോ അകമ്പൻ. "വെൻ ദി ഹൗസ് ബൺസ് ഡൗൺ' എന്ന അദ്ദേഹത്തിന്റെ ലേഖനസമാഹാരം കൊറോണ വ്യാപന സമയത്തെ ഇരുണ്ട നാളുകളെക്കുറിച്ചുള്ള ചിന്തകളാണ്.

മഹാമാരിയുടെ വ്യാപനത്തെക്കുറിച്ചും അതോടൊപ്പം ഭരണകൂടത്തിനും അധികാരത്തിനും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും എഴുതിയ ചിന്തകൾ മഹാമാരിക്കാലത്തെ അടയാളപ്പെടുത്തുകയും മഹാമാരിക്കുശേഷമുള്ള കാലത്തെക്കുറിച്ച്‌ ചില അറിയിപ്പുകൾ നടത്തുകയും ചെയ്യുന്നു: "ഏതു വീടിനാണ് തീ പിടിച്ചത്? നിങ്ങളുടെ രാജ്യത്തിനോ, യൂറോപ്പിനോ അതോ ഭൂമി ഒന്നാകെയോ?, ഒരുപക്ഷെ വീടുകളും, നഗരങ്ങളും നേരത്തെ തന്നെ കത്തിയമർന്നിരിക്കാം - ആർക്കറിയാം എത്രയോ നാളായി അവയെല്ലാം നിന്നങ്ങനെ കത്തുന്നു, ഒരൊറ്റ പൊട്ടിത്തെറിയിൽ എല്ലാം വെന്ത് വെണ്ണീറാകുമ്പോഴും നമ്മുടെ ശ്രദ്ധ മറ്റെവിടെയോ ആണ്.'

2019 ൽ ഒരു പൊട്ടിത്തെറിയോടെ മനുഷ്യരാശി അകപ്പെട്ടുപോയ തീപിടിത്തമായിരുന്നു കോവിഡ് മഹാമാരി. സാമൂഹിക ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മനുഷ്യർ ഭരണകൂടങ്ങളുടെ കീഴിൽ അഭയം തേടിയ നേരം, വീടുകൾക്കുള്ളിൽ കുടുംബത്തോടൊപ്പമോ, തനിച്ചോ ജീവിതം തള്ളി നീക്കിയ നാളുകൾ. വീടകങ്ങൾ തൊഴിലിടങ്ങളാകുന്ന അവസ്ഥയിൽ മനുഷ്യൻ സ്വന്തം തൊഴിലും ജീവിതവും തമ്മിലുള്ള വൈരുധ്യങ്ങളും, കുടുംബങ്ങൾക്കുള്ളിലെ വൈരുധ്യങ്ങളും അനുഭവിച്ചു. തന്റെ രാജ്യവും പുറം ലോകവും തമ്മിലുള്ള വൈരുധ്യങ്ങൾ പലരെയും ചിന്തിപ്പിച്ചു. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്ത തൊഴിലാളികളും, ഓൺലൈനായി തൊഴിൽ ചെയ്യുന്ന തൊഴിലാളികളും അവർക്കിടയിൽ വൻലാഭം കൊയ്ത ധനികരും വൈരുധ്യങ്ങളാണ്. മഹാമാരിയുടെ വ്യാപനം തീവ്രമായിരുന്ന നേരത്തും ധനികർക്ക് സമ്പത്ത് കുന്നുകൂടിയ വസ്തുത 2022 ലെ ഓക്സ്ഫം റിപ്പോർട്ട് പറയുന്നു. അങ്ങനെ രണ്ടു കൊല്ലക്കാലം പല വൈരുദ്ധ്യങ്ങളെ നേരിട്ടനുഭവിച്ച ജനസഞ്ചയമാണ് 2022 ൽ കൊറോണയുടെ വ്യാപനം നിയന്ത്രണവിധേയമായതോടെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

2020, 2021 എന്നീ വർഷങ്ങൾ അനുഭവിപ്പിച്ച വൈരുധ്യങ്ങളോടുള്ള പ്രതികരണമാണ് 2022ലെ മനുഷ്യന്റെ സാമൂഹിക ഇടപെടലുകളും അവ ഉറവിടം കൊള്ളുന്ന പൊതുബോധവും. 2022 ന്റെ പൊതുബോധത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കേണ്ടത് വർഷത്തിന്റെ വാക്കുകളിൽ നിന്നാണ്.

എല്ലാ വർഷാവസാനവും അതാത് വർഷത്തിന്റെ വാക്കോ, വാക്കുകളോ തെരഞ്ഞെടുക്കുന്ന ചടങ്ങ് പ്രശസ്ത ഡിക്ഷനറികൾ നടത്താറുണ്ട്. ആ വർഷത്തിന്റെ മാനസികാവസ്ഥയും, പൊതുബോധവും നിർവചിക്കുവാൻ വർഷത്തിന്റെ വാക്കിന് സാധിക്കണം. ചരിത്രത്തിലാദ്യമായി ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി വർഷത്തിന്റെ വാക്ക് കണ്ടെത്തിയത് ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ്. മറ്റു പല ഡിക്ഷണറികളും ജനങ്ങൾ ഏറ്റവും കൂടുതൽ തെരഞ്ഞ, ചർച്ച ചെയ്ത വാക്കുകളുടെ ലിസ്റ്റും "വർഷത്തിന്റെ വാക്ക്' തെരെഞ്ഞെടുക്കുന്നതിനായി പരിഗണിച്ചു. ഓക്സ്‌ഫോർഡിന്റെ ഈ വർഷത്തെ വാക്ക് "ഗോബ്ലിൻ മോഡ്' എന്ന വാക്കാണ്. കൊറോണക്കുശേഷവും സാമൂഹിക ഇടപെടലുകൾ നടത്തുവാൻ മടിതോന്നുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന വാക്കിന് ഒരേസമയം വിപ്ലവകരവും, അതിന് വിപരീതമായ അർത്ഥവും ധ്വനിപ്പിക്കുവാൻ സാധിക്കുന്നു. തന്നിലേക്കുമാത്രം ചുരുങ്ങുമ്പോഴും "ഗോബ്ലിൻ മോഡി'ൽ വ്യക്തി സമൂഹം കൽപ്പിച്ച് നൽകുന്ന വ്യവസ്ഥകൾ പാലിക്കുവാൻ തയ്യാറല്ല. പക്ഷെ അപ്പോഴും താനായിരിക്കും ആ വിപ്ലവകരമായ എതിർപ്പിന്റെ കേന്ദ്രബിന്ദു. തന്നിൽതന്നെ നിന്ന് കറങ്ങുന്ന, തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഭൂതതലമാണ് ഗോബ്ലിൻ മോഡ്.

Photo: Oscar Espinosa / Shutterstock.com
Photo: Oscar Espinosa / Shutterstock.com

മെറിയം- വെബ്സ്റ്റർ ഈ വർഷത്തെ വാക്കായി തെരഞ്ഞെടുത്തത് "ഗ്യാസ്‌ ലൈറ്റിങ്' എന്ന വാക്കാണ്. മാനസികമായി ഒരു മനുഷ്യനെ സ്വന്തം സമനിലയെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്ന കൗശലം. ഗ്യാസ്‌ ലൈറ്റിംഗിന് വിധേയമാകുക എന്നാൽ മാനസികമായ ചൂഷണം നേരിടുക എന്നാണർത്ഥം. ഡിക്ഷണറി.കോം എന്ന സൈറ്റ് വർഷത്തിന്റെ വാക്കായി തെരെഞ്ഞെടുത്ത വാക്ക് "വുമൺ' ആണ്. ജൻഡർ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ "സ്ത്രീ' എന്ന അസ്തിത്വത്തിന്റെ നിർവചനം ധാരാളം പേർ തെരഞ്ഞു.

കോളിൻസ് ഡിക്ഷണറിയുടെ വർഷത്തിന്റെ വാക്ക് "പെർമക്രൈസിസ്'. നാൾക്കുനാൾ നീണ്ടുപോകുന്ന പ്രതിസന്ധിഘട്ടത്തെ സൂചിപ്പിക്കുന്ന വാക്ക്. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വധവും, റഷ്യ- യു​ക്രെയ്​ൻ യുദ്ധത്തിൻെറയും പശ്ചാത്തലത്തിൽ ജപ്പാൻ ഈ വർഷത്തെ വാക്കായി തെരെഞ്ഞെടുത്തത് "വാർ' (യുദ്ധം) ആണ്. നാൾക്കുനാൾ ഉയർന്നുവരുന്ന ജീവിതചെലവും, യുദ്ധവും 2022 നെ അടയാളപ്പെടുത്തുന്നു.

ഇങ്ങനെ പല സമൂഹങ്ങളും 2022 നെ ഒരു വാക്കുകൊണ്ട് അടയാളപ്പെടുത്തുമ്പോൾ കേരളവും 2022 നെ അടയാളപ്പെടുത്തുന്നുണ്ട്.

"രക്ഷപ്പെടുക' എന്ന വാക്കും അതിന്റെ പ്രയോഗവും മലയാളി ജീവിതത്തിന്റെ പ്രത്യയശാസ്ത്രമായി മാറിയ വർഷമാണ് 2022. അധ്യാപകർ കുട്ടികളോടും, മാതാപിതാക്കൾ മക്കളോടും, ഭരണകൂടം ജനങ്ങളോടും നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന ഉപദേശമോ, മുന്നറിയിപ്പോ ആണിത്. മെച്ചപ്പെട്ട ജീവിതം തേടിയുള്ള "രക്ഷപ്പെടൽ'. മികച്ച വിദ്യാഭ്യാസം തേടുന്ന വിദ്യാർഥികൾക്കും, തൊഴിൽ തേടുന്ന യുവാക്കൾക്കും "രക്ഷപ്പെടുക' എന്ന പ്രയോഗം ഒരു ഉപദേശമായി മാറിയപ്പോൾ, പൊതുസമൂഹത്തിന് രക്ഷപ്പെടൽ ഒരു മുന്നറിയിപ്പായി മാറി. ഇന്ന് നാം ജീവിച്ചു പോരുന്ന സാമൂഹിക സാഹചര്യത്തിന്റെ പ്രശ്നങ്ങളെ നേരിടുന്നതിനുപകരമോ, അത്തരം നേരിടലുകൾ കൊണ്ട് ഫലമില്ല എന്ന ചിന്തയോ, മറ്റൊരു സമൂഹത്തിലേക്ക് രക്ഷപ്പെടുക എന്ന പോംവഴിയിൽ ജനങ്ങളെ എത്തിക്കുന്നു. മെച്ചപ്പെട്ട സ്ഥിരതയുള്ള ജീവിതം, മികച്ച വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, സമാധാനം എന്നിവയിലേക്കുള്ള രക്ഷപ്പെടൽ.

2019 -ൽ ചൈനയിൽ കൊറോണ വ്യാപനം ശക്തമാകുന്ന സമയത്തും, 2022-ന്റെ തുടക്കത്തിൽ റഷ്യ യുക്രെയ്​നിലേക്ക് കടന്നാക്രമണം അഴിച്ചുവിട്ട നേരവും കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടുപോയിരുന്ന യുവാക്കളുടെ ജനസഞ്ചയത്തെ മുഖ്യധാരാ മാധ്യമങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരുത്തി. മലയാളികൾ പരസ്പരം പ്രയോഗിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രക്ഷപ്പെടൽ എന്ന പൊതുബോധത്തിന്റെ (Collective Consciousness) ഫലമാണ് കുടിയേറി താമസിക്കുന്ന യുവാക്കളുടെ കൂട്ടം. 2022 യഥാർഥത്തിൽ കുടിയേറ്റത്തിന്റെ വർഷമാണ്. കോവിഡ് ഉണ്ടാക്കിയ നിയന്ത്രണങ്ങളിൽ അയവ്‌ വന്നതോടെ, 2022-ന്റെ തുടക്കം മുതൽ നവംബർ വരെ സ്റ്റുഡൻറ് വിസയിൽ നാടുവിട്ട യുവാക്കളുടെ കണക്കിൽ വൻ കുതിച്ച്ചാട്ടം കാണാം. എന്തുകൊണ്ട് യുവാക്കൾ നാടുവിടുന്നു എന്ന ചോദ്യം നമ്മുടെ ജനപ്രതിനിധികൾ പലരും ചർച്ച ചെയ്ത വിഷയമാണ്. യുവാക്കൾ കുടിയേറിപ്പോകുന്നത് സംസ്‌ഥാന സർക്കാരിന്റെയോ, വിദ്യാഭ്യാസ മേഖലയുടെയോ തകർച്ച കൊണ്ടല്ല, മറിച്ച് മേന്മ കൊണ്ടാണ് എന്നു പറഞ്ഞ ജനപ്രതിനിധികളും നമുക്കുണ്ട്.

എന്തുകൊണ്ട് യുവാക്കൾ നാടുവിടുന്നു എന്ന ചോദ്യത്തിന് മുഖ്യധാരാ മാധ്യമങ്ങളെല്ലാം പംക്തികൾ എഴുതി, വിദേശ തൊഴിലവസരങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള എക്​സ്​പോകളും, പരിശീലനക്യാമ്പുകളും കേരളത്തിൽ കുത്തനെ ഉയർന്ന വർഷമാണ് 2022. സ്ഥലമുള്ളവർ സ്ഥലവും, വിടുള്ളവർ വീടും പണയപ്പെടുത്തി യാത്ര തിരിക്കുന്ന അവസ്ഥ സ്വാഭാവികമാണോ?. മനുഷ്യചരിത്രം കുടിയേറ്റങ്ങളുടെ കൂടി ചരിത്രമല്ലേ എന്ന് പറഞ്ഞു ഒഴിയാൻ സാധ്യമല്ലാത്ത സ്ഥിതിയാണിത്.

കേരളത്തിലെ യുവാക്കളുടെ "രക്ഷപ്പെടൽ' ഒരു സമ്പൂർണ പടയൊരുക്കമാണ് (Total mobilization). കേരളത്തിൽ നിന്ന്​ സംഭവിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റം സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ബാങ്കു വായ്പകൾക്കായി ഈടുവെക്കേണ്ടി വരുന്ന യുവാക്കളിൽ തന്നെ സ്ഥലമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വേർതിരിവുണ്ടാകുമ്പോൾ സമൂഹത്തിന്റെ മധ്യവർഗത്തിന് പൂർണമായും ഈ കുടിയേറ്റം മേൽക്കൈ നല്കുന്നു.

വിദ്യാഭ്യാസം നേടിയവരും തൊഴിൽ ചെയ്യുന്നവരും കേരളത്തിനുവെളിയിൽ വിദ്യാഭ്യാസം നേടിയവരും തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള വിടവ്, കേരളത്തെ സംബന്ധിച്ച്​ സ്വാഭാവികമായും കൂട്ടും ഈ കുടിയേറ്റം. നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യം ഇകഴ്​ത്തിക്കാട്ടുന്ന രീതി, പതിയെ കേരളത്തിൽനിന്നുകൊണ്ടുമാത്രം പഠിക്കാൻ സാമ്പത്തിക സ്ഥിതിയുള്ള വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിൽ അപകർഷതാബോധവും മാനസിക പിരിമുറുക്കങ്ങളും സൃഷ്ടിക്കും. അങ്ങനെ ശൂന്യമായി പോകുന്ന ജീവിതങ്ങളിലേക്ക് മയക്കുമരുന്നും ലഹരിയും കടന്നു വരും. അകമ്പന്റെ ഭാഷ കടമെടുത്താൽ, യുവാക്കളെ ഒന്നാകെ ഒരു അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുന്ന സാമൂഹികസ്ഥിതി, എന്തും പണയം വെച്ച് രക്ഷപ്പെടണം എന്ന നിലയിലേക്ക് യുവാക്കളെ എത്തിക്കും. അടിയന്തരാവസ്ഥ നിറഞ്ഞുനിൽക്കുന്ന സമൂഹത്തിലേക്ക് പതിയെ വർഗീയ പാർട്ടികൾ കടന്നുവരുമെന്നത് മറ്റൊരു ചരിത്രയാഥാർഥ്യം.

വിദ്യാഭ്യാസവും, വൈദഗ്ധ്യവും നേടിയ യുവാക്കൾ കടൽ കടക്കുമ്പോൾ ഏകോപിതമായ ജനനീക്കമാണ് സംഭവിക്കുന്നത് എന്നുതോന്നുമെങ്കിലും പരസ്പരം അകന്നുകൊണ്ടുള്ള കുടിയേറ്റമാണ് ഇന്ന് നടക്കുന്നത്. കുടിയേറി ഒരു തലമുറ കഴിയുമ്പോൾ സംസ്കാരികമായി വലിയ മാറ്റം വരുത്തുന്ന മലയാളികൾ ഒരു ഉപരിവർഗ്ഗത്തിന്റെ ഭാഗമായി മാറുന്നുണ്ട്. ഈ മാറ്റം ജാതീയ വേർതിരിവിന്​ ആക്കം കൂട്ടുന്നു. ഉയർന്ന ജാതിയും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുമുള്ള യുവാക്കൾ വിദ്യാഭ്യാസത്തിന്​ വിദേശത്തേയ്ക്ക് യാത്ര തിരിക്കുമ്പോൾ, നാട്ടിലെ യൂണിവേഴ്സിറ്റികളിൽ സംവരണം അട്ടിമറിച്ചതിനെതിരെയും, കോഴ്സ് വെട്ടി കുറച്ചതിനെതിരെയും സമരം ചെയ്യേണ്ട അവസ്ഥ ആലോചിച്ചുനോക്കുക. വസ്തുവോ, വീടോ പണയം വെച്ച് വിദ്യാഭ്യാസം നേടിയാൽ പോരേ എന്നും, മികച്ച വിദ്യാഭ്യാസം പുറത്താണെന്നും കേരളത്തിലെ തന്നെ ബുദ്ധിജീവികളും സർവകലാശാലാ അധ്യാപകരും യുവാക്കളോടായി ഉപദേശിച്ച വർഷമാണ് 2022.

ഏകോപിതമായി യുവാക്കളെ നാടുകടത്തുകയോ അല്ലെങ്കിൽ വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച് അടിയന്തരാവസ്ഥയിലേക്ക് തള്ളിയിടുകയോ ചെയ്യുന്ന നടപടി സ്വാഭാവികമായും യുവാക്കളെ അരാഷ്ട്രീയവാദികളാക്കി മറ്റും. രാഷ്ട്രീയത്തിൽ നിന്ന്​ അവരെ പൂർണമായി ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഭരണം സാധ്യമാകുന്ന രാഷ്ട്രീയ പശ്ചാത്തലം സംജാതമാകുന്നതോടെ കേരളം വർഗീയതയ്ക്ക് കൂടുതൽ സാധ്യതയുള്ള മണ്ണായി മാറും.

2022 കേരളത്തിന് കുടിയേറ്റത്തിന്റെയും, ഉൽക്കണ്ഠകളാൽ ജീവിതം അടിയന്തരാവസ്ഥയായി മാറിയ യുവാക്കളുടെയും വർഷമാണ്. ഇത്തിരി പോലും ജീവൻ ബാക്കിയില്ലാത്ത സംസ്​കാരവും, ഭാഷയുമായി മാറിക്കൊണ്ടിരിക്കുമ്പോൾ മലയാളം മരവിച്ചുനിൽക്കും. 2022 എന്ന വർഷം ആ മാറ്റത്തിന്റെ തുടക്കമാണ്.


Summary: ‘വസ്തുവോ, വീടോ പണയം വെച്ച് വിദ്യാഭ്യാസം നേടിയാൽ പോരേ എന്നും, മികച്ച വിദ്യാഭ്യാസം പുറത്താണെന്നും കേരളത്തിലെ ബുദ്ധിജീവികളും സർവകലാശാലാ അധ്യാപകരും യുവാക്കളോടായി ഉപദേശിച്ച വർഷമാണ് 2022’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. കുഞ്ഞുണ്ണി സജീവ്​ എഴുതുന്നു.


കുഞ്ഞുണ്ണി സജീവ്

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിദ്യാർത്ഥി

Comments