സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗവാർത്ത അറിഞ്ഞപ്പോൾ ജനങ്ങൾക്കിടയിൽ പ്രചരിച്ച ഒരു സ്വാഭാവിക തിരിച്ചറിവ് ശ്രദ്ധേയമാണ്: "അവസാന കമ്മ്യൂണിസ്റ്റും വിട പറഞ്ഞിരിക്കുന്നു".
കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടിയ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്, അവസാന കമ്മ്യൂണിസ്റ്റായി മാറുന്ന രാഷ്ട്രീയസാഹചര്യത്തെ വിശകലനം ചെയ്യുന്നതിന് പകരം പാർട്ടി അനുയായികൾ അത്തരം തിരിച്ചറിവുകൾ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നു കണ്ട് മുദ്ര കുത്തി, റദ്ദ് ചെയ്തു.
‘വി.എസ് അവസാന കമ്മ്യൂണിസ്റ്റല്ല, ആദ്യ കമ്മ്യൂണിസ്റ്റാണ്, നിങ്ങളുടെ സർട്ടിഫിക്കറ്റ് വീ.എസിന് ആവശ്യമില്ല’- രാഷ്ട്രീയനേതാക്കളുടെ അഹംഭാവം മുഴുവൻ പുറത്തെടുത്ത് അവർ ആക്രോശിച്ചു.
വി.എസിനെ അവർ വീണ്ടും ജനങ്ങളിൽ നിന്ന് അകറ്റി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോസ്റ്റർ ബോയിയായി മാറ്റി. അതേ, 2016-ൽ പിണറായി വിജയൻ വി. എസിനെ പോസ്റ്റർ ബോയിയായി മാറ്റി മുഖ്യമന്ത്രിയായതുപോലെ.
മരണശേഷം കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സംഭവിക്കാറുള്ളതുതന്നെയാണ് വി.എസിനും സംഭവിക്കുന്നത്.ഒരു രാഷ്ട്രീയ പാർട്ടിയുടെ ബിംബമായി മാറേണ്ടിവരുന്ന ദുരവസ്ഥ. പാർട്ടിയാണോ ജനങ്ങളാണോ വലുത് എന്ന ചോദ്യത്തിന് ജനങ്ങൾ എന്ന് ഉത്തരം നൽകിയ ‘പാർട്ടി വിരുദ്ധ നിലപാടുകളുള്ള സഖാവ്’ മരണശേഷം ജനങ്ങളുടെ ‘അവസാന കമ്മ്യൂണിസ്റ്റ്’ ആയി മാറുന്ന ചരിത്രാവസ്ഥ ആഗോള കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ തന്നെ അപൂർവമാണ്.

ലോകമാകെ കമ്മ്യൂണിസം ഒരു വിമോചന പ്രത്യയശാസ്ത്രം എന്ന നിലയിൽ പ്രചരിച്ചപ്പോൾ കമ്മ്യൂണിസത്തിനും ദേശ- സംസ്ക്കാര വ്യത്യാസങ്ങൾ വന്നു ചേർന്നു. കമ്മ്യൂണിസ്റ്റ് നേതാക്കൾ തങ്ങൾ നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തോടും, സാമൂഹിക സാഹചര്യത്തോടും കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇണക്കിചേർക്കുവാൻ ശ്രമിച്ചിരുന്നതായും നമുക്ക് കണ്ടെത്താം. ക്യൂബയ്ക്ക് ഫിദൽ കാസ്ട്രോ, വിയറ്റ്നാമിന് ഹോ ചി മിൻ, ബുർക്കിനോ ഫാസോക്ക് തോമസ് ശങ്കര, റഷ്യയ്ക്ക് ലെനിൻ, ഇറ്റലിക്ക് ഗ്രാംഷി എന്നിങ്ങനെ പോകുന്ന നീണ്ടനിരയിലെ നേതാക്കൾ അതാത് രാജ്യത്തെ സാഹചര്യത്തോട് മാർക്സിസത്തെ ഇണക്കിചേർത്തു. വളരെ ക്രിയാത്മകമായ ഈ പ്രവൃത്തി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം സാധ്യമായ കാര്യമാണ്. ഇന്ത്യയിൽ അത്തരമൊരു ഇണക്കിച്ചേർക്കൽ സംഭവിച്ചില്ല. ജാതി ശ്രേണീകരണവും, അടിമത്ത മനോഭാവവും പുലർത്തുന്ന സാമൂഹിക സാഹചര്യത്തിൽ കമ്മ്യൂണിസം പ്രചരിച്ചിരുന്നത് ബ്രാഹ്മണ്യത്തിന്റെ വിഷം കലർന്നാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ "ബ്രാഹ്മിൺ ബോയ്സ്" എന്ന് വിളിച്ച ഡോ. ബി.ആർ. അംബേദ്കറെ ഓർക്കുക. സവർണ നേതൃഘടനയും ഭാരതീയ സാമൂഹിക സാഹചര്യത്തെക്കുറിച്ചുള്ള അപൂർണമായ കണ്ടെത്തലുകളും യൂറോകേന്ദ്രീതമായ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളും ചേർന്ന് തീർത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം സാർവദേശീയ പ്രശ്നങ്ങളിൽ തലപുകയ്ക്കുകയും, സ്വന്തം ദേശത്തെ പ്രശ്നങ്ങളെ മറക്കുകയും ചെയ്തു. ഭൗതികവാദം, നിരീശ്വരവാദം, ജനാധിപത്യ ബോധം എന്നിവ പ്രചരിപ്പിക്കുന്ന തരത്തിൽ വളരേണ്ട പാർട്ടി ഏതാനും സവർണ നേതാക്കളുടെ കൈയിൽ അകപ്പെട്ട് പോകുകയാണുണ്ടായത്.
സോവിയറ്റ് യൂണിയന്റെ നിർദ്ദേശങ്ങൾ പിന്തുടർന്ന കാലം, ചൈനയുടെ മോഡൽ പിന്തുടർന്ന കാലം എന്നിങ്ങനെ സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അന്യദേശത്തെ മോഡലുകളും ചിന്തകളും തേടുന്ന കമ്മ്യൂണിസ്റ്റുകൾ ഇന്ത്യയിൽ ധാരാളമുണ്ടായിരുന്നു (ഇപ്പോഴുമുണ്ട്). ഇതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുവാൻ പ്രേരിപ്പിച്ചിരുന്ന മാർക്സിസ്റ്റ് ചിന്തകർ അനുയായികൾ ഇല്ലാതെ, പാർട്ടിയുടെ സഹായ- സംരക്ഷണമില്ലാതെ അന്യം നിന്ന് പോയതായും നമുക്കുകാണാം. നേതൃത്വം സവർണ സ്വഭാവം പുലർത്തുകയും, പാർട്ടിയുടെ അണികൾ പൂർണ്ണമായും കീഴാളരായി ജീവിതം തുടരുകയും ചെയ്തിരുന്ന കാലത്ത് മന്ത്രങ്ങൾ പോലെ സ്റ്റാലിനിസ്റ്റ് സാഹിത്യം ഉരുവിട്ടുരുന്ന നേതാക്കൾ മാർക്സിസത്തെ ഒരു യാഥാസ്ഥിതിക ചട്ടക്കൂട്ടിൽ നിലനിർത്തിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. 1938- ലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനം വി.എസിനെ എത്തിക്കുന്നത് ഒരു പ്രത്യേക ചരിത്രസന്ധിയിലായിരുന്നു. കർഷകരും-തൊഴിലാളികളും ഒരു പോലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമാകുന്ന ചരിത്രസന്ധിയിൽ. സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനത്തിൽ 1940-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുക്കുന്ന വി.എസ് കുട്ടനാട്ടിലെ കയർ തൊഴിലാളികളേയും, കർഷക തൊഴിലാളികളേയും സംഘടിപ്പിക്കുന്നതിൽ വ്യാപൃതനാകുന്നുണ്ട്. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുന്നതിനെതിരെ കർഷകരെയും, തൊഴിലാളികളേയും സംഘടിപ്പിക്കുന്ന വി.എസ് കർഷക- തൊഴിലാളി ഐക്യം സാധ്യമാക്കിയ ചരിത്രം രൂപപ്പെടുത്തിയ കമ്മ്യൂണിസ്റ്റാണ്. കനമേറിയ പുസ്തകങ്ങൾ വായിച്ച് കമ്മ്യൂണിസ്റ്റ് ആയവനല്ല, അനുഭവങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ആയവൻ.

‘‘എല്ലാ ജനകീയ പ്രശ്നങ്ങളിലും ഇടപെട്ട് പൊരുതുന്ന മനഃസാക്ഷിയായി ജനങ്ങൾ വീ.എസിനെ കണ്ടു. അതുകൊണ്ട് അദ്ദേഹം സംസാരിച്ചത് തന്റെ ഭാഷയില്ലല്ല, ജനങ്ങളുടെ ഭാഷയിലായിരുന്നു’’ എന്ന് എം.എൻ. വിജയൻ ഓർമിപ്പിക്കുന്നുണ്ട്.
പാർട്ടിയുടെ അടിത്തട്ടിൽ നിന്ന്, നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനം ഒന്നുകൊണ്ടുമാത്രം അദ്ദേഹം ഉത്തരവാദിത്വപ്പെട്ട പല സ്ഥാനത്തും പ്രവർത്തിച്ചു. പാർട്ടി ആലപ്പുഴ ജില്ല സെക്രട്ടറിയായി, സംസ്ഥാന കമ്മിറ്റി മെമ്പറായി, 1980-ൽ സംസ്‌ഥാന സെക്രട്ടറിയുമായി.
1962-ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ഇന്ത്യൻ ജവാന്മാർക്ക് രക്തം നൽകുന്ന ക്യാമ്പുകൾക്ക് നേതൃത്വം നൽകിയതിനെച്ചൊല്ലി കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നുണ്ട്. മാർക്സിസ്റ്റ് രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയ സാഹചര്യത്തിലേക്ക് വളർത്തുന്നതിലേക്കും പ്രയോഗിക്കുന്നതിലേക്കുമുള്ള ആദ്യ പടിയായിരുന്നു ആ ‘പാർട്ടി വിരുദ്ധ പ്രവർത്തനം’.
1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) സ്ഥാപനത്തിന്റെ ഭാഗമായപ്പോൾ, വി.എസ് തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തന്നെ പുതിയൊരു പാർലമെന്ററി രാഷ്ട്രീയ പ്രയോഗത്തിനായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് മാർക്സിസ്റ്റ്- കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇണക്കിച്ചേർക്കാൻ പ്രയോഗത്തിലൂടെ വി.എസ് നടത്തിയ ശ്രമത്തിന്റെ രണ്ടാം ഘട്ടം. തന്റെ തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർക്കുമാത്രം സാധ്യമായിരുന്ന ആദർശ ശുദ്ധിയും രാഷ്ട്രീയബോധ്യവും അദ്ദേഹം വെച്ചു പുലർത്തിയിരുന്നു. ജനങ്ങളുടെ സമരങ്ങളിൽ പങ്കാളിയായി, അത്തരം സമരങ്ങളിൽ ജനങ്ങളെ നയിക്കുക, അവരിൽ നിന്ന് നേരിട്ട് അവരുടെ പ്രശ്നങ്ങളെ മനസിലാക്കുക എന്നിങ്ങനെ, ജനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനശൈലി എ.കെ. ഗോപാലനെ പോലുള്ള സഖാക്കളെ മാതൃകയാക്കി വി.എസ് അനുവർത്തിച്ചു.
പാരിസ്ഥിതിക ദുർബലതകൾ അനുഭവിക്കുന്ന കേരളത്തെ തട്ടിപ്പ് വികസന പദ്ധതികളിൽ നിന്ന് സംരക്ഷിച്ചുനിർത്തുക എന്ന ആവശ്യവും ആദ്ദേഹം പ്രധാനമായി കണ്ടിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിമർശനങ്ങൾ നിലനിൽക്കെ തന്നെ വി.എസ് പ്രകൃതിവിഭവങ്ങളുടെ അനാവശ്യ ധൂർത്തിനെതിരെയും, പ്രകൃതിസംരക്ഷണം മുൻ നിർത്തിയുമുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി. ന്യൂക്ലിയർ പവർ പ്ലാന്റ് പ്രൊജക്റ്റുകൾക്കെതിരെയും ഡാം നിർമാണ പദ്ധതികൾക്കെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. പ്രകൃതിയ്ക്ക് ദോഷം വരുന്നതോ, പ്രകൃതിവിഭവങ്ങളുടെ അനാവശ്യ ധൂർത്തിന് ഇടവരുത്തുന്നതോ ആയ എല്ലാ പദ്ധതികൾക്കും അദ്ദേഹം എതിരായിരുന്നു. പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമരം, വയനാട്ടിലെ മുത്തങ്ങ സമരം, കാസർഗോഡ് എൻഡോ സൾഫാൻ ദുരന്തബാധിതരുടെ നിയമ പോരാട്ടം, മൂന്നാറിലെ അനധികൃത ഫ്ലാറ്റ് നിർമാണത്തിനെതിരെയുള്ള നടപടികൾ എന്നിങ്ങനെ സാധാരണ മനുഷ്യർ നേരിടുന്ന നീതി നിഷേധങ്ങൾ പലതിലും കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം നിലപാടും ഐക്യദാർഢ്യവും രേഖപ്പെടുത്തി.
എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി പലപ്പോഴായി ഇതേ ചൊല്ലി അദ്ദേഹത്തോട് കലഹിച്ചു കൊണ്ടേയിരുന്നു. സമരങ്ങളില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനം ഒരു വലതുപക്ഷ പാർട്ടിയായി പരിണമിക്കും എന്ന ഉത്തമബോധ്യം വെച്ചു പുലർത്തുന്നതുകൊണ്ടുതന്നെ ജനങ്ങളെ അലട്ടുന്ന എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളേയും അദ്ദേഹം പ്രധാനമായി കണ്ടു, ഇടപെട്ട് അത്തരം സമരങ്ങളുടെ ഭാഗമായി. ജനാധിപത്യ രാഷ്ട്രീയത്തിൽ ചർച്ചകളും, സമരസപെടലുകളും നടത്തേണ്ടിവരുമ്പോൾ പോലും അദ്ദേഹം തന്റെ വ്യക്തിപരമായ നിലപാടുകളിൽ ഉറച്ചു നിന്നു. പാർട്ടിക്ക് ബോധ്യമാകാത്ത ഒരു കമ്മ്യൂണിസ്റ്റ് മനഃസാക്ഷി വി.എസ് എപ്പോഴും നിലനിർത്തിയിരുന്നു. ആ മനഃസാക്ഷിയെ കേരളത്തിലെ ജനങ്ങൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പാർട്ടിയോട് അമിതവിധേയത്വം കാട്ടുന്ന സ്വഭാവം അദ്ദേഹം തീരെ വെച്ചുപുലർത്തിയിരുന്നില്ല. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹം എടുത്ത നിലപാട് കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ധീരമായ നിലപാടായി വേണം കാണാൻ.

ഒരേസമയം കമ്മ്യൂണിസ്റ്റ് ആകുകയും, വ്യക്തിപരമായ നിലപാട് വെച്ചുപുലർത്തുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തന ശൈലി കേഡർ സ്വഭാവവും, ജനാധിപത്യ കേന്ദ്രീകരണം എന്ന പേരിൽ ജനാധിപത്യ വിരുദ്ധ സംഘടനാ സംവിധാനവും നിലനിർത്തുന്ന പാർട്ടിയിൽ വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്. അഹങ്കാരവും ധാർഷ്ട്യവും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാത്ത മലയാളി വി.എസിനെ ഇഷ്ടപ്പെടുന്നതും അതു കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുമ്പോഴും സ്വന്തം നിലപാടും, സ്വാതന്ത്രമായ ചിന്തയും, രാഷ്ട്രീയ പ്രവർത്തനവും ആരുടേയും മുൻപിൽ അടിയറവ് വെക്കാത്ത രീതി വി.എസിനെ മലയാളിയുടെ കണ്ണും കരളുമായി മാറ്റി.
കേരളത്തിന് അനുയോജ്യമായ വികസന മാതൃകൾ ഐ.ടി സെക്ടർ കേന്ദ്രീകരിച്ച് നടപ്പാക്കി. റിച്ചാർഡ് സ്റ്റാൾമാനുമായി ചേർന്ന് ഫ്രീ ഓപ്പൺ സോഫ്റ്റ്‌വെയർ മുന്നേറ്റത്തിന് കേരളത്തിൽ പ്രചാരം നൽകി. വല്ലാർപാടം ടെർമിനൽ നിർമാണം, കൊച്ചി മെട്രോ നിർമാണ അനുമതി, കണ്ണൂർ എയർപോർട്ടിനുള്ള അനുമതി എന്നിങ്ങനെ പോകുന്ന സാധ്യമായ വികസന നടപടികൾക്കും അദ്ദേഹം നേതൃത്വം നൽകി.
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവരോട് ഒരു തരത്തിലുള്ള വിട്ടു വീഴചയ്ക്കും കൂട്ടു നിൽക്കാത്ത വി.എസ്, ഭരിക്കുക എന്ന പ്രവർത്തിയെ ഒരു മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനം എന്ന നിലയ്ക്കാണ് മനസിലാക്കുന്നത്. തികഞ്ഞ മൂല്യബോധവും, രാഷ്ട്രീയ വീക്ഷണവുമുള്ള കാര്യങ്ങളിൽ ഉറച്ച നിലപാടെടുക്കുക, അതേസമയം ജനങ്ങളോട് ഒരു തരത്തിലുള്ള അധികാരപ്രയോഗവുമില്ലാതെ ഇടപെടാനും സംസാരിക്കാനും കഴിയുക- അനുഭവങ്ങളിലൂടെ കമ്മ്യൂണിസ്റ്റായവർക്കുമാത്രം സാധ്യമായ ഒന്നാണിത്.
കനപ്പെട്ട പുസ്തകങ്ങൾ തീർക്കുന്ന തടസ്സങ്ങളെ അദ്ദേഹം പണ്ടേ അനുഭവങ്ങളിലൂടെ തകർത്തെറിഞ്ഞിരുന്നു. മതങ്ങളെ പാടെ തള്ളിക്കളഞ്ഞ വി.എസ് ന്യൂനപക്ഷ വർഗീയതേയും, ഭൂരിപക്ഷ വർഗ്ഗീയതേയും ശക്തമായി എതിർത്തു. ഇന്ത്യൻ സമൂഹം ആധുനികമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
എന്തുകൊണ്ടാകാം ജനങ്ങൾ അദ്ദേഹത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ടാകുക?
ജനാധിപത്യ മര്യാദ പാലിക്കുകയും, എന്നാൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ഇന്ന് കുറവാണ് (രാഷ്ട്രീയ പ്രവർത്തകരും). രാഷ്ട്രീയ പ്രവർത്തനം അധികാരം നേടുവാനുള്ള ഒരു മത്സരം എന്ന നിലയിൽ മനസിലാക്കപ്പെടുന്ന സാഹചര്യത്തിൽ പഴയകാല ആദർശശുദ്ധികൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. ‘ഇങ്ങനെയും രാഷ്ട്രീയക്കാർ ഉണ്ടായിരുന്നോ’ എന്ന് ഇന്നത്തെ തലമുറ അത്ഭുതപ്പെടുന്നു. രാഷ്ട്രീയം കോർപ്പറേറ്റിസമായി, ബിസിനസ്സായി മാറിയ കാലത്ത് വി.എസിന്റെ മരണം എല്ലാ മനുഷ്യരെയും ആ പഴയ കമ്മ്യൂണിസ്റ്റ് സ്വപ്‍നം വീണ്ടും ഓർമിപ്പിക്കുന്നു. വി.എസിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിൽ പങ്കെടുത്ത പുതിയ തലമുറ, പഴയ തലമുറയോട് ചോദിക്കും, ‘ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റ് ജീവിച്ചിരിപ്പുണ്ടായിരുന്നോ’ എന്ന്?.
അദ്ദേഹം ശ്രമിച്ചു, തന്റെ ആദർശങ്ങൾക്കുവേണ്ടി പൊരുതി, അയാൾ തോൽപ്പിക്കപ്പെട്ടു, തന്റെ എൺപതു കൊല്ലത്തെ രാഷ്ട്രീയ ജീവിതം ഉദാഹരണമാക്കി അദ്ദേഹം 10 കൊല്ലത്തോളം മൗനത്തിൽ ജീവിച്ചു.
സമരങ്ങളില്ലാതെ കമ്മ്യൂണിസത്തിന് വളർച്ചയില്ല. ഒരുകാലത്ത് കമ്മ്യൂണിസം പ്രതിനിധാനം ചെയ്തിരുന്ന വിമോചന സാധ്യതകൾക്ക് ഇന്ന് പ്രതീക്ഷ നൽകുന്നത് സ്വത്വരാഷ്ട്രീയ മുന്നേറ്റങ്ങളാണ്. സ്വത്വങ്ങൾ തമ്മിൽ അധികാരമത്സരം നടക്കുമ്പോൾ നാം തേടുന്നതും കമ്മ്യൂണിസ്റ്റുകൾ ഒരിക്കൽ കൈവിട്ട സ്വപ്നങ്ങളാണ്. ഇടതുപക്ഷവും വലതുപക്ഷമായി മാറുമ്പോൾ പഴയകാല കമ്മ്യൂണിസ്റ്റുകളുടെ മരണങ്ങൾ മലയാളിയുടെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളെ വീണ്ടും ഉണർത്തുന്നു. ലിയോൺ റോസ്സൈൽസണിന്റെ ‘സോങ് ഓഫ് ദി ഓൾഡ് കമ്മ്യൂണിസ്റ്റ് സോങി’ലെ അവസാന വരികൾ വി.എസിനെ പോലുള്ള കമ്മ്യൂണിസ്റ്റുകളെ കുറിച്ചാണ്:
‘‘He was one of those lonely old men
who lived in the past, telling stories you don't want to know About how it was then, the hunger, the hardship The hopes and the struggles of so long ago’’.
അതെ, വി.എസ് മലയാളികളുടെ ഓർമ്മകളിൽ അവസാന കമ്മ്യൂണിസ്റ്റാണ്.
