കുന്നേൽ കൃഷ്ണൻ

കുന്നേൽ കൃഷ്ണൻ; വർഗീസിനൊപ്പം നിന്ന നക്സൽബാരി തലമുറയിലെ അവസാന കണ്ണികളിലൊരാൾ അറ്റുപോകുന്നു…

‘‘കായണ്ണ പോലിസ് സ്റ്റേഷനാക്രമണത്തിനിടെ രണ്ടു പോലീസുകാർ വിരലുകടിച്ചുപിടിച്ച് കുന്നേൽ കൃഷ്ണനെ പിടിച്ചുവെക്കുകയായിരുന്നു. കെ. വേണുവും ഞാനും രക്ഷിക്കാനെത്തിയെങ്കിലും സ്വന്തം ശേഷി തന്നെയാണദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഇരുട്ടിൽ തെറ്റിക്കൊണ്ട ചെറിയൊരു ഇരുമ്പുവടികൊണ്ടുള്ള, എൻ്റെ അടിയുണ്ടാക്കിയ മുദ്ര എരിഞ്ഞടങ്ങുന്നതുവരെ കൃഷ്ണേട്ടൻ്റെ തലയിലുണ്ട്’’- ഇന്നലെ അന്തരിച്ച പ്രമുഖ നക്സലൈറ്റ് നേതാവ് കുന്നേൽ കൃഷ്ണനെക്കുറിച്ച്, അര നൂറ്റാണ്ടിന്റെ ആത്മബന്ധമുള്ള സോമശേഖരൻ എഴുതുന്നു.

താണ്ട് അര നൂറ്റാണ്ടോളം നീണ്ട ബന്ധമാണെനിക്ക് കുന്നേൽ കൃഷ്ണൻ എന്നറിയപ്പെടുന്ന കൃഷ്ണേട്ടനുമായുള്ളത്. അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യ കനകേടത്തിയെയും കൂട്ടി പാർട്ടി വഴി അന്നവിടെ വിദ്യാർഥിയായിരുന്ന വാസുവിൻ്റെയടുത്തു വന്നതായിരുന്നു കൃഷ്ണേട്ടൻ. 73 കാലത്താകണം കോഴിക്കോട് ജില്ലയിൽ ഞങ്ങളോടൊപ്പം പ്രവർത്തിച്ച, വയനാട്ടിൽ അധ്യാപകനായിരുന്ന ദാമോദരൻ മാഷാണ് അദ്ദേഹത്തെ സംഘടനയുമായി ബന്ധപ്പെടുത്തുന്നത്.

വിദ്യാർത്ഥിയായിരുന്ന കാലത്ത് മാനന്തവാടി ഹൈസ്കൂളിൽ വർഗീസിനൊപ്പം കെ.എസ് .എഫിൻ്റെ പ്രസിഡണ്ടും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ടദ്ദേഹം. സി പി എമ്മിൽ വർഗീസിനൊപ്പം നിന്ന കൃഷ്ണേട്ടൻ ദൽഹിയിൽ ജോലി ചെയ്തിരുന്നപ്പോളാണ് വർഗീസ് കൊല്ലപ്പെടുന്നത്. അതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു.

നക്സലൈറ്റ് അനുഭാവിയായി തന്നെ സി പി എം പ്രവർത്തകനായിരിക്കുമ്പോഴാണ് ദാമോദരൻ മാഷ് സംഘടനയുമായി ബന്ധപ്പെടുത്തുകയും തുടർന്ന് മധു മാഷ് സെക്രട്ടറിയായി കൃഷ്ണേട്ടനുൾപ്പടെ വയനാട് ജില്ലാ കമ്മറ്റി രൂപീകരിക്കുകയും ചെയ്യുന്നത്.
അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ തന്നെ പാർട്ടിക്ക് ഫണ്ടുണ്ടാക്കുന്നതിന് നടത്തിയ മാനന്തവാടി 'മണി ആക്ഷന്' നേതൃത്വം കൊടുത്തത് കൃഷ്ണേട്ടനായിരുന്നു.

നക്സല്‍ വര്‍ഗീസ്

തുടർന്ന് ഒളിവിലായിരുന്നപ്പോളാണ് കായണ്ണ പോലിസ് സ്റ്റേഷനാക്രമണത്തിൽ പങ്കെടുക്കുന്നത്. മുൻനിരയിൽനിന്ന് അതിൽ നിർണായക പങ്ക് വഹിച്ചത് അദ്ദേഹമാണ്. ഒടുവിൽ രണ്ടു പോലീസുകാർ വിരലുകടിച്ചുപിടിച്ച് പിടിച്ചു വെക്കുകയായിരുന്നു. കെ. വേണുവും ഞാനും രക്ഷിക്കാനെത്തിയെങ്കിലും സ്വന്തം ശേഷി തന്നെയാണദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

ഇരുട്ടിൽ തെറ്റിക്കൊണ്ട ചെറിയൊരു ഇരുമ്പുവടികൊണ്ടുള്ള, എൻ്റെ അടിയുണ്ടാക്കിയ മുദ്ര എരിഞ്ഞടങ്ങുന്നതുവരെ കൃഷ്ണേട്ടൻ്റെ തലയിലുണ്ട്. പിന്നിട് അറസ്ററുചെയ്യപ്പെട്ട ശേഷം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കണ്ണൂർ ജയിലിലും ഞങ്ങളൊരുമിച്ചായിരുന്നു.

അടിയന്തരാവസ്ഥയിൽ ഏറ്റവും കടുത്ത പോലിസ് മർദ്ദനമേറ്റ ഒരാൾ കൃഷ്നേട്ടനാകും. അടിയന്തരാവസ്ഥക്കുശേഷം ഒളിവിലായിരുന്നവരടക്കം കേരളത്തിലെ പ്രധാന പാർട്ടി പ്രവർത്തകരും ജനകീയ സാംസ്കാരിക വേദി പ്രവർത്തകരുമെല്ലാം പ​ങ്കെടുത്ത 1980- ലെ വാളാട് സമ്മളനം എന്നറിയപ്പെട്ട രഹസ്യസമ്മളനം കൃഷ്ണേട്ടൻ്റെ പുരയിടത്തിലാണ് നടന്നത്. പിന്നീട് കേണിച്ചിറ മത്തായി വധക്കേസിലും നേതൃത്വമായത് അദ്ദേഹമാണ്.

കൃഷ്ണട്ടൻ മാത്രമല്ല, കുടുംബവും അക്കാലത്ത് കടുത്ത സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ട്. ഭാര്യയുടെ പ്രസവം പോലും ആശുപത്രിക്കുചുറ്റും പോലീസ് കാവലിലാണന്ന് നടന്നത്.

ദീർഘകാലം വയനാട് ജില്ലാ സെക്രട്ടറിയായും സംസ്ഥാനകമ്മറ്റിയംഗമായും അദ്ദേഹം പ്രർത്തിച്ചു. ജോലി ഉപേക്ഷിച്ചെങ്കിലും മെച്ചപ്പെട്ട കർഷകനായി ജീവിക്കാനുള്ള സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും രാഷ്ട്രിയ പ്രവർത്തനം മൂലം ജീവിതത്തിൻ്റെ ഭൂരിഭാഗവും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായിരുന്നു.

വർഗീസിനൊപ്പം നിന്ന നക്സൽബാരിയുടെ തലമുറയിലെ അവസാന കണ്ണികളിലൊരാൾ കൂടിയാണ് കൃഷേണട്ടൻ്റെ മരണത്തോടെ അറ്റുപോകുന്നത്.


സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. എഴുപതുകളുടെ ഒടുവിൽ സി.പി.ഐ.എം. എൽ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതി. പൊലീസുകാർ കൊന്ന പി.രാജനോടൊപ്പം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കൊടിയ പീഡനം ഏറ്റുവാങ്ങി. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

Comments