അകലെ നിന്ന് നോക്കുമ്പോൾ തോന്നുന്ന ആദരവും മതിപ്പും അടുത്ത് പരിചയിക്കുമ്പോൾ കുറഞ്ഞുകുറഞ്ഞു വരും എന്നൊരു സാമാന്യ ധാരണയുണ്ട്. പല പ്രമുഖ വ്യക്തികളുടെയും നേതാക്കളുടെയും കാര്യത്തിൽ ഇത് സ്വാഭാവികമാണ്. എന്നാൽ, ഇതിൽനിന്ന് ഏറെ വ്യത്യസ്തനാണ് സഖാവ് വി. എസ്. അച്യുതാനന്ദൻ. വി.എസ്സിനോട് അടുക്കുന്തോറും ഇഷ്ടവും ബഹുമാനവും ആർക്കും കൂടുകയേയുള്ളൂ. ആ വലിയ മനസ്സിലെ ആശയവിശുദ്ധിയും നിശ്ചയദാർഢ്യവും തന്നെയാണ് മുഖ്യ കാരണം. പിന്നെ സാധാരണക്കാരോടുള്ള സമീപനത്തിലെ എളിമയും കൊള്ളേണ്ടതും തള്ളേണ്ടതും വേഗത്തിൽ തിരിച്ചറിയാനുള്ള അസാധാരണ ശേഷിയും. ഇതിന് തെളിവുകൾ എത്ര വേണമെങ്കിലും നിരത്താനാവും.
ജനകീയ പ്രശ്നങ്ങൾ ഹൃദയത്തിലേറ്റി, എവിടെയായാലും ഓടിയെത്തി ഇത്ര ശക്തമായി ഇടപെട്ട ഒരു രാഷ്ട്രീയകക്ഷി നേതാവിനെയും രാജ്യത്ത് വേറെയധികം കണ്ടെത്താനാവില്ല. അക്കൂട്ടത്തിൽ മാധ്യമപ്രവർത്തനെന്ന നിലയ്ക്ക് നേരിൽ ബോധ്യപ്പെട്ടതോ സാക്ഷ്യംവഹിച്ചതോ ആയ അവിസ്മരണീയ സന്ദർഭങ്ങൾതന്നെ അനേകമുണ്ട്. അവയിൽ വ്യക്തിപരമായ അനുഭവസ്പർശമുള്ള അപൂർവം ചിലതുമാത്രമാണ് ഓർത്തെടുക്കുന്നത്.
നാദാപുരം സംഘർഷവും വി.എസും
കോഴിക്കോട് ടാഗോർ ഹാളിൽ 1988 ഒക്ടോബർ 24 -ന് ഒരു പത്രസമ്മേളനം. സി. പി. ഐ - എം ജില്ലാ സമ്മേളനം തുടങ്ങുന്നതിൻ്റെ തലേന്നാളാണ്. നാദാപുരം പ്രദേശത്തെ രാഷ്ട്രീയസംഘർഷം കത്തിപ്പടരുന്ന കാലം. ആത്മസംയമനം പാലിക്കാൻ അണികളോട് അഭ്യർത്ഥിക്കുന്ന സി. പി. ഐ - എമ്മിൻ്റെയും മുസ്ലീം ലീഗിൻ്റെയും സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവന അന്നത്തെ ഏതാണ്ടെല്ലാ പത്രങ്ങളിലും ഉണ്ട്. പക്ഷേ, അക്രമങ്ങൾ തുടർന്നു. അതുസംബന്ധിച്ച ചോദ്യം ആദ്യം ഉന്നയിച്ചത് ഇന്ത്യൻ എക്സ്പ്രസ് പ്രത്യേക പ്രതിനിധി എൻ. മാധവൻകുട്ടിയാണ്.
അതിന് ഉടൻ മറുപടി വന്നു: ‘ഇരുപക്ഷവും ആത്മസംയമനം പാലിക്കണം’ എന്നുതന്നെ വി. എസ് ആവർത്തിച്ചു. അപ്പോൾ, ‘അത് ശരി, പ്രായോഗികമായി അതിന് പാർട്ടി എന്ത് ചെയ്യും’ എന്നായി തുടർചോദ്യം. അതിനും ഉത്തരം ഒട്ടും വൈകിയില്ല; ‘തല്ലിയാൽ തടുക്കും; തിരിച്ചടിക്കില്ല. തിരിച്ച് .... അടിക്കില്ല’. മിക്ക പത്രങ്ങളിലും പിറ്റേദിവസം അതുതന്നെയായി വാർത്താ തലക്കെട്ടും.
നാദാപുരം മേഖലയാകെ ക്രമേണയെങ്കിലും സമാധാനാന്തരീക്ഷം വീണ്ടെടുത്തത് വി.എസ്സിന്റെ തക്ക സമയത്തെ ആ ഇടപെടൽ കൊണ്ടാണ്. അതിനുമുമ്പേ ആറു പേർ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് വടകര താലൂക്കിലെ മുതിർന്ന പാർട്ടിനേതാക്കളോട് നിർദേശിക്കാനും വി. എസ് മറന്നില്ല.

വെള്ളാപ്പള്ളിയെ ആർക്കാണ് പേടി?
ന്യായമുള്ള ഏത് കാര്യവും വി. എസ് അംഗീകരിക്കും എന്നതിന് തികച്ചും വ്യക്തിപരമായ ഒരു ഉദാഹരണം അനുസ്മരിക്കാം. എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ കൊല്ലം എസ്. എൻ. കോളേജിൽ ദീർഘിച്ച വിദ്യാർത്ഥിസമരം നടക്കുന്ന സമയം. 1999 ആദ്യത്തിൽ എന്നാണ് ഓർമ. ദേശാഭിമാനിയുടെ കൊച്ചി യൂനിറ്റിലാണ് അന്ന് ഞാൻ ജോലി ചെയ്യുന്നത്. ന്യൂസ് റൂമിലെ ഒരു സന്ധ്യാനേരം. നല്ല തിരക്കിനിടയിൽ ആലപ്പുഴയിൽനിന്ന് വി. എസ്സിൻ്റെ ഫോൺ കാൾ. സീനിയർ ന്യൂസ് എഡിറ്റർ ടി. വി. പത്മനാഭനാണ് ഫോൺ എടുത്തത്.
"ഇന്നലെ ചുമതലയിലുണ്ടായിരുന്ന സഖാവിന് കൊടുക്കാം" എന്ന് ഭവ്യതയോടെ പറഞ്ഞ് റിസീവർ എനിക്ക് നേരെ നീട്ടി. അല്പം പരിഭ്രമത്തോടെ ഫോൺ വാങ്ങി. ‘സഖാവേ’ എന്ന വിളിയിൽനിന്നുതന്നെ മറുതലയ്ക്കൽ ആരെന്ന് മനസ്സിലായി. ഉച്ചത്തിലല്ലെങ്കിലും കനമുള്ള വാക്കുകൾ. കോഴിക്കോടും കണ്ണൂരിലും പാലക്കാടും വയനാട്ടിലും റിപ്പോർട്ടർ ആയിരുന്നപ്പോഴുള്ള അടുപ്പംകൊണ്ട് ഞാൻ പേര് പറഞ്ഞു. ‘അവിടെ ആരാ വെള്ളാപ്പള്ളിയെ ഇത്ര ഭയമുള്ളവർ’ എന്ന ചോദ്യമായിരുന്നു അടുത്തത്. കാര്യം പെട്ടെന്ന് പിടികിട്ടി. എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽനിന്ന് ഒരു വാചകം വെട്ടിക്കളഞ്ഞതാണ് പ്രശ്നം. സംസ്ഥാന ഭാരവാഹികൾ പരാതിപ്പെട്ടതാണ് വി. എസ്സിനോട്. ആ വാചകം ഇതായിരുന്നു: "കള്ളുകച്ചവടക്കാരൻ്റെ ധാർഷ്ട്യം കോളേജ് കാര്യത്തിൽ വിലപ്പോവില്ല". സമരം ഉടൻ ഒത്തുതീർപ്പാക്കാൻ മാനേജ്മെൻ്റ് തയ്യാറാവണമെന്ന മയമുള്ള അഭ്യർത്ഥനയിൽ ഇങ്ങനെയൊരു അധിക്ഷേപം ഉചിതമായിരുന്നില്ല. അതുകൊണ്ട് ഞാൻ തന്നെയാണ് ആ വരികൾ ഒഴിവാക്കിയതെന്ന് സഖാവിനെ ധരിപ്പിച്ചു. പ്രസ്താവനയുടെ മൊത്തം സ്പിരിറ്റിന് ചേരുന്നതായിരുന്നില്ല അത് എന്നും വ്യക്തമാക്കി. " ‘അത് ശരി, പറയാം’ എന്ന മറുപടിയോടെ സഖാവ് ഫോൺ വെച്ചു. അക്കാര്യം പിന്നീട് ചർച്ചയേ ആയില്ല. ആയിടക്ക് ചേർന്ന എഡിറ്റോറിയൽ വിഭാഗത്തിൻ്റെ സംസ്ഥാനതല നേതൃയോഗത്തിൽ നേരിട്ട് കണ്ടപ്പോഴും വി. എസ് പതിവുപോലെ ഹൃദ്യ ഭാവത്തിലായിരുന്നു.
ബദൽരേഖക്കാലം
സി. പി. ഐ - എമ്മിൽ വലിയ കോളിളക്കമുണ്ടാക്കിയ ബദൽ രേഖയുമായി ബന്ധപ്പെട്ട അച്ചടക്കനടപടി റിപ്പോർട്ടിങ്ങിന് (1986) കണ്ണൂരിൽ ഇ. എം. എസ്സും വി. എസ്സും ഒരുമിച്ചായിരുന്നു വന്നത്. കോഴിക്കോട്ട് വിശദീകരണം കഴിഞ്ഞതിൻ്റെ തൊട്ടടുത്ത ദിവസമാണ്. കണ്ണൂർ അഴീക്കോടൻ സ്മാരകമന്ദിരത്തോടനുബന്ധിച്ചുള്ള പഴയ ഹാളിലായിരുന്നു പ്രധാന പ്രവർത്തകരുടെ യോഗം. പത്രക്കാരെയൊന്നും അങ്ങോട്ട് അടുപ്പിച്ചിരുന്നില്ല. മീറ്റ് ദ പ്രസ്സിന് നേരത്തേ സമ്മതം ചോദിച്ചിരുന്നെങ്കിലും അതും നിരാകരിച്ചു. യോഗശേഷം കാണാൻ വന്ന ലേഖകരെയും ‘ഒന്നും പറയാനില്ല. എല്ലാം ഇന്നലെ കോഴിക്കോട് വിശദമാക്കിയില്ലേ’ എന്ന മറുപടിയോടെ മടക്കി. മുതലക്കുളം മൈതാനത്തെ പ്രസംഗത്തിൽ ഇ. എം. എസ് ‘ഒപ്പിയാന്മാരെ’ നന്നായി തുറന്നുകാട്ടിയിരുന്നു.
ബദൽ രേഖയ്ക്ക് നേതൃത്വം നൽകിയ ഗ്രൂപ്പ് നേതാവ് എം. വി. രാഘവൻ്റെ പഴയ സ്വാധീനകേന്ദ്രമായിരുന്നല്ലോ കണ്ണൂർ. അവിടെ വന്ന് അധികം പ്രകോപനത്തിന് ഇടയാക്കേണ്ട എന്നാണ് വി. എസ് കരുതിയത്. പാർട്ടി ജില്ലാ സെക്രട്ടറി ചടയൻ ഗോവിന്ദനും അതിനോട് യോജിച്ചു. എന്നാൽ, പാർട്ടിയോഗത്തിലെ സംസാരമാവട്ടെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു; എം. വി. ആറിനോട് ഉള്ളിൽ നേരിയ അനുഭാവമെങ്കിലുമുള്ളവരെ മുഴുവൻ പാർട്ടിയിൽ പിടിച്ചുനിർത്താൻ പര്യാപ്തമായതും.

‘കേരളം ആര് ഭരിക്കണമെന്ന് മുസ്ലീം ലീഗ് തീരുമാനിക്കും’- മലബാറിൽ ലീഗിൽ താരമൂല്യമുള്ള പ്രാസംഗികനും എം എൽ എയുമായിരുന്ന പി. സീതി ഹാജിയുടെ വാക്കുകളാണ്.
മറ്റു ചില നേതാക്കൾ ഇത്തിരികൂടി കടത്തിപ്പറഞ്ഞു: ലീഗ് ഒരു മുന്നണിയുമായും ചർച്ചയ്ക്ക് അങ്ങോട്ട് ചെല്ലില്ല; ഇത്ര മന്ത്രിസ്ഥാനങ്ങൾ തരുമെന്ന ഓഫർ വെള്ളിത്താലത്തിലാക്കി പാണക്കാട് തങ്ങളെ വന്നു കണ്ട് പിന്തുണ തേടും, ഏത് മുന്നണിയും.
ഹുങ്ക് നിറഞ്ഞ ശൈലിയാണെങ്കിലും ഈ അവകാശവാദത്തിന് വിലയുണ്ടായിരുന്നു, രണ്ട് പതിറ്റാണ്ടോളം, 1967 മുതൽ 87 വരെ. ചെറിയ കാലയളവേ അതിൽനിന്ന് വേറിട്ടതുള്ളൂ. സി.പി.ഐ-എം നയിക്കുന്ന മുന്നണിയിലേക്ക് ആന്റണികോൺഗ്രസ്സുകൂടി വന്ന 1980 മുതൽ 82 വരെ.
സാമുദായിക വോട്ട് ബാങ്കിലൂന്നിയുള്ള ആ അധികാര വിലപേശലിനും ഔദ്ധത്യത്തിനും അറുതിവരുത്തിയതിൽ മുഖ്യ പങ്കുവഹിച്ച പ്രമുഖ നേതാക്കളാണ് ഇ.എം.എസ് നമ്പൂതിരിപ്പാടും വി. എസ്. അച്യുതാനന്ദനും. 1987- ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൈവരിച്ച തിളക്കമാർന്ന വിജയത്തോടെയായിരുന്നു സംസ്ഥാന രാഷ്ടീയത്തിലെ ആ നിർണായക വഴിത്തിരിവ്. മത - സാമുദായിക ശക്തികൾക്ക് പങ്കില്ലാത്ത ഭരണം വേണം എന്ന ആശയം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സി പി ഐ - എമ്മിന് മുമ്പൊരിക്കലുമില്ലാത്ത പൊതുസ്വീകാര്യതയാണ് അന്ന് ലഭിച്ചത്. പിന്തിരിപ്പൻ ശക്തികളുടെ കൂടാരമായ യു.ഡി.എഫിന് അപ്രതീക്ഷിത തോൽവിയും.
സി.പി.ഐ - എം അന്ന് സ്വീകരിച്ച ശരിയായ നിലപാടിന്റെ ദേശീയ രാഷ്ട്രീയ പശ്ചാത്തലവും ഏറെ ശ്രദ്ധേയമായിരുന്നു. ബി.ജെ.പി അഖിലേന്ത്യാതലത്തിൽ അവഗണിക്കാനാവാത്ത അരങ്ങേറ്റം കുറിച്ച കൊല്ലമാണ് 1984. ആ വർഷം ഡിസംബറിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വമുന്നണി സ്ഥാനാർത്ഥി തിരുവനന്തപുരത്തുൾപ്പെടെ വോട്ടുനിലയിൽ മുൻകാലത്തേക്കാൾ നേട്ടമുണ്ടാക്കി. വർഗീയശക്തികൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് 11-ാം പാർട്ടികോൺഗ്രസ് പ്രകടിപ്പിച്ച ഉൽക്കണ്ഠ ശരിവെക്കുന്ന രാഷ്ട്രീയചലനം. ‘കോൺഗ്രസിനോ, ബി. ജെ. പിയടക്കമുള്ള ശിഥിലീകരണ ശക്തികൾക്കോ സ്ഥാനമില്ലാത്തതും അവയെ എതിർക്കുന്നതുമായ മതനിരപേക്ഷ പ്രതിപക്ഷ മുന്നണി രൂപീകരിക്കണം’ എന്ന് വിജയവാഡ സമ്മേളനം തീരുമാനിക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ എല്ലാതരം വർഗീയതയെയും എതിർക്കണമെന്നും രാഷ്ട്രീയപ്രമേയത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.
"ഇതു സൂചിപ്പിക്കുന്ന താക്കീത് ഗൗരവമായെടുത്ത് അഖിലേന്ത്യാ ലീഗുമായുള്ള ബന്ധം ക്രമേണ മുറിയുന്ന സമീപനം സ്വീകരിക്കാൻ സി.പി.ഐ - എം കേന്ദ്ര കമ്മിറ്റി കേരളകമ്മിറ്റിയെ ഉപദേശിച്ചു’’ എന്നും ഇ. എം. എസ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, സംസ്ഥാന സെക്രട്ടറിയറ്റിൽ മൂന്നംഗങ്ങൾ ഈ നിർദേശത്തോട് വിയോജിപ്പറിയിച്ചു. അതേസമയം സി.സി തീരുമാനം നടപ്പാക്കാനുറച്ച് ഇ.എം.എസ് മുന്നോട്ടുപോയി, ഒപ്പം സംസ്ഥാന സെക്രട്ടറി വി.എസും. ഇതുസംബന്ധിച്ച ഒരു ലേഖനവിവാദത്തെ തുടർന്ന് അഖിലേന്ത്യാ ലീഗ് മുന്നണി വിട്ടുപോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എം.വി. രാഘവന്റെ നേതൃത്വത്തിൽ ബദൽ രേഖ ഉണ്ടാക്കിയതും അതിന് പിന്തുണ തേടാൻ സംസ്ഥാനവ്യാപകമായി ഗ്രൂപ്പ്പ്രവർത്തനം സംഘടിപ്പിച്ചതും.
ദേശീയ രാഷ്ട്രീയം എം.വി.ആറിനും സംഘത്തിനും വിഷയമായിരുന്നില്ല. മുസ്ലീം ലീഗിനെ കൂട്ടുപിടിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള യു. ഡി. എഫ്. മന്ത്രിസഭയെ വീഴ്ത്തുക. എന്നിട്ട് ലീഗിനെ എൽ ഡി എഫിനൊപ്പം കൂട്ടി അധികാരം പിടിക്കുക. ഇത്രയുമേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. അതിന് താത്വിക പരിവേഷം നൽകി ഒരു രേഖ ഉണ്ടാക്കിയെന്നുമാത്രം. 1983 - 84 മുതൽ ഇതിന്റെ കരുനീക്കം തുടങ്ങിയിരുന്നു. 1985-ൽ പാർട്ടിസമ്മേളനങ്ങളുടെ ഘട്ടത്തിൽ രഹസ്യ പ്രചാരവേല സജീവമാക്കി. എല്ലാ ജില്ലകളിൽനിന്നും പിന്തുണ തേടാൻ ഗൂഢപ്രയത്നം. എ. കെ. ജി സെന്ററിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് വരെ ഇതിന് ഉപയോഗപ്പെടുത്തി. തുടക്കത്തിൽ മുതിർന്ന നേതാക്കളിൽ ചിലരുടെ പരോക്ഷ പിന്തുണയും ഉണ്ടായി. പിശക് തിരുത്തി അവർ പിന്മാറുകയായിരുന്നു. തന്നെ ചിലർ വഞ്ചിച്ചതായി ‘ഒരു ജന്മം’ എന്ന ആത്മകഥയിൽ ചിലരുടെ പേരെഴുതിത്തന്നെ എം.വി.ആർ കുറ്റപ്പെടുത്തിയിട്ടുണ്ട്. വി.എസിനെതിരെ വിമർശനം താരതമ്യേന കുറവാണതിൽ. എന്നാൽ, സംസ്ഥാന സെക്രട്ടറിയായിരിക്കെ വി.എസിനു നേരിടേണ്ടിവന്ന വെല്ലുവിളികളിൽ ഇത്ര രൂക്ഷമായത് വേറെയില്ല.

എറണാകുളം ടൗൺ ഹാളിൽ 1985 ഡിസംബറിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് ബദൽ രേഖ പരസ്യമായി എം.വി.ആർ അവതരിപ്പിച്ചത്. പ്രസീഡിയം പ്രത്യേകാനുമതി നൽകുകയായിരുന്നു. എന്നാൽ, ചർച്ച കഴിഞ്ഞ് വോട്ടിനിട്ടപ്പോൾ ഒൻപത് പേരേ അനുകൂലിച്ചുള്ളൂ.
വി.എസിന്റെ സംഘടനാപരമായ പക്വതയും ഇടപെടൽശേഷിയും പാർട്ടിഅണികൾ ശരിക്കും തിരിച്ചറിഞ്ഞത് ബദൽരേഖയെത്തുടർന്നുള്ള പ്രതിരോധകാലത്താണ്. സംസ്ഥാനത്ത് പൊതുവെയും മലബാറിൽ വിശേഷിച്ചും അന്ന് എം. വി. ആറിനുള്ള അംഗീകാരം എതിരറ്റതായിയിരുന്നു. അതിൽ പെട്ടുപോയ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും തിരിച്ചുപിടിക്കൽ എളുപ്പമായിരുന്നില്ല. ഡി.വൈ. എഫ്.ഐയിലും എസ്.എഫ്.ഐയിലും ഓരോ സ്ഥലത്തും പ്രാപ്തരായ കേഡർമാരെ കണ്ടെത്തി ചോർച്ച തടയാനുള്ള ചുമതല ഏല്പിക്കുകയായിരുന്നു. മേഖലാ - ജില്ലാതല യോഗങ്ങളിൽ ഓരോയിടത്തും ഉശിരൻ പ്രഭാഷകരെ നിയോഗിച്ചു. ‘ഇളക്ക’മുള്ളവരെ നിരീക്ഷിക്കാനും ഉറപ്പിച്ചുനിർത്താനും താഴെത്തട്ടുമുതൽ മുകളിലോളം ഏർപ്പാടാക്കി. തെരഞ്ഞെടുപ്പുവേളയിലെ വോട്ടുപിടുത്തത്തെയും വെല്ലുന്ന പ്രവർത്തനം. കവലകൾതോറും ആഴ്ചകൾ ഇടവിട്ട് പൊതുയോഗവും. കാരണം, ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളിലെല്ലാം അന്ന് ‘എം.വി.ആർ തരംഗ’ മായിരുന്നു. അതിൽ സംഘടനയുടെ കെട്ടുറപ്പെല്ലാം ഒലിച്ചുപോവുമെന്ന പ്രതീതി. അത് സൃഷ്ടിച്ച മരവിപ്പും ആശങ്കയും വകഞ്ഞുമാറ്റിയാണ് പാർട്ടിയെ 1987- ലെ വൻ വിജയത്തിലേക്ക് നയിച്ചത്. അതിനു പറ്റിയ ടീമിനെ ഓരോ തലത്തിലും കൂടെനിർത്തി തലങ്ങും വിലങ്ങും ഓടിച്ചതിന്റെ നേട്ടം.
കണ്ണൂരിൽ പിണറായി വിജയൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് വരുന്നത് ആ സന്ദർഭത്തിലാണ്. ചടയൻ ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയറ്റിലേക്കെടുത്ത് സംസ്ഥാന സെന്ററിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏല്പിച്ചു.
കനത്ത ആഘാതം മുൻകൂട്ടി കണ്ട മറ്റു സ്ഥലങ്ങളിലും സംഘടനാതലപ്പത്ത് ചുമതലകളിൽ തിരക്കിട്ട നീക്കുപോക്ക് നടത്തി. സംസ്ഥാന - ജില്ലാ സെന്ററുകളിലും അഴിച്ചുപണിയിലൂടെ ജാഗ്രത കൂട്ടി. പ്രശ്നമേഖലകളിൽ ഓടിയെത്തി ഉപദേശ-നിർദേശങ്ങൾ നൽകി. വല്ലാതെ പുകയുന്ന കൊള്ളികൾ മാത്രം പുറത്ത്; ഒരുവിധം ഉൾക്കൊള്ളാവുന്നവരെല്ലാം അകത്തുതന്നെ. സംശയിച്ച് ആരെയും കളയേണ്ട. അതായിരുന്നു സമീപനം.

ബദൽ രേഖ സംസ്ഥാന സമ്മേളനം തള്ളിയശേഷവും എം.വി.ആറും കൂട്ടരും അടങ്ങിയിരിക്കുകയല്ല ചെയ്തത്. 1986 ജനുവരിയിൽ കൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസിലും ഇതേ വിഷയം ഉന്നയിച്ചു. പക്ഷേ, മറ്റൊരു സംസ്ഥാനത്തെയും ഒരു പ്രതിനിധിയും പിന്തുണച്ചില്ല. അതും കഴിഞ്ഞ് നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയിലും ഇവർ പോര് തുടർന്നു. സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടികോൺഗ്രസിന്റെയും തീരുമാനം മാനിക്കാൻ തയ്യാറായില്ല. ഈ അച്ചടക്കലംഘനം ചർച്ച ചെയ്താണ് മൂന്ന് സെക്രട്ടറിയറ്റ് അംഗങ്ങളെയും ഒരു സംസ്ഥാന കമ്മിറ്റി അംഗത്തെയും പാർട്ടിയിൽ അവർ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്ന് നീക്കിയത്. വേറെ ചില അംഗങ്ങളുടെ പേരിൽ ലഘുവായ അച്ചടക്ക നടപടിയും കൈക്കൊണ്ടു. എം.വി. രാഘവനെ പിന്നീട് ഒരു വർഷത്തേക്ക് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. അതിനൊന്നും വഴങ്ങാതെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി സ്വന്തമായി ഉണ്ടാക്കിയതും സി.പി.ഐ- എമ്മിനെതിരേ തുറന്ന പോരിനിറങ്ങിയതും.
പാർട്ടിയിൽ പ്രതിസന്ധി വളർന്ന മിക്ക ഘട്ടങ്ങളിലും വി.എസും പിണറായിയും അത് തരണം ചെയ്യാൻ തേളോടുതോൾ ചേർന്നാണ് നിന്നത്. ചടയനും പിണറായിയും സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോഴും അവരുമായി വി. എസ് നല്ല മാനസിക ഐക്യത്തിലായിരുന്നു.
