1980- കളുടെ തുടക്കത്തിലെന്നോ ആണ് ആശാനെ (കെ.വി. സുരേന്ദ്രനാഥ്) ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്നു തുടങ്ങിയ അടുപ്പം വൈകാതെ വലിയൊരു ഗുരുശിഷ്യബന്ധമായി വളരുകയായിരുന്നു. അത് 2005ൽ - ആശാൻ്റെ മരണം വരെ തടർന്നു എന്നെഴുതാനാണ് ഞാൻ ഉദ്ദേശിച്ചത്. എന്നാൽ പെട്ടെന്ന് മനസ്സൊന്ന് സ്വയം തിരുത്തി. ആശാൻ ഇപ്പോഴും കൂടെയില്ലേ? ഉണ്ടെന്നതാണ് മാനസിക യാഥാർത്ഥ്യം. കാരണം ആശാൻ എന്നെ സംബന്ധിച്ചേടത്തോളം ഒരു ധാർമ്മികശക്തിയുടെ പേരാണ്. അത്തരത്തിലുള്ള ഒരു സ്വാധീനം എൻ്റെ ജീവിതത്തിലിന്നുമുണ്ട്. ഇത് വെറുതെ ഭംഗിവാക്കായി പറയുന്നതല്ല. വ്യക്തിയെന്ന നിലയിൽ മിക്കപ്പോഴും എന്നെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു അദൃശ്യ ശക്തി. ഓർമ്മകളിൽ നിന്നും ഒഴിഞ്ഞുപോവാത്ത ഒരു സാന്നിധ്യം. സത്യസന്ധമായി തിരിഞ്ഞാലോചിക്കുമ്പോൾ ഞാനേറ്റവുമധികം കളവു പറഞ്ഞിട്ടുള്ളതും എൻ്റെ പ്രിയപ്പെട്ട ആശാനോടാണ്. അത്ഭുതം തോന്നുന്നുവല്ലേ? അതാണ് സത്യം. ആശാനോട്, ആശാൻ കാണിച്ചു തന്ന ജീവിതവീക്ഷണത്തോട് നീതി പുലർത്താൻ ഇപ്പോഴും ഞാൻ ക്ലേശിക്കാറുണ്ട്.
ആശാൻ്റെ ചിട്ടകൾക്കും ലാളിത്യശാഠ്യങ്ങളോടും ചേർന്നു നിൽക്കാനായി പലപ്പോഴും, അല്ല മിക്കപ്പോഴും കളവുപറയേണ്ടി വന്നിട്ടുണ്ട്. അച്യുതമേനോൻ സെൻ്റർ പണിക്കഴിപ്പിക്കുന്നതു തൊട്ട് മിക്കവാറും ദിവസം ആശാനെ കാണാൻ ചെല്ലേണ്ടതുണ്ടായിരുന്നു. സമയക്കുറവു കാരണം മിക്കപ്പോഴും ഓട്ടോറിക്ഷയിലായിരുന്നു പുളിമൂട്ടിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്ര. അത്രയും തുക ചെലവഴിച്ച് അവിടെ ചെന്നുവെന്നറിഞ്ഞാൽ ആശാൻ ചൂടാവും. സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ബസ്സ് പിടിച്ചാൽ പൂജപ്പുരയെത്തില്ലേ എന്നാവും ചോദ്യം. സമയക്കുറവുകൊണ്ടാണ് അത് തിരഞ്ഞെടുക്കാതെ യാത്ര ഓട്ടോയിലാക്കുന്നത്.
പിന്നീട് ആശാനെ പേടിച്ച്, അല്ല, അദ്ദേഹത്തെ വിഷമിപ്പിക്കണ്ട എന്നു കരുതി, ഞാൻ ഓട്ടോയിൽ ചെന്ന് അച്യുതമേനോൻ സെൻ്ററിനു കുറച്ചിപ്പുറം ഓട്ടോയിറങ്ങി ബാക്കി ദൂരം നടക്കും. എന്നിട്ട് ബസ്സിൽ വന്നെന്ന് കളവു പറയും. ഇത് പതിവാക്കി.
തിരുമലയിലെ വീട്ടിലേക്കും പതിവു തുടർന്നു. മിതവ്യയത്തിൻ്റെ ശീലവും, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിലെ സംതൃപ്തിയും ആശാൻ പഠിപ്പിച്ച വലിയ ജീവിത പാഠങ്ങളാണ്. മൂല്യങ്ങൾ കൈവിട്ടുള്ളതൊന്നും സ്വീകാര്യമാവരുതെന്ന് എപ്പോഴും ആശാൻ നിരന്തരം ഓർമ്മിപ്പിച്ചു. മനുഷ്യത്വരഹിതമായതിനോടൊന്നും സന്ധിയാവരുതെന്നും.

വിദ്യാഭ്യാസത്തിലൂടെ നേടിയ തത്ത്വശാസ്ത്രത്തിൻ്റെ അടിസ്ഥാനവും രാഷ്ട്രീയ ബോധ്യങ്ങളിലൂടെ കൈവന്ന അസാധാരണ നീതിബോധവും കെ.വി. സുരേന്ദ്രനാഥിനെ ഒരു വേറിട്ട മനുഷ്യനാക്കി. നമ്മളറിയുന്ന ആശാനാക്കി. എഴുതാനായി അനുഭവങ്ങൾ ഏറെയുണ്ട്. അവയിങ്ങനെ പറയുന്നത് ശരിയാണോ? എന്തായാലും ഇതൊന്നും പറയുന്നത് ആശാൻ ഇഷ്ടപ്പെടില്ല. അതിനാൽ ഞാനതിന് അധികം മുതിരുന്നില്ല.
കെ.വി. സുരേന്ദ്രനാഥ് മരണം വരെ ഒരു പഠിതാവായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ കോളേജിൽ തത്ത്വചിന്ത പഠിച്ച് ഉന്നത വിജയം നേടിയ യുവാവ്. പിന്നീടിങ്ങോട്ടും ചിന്താപരമായ അന്വേഷണങ്ങൾ തുടർന്നു. വാർദ്ധക്യകാലത്ത് രോഗത്തിൻ്റെ പിടിയിലാവുന്നതു വരെ ഒരന്വേഷിയായി തന്നെ ജീവിച്ചു. ദേശീയ പ്രസ്ഥാനത്തിൻ്റെ മൂല്യബോധമുൾക്കൊണ്ട് പൊതുപ്രവർത്തന രംഗത്ത് വന്നൊരാൾ. പരിണാമത്തിലൂടെ വികസിച്ചുവന്ന മാനവൻ സംസ്കാരത്തിലൂടെ കൂട്ടായ ജീവിതം നയിച്ച് മുന്നേറുന്നതിനിടയിലെ വർഗ്ഗസംഘർങ്ങൾ കുറക്കാൻ കഠിനമായി ശ്രമിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലൂടെ സമത്വസമൂഹം നേടിയെടുക്കാൻ മാർക്സിസമാണ് ഏറ്റവും ഉചിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ പ്രചാരകനായ ഒരാൾ. ആ മാർക്സിസമാകട്ടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കണം എന്ന് ബോധ്യമുണ്ടായിരുന്ന ഒരാൾ.
ആശാന് പല സ്വപ്നങ്ങളുണ്ടായിരുന്നു. ഞാനിന്നവയെ സ്വപ്നങ്ങൾ എന്നു വിശേഷിപ്പിക്കുന്നു എന്നേയുള്ളൂ. ആശാന് അവയൊക്കെ ഒരു കമ്യൂണിസ്റ്റെന്ന നിലയിലെ സാധ്യതകളായിരുന്നു.
അതിലൊന്നാമത്തേത് പരിസ്ഥിതിയും കമ്യൂണിസവും തമ്മിലുള്ള പരസ്പര്യം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു. കാരണം, ആശാന് ഭൂമിയിലെ പ്രകൃതിയെപ്പറ്റി വലിയ ആശങ്കകൾ ഉണ്ടായിരുന്നു. ആശാൻ പ്രകൃതിയുടെ പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച് മനസ്സിലാക്കിയിരുന്നു. മാനവികതയിൽ ഊന്നി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം, തീർച്ചയായും മനുഷ്യൻ്റെ മുന്നിലെ ഈ വെല്ലുവിളിയെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ കൈകാര്യം ചെയ്യണം എന്ന് ആശാൻ ആഗ്രഹിച്ചു. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെയാണ് പാരിസ്ഥിതിക വിഷയങ്ങളിൽ ഇടപെടുക എന്ന് ആശാൻ മാതൃകാപരമായി കാണിച്ചു തന്നു, എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും.

1970- കൾ തൊട്ട് ആശാൻ കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ തുടങ്ങി. മാനവികതയുടെ ഭാഗമാണ് പ്രകൃതിസംരക്ഷണം എന്നാണ് ആശാൻ മുന്നോട്ടുവെച്ച ആശയം. പരിസ്ഥിതി സംരക്ഷണത്തിൽ ഭരണകൂടങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആശാൻ ലേഖനങ്ങളിലൂടെ വ്യക്തമാക്കി. അദ്ദേഹം ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതി:
‘‘പരിസ്ഥിതി സംരക്ഷണത്തിൽ ഭരണകൂടങ്ങളുടെ പങ്ക് വളരെ വലുതാണ്. കാരണം പരിസ്ഥിതി പ്രശ്നങ്ങളിൽ വ്യാപ്യതരായവർക്ക് പരിമിതികളുണ്ട്. മാത്രമല്ല; നിയമതടസ്സങ്ങളുമുണ്ട്. പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമായ ഈ ഘട്ടത്തിലെങ്കിലും നിയമനിർമ്മാണത്തിലൂടെയും അവയുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെയും ഭരണകൂടങ്ങൾക്ക് മുന്നേറാവുന്നതാണ്’’.
ആശാൻ നിയമസഭയിലും പാർലമെൻ്റിലും സംസാരിക്കാൻ അവസരം കണ്ടെത്തി പരിസ്ഥിതിക്കുവേണ്ടി വാദിച്ചു. ആശാൻ്റെ വാദങ്ങൾക്ക് ചെവിയോർക്കാൻ കേരളത്തിൽ ധാരാളം മനുഷ്യരുണ്ടായിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെ ആശാകേന്ദ്രമായിരുന്നു കെ.വി. സുരേന്ദ്രനാഥെന്ന രാഷ്ട്രീയ നേതാവ്. അങ്ങനെയൊരാൾ അതിനു മുമ്പോ, പിമ്പോ നമ്മുടെ പൊതുമണ്ഡലത്തിലുണ്ടായിട്ടില്ല.
ആശാൻ ലക്ഷ്യം വെച്ച മറ്റൊന്ന് തൊഴിലാളി സംഘടനകളും കമ്യൂണിസവും തമ്മിലുള്ള പാരസ്പര്യമാണ്. ഒരു ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ ആശാൻ സമാനതകളില്ലാത്ത ഒരു കേരളീയ മാതൃകയാണ്. 1950- കൾ തൊട്ട് ആശാൻ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചിരുന്നു. കേരളത്തിലെ മിക്കവാറും അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ആശാൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബാങ്ക് - എംപ്ലോയീസ്, ഇലക്ട്രിസിറ്റി ബോർഡ്, ട്രാൻസ്പോർട്ട് എംപ്ലോയീസ് തുടങ്ങി ഇരുപതോളം ട്രേഡ് യൂണിയനുകളുടെ നേതൃനിരയിൽ ആശാൻ പ്രവർത്തിച്ചു.1954- മുതൽ 1971 വരെ. പിന്നീടിങ്ങോട്ട് ആ രംഗത്തുവന്ന അപചയങ്ങളിൽ ആശാൻ ദുഃഖിതനായിരുന്നു, അല്ല രോഷാകുലനായിരുന്നു. ഒരു ലേഖനത്തിൽ ആശാൻ തന്നെ അത് ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്:
‘‘ഇന്നത്തെ ട്രേഡ് യൂണിയനുകളെക്കുറിച്ച് പറയുമ്പോൾ എൻ്റെ വാക്കുകളിൽ രോഷം നിറയുന്നതിന് ഞാനല്ല ഉത്തരവാദി. ഞാനുൾപ്പടെയുള്ളവർ ത്യാഗം സഹിച്ച് വളർത്തിയെടുത്ത ട്രേഡ് യൂണിയനുകൾ അവസരവാദത്തിൻ്റെയും അത്യാഗ്രഹത്തിൻ്റെയും വേദികളായി മാറിയത് ജീവതത്തിലെ നല്ല കാലം മുഴുവൻ ട്രേഡ് യൂണിയനുകൾക്കു വേണ്ടി കഷ്ടപ്പെട്ട എന്നെ രോഷാകുലനാക്കുന്നു’’. തൊഴിലാളികളോട് ഇത്രയേറെ കൂറ് പുലർത്തിയ ആദർശവാദിയായ മറ്റൊരു ട്രേഡ് യൂണിയൻ നേതാവും നമ്മുടെ നാട്ടിലുണ്ടായിട്ടില്ല.

നിയമസഭാ സാമാജികൻ, പാർലമെൻ്റേറിയൻ എന്നീ നിലകളിലും കെ.വി. സുരേന്ദ്രനാഥ് വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. ഇത്രയേറെ ഗഹനമായി കാര്യങ്ങളെക്കുറിച്ച് പഠിച്ച് സഭയിലെത്തുന്ന മറ്റൊരു എം എൽ എ അപൂർവ്വമാണ്. ഈ സ്ഥാനങ്ങളിലിരിക്കുമ്പോഴും സാധാരണക്കാരനെപ്പോലെ ലളിതമായി ജീവിക്കുവാൻ ആശാൻ തയ്യാറായി. തിരുവനന്തപുരത്തെ ബസ്സുകളിൽ ജനങ്ങൾ അവരുടെ എം.എൽ.എയും എംപിയേയും സഹയാത്രികനായി കൂടെക്കൂട്ടി. എം.എൻ. സ്മാരകത്തിലെ ആശാൻ്റെ മുറിയ്ക്കു മുന്നിൽ പാവപ്പെട്ട മനുഷ്യരുടെ നീണ്ടനിര പതിവ് കാഴ്ചയായിരുന്നു. ആശാനെക്കുറിച്ച് ഇങ്ങനെ എത്രയോ പറയാനുണ്ട്.
ആശാൻ അധികമൊന്നും എഴുതിയിട്ടില്ല. ‘ലോകത്തിൻ്റെ മുകൾത്തട്ടിലൂടെ’ എന്ന വേറിട്ട ഒരു ഹിമാലയൻ യാത്രാവിവരണം ആശാൻ്റെതായി മലയാളത്തിനു ലഭിച്ചിട്ടുണ്ട്. പിന്നെ കുറച്ചു ലേഖനങ്ങളും. ലേഖനങ്ങളിൽ മിക്കതും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റിയാണ്. ചില മാർക്സിയൻ ചിന്തകരുടെ ലേഖനങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. എറിക് ഹോംബ്സാമിൻ്റെ ലേഖനങ്ങൾ ഇക്കൂട്ടത്തിൽ പെടും. വിഖ്യാത ബ്രിട്ടീഷ് മാർക്സിസ്റ്റ് ചരിത്രകാരനായ എറിക് ഹോംബ്സ് ബാമിൻ്റെ പുസ്തകങ്ങളെക്കുറിച്ചും യുഗോസ്ലാവിയൻ കമ്യൂണിസ്റ്റ് നേതാവും ചിന്തകനുമായിരുന്ന മിലോവൻ ജിലാസിൻ്റെ പുസ്തകങ്ങളെക്കുറിച്ചും ആശാൻ പലപ്പോഴും എന്നോട് സംസാരിച്ചത് ഇപ്പോഴും എൻ്റെ ഓർമ്മയിലുണ്ട്. മാർക്സിസത്തിൻ്റെ പ്രചാരണത്തിനും ആശയവികാസത്തിനുമായി തുടങ്ങിയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസ്റ്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിൻ്റെ ചുമതലക്കാരനും ആശാനായിരുന്നു. അതിന്റേതായി തുടങ്ങിയ ‘മാർക്സിസ്റ്റ് വീക്ഷണം’ എന്ന മാസികയുടെ എഡിറ്ററും കെ.വി. സുരേന്ദ്രനാഥായിരുന്നു. മാർക്സിസവുമായി ബന്ധപ്പെട്ട ദാർശനികവും താത്ത്വികവുമായ ലേഖനങ്ങളാൽ സമ്പന്നമായിരുന്നു ആ മാസിക. കെ. ദാമോദരനും എൻ. ഇ. ബാലറാമും സി. അച്യുതമേനോനും ഒക്കെ ഇതിൻ്റെ പിൻബലമായി ആശാനോടൊപ്പം പ്രവർത്തിച്ചു. അച്യുതമേനോനെപ്പറ്റി ഒരു ജീവചരിത്രം തയ്യാറാക്കുക എന്നത് ആശാൻ്റെ അവസാനകാലത്തെ ആഗ്രഹങ്ങളിലൊന്നായിരുന്നു. അതിൻ്റെ തയ്യാറെടുപ്പുകൾക്കിടയിലാണ് അദ്ദേഹം രോഗത്തിൻ്റെ പിടിയിലാകുന്നത്. 2005 സെപ്തംബർ 5 ന് ആശാൻ വിടവാങ്ങുകയും ചെയ്തു.

ആശാനെന്ന മനുഷ്യൻ നല്ല കമ്യൂണിസ്റ്റായിരുന്നു. ഒരു മാതൃകാ കമ്യൂണിസ്റ്റ്. തികഞ്ഞ ജനാധിപത്യവാദി. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം ഇന്ത്യൻ സമൂഹ്യ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പരിവർത്തന വിധേയമാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ഒരാൾ. അവസാന കാലത്ത് ആശാൻ നിരാശനായിരുന്നു എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നത്.
ഒരു കാര്യം അടിവരയിട്ട് പറയട്ടെ. ഇങ്ങനെയും ഒരാൾ നമുക്കിടയിൽ ജീവിച്ചിരുന്നു. അസാധാരണമായ ലാളിത്യത്തോടെ, വിശാലമായ മാനവിക ബോധത്തോടെ, അധികാരത്തിൻ്റെ കറ പുരളാതെ, ധിഷണയുടെ വെളിച്ചത്തോടെ ഒരു സാധാരണ കമ്യൂണിസ്റ്റായി. അദ്ദേഹത്തെ അടുത്തറിയാൻ അവസരം ലഭിച്ച ഒരു ജനാധിപത്യവാദിയുടെ സത്യവാങ്ങ്മൂലമാണ് ഈ കുറിപ്പ്.
