ഉമ്മ പറഞ്ഞ ലക്ഷദ്വീപ്

ഉപ്പാപ്പയെ കാണാൻ വരുമ്പോൾ തേങ്ങ കൊണ്ടുണ്ടാക്കിയ പലതരം വിഭവങ്ങളുമായാണ് അവർ വന്നിരുന്നത്. ഉമ്മയിൽനിന്ന് കേട്ടറിഞ്ഞ കഥയിലെ വിഭവങ്ങൾ അന്വേഷിച്ച് ലക്ഷദ്വീപ് വരെ പോകാൻ കഴിഞ്ഞില്ലെങ്കിലും മംഗലാപുരം ബന്തറിൽ അനാദി സാധനങ്ങൾ മൊത്തക്കച്ചവടം ചെയ്തിരുന്ന പീടികയിൽനിന്ന് ഞങ്ങൾ 'ബൊണ്ടിയ' എന്ന തേങ്ങയുണ്ടയും തേങ്ങകൊണ്ടുണ്ടാക്കിയ 'കട്ടി' എന്ന പ്രത്യേകതരം ജാമും വാങ്ങിച്ചിരുന്നു.

ക്ഷദ്വീപുമായി എനിക്ക് വൈകാരികമായ ഒരടുപ്പമുണ്ട്.
എന്റെ ഉപ്പാപ്പ ഒരു വൈദ്യനായിരുന്നു.
ചോപ്പൻ അബ്ദുൾ ഖാദർ ഹാജി എന്നാണറിയപ്പെട്ടിരുന്നത്.
ഞാൻ ജനിക്കുന്നതിനു മുമ്പേ ഉപ്പാപ്പ മരിച്ചിരുന്നു.

ഉമ്മ പറഞ്ഞു തന്നിരുന്ന കഥകളിൽ ഉപ്പാപ്പയും ലക്ഷദ്വീപുകാരും കടന്നുവരുമായിരുന്നു. ലക്ഷദ്വീപുവാസികളിൽ പലരും ചികിത്സക്ക് ഉപ്പാപ്പയെ കാണാൻ വരുമായിരുന്നത്രെ. തൊലിയിൽ അലർജിയുണ്ടായി ദേഹമെല്ലാം ചുവക്കുമായിരുന്ന രോഗവുമായി അതിനുള്ള മരുന്നിനുവേണ്ടിയായിരുന്നു
അവർ ഉപ്പാപ്പയെ കാണാൻ വന്നിരുന്നത്. അതുകൊണ്ടാണ് ഉപ്പാപ്പയ്ക്ക് ചോപ്പൻ എന്ന പേരു കിട്ടിയതും. ഉപ്പാപ്പയെ കാണാൻ വരുമ്പോൾ തേങ്ങ കൊണ്ടുണ്ടാക്കിയ പലതരം വിഭവങ്ങളുമായാണ് അവർ വന്നിരുന്നത്.

ഉമ്മയിൽനിന്ന് കേട്ടറിഞ്ഞ കഥയിലെ വിഭവങ്ങൾ അന്വേഷിച്ച് ലക്ഷദ്വീപ് വരെ പോകാൻ കഴിഞ്ഞില്ലെങ്കിലും മംഗലാപുരം ബന്തർ വരെ പോയിരുന്നു. അനാദി സാധനങ്ങൾ മൊത്തക്കച്ചവടം ചെയ്തിരുന്ന പീടികയിൽചെന്ന് അവിടെ ലഭിച്ചിരുന്ന തേങ്ങയും ശർക്കരയും ചേർത്തുണ്ടാക്കിയതും ഉണങ്ങിയ ഓലക്കീറ് കൊണ്ട് ചുറ്റിയതുമായ ‘ബൊണ്ടിയ' എന്ന തേങ്ങയുണ്ടയും തേങ്ങകൊണ്ടു തന്നെയുണ്ടാക്കിയ ‘കട്ടി' എന്നു പേരുള്ള ഒരു പ്രത്യേകതരം ജാമും വാങ്ങിച്ചിരുന്നു.

ഉമ്മയിൽനിന്ന് കേട്ട ലക്ഷദ്വീപുകാരെക്കുറിച്ചുള്ള കഥകൾ സൃഷ്ടിച്ച വൈകാരികതയെ വീണ്ടുമുണർത്തിയത് മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രത്തെയും അന്വേഷിച്ചുപോയ അബ്ദുൾ റഷീദിന്റെ ‘ലക്ഷദ്വീപ് ഡയറി'യാണ്. അന്ന് ഞാനെന്റെ ഉപ്പാപ്പയെ ഓർത്തു. ഒരു പക്ഷെ ഇതേ മൊല്ലാക്ക ഉപ്പാപ്പയെയും കാണാൻ വന്നിരുന്നിരിക്കാം. മാളിക മുകളിൽ കയറി കാക്കാ(കാസറഗോഡു ഭാഗത്ത് ഉമ്മയുടെ സഹോദരന്മാരെ കാക്കാമാർ എന്നാവിളിക്കുന്നത്)മാരോടെ കൈയ്യിൽ ബീഡി കൊടുത്ത് അടുപ്പിൽനിന്ന് കത്തിച്ചു വരാൻ പറഞ്ഞിട്ടുണ്ടായിരിക്കും. അത് കത്തിച്ച് വരുന്നതിനിടയിൽ സ്വയമൊരു ബീഡിയും കത്തിച്ച് പകുതിയും വലിച്ച് തീർത്ത് ‘ഇത് പടച്ചോന്റെ തീയിൽനിന്ന് കത്തിച്ച ബീഡിയാണ്, ഇനി നീ അടുപ്പിൽനിന്ന് കത്തിച്ച ബീഡി താ മക്കളേ' എന്ന് അതും വാങ്ങി വലിച്ചിട്ടുണ്ടായിരിക്കും.

ഇതൊക്കെയും ഒരു ഫാന്റസിപോലെ ആസ്വദിക്കുന്നതാണെങ്കിലും ഇന്ന് ലക്ഷദ്വീപിൽനിന്ന് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അത്ര ആശ്വാസം നൽകുന്നതല്ല. സംഘപരിവാരം എല്ലാതരത്തിലുമുളള വിഷപ്രയോഗം നടത്തി അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.അതിനെതിരെ ശക്തമായ പ്രതിഷേധം നടന്നില്ലെങ്കിൽ അവർക്ക് നഷ്ടപ്പെടുന്നത് അവരുടെ സൈ്വരജീവിതം മാത്രമല്ല, കാലങ്ങളായി അവർ കാത്തുപോന്നിരുന്ന മിത്തും സാംസ്‌കാരിക സ്വത്വവുമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നമ്മുടെ കാൽച്ചുവട്ടിൽനിന്നും സ്വത്വാടയാളങ്ങൾ മായ്ച്ചു കളയപ്പെടുന്ന കാലം വിദൂരമല്ല!

Comments