പാട്ടുകൾ കൊണ്ട് കാലത്തെ നിർണയിച്ച ലതാ മങ്കേഷ്കർ

രു അരുവിയുടെ ചെവിയാവുക എന്നതാണ് ലതാജിയുടെ പാട്ടുകൾ കേൾക്കുമ്പോൾ പറയാൻ തോന്നുക. പ്രണയത്തിലും വിരഹത്തിലും കാത്തിരിപ്പിലും വേദനയിലും ഭക്തിയിലും ആ അരുവി മൃദുവായി ഒഴുകുന്നു. സംഗീതാസ്വാദനത്തിന്റെ അടിയുറവകളിൽ ഒരിക്കലും വേർപിരിക്കാനാവാത്ത ആർദ്രസാന്ദ്രത.

അഞ്ചാം വയസ്സിൽ അച്ഛൻ ദിനനാഥ് മങ്കേഷ്‌കറിന്റെ സംഗീതനാടകങ്ങളിൽ ബാലതാരമായി അരങ്ങിലെത്തിയ കുട്ടി ഹേമ എന്ന പേരിൽ നിന്ന് ലതയായത് കുടുംബത്തിന്റെ നാടകപ്രേമത്താലാണ്. എന്നാൽ അച്ഛന്റെ സംഗീതം ജീനിൽ കിട്ടിയ മക്കളുടെ നിയോഗം നാടകത്തിലല്ലായിരുന്നു. ഹൃദയാഘാതത്താൽ അച്ഛൻ അവിചാരിതമായി നഷ്ടമാകുമ്പോൾ വെറും പതിമൂന്ന് വയസ്സുള്ള പെൺകുട്ടി, താങ്ങാവേണ്ട മൂത്തവൾ എന്ന ഉത്തരവാദിത്തവുമായി മുംബൈയിലേക്ക് വണ്ടി കയറി.

കൊച്ചു കൊച്ചു വേഷങ്ങളിൽ അഭിനയിച്ചും പാട്ടു പാടിയും കാലത്തോട് കഠിനമാം വിധം പൊരുതിയാണ് ലത മുന്നോട്ട് പോയത്. ലതയുടെ പടർച്ചയുടെ പൊടിപ്പ് അത്ര എളുപ്പമായിരുന്നില്ല. നേർത്ത ശബ്ദം, മറാത്തി സ്ലാങ്ങ് -പരാതികളും വിമർശനങ്ങളും ഏറെയുണ്ടായിരുന്നു. നൂർജഹാന്റെ പാട്ടു വഴി ഏറെ അഭിനന്ദിക്കപ്പെട്ട കാലം."കേട്ടൂ പഠിക്കൂ' എന്ന് അച്ഛൻ ഒരിക്കൽ കേൾപ്പിച്ച ആ ശബ്ദത്തെ അനുകരിച്ചും ആരാധിച്ചും പാടിയ ലത പക്ഷേ തന്റെ ശബ്ദത്തിന്റെ അനന്യതയെ തിരിച്ചറിഞ്ഞു. ആദ്യം കുടുംബത്തിനു സമർപ്പിച്ച ജീവിതം, നിത്യവസന്തം പൊഴിക്കുന്ന സംഗീത വൃക്ഷത്തിൽ ഒട്ടിപ്പിടിച്ച് വളർന്നു ഇന്ത്യയുടെ ഹൃദയങ്ങളിൽ ചുറ്റി പടർന്നു കിടക്കുന്നു.

കിതി ഹസാൽ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ലത ആദ്യമായി ഗാനമാലപിച്ചത്. 1948 ൽ മജ്ബൂറിൽ "ദിൽ മേര തോട' പാടി പേരെടുക്കുമ്പോൾ ലതയ്ക്ക് 19 വയസ്സ്. 1949 ൽ മഹലിലെ "ആയേഗ ആയേഗ' പാടി സൂപ്പർ ഹിറ്റാക്കിയതോടെ ലതയുടെ ശബ്ദത്തിന് അംഗീകാരമായി. പിന്നീടുള്ള
അരനൂറ്റാണ്ടിലധികം കാലത്തെ സംഗീതസപര്യയിൽ വ്യത്യസ്തരായ സംഗീത സംവിധായകരുടെ വ്യത്യസ്ത ഴാനറുകളിലായി നാല്പതിനായിരത്തിലധികം പാട്ടുകൾ. ഒരു ദിവസം എത്ര പാട്ടുകൾ പാടിക്കാണും! എത്ര ഭാഷകൾ, എത്ര സംസ്‌കാരങ്ങൾ, എത്ര ജീവിത മുഹൂർത്തങ്ങൾ... തന്റെ ശബ്ദം കൊണ്ട് കാലദേശങ്ങളുടെ അതിർത്തികളെയും നിരാകരിച്ച് ഹൃദയങ്ങളെ കൂട്ടിയിണക്കി ലത ഇന്ത്യയുടെ വാനമ്പാടിയായി.

സംഗീതവും പാട്ടും നിറഞ്ഞു നിന്ന ആദ്യ കാല സിനിമയിൽ ലതാജിയുടെ ശബ്ദം സിനിമകളുടെ വിജയമന്ത്രമാവാൻ അധികം സമയം എടുത്തില്ല. ദീദാറും, ബൈജു ബാവ് രയും, ദേവദാസും അടക്കം ആദ്യ പാട്ടു പതിറ്റാണ്ടുകൾ തന്നെ ഉദാഹരണം.

ലതാജിയുടെ ഓരോ കാലത്തെയും ആരാധകർക്ക് നാവിൽ ഓരോരോ പാട്ടുകളുണ്ടായിരുന്നു; ഓരോ തലമുറകൾക്കും വേണ്ട പാട്ടുകൾ അവർ തെരഞ്ഞെടുത്തു. അമ്പതുകളിലേ തുടങ്ങുന്നുണ്ടത്. സാഹിറിന്റെ വരികൾക്ക് എസ് ഡി ബർമൻ ഈണം നല്കിയ "ഫൈലി ഹുയി ഹെ സപ്‌നോംകി ബാഹേം' (ഹൗസ് നമ്പർ 44 ) ഇപ്പോഴത്തെ എഴുപതുകാരുടെ നാവിൽ സദാ ഉരുവിട്ട് കേട്ട് പിന്നെ വന്ന തലമുറയുടെയും പ്രിയമെലഡിയായി തീർന്ന പാട്ടുകളിലൊന്നാണ്.

അറുപതുകളിൽ, മദൻ മോഹൻ ഈണമിട്ട "ആപ് കി നസ് രോ നേ സംജാ ' പാടിയ ലതാജിയുടെ ശബ്ദം പ്രണയികളുടെ മുഴുവൻ ഹൃദയം ആർദ്രവും കാതരവുമാക്കി. ആ ശബ്ദത്തിന്റെ മാന്ത്രികതയിൽ കണ്ണോടു കണ്ണ് നോക്കിയിരിക്കാൻ ഹൃദയം തുടിക്കാത്ത കാമുകരുണ്ടോ....!
ആരാധകരുടെ മാത്രമല്ല, ലതാജിയുടെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ "ലഗ് ജാ ഗലേ...' ദേശ ഭേദമെന്യേ ഒട്ടേറെ സംഗീതപ്രേമികളുടെ ഹൃദയം കവർന്നു.. ചിരാഗിലെ "തേരി ആഖോം കേ സിവയും' നിത്യഹരിതം..

1963ലെ റിപ്പബ്ലിക് ഡേയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കണ്ണീരണിയിച്ചു കൊണ്ട് പാടിയ "ഏ മേരെ വദൻ കി'ഇന്നും ഇന്ത്യയുടെ ദേശഭക്തിഗാനങ്ങളിൽ അമരസ്മരണയായി നിലകൊള്ളുന്നു.

എഴുപതുകളിൽ, ആർ.ഡി ബർമൻ സംഗീതം നല്കി അനശ്വരമാക്കിയ "തേരേ ബിനാ സിന്ദഗി സേ കോയി' കിഷോർ കുമാർ- ലതാ കോമ്പിനേഷൻ പ്രണയ യുഗ്മഗാനങ്ങളിലവിസ്മരണീയമായി. മെഹബൂബയിലെ (1976) 'മേരേ നൈന സാവന് ബാൻതോ 'ഏതു കാലത്തിലും ഹൃദയം പൊട്ടുംവിധം വിരഹത്തെ പാട്ടിൽ കുരുക്കിയിടുന്നു. മുകേഷുമൊത്തുള്ള "കഭി കഭി മേരേ ദിൽ മേo' യും എക്കാലത്തെയും ഹിറ്റായി നിലകൊള്ളുന്നതിൽ ആ ശബ്ദത്തിന്റെ ഇന്ദ്രജാലമുണ്ട്.

മലയാളത്തിൽ പാടിയ ഒരേയൊരു പാട്ട് 1974ലാണ്.ചെമ്മീനിൽ മലയാള സിനിമ ആ ശബ്ദം ആഗ്രഹിച്ചു.അന്ന് മലയാളം പ്രയാസപ്പെട്ടതിനാൽ ഒഴിവായിപ്പോയ അതേ ലത സലിൽ ചൗധരിയുടെ സ്‌നേഹനിർദ്ദേശത്താൽ "നെല്ലി'ൽ 'കദളി ചെങ്കദളി ' പാടി മലയാള ഗാനങ്ങളുടെ നിത്യഹരിത സമ്പാദ്യത്തിലേക്കൊരു നിധിയേകി..

ലതാജി "സത്യം ശിവം സുന്ദരം' (1978, സംഗീതം ലക്ഷ്മികാന്ത് - പ്യാരേലാൽ ) പാടിയപ്പോൾ സ്വർഗീയ മാധുരിയെന്ന് വിശേഷിക്കപ്പെട്ടു. ഈശ്വര സ്തുതികളിൽ ലതാജിയുടെ ശബ്ദത്തിന്റെ ഡിവൈനിറ്റി പല ഗായകരും എടുത്തു പറയാറുണ്ട്. അസംഖ്യം മീരാ ഭജനുകൾ അതിനു സാക്ഷ്യമാണ്. അവർ 'അല്ലാ തേരോ നാം ' എന്നു പാടുമ്പോൾ പ്രാർത്ഥനയുടെ റാന്തലുകൾ കത്തുന്നു.

സംഗീതവും ലതാജിയുടെ പാട്ടും അത്രമേൽ ഇഴുകിച്ചേർന്ന പാട്ടുകളിലൊന്നാണ് നൂരിയിലെ (1979) "ആജാ രേ, ഓ മേരേ ദിൽബർ'.. പൂനം ദില്ലന്റെ മാസ്മരികമായ കണ്ണുകളും വിതുമ്പും പോലുള്ള ചുണ്ടുകളും ലതാജിയുടെ പാട്ടിൽ പ്രണയാർദ്രം.

എത്ര നായികമാർ ആ ശബ്ദത്തിന് ചുണ്ടനക്കിക്കൊണ്ട് നിത്യഹരിതമായ പാട്ടുകൾക്കൊപ്പം ആരാധകർക്ക് പ്രിയപ്പെട്ടവരായി. അങ്ങേയറ്റത്ത് നിന്ന് മധു ബാലയും നർഗീസും, സാധനയും, വഹീദയും, മീന കുമാരിയും, ഷർമിളയും, വൈജയന്തിമാലയും ഇങ്ങേയറ്റത്ത് മാധുരിയും പ്രീതി സിന്റയും കാജലും, കരിഷ്മയുമെല്ലാം ആ ശബ്ദമാധുരിയിൽ തിരശീലയിൽ നമ്മുടെ സ്വന്തപ്പെട്ടവരായി. നമ്മൾ തന്നെയായി.

1949 ൽ "ഉഠായേ ജാ ഉൻ കേ സിതം' എന്ന പാട്ടു മുതൽ നർഗീസിനു വേണ്ടി ആലപിച്ച ഗാനങ്ങളോടൊപ്പം ലതയുടെ പാട്ടിന്റെ വളർച്ചയും ദർശിക്കാം. "പ്യാർ ഹുവാ ഇക് രാർ ഹുവാ ' എന്ന് ( നർഗീസ് -രാജ് കപൂർ - ലത / മന്നാഡേ ) പ്രണയമെത്ര വട്ടം മഴയായി നനഞ്ഞ് കാലം വിടർന്നു.. ആ ശബ്ദവും.

മീനാകുമാരിയെ ഓർമ്മിക്കാൻ "അജിബ് ദാസ്താ ഹേ യേ.' മതിയല്ലോ! ശങ്കർ ജയ്കിഷന്റെ മനമലിയിക്കും സംഗീതവും ശൈലേന്ദ്രയുടെ അർത്ഥപൂർണ്ണമായ വരികളും ലതാജിയുടെ ശബ്ദവും മീനയുടെ തിരസാന്നിധ്യത്തെ അലൗകികമാക്കുന്നു.

"മുഗൾ എ അസ'ത്തിലെ മധു ബാലയുടെ സൗന്ദര്യവും നൃത്തവും മുഖഭാവങ്ങളും ഓർമ്മിക്കുന്നില്ലേ? നൗഷാദിന്റെ സംഗീതത്തിൽ, ലതാജിയുടെ ഹൃദയം കവരും ശബ്ദത്തിൽ, അവർ "പ്യാർ കിയാ തോ ഡർനാ ക്യാ 'എന്ന് നിറഞ്ഞാടുന്ന ദൃശ്യം അവിസ്മരണീയം.

"അമർ പ്രേമി'ൽ നീട്ടി വാലിട്ടെഴുതിയ കണ്ണുകളിൽ, പ്രണയം നിറച്ച് "രേന ബി തി ജായേ ' എന്നു നായകനു മുന്നിൽ പാടി കൺ നിറയുന്ന ഷർമിള, "ജിസ് ദേശ് മേം ഗംഗാ ബഹ്തി ഹേ'യിൽ നീന്തിത്തുടിച്ച് ഹോ മേനേ പ്യാർ കിയാ എന്ന് നൃത്തം ചെയ്യുന്ന പത്മിനി., "അനാമിക'യിൽ ബാഹോം മേ ചലേ എന്ന് കൺ കൈ കുസൃതി പ്രേമങ്ങൾ കാണിക്കുന്ന ജയ ബാദുരി,
കൽപന ലജ്മിയുടെ രുദാലിയിൽ "ദിൽ ഹും ഹും കരേ' എന്ന് ഗുൽസാറിന്റെ വരികളിൽ തീ പോലെ ഡിമ്പിൾ കപാഡിയ.. നായികമാർ പിന്നെയും മാറി മാറി വന്നു.... ദിൽവാലേ യിൽ "തു ജേ ദേഖാ തോ പാടി 'കാജൽ തൊണ്ണൂറുകളുടെ യുവ ഹൃദയത്തിലേക്കു കയറി വന്നപ്പോഴും ലതാജിയുണ്ട്. പ്രായത്തിൽ അറുപതുകളിലാണ്.ശബ്ദത്തിലോ നിറയൗവനത്തിൽ! പ്രതി സിന്റയും മാധുരിയും ഉനർജത്തോടെ തുള്ളിച്ചാടുമ്പോഴും ആ ശബ്ദം പാകം! പ്രണയ വിരഹ ഭാവങ്ങളിലെന്ന പോലെ കുട്ടിത്തത്തിലും നിഷ്‌കളങ്കതയിലും ലതാജിയുടെ ശബ്ദം ഇണങ്ങി നിന്നു. ലതാജിയും ആശാജിയും ഒന്നിച്ച് പാടുന്ന "ക്യാ ഹുവാ യെ മുജേ ക്യാ ഹുവാ 'യിൽ എത്ര ഊർജമാണ്.! വെള്ളിത്തിരയിൽ പത്മിനിയും ചഞ്ചലും ആ പാട്ടിൽ ഉല്ലസിച്ചു നൃത്തം ചെയ്യുന്നു.

"അമർ പ്രേമി'ൽ നീട്ടി വാലിട്ടെഴുതിയ കണ്ണുകളിൽ, പ്രണയം നിറച്ച് "രേന ബി തി ജായേ ' എന്നു നായകനു മുന്നിൽ പാടി കൺ നിറയുന്ന ഷർമിള

ലതാജിയുടെ പാട്ടുകൾ കൊണ്ട് മാത്രം സിനിമകൾ ഹിറ്റായി .തങ്ങൾക്ക് ചുണ്ടനക്കാൻ ലതാജി പാടണം എന്ന് നായികമാർ തീവ്രമായി ആഗ്രഹിച്ചു. സംഗീത സംവിധായകരാവട്ടെ, ആലാപന വൈവിധ്യങ്ങൾ തേടി.
ഗായകരും ആരാധകരും ആസ്വാദകരുമടങ്ങിയ പാട്ടു പ്രേമികൾ ജീവിത നിമിഷങ്ങളിൽ ലതാ ഗാനങ്ങൾ ചേർത്തു. ആ പാട്ടുകളിൽ ഉമ്മവച്ചു, കെട്ടിപ്പുണർന്നു, കണ്ണീരുതിർത്തു, കണ്ണുകൾ പൂട്ടി. റേഡിയോയും വാക്ക്മാനും, ടി വി യും മൊബൈലും ലാപ്പ്‌ടോപ്പും എന്ന് കാലം സാങ്കേതികതകളെ വികസിപ്പിച്ചു. സിനിമ ബ്ലാക്ക് & വൈറ്റിൽ നിന്ന് കളറിലേക്കും 70 MM ലേക്കും ഡിജിറ്റലിലേക്കും വളർന്നു. പക്ഷേ ലതാജിയുടെ ശബ്ദത്തിന്റെ ഏഴു പതിറ്റാണ്ടുകൾ ഋതുക്കൾ മടുക്കാതെ പിന്നെയുമാവർത്തിക്കും പോലെ തുടരുന്നു

സിനിമാപ്പാട്ടുകളുടെ തിരക്കുകൾ തീരാതിരിക്കുമ്പോഴും ഗസലുകൾ ,നിരവധി ആൽബങ്ങൾ എന്നിങ്ങനെ സംഗീതത്തിന്റെ ചില്ലകളിൽ പിന്നെയും ചുറ്റി.ഹിന്ദിക്കു പുറത്തുള്ള ഇരുപതിലധികം ഭാഷകളിലേക്ക് ശബ്ദമൊഴുകി.. ഏതാണ്ട് 185 ഓളം ബംഗാളി പാട്ടുകളിൽ ഭൂപൻ ഹസാരികയുടെ "രംഗീലാ ബാഷിതേ കേ ദാകേ ഗും ഗും "സലിൽ ദായുടെ 'ഓഗോ ആർ കിചു തോ നാ അടക്കം സൂപ്പർ ഹിറ്റുകളെത്ര. ഇളയരാജക്കും എ.ആർ റഹ്‌മാനും ഒപ്പം പ്രവർത്തിച്ച് തമിഴിലെ ഇരു തലമുറകളുടെയും ഈണങ്ങളിൽ ശബ്ദമായി. ജിയാ ജലേ എന്ന് ന്യൂ ജനറേഷനായി.

പാടുക മാത്രമല്ല, പാട്ടിനീണമീട്ടു. മറാത്തിയിൽ മികച്ച സംഗീത സംവിധാനത്തിന് മഹാരാഷ്ട്ര സർക്കാരിന്റെ അവാർഡുവാങ്ങി. നാലു സിനിമകൾ നിർമ്മിച്ചു.1949 ൽ ശോഭന സമർഥിനും ശോഭനയുടെ മക്കൾ തനൂജക്കും നൂതനും തനൂജയുടെ മകൾ കാജലിനും പാടിക്കൊണ്ട് മൂന്നു തലമുറയെ അടയാളപ്പെടുത്തുന്ന പാട്ടു ചരിത്രം പ്രായം തളർത്താത്ത പ്രതിഭയുടെ ആത്മസമർപ്പണമാണ്. ഒട്ടും എളുപ്പമല്ല അത്, വാസന ജന്മസിദ്ധമാണെങ്കിലും സാധന കർമ്മസിദ്ധമാണ്.
ആണുങ്ങൾ അടക്കിവാണ സിനിമാ വ്യവസായ സാമ്രാജ്യത്തിൽ ഒരു സ്ത്രീ സദാ കർമ്മനിരതയായിരുന്നു....

ഒരു പാട്ടെങ്കിലും ഒരിക്കലെങ്കിലും മൂളാത്തവരില്ല ശതകോടി ജനങ്ങളിൽ. അതിലും വലുതെന്തുണ്ട് ഒരു സ്ത്രീക്ക് കിട്ടാവുന്ന ഇടം!
ആദരവോടെ,
നിറവോടെ വിട

Comments