ടി.എൻ സീമയുടെ ലതാ മങ്കേഷ്‌ക്കർ

''1977ൽ ഇറങ്ങിയ കിനാര എന്ന സിനിമയ്ക്ക് വേണ്ടി ലതാജി പാടിയ അതിമനോഹരമായ പാട്ടുണ്ട്.. നാം ഗും ജായേഗാ...ചേഹരാ യേ ബദൽ ജായേഗാ..മേരീ ആവാസ് ഹീ പെഹചാൻ ഹേ...ഘർ യാദ് രഹേ.... ഓർക്കാൻ ശ്രമിച്ചാൽ പേരു മറന്നു പോകാം, മുഖം മാറിപ്പോയേക്കാം, പക്ഷെ എന്റെ ശബ്ദം കൊണ്ട് ഞാൻ തിരിച്ചറിയപ്പെടും.... തലമുറകൾ ഏറ്റുവാങ്ങുന്ന ശബ്ദമായി എന്നേ മാറിക്കഴിഞ്ഞു ലതാജി''

മേരീ ആവാസ് ഹീ പഹചാൻ ഹേ
കുട്ടിക്കാലത്ത് മഞ്ഞയും തവിട്ടും നിറത്തിൽ അധികം വലുപ്പമില്ലാത്ത ഫിലിപ്‌സ് റേഡിയോ രാവിലെ ഏഴു മണി മുതൽ പാടിത്തുടങ്ങും. ദിവസം ആരംഭിക്കുന്നത് റേഡിയോ സിലോണിൽ സൈഗാളിലും നൂർജഹാനിലും ആണെങ്കിൽ അവസാനിക്കുന്നത് രാത്രിയിൽ വിവിധ് ഭാരതിയിൽ മുഹമ്മദ് റഫിയിലും ലതാ മങ്കേഷ്‌കറിലും തലത് മുഹമ്മദിലും ഒക്കെയാണ്. അങ്ങനെയൊരു രാത്രിയിൽ ഇരുട്ടിൽ വിദൂരതയിൽ നിന്ന് ആരോ ഹൃദയം വിങ്ങി തേങ്ങുന്നത് പോലെ ലതാജിയുടെ ശബ്ദം.. കഹി ദീപ് ജലേ കഹി ദിൽ ...എവിടെയോ ദീപം എരിയുന്നു.... എവിടെയോ ഹൃദയവും.. തിരിച്ചറിയാൻ വയ്യാത്ത വേദനയും ഭയവും ഏകാന്തതയും സമ്മാനിച്ച ആ ശബ്ദവുമായി അന്ന് ഞാൻ പ്രണയത്തിലായി. ലതാ മങ്കേഷ്‌കർ എന്ന ഗായികയുടെ അര നൂറ്റാണ്ടിലെ സംഗീത യാത്രയിൽ കോടിക്കണക്കിന് ഹൃദയങ്ങളെയാണ് അവർ കീഴടക്കിയത്.

ലതാജിക്ക് ഹിന്ദി സിനിമാ ലോകത്ത് ആദ്യ ശ്രദ്ധ നേടിക്കൊടുത്ത 1949ലെ മഹൽ എന്ന ചിത്രത്തിലെ ആയേഗാ..ആയേഗാ.. മുതൽ 2004 ലെ വീർസരാ എന്ന ചിത്രത്തിലെ "തേരേ ലിയേ' വരെ നീണ്ടു കിടക്കുന്ന ആയിരത്തോളം സിനിമകളിലായി, മുപ്പത്തിയഞ്ചു ഭാഷകളിലായി നാൽപതിനായിരത്തോളം ഗാനങ്ങൾ, രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ സംഗീത പരിപാടികൾ, തൊണ്ണൂറാം വയസിലും ഇറക്കിയ സംഗീത ആൽബം ഉൾപ്പടെ നൂറു കണക്കിന് സംഗീത ആൽബങ്ങൾ എന്നിങ്ങനെ അദ്ഭുതകരമാണ് ലതാജിയുടെ ജീവിതം. അങ്ങേയറ്റം മത്സരവും കച്ചവടവും നടക്കുന്ന ഹിന്ദി സിനിമാ ലോകത്ത് കാലുറപ്പിക്കുന്നതിന് അച്ഛന്റെ സുഹൃത്തുക്കളായ സംഗീതജ്ഞരിൽ നിന്ന് തുടക്കത്തിൽ കിട്ടിയ പിന്തുണയൊഴിച്ചാൽ ലതാ മങ്കേഷ്‌കറുടെ കലാജീവിതത്തിന്റെ ആദ്യ കാലങ്ങൾ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു.

സംഗീതജ്ഞർക്കും മ്യൂസിക് കമ്പനികൾക്കും ലഭിച്ചിരുന്ന റോയൽറ്റിയിൽ ഗായകർക്കും അവകാശമുണ്ട് എന്ന ശക്തമായ നിലപാട് സ്വീകരിച്ചു മറ്റു ഗായകരെ അണിനിരത്തിയത് ലതാജിയാണ്. സാധാരണ ഗതിയിൽ പുരുഷന്മാർക്ക് തന്നെ ബുദ്ധിമുട്ടേറിയ സിനിമയുടെ മത്സര ലോകത്ത് കൃത്യമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ട് ജീവിത കാലം മുഴുവൻ ബഹുമാനിതയായി മാറാൻ ലതാജിക്ക് കഴിഞ്ഞു.

അൻപതുകൾ മുതൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ സംഗീത സംവിധായകർ കാത്ത് നിൽക്കുന്ന ഗായികയായി അവർ മാറി. ലക്ഷ്മികാന്ത്-പ്യാരേലാൽ, മദൻ മോഹൻ, സലിൽ ചൗധരി, എസ് ഡി ബർമ്മൻ, ആനന്ദ് ബക്ഷി, ഖയ്യാം, ആർ ഡി ബർമ്മൻ, ഭുപെൻ ഹസാരിക, ഹൃദയ നാഥ് മങ്കേഷ്‌കർ തുടങ്ങി ഏറ്റവും പ്രമുഖരായ സംഗീത സംവിധായകരും ലതാജിയും ചേർന്നപ്പോൾ ഒരിക്കലും മരിക്കാത്ത ആയിരക്കണക്കിന് ഗാനങ്ങൾ ജനിച്ചു. ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയ "ആപ് കി നസരോം നേ സമ്ഝാ,ലഗ് ജാ ഗലേ, ദിൽ ഹൂം ഹൂം കരെ, യാരാ സിലി സിലി' എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയോ പാട്ടുകൾ! സാഹിർ ലുധ്യാൻവി, കൈഫി ആസ്മി, ഗുൽസാർ പോലെയുള്ള മികച്ച കവികളുടെ നിരവധി രചനകൾ ലതാജിയുടെ ശബ്ദത്തിൽ മനോഹരമായ സൃഷ്ടികളായി നമുക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭരായ ഗായകർ മുഹമ്മദ് റഫി, കിഷോർകുമാർ, ഹേമന്ത്കുമാർ, തലത് മുഹമ്മദ്, മന്നാഡെ മുതൽ പിന്നീട് വന്ന കുമാർ സാനു, ഉദിത് നാരായൺ വരെയുള്ള എല്ലാവരും ലതാജിക്കൊപ്പം പാടി. അരനൂറ്റാണ്ടിൽ ഹിന്ദി സിനിമ കണ്ട മികച്ച നടികൾ ഏതാണ്ടെല്ലാവർക്കും വേണ്ടി ലതാജി പാടിയിട്ടുണ്ട്. നൂതൻ, നർഗ്ഗീസ്, വൈജയന്തിമാല, മധുബാല, മാലാ സിൻഹ, വഹീദാ റഹ്‌മാൻ, മീനാ കുമാരി മുതൽ കാജോൾ വരെയുള്ള താരങ്ങൾക്ക് വേണ്ടി ലതാജി പാടിയ പാട്ടുകൾ ആ കാലഘട്ടത്തിന്റെ അടയാളങ്ങളായിട്ടാണ് ഓർത്തു വെയ്ക്കുന്നത്. ലതാജിയുടെ പാട്ടുകൾ കൊണ്ട് മാത്രം ഇപ്പോഴും ഓർക്കപ്പെടുന്ന സിനിമകൾ ഉണ്ട്. വളരെ നേർത്ത ശബ്ദം എന്ന് ആദ്യകാലത്ത് ഒരു സംവിധായകൻ ഒഴിവാക്കിയ ലതാജിയുടെ ശബ്ദം ഏതു വികാരത്തെയും ഉൾക്കൊള്ളുന്ന തരത്തിൽ രൂപാന്തരപ്പെടുന്നത് അരനൂറ്റാണ്ടിൽ ഇന്ത്യൻ സംഗീത ലോകം വിസ്മയത്തോടെ കണ്ടു. ലതാജിയുടെ പാട്ടുകൾ ഓരോ മനസിലും സൃഷ്ടിക്കുന്ന വൈകാരിക ഭാവമാണ് ആ ശബ്ദത്തെയും പാട്ടുകളേയും ഇത്രമാത്രം പ്രിയങ്കരമാക്കുന്നത്. എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, സങ്കടങ്ങളിലും സന്തോഷങ്ങളിലും പ്രണയത്തിലും വിരഹത്തിലും ഏകാന്തതയിലും ഒക്കെ കൂട്ടായി നിന്ന എന്റെ തന്നെ ഹൃദയത്തിന്റെ ശബ്ദമായിട്ടാണ് ലതാജിയെ ഞാൻ കേൾക്കുന്നത്. അങ്ങനെ തന്നെയായിരിക്കും എല്ലാവർക്കും.

1977ൽ ഇറങ്ങിയ കിനാര എന്ന സിനിമയ്ക്ക് വേണ്ടി ലതാജി പാടിയ അതിമനോഹരമായ പാട്ടുണ്ട്.. നാം ഗും ജായേഗാ...ചേഹരാ യേ ബദൽ ജായേഗാ..മേരീ ആവാസ് ഹീ പെഹചാൻ ഹേ...ഘർ യാദ് രഹേ....
ഓർക്കാൻ ശ്രമിച്ചാൽ പേരു മറന്നു പോകാം, മുഖം മാറിപ്പോയേക്കാം,
പക്ഷെ എന്റെ ശബ്ദം കൊണ്ട് ഞാൻ തിരിച്ചറിയപ്പെടും.... തലമുറകൾ ഏറ്റുവാങ്ങുന്ന ശബ്ദമായി എന്നേ മാറിക്കഴിഞ്ഞു ലതാജി.

Comments