ബുക്ക് ഓഫ് സെൽഫ് ടോക് - 9
എന്റെ ചുറ്റും ആളുകൾ സ്വാതന്ത്ര്യത്തിനായി, അടിച്ചമർത്തലിനെതിരായി പ്രതികരിക്കുമ്പോൾ ഞാൻ അവരിലൊരാളായി മാറുന്നു. നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനും വേണ്ടി അലമുറയിടുന്നവരോടൊപ്പം ഞാനുണ്ടാകും, മതഭ്രാന്തിനെതിരെ ശബ്ദമുയർത്തുന്നവരോടൊപ്പം ഞാനുണ്ടാകും. എനിയ്ക്കു മുന്നിൽ അതിർത്തികളില്ല, രാജ്യാന്തരങ്ങളില്ല, ഭാഷയില്ല. അതാണെന്റെ രാഷ്ട്രീയം.
ഒരു ദിവസം ഞാൻ ഞെട്ടിയുണർന്നത് ആൾക്കൂട്ട മധ്യത്തിൽ ഉടുതുണി അഴിച്ചു നഗ്‌നയായി നിൽക്കുന്ന ഒരുവളുടെ വിലാപം കേട്ടിട്ടാണ്.
ആദ്യം ഞാൻ സംശയിച്ചു, ഞാനാണോ നഗ്‌നയായി ജനമധ്യേ നിൽക്കുന്നതെന്ന്. ശരീരത്തിൽ പരതി നോക്കിയപ്പോൾ ഉടയാടകൾ യഥാസ്ഥാനത്തുണ്ട്. അതൊരു ദുഃസ്വപ്നം മാത്രമായിരുന്നു എന്നുതിരിച്ചറിഞ്ഞു. എഴുന്നേറ്റ് മേശപ്പുറത്തു വച്ചിരുന്ന കൂജയിലെ തണുത്ത വെള്ളം ഒരിറക്ക് കുടിച്ചപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. കൈക്കുമ്പിളിൽ അല്പം വെള്ളമെടുത്ത് മുഖത്തുതളിച്ചു. വീണ്ടും ഉറങ്ങാൻ ഒന്ന് ശ്രമിച്ചുനോക്കി, പക്ഷെ സ്വപ്നത്തിന്റെ പുനർവായന അല്ലാതെ ഒന്നും നടന്നില്ല.
അവൾ ആരായിരുന്നു? ആ പെൺകുട്ടി ജനക്കൂട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടതാണോ? അതോ ദ്രൗപദിയോ?
ഏയ്, എന്തായാലും ദ്രൗപദി ആവാൻ ചാൻസില്ല, പുരാണത്തിലെ ദ്രൗപദിക്ക് ഇങ്ങനെ അലറിവിളിക്കാനും ആക്രോശിക്കാനുമൊന്നുമുള്ള കഴിവുണ്ടായിരുന്നില്ല. എങ്കിൽ അതോടെ കഥ മാറിയേനെ. പൊതുസദസ്സിൽ വസ്ത്രാക്ഷേപം നടന്നപ്പോൾ കൃഷ്ണനുണ്ടായിരുന്നല്ലോ അവളുടെ മാനം കാക്കാൻ.
അല്ലെങ്കിൽ മഹാശ്വേതാദേവിയുടെ ദ്രൗപദി ആകണം, തന്നെ ആക്രമിച്ചു കീഴടക്കി മുറിവേൽപ്പിച്ച സേനാനായകന്റെ മുമ്പിൽ അവൾ നഗ്‌നയായി ചെല്ലാൻ ധൈര്യപ്പെട്ടു. എന്നുമാത്രമല്ല, അവളുടെ വസ്ത്രങ്ങൾ എവിടെ എന്ന് അയാൾ ചോദിക്കുമ്പോൾ ആ മുഖത്തു നോക്കി പൊട്ടിച്ചിരിക്കാനും ആ സന്താൾ പെൺകുട്ടിക്ക് കഴിഞ്ഞു.
പക്ഷെ ഞാൻ സ്വപ്നത്തിൽ കണ്ടത് അവരെയാരുമല്ല. പെട്ടെന്നാണ് ഓർമ വന്നത്. ഏതോ ഭാഷയിൽ, പൊതിഞ്ഞുകെട്ടിയ അസ്വാതന്ത്ര്യമാണ് എന്റെ ശരീരമെന്ന് അവൾ ഉറക്കെ പറഞ്ഞു. പക്ഷെ ഭാഷ ഏതെന്നറിയില്ലേലും അർത്ഥം മനസ്സിലായി. പേർഷ്യൻ ആയിരുന്നോ? അതോ ഉറുദുവോ? കുർദിഷ്?
എനിക്കിതൊന്നും തന്നെ അറിയില്ല. ഞാനിതിനു മുമ്പും സ്വപ്നങ്ങളിൽ എനിക്കറിയാത്ത ഭാഷകൾ കേട്ടിട്ടുണ്ട്, അർത്ഥം മനസ്സിലാക്കിയിട്ടുമുണ്ട്. ചിലപ്പോൾ സംസാരിച്ചിട്ടുമുണ്ട്. ഉണരുമ്പോൾ മറന്നുപോവാതിരിക്കാൻ വേണ്ടി സ്വപ്നത്തിനിടയിൽ ഞാൻ വാക്കുകൾ ഓർത്തുവയ്ക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ കണ്ണ് തുറക്കുമ്പോൾ ഭാഷയൊക്കെ കാറ്റടിച്ചു മേഘത്തുണ്ടുകൾ പോകുന്നപോലെ മാഞ്ഞുപോകും.
അധികാരികളെ ഭയന്ന് കാറ്റിൽ പറന്നുപോകാതെ, വഴുതിപ്പോകാതെ സ്ലൈഡുകൾ കുത്തി തലമുടിയെ പൊതിഞ്ഞുവച്ച ഹിജാബുകൾ ടെഹ്‌റാനിലെ തെരുവുകളിൽ അഗ്‌നിക്കിരയാക്കുന്നു. പെൺകുട്ടികൾ കൂട്ടം കൂട്ടമായി തലമുടി മുറിച്ച്പ്രക്ഷോഭകാരികൾക്കു പിന്തുണ പ്രഖ്യാപിക്കുന്നു.
എന്തായാലും ഒന്നറിയാം, എന്റെ സ്വപ്നങ്ങൾക്ക് രാജ്യാതിർത്തികളില്ല, ഭാഷാന്തരങ്ങളില്ല, ജാതികളില്ല, മതങ്ങളില്ല.
ഉണർന്നപ്പോൾ എന്റെ പ്രശ്‌നം ആ വിലാപമായിരുന്നു, ദിവസം മുഴുവൻ ആ വിലാപം ഞാനറിഞ്ഞു.
അവൾ ഇറാനിയൻ പ്രക്ഷോഭകാരികളിൽ ഒരാളാവും, ഉറപ്പാണ്.
ഉറങ്ങുന്നതിനു മുമ്പ്, ബി.ബി.സിയുടെ ‘Why is Iran's Tiktok Generation Demanding Women, Life, Freedom' കണ്ടിട്ടാണ് കിടന്നത്. അതിന്റെ പരിണിതഫലമാവും. കൂടാതെ പതിനേഴുവയസ്സ് തികയുന്നതിന് രണ്ടു ദിവസം മുമ്പ് അറസ്റ്റിലായി കൊല്ലപ്പെട്ട നീക്ക ഷക്കാരാമിയുടെ ചിത്രം ട്വിറ്ററിൽ കണ്ടു. ഒരു ഡസ്റ്റ് ബിന്നിന്റെ മുകളിൽ കയറിനിന്ന് ഖൊമെയ്നിക്കെതിരായി ‘സ്വേച്ഛാധിപതി തുലയട്ടെ' എന്ന മുദ്രാവാക്യം വിളിച്ച് അവളുടെ സ്‌കാർഫ് തീയിലേക്കെറിയുന്ന വീഡിയോയും കണ്ടിരുന്നു. അവളുടെ മൃതശരീരം മോഷ്ടിച്ച് ദൂരെ ഏതോ ഗ്രാമത്തിൽ അടക്കം ചെയ്യുകയായിരുന്നു. മാതാപിതാക്കളോട് പൊലീസ് പുറത്തുപറയരുതെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയത്രെ. 22 വയസ്സുള്ള ഹാദിസ് നജ്ഫി, 16 വയസ്സുള്ള സറീന എസ്മയിൽ സാദെഹ്, അറസ്റ്റു വരിച്ചു മോചിതയായശേഷം കൊല്ലപ്പെട്ട, 19 വയസ്സുകാരിയായ യാൽദ ആഗാ ഫസ്ലി, ഹമീദ് റൗഹി എന്ന ഇരുപതു വയസ്സുകാരൻ... അങ്ങനെ ഇതിനകം മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. കൂടുതലും കൗമാരക്കാർ.
ആരോ ഒരു സ്ത്രീ താളത്തിൽ മൈക്കിലൂടെ, I will blossom from the Wound on my body Because I exist Because I am a woman Woman, woman, woman.
20-ാം നൂറ്റാണ്ടിൽ ആദ്യമായി കുർദിഷ് സ്ത്രീകൾ മുഴക്കിയ മുദ്രാവാക്യമാണ് ‘സിൻ, സിയാദ്, ആസാദി’ (Women, Life, Freedom). അതാണിപ്പോൾ ഇറാനിലും അഫ്ഘാനിസ്ഥാനിലും അലയടിക്കുന്നത്.
‘അനുചിതമായി’ ഹിജാബ് ധരിച്ചതിനാണ് ഇറാനിലെ സദാചാര പൊലീസ് 22കാരിയായ മാഹ്‌സാ ആമിനി എന്ന വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവളുടെ മൃതദേഹമാണ് മാതാപിതാക്കൾക്ക് തിരിച്ചുകിട്ടുന്നത്. അതോടെ ടെഹ്‌റാനിൽ ആരംഭിച്ച പ്രക്ഷോഭങ്ങളിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിയുകയാണ് ചെയ്തത്.
മുറിച്ചു മാറ്റിയ ഒരു പിടി മുടിയാണ് ഈ പ്രക്ഷോഭത്തിന്റെ പ്രതീകമെന്നു പറയാം. അധികാരികളെ ഭയന്ന് കാറ്റിൽ പറന്നുപോകാതെ, വഴുതിപ്പോകാതെ സ്ലൈഡുകൾ കുത്തി തലമുടിയെ പൊതിഞ്ഞുവച്ച ഹിജാബുകൾ ടെഹ്‌റാനിലെ തെരുവുകളിൽ അഗ്‌നിക്കിരയാക്കുന്നു. പെൺകുട്ടികൾ കൂട്ടം കൂട്ടമായി തലമുടി മുറിച്ച്പ്രക്ഷോഭകാരികൾക്കു പിന്തുണ പ്രഖ്യാപിക്കുന്നു.
പുരുഷാധിപത്യസമൂഹം നിലനിൽക്കെ, അതിന്റെ മുകളിൽ ഒരു പ്രത്യേക മതത്തിന്റെ കർക്കശമായ നിയമങ്ങൾ കൂടി ഒരു രാജ്യത്തു നടപ്പാക്കിയാൽ ആ രാജ്യത്തിലെ സ്ത്രീകളാവും ഏറ്റവുമധികം അടിച്ചമർത്തപ്പെടുന്നത്.
ഇറാനിൽ ഹിജാബിന്റെ പേരിൽ രാഷ്ട്രീയതീരുമാനങ്ങൾ പുതുതല്ല.‘Hijab's Shadow on Iran: how men have long robbed women of their right to choose' (https://www.thequint.com/videos/news-videos/womens-rights-protest-in-iran-history-compulsory-hijab-islamic-revolution-kashf-e-hijab) എന്ന ലേഖനത്തിൽ നമൻഷാ, ഇറാനിൽ അധികാരത്തിലേറിയ റെയ്സഷാ പാഹ്ലവിയുടെ പാശ്ചാത്യവൽക്കരണനയത്തിന്റെ ഭാഗമായി 1936ൽ ‘കഷഫ്- ഈ- ഹിജാബ്' (unveiling) പ്രഖ്യാപിച്ച് മൂടുപടവും ചാദറും എല്ലാം വിലക്കിയിരുന്നതായി ഓർമിപ്പിക്കുന്നുണ്ട്. റെയ്സ ഷായുടെ പിൻഗാമിയായ മുഹമ്മദ് റെയ്സ പാഹ്ലവി ഇറാനിലെ സ്ത്രീകൾക്കിഷ്ടമുള്ള വേഷം ധരിക്കാൻ സ്വാതന്ത്ര്യം നൽകി. പക്ഷെ അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നു. വിലക്കയറ്റവും പട്ടിണിയും വ്യാപകമായപ്പോൾ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു, അധികാരത്തിലിരുന്നവർ അടിച്ചമർത്തൽ നയവുമായി രംഗത്തിറങ്ങി. എല്ലാ കാലത്തും പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ മാത്രമേ അധികാരത്തിലിരിക്കുന്നവർ നോക്കുകയുള്ളു, അന്നും ഇന്നും.
1979ൽ ആയത്തൊള്ള ഖൊമെയ്നി തിരിച്ച് അധികാരത്തിൽ കയറി. അധികം വൈകാതെ ഒരു അന്താരാഷ്ട്ര വനിതാദിനത്തിനുതൊട്ടു മുമ്പ് ഹിജാബ് നിർബന്ധമാക്കുകയും തുടർന്ന് ലക്ഷക്കണക്കിന് സ്ത്രീകൾ ടെഹ്‌റാനിൽ പ്രക്ഷോഭം നടത്തുകയുമുണ്ടായി. ആറു ദിവസം നീണ്ട ആ പ്രക്ഷോഭം ശാന്തമാക്കാൻ ഖൊമെയ്നിക്ക് ഹിജാബ് തീരുമാനം പിൻവലിക്കേണ്ടിവന്നു. പക്ഷെ അധികാര സ്ഥിരത കൈവരിച്ചതോടെ, ഹിജാബ് ധരിക്കണമെന്ന ശാസന നിര്ബന്ധിതമാക്കുക തന്നെ ചെയ്തു. അതിനെ എതിർത്ത സ്ത്രീകൾക്ക് കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വന്നു. ഇറാനിലെ സദാചാരപൊലീസ് ‘അനുചിതമായി’ വേഷവിധാനം ചെയ്തതിന് പതിനായിരക്കണക്കിന് സ്ത്രീകൾക്ക് ജയിൽ ശിക്ഷയോ പിഴയോ ചുമത്തികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് മാഹ്‌സാ ആമിനി അറസ്റ്റിലായി കൊല്ലപ്പെടുന്നത്.
സ്ത്രീകവികളുടെ കവിതകളിലൂടെയാണ് ഞാൻ കുർദിഷ് ജനതയെ കുറിച്ച് കൂടുതൽ അറിഞ്ഞത്. സ്വന്തമായി ഒരു രാജ്യത്തിനുവേണ്ടി പോരാടുന്നവർ. എത്രയെത്ര ആളുകളാണ് വംശഹത്യയിലൂടെ ജീവൻ വെടിഞ്ഞത്?
ഇസ്ലാമിക രാജ്യങ്ങളിലെല്ലാം സ്ത്രീകൾക്ക് മതത്തിനനുസൃതമായി കടുത്ത നിയമങ്ങൾ പാലിക്കേണ്ടിവരുന്നുണ്ട്. പുരുഷാധിപത്യസമൂഹം നിലനിൽക്കെ, അതിന്റെ മുകളിൽ ഒരു പ്രത്യേക മതത്തിന്റെ കർക്കശമായ നിയമങ്ങൾ കൂടി ഒരു രാജ്യത്തു നടപ്പാക്കിയാൽ ആ രാജ്യത്തിലെ സ്ത്രീകളാവും ഏറ്റവുമധികം അടിച്ചമർത്തപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മതത്തിന്റെ പേരിലുള്ള അടിച്ചമർത്തൽ പലപ്പോഴായി സ്ത്രീകൾ അനുഭവിച്ചറിഞ്ഞതാണ്. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.
സ്ത്രീകവികളുടെ കവിതകളിലൂടെയാണ് ഞാൻ കുർദിഷ് ജനതയെ കുറിച്ച് കൂടുതൽ അറിഞ്ഞത്. സ്വന്തമായി ഒരു രാജ്യത്തിനുവേണ്ടി പോരാടുന്നവർ. എത്രയെത്ര ആളുകളാണ് വംശഹത്യയിലൂടെ ജീവൻ വെടിഞ്ഞത്? സദ്ദാം ഹുസൈന്റെ വധത്തിൽ കണ്ണീർ പൊഴിച്ച മലയാളികൾ അയാളുടെ ഭരണകാലത്ത് കുർദിഷ് ആളുകളെ കൂട്ടക്കൊല ചെയ്തത് അപ്പാടെ മറന്നുകളഞ്ഞു. സ്വന്തം രാജ്യമില്ലാതായ അവസ്ഥയിലായവർ, സ്വന്തം വീടും അന്നുവരെ താമസിച്ചിരുന്ന സ്ഥലവും വിട്ട്മറ്റൊരു രാജ്യത്തേക്ക് അഭയം പ്രാപിച്ചവർ, മനസ്സിൽ ജനിച്ചുവളർന്ന നാടിന്റെ ഓർമ വിട്ടുമാറാതെ ഉള്ളം തുടിക്കുന്നവർ.
കുർദിഷ് സ്ത്രീകൾക്കുമുമ്പിൽ നമ്മുടെ പ്രശ്‌നങ്ങൾ നിസ്സാരമല്ലെങ്കിലും അത്രയ്ക്ക് ഗുരുതരമല്ല. നമുക്ക് ഈ അവസ്ഥ അപിരിചിതമാണ്. കാരണം നമ്മുടെ രാജ്യത്ത്ഇപ്പോഴും ജനാധിപത്യ വ്യവസ്ഥിതിയുണ്ട്, നമ്മുടെ പൗരാവകാശത്തെ നമ്മൾ വേണ്ടപോലെ ഉപയോഗിക്കുക. മതേതരത്വത്തിന് വിള്ളലുകൾ സംഭവിക്കുന്നുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാൻ ഇപ്പോഴും നമ്മുടെ ജനങ്ങൾക്കാവും എന്നുതന്നെയാണെന്റെ വിശ്വാസം. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ആധിപത്യമുണ്ടാവാൻ പാടില്ല. മതേതരത്വത്തിനാണ് നമ്മൾ ഊന്നൽ കൊടുക്കേണ്ടത്.
എന്റെ വേഷത്തെപ്പറ്റിയോ ജരാനരകളെപ്പറ്റിയോ സ്ഥൂല പ്രകൃതിയിലുള്ള ശരീരത്തെപ്പറ്റിയോ വിഷമിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ആവോളം ബോഡിഷേമിങ്ങിന് വിധേയയായിട്ടുണ്ട്.
ഉറക്കം പാതി മുറിഞ്ഞ ഞാൻ ഒരു കട്ടൻ കാപ്പിയുമായി കണ്ണാടിക്കു മുമ്പിൽ വന്നു നിന്നു. മുഖക്കണ്ണാടിയുമായി നിൽക്കുന്ന സ്ത്രീകളുടെ ശില്പങ്ങൾക്കും പെയ്ൻറിങുകൾക്കും ഒരു കുറവുമില്ല. അങ്ങ് ദൂരെ ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ റ്റീഷ്യൻ മുതൽ ഇങ്ങു കൊച്ചു കേരളത്തിലെ രാജാരവിവർമ വരെ കണ്ണാടിയിൽ നോക്കുന്ന സ്ത്രീകളെ വരച്ചുകൂട്ടിയിട്ടുണ്ട്. ‘S' ബോഡി ഷേപ്പിലുള്ള ഉമയുടെ (പാർവതി) ശില്പങ്ങളുണ്ട്, കടഞ്ഞെടുത്ത ഉടൽ. പക്ഷെ എനിക്കേറ്റവും ഇഷ്ടമായത് ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലെ ദർപ്പണസുന്ദരിയുടെ ശില്പമാണ്. അത് കൊത്തിയെടുത്ത ശില്പിയെ ഞാൻ ആ യാത്രയിൽ നമിച്ചുപോയി. പേരറിയാത്ത ഏതോ ശില്പി.
ഞാനെന്റെ ദേഹം കണ്ണാടിക്കുമുമ്പിൽ പരിശോധിച്ചു. ഓർമ വച്ച നാൾ മുതൽ എന്റെ ശരീരം എനിക്ക് പരിചിതമാണ്. ഞാനതിന് ഒരിക്കലും അമിത പ്രാധാന്യം കൊടുത്തിട്ടില്ല. ശരീരത്തിന്റെ എല്ലാ കാര്യങ്ങളിലും എന്റെ മനസ്സ് ഇടപെടാറുണ്ട്. എനിക്കും എന്റെ ശരീരത്തിനുമിടയിൽ ഒരിക്കലും ഒരു പുരുഷന്റെയോ സ്ത്രീയുടെയോ നിർദ്ദേശങ്ങളോ ഉപദേശങ്ങളോ ഇടപെടലുകളോ ഉണ്ടായിട്ടില്ല. എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ മാത്രമാണ് ഞാൻ ധരിക്കാറ്. വസ്ത്രത്തിന്റെ പേരിൽ ഒരു താക്കീതുകളും കേൾക്കേണ്ടിവന്നിട്ടില്ല. വിമർശനങ്ങളുണ്ടാകാറുണ്ട്. ഇറുക്കിപ്പിടിച്ച്, ശരീരത്തിൽ ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങളേക്കാൾ എനിക്കിഷ്ടം അയഞ്ഞ കുപ്പായങ്ങളാണ്. ഒരുപക്ഷെ അതെനിക്ക് പാകമായവ ആകില്ല. അതുകൊണ്ടുതന്നെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എന്തായാലും എന്നെ കാണുന്നവർക്കുണ്ട്. പക്ഷെ അത് കേൾക്കാൻ അല്ലെങ്കിൽ അത് അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയല്ല എന്നുഞാൻ വിശ്വസിക്കുന്നു. ഞാൻ ആരുടേയും വസ്ത്രധാരണരീതിയെ വിമർശിക്കാറില്ല, എന്റെ പല സുഹൃത്തുക്കളും ഹിജാബ് ധരിക്കുന്നവരാണ്. പണ്ട് ധരിക്കാത്തവർ ഇപ്പോൾ ധരിക്കുന്നു. അത് അവരുടെ തീരുമാനം. പക്ഷെ അതിൽ ഞാൻ അഭിപ്രായം പറയേണ്ടതില്ല എന്നുതന്നെയാണ് എന്റെ തീരുമാനം.
നിറമില്ലായ്മയും ഉയരമില്ലായ്മയും പൊണ്ണത്തടിയുമെല്ലാം ഒരു വ്യക്തിയുടെ മനസ്സിനെ മുറിവേൽപ്പിക്കാനുതകുന്ന ഘടകങ്ങളാണ്. അത് ആയുധമായി ഉപയോഗിക്കുന്ന ആൾക്കാരാണ് നമുക്കുചുറ്റും.
ഞാനൊരു നിർബന്ധവും ചെലുത്താറില്ല. എന്റെ വേഷത്തെപ്പറ്റിയോ ജരാനരകളെപ്പറ്റിയോ സ്ഥൂല പ്രകൃതിയിലുള്ള ശരീരത്തെപ്പറ്റിയോ വിഷമിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ആവോളം ബോഡിഷേമിങ്ങിന് വിധേയയായിട്ടുണ്ട്. നിറമില്ലായ്മയും ഉയരമില്ലായ്മയും പൊണ്ണത്തടിയുമെല്ലാം ഒരു വ്യക്തിയുടെ മനസ്സിനെ മുറിവേൽപ്പിക്കാനുതകുന്ന ഘടകങ്ങളാണ്. അത് ആയുധമായി ഉപയോഗിക്കുന്ന ആൾക്കാരാണ് നമുക്കുചുറ്റും. അതവർക്ക് സന്തോഷം നൽകുന്നു. അതിനവരോട് തർക്കിച്ചിട്ടോ കയർത്തിട്ടോ കാര്യമില്ല. അവരത്ര മാത്രമേ വളർന്നിട്ടുള്ളു എന്നുകരുതി ഞാൻ വായ് മൂടിയിരിക്കും. അത്തരക്കാരെ അവഗണിച്ചോ ദൂരെയകറ്റിയോ ഞാൻ മുന്നോട്ടു പോയി. ഈ പാഠം പഠിക്കാൻ എനിക്കും ഏറെ സമയമെടുത്തു.
ജീവിതത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ എടുത്ത തീരുമാനങ്ങളിലൊന്നിലും ഞാൻ പശ്ചാത്തപിച്ചിട്ടില്ല. പലതും ‘ട്രയൽ ആൻഡ് എറർ’ മെതേഡ് ആയി സ്വീകരിച്ചു. പലതും ഒഴിവാക്കാമായിരുന്നു. ജീവിതം കുറച്ചു കൂടി ചിട്ടപ്പെടുത്തിയെടുക്കാമായിരുന്നു. തീരുമാനങ്ങളെടുക്കാനുള്ള താമസം കൊണ്ട് സമയം പാഴായി കളഞ്ഞിട്ടുണ്ട്. ‘ഇത് നിനക്ക് പറ്റിയതല്ല', ‘ഇതല്ല നിനക്കു ചെയ്യാനുള്ളത്' എന്നിങ്ങനെ ഉള്ളിൽ സിഗ്‌നലുകൾ കിട്ടിയിട്ടും, പലതും അനിശ്ചിതമായി തുടർന്നു.
അതെ, അനിശ്ചിതത്വം. അത് നമ്മൾ കാരണം ഉണ്ടായാലും മറ്റു കാരണങ്ങളാൽ ഉളവായാലും ഒരു ഇരുതലമൂർച്ചയുള്ള കത്തി പോലെയാണ്. അത് നമ്മളെ ചിലപ്പോൾ കൊന്നെന്നിരിക്കും. ജീവിതയാത്രയിൽ കരിയിലകൾ കാൽപ്പാദങ്ങൾക്കടിയിൽ ഞെരിഞ്ഞമരുന്ന ശബ്ദം ഞാൻ കേട്ടിട്ടുണ്ട്, അതെന്റെ ഉള്ളിലെ ഇഷ്ടക്കേടുകളാണെന്നു മനസ്സിലാക്കിയിട്ടും വീണ്ടും കരിയിലക്കാടുകളിലൂടെയുള്ള എന്റെ നടത്തം അവസാനിച്ചില്ല.
ഇത്തിക്കരയാറിന്റെ തീരത്തേക്കെത്താനായി തിരു ആറാട്ടു മാടൻ നട ക്ഷേത്രത്തിന്റെ പടികളിറങ്ങുമ്പോൾ ശരീരം അല്പം വേച്ചുപോകുന്നതുപോലെ തോന്നി. ശരീരത്തിന്റെ നിയന്ത്രണം തല കൈ വിട്ട പോലെ. പക്ഷെ തിരിച്ചു കയറിയില്ല, പോകേണ്ടടത്തു പോകുക തന്നെ വേണം, മനസ്സുരുവിട്ടു. അത് പല യാത്രകളിലും എന്നെ മുന്നോട്ടു നടത്തിയിട്ടുണ്ട്. ശരീരമാകെ ക്ഷീണിക്കുമ്പോൾ, മനസ്സിനുള്ളിൽ നിന്ന് ഒരു ശക്തി വരും. ആ മനോബലത്തിൽ ഞാൻ മുന്നോട്ടു നടക്കും. ആ മനോബലമാണ് എന്നെ പലപ്പോഴും പ്രക്ഷോഭകാരിയാക്കിയിട്ടുള്ളത്.
എനിക്ക് പ്രതികരിക്കാതിരിക്കുന്ന ഒരവസ്ഥയിൽ ഞാൻ കടന്നുപോകുന്നത് ഓർക്കാൻ തന്നെ പറ്റില്ല. എന്റെ ചുറ്റും ആളുകൾ സ്വാതന്ത്ര്യത്തിനായി, അടിച്ചമർത്തലിനെതിരായി പ്രതികരിക്കുമ്പോൾ ഞാൻ അവരിലൊരാളായി മാറുന്നു. നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനും വേണ്ടി അലമുറയിടുന്നവരോടൊപ്പം ഞാനുണ്ടാകും, മതഭ്രാന്തിനെതിരെ ശബ്ദമുയർത്തുന്നവരോടൊപ്പം ഞാനുണ്ടാകും. എനിയ്ക്കു മുന്നിൽ അതിർത്തികളില്ല, രാജ്യാന്തരങ്ങളില്ല, ഭാഷയില്ല. അതാണെന്റെ രാഷ്ട്രീയം.
സ്വപ്നത്തിൽ ആൾകൂട്ടത്തിൽ നഗ്‌നയായി സ്വാതന്ത്ര്യത്തിനായി ആക്രോശിച്ച ആ പെൺകുട്ടി ഞാൻ തന്നെയാണ്. ▮