‘ബുക്ക് ഓഫ് സെൽഫ് ടോക്'- 4
ഈ നഗരം എന്റെ ഒരു പ്രിയപ്പെട്ട പുസ്തകമാണ്. ആവർത്തിച്ചാവർത്തിച്ച് വായിച്ച താളുകൾ, കഥാപാത്രങ്ങൾ, മൽപിടുത്തങ്ങൾ, കദനകഥകൾ, പ്രണയങ്ങൾ, മഴകൾ, തീവണ്ടിയാത്രകൾ, പൊരുത്തക്കേടുകൾ, നെട്ടോട്ടങ്ങൾ, കണക്കുകൂട്ടലുകൾ, ആശനിരാശകൾ, ജനനമരണങ്ങൾ.
ഞാൻ മുംബൈ നഗരത്തിൽ നങ്കൂരമടിഞ്ഞിട്ട് പത്തിരുപതു വർഷങ്ങളായി. പ്രത്യേകിച്ച് ഒരു പ്ലാനിംഗും ഇല്ലാത്ത ജീവിതമായതിനാൽ ഒരു ‘വണ്ടിപോട്ടെ ലൈനിൽ' അങ്ങ് കടന്നുപോയി. ഇപ്പോഴും എന്നന്നേക്കുമായി ഈ നഗരം വിടണമെന്നില്ല. കാരണം ഈ നഗരം എന്റെ ഒരു പ്രിയപ്പെട്ട പുസ്തകമാണ്. ആവർത്തിച്ചാവർത്തിച്ച് വായിച്ച താളുകൾ, കഥാപാത്രങ്ങൾ, മൽപിടുത്തങ്ങൾ, കദനകഥകൾ, പ്രണയങ്ങൾ, മഴകൾ, തീവണ്ടിയാത്രകൾ, പൊരുത്തക്കേടുകൾ, നെട്ടോട്ടങ്ങൾ, കണക്കുകൂട്ടലുകൾ, ആശനിരാശകൾ, ജനനമരണങ്ങൾ.
കഥയിലെ കഥയില്ലായ്മ ഏതാണ്ട് പിടി കിട്ടി. അതുകൊണ്ടുതന്നെ ഒരു പരിണാമഗുപ്തിക്കും സാധ്യതയില്ല, എന്നാലും എഴുതാപ്പുറങ്ങളുണ്ടാവാം, ട്വിസ്റ്റ് ഉണ്ടാവാം, പുതിയ കഥാപാത്രങ്ങൾ കടന്നുവന്നു എന്നിരിക്കാം. എന്തെങ്കിലുമൊക്കെ സംഭവിക്കാം, സംഭവിക്കാതിരിക്കാം. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം വീണ്ടും താളുകൾ മറിക്കാം. അപ്പോൾ ഒരു നൊസ്റ്റാൾജിക് പശ്ചാത്തലസംഗീതം കേൾക്കാം. തൽക്കാലം മനസ്സ് പറയുന്നു, കപ്പൽ പുറപ്പെടട്ടെയെന്ന്. ബോംബെ തുറമുഖം വിടണം. അല്ലേൽ ഉപേക്ഷിക്കപ്പെട്ട കപ്പലുകൾ അടിയുന്ന ഗുജറാത്തിലെ അലാങ് ഷിപ് റീസൈക്ലിങ് സെന്ററിൽ ആരേലും എന്നെ കേറ്റും.
ബോറിവല്ലി ഈസ്റ്റിനെയും വെസ്റ്റിനെയും ബന്ധിപ്പിക്കുന്ന ഈ ഫ്ലൈഓവറിൽ വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും കാഴ്ച കാണാനും സ്വകാര്യം പറയാനും ഏകാന്തമായി ചിന്തിക്കാനുമെത്തുന്ന ആൾക്കാരുണ്ട്.
ബോറിവല്ലി രാജേന്ദ്രനഗർ ഫ്ലൈഓവറിനു മുകളിൽനിന്ന് താഴെ മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹം പോലെ നീണ്ടുനിവർന്ന് പുളഞ്ഞുപുണർന്ന് കിടക്കുന്ന റെയിൽ പാളങ്ങൾ നോക്കിനിന്നപ്പോഴാണ് എന്റെ തലയിൽ ഏതാണ്ട് ഒരു വർഷമായി അലസമായി കിടന്നിരുന്ന നഗരചിന്തകളെ ഒന്ന് ഒതുക്കി അടുക്കി വയ്ക്കാമെന്നുതീരുമാനിച്ചത്. ഇടയ്ക്കിടെ നമ്മുടെ ബ്രെയിൻ നമ്മുടെ മുറി പോലെ അലങ്കോലമായി കിടക്കും. അങ്ങനെ അതിനെ അധികം മേയാൻ വിടാതെ അവിടെയുമിവിടെയും ജനൽ തുറന്നിട്ട്, അല്പം ഫ്രഷ് എയർ ഉള്ളിൽ കയറ്റി, മാറാലകൾ അടിച്ചു വൃത്തിയാക്കി, അനാവശ്യചിന്തകളെ കുപ്പയിലിട്ടു കത്തിച്ചു, പ്രിയപ്പെട്ടതിനെ ഒന്ന് തൊട്ടുതലോടി വൃത്തിയാക്കണം. അല്ലെങ്കിൽ മനസ്സ് കാട് കയറും, പിന്നെ പോയവഴി പോകേണ്ടി വരും; തിരിച്ചുപിടിക്കാനാവാത്ത വിധം.
ബോറിവല്ലി ഈസ്റ്റിനെയും വെസ്റ്റിനെയും ബന്ധിപ്പിക്കുന്ന ഈ ഫ്ലൈഓവറിൽ വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും കാഴ്ച കാണാനും സ്വകാര്യം പറയാനും ഏകാന്തമായി ചിന്തിക്കാനുമെത്തുന്ന ആൾക്കാരുണ്ട്. അവർക്കിടയിലൂടെ കപ്പലണ്ടി വിൽക്കുന്ന പയ്യന്മാരും ഈസ്റ്റെന്നോ വെസ്റ്റെന്നോ ഉള്ള ദിശാബോധമില്ലാതെ അലയുന്ന നായ്ക്കളും ഉണ്ടാവും. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഈ തിരക്കുപിടിച്ച റോഡുകൾ ചിലപ്പോൾ പാർക്കു പോലെയാണ്. ഓപ്പൺ സ്‌പേസ് ഇല്ലാതെ വരുമ്പോൾ മനുഷ്യർക്ക് ശ്വാസം മുട്ടും. റോഡിനു നടുവിലുള്ള ഡിവൈഡറുകളിൽ ചെടികൾ നട്ടിട്ടില്ലെങ്കിൽ, കമ്പികൾ കുത്തിനിർത്തിയിട്ടില്ലെങ്കിൽ, വൈകുന്നേരങ്ങളിൽ സമീപവാസികൾ അങ്ങോട്ടും ഇങ്ങോട്ടും പായുന്ന വാഹനങ്ങൾ കണ്ട്, സൊറപറഞ്ഞിരിക്കുന്നതു കാണാം. ആ മനുഷ്യരുടെ സൊറപറച്ചിലിന്റെ കൂട്ടത്തിൽ കൊറിക്കാനല്പം മസാലയും ഉപ്പും ചേർത്ത് വറുത്തെടുത്ത ചൂട് കപ്പലണ്ടികൂടി ആയാലോ? അത് വിൽക്കുന്ന കച്ചവടക്കാർ, ‘ക്യാ ഐഡിയ സേട്ജി'. അതാണ് മുംബൈകാർ. മനുഷ്യന്റെ ഓരോ അവസ്ഥയും വിറ്റു കാശാക്കാൻ തക്ക ബുദ്ധിയുള്ളവർ. ഇവർക്കൊക്കെ ഇടയിൽ കിടക്കുന്ന നായ്ക്കൾക്കോ പശുക്കൾക്കോ ഇത്തരം ചിന്തകളുണ്ടാവാൻ ഇടയില്ല. ചുമ്മാ അയവിറക്കി ചുരുണ്ടുകൂടി കിടന്നോളും. ചിലപ്പോൾ എനിക്കുതോന്നും, അവരും നമ്മളെ മുതലെടുക്കുവല്ലേ എന്ന്.
ചിലർ ഈ നഗരത്തിലേക്ക് സ്വമേധയാ കടന്നുവന്നവരാണ്; മറ്റു ചിലർ ഗത്യന്തരമില്ലാതെ വരുന്നു; വേറെ ചിലരുണ്ട്, നിഗൂഢ ലക്ഷ്യങ്ങളുമായി മനഃപ്പൂർവം ഈ നഗരം തന്നെ തെരഞ്ഞെടുത്തവർ. എല്ലാവരും വരുത്തന്മാർ, വരുത്തികൾ. അവരെ നഗരം ഊട്ടുന്നു, ഉറക്കുന്നു, ഉണർത്തുന്നു.
സന്ധ്യകളിൽ ചർച്ച്ഗേറ്റ് ട്രെയിനുകളിൽ തിരക്ക് കുറവാണ്. സ്വന്തം കൂരകളിലെത്താൻ വെമ്പുന്ന ഒരു പറ്റം ജനങ്ങളെ കുത്തിനിറച്ച് വീരാറിലേക്കു കുതിക്കുന്ന ഫാസ്റ്റ് ട്രെയിനുകൾ കണ്ടാൽ ഇരയെ കൊമ്പുകളിൽ കൊരുത്തു കുലുങ്ങിക്കുലുങ്ങി അതിശീഘ്രം ഓടിവരുന്ന ഏതോ ഒരു വന്യമൃഗത്തിന്റെ ഛായ തോന്നിക്കും. ചിലപ്പോൾ സിഗ്‌നൽ കിട്ടാതെ രാജേന്ദ്രനഗർ ഫ്ലൈഓവറിനു കീഴിൽ ട്രെയിനുകൾ അല്പസമയം കിതപ്പടക്കി കിടക്കാറുണ്ട്. ഫ്ലയിങ് റാണിയും, കർണാവതിയും, പശ്ചിമ എക്സ്പ്രസും കച്ച് എക്സ്പ്രസും ശതാബ്ദിയും രാജധാനിയും, ആഗസ്റ്റ് ക്രാന്തിയുമെല്ലാം രാജ്യത്തിന്റെ പലപല ഭാഗങ്ങളിൽ നിന്ന് യാത്രക്കാരെയും വഹിച്ച് അങ്ങോട്ടുമിങ്ങോട്ടും പായുന്നു. ദീർഘദൂര തീവണ്ടികളുടെ അതിവേഗത ഉളവാക്കുന്ന പ്രകമ്പനം ഫ്ലൈഓവറിന്റെ മുകളിൽ നിന്ന് കാഴ്ചകൾ കാണുന്നവരുടെ ശരീരത്തിൽ ഒരുതരം തരിപ്പുപോലും സൃഷ്ടിക്കും.
അങ്ങനെ റെയിൽപ്പാളങ്ങൾ പകുത്തുമാറ്റിയ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഇവിടത്തെ അന്തേവാസികൾ പാർക്കുന്നു. ചിലർ ഈ നഗരത്തിലേക്ക് സ്വമേധയാ കടന്നുവന്നവരാണ്; മറ്റു ചിലർ ഗത്യന്തരമില്ലാതെ വരുന്നു; വേറെ ചിലരുണ്ട്, നിഗൂഢ ലക്ഷ്യങ്ങളുമായി മനഃപ്പൂർവം ഈ നഗരം തന്നെ തെരഞ്ഞെടുത്തവർ. എല്ലാവരും വരുത്തന്മാർ, വരുത്തികൾ. അവരെ നഗരം ഊട്ടുന്നു, ഉറക്കുന്നു, ഉണർത്തുന്നു. അങ്ങനെ ‘വരുത്തി'കളിൽ ഒരുവളായി ഈ ഞാനും.
വരുത്തന്മാർ എന്ന പദത്തിന് സ്ത്രീലിംഗമുണ്ടോന്നറിയില്ല, പക്ഷെ എപ്പോഴും വരുത്തന്മാർക്കു പിന്നിൽ, അവരോടൊപ്പം സ്ത്രീകളുണ്ടായിരുന്നു. യു.പിയിൽ നിന്ന് മുംബൈയിലേക്കുള്ള ഗോരഖ്പൂർ എക്‌സ്‌പ്രസിൽ എത്രയെത്ര ‘ഭയ്യാകൾ' ആണ് കുർളയിലും താനെയിലുമായി ഇറങ്ങുന്നത്. കൂട്ടത്തിൽ വയസ്സായ അച്ഛനമ്മമാരും സീമന്തരേഖയിൽ തിളങ്ങുന്ന സിന്ദൂരം ചാർത്തി സാരിത്തലപ്പ് തലയിലോട്ടിട്ട്പാതി മുഖം മറച്ച ‘ബഹു-ബേട്ടി' മാരും കുഞ്ഞുങ്ങളും ഉണ്ടാകും. എല്ലാവരുടെയും കൈയ്യിൽ ചാക്കുകെട്ടുകളോ ഭാണ്ഡക്കെട്ടുകളോ. പിന്നീട് അവരൊക്കെയാണ് പുതുതായി ഉണ്ടാകുന്ന ഹൗസിംഗ് കോംപ്ലക്‌സുകളിൽ പലചരക്കുകടകൾ തുടങ്ങുന്നവർ. കുട്ടികളുടെ ഭാവി കണ്ടിട്ടാവും ഗ്രാമത്തിലെ കൃഷിയിടങ്ങൾ ആരെയെങ്കിലും ഏൽപ്പിച്ച് ഇക്കൂട്ടർ നഗരത്തിൽ ഒരു സ്ഥാനം പിടിക്കാൻ ശ്രമിക്കുന്നത്.
നഗരത്തിൽ സാദ്ധ്യതകൾ ഏറെയാണ്. കട ഒന്ന് പച്ച പിടിക്കുമ്പോൾ നാട്ടിലെ കൃഷി നോക്കാൻ അമ്മയും അച്ഛനും തിരിച്ച് ഗാവിൽ പോയേക്കും. ഇടയ്ക്കിടെ അവരെ നോക്കാൻ മകനും. അയാളില്ലാത്തപ്പോൾ ഭാര്യയാവും കട നടത്തുക. അപ്പോഴേക്കും അവർ നഗരത്തിന്റെ ഭാഗമായിട്ടുണ്ടാകും. ഗ്രാമത്തിലെ ഭർത്താവിന്റെ വീട്ടിൽ ചൂൽഹയുടെ ചൂട് സഹിച്ച് അടുക്കളയിൽ മാത്രം തളച്ചിട്ടിരുന്ന സ്ത്രീകൾ നഗരത്തിലെ അവരുടെ സ്വന്തം കടകളിലെ കണക്കുകൾ കൃത്യമായി എഴുതി, കടയിൽ വരുന്നവരുമായി സമ്പർക്കം പുലർത്തി, കടയുടെ ബിസിനസുകാര്യങ്ങളിൽ ശ്രദ്ധചെലുത്തി, പുതിയൊരു തലത്തിലേക്ക് എത്തുകയാണ്. പലപ്പോഴും കടയ്ക്കുള്ളിൽ തന്നെ ചപ്പാത്തിയും സബ്ജിയും ഉണ്ടാക്കി അവർ കുടുംബത്തെ ഊട്ടുന്നു. ഒപ്പം കടയിലെ കാര്യങ്ങളും ശ്രദ്ധിക്കുന്നു, കുട്ടികളുടെ പഠനം നടത്തിക്കുന്നു.
അല്ലേലും ഈ നഗരം നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വരുത്തന്മാരിലൂടെയല്ലേ നഗരമായി വളർന്നുവന്നത്? ചരിത്രം അതല്ലേ ചൂണ്ടിക്കാണിക്കുന്നത്? നൂറ്റാണ്ടുകൾക്കുമുമ്പ്, ബോംബെ ആവുന്നതിനുംമുമ്പ്, വരുത്തന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ചു ഉണ്ടാക്കിയെടുത്ത നഗരമല്ലേ?
പണ്ടൊക്കെ കൃഷിക്കനുയോജ്യമായ സ്ഥലങ്ങൾ നോക്കിയായിരുന്നു കുടിയേറ്റങ്ങൾ നടന്നിരുന്നത്. അതിനുവേണ്ടി ആളുകൾ മലകൾ കയറി, കാട് വെട്ടി കൃഷി ചെയ്തു ജീവിച്ചു. ഇപ്പോൾ കൃഷിയിൽ നിന്നുള്ള പിന്മാറലാണ്, എല്ലാവർക്കും പഠനസൗകര്യങ്ങളും മറ്റു ജോലിസാധ്യതകളും പരിഷ്‌കാരവും, പൈസയും ആധുനിക സുഖസൗകര്യങ്ങളും വേണം. അതിനുള്ള ഒരു ഡ്രീം സിറ്റിയാണ് മുംബൈ.
അല്ലേലും ഈ നഗരം നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വരുത്തന്മാരിലൂടെയല്ലേ നഗരമായി വളർന്നുവന്നത്? ചരിത്രം അതല്ലേ ചൂണ്ടിക്കാണിക്കുന്നത്? നൂറ്റാണ്ടുകൾക്കുമുമ്പ്, ബോംബെ ആവുന്നതിനുംമുമ്പ്, വരുത്തന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ചു ഉണ്ടാക്കിയെടുത്ത നഗരമല്ലേ? സൽമാൻ റഷ്ദിയുടെ ‘മിഡ്നൈറ്റ് ചിൽഡ്രൻ' എന്ന പുസ്തകത്തിൽ പറയുന്ന പോലെ, ക്ലോക്ക് ടവറുകൾ സ്ഥാപിക്കുന്നതിനും മുമ്പുള്ള കാലത്തു മുംബാദേവി അഥവാ മുംബാബായിയെ പൂജിച്ച്, കടലിൽ മൽസ്യം പിടിച്ചു ജീവിച്ചുപോന്ന കോളികൾ വസിച്ചിരുന്ന ഏഴു ദീപുകൾ - ബോംബെ, മസ്ഗാവ്, പരേൽ, വർളി, മാഹിം, കൊച്ചു കൊളാബ, വല്യ കൊളാബ - എല്ലാം പരന്ത്രീസുകാർ കൈയ്യടക്കി സ്വന്തം ആവശ്യങ്ങൾക്കനുസൃതമായി, സ്വന്തക്കാരേം വേണ്ടപ്പെട്ടവരേം കുടിയിരിപ്പിക്കാൻ സംയോജിപ്പിച്ചെടുത്ത നഗരമല്ലേ? അവരുടെ ചരക്കുകപ്പലുകൾക്കു നങ്കൂരമിടാൻ പറ്റിയ ഉഗ്രൻ സ്ഥലം. അവരുടെ യുദ്ധപ്പടയാളികളെയും സുരക്ഷിതമായി പാർപ്പിക്കാം. കോളികളുടെ മത്സ്യം പിടിക്കുന്ന വള്ളങ്ങളെ തള്ളിമാറ്റി, അവർ കപ്പലുകൾ അടുപ്പിച്ചു.
ബോം ബാഹിയ. എന്നുവച്ചാൽ ‘ഗുഡ് ബേയ്', നല്ല ഉൾക്കടൽ. അതാണ് ഇംഗ്ലീഷുകാർ പിന്നീട് ബോംബെ ആക്കിമാറ്റിയത്.
ഈ നഗരം ഒരു വാരിധി ആണ്, ജനങ്ങൾ നിറഞ്ഞൊഴുകുന്ന റെയിൽവെ പ്ലാറ്റുഫോമുകൾ, ഓവർബ്രിഡ്ജുകൾ, ചൗപ്പാത്തി, മറൈൻ ഡ്രൈവ്, ആസാദ് മൈതാനം, ഖാവ്ഗാലി, കബൂതർഖാനെ, മാർക്കറ്റുകൾ, എവിടെയും കാലുകുത്താൻ പറ്റാത്തവിധം ജനങ്ങളുടെ ഒഴുക്ക്. ഒരു കടലാഴം എന്തിനെയെല്ലാം ഉൾക്കൊള്ളുന്നു, അതേപോലെയാണ് ഈ നഗരവും, ഒരു കടൽ ആണ്. ആൾക്കൂട്ടത്തിൽ തനിയെ നടക്കുമ്പോൾ, മറൈൻ ഡ്രൈവിലിരുന്ന് കാറ്റു കൊള്ളുമ്പോൾ, ദാദർ ഫൂൽ മാർക്കറ്റിൽ ലക്ഷ്യമില്ലാതെ അലയുമ്പോൾ, പാർസി ബേക്കറിയായ കയാനിയിലിരുന്നു ബൺ മസ്‌കയും ഇറാനി ചായയും കഴിക്കുമ്പോഴുമെല്ലാം, ഞാൻ ഒറ്റയ്ക്ക് മുംബൈ നഗരം അറിയുകയായിരുന്നു. ചുമ്മാതെ ടാക്‌സിക്കാരോട് സൗഹൃദ സംഭാഷണം നടത്താൻ എത്രയോ തവണ കാലിപീലിയിൽ സവാരി ചെയ്തിരിക്കുന്നു. ഡ്രൈവർമാരിൽ പലരും കുടിയേറ്റക്കാരൻമാരാണ്.
എവിടൊക്കെയോ വായിച്ചറിഞ്ഞ നഗരമാണിത്. സിനിമകളിൽ, ന്യൂസുകളിൽ പാട്ടുകളിൽ എല്ലാം ഈ നഗരമുണ്ട്. ഈ നഗരത്തെ കുറിച്ചെത്രയോ എഴുത്തുകാർ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സുകേതു മേഹ്തയുടെ ‘മാക്‌സിമം സിറ്റി: ബോംബെ ലോസ്റ്റ് ആൻഡ് ഫൗണ്ട്', 'ബിറ്റർ ഫ്രൂട്ട് ദ വെരി ബെസ്ഡ് ഓഫ് മാൻടൊ', മറിയം ദോസ്സലിന്റെ ‘ദി സിറ്റി ഓഫ് കോൺഫ്ലിക്റ്റ്, സിറ്റി ഓഫ് ഹോപ്പ്', ഹുസൈൻ സൈദിയുടെ അധോലോക കഥകൾ, കല്പനാ ശർമയുടെ ‘ധാരാവി'. ഇവിടെ താമസിക്കുന്നവർക്കെല്ലാം അനുഭവങ്ങളുടെ സ്രോതസ്സുകളുണ്ട്. ചിലർ എഴുതുന്നു, ചിലർ സംസാരിക്കുന്നു, ചിലർ വരക്കുന്നു. എല്ലാവരും സ്വയം അന്വേഷിക്കുന്നു, സ്വയം തിരിച്ചറിയുന്നു. അവർക്കൊരോത്തർക്കും മുംബൈ കഥകൾ ഉണ്ടാവും, മറ്റുള്ളവരോട് പറയാൻ.
സ്ട്രാൻഡ് ബുക്ക് സ്റ്റാളിന്റെ ഉടമയായ പദ്മശ്രീ ഷാൻബാഗ് മരിക്കുന്നതിനുമുമ്പ് ഞാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബുക്കുകൾ പരതാനെന്ന മട്ടിൽ സ്റ്റാളിൽ കയറിയിറങ്ങാറുണ്ടായിരുന്നു. അദ്ദേഹത്തോട് ബുക്കുകളെപ്പറ്റി എന്ത് സംശയവും ചോദിക്കാമായിരുന്നു.
അങ്ങനെ ഞാൻ കേട്ട കഥകളിലൂടെ, ഞാൻ വായിച്ച ബുക്കുകളിലൂടെ, മുംബൈയുടെ തെരുവുകളിൽ ഞാൻ നടന്നു, തെരുവിന്റെ ഗന്ധം ശ്വസിച്ചു. രുചി അറിഞ്ഞു. ഒരിക്കൽ മാൻടോയുടെ കഥകൾ വായിച്ചു കിളി പോയ ഞാൻ ഗ്രാൻഡ് റോഡിനും മുംബൈ സെൻട്രലിനുമിടക്കുള്ള ഒരു പഴയ പാഴ്‌സി ഹോട്ടൽ കണ്ടുപിടിച്ചു. മാൻടോ അവിടെയിരുന്നാണ് പലപ്പോഴും എഴുതിയിരുന്നതെന്നു എന്ന് ഞാൻ വിശ്വസിച്ച ഒരു ഹോട്ടൽ. ഞാൻ അവിടിരുന്ന് തെരുവിലേക്ക് നോക്കി ചായയും കബാബും കഴിച്ചു. അപ്പോൾ, ബിറ്റർ ഫ്രൂട്ട് എന്ന പുസ്തകം എന്റെ കൈയ്യിലുണ്ടായിരുന്നു. ഒടുവിൽ ബില്ല് കൊടുക്കാൻ ചെന്ന ഞാൻ കൗണ്ടറിൽ ഇരുന്ന പ്രായമുള്ള ആളോട് മാൻടോയെപ്പറ്റി ഒന്ന് പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ എന്ത് പാടുപെട്ടു. അയാൾ കേട്ടതല്ലാതെ ഒട്ടും തന്നെ ഇംപ്രെസ്ഡ് ആയില്ല. ‘എന്ത് മാൻടോ’ എന്ന മട്ടിലുള്ള മുഖഭാവം കണ്ടപ്പോൾ ഞാൻ ഹോട്ടൽ വിട്ടിറങ്ങി.
സ്ട്രാൻഡ് ബുക്ക് സ്റ്റാളിന്റെ ഉടമയായ പദ്മശ്രീ ഷാൻബാഗ് മരിക്കുന്നതിനുമുമ്പ് ഞാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബുക്കുകൾ പരതാനെന്ന മട്ടിൽ സ്റ്റാളിൽ കയറിയിറങ്ങാറുണ്ടായിരുന്നു. അദ്ദേഹത്തോട് ബുക്കുകളെപ്പറ്റി എന്ത് സംശയവും ചോദിക്കാമായിരുന്നു. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലാണ് ജോലിചെയ്യുന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം അല്പം പരിഗണനയും ശ്രദ്ധയും എനിക്ക് തന്നിരുന്നു. ബോംബെയെ പറ്റി എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ബുക്ക് ഷാൻബാഗ് ആണ് കാണിച്ചുതന്നത്. ശാരദ ദ്വിവേദിയും രാഹുൽ മെഹ്‌റോത്രയും ചേർന്നെഴുതിയ ‘ബോംബെ: ദി സിറ്റീസ് വിത്തിൻ'. വില 2500 രൂപയായിരുന്നു. അതുകൊണ്ട് തന്നെ ആ പുസ്തകം വാങ്ങാതെ അതേ ഗ്രന്ഥകർത്താക്കളുടെ ‘ബൻഗംഗ: സേക്രഡ് ടാങ്ക്' വാങ്ങി തല്ക്കാലം ഞാൻ ആശ്വസിച്ചു. പക്ഷെ പിന്നീട് പലപ്പോഴും സ്ട്രാൻഡിൽ കയറി അതിന്റെ പേജുകൾ മറിച്ചുനോക്കി നെടുവീർപ്പിട്ട് വീണ്ടും വീണ്ടും വാങ്ങാതെ പോന്നിട്ടുണ്ട്. കുറച്ചുനാൾ ആ വഴി പോകാതെയും നോക്കി. പക്ഷെ എന്റെ ബോംബെ ചിന്തകളുമായി ആ ബുക്ക് എങ്ങനെയോ പിണഞ്ഞു കിടന്നു. ഒരിക്കൽ ഇങ്ങനെ തൊട്ടും തലോടിയുമിരുന്നാൽ പോരാ, എനിക്ക് സ്വന്തമായി ഈ ബുക്ക് വേണമെന്നുറപ്പിച്ച് ഞാനങ്ങു വാങ്ങി. ഷാൻബാഗ് പുഞ്ചിരിച്ചു തലയാട്ടി, ഒരിക്കലും ഞാനിതിൽ നിരാശപ്പെടില്ലയെന്നു ഉറപ്പുപറഞ്ഞു. എത്ര ശരിയാണ്. ഇന്നും ഞാനത് ഒരു നിധി പോലെ കൊണ്ടുനടക്കുന്നു. അദ്ദേഹം നല്ലൊരു ബുക്ക് സ്റ്റാൾ ഉടമയായിരുന്നു. വിവരമുള്ള ആൾ. ബുക്കിനെ സ്‌നേഹിക്കുന്നൊരാൾ. 2009ൽ അദ്ദേഹം മരിച്ചു. അതിനു ശേഷം സ്ട്രാൻഡ് പതുക്കെ പതുക്കെ ഇല്ലാതായി, എന്നന്നേക്കുമായി ക്ലോസ് ചെയ്തു. എന്റെ പല വൈകുന്നേരങ്ങളും അതിനകത്തായിരുന്നു.
ആൾക്കൂട്ടത്തിൽ ഒറ്റക്കിരിക്കാൻ ഒരുപാടുമില്ലാത്ത നഗരമാണിത്. ആരും ശല്യം ചെയ്യാൻ വന്നിട്ടില്ല. അല്ല, ഒരിക്കൽ മാത്രം. ചർച്ച്ഗേറ്റ് സ്റ്റേഷനിൽ വച്ച് ഏതോ പ്രോഗ്രാമിനുപോയി ലാസ്റ്റ് ട്രെയിൻ പിടിക്കാൻ കാത്തുനിന്ന എന്നെ ഒരാൾ കണ്ണുകൊണ്ട് ക്ഷണിച്ചു.
അതുപോലെ എന്റെ പ്രിയപ്പെട്ട മറ്റൊരു അഡ്ഡ, ഏഷ്യാറ്റിക് ലൈബ്രറിയുടെ പടവുകളായിരുന്നു. പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കാൻ പ്രേരിപ്പിച്ച പടവുകൾ. ജോലി രാജിവയ്ക്കാൻ ഫൈനൽ തീരുമാനമെടുത്തത് നട്ടുച്ചക്ക് അതിന്റെ പടവുകളിലിരുന്നാണ്. ചിലപ്പോൾ ശാരീരിരികമായി ക്ഷീണിച്ചും, മിക്കപ്പോഴും മാനസികമായി ക്ഷീണിച്ചും ഞാൻ ആ പടവുകളിലിരുന്നിട്ടുണ്ട്. വീട്ടിൽ പോകാൻ തോന്നാതിരുന്ന ദിവസങ്ങളിലും ഞാൻ അലഞ്ഞുനടന്ന് ആ പടവുകളിലിരുന്നു, സന്ധ്യ മയങ്ങും വരെ. എന്നിട്ട്, പുതുതായി സംഭരിച്ചെടുത്ത ശുഭാപ്തി വിശ്വാസത്തോടെ വീട്ടിലേക്കുമടങ്ങി. പക്ഷെ, വീണ്ടും ആ പടികളിൽ പലതവണ ഇരുന്നുപോയിട്ടുണ്ട്.
ആൾക്കൂട്ടത്തിൽ ഒറ്റക്കിരിക്കാൻ ഒരുപാടുമില്ലാത്ത നഗരമാണിത്. ആരും ശല്യം ചെയ്യാൻ വന്നിട്ടില്ല. അല്ല, ഒരിക്കൽ മാത്രം. ചർച്ച്ഗേറ്റ് സ്റ്റേഷനിൽ വച്ച് ഏതോ പ്രോഗ്രാമിനുപോയി ലാസ്റ്റ് ട്രെയിൻ പിടിക്കാൻ കാത്തുനിന്ന എന്നെ ഒരാൾ കണ്ണുകൊണ്ട് ക്ഷണിച്ചു. എനിക്കെന്തിനാണെന്നു മനസ്സിലായില്ല. ഞാൻ അയാളെ രൂക്ഷമായി നോക്കി. എന്റെ തൊട്ടടുത്തിരുന്ന സ്ത്രീ പെട്ടെന്നെന്നോട് ചോദിച്ചു, എന്നാൽ പൊയ്ക്കൂടെ എന്ന്. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാൻ ആരുടെയോ കൂടെപ്പോവാൻ വെയിറ്റ് ചെയ്യുകയാണെന്നാണ് അവർ കരുതിയിരിക്കുന്നതെന്ന്. എന്റൊപ്പം, അപ്പുറത്തും ഇപ്പുറത്തും രണ്ടോ മൂന്നോ സ്ത്രീകൾ അണിഞ്ഞൊരുങ്ങി ചായം പൂശി നിൽക്കുന്നതുതന്നെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. അവരെല്ലാം സെക്‌സ് വർക്കേഴ്‌സ് ആവണം. എന്റെ വേഷവും അവരുടെ വേഷവും എത്ര വ്യത്യസ്തമായിരുന്നു. എന്റെ മുഖത്ത് ചായവുമില്ല. ട്രെയിൻ കാത്ത് നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ അവർ തന്നെ പറഞ്ഞു, അല്പം മാറി നില്ക്കാൻ.
എനിക്കയാളോട് ഭയങ്കര ദേഷ്യം വന്നു. എന്റെ നോട്ടം കണ്ടിട്ട് അയാൾ പതുക്കെ ഒരു തൂണിന്റെ പുറകിലേക്ക് മറഞ്ഞു. ഭാഗ്യത്തിന് ട്രെയിനും ഒപ്പം എന്റെ കസിനും വന്നു. ഓരോ സ്ത്രീകളെയും കാണുമ്പോൾ എന്തുവേണമെങ്കിലും ഇവന്മാർക്കൊക്കെ ധരിക്കാമെന്നോർത്ത് എനിക്ക് ദേഷ്യം വന്നിരുന്നു. അപ്പോൾ ചോദിക്കാം സദാചാരികൾ ഞാനെന്തിനാ ലാസ്റ്റ് ട്രെയിൻ കാത്തുനിന്നതെന്ന്. അതല്ലല്ലോ ഇതിനുത്തരം. ലാസ്റ്റ് ട്രെയിൻ ആണുങ്ങൾക്കുമാത്രമല്ലല്ലോ, രാത്രികൾ അവർക്കുള്ളതുമാത്രമല്ലല്ലോ.
കേരളത്തിലോട്ടുള്ള യാത്രക്കിടയിൽ ഞാൻ പരിചയപ്പെടുന്ന പല യാത്രക്കാർക്കും, പ്രത്യേകിച്ച് പുരുഷന്മാർക്ക്, ഒത്തിരി കഥകളുണ്ടാവും മുംബൈയെ പറ്റി പറയാൻ. എല്ലാം അവരവരുടെ ജീവിതത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാകും പറയുക. അതിൽ അവർ അങ്ങേയറ്റം അതോറിറ്റിയാണെന്ന മട്ടിലാണ് സംസാരം. ഞാൻ കേൾക്കാൻ അല്പം താല്പര്യക്കൂടുതൽ കാണിച്ചാൽ അവർ പിന്നെ ഉസ്താദുക്കളാവും. പൊടിപ്പും തൊങ്ങലും കൂടും. എന്റെ സോഴ്‌സ് ഓഫ് ഇൻഫർമേഷൻ ‘മല്ലു പുരുഷന്മാർ' അല്ലാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രമിക്കാറുണ്ട്. ആകെപ്പാടെ ഞാൻ മില്ലുകളുടെ കഥ പറയാൻ പ്രസാദ് എന്ന മലയാളി സഹപ്രവർത്തകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസാദ് ഉള്ളത് ഉള്ളതുപോലെ പറയും.
വരുത്തന്മാരെ ഇഷ്ടമല്ലാത്ത സ്വദേശികളുണ്ട്, പക്ഷെ, ഇന്നത്തെ മുംബൈ സിറ്റി ഉണ്ടായത് ഈ കുടിയേറ്റക്കാരിലൂടെയാണ്. ഗുജറാത്തികളും പാഴ്‌സികളും ബനിയാമാരും ഭൈയ്യകളും മലയാളികളും തമിഴരുമെല്ലാം ഈ നഗരത്തിന്റെ ഭാഗമാണ്.
ജയിംസ് റുമാവോ എന്ന മറ്റൊരു സഹപ്രവർത്തകനിലൂടെയാണ് ഈസ്റ്റ് ഇന്ത്യൻസ് എന്നൊരു വിഭാഗം ആൾക്കാരെ അറിയുന്നത്. വിരാറിലെ ഒരു ഉൾനാടൻ കടലോരഗ്രാമമായ അർണാലയണ് ജയിംസിന്റെ സ്ഥലം. ഏതാണ്ട് 500 വർഷം പഴക്കമുള്ള ഈസ്റ്റ് ഇന്ത്യൻ കമ്യൂണിറ്റിയിൽ പെട്ടതാണ് റുമാവോ കുടുംബം. ഇവരുടെ പിതാക്കന്മാർ പോർട്ടുഗീസുകാരുടെ കാലത്ത് റോമൻ കത്തോലിക്കക്കാരായി മാറി. മറാത്തി കലർന്ന കൊങ്കിണി പ്രാദേശിക ഭാഷയിലാണ് സംസാരം. കൃഷിയും മൽസ്യബന്ധനവുമാണ് കുലത്തൊഴിൽ. പക്ഷെ ജയിംസിന്റെ രണ്ടു മിടുമിടുക്കികളായ പെൺകുട്ടികൾ, മെലിസ്സയും സാറായും, ഇറ്റലിയിലും പാരീസിലുമാണ് ഹയർ സ്റ്റഡീസ് നടത്തുന്നത്, അതും സ്വന്തം കാലിൽ. ഇടയ്ക്കിടെ ഭാര്യ ഉഷയോടൊത്ത് ജയിംസ് യൂറോപ്യൻ സന്ദർശനങ്ങൾക്കു പോകാറുണ്ട് . പെൺകുട്ടികൾക്ക് പൂർണസ്വാതന്ത്ര്യം നൽകി വിജയിച്ച ഒരു അച്ഛനാണ് ജയിംസ്. എനിക്ക് ആ ബഹുമാനം ജയിംസിനോടുണ്ട്. ജയിംസിലൂടെയാണ് ഞാൻ വസായ്- നല്ലസോപാറ- വിരാർ പ്രദേശങ്ങളിലെ സ്വർണ്ണകള്ളക്കടത്തു കഥകൾ അറിയുന്നത്. മുംബൈ അധോലോക തലവന്മാരുടെമേൽ പൊലീസിന്റെ സമ്മർദം രൂക്ഷമായപ്പോൾ ഈ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു കള്ളക്കടത്തു വ്യാപാരം. അന്നൊക്കെ കപ്പലുകൾ നല്ലസോപാറയിൽ നങ്കൂരമിട്ടിരുന്നു. പ്രാദേശിക നേതാക്കന്മാർ അവർക്ക് ഒത്താശ ചെയ്തു കൊടുത്തു. ഇന്നത്തെ ഭായി താക്കൂറിന്റെ കുടുംബകഥകളും കൊല്ലും കൊലയുമെല്ലാം കേട്ടാൽ സത്യം പറഞ്ഞാൽ ഒരു നോവൽ എഴുതാനുള്ള സംഭവങ്ങളുണ്ട്.
ഇന്ന് വസായ് - നല്ലസോപാറ പ്രദേശമൊക്കെ മലയാളികളുടേതുകൂടിയാണ്. ആദ്യമൊക്കെ സെൻട്രൽ ലൈനിലായിരുന്നു മലയാളികൾ താമസിച്ചിരുന്നത്. നഗരം മാഹിം ക്രീക്ക് കടന്നു, ബാന്ദ്രയിലോട്ടും, അന്ധേരിയിലോട്ടും ബോറിവല്ലിയിലോട്ടും വികസിച്ചുവന്നതിനോടൊപ്പം ഭായിന്ദർ ക്രീക് കടന്നു അന്യസംസ്ഥാനങ്ങളിലെ മനുഷ്യർ വാസസ്ഥലങ്ങൾ കണ്ടുപിടിച്ചു. വരുത്തന്മാരെ ഇഷ്ടമല്ലാത്ത സ്വദേശികളുണ്ട്, പക്ഷെ, ഇന്നത്തെ മുംബൈ സിറ്റി ഉണ്ടായത് ഈ കുടിയേറ്റക്കാരിലൂടെയാണ്. ഗുജറാത്തികളും പാഴ്‌സികളും ബനിയാമാരും ഭൈയ്യകളും മലയാളികളും തമിഴരുമെല്ലാം ഈ നഗരത്തിന്റെ ഭാഗമാണ്. മുസ്ലിം വിരുദ്ധ മനോഭാവവും, ജാതിചിന്തകളും എത്ര കൂടിയാലും മുംബൈ നഗരം ആരുടേയും സ്വകാര്യ സ്വത്തല്ല. എല്ലാവരുടെയും നഗരമാണ്. അതാണ് ആ നഗരത്തിന്റെ മഹിമ.
അല്ലെങ്കിൽ പിന്നെ, പണ്ട് ഒരു എഴുത്തുമേശ വാങ്ങാൻ ജോഗേശ്വരി-ഓഷിവാരയിലൂടെ അലഞ്ഞുനടന്ന എനിക്കെന്താ ഒരു പ്രത്യേക കടയിൽ കയറിയപ്പോൾ മാത്രം അവിചാരിതമായി ആ കടയോട് ഒരു പൂർവ്വജന്മ ബന്ധമുണ്ടെന്നു തോന്നിയത്? അവിടത്തെ ചിരപുരാതനമായ മരസമാനങ്ങൾക്കിടയിൽ ഞാൻ അതിനുമുമ്പും ശേഷവും അറിയാത്ത ഒരു പ്രത്യേക അനുഭൂതി അറിഞ്ഞു. അത് കേട്ടപ്പോൾ എന്റെ അച്ഛൻ പറഞ്ഞു, പണ്ട് അച്ഛന്റെ അച്ഛന്റെ ചേട്ടൻ ബോംബയിൽ മരപ്പണിചെയ്ത ഫർണീച്ചർ കട നടത്തിയിരുന്നവെന്ന്. ഒടുവിൽ ബോംബയിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ അദ്ദേഹം സൂററ്റിലോട്ടു കട മാറ്റിയത്രേ. പിന്നീട് നാട്ടിൽ വന്നു കല്യാണം കഴിച്ചു, ആലപ്പുഴയിൽ താമസമാരംഭിച്ചു. ചിലപ്പോൾ ആ കടയിലെ വല്ല പഴയ മേശയോ കസേരയോ ആവാം നിന്നെ ആവാഹിച്ചതെന്നു പറഞ്ഞ്, എന്റെ അച്ഛനും അമ്മയും ചിരിച്ചു. 1896ലെ ആ മഹാമാരിയെക്കുറിച്ചുള്ള ഒരു ബുക്ക് റിവ്യൂ സ്‌ക്രോളിൽ വന്നിട്ടുണ്ട്.
എന്തുതരം വികസനമുണ്ടായാലും കഷ്ടപ്പെടുന്നതും അരികുവൽക്കരിക്കപ്പെടുന്നതും കാലാകാലങ്ങളായി അവിടെ അധിവസിക്കുന്ന ജനതകളാണ്. ആദിവാസികളും കോളികളും പ്രകൃതിദത്തമായ സ്രോതസ്സുകളെ ആശ്രയിച്ച് അവയെ സംരക്ഷിച്ച് ഉപയോഗിച്ചുവന്നവരാണ്. അവരുടെ ഭൂമിയും കൃഷിയിടങ്ങളും തട്ടിയെടുത്ത് അധികാരികൾ അവരെ ഉൾപ്പെടുത്താതെയുള്ള വികസനരീതികളാണ് കൈക്കൊള്ളുന്നത്. ധവളവിപ്ലവത്തിന്റെ ഭാഗമായി, ഗോരേഗാവിൽ ആരെ മിൽക്ക് കോളനി സ്ഥാപിച്ചു. അവിടത്തെ ആദിവാസി ജനത നഗരത്തിനും കാടിനുമിടയിൽ ഒരു സാൻഡ് വിച്ചിന്റെ പരുവത്തിലാണ് ജീവിക്കുന്നത്. നിയമവിരുദ്ധമായി പശ്ചിമഘട്ടത്തിൽ അതിക്രമണം നടത്തി നഗരം കെട്ടിപ്പൊക്കുകയാണ്. മെട്രോ റെയിൽപ്പാതക്കായി ആരെ കോളനി ഒരുങ്ങുകയാണ്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്കായി കാട്പകുത്തുകൊടുത്തിട്ടുണ്ട്.
മഹാനഗരങ്ങൾക്ക് രണ്ടുവശമുണ്ട്. ഒരു മുഖം, ചമഞ്ഞൊരുങ്ങി വശ്യമായി പുഞ്ചിരിച്ചു നിൽക്കും. മറ്റേ മുഖം, കീറിപ്പറിഞ്ഞ വേഷം ധരിച്ച് അവശയായി ജരാനരകൾ ബാധിച്ചിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ വടാപാവോ സമോസയോ കഴിക്കുമ്പോൾ, ചിലപ്പോൾ ആരെങ്കിലും എന്നെ തോണ്ടി വിളിച്ചെന്നു വരും, ‘ദീദി ഏക് പാവ് ഖിലാവോ'. കടിച്ച വടാപാവ് എന്റെ തൊണ്ടയിൽ കുടുങ്ങിക്കിടക്കുമ്പോൾ തന്നെ ഞാൻ കണ്ണുകൾ കൊണ്ട് കടക്കാരനോട് ആംഗ്യം കാണിക്കും, ആ കുട്ടിക്കെന്താ വേണ്ടതെന്നു വച്ചാൽ കൊടുക്കൂ. അപ്പോൾ കുട്ടിയുടെ കണ്ണുകളിൽ എന്ത് ഓർഡർ പറയണമെന്ന ആകാംഷ തെളിഞ്ഞുകാണാം.
ഞാൻ ഇനിയും പൂർണമായി ഈ നഗരത്തിൽ അലിഞ്ഞുചേർന്നിട്ടില്ല.
ഇത്തിരി ദൂരം എനിക്കും നഗരത്തിനുമിടയിലുണ്ട്. ചിലപ്പോൾ ആ അകലം കൂടും. മറ്റുചിലപ്പോൾ അകലം നേർത്ത് മഞ്ഞുപാളിപോലെയാകും.
ഒരു ഗാവ്; ഗാവ് വളർന്നൊരു നഗരം. നഗരത്തിൽ ഏതോ പട്ടേലിന് കൊച്ചൊരു വീട്. ഒടുവിൽ പട്ടേലിന്റെ കൂര എന്റെ വാടകക്കൂരയാകുന്നു. ഞാനെത്തിയതോടെ കൂരയുടെ സ്വഭാവം മാറുന്നു. പട്ടേലില്ലാതാകുന്ന കൂര. പട്ടേലിന്റെ കിടപ്പുമുറിയിൽ ഗോതമ്പുചാക്കുകളല്ല, പുസ്തകങ്ങൾ കുത്തിനിറച്ച ചാക്കുകൾ നിറയുന്നു. പകച്ചുനിൽക്കുന്ന ചുമരുകൾ. വാടകക്കൂരകളിലെ ചുമരുകൾക്ക് അവിടെ താമസിക്കുന്നവരുടെ ഭാഷ മനസ്സിലാവും. മനസ്സറിയാം. ചുമരിൽ തലതല്ലിക്കരഞ്ഞില്ലെങ്കിലും ആളുകളുടെ നൊമ്പരങ്ങൾ മനസ്സിലാവും. മണിക്കൂറോളം ചുമരിൽ കണ്ണുംനട്ട് നിങ്ങൾ കാണുന്ന ദിവാസ്വപ്നങ്ങൾ ചുമരുകൾ ഒപ്പിയെടുക്കും. നിങ്ങൾക്കു താങ്ങായി ഏതെങ്കിലും ഒരു ഭിത്തി തുണയ്ക്കും.
ഇത് നഗരമാണ്, ഇതെന്റെ കുറെ നഗരചിന്തകളും.
ഞാൻ ഇനിയും പൂർണമായി ഈ നഗരത്തിൽ അലിഞ്ഞുചേർന്നിട്ടില്ല.
ഇത്തിരി ദൂരം എനിക്കും നഗരത്തിനുമിടയിലുണ്ട്. ചിലപ്പോൾ ആ അകലം കൂടും. മറ്റുചിലപ്പോൾ അകലം നേർത്ത് മഞ്ഞുപാളിപോലെയാകും. ഒരു കടലിനോടെന്നപോലെ, ഞാൻ കരയിൽ കാലു നനച്ചു മുങ്ങിക്കുളിക്കാതെ വിട്ടുനിൽക്കുന്നു.
അതെ, ഞാൻ എവിടെയും അങ്ങനെയാണ്, ഒരിടത്തുമില്ല, എല്ലായിടത്തും ഉണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.