എസ്. ജാനകി - യേശുദാസ്

‘യേശുദാസ്- ജാനകി’
എന്നു പോരാ,
‘ജാനകി- യേശുദാസ്’
എന്നുതന്നെ വേണം:
‘ചെറിയ ശുണ്ഠി’യായിരുന്നില്ല അത്…

അര ലക്ഷം പാട്ടുകൾ പാടിയ ഒരു ഗായികയ്ക്ക് സ്വന്തം പേര് ആദ്യം എഴുതണമെന്ന് പറയേണ്ടിവന്ന സമൂഹമാണ് നമ്മുടേത്. ആ ആവശ്യം പോലും ‘ചെറിയ ശുണ്ഠി’യായി കേട്ട സമൂഹം- എസ്. ജാനകിയെക്കുറിച്ച് പങ്കുവെക്കപ്പെട്ട ഓർമകളിൽ ചർച്ചയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു വിഷയം എഴുതുന്നു, ലീഷ മഞ്ജു.

“പേര് എന്റേത് ആദ്യം വെക്കണമെന്ന് പറഞ്ഞിട്ട്; യേശുദാസ്- ജാനകി എന്നുവച്ചാൽ പോരാ, ജാനകി-യേശുദാസ് എന്നു വെക്കണമെന്നു പറഞ്ഞിട്ട്... അങ്ങനെയൊക്കെ ചെറിയ ശുണ്ഠിയെക്കെയുള്ള ആളാണ്’’-

അതുല്യ ഗായിക എസ്. ജാനകിയെക്കുറിച്ചുള്ള ഓർമ പങ്കുവച്ച ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഇടയിൽ പറഞ്ഞ പരാമർശമാണിത്. (ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഇന്റർവ്യൂ: 'ജാനകിയമ്മയെ പോലുള്ളവർ ഭൂമിയുടെ തണുപ്പാണ്, അമ്മയെ നഷ്ടമായതുപോലെ തോന്നുന്നു...' - YouTube)

നൊസ്റ്റാൾജിയയും സംഗീതമാധുരിയും ആത്മബന്ധങ്ങളും ഹൃദ്യമായ അനുഭവങ്ങളും നിറഞ്ഞുകവിയുന്ന സ്മരണാജ്ഞലികൾക്കിടയിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ വാക്കുകൾ.

എല്ലായ്പ്പോഴും എന്നതുപോലെ അതും ഒരു ചെറുചിരി തമാശയായി എടുക്കപ്പെട്ടു. അർഹതപ്പെട്ട അംഗീകാരവും ആദരവും ഏതെങ്കിലും സ്ത്രീകൾ ഡിമാന്റ് ചെയ്‌താൽ പതിവായി കിട്ടുന്ന പരിഹാസം കലർന്ന ഒരു ചിരിയുണ്ട്.

വില്ലജ് ഓഫീസിൽ ഒരു അപ്ലിക്കേഷൻ പൂരിപ്പിച്ചപ്പോൾ, “ഹെഡ് ഓഫ് ദ ഫാമിലി” എന്ന കോളത്തിൽ “ഹസ്ബൻഡ് അല്ലാതെ വേറെയാര്?” എന്നുചോദിച്ച മാഡത്തിന്റെ മുഖത്ത്;

ക്ലാസ്സിൽ ആദ്യം ആൺകുട്ടികളുടെ അറ്റൻഡൻസ് എടുക്കുന്നതിനുകാരണം ചോദിച്ചപ്പോൾ ടീച്ചറുടെ മുഖത്ത്;

പള്ളിയിൽ കുർബാന സ്വീകരിക്കാനുള്ള ലൈനിൽ ആണുങ്ങൾ ആദ്യം എന്നു പറയുന്ന അച്ചന്റെ മുഖത്ത്;

കുത്തിവളവുകളുള്ള ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് പോകുന്ന ജീപ്പിന്റെ മുന്നിൽ ആദ്യം ആണുങ്ങൾ ഇടിച്ചുകേറി, പുറകിൽ പെണ്ണുങ്ങളെ കേറ്റുന്നത് എന്തു കൊണ്ട് എന്ന ചോദ്യത്തിന്;

പാസ്പോർട്ട് പുതുക്കാൻ പോയപ്പോൾ ഹസ്ബൻഡിന്റെ പേരോ കുടുംബപ്പേരോ ഇല്ലാത്തതിനു ആപ്ലിക്കേഷൻ നിഷേധിച്ച്, ഒടുവിൽ അഫിഡവിറ്റിന്റെ ബലത്തിൽ സ്വീകരിച്ച ഓഫീസറുടെ സ്വരത്തിൽ;

എസ്. ജാനകി
എസ്. ജാനകി

ഇവിടെല്ലാം ചിതറുന്ന പരിഹാസം.

അതേ പരിഹാസമാകും എസ്. ജാനകി എന്ന പ്രതിഭയും നേരിട്ടത്. 60 വർഷം കൊണ്ട് ഇരുപതോളം ഭാഷകളിലായി അൻപതിനായിരത്തോളം പാട്ടുകൾ. നാല് നാഷണൽ അവാർഡും 33 സംസ്ഥാന അവാർഡും. ഇളയരാജയുടെ ആദ്യ ഗായിക. സീനിയോരിറ്റി, പ്രായം, ഉപാസന എല്ലാം കൊണ്ടും ഒപ്പമുള്ള ഗായകന്മാരെക്കാൾ മുകളിൽ. എന്നിട്ടും അക്ഷരക്രമത്തിൽപോലും അവർക്ക് പരിഗണന ലഭിച്ചില്ല. ന്യായമായ അവരുടെ എതിർപ്പിനെ ‘ഊള’ ചിരി കൊണ്ട് തടുത്തു.

ഒരേയൊരു കാരണം – എസ്. ജാനകിയുടെ സ്ത്രീത്വം ഒപ്പം പാടുന്നവന്റെ ആണത്തത്തെക്കാൾ താഴെയാണെന്ന് ഫിലിം ഇൻഡസ്ട്രിയും അതിലെ പാട്രീയാർക്കിയും തീരുമാനിച്ചു. അവരുടെ വാദം ഒരു ന്യായമായ ആവശ്യമെന്നതിലുപരി "ചെറിയ ശുണ്ഠി’യായി മാറി.

വിപ്ലവമൊക്കെ സിനിമയിലും കഥയിലും മതി; യാഥാർത്ഥ്യം വേറെ എന്ന പതിവുന്യായവും. ചിന്തയില്ലായ്മയുടെയും നിലപാടില്ലായ്മയുടെയും വേറൊരു പുറം.

ഒരു നിയമപുസ്തകത്തിലും എഴുതപ്പെട്ടിട്ടില്ലാത്ത, എന്നാൽ ഓരോ ദിവസവും നമ്മുടെ പെരുമാറ്റങ്ങളും തീരുമാനങ്ങളും വഴി ഊട്ടിയുറപ്പിക്കുന്ന രീതികൾ. അതിനെയൊന്നു ചോദ്യം ചെയ്യാൻ നോക്കിയാലോ, നേരിട്ട് മറുപടിയില്ലാതെ പരിഹാസത്തിൽ മറയ്ക്കും, ഒഴിവാക്കും.

"അയ്യോ... ഇതിത്ര വല്യ പ്രശ്നമാണോ?"

"നിസ്സാര കാര്യത്തിന് വാശി പിടിക്കണോ?"

"ഫെമിനിസ്റ്റ് ആയല്ലോ"

“ലോകത്ത് എന്തൊക്കെ വലിയ പ്രശ്നങ്ങൾ നടക്കുന്നു, അതിനിടക്കാണോ ഇത്?”

“ഒരു പേര് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിയെന്നു വച്ച് എന്താകാനാ?”

പേര് ആദ്യം വരുന്നതല്ല വിഷയം. ആദ്യം ഓർക്കപ്പെടാൻ യോഗ്യത ആർക്കാണ് എന്ന് സമൂഹം വിശ്വസിച്ചു ശീലിച്ചിരിക്കുന്നത് എന്നതാണ് വിഷയം. അക്ഷരങ്ങളും അധികാരത്തിന്റെ ക്രമം പിന്തുടരുന്നു.

“ഒടിയൻ” സിനിമയിലെ ടൈറ്റിലിൽ പ്രകാശ് രാജ് കഴിഞ്ഞിട്ട് മഞ്ജു വാരിയർ വരുന്നതുപോലെ.

അവാർഡ് നിശകളിൽ ഏറ്റവും പ്രാധാന്യം “ബെസ്റ്റ് ആക്ടർ” എന്ന പദവിക്ക് നൽകുന്നതു പോലെ.

ഇളയരാജയോടൊപ്പം എസ്. ജാനകി
ഇളയരാജയോടൊപ്പം എസ്. ജാനകി

75% സിനിമകളും നായകന്റെ ബലത്തിൽ നിൽക്കുന്നു എന്ന ന്യായത്തിൽ ആണുങ്ങളുടെ ലിസ്റ്റ് കഴിഞ്ഞുമാത്രം സ്ത്രീകളുടെ ലിസ്റ്റ് ക്രെഡിറ്റ്സിൽ ഇടുമ്പോൾ.

ഇതിത്ര ചെറിയ കാര്യമാണെങ്കിൽ എന്തുകൊണ്ട് ആ ക്രമം തെറ്റിക്കാതെ കൊണ്ടുനടക്കുന്നു?

എത്രയോ പേർ ജാനകിയമ്മയുടെ ആ വാശിയെക്കുറിച്ചു കേട്ടിട്ടുണ്ടാവും; എന്നിട്ടും അതെന്തുകൊണ്ട് ഒരു ഡിസ്കഷൻ ആയിട്ടില്ല ഇതുവരെ?

അര ലക്ഷം പാട്ടുകൾ പാടിയ ഒരു ഗായികയ്ക്ക് സ്വന്തം പേര് ആദ്യം എഴുതണമെന്ന് പറയേണ്ടിവന്ന സമൂഹമാണ് നമ്മുടേത്. ആ ആവശ്യം പോലും "ചെറിയ ശുണ്ഠി’യായി കേട്ട സമൂഹം. അപ്പോൾ ചോദ്യം എസ് ജാനകിയെക്കുറിച്ചല്ല, നമ്മളെക്കുറിച്ചാണ്.


Summary: Leesha Manju writes about an overlooked aspect of S. Janaki that remained absent from the many memories and discussions shared after her passing.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments