സൈബർ സഖാക്കൾക്കും ഏഷ്യാനെറ്റിനുമിടയിലെ 2022

‘‘16 വർഷത്തെ മാധ്യമപ്രവർത്തന പരിചയവും തെറ്റില്ലാതെ കാര്യങ്ങൾ ചെയ്യാനാകും എന്ന ആത്മവിശ്വാസവുമുള്ള എനിക്ക് ഒരുപാട് കാര്യങ്ങൾ വിലക്കപ്പെട്ട കനിയായിരുന്നു. എന്തിന് എന്നോടീ തൊട്ടുകൂടായ്മ എന്ന ചോദ്യം കഴിഞ്ഞ എട്ടു കൊല്ലവും ഞാനെന്റെ എഡിറ്റോറിയൽ നേതൃത്വത്തോട് ചോദിച്ചു കൊണ്ടേയിരുന്നു. വ്യക്തമായ ഒരുത്തരം എവിടെ നിന്നും കിട്ടിയില്ല’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ലക്ഷ്​മി പദ്​മ​ എഴുതുന്നു.

2022, ഒരു അതിവേഗ തീവണ്ടി പോലെ എനിക്കുമുന്നിലൂടെ ‘ഛും...' എന്നങ്ങു കടന്നുപോയതായാണ് ഒരു തോന്നൽ. കാരണം ഒരു വ്യക്തി എന്ന നിലയ്ക്കും മാധ്യമപ്രവർത്തക എന്ന നിലയ്ക്കും സംഭവബഹുലമായൊരു കൊല്ലമായിരുന്നു. ഓരോ ദിവസവും ഓരോതരം വെല്ലുവിളികളുമായാകും ഉണരുക. എന്നെ ചൂഴ്​ന്നുനിൽക്കുന്ന ആവർത്തനങ്ങളുടെ മൂടുപടങ്ങളെ പൊട്ടിച്ചെറിയാൻ നടത്തിയ ബോധപൂർവ ശ്രമങ്ങളുടെ ഭാഗമായിരുന്നു അവയിൽ പലതും. അതല്ലാതെ നമ്മളാഗ്രഹിക്കാതെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി വന്ന വയ്യാവേലികളുമുണ്ടായിരുന്നു.

ഒരു അമ്യൂസ്‌മെൻറ്​ പാർക്കിൽ കയറുന്ന കുട്ടിയുടെ ആവേശത്തോടെയാണ് പൊതുവെ ഓരോ പുതിയ കൊല്ലത്തിലേക്കും കടക്കുക. എന്നാൽ രണ്ടുമൂന്ന് മാസം കഴിയുമ്പോഴേക്കും ആവേശം ശമിച്ച് അലസതയുടെ താളത്തിൽ വീണ് ഒടുവിൽ ബാക്ക് ബെഞ്ചിലെ അസ്സൽ ഉഴപ്പൻ കുട്ടിയാകും. ഇക്കുറി അങ്ങനെയാവില്ലെന്ന് നേരത്തെ മനസ്സിൽ പലയാവർത്തി പറഞ്ഞുറപ്പിച്ചിരുന്നു. അതിന്റ ഫലമെന്നോണം ചില കാര്യങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞു. കൊവിഡ് കാലത്തെ അടച്ചിരിപ്പിന്റെ സമയം മുഴുവൻ സിനിമയിലായിരുന്നു ജീവിതം.

വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ മാറിമാറി കണ്ട് ശരിക്കുമൊരു ഒ.ടി.ടി അടിമയായി മാറിയതോടെ എന്റേതായ സിനിമകളുണ്ടാക്കണം എന്ന അതിമോഹവും നുരഞ്ഞുപൊന്താൻ തുടങ്ങി. മുമ്പ് ഐ.എഫ്.എഫ്.കെ സീസണിൽ മാത്രമായിരുന്നു ഇമ്മാതിരി തോന്നലുകൾ. പലപ്പോഴും കൂട്ടുകാരോടൊക്കെ കഥപറഞ്ഞ് പറഞ്ഞ് ഒടുവിൽ മനസ്സിൽ ഒരു സിനിമ സങ്കൽപ്പിച്ച് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ആ തോന്നലുകൾ മാറാറാണ് പതിവ്. ഇക്കുറി പക്ഷേ, അതങ്ങനെ ആയില്ല. ഓഫീസിൽ പരമാവധി ചെറിയ ചെറിയ പണികളിലേക്കുമാത്രം നിയോഗിക്കപ്പെട്ടതും ഒരു കണക്കിന് എന്റെ ചലച്ചിത്രചിന്തകൾക്ക് വെള്ളവും വെളിച്ചവുമേകി. ഒരു ഷോർട്ട് ഫിലിം ഐഡിയയുമായി സംവിധായകൻ ജയരാജിനെ സമീപിച്ചപ്പോൾ (പതിവായി ഓരോ കഥയുമായി ഞാൻ മൂപ്പരെ ശല്യം ചെയ്യാറുണ്ട്) ‘നിർമാണച്ചെലവോർത്ത്​ ബുദ്ധിമുട്ടണ്ട, ഇതൊരു തിരക്കഥയാക്കൂ, നീ തന്നെ സംവിധാനം ചെയ്യൂ' എന്നായിരുന്നു മറുപടി.

നീന്തൽ കരയ്ക്കിരുന്ന് കണ്ടുമാത്രം ശീലിച്ചൊരാളെ വെള്ളത്തിൽ തള്ളിയിട്ട അനുഭവമായിരുന്നു. ശരിക്കും വെള്ളം കുടിച്ചു, ശ്വാസം മുട്ടി, പക്ഷേ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ കൈകോർത്തുപിടിച്ചപ്പോൾ നവംബറോടെ ഡിസംബർ 31stഎന്ന 28 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം കരയ്ക്കടുത്തു. ക്യാമറ, എഡിറ്റിംഗ്, സംഗീതം, സൗണ്ട് ഡിസൈനിംഗ് ഇങ്ങനെ അതിന്റെ ഓരോ പണികൾക്കും
പരസ്പര സ്‌നേഹത്തിന്റെ മാത്രം ഈടിൽ സഹപ്രവർത്തകരായ സുഹൃത്തുക്കൾ മത്സരിച്ച് ഒപ്പം നിന്നു. ഡിസംബർ ഏഴിന് ജയരാജ് നേതൃത്വം നൽകുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെ ചിത്രം റിലീസ് ചെയ്യാനായി. പ്രമുഖരടക്കമുള്ള സോഷ്യൽ മീഡിയ സുഹൃത്തുക്കൾ അതിന്റെ പ്രചാരണം ഏറ്റെടുത്ത് നിരവധി പ്രേക്ഷകരിലേക്ക് ഞങ്ങളുടെ ചെറുചിത്രത്തെ എത്തിച്ച് ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഗൂഢാലോചനയിൽ അവസാന കണ്ണികളായി. ചുരുക്കി പറഞ്ഞാൽ മനുഷ്യസ്‌നേഹത്തിൽ വല്ലാതെ വിശ്വാസം തോന്നിപ്പോയൊരു വർഷം കൂടിയാണ് 2022.

മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല ഫേസ്ബുക്ക് കണ്ടും മോഹിക്കരുതെന്ന തിരിച്ചറിവിനും 2022നോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും. മേൽപ്പറഞ്ഞ സിനിമയുടെ പോസ്റ്റർ റിലീസ് ആലോചിച്ചുറപ്പിച്ചതിന്റെ തൊട്ടുതലേന്ന് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് അങ്ങ് ബ്ലോക്ക് ആയി. പാസ്​വേഡ്​ ഓർമയിലുണ്ടായിരുന്നില്ല. ആകെ ഫോണിൽ മാത്രമായിരുന്നു ഫേസ്ബുക്ക് തുറന്നിരുന്നത്. ചുരുക്കത്തിൽ, പ്രൊഫൈലിലുണ്ടായിരുന്ന ഉപയോഗത്തിലില്ലാതിരുന്ന ഫോൺ നമ്പറും, മെയിൽ ഐഡിയും മാറ്റാനുള്ള അവധാനതയില്ലാത്ത ശ്രമത്തിന്റെ ഫലമായി അക്കൗണ്ട് തൽക്കാലത്തേക്കങ്ങ് അടിച്ചുപോയി. സകല പരിലാളനകളോടെയും കഴിഞ്ഞ 13 കൊല്ലമായി കൊണ്ടു നടന്നിരുന്ന ഐഡി മറന്ന് ഒരു പുതിയ ഐഡിയുണ്ടാക്കി ഫേസ്ബുക്ക് ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായി, പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്ന്. ഇൻബോക്‌സിൽ കാശ് കടം വാങ്ങാൻ വരുന്ന ഒരു വ്യാജയല്ല ഞാനെന്ന് സുഹൃത്തുക്കൾക്കുമുന്നിൽ തെളിവുനിരത്തി സമർത്ഥിക്കണം എന്നതായിരുന്നു കഠിനമായ തൊന്തരവ്.

ഏതായാലും 16 ദിവസത്തെ അജ്ഞാതവാസത്തിനുശേഷം എന്റെ അക്കൗണ്ട് ഒന്നുമറിയാത്തപോലെ തിരിച്ചെത്തി. തിരുവനന്തപുരത്തെ ടെക്ക് ക്യൂ എന്ന സ്ഥാപനത്തിലെ അൻഷാദ് എന്ന മൊബൈൽ ടെക്‌നീഷ്യൻ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം നീക്കിവച്ച് കഷ്ടപ്പെട്ട് അക്കൗണ്ട് വീണ്ടെടുത്തുതന്നു എന്ന് പറയുന്നതാകും കൂടുതൽ മര്യാദ. ഏതായാലും അതോടെ ഞാൻ രണ്ട് അക്കൗണ്ടുകൾ സ്വന്തമായുള്ള ഇരട്ട പ്രതികരണ ശേഷിയുള്ള ഒരു സോഷ്യൽ മീഡിയ വ്യക്തിത്വമായി മാറിയെന്ന് സുഹൃത്തുക്കൾക്കിടയിൽ മേനി നടിക്കാറുണ്ട്. ഒന്നായ എന്നെയിഹ രണ്ടെന്ന് കണ്ടളവിൽ ചില സുഹൃത്തുക്കൾക്ക് ഇപ്പോഴും ഇണ്ടൽ ഉണ്ടാകാറുണ്ട് എങ്കിലും...

Photo : unsplash.com

2022 ഫെബ്രുവരിയിൽ ഇടത് സൈബറിടങ്ങളിൽ നിന്ന് ആസൂത്രിതവും സംഘടിതവുമായുണ്ടായ സൈബർ ആക്രമണമാണ് എന്റെ സോഷ്യൽ മീഡിയ പ്രതിരോധശേഷി വർധിപ്പിച്ചത്. മനോരമ ഓൺലൈനിൽ വന്ന ഒരു തെറ്റായ വാർത്തയുടെ ചുവടുപിടിച്ച് എനിക്കുനേരെ വിഷക്കടന്നലുകൾ കൂടിളകി വന്നപ്പോൾ, സത്യം പറയാല്ലോ, ആദ്യമൊന്നു പകച്ചുപോയി.
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബു അവരുടെ ക്ഷീരകൃഷിയെ കുറിച്ച് പറയുന്നതും പാൽ വിൽക്കാൻ പോയതും, ഞാൻ ചിത്രീകരിച്ച് ‘ജബ് വി മെറ്റ്' എന്ന പരിപാടിയിൽ ഉൾപ്പെടുത്തിയതായിരുന്നു കടന്നലുകളെ പ്രകോപിപ്പിച്ചത്. ആ പരിപാടിയുടെ ആലോചനാഘട്ടത്തിൽ തന്നെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഇരുപക്ഷത്തെയും സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താമെന്ന് ഞാൻ ഏഷ്യാനെറ്റ് ന്യൂസിലെ എന്റെ സീനിയേഴ്‌സിനോട് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഹാർഡ്‌കോർ രാഷ്ട്രീയം പറയുന്ന പരിപാടിയല്ലാത്തതിനാൽ അത് വേണ്ട എന്നതായിരുന്നു സീനിയേഴ്‌സിന്റെ തീരുമാനം.

ഏതായാലും കടന്നൽക്കൂടിളകി വന്നപ്പോൾ, ഏഷ്യാനെറ്റ് ന്യൂസിനോടുള്ള ആ കൂട്ടരുടെ വിരോധം കൂടി എന്നിലേക്ക് കേന്ദ്രീകരിച്ചു. ഇൻബോക്‌സിലും കമൻറ്​ ബോക്‌സിലും കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതി. പശുക്കിടാവിന് ഉമ്മ കൊടുക്കുന്ന ഒരു പടത്തെ അവരുടെ മനോവൈകൃതങ്ങൾക്കിണങ്ങുന്ന വിധം വ്യാഖ്യാനിച്ചു. എനിക്ക് മുമ്പും മാധ്യമ പ്രവർത്തകർ അരിതാ ബാബുവിന്റെ തൊഴുത്തിൽ കയറിയിരുന്നു. അരിതാ ബാബു പശുവിനെ കറക്കുന്നതും പശുക്കിടാവിന് ഉമ്മ കൊടുക്കുന്നതും ചിത്രീകരിച്ചിരുന്നു. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. പി.കെ. ബിജുവിന്റെ അമ്മ നെൽക്കറ്റ കൊയ്തതും പന്ന്യൻ രവീന്ദ്രന്റെ മുടിചീകൽ കഥകളുമൊക്കെ തെരഞ്ഞെടുപ്പുകാലങ്ങളിൽ വാർത്തയായിട്ടുണ്ട്. അതിലേക്കൊക്കെ ക്യാമറ തിരിക്കണോ വേണ്ടയോ എന്നത് വേറെ വിഷയം.

പക്ഷേ അത്തരം സ്റ്റോറികൾക്ക് കാഴ്ചക്കാർ അധികമെന്ന് നമ്മുടെ ഡിജിറ്റൽ മാധ്യമങ്ങൾ കയ്യോടെ കണക്കുതരുന്ന കാലമാണിത്. വ്യക്തിപരമായി എനിക്ക് ഇത്തരം സ്റ്റോറികൾ ചെയ്യുന്നതിനോട് ഒരു വിരോധവും ഇല്ലെന്നുമാത്രമല്ല വലിയ സന്തോഷവുമാണ്. മസിലുപിടിത്തങ്ങളില്ലാതെ അയഞ്ഞിരിക്കുന്ന മനുഷ്യരെ ക്യാമറയിലാക്കാൻ. പക്ഷേ തെരഞ്ഞെടുപ്പുകാലത്ത് വനിതാ മാധ്യമ പ്രവർത്തകർ സ്ഥാനാർത്ഥി പാട്ടുപാടുന്നിടത്തും പാൽ കറക്കുന്നിടത്തും മരം കയറുന്നിടത്തും മാത്രമായി പോകുന്നതിനോട് കടുത്ത വിരോധമുണ്ടുതാനും. യുക്തിയോടെയും വകതിരിവോടെയും രാഷ്ട്രീയ വാർത്തകൾ കൈകാര്യം ചെയ്യാൻ കേരളത്തിലെ വനിതാമാധ്യമ പ്രവർത്തകർക്കാകും. അഞ്ചിൽ താഴെ അക്കങ്ങളിൽ ആ പേരുകൾ ഒതുങ്ങുന്നുണ്ടെങ്കിൽ അതിന്റെ കുഴപ്പം വനിതാ മാധ്യമപ്രവർത്തകർക്കല്ല, മാധ്യമങ്ങളിലെ എഡിറ്റോറിയൽ മേധാവിമാർക്കാണ്. ബീറ്റുകൾ നിശ്ചയിക്കുന്നതിൽ ലിംഗവിവേചനമില്ലാത്ത ഒരു കിനാശ്ശേരി മാധ്യമലോകത്തിന്നും സ്വപ്നം മാത്രമാണ്.

എനിക്കുനേരെ നടന്ന സൈബർ ആക്രമണം ആസൂത്രിതമാണ് എന്നതിന് ഒരു ഇടതുസൈബർ ഗ്രൂപ്പിൽ നടന്ന ചില ചർച്ചകളുടെ സ്‌ക്രീൻ ഷോട്ടുകൾ തെളിവായി കൈവശമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു കൊല്ലത്തിലധികം കഴിഞ്ഞിട്ടും മറ്റൊരു മാധ്യമത്തിൽ വന്ന തെറ്റായ വാർത്തയുടെ പേരിൽ ഞാൻ ആക്രമിക്കപ്പെട്ടതിൽ, അതുകൊണ്ടുതന്നെ എനിക്കിപ്പോൾ ഞെട്ടലോ വിറയലോ ഒന്നുമില്ല. ഒരു സെക്കൻഡ് ഡോസ് എന്ന നിലയ്ക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തും ഇക്കൂട്ടർ എനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ മാലിന്യം വിതറി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പദവിയിലിരിക്കുന്ന ഒരാൾ തന്നെ ഏഷ്യാനെറ്റ് ന്യൂസ് വിമർശനമെന്ന വ്യാജേന പങ്കുവെച്ച പോസ്റ്റിലൂടെ അതിന് തുടക്കമിട്ടു. പക്ഷേ ലോകത്തെ സകല നെറികേടുകൾക്കെതിരെയും വാളുകൾ പടവാളുകളാക്കുന്ന സൈബർ ലോകത്തെ എന്റെ പല പുലിസുഹൃത്തുക്കളും ഈ എപ്പിസോഡുകളിലുടനീളം പാലിച്ച മൗനമാണ് ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത്. കാര്യങ്ങൾ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന നിർദേശമാണ് ഏഷ്യാനെറ്റ് ന്യൂസ് എനിക്ക് നൽകിയത്. അത് ലംഘിച്ച് ഡൂൾ ന്യൂസിന് അഭിമുഖം നൽകിയതിന് സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയതും ആ നാളുകളിലെ സവിശേഷമായ മറ്റൊരനുഭവമായി.

ഇങ്ങനെയൊക്കെയാണെങ്കിലും എട്ടു കൊല്ലത്തെ ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിപ്പിച്ച കൊല്ലമായാകും വരും കാലങ്ങളിൽ ഞാൻ 2022നെ ഓർക്കുക. ഇന്ത്യാവിഷൻ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിന്ന ഒരു പൊരിവെയിൽക്കാലത്താണ് ഞാൻ ഏഷ്യാനെറ്റ് ന്യൂസെന്ന വലിയ സ്ഥാപനത്തിന്റെ തണലിലേക്ക് ഓടിക്കയറുന്നത്. മാധ്യമപ്രവർത്തകരുടെ ക്ഷേമകാര്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, അതിശയിപ്പിക്കുന്ന വിധം മലയാളി ജീവിതത്തിന്റെ ഭാഗമായി തീർന്ന ഒരു സ്ഥാപനത്തിൽ നിന്നിറങ്ങിയത് സത്യം പറഞ്ഞാൽ എന്റെ വീട്ടുകാർക്കുപോലും ഇനിയും അങ്ങോട്ട് ദഹിച്ചിട്ടില്ല. ഒരു മാധ്യമപ്രവർത്തക എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും അവിടം വിടേണ്ടത് എന്റ മാത്രം ആവശ്യമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയൽ നേതൃത്വം അജ്ഞാതമായ എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ആ സംവിധാനത്തിലേക്ക് എന്നെ ഉൾക്കൊണ്ടിരുന്നില്ല എന്ന് എപ്പോഴും തോന്നിയിരുന്നു. ആ പരാതി പല തലങ്ങളിൽ അഡ്രസ് ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് വെയിലൊന്നുതാണ നേരം നോക്കി ആ തണൽ വിട്ടത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് അതിനുള്ളിലെ ഓരോ സംവിധാനങ്ങളും. ന്യൂസ്‌റൂമുകൾക്ക് മാത്രമായി മുഖ്യധാരാ സമൂഹത്തിന്റെ പൊതു സവിശേഷതകളിൽ നിന്ന് മാറിനിൽക്കാനാകും എന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ജാതീയതയും സ്ത്രീവിരുദ്ധതയും അടിമത്ത - സങ്കുചിത മനോഭാവങ്ങളുമെല്ലാം ഒരളവു വരെയെങ്കിലും ന്യൂസ് റൂമുകളിലും കാണാനാകും. അയിത്തം, തൊട്ടുകൂടായ്മ ഇതൊക്കെ അനുഭവിക്കുന്നവരുടെ വേദന എന്താണെന്ന് വായിച്ചറിവും പറഞ്ഞറിവും മാത്രമായിരുന്നു എനിക്കുണ്ടായിരുന്നതെങ്കിൽ അത് മറ്റൊരർത്ഥത്തിൽ മറ്റൊരു രൂപത്തിൽ അനുഭവിക്കാൻ എനിക്ക് ന്യൂസ്‌റൂമിൽ സാധിച്ചിട്ടുണ്ട്.

16 വർഷത്തെ മാധ്യമപ്രവർത്തന പരിചയവും തെറ്റില്ലാതെ കാര്യങ്ങൾ ചെയ്യാനാകും എന്ന ആത്മവിശ്വാസവുമുള്ള എനിക്ക് ഒരുപാട് കാര്യങ്ങൾ വിലക്കപ്പെട്ട കനിയായിരുന്നു. അത് ഒരു രാഷ്ട്രീയ ബീറ്റോ ചർച്ചയോ സംവാദമോ മാത്രമല്ല, പ്രൈം ടൈം ബുള്ളറ്റിനുകൾ വായിക്കുന്നതിലേക്കുപോലും ആ വിലക്ക് നീണ്ടു. ഷിഫ്റ്റിൽ ആർക്കേലും പെട്ടെന്ന് ഛർദിയോ വയറുവേദനയോ വന്നാൽ മാത്രമായിരുന്നു അത്തരം ഡ്യൂട്ടികൾക്ക് ഞാൻ നിയോഗിക്കപ്പെട്ടിരുന്നത്. എന്തിന് എന്നോടീ തൊട്ടുകൂടായ്മ എന്ന ചോദ്യം കഴിഞ്ഞ എട്ടു കൊല്ലവും ഞാനെന്റെ എഡിറ്റോറിയൽ നേതൃത്വത്തോട് ചോദിച്ചു കൊണ്ടേയിരുന്നു. വ്യക്തമായ ഒരുത്തരം എവിടെ നിന്നും കിട്ടിയില്ല.

സമൂഹത്തിന്റെ അഭിരുചികളാകെ തീരുമാനിക്കും വിധം ആജ്ഞാശേഷി ഒരു മാധ്യമങ്ങൾക്കും ഈ കാലത്തുണ്ടെന്നുതോന്നുന്നില്ല. അസംഖ്യം മാധ്യമസ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, കാഴ്ചകളും അഭിരുചികളും ഇങ്ങനെ ചിതറിക്കിടക്കുന്ന ഒരു ലോകത്തിരുന്ന് ഞങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ പല്ലി ഉത്തരം താങ്ങുന്നു എന്നു പറയും പോലെ പരിഹാസ്യമാകും അത്. ആ യാഥാർത്ഥ്യബോധമാണ് പല മാധ്യമപ്രവർത്തകർക്കും ഇന്നില്ലാത്തത് എന്നു തോന്നാറുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് പോലെ ടി.ആർ.പി റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഒരു സ്ഥാപനത്തിൽ ജോലിയെടുക്കുമ്പോൾ സ്വാഭാവികമായും നമ്മൾ പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞെന്നും കൂടെനിന്ന് സെൽഫിയെടുത്തെന്നും ആ മേൽവിലാസത്തിൽ നമ്മൾ പലയിടങ്ങളിലും വിശിഷ്ടാതിഥിയായെന്നും പല പുരസ്‌കാരങ്ങളും കിട്ടിയെന്നും ഒക്കെ വരും. പക്ഷേ അതോടെ നമ്മൾ എല്ലാമായെന്ന ഒരു ചിന്ത തോന്നിത്തുടങ്ങിയാൽ പിന്നെ ഒരു വളർച്ച അസാധ്യമാകും. സ്ഥാപനത്തിന്റെ മേൽവിലാസത്തിനും അപ്പുറം സ്വന്തമായി മേൽവിലാസമുണ്ടാക്കാൻ കഴിയുന്നവരാകും ഈ രംഗത്തെ വിജയികൾ. സ്വന്തമായി വിലാസമുണ്ടാക്കാൻ നമുക്കുമുന്നിൽ കടമ്പകൾ മാത്രമാണെങ്കിൽ, കൊട്ടാരത്തിലാണ് താമസമെങ്കിലും ചിലപ്പോൾ ആ വിലാസം തേടി വഴിയിലേക്കിറങ്ങേണ്ടി വരും, എന്നെപ്പോലുള്ളവർക്ക്.

ദി ഫോർത്ത് എന്ന ചെറുപ്പക്കാർ നയിക്കുന്ന പുതിയ മാധ്യമ സംരഭത്തിനൊപ്പമാണിപ്പോൾ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളെകൂടി പ്രയോജനപ്പെടുത്തുന്ന പുതിയകാലത്തെ മാധ്യമരീതികൾക്കൊപ്പം സഞ്ചരിക്കാൻ പോകുന്നതിന്റെ ആവേശത്തിൽ കൂടിയാണ് ഞാനിപ്പോൾ. ഒരു മാധ്യമപ്രവർത്തക എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും എനിക്ക് മുന്നിലിപ്പോൾ പുതിയ ഉത്തരവാദിത്തങ്ങളാണ്. പുതിയ വെല്ലുവിളികളാണ്. നിറഞ്ഞ സന്തോഷത്തോടെ അവയേറ്റെടുത്താണ് പുതുവർഷത്തിലേക്ക് കടക്കുന്നത്.

Comments