ഓർമയിൽ ലെനിൻ

ഇന്ന് വ്ളാദിമിർ ലെനിന്റെ ജന്മദിനം. സോവിയറ്റ് തകർച്ചയുടെയും ഏകധ്രുവലോകത്തിനു വേണ്ടിയുള്ള സാമ്രാജ്യത്വതന്ത്രങ്ങളുടേതുമായ നിയോലിബറൽ കാലത്ത് ലെനിനെകുറിച്ചുള്ള ആലോചനകൾ മുമ്പെന്നത്തേക്കാളും പ്രസക്തമായി തീരുന്നുണ്ട്.

ഷ്യൻ ജനതയുടെ ഹൃദയം കവർന്ന മഹാനായ ലെനിൻ ജനിച്ചത് റഷ്യയുടെ ഹൃദയ ഭാഗത്ത് മധ്യവോൾഗയിലെ സിംബേഴ്‌സ്‌ക്കിലാണ്. 1870 എപ്രിൽ 22 ന്. മനുഷ്യരാശിയുടെ ചരിത്രം സോഷ്യലിസത്തിലേക്ക് തിരിച്ചുവിട്ട ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നായകനും പ്രഥമ സോഷ്യലിസ്റ്റ് രാജ്യത്തിന്റെ ഭരണാധികാരിയുമെന്ന നിലയിൽ ലോകാരാധ്യനായി തീർന്ന കമ്യൂണിസ്റ്റ് ആചാര്യനായ ലെനിനെ ഓർമ്മിക്കുകയാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ലോകമെമ്പാടുമുള്ള മാർക്‌സിസ്റ്റുകൾ. സോവിയറ്റ് തകർച്ചയുടെയും ഏകധ്രുവലോകത്തിനു വേണ്ടിയുള്ള സാമ്രാജ്യത്വതന്ത്രങ്ങളുടേതുമായ നിയോലിബറൽ കാലത്ത് ലെനിനെകുറിച്ചുള്ള ആലോചനകൾ മുമ്പെന്നത്തേക്കാളും പ്രസക്തമായി തീരുന്നുണ്ട്.

ഈ റഷ്യൻമേഖല നൂറ്റാണ്ടുകളോളം കർഷക മുന്നേറ്റങ്ങളുടെയും രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും രണോത്സുക ചരിത്രമുള്ള നാടായിരുന്നു. ഒരധ്യാപക കുടുംബത്തിൽ പിറന്ന ലെനിൻ ഈ മണ്ണിന്റെ രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ ചൂടും ചൂരും ഏറ്റുവാങ്ങിയാണ് വളർന്നത്. 1880 തുകളിൽ തീവ്രതയിലായ സാറിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പ്രതിരോധങ്ങളും പ്രക്ഷോഭങ്ങളും ആഞ്ഞടിച്ച കാലത്താണ് ലെനിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ലെനിനും സഹോദരങ്ങളും അവരുടെ തലമുറയും ഭരണകൂട അടിച്ചമർത്തലിന്റെ ഭീകരതയിൽ സ്വയമേവ വിപ്ലവകാരികളായവരായിരുന്നു.
ലെനിന്റെ സഹോദരൻ അലക്‌സാണ്ടർ സരോദ്‌നിക് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ആളായിരുന്നു. നരോദ്‌നിക്കുകളിൽ നിന്നാണ് റഷ്യയിലെ ആദ്യത്തെ മാർക്‌സിസ്റ്റ് സംഘടനയായ തൊഴിലാളി വിമോചനസംഘം രൂപം കൊണ്ടത്.

അലക്‌സാണ്ടർ

1887 ൽ അലക്‌സാണ്ടർ മൂന്നാമനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ്സിൽ ലെനിന്റെ സഹോദരൻ 19 വയസുകാരനായ അലക്‌സാണ്ടറെ സാർ ഭരണകൂടം തൂക്കിലേറ്റി വധിച്ചു. ഈ സംഭവം ലെനിന്റെ ജീവിതത്തെ ഗാഢമായി സ്വാധീനിക്കുകയും ഒരു തരം ദുരന്ത ബോധം സൃഷ്ടിക്കുകയും ചെയ്തു. ജേഷ്ഠനോടുള്ള സ്‌നേഹവും ആരാധനയും ഉള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ വഴി ജനങ്ങളെ അണിനിരത്താതെയുള്ള ഒറ്റപ്പെട്ട വ്യക്തിഗത ഭീകരപ്രവർത്തനത്തിന്റേതാണല്ലോ എന്ന വിവേകപൂർവ്വമായ ആലോചനയും ലെനിനെ മഥിച്ചു. പില്ക്കാലത്ത് തന്റെ പ്രിയ സഖാവും ജീവിതപങ്കാളിയുമായ ക്രൂപ് സ്‌കയയോട് അക്കാലത്ത് താനനുഭവിച്ച സംഘർഷങ്ങളെ കുറിച്ച് ലെനിൻ പറയുന്നുണ്ട്.

ക്രൂപ്‌സ്‌കയ

"ലെനിനെ കുറിച്ചുള്ള ഓർമ്മകളിൽ 'ക്രൂപ്‌സ്‌കയ എഴുതിയിരിക്കുന്നത്; അലക്‌സാണ്ടറുമായി ലെനിൻ ഒരുപാട് രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഭീകരപ്രവർത്തകരുടെ മാർഗ്ഗത്തിനെതിരെ അദ്ദേഹം ഉറച്ച നിലപാട് എടുത്തിരുന്നുവെന്നുമാണ്. സഹോദരന്റെ മരണമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം "അല്ല, നാം സഞ്ചരിക്കേണ്ട മാർഗ്ഗം അതല്ല' എന്നായിരുന്നു. വ്യക്തിപരമായ തനിക്കുണ്ടായ ഒരു ദുരന്തത്തിൽ നിന്നും അതിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തുകയെന്ന രീതിയായിരുന്നു ലെനിൻ സ്വീകരിച്ചത്. നരോദ്‌നിസത്തിന്റെ രാഷ്ട്രിയ സൈദ്ധാന്തിക അടിസ്ഥാനങ്ങളെ വിശകലന വിധേയമാക്കുകയും റഷ്യൻ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വികാസത്തെയും അതിന്റെ അനിവാര്യ ഫലമായ നാഗരിക തൊഴിലാളിവർഗ്ഗത്തിന്റെ സാന്നിധ്യത്തെയും അവഗണിക്കുന്ന കർഷകാടിസ്ഥാന കമ്യൂൺ സിദ്ധാന്തങ്ങളെ ലെനിൻ പൊളിച്ചെടുത്തു. 1894 ൽ അദ്ദേഹമെഴുതി പ്രസിദ്ധീകരിച്ച "ജനസുഹൃത്തുക്കൾ എന്താണ്' എന്ന കൃതി നരോദ്‌നിസത്തിന്റെ വിമർശനവും റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് പാർടിയുടെ സ്ഥാപനത്തിനായുള്ള നിവേദനവുമായിരുന്നെന്ന് യു എസ് എസ് ആറിന്റെയും സിപിസിയുടെയും ചരിത്രകാരന്മാർ വളരെ പ്രാധാന്യത്തോടെ എടുത്ത് പറയുന്നുണ്ട്.

ലെനിൻ

എല്ലാവിധ വിഭാഗീയതയ്ക്കും മധ്യവർഗരോഷങ്ങളിൽ നിന്നും പൊട്ടിയൊഴുകുന്ന സാഹസികതാവാദങ്ങൾക്കും മാർക്‌സിസത്തിന്റെ വർഗ്ഗസിദ്ധാന്തപരമായ ബഹുജന ലൈൻ സ്ഥാപിക്കുകയാണ് ലെനിൻ തന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകളിലൂടെ നടത്തിയത്. ലെനിൻ ജനിക്കുന്നതിന് മുമ്പ് തന്നെ റഷ്യയിൽ ബെലിൻസ്‌കിയും ചെർണിഷേവ്‌സികിയും പ്ലഖ്‌നോവുമെല്ലാം മാർക്‌സിസ്റ്റാശയങ്ങൾ എത്തിച്ചിരുന്നു. മൂലധനം ആദ്യമായി വിവർത്തനം ചെയ്യപ്പെട്ടതും റഷ്യൻ ഭാഷയിലായിരുന്നു. മുതലാളിത്തത്തെ പാശ്ചാത്യവും ബാഹ്യവുമായ ആശയമായികണ്ട നാരോദ്‌നിക്കുകൾക്ക് റഷ്യൻ സമൂഹത്തിൻ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യവസായവൽക്കരണത്തിന്റെ പുരോഗമനപരമായ സാധ്യതകളെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിനനുകൂലമായ വർഗ്ഗ ബന്ധങ്ങളിലെ മാറ്റങ്ങളെയും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ലെനിൻ തന്റെ "റഷ്യയിലെ മുതലാളിത്ത വികാസം' എന്ന കൃതിയിലൂടെ റഷ്യൻ സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങളെയും വർഗ്ഗബന്ധളുടെ സ്വഭാവത്തെയും നിർധാരണം ചെയ്തു.

Comments