ലെനിൻ

21-ാം നൂറ്റാണ്ടിലെ മനുഷ്യരാശിയോട്
ലെനിൻ സംസാരിക്കുന്നു

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഫാഷിസത്തെക്കുറിച്ചും സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ വിശാലമായ ലെനിനിസ്റ്റ് പ്രയോഗം അർഹിക്കുന്നുവെന്ന വാദം മുന്നോട്ടുവക്കുകയാണ് കുഞ്ഞുണ്ണി സജീവ്. 100 വർഷങ്ങൾക്കിപ്പുറവും ലെനിൻ പ്രസക്തമാകുന്നത് എന്തുകൊണ്ടാണ് എന്ന അന്വേഷണം.

‘കമ്യൂണിസ്റ്റ്’ വിരുദ്ധത ഇന്ന് നമുക്കിടയിൽ സർവ സാധാരണമാണ്. ‘ഓരോരുത്തരുടെയും സ്വതന്ത്ര വികസനം എല്ലാവരുടെയും സ്വതന്ത്ര വികസനത്തിനുള്ള വ്യവസ്ഥയായിരിക്കണം’ എന്ന മാർക്സിസ്റ്റ് മൂല്യം പഴഞ്ചനും.

‘വിപ്ലവം’ എന്ന വാക്കിന് പഴയ വീര്യമില്ല, രാഷ്ട്രീയത്തിൽ 'വിപ്ലവകാരികളു'മില്ല. മുതലാളിത്ത സമ്പദ് വ്യവസ്ഥയെ തകർത്തെറിയുകയും, മർദിത വർഗ്ഗത്തിന്റെ വിമോചനം പുതിയൊരു സോഷ്യലിസ്റ്റ്  സമൂഹത്തിലേക്ക് വളരുകയും ചെയ്യുമെന്ന ചരിത്രത്തിന്റെ വിഭാവനം, പരാജയപ്പെട്ട ഒന്നായാണ് പൊതുവെ മനസിലാക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും. കമ്യൂണിസ്റ്റ് മുന്നേറ്റം പലപ്പോഴും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിലേക്കും തുടർന്ന് ഏകാധിപത്യത്തിലേക്കും നയിക്കുന്ന രാഷ്ട്രീയമാണെന്നും അതുകൊണ്ട് കമ്യൂണിസത്തെ തന്നെ പൂർണമായും രാഷ്ട്രീയത്തിൽനിന്ന് ഒഴിവാക്കണമെന്നും വാദിക്കുന്നവരുടെ എണ്ണത്തിൽ ഇന്ന് വർദ്ധനവുണ്ട്. സ്റ്റാലിനുകീഴിൽ നടന്ന കൂട്ടക്കൊലകളും സോവിയറ്റ് യൂണിയന്റെ പരാജയവുമെല്ലാം അത്തരം വാദങ്ങളോടൊപ്പം ചരിത്രവസ്തുതകളായി അവർ ചേർക്കുന്നു. 'തൊഴിലാളിവർഗ റിപ്പബ്ലിക്ക്', 'സോഷ്യലിസ്റ്റ് സമൂഹം', തൊഴിലാളിവർഗ വിമോചനം' എന്നീ ആശയങ്ങളും പദ്ധതികളും  മുഖ്യധാരാ ഇടതുപക്ഷം ഇന്ന് ഉപയോഗിക്കാറോ, ഓർമിക്കാറോ ഇല്ല. അധികാരം ഏതു വിധേനയും നിലനിർത്തുക എന്നതിനുള്ള സമരസ നടപടികൾ സ്വീകരിക്കുക എന്നതല്ലാതെ ഒരു തരത്തിലുള്ള ആശയസമരത്തിനും സാമൂഹികവിപ്ലവത്തിനും പാർലമെന്ററി ഇടതുപക്ഷത്തിന് സമയവുമില്ല. ആഗോള- ദേശീയ തലങ്ങളിൽ  തീവ്രവലതുപക്ഷ - ഫാഷിസ്റ്റ് ശക്തികൾ പാർലമെന്റുകളിലൂടെ  അധികാരം നേടുമ്പോൾ ‘കമ്യൂണിസ്റ്റ്' എന്ന് സ്വയം കരുതുന്ന മനുഷ്യരും പാർട്ടികളും പോലും  അധികാരനേട്ടത്തിനായും വിമർശനങ്ങളെ അടിച്ചമർത്താനും ‘കമ്യൂണിസ്റ്റ്’ വിരുദ്ധരായി മാറുന്നത് സമകാലിക സംഭവങ്ങളിൽനിന്ന് നമുക്ക് വായിച്ചെടുക്കാം.

ലിയോൺ ട്രോട്സ്കി

വളരെ സവിശേഷമായ ഈ ചരിത്രാവസ്ഥയിലാണ് വ്ലാദിമിർ ഇല്യായിച്ച് ഉല്യാനോവ് എന്ന വി.ഐ. ലെനിന്റെ നൂറാം ചരമവാർഷികം കടന്നുവരുന്നത്. മാർക്സിസത്തെ അതിന്റെ ഏറ്റവും ക്രിയാത്മകമായ രീതിയിൽ വികസിപ്പിക്കുകയും, രാഷ്ട്രീയത്തിൽ പ്രയോഗിക്കുകയും ചെയ്ത ലെനിനെക്കുറിച്ചും ലെനിനിസത്തെ കുറിച്ചുമുള്ള ചിന്തകളാണ് പങ്കുവെക്കുന്നത്.

യഥാർത്ഥ കമ്യൂണിസ്റ്റ് വിപ്ലവകാരിയെ കുറിച്ച്  ലിയോൺ ട്രോട്സ്കി നൽകുന്ന വിവരണം ശ്രദ്ധേയമാണ്: ‘‘തൊഴിലാളികളുടെയും മർദ്ദിതരുടേയും മുന്നേറ്റത്തിനായി ജീവിതം സമർപ്പിക്കുന്ന വിപ്ലവകാരിയുടെ പ്രവർത്തനം നിയമവിരുദ്ധമോ, അധികാരത്തിനെതിരെയുള്ള ഗൂഢാലോചനാപ്രവർത്തികളിൽ ഏർപ്പെടുന്നതോ  ആകാം. അത്തരം വിപ്ലവപ്രവർത്തികൾ എല്ലാ മനുഷ്യർക്കും സാധ്യമാകണമെന്നില്ല. പരിഷ്‌കൃതമായ ലിബറൽ  രാഷ്ട്രീയപ്രവർത്തകരെ പോലെ യാഥാസ്ഥിതിക മനോഭാവം വെച്ചു പുലർത്തുന്നവർക്കോ, അഹംഭാവമുള്ളവർക്കോ, ഇടുങ്ങിയ ചിന്താഗതിക്കാർക്കോ വിപ്ലവകാരിയായി മാറുവാൻ സാധ്യമല്ല". 

ട്രോട്സ്കി കറ തീർന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയായി മനസ്സിൽ  കാണുന്നത് ലെനിനെയാണ്.

ട്രോട്സ്കി ഇവിടെ കറ തീർന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയായി മനസ്സിൽ  കാണുന്നത് ലെനിനെയാണ്. ജീവിതത്തിന്റെ ഭൂരിഭാഗം കാലവും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന രീതി ലെനിൻ പിൻ തുടർന്നിരുന്നു. സാമൂഹിക - സാമ്പത്തിക അവസ്ഥകളെക്കുറിച്ച് പഠനം നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക കർമം. സൂക്ഷ്മ പഠനത്തിനുശേഷം മാത്രമാണ് ലെനിൻ തന്റെ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കടന്നിരുന്നത്. റഷ്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പഠനം ‘മുതലാളിത്തത്തിന്റെ വളർച്ച റഷ്യയിൽ’ എന്ന പേരിൽ 1898-ൽ അദ്ദേഹം പ്രസിദ്ധീകരിക്കുന്നുണ്ട്. റഷ്യ സാമ്പത്തികമായി മുതലാളിത്തത്തിലേക്ക് കടന്നിരുന്നില്ല, എന്നാൽ സാർ ചക്രവർത്തിമാരുടെ സ്വേച്ഛാധിപത്യം ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധവികാരം ശക്തമാക്കിയിരുന്നു. മാർക്സിസ്റ്റുകളും, അനാർക്കിസ്റ്റുകളും, ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളും, ക്രിസ്ത്യൻ സോഷ്യലിസ്റ്റുകളുമെല്ലാം ഭരണവിരുദ്ധ വികാരത്തിൽ സാമ്യതകൾ കണ്ടെത്തിയിരുന്നപ്പോൾ ലെനിൻ ആ ഭരണവിരുദ്ധ വികാരത്തെ പ്രായോഗികമായ രാഷ്ട്രീയലക്ഷ്യങ്ങളിലേക്ക് വളർത്തിയെടുത്തു.

Photo: Nikolay Alexeev/RIA Novosti

1903-ഓടെയാണ് ലെനിൻ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി എന്ന, വിപ്ലവകാരികളിൽ  ഭൂരിപക്ഷം വരുന്ന  ബോൾഷെവിക്ക് വിഭാഗത്തിന്റെ നേതാവായി മാറുന്നത്. ബോൾഷെവിക്കുകളെ സംബന്ധിച്ച് തൊഴിലാളികളും കർഷകരും തമ്മിലുള്ള ഐക്യദാർഢ്യം ജനാധിപത്യ അവകാശങ്ങൾ നേടുന്നതിനും സാമൂഹിക വിപ്ലവത്തിലൂടെ സാർ ഭരണത്തെ അട്ടിമറിക്കുന്നതിനും പ്രധാനമാണ്. വിപ്ലവകാരികളിൽ ന്യൂനപക്ഷം വരുന്ന മെൻഷെവിക്കുകൾ, പുരോഗമനവാദികളായ ബൂർഷ്വാസികളും തൊഴിലാളികളും തമ്മിലുള്ള ഐക്യദാർഢ്യമാണ് വിപ്ലവത്തിന്റെ മുൻനിരയായി  കണ്ടിരുന്നത്. ലെനിനും ബോൾഷെവിക്കുകളും വിപ്ലവത്തെ ഒരു പാർട്ടിയുടെ സഹായത്തോടെ വളർത്തേണ്ട സാമൂഹിക മാറ്റമായാണ് വിഭാവനം ചെയ്യുന്നത്. തൊഴിലാളികൾക്കിടയിൽ വർഗ്ഗബോധം വളർത്തുവാനും, സാമൂഹിക - സാമ്പത്തിക സ്ഥിതികളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുവാനുമുള്ള ശ്രമങ്ങൾ മുൻനിര പാർട്ടി മുഖേനയാണ് നടന്നിരുന്നത്. എന്നാൽ മുകളിൽ നിന്ന് 'വിപ്ലവം' കെട്ടിയിറക്കുന്ന, തൊഴിലാളികളെ നിർബന്ധിച്ച് വിപ്ലവപ്രവർത്തനങ്ങളിൽ ചേർക്കുന്ന രീതി അവർ ഒരിക്കലും പിന്തുടർന്നിരുന്നില്ല. ലെനിൻ പാർട്ടിയെ വിഭാവനം ചെയ്യുന്നത് മർദിത വിഭാഗത്തോടൊപ്പം, അവരെ പഠിക്കുകയും വേണ്ട അറിവുകൾ ലഭ്യമാക്കി കൊടുക്കുകയും വഴി അവരിൽ നിന്നുതന്നെ ബുദ്ധിജീവികളെയും നേതൃപാടവമുള്ളവരെയും വളർത്തിയെടുക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ്. കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ ജീവനുള്ള സംഘടനയായാണ് പ്രവർത്തിക്കുന്നത്. സാമൂഹിക- സാമ്പത്തിക സ്ഥിതികളെക്കുറിച്ച് പഠിച്ചും ആരോഗ്യകരമായ ചർച്ച നടത്തിയും എടുക്കുന്ന തീരുമാനങ്ങളിൽ മർദ്ദിത വിഭാഗത്തിന്റെ അഭിപ്രായമാകണം അവസാന വാക്ക്. ജൈവികമായ ഒരു കമ്യൂണിസ്റ്റ് പാർട്ടി സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ പാശ്ചാത്തലത്തിൽ കേന്ദ്രീകരണത്തിനും ജനാധിപത്യത്തിനും ഒരുപോലെ പ്രാധാന്യം നൽകി. ഒരു ജീവി അതിന്റെ പരിസരത്തിനനുസരിച്ച് തന്റെ സ്വഭാവത്തിന് മാറ്റം വരുത്തുന്നതുപോലെ പാർട്ടി മർദ്ദിത വിഭാഗത്തിനിടയിൽ പ്രവർത്തിക്കുകയും സ്വഭാവത്തിൽ വേണ്ട മാറ്റങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന രീതി ലെനിന്റെ ഭാവനയിൽ വിരിഞ്ഞതാണ്. അങ്ങനെ ജൈവികമായി വളരുന്ന ഒരു പാർട്ടിയെ, നാടുകടത്തപ്പെടുമ്പോഴും, ഒളിവിൽ ജീവിക്കുമ്പോഴും, തടങ്കലിൽ കിടക്കുമ്പോഴുമെല്ലാം ലെനിൻ അശ്രാന്തപരിശ്രമത്തിലൂടെ കെട്ടിപ്പടുത്തു.

ലെനിന്റെ രാഷ്ട്രീയം പൂർണമായും ജനാധിപത്യ മൂല്യങ്ങൾ പാലിക്കുന്നതും, വിമർശനങ്ങളെ സ്വീകരിക്കുന്നതും, ആരോഗ്യകരമായ ചർച്ചകൾക്ക് പ്രാധാന്യം നൽകിയിരുന്നതുമാണ്.

1905-ലെ മുന്നേറ്റത്തിൽ മെൻഷെവിക്കുകളുമായി ചേർന്ന് പ്രവർത്തിച്ച ലെനിനും ബോൾഷെവിക്കുകളും 1912- ഓടെ പ്രത്യേക പാർട്ടിയായി മാറി. പിന്നീടുള്ള രണ്ടു വർഷത്തേക്ക് ലെനിനും ബോൾഷെവിക്കുകളും റഷ്യൻ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തോടെ പലവിധ നിയന്ത്രണങ്ങൾ നേരിടുന്ന പാർട്ടി യുദ്ധവിരുദ്ധ നിലപാടുകൾ മുന്നോട്ടുവെച്ചു. സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ അവസാനഘട്ടമായി വിശദീകരിക്കുന്ന ലെനിന്റെ പഠനം 1916- ഓടെ പ്രസിദ്ധീകരിക്കുന്നുണ്ട്. സാമ്രാജ്യത്വ ശക്തികളോടുള്ള റഷ്യൻ തൊഴിലാളികളുടെയും, സ്വേച്ഛാധിപതികളുടെയും സഹകരണം പൂർണമായും അവസാനിപ്പിക്കണമെന്ന്  ആഹ്വാനം ചെയ്യുന്ന ലെനിൻ ‘സാമ്രജ്യത്വ യുദ്ധത്തെ ആഭ്യന്തരയുദ്ധമായി വളർത്തണം’ എന്ന ആശയം ഈ കാലത്താണ് മുന്നോട്ടുവെക്കുന്നത്. ആഭ്യന്തരയുദ്ധത്തിലൂടെ സാമ്രാജ്യത്വയുദ്ധത്തെ അവസാനിപ്പിക്കാനും അതുവഴി മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ തകർത്തെറിയുവാനുമുള്ള പദ്ധതി ലെനിൻ ചർച്ചകൾക്കായി അവതരിപ്പിക്കുന്നുണ്ട്. വിപ്ലവശേഷമുള്ള അധികാരത്തിന്റെ പ്രയോഗം ശക്തമായ ഭരണകൂടത്തിന്റെ പ്രവർത്തനത്തിലൂടെയാണ് എന്ന് കണ്ടെത്തുന്ന ലെനിൻ, ജനാധിപത്യത്തിനും വിപ്ലവത്തിനും പരസ്പരം സ്വാധീനങ്ങൾ നൽകിക്കൊണ്ടുള്ള വളർച്ചയും വികാസവുമാണ് തുടർന്നങ്ങോട്ട് വിഭാവനം ചെയ്യുന്നത്. 

1917- ൽ സാറിസ്റ്റ് ഭരണകൂടത്തെ തൊഴിലാളികളും, റഷ്യൻ ജനതയും ചേർന്ന് അട്ടിമറിക്കുമ്പോൾ റഷ്യ നിലനിന്നിരുന്നത് ജനാധിപത്യ കൗൺസിലുകളായി തിരിച്ചിരുന്ന സോവിയേറ്റുകളിൽ തദ്ദേശീയ അധികാരം നിലനിർത്തിക്കൊണ്ടാണ്.

1917- ൽ സാറിസ്റ്റ് ഭരണകൂടത്തെ തൊഴിലാളികളും, റഷ്യൻ ജനതയും ചേർന്ന് അട്ടിമറിക്കുമ്പോൾ റഷ്യ നിലനിന്നിരുന്നത് ജനാധിപത്യ കൗൺസിലുകളായി തിരിച്ചിരുന്ന സോവിയേറ്റുകളിൽ തദ്ദേശീയ അധികാരം നിലനിർത്തിക്കൊണ്ടാണ്. വിപ്ലവാന്തരം റഷ്യയുടെ ഭരണം മുതലാളിത്ത സ്വഭാവമുള്ള ലിബറൽ രാഷ്ട്രീയക്കാരും ചില സോഷ്യലിസ്റ്റ് പ്രതിനിധികളും ചേർന്ന് രൂപീകരിച്ച താൽകാലിക സർക്കാരിനുകീഴിൽ തുടർന്നു. എന്നാൽ ഭൂപരിഷ്‌കരണം, ഭൂമിയുടെ വിതരണം എന്നീ വിഷയങ്ങളിൽ നിലപാടെടുക്കുന്നതിൽ താൽകാലിക സർക്കാർ വിമുഖത കാട്ടിയപ്പോൾ റഷ്യൻ ജനത വീണ്ടും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് അനുകൂലമായ മനോഭാവം കാട്ടിത്തുടങ്ങി. യുദ്ധത്തിൽ പങ്കെടുക്കുവാനുള്ള തീരുമാനം കൂടി താൽകാലിക സർക്കാർ എടുക്കുന്നതോടെ റഷ്യ പൂർണമായും കമ്യൂണിസ്റ്റ് വിപ്ലവത്തിന് സജ്ജമായി. ഇവിടെ തൊഴിലാളികളുടെ മനോഭാവത്തെയാണ് ലെനിൻ മുഖവിലക്കെടുക്കുന്നത്. മർദിത വിഭാഗത്തിന് വിപ്ലവം ആവശ്യമായി തോന്നുന്ന അവസരത്തിൽ വേണ്ട സജ്ജീകരണങ്ങളും സഹായങ്ങളും വിപ്ലവകാരികളായ സോഷ്യലിസ്റ്റുകൾ ചെയ്തു നൽകുന്നു. അധികാരനേട്ടമല്ല ഇവിടെ വിപ്ലവകാരിയുടെ ലക്ഷ്യം; സാമൂഹിക മാറ്റവും, മർദിതരുടെ വിമോചനവുമാണ്. റഷ്യൻ പട്ടണങ്ങളിലെ ഭക്ഷ്യലഭ്യതക്കുറവിനെ അടിസ്ഥാന പ്രശ്നമായി മനസിലാക്കി ബോൾഷെവിക്കുകൾ "peace, bread and land" (സമാധാനം, ഭക്ഷണം, ഭൂമി) എന്ന മുദ്രാവാക്യവും "അധികാരം സോവിയേറ്റുകൾക്ക്"  എന്ന മുദ്രാവാക്യവും മുൻനിർത്തി പ്രക്ഷോഭം ആരംഭിച്ചു. അതിഭീകര അടിച്ചമർത്തലുകൾ നേരിട്ടിരുന്നുവെങ്കിലും ഒക്ടോബർ മാസത്തോടെ ബോൾഷെവിക്കുകൾ തൊഴിലാളിവർഗം ഭൂരിപക്ഷമുള്ള  സോവിയേറ്റുകളിൽ അധികാരം നേടി. സോവിയേറ്റുകളിൽ നേടിയ ഭൂരിപക്ഷം ബോൾഷെവിക്കുകളെ ലെനിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ഭരണകൂടം രൂപീകരിക്കുന്നതിൽ സഹായിച്ചു. മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രൂപീകരണവും ഇതേ കാലഘട്ടത്തിലാണ് നടക്കുന്നത് - 1919ൽ. മറ്റു രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് വിപ്ലവകാരികളെ സഹായിക്കുവാനുള്ള സംഘടന എന്നോണമാണ് കമ്യൂണിസ്റ്റ് ഇന്റർനാഷനലിനെ വിഭാവനം ചെയ്തിരുന്നത്. രാജ്യാതിർത്തികൾ കടന്നും വിപ്ലവപ്രവർത്തനങ്ങളെ വളർത്തുന്ന രീതി വിജയകരമായി ആരംഭിക്കുന്നത് ഈ കാലഘട്ടം മുതൽക്കേയാണ്.  

ലെനിന്റെ രാഷ്ട്രീയം പൂർണമായും ജനാധിപത്യ മൂല്യങ്ങൾ പാലിക്കുന്നതും, വിമർശനങ്ങളെ സ്വീകരിക്കുന്നതും, ആരോഗ്യകരമായ ചർച്ചകൾക്ക് (Polemics) പ്രാധാന്യം നൽകിയിരുന്നതുമാണ്. പക്ഷെ, അദ്ദേഹം സ്ഥാപിച്ച ബോൾഷെവിക് ഭരണകൂടം ആഭ്യന്തര യുദ്ധത്തിന്റെയും, 14 രാജ്യങ്ങളുടെ (ബ്രിട്ടൺ, ഫ്രാൻസ്, അമേരിക്ക, ജർമ്മനി, ജപ്പാൻ ഉൾപ്പെടെ)  റഷ്യയിലേക്കുള്ള കടന്നുകയറ്റം ചെറുക്കുന്നതിന്റെയും ഭാഗമായി  ശക്തമായ നിയന്ത്രണങ്ങൾ രാജ്യത്ത് നിലനിർത്തി. ഇതോടൊപ്പം പാലിച്ചുപോന്നിരുന്ന സാമ്പത്തിക നയങ്ങളുടെ പരാജയവും, യുദ്ധക്കെടുതികളും പതിയെ സോവിയറ്റ് റഷ്യയുടെ സാമ്പത്തിക അടിത്തറ തകർത്തു. തൊഴിലാളിവർഗവിപ്ലവം സംരക്ഷിച്ചുനിർത്തുക എന്ന ഒറ്റ വഴിയേ മാത്രം സഞ്ചരിച്ച വിപ്ലവകാരികൾ പതിയെ മാർക്സിസ്റ്റ് ചർച്ചകൾ അവസാനിപ്പിക്കുകയും നേടിയെടുത്ത അധികാരം കേന്ദ്രീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിന് സമയവും ഊർജ്ജവും ചെലവഴിക്കുകയും ചെയ്തു.

1940- കൾ മുതൽ 1950- കൾ വരെ കിഴക്കൻ യൂറോപ്പിൽ സ്ഥാപിക്കപ്പെട്ട എല്ലാ കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളിലും ലെനിനെ പ്രതിമയായും, ബിംബമായും, കവിതയായും ഉപയോഗിച്ചിരുന്നു.

ലെനിൻ അവസാന നാളുകളിൽ ഈ അധികാര കേന്ദ്രീകരണ നടപടികളെ തിരിച്ചെടുക്കുവാനോ, നിയന്ത്രിക്കുവാനോ വേണ്ട അഭിപ്രായങ്ങളാണ് മുന്നോട്ടുവെച്ചിരുന്നത്. സോവിയറ്റ് ഭരണകൂടം സ്റ്റാലിനുകീഴിൽ ഏകാധിപത്യപരമായും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം മൂലവും തകർന്നടിയുന്ന കാഴ്ച  കാണുന്ന ലെനിൻ, അവസാന നാളുകളിൽ ജോസഫ് സ്റ്റാലിനെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ ശ്രമം നടത്തിയിരുന്നു. അത്തരം നടപടികൾ പരാജയമായി. മരണശേഷം ലെനിനെ സ്റ്റാലിൻ  സോവിയറ്റ് ഏകാധിപത്യഭരണത്തെ സാധൂകരിക്കുന്ന ഒരു 'ഐക്കണാ’യി മാറ്റിയെടുക്കുന്നുണ്ട്. 1940- കൾ മുതൽ 1950- കൾ വരെ കിഴക്കൻ യൂറോപ്പിൽ സ്ഥാപിക്കപ്പെട്ട എല്ലാ കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളിലും ലെനിനെ പ്രതിമയായും, ബിംബമായും, കവിതയായും ഉപയോഗിച്ചിരുന്നു.

എല്ലാ മർദ്ദിത വിഭാഗങ്ങളുടെയും വിമോചനത്തിന് പോരാടിയിരുന്ന വിപ്ലവകാരി എന്ന നിലയിലുള്ള ലെനിന്റെ പ്രതിച്ഛായയെ സ്റ്റാലിന്റെ ഏകാധിപത്യ ഭരണരീതിയെ അനുകരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളും ഭരണകൂടങ്ങളും ഉപയോഗിച്ച് പോരുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം ഏകാധിപത്യ ഭരണരൂപങ്ങൾ 1989-ലും 1990-കളിലുമായി തകർന്നടിഞ്ഞപ്പോൾ ലെനിന്റെ പ്രതിമകളും ജനങ്ങളാൽ തകർക്കപ്പെട്ടു. 20-ാം നൂറ്റാണ്ടിന്റെ വലിയൊരു ഭാഗം ലെനിനെ ലോകത്തുള്ള എല്ലാ മർദ്ദിതരുടെയും നേതാവായി കണ്ടിരുന്നു എന്നത് വസ്തുതയാണ്. ആഫ്രിക്കൻ - അമേരിക്കൻ കവിയായ ലംഗ്സ്റ്റൺ ഹ്യൂഗ്സ് ലെനിനെ അവതരിപ്പിക്കുന്നത്, അതിർത്തികൾ കടന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്ന വിപ്ലവകാരി എന്ന നിലയിലാണ്. വർണ -വർഗ വിവേചനങ്ങൾ കൂടാതെ എല്ലാ മനുഷ്യരും ആ വിപ്ലവകാരിയെ സ്വീകരിക്കുന്നു. ഭാഷ ആ വിപ്ലവകാരിയുടെ സഞ്ചാരത്തിന് തടസമല്ല. കാരണം ഭാഷയിലൂടെയുള്ള വിപ്ലവമല്ല അദ്ദേഹത്തിന്റെ രീതി,  പ്രവർത്തിയിലൂടെയുള്ളതാണ്.

ഫ്രഞ്ച് വിപ്ലവവും, ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രവും, ജർമൻ തത്ത്വചിന്തയും സമ്മേളിക്കുന്ന മാർക്സിസം - അന്നുമിന്നും  അക്കാദമിക്കുകൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുകയും അവർക്കിടയിൽ മാത്രം വളരുകയും ചെയ്യുന്ന വിജ്ഞാനമാണ്.

ലെനിനിസം എന്ന മാർക്സിസത്തിന്റെ റഷ്യൻ പ്രയോഗത്തെ ഇവിടെ ശ്രദ്ധയോടെ കാണേണ്ടതുണ്ട്. മാർക്സിസ്റ്റ് രീതിയിൽ പരിശോധിക്കുമ്പോൾ റഷ്യ വിപ്ലവത്തിന് സജ്ജമാകുന്നത് സാമ്പത്തിക അടിത്തറയെക്കാൾ കൂടുതൽ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ പശ്ചാത്തലത്തിലാണ്. പല രീതിയിൽ ചിന്തിച്ചിരുന്ന, പ്രവർത്തിച്ചിരുന്ന വിപ്ലവകാരികൾ റഷ്യൻ മണ്ണിൽ സാർ ഭരണത്തെ അട്ടിമറിക്കുവാൻ ശ്രമിച്ചിരുന്നു. എന്നാൽ സമരരീതിയെക്കുറിച്ചും, സാർ ഭരണത്തിന്റെ അട്ടിമറിക്കുശേഷം നടപ്പിലാക്കേണ്ട  ഭരണരീതികളെക്കുറിച്ചും വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നത് ലെനിനും, അദ്ദേഹത്ത പിന്തുടർന്നിരുന്ന ബോൾഷെവിക്കുകളും മാത്രമായിരുന്നു. ഓരോ ചരിത്രമുഹൂർത്തങ്ങളെയും മുതലാളിത്തവും, പിന്നീട് സാമ്രാജ്യത്വവുമായി ബന്ധപ്പെടുത്തി മനസിലാക്കുന്ന ലെനിനിസ്റ്റ് രീതി വളരെ വേഗം തന്നെ ചിന്തിക്കുകയും, സമരങ്ങളിലേർപ്പെടുകയും ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ പ്രചാരം നേടി. റഷ്യൻ വിപ്ലവത്തിന്റെ  വിജയം പിന്നീട് ലോകത്തുള്ള മറ്റെല്ലാ തൊഴിലാളിവർഗ സമരത്തിന്റെയും മുൻഗാമിയായി മനസിലാക്കപ്പെടുന്നതോടെ ലെനിനും എല്ലാവർക്കും സ്വീകാര്യനായി. മാർക്സിസത്തെ വളരെ ക്രിയാത്മകമായി പ്രയോഗിച്ചു എന്നതാണ് ലെനിനെ ഇവിടെ എല്ലാ മർദ്ദിത വിഭാഗങ്ങൾക്കും സ്വീകാര്യനാക്കുന്നത്. അദ്ദേഹത്തിന്റെ ചർച്ചകൾ മുകളിൽനിന്ന് താഴേക്ക് നടത്തുന്നവയായിരുന്നില്ല, മറിച്ച് താഴെ നിന്ന് മുകളിലേക്ക് ഉയരുന്നവയായിരുന്നു.

ആഫ്രിക്കൻ - അമേരിക്കൻ കവിയായ ലംഗ്സ്റ്റൺ ഹ്യൂഗ്സ് ലെനിനെ അവതരിപ്പിക്കുന്നത്, അതിർത്തികൾ കടന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്ന വിപ്ലവകാരി എന്ന നിലയിലാണ്.

രണ്ട് പ്രധാന ഘടകങ്ങളെ ഇവിടെ ലെനിനിസത്തിന്റെ കാതലായി മനസിലാക്കാം, ആദ്യത്തേത്; ലെനിനിസം വർഗ്ഗസമരത്തെ പൂർണമായും ഭരിക്കുന്നവരും, ഭരിക്കപ്പെടുന്നവരും തമ്മിലുള്ള തുടർച്ചയായ സമരമായി മനസിലാക്കുന്നു എന്നതാണ്.
രണ്ടാമത്തേത്; ലെനിനിസം സമൂഹത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക മേഖലകളിൽ ജനങ്ങളുടെ ഭരണം പൂർണമായും നടപ്പിലാക്കുക എന്ന പദ്ധതിയെ, അതായത്, ജനാധിപത്യത്തെ പ്രാതിനിധ്യത്തിൽ  മാത്രം ഒതുക്കിനിർത്താതെ എല്ലാ അർത്ഥത്തിലും ഭരിക്കപ്പെടുന്നവരുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തെ, പ്രധാനമായി കണ്ടിരുന്നു എന്നതാണ്. വിപ്ലവസ്വഭാവമുള്ള  രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനമേഖല ഈ പോരാട്ടത്തിന്റെ ഭാഗമായാണ് ലെനിൻ മനസിലാക്കുന്നത്. സാമൂഹിക മുന്നേറ്റങ്ങളെ പഠിക്കുക, അവയെ സ്വാധീനിക്കുവാൻ ശ്രമിക്കുക, വൈകാരികവും പെട്ടെന്ന് വളരുന്നതുമായ സാമൂഹിക മുന്നേറ്റങ്ങളെ ക്രിയാത്മകമായ രീതിയിൽ അവയുടെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് നയിക്കുക എന്ന പ്രവർത്തി ലെനിനിസത്തിന്റെ കാതലായി മനസിലാക്കാം.  

ഫ്രഞ്ച് വിപ്ലവവും, ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രവും, ജർമൻ തത്ത്വചിന്തയും സമ്മേളിക്കുന്ന മാർക്സിസം - അന്നുമിന്നും  അക്കാദമിക്കുകൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുകയും അവർക്കിടയിൽ മാത്രം വളരുകയും ചെയ്യുന്ന വിജ്ഞാനമാണ്. ആ വിജ്ഞാനത്തെ സാമൂഹിക വിപ്ലവത്തിലേക്ക് വളർത്തിയെടുക്കുക എന്ന പ്രവർത്തിയിൽ ലെനിൻ ഏർപ്പെടുമ്പോൾ  പ്രധാനമായും രണ്ട് വിമർശനങ്ങൾ അദ്ദേഹം നേരിടുന്നു. ആരോഗ്യകരമായ ചർച്ചകൾക്ക് വില കൽപ്പിച്ചിരുന്ന ലെനിൻ ഈ രണ്ട് വിമർശനങ്ങളെയും ഗൗരവത്തോടെയാണ് കണ്ടിരുന്നത്; ജർമൻ വിപ്ലവകാരിയായ റോസ ലക്സംബർഗിന്റെ വിമർശനവും, ഇന്ത്യൻ വിപ്ലവകാരിയായ എം.എൻ. റോയിയുടെ വിമർശനവുമാണിവ.

എം.എൻ റോയ്

തൊഴിലാളിവർഗ പാർട്ടി രൂപീകരിക്കുന്നതിലും അവയെ കേന്ദ്രീകരിക്കുന്നതിലും കാതലായ പ്രശ്നങ്ങൾ റോസ കണ്ടെത്തിയിരുന്നു. ശക്തമായ ഒരു സെൻട്രൽ കമ്മിറ്റി പാർട്ടിക്കുള്ളിൽ രൂപീകരിക്കപ്പെടുന്നതോടെ തൊഴിലാളികളെ ഭരിക്കുന്ന കൂട്ടമായി അവ മാറുമെന്നും റോസ പ്രവചിച്ചിരുന്നു. പാർട്ടിക്കുള്ളിലെ കേന്ദ്രീകരണവും, ജനാധിപത്യവൽക്കരണവും തുല്യതയിൽ നടപ്പിലാക്കുവാൻ സാധ്യമല്ല എന്ന പ്രായോഗിക പ്രശ്നം റോസ മുന്നോട്ടുവെക്കുന്നുണ്ട്. സോഷ്യലിസത്തെ ശുഭാപ്‌തിവിശ്വാസത്തോടെ നോക്കി കാണുന്ന റോസ പക്ഷെ അതേ സോഷ്യലിസത്തിന്റെ പ്രയോഗത്തിൽ 'ജനാധിപത്യവും', 'സ്വാതന്ത്ര്യവും' ഇല്ലാതാക്കുന്നതിലേക്ക് നയിക്കുമോ എന്ന സംശയം ഉന്നയിക്കുന്നുണ്ട്. കേന്ദ്രീകരണ ഭരണത്തോടും, അധികാരത്തോടും റോസ ലക്സംബർഗ് നിലനിർത്തിയിരുന്ന വിമർശനം, സ്റ്റാലിനുകീഴിൽ സോവിയറ്റ് ഭരണം ഏകാധിപത്യമായി പരിണമിക്കുന്നത് ജീവിതത്തിന്റെ  അവസാനനാളുകളിലായി അനുഭവിച്ച ലെനിനെ ചിന്തിപ്പിച്ചിരുന്നിരിക്കാം.

ലെനിൻ ഗാന്ധിയെ മനസിലാക്കുന്നത് ഇന്ത്യൻ ജനതയെ ഉണർത്തുന്ന വിപ്ലവകാരി എന്ന നിലയിലാണ്. എം.എൻ. റോയ് ഗാന്ധിയെ മനസിലാക്കുന്നതാകട്ടെ, സാമൂഹികതലത്തിൽ ഒരു പരിഷ്‌ക്കരണവാദിയായും, രാഷ്ട്രീയത്തിൽ ഒരു വിപ്ലവകാരിയുമായാണ്.

ദേശീയതയും, കൊളോണിയൽ ഭരണവുമായി ബന്ധപ്പെട്ട് ലെനിൻ മുന്നോട്ടുവെച്ചിരുന്ന വാദങ്ങളെ വിമർശിക്കുന്നതായിരുന്നു എം.എൻ. റോയിയുടെ അഭിപ്രായങ്ങൾ. 1920-കളിൽ നടന്ന ചർച്ചകൾ പ്രധാനമായും മുന്നോട്ടുവെച്ചിരുന്നത് കൊളോണിയൽ ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾ എങ്ങനെയുള്ളതാവണം എന്ന ചോദ്യത്തിന് ഉത്തരം തേടുക എന്നതായിരുന്നു. ലെനിന്റെ അഭിപ്രായത്തിൽ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾ കൊളോണിയൽ രാജ്യങ്ങളിലെ ബൂർഷ്വാ- ദേശീയ പ്രസ്ഥാനങ്ങളുമായി ചേർന്നുനിന്ന് കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ ഏർപ്പെടുക എന്നതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനം ഒരു തരത്തിലും ബൂർഷ്വാസ്വഭാവം പുലർത്തുന്നവയല്ല എന്ന വാദമാണ് റോയ് ഉന്നയിക്കുന്നത്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യം കൊളോണിയൽ ഭരണത്തെ മാറ്റിമറിക്കുക വഴി ഒരു ആധുനിക സമൂഹത്തെ നിർമിക്കുകയാണെന്ന വാദം അസ്ഥാനത്താണെന്ന് റോയ് വാദിച്ചു. ഫ്യൂഡൽ ബന്ധങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ ഏർപ്പെടുന്ന ദേശീയ പ്രസ്ഥാനത്തെ എങ്ങനെ സോഷ്യലിസ്റ്റ് അനുഭാവികൾക്ക് അനുകൂലിക്കാൻ കഴിയും?. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ വിമോചനം കമ്യൂണിസ്റ്റ് പാർട്ടികളുടെ മുന്നേറ്റത്തിലൂടെ മാത്രമാണെന്നും റോയ് വാദിക്കുന്നു. ബൂർഷ്വാ - ജനാധിപത്യ മുന്നേറ്റങ്ങളിൽ തന്നെ ഇന്ത്യൻ സാഹചര്യത്തെ മുൻനിർത്തി റോയ് വ്യത്യാസങ്ങൾ കണ്ടെത്തുന്നു. ലെനിൻ ഗാന്ധിയെ മനസിലാക്കുന്നത് ഇന്ത്യൻ ജനതയെ ഉണർത്തുന്ന വിപ്ലവകാരി എന്ന നിലയിലാണ്. റോയ് ഗാന്ധിയെ മനസിലാക്കുന്നതാകട്ടെ, സാമൂഹികതലത്തിൽ ഒരു പരിഷ്‌ക്കരണവാദിയായും, രാഷ്ട്രീയത്തിൽ ഒരു വിപ്ലവകാരിയായുമാണ്. ഗാന്ധി മതത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനും കൊടുക്കുന്ന പ്രാധാന്യം റോയ് ആധുനികമായി കണ്ടിരുന്നില്ല. ലെനിനും റോയിയും തമ്മിലുള്ള ചർച്ചകൾ ദേശീയതയെക്കുറിച്ചും, കൊളോണിയൽ വിരുദ്ധ സമരങ്ങളെകുറിച്ചുമുള്ള രണ്ടു മാർക്സിസ്റ്റ് വിശകലനങ്ങളായി കണ്ട് മനസിലാക്കാം.

റോസ ലക്സംബർഗ്

റഷ്യൻ വിപ്ലവത്തിന്റെ വിജയം, തുടർന്നങ്ങോട്ട് ലെനിന്റെ തീരുമാനങ്ങളും, പ്രവർത്തികളും തന്നെയാണ് വിജയത്തിലേക്ക് നയിക്കുക എന്ന ബോധ്യം കമ്യൂണിസ്റ്റ് വിപ്ലവകാരിക്കൾക്കിടയിൽ പിന്നീട് രൂഢമൂലമായ ഒന്നാണ്. കമ്യൂണിസ്റ്റ് ഭക്തർക്കിടയിൽ മാത്രമാണ് ലെനിൻ പൂർണമായും ശരിയാകുന്നത്. ജീവിച്ചിരുന്ന ലെനിൻ ആവേശത്തോടെ ചർച്ചകളിൽ പങ്കെടുത്തിരുന്നു എന്നതല്ലാതെ എതിർശബ്ദങ്ങളെ ഒരിക്കലും അടിച്ചമർത്തിയിരുന്നില്ല. ലെനിനിസ്റ്റ് സംഘാടക രീതിയെ ചരിത്രപരമായി ആറ് ഘട്ടങ്ങളായി പോൾ ലാ ബ്ലാങ്കെന്ന ചരിത്രകാരൻ  അവതരിപ്പിക്കുന്നുണ്ട്. 1898 - 1923 വരെ നീണ്ടു നിൽക്കുന്ന ഘട്ടങ്ങളായുള്ള പാർട്ടിയുടെ ലെനിനിസ്റ്റ് സംഘാടന രീതിയുടെ  വളർച്ച ഇങ്ങനെയാണ്: 

1: 1898 - 1904:  റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (RSDLP) യുടെ രൂപീകരണത്തിന് വേണ്ട ശ്രമങ്ങൾ നടത്തുന്ന ലെനിനും മറ്റു മാർക്സിസ്റ്റുകളും ഇസ്‌ക്ര (Iskra) എന്ന്  പേരിട്ടിരുന്ന പത്രത്തിലൂടെ തങ്ങളുടെ സോഷ്യലിസ്റ്റ് ആശയങ്ങളും ചർച്ചകളും റഷ്യൻ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചിരുന്ന കാലം. പത്രത്തിൽ നിരന്തരം എഴുതിയിരുന്ന വിപ്ലവകാരികളും, സോഷ്യലിസ്റ്റുകളും രണ്ട് വിഭാഗങ്ങളായി ഇതിനോടകം തിരിഞ്ഞിരുന്നു, ഭൂരിപക്ഷം വരുന്ന ബോൾഷെവിക്കുകളും, ന്യൂനപക്ഷമായിരുന്ന മെൻഷെവിക്കുകളും. ലെനിൻ ഭാഗമായിരുന്ന ബോൾഷെവിക്ക് വിഭാഗം സമരസപ്പെടുലുകൾക്ക് വിധേയമാകാതെ  കേന്ദ്രീകരണത്തിനും (centralism), മാർക്സിസ്റ്റ് വിപ്ലവ പദ്ധതികൾക്ക് മുൻ‌തൂക്കം കൊടുത്തിരുന്നു. പാർട്ടിയിൽ ഈ കാലയളവിലുണ്ടായിരുന്നവർ ചുരുക്കം തൊഴിലാളികളും മാത്രമാണ്. തൊഴിലാളികൾക്കിടയിൽ ലെനിന്റെ പാർട്ടിയുടെ സ്വാധീനം നന്നേ കുറവും. 

2: 1905 -1906:  1905- ലെ വിപ്ലവം ബോൾഷെവിക് മെൻഷെവിക് വിഭാഗങ്ങളെ അത്ഭുതപ്പെടുത്തി. ലെനിന്റെ കേന്ദ്രീകരണ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിക്കുന്ന സമയം. കൂടുതൽ ജനാധിപത്യ രീതികൾ തൊഴിലാളികളുമായി ഇടപെടുമ്പോൾ ഉൾപ്പെടുത്തുവാൻ ലെനിൻ തീരുമാനിക്കുന്നു. പാർട്ടിയുടെ അടിത്തറ മർദിത വർഗ്ഗങ്ങൾക്കിടയിൽ വളർത്തിയെടുക്കുന്നതിൽ ഈ നിലപാട് മാറ്റം വളരെയധികം സഹായകമാകുന്നത് കാണാം. ബോൾഷെവിക് - മെൻഷെവിക് ഘടകങ്ങൾ ഒന്ന് ചേരുന്ന സമയവുമിതാണ്. 

പോൾ ലാ ബ്ലാങ്ക്, ചരിത്രകാരൻ

3: 1907 - 1912: വിപ്ലവം പരാജയപ്പെടുന്നതോടെ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി യുടെ സ്വാധീനം കുറയുന്നു. മെൻഷെവിക് - ബോൾഷെവിക് വിഭാഗങ്ങൾ തമ്മിലുള്ള വിടവ് വീണ്ടും ദൃശ്യമാകുന്നു. സർ ഭരണാധികാരികളെ അട്ടിമറിക്കുന്നതിന് മെൻഷെവിക്കുകൾ തൊഴിലാളികളും - പുരോഗമനവാദികളായിരുന്ന ബൂർഷ്വസികളുമായ സഖ്യത്തിന് പ്രാധാന്യം നൽകിയപ്പോൾ, ബോൾഷെവിക്കുകൾ തൊഴിലാളികളും കർഷകരും തമ്മിലുള്ള സഖ്യത്തിനാണ് പ്രാധാന്യം നൽകിയത്. മെൻഷെവിക്കുകൾ ഇതേസമയം, ലേബർ പാർട്ടികളെ വിപ്ലവങ്ങൾക്കുപകരം പരിഷ്ക്കരണങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന പാർട്ടികളായി മാറ്റാൻ ശ്രമിക്കുന്നുണ്ട്. ബോൾഷെവിക്കുകൾക്കുള്ളിൽ തന്നെ വർഗ സമരത്തിൽ നിന്ന് മാറിനിൽക്കാനാഗ്രഹിക്കുന്ന കൂട്ടരും പരിഷ്ക്കരണവാദികളും വളരുന്നു. ലെനിൻ ഈ രണ്ടു കൂട്ടരെയും പാർട്ടിയിൽ നിന്ന് ഒഴിവാക്കുന്നതിൽ ശ്രദ്ധിക്കുന്നു. തന്റെ വിഭാഗത്തെ, അതായത് ബോൾഷെവിക്കുകളെ, ഒരു ഒരു പ്രത്യേക പാർട്ടിയായി ലെനിൻ രൂപപ്പെടുത്തുന്നതും ഇതേ കാലത്താണ്. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (ബോൾഷെവിക്) എന്ന പേരിൽ പാർട്ടി ശക്തമാകുന്നു. 

4: 1912 -1914: വിപ്ലവം കൂടുതൽ ശക്തമാകുന്ന കാലഘട്ടം. പുതിയ തൊഴിലാളിവർഗ്ഗബോധം ശക്തമാകുന്ന കാലം 

5: 1914 - 1917:, ഒന്നാം ലോകമഹായുദ്ധ കാലം മെൻഷെവിക്കുകളും ബോൾഷെവിക്കുകളും യുദ്ധത്തിൽ പങ്കെടുക്കുവാനുള്ള റഷ്യയുടെ തീരുമാനത്തെ എതിർക്കുന്നുണ്ട്. എന്നാൽ ദേശീയതയുടെ വളർച്ചയും, യുദ്ധാനുകൂല മനോഭാവം വളർത്തുന്ന ദേശീയസാഹചര്യവും പതിയെ മെൻഷെവിക്കുകളെ യുദ്ധത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന നിലയിലേക്ക് വളർത്തുന്നു. മെൻഷെവിക്കുകൾ തൊഴിലാളിവർഗത്തെ പൂർണമായും നിയന്ത്രണത്തിലാക്കുന്ന കാലമാണിത്. 

6: 1917 - 1923: ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ റഷ്യൻ ജനതയെ ഒന്നാകെ യുദ്ധവിരുദ്ധ ചേരിയിലേക്ക് നയിച്ചു. ദുർബലമായിരുന്ന സാറിസ്റ്റ് ഭരണകൂടത്തെ തകർത്തെറിയാനുള്ള അവസരം ബോൾഷെവിക്കുകൾക്ക് ലഭിക്കുന്നത് ഈ  കാലഘട്ടത്തിലാണ്. ജനങ്ങളെ ഒന്നടങ്കം സാമൂഹിക വിപ്ലവത്തിലേക്ക് നയിക്കുന്ന ലെനിൻ. വിപ്ലവത്തിൽ വിജയിക്കുന്നുവെങ്കിലും അധികം വൈകാതെ  യുദ്ധത്തിന്റെ കെടുതികൾ, ആഭ്യന്തര യുദ്ധം, സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവ റഷ്യൻ തൊഴിലാളി വർഗത്തിന്റെ അടിത്തറയെ ബാധിക്കുന്നതായി കണ്ടെത്താം. ലെനിനിസം പതിയെ സ്റ്റാലിനിസത്തിലേക്ക് വഴിമാറുന്ന കാലഘട്ടം ഇതാണ്. സ്റ്റാലിന്റെ സ്വേച്ഛാധിപത്യവും, ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും തുറന്നുകാട്ടാൻ ശ്രമിക്കുന്ന ലെനിനും, ട്രോട്സ്കിയും പരാജയപ്പെടുന്നു. 

റഷ്യൻ പത്രമായിരുന്ന ഇസ്ക്രയുടെ ആദ്യ പതിപ്പ്

1912 - 1917 വരെയുള്ള റഷ്യയിലെ ലെനിനിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ് പൂർണമായും മാർക്സിസ്റ്റ് രീതിയെ പിന്തുടർന്നുള്ള സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെ പാർട്ടിയെന്ന് ചരിത്രകാരർ അഭിപ്രായപ്പെടാറുണ്ട്. ജനാധിപത്യ നടപടികളിലൂന്നിയ രാഷ്ട്രീയ പ്രവർത്തനം ഏകീകരിക്കപ്പെട്ട രാഷ്ട്രീയ ലക്ഷ്യങ്ങൾ നിലനിർത്തുന്നവർ ആകുമ്പോഴും തദ്ദേശീയമായ സ്വാതന്ത്ര്യം രാഷ്ട്രീയ പ്രവർത്തനത്തിലും ചിന്തകളിലും നിലനിർത്തുവാൻ ലെനിൻ ആഹ്വാനം ചെയ്തിരുന്നു. മർദ്ദിത വർഗങ്ങൾക്കിടയിൽ ആഴത്തിൽ വേരോട്ടം സാധ്യമാകുകയും, ഏറ്റവും മികച്ച രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ തൊഴിലാളികൾ നയിക്കുന്നതുമായിരുന്നു ലെനിന്റെ പാർട്ടി. തുടർന്ന് അധികാരം നേടിയ സ്റ്റാലിന്റെ പാർട്ടിയും, സ്റ്റാലിനിസം എന്ന ഏകാധിപത്യ പ്രത്യയശാസ്ത്രവും ലെനിന്റെ പാർട്ടിയുടെ സംഘടനാരീതികൾക്ക് ലോകമാകെ തന്നെ മോശം പേര് നേടിക്കൊടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. ചരിത്രപരമായ ഈ വേർതിരിവ് മനസിലാക്കുകയും ലെനിനിസ്റ്റ് പാർട്ടികളിൽ നിന്നും സ്റ്റാലിനിസ്റ്റ് സ്വാധീനങ്ങളെ ഒഴിവാക്കുകയും ചെയ്യുകയാണ് ഇന്നിന്റെ ആവശ്യം. സ്വയംവിമർശനം, വ്യക്തി ആരാധനകളോടുള്ള വിമുഖത, മാർക്സിസ്റ്റ് രീതിശാസ്ത്രത്തെക്കുറിച്ചുള്ള സൂക്ഷമമായ പഠനം എന്നിവ ലെനിനിസ്റ്റ് പാർട്ടികളിൽ പ്രധാനമാണ്. സാമൂഹിക സാഹചര്യത്തെ പഠിക്കുക എന്നതാണ് ലെനിനെ സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനുള്ള ആദ്യ പടി. പഠനത്തിലും, പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രയോഗത്തിലും ഊന്നുക എന്ന ബോധ്യത്തിലാണ്  ലെനിനിസം ഇന്ന് ആവശ്യമായ ഒരു മാർക്സിസ്റ്റ് പ്രയോഗമായി മാറുന്നത്.

21ാം നൂറ്റാണ്ടിൽ മനുഷ്യരാശി നേരിടുന്ന മൂന്ന് പ്രധാന പ്രശ്നങ്ങൾ:
1. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും. 2. രാഷ്ട്രീയ തലത്തിൽ ലോകമാകെ ശക്തിയാർജ്ജിക്കുന്ന തീവ്ര വലതുപക്ഷ - ഫാഷിസ്റ്റ് പാർട്ടികളുടെ ഭരണം.
3. സാമ്പത്തികതലത്തിൽ ലോകമാകെ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം.

പ്രകൃതി- രാഷ്ട്രീയം- സമ്പദ് വ്യവസ്ഥ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പഠനങ്ങൾ ഒരു പ്രശ്നപരിഹാരത്തിനായി നടത്തി എന്നതാണ് മാർക്സിനെ പ്രധാനിയാക്കുന്നത്. ലെനിൻ അത്തരം പഠനങ്ങളെ പ്രായോഗികതലത്തിൽ വികസിപ്പിച്ചു എന്നത് അതിലേറെ പ്രാധാന്യമർഹിക്കുന്നു. മേൽപ്പറഞ്ഞ മൂന്ന് പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മാർക്സിസ്റ്റ് പഠനങ്ങൾ ഇന്ന് ധാരാളമായി നടക്കുന്നുണ്ട്. അവയുടെ ലെനിനിസ്റ്റ്  പ്രയോഗത്തിൽ മാത്രമാണ് ശൂന്യത അനുഭവപ്പെടുന്നത്. 

സാമൂഹികശാസ്ത്ര പഠനങ്ങളും നിഗമനങ്ങളും  രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക മാറ്റങ്ങളിലേക്ക് വഴിവെക്കില്ലെങ്കിൽ അവയെല്ലാം അർത്ഥശൂന്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഫാഷിസത്തെക്കുറിച്ചും സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ വിശാലമായ ലെനിനിസ്റ്റ് പ്രയോഗം അർഹിക്കുന്നു. അത്തരമൊരു പ്രയോഗത്തിലൂടെ മാത്രമേ ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക- രാഷ്ട്രീയ- സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയുകയുള്ളൂ. 100 വർഷങ്ങൾക്കിപ്പുറവും ലെനിൻ പ്രസക്തമാകുന്നത് അതുകൊണ്ടാണ്. 

Comments