സൽമി സത്യാർത്ഥി

ഇനിയെനിക്ക് കാഴ്ചകളുടെ സമൃദ്ധിയും
അലച്ചിലിൻ്റെ സ്വാതന്ത്ര്യവുമുണ്ട്

‘‘എൻ്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഓരോ നിമിഷവും ജീവിതം ആഘോഷപൂർണമാക്കുക; ഇതാണ് എൻ്റെ തീരുമാനം’’, ഒരധ്യാപിക റിട്ടയർമെന്റ് ജീവിതക്കെക്കുറിച്ച് എഴുതുന്നു.

ജോലി ലഭിക്കുക, സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതാഭിലാഷമാണ്. എൺപതുകളിലെ ഡിഗ്രി പഠനത്തിനുശേഷം എൻ്റെ മുന്നിൽ തെളിഞ്ഞുവന്ന വഴിയിലൂടെ ഞാൻ നടന്നുകയറിയത് കുട്ടികളുടെ വിശാലമായ ലോകത്തേക്കായിരുന്നു, അതും ഒരു ഗണിതശാസ്ത്ര അദ്ധ്യാപികയായി.

അക്കാലത്ത് ഭൂരിഭാഗം കുട്ടികളും പേടിയോടെ നോക്കിക്കാണുന്ന ഒരു വിഷയമായിരുന്നു കണക്ക്. കണക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകരെയും കുട്ടികൾക്ക് ഭയമായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് ഞാനും അങ്ങനെത്തന്നെയായിരുന്നു. അതിനൊരുമാറ്റം വേണമെന്ന ചിന്ത ബി എഡ് കാലം മുതൽക്കേ മനസ്സിൽ കുറിച്ചിട്ടതാണ്. ക്ലാസ് മുറികളിലും പുറത്തും കുട്ടികളോടൊപ്പം അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ചേർന്നുനിൽക്കാനും ആത്മവിശ്വാസം പകർന്നു നൽകാനും സാധിച്ചത് ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാൻ കരുതുന്നു.

അധ്യാപനജീവിതത്തിൻ്റെ തുടക്കവും ഒടുക്കവും ഒടുക്കവും ഒരേ വിദ്യാലയത്തിൽ തന്നെ ആയിരുന്നെങ്കിലും ഇടയിൽ വെച്ച് മറ്റു രണ്ടു സ്കൂളുകളിലും കൂടി ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പരിചയപ്പെടാനും, അതിലൂടെ സാമൂഹത്തിൻ്റെ ചിന്തകളും കാഴ്ചപ്പാടുകളും വിശാലമായ അർത്ഥത്തിൽ ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്.

വർഷങ്ങൾക്കുശേഷം അധ്യാപന ജീവിതത്തിന് തുടക്കമിട്ട അതേ സ്കൂളിലേക്ക് പ്രധാനാധ്യാപികയായി എത്തിച്ചേർന്നു. ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡം ഇറക്കിവെച്ചതും അവിടെത്തന്നെ. പൂർണസംതൃപ്തിയോടെ ഔദ്യോഗിക ജീവിതത്തിൻ്റെ ചട്ടക്കൂടുകൾക്കകത്തു നിന്ന് പുറത്തുകടക്കുമ്പോൾ കുട്ടികളുടെ സ്നേഹവും അവരുടെ കണ്ണുകളിലെ നക്ഷത്രത്തിളക്കവും അന്യമാവുകയാണല്ലോ എന്നൊരു സങ്കടം ഉള്ളിലിരുന്ന് വീർപ്പുമുട്ടി. എന്നിരുന്നാലും ഈ പടിയിറക്കം അനിവാര്യമാണെന്നും ഇവിടെ ഒരാളുടെ ജീവിതം അവസാനിക്കുന്നില്ലെന്നും കൃത്യമായ ബോധ്യവുമുണ്ടായിരുന്നു.
“റിട്ടയർ ചെയ്ത് വീട്ടിലിരിക്കുമ്പോൾ ടീച്ചർക്ക് ബോറടിക്കില്ലേ” എന്നുചോദിച്ച സുഹൃത്തുക്കളുണ്ട്. “ഇല്ല, ഇനിയെനിക്ക് കാഴ്ചകളുടെ സമൃദ്ധിയും അലച്ചിലിൻ്റെ സ്വാതന്ത്ര്യവുമുണ്ട്” എന്ന മറുപടി അവർ പ്രതീക്ഷിരുന്നില്ല എന്നുതോന്നി.

ഏതെങ്കിലും ഓഫീസുകളിൽ ഒരാവശ്യവുമായി ചെന്ന് കാത്തുനിൽക്കുമ്പോൾ, “ടീച്ചറേ എന്താണ് വേണ്ടത്’’ എന്ന് ചോദിച്ച് ഓടിവരാനും ഒരു കുട്ടിയെങ്കിലുമുണ്ടാവാറുണ്ട്.

റിട്ടയർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ മങ്ങാതെ നിൽക്കുന്ന അനേകം നല്ല നല്ല ഓർമകളുണ്ട്. കുട്ടികളാണ് എൻ്റെ എക്കാലത്തെയും നല്ല കൂട്ടുകാർ. അവരുമായി അത്രമേൽ ഹൃദയബന്ധം സൂക്ഷിക്കുന്നതുകൊണ്ടാവാം, പലരും ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും സന്തോഷങ്ങളും ഞാനുമായി പങ്കുവെക്കാറുള്ളത്. അവർക്കുവേണ്ടി മാറ്റിവെക്കാൻ എൻ്റെ പക്കൽ എക്കാലത്തും ധാരാളം സമയമുണ്ട്. പുറംനാടുകളിൽ ജോലി ചെയ്യുന്ന കുട്ടികളിൽ പലരും നാട്ടിലെത്തുമ്പോൾ സ്വന്തം തിരക്കുകൾക്കിടയിലും എന്നെ കാണാൻ വരാനും സംസാരിച്ചിരിക്കാനും സമയം കണ്ടെത്താറുണ്ട്. ഏതെങ്കിലും ഓഫീസുകളിൽ ഒരാവശ്യവുമായി ചെന്ന് കാത്തുനിൽക്കുമ്പോൾ, “ടീച്ചറേ എന്താണ് വേണ്ടത്’’ എന്ന് ചോദിച്ച് ഓടിവരാനും ഒരു കുട്ടിയെങ്കിലുമുണ്ടാവാറുണ്ട്. ടെക്നോളജിയും സോഷ്യൽ മീഡിയയും വ്യാപകമായശേഷം, രണ്ടു മൂന്നുദിവസം തുടർച്ചയായി ഞാൻ ഓൺലൈനിൽ ഇല്ലാതിരുന്നാൽ, വാട്സ്ആപ് മെസേജോ ഫോൺ കോളോ വരും; ‘ടീച്ചറേ ഒന്നൂല്ലല്ലോ അല്ലേ’ എന്നാവും ചോദ്യം. അത് കേൾക്കുമ്പോൾ തന്നെ സന്തോഷമാണ്. അദ്ധ്യാപകർക്കു മാത്രം ലഭിക്കുന്ന ചില സൗഭാഗ്യങ്ങളാണ് ഇതെല്ലാം.

കുട്ടിക്കാലം മുതൽക്കേ പുസ്തകങ്ങളും വായനയും കൂട്ടായി ഉണ്ടായിരുന്നു. ജോലിയിൽനിന്ന് വിരമിച്ചതോടെ വായന കുറച്ചുകൂടി പരന്ന തലത്തിലേക്ക് മാറിയിട്ടുണ്ട് എന്നു മാത്രം. ഞാനെഴുതിയ ചില ലേഖനങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുവന്നതോടെ എഴുത്തിൻ്റെ വഴിയിലൂടെ സഞ്ചരിക്കാനും ശ്രമിക്കുന്നു. ചിത്രരചനയോടുള്ള ഇഷ്ടം കാരണം പ്രശസ്തനായ ഒരു ചിത്രകാരനുകീഴിൽ ചിത്രകലാ വിദ്യാർത്ഥിയായി മാറിയപ്പോൾ മനസ്സിലെ വർണ്ണങ്ങൾക്ക് പൊലിമ കൂടി വരികയും ചെയ്തു. എൻ്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഓരോ നിമിഷവും ജീവിതം ആഘോഷ പൂർണ്ണമാക്കുക - ഇതാണ് എൻ്റെ തീരുമാനം.

സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ പോവുകയും അവരോടൊപ്പം ഒരു കപ്പ് കാപ്പി പങ്കിട്ട് കഥകൾ പറഞ്ഞിരിക്കുകയും ചെയ്യുന്ന സ്വഭാവം ജോലി ലഭിച്ച കാലം മുതൽക്കേ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോഴും തുടരുന്നു. സുഹൃത്തുക്കളിൽ പലരും എന്നേക്കാൾ പ്രായം കുറഞ്ഞവരാണ് എന്നതാണ് ഏറ്റവും രസകരം. അവരിൽ എൻ്റെ പൂർവ വിദ്യാർത്ഥികളിൽ ചിലരും ഉൾപ്പെടുന്നു എന്നതും ആഹ്ലാദകരമാണ്. അതുകൊണ്ടുതന്നെ പ്രായം കൂടുന്നു എന്ന തോന്നൽ എന്നെ ബാധിക്കുന്നേയില്ല. പ്രായമായില്ലേ, സീനിയർ സിറ്റിസൺ ആയില്ലേ, ഇനി വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നുകൂടേ എന്നു ചോദിക്കുന്നവരോട് ‘നോ’ എന്നു മാത്രമാണ് എൻ്റെ മറുപടി.

ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ റിട്ടയർമൻ്റ് ജീവിതത്തെ നോക്കിക്കാണുമ്പോൾ, ഔദ്യോഗിക കാലഘട്ടത്തിലായാലും വിരമിച്ചശേഷമായാലും വീടിൻ്റെ ഉത്തരവാദിത്തം കൂടുതലും അവളുടെതു മാത്രമായിരിക്കും. അടുക്കളയിലെ ജോലിത്തിരക്കുകളിൽ നിന്ന് ഒരു മോചനം അവൾക്കുണ്ടാവാറില്ല. ധൃതിയിൽ എവിടെയും പോവാനില്ലല്ലോ. നേർത്ത തണുപ്പുള്ള പ്രഭാതത്തിൽ മഴയുടെ സാന്ദ്രസംഗീതമാസ്വദിച്ച് പത്തുമണി വരെ മൂടിപ്പുതച്ച് കിടക്കണമെന്ന് തോന്നിയാലും പലപ്പോഴും അവളുടെ മനസ്സനുവദിക്കില്ല. എന്നോടൊപ്പവും എനിക്കുശേഷവും ജോലിയിൽ നിന്ന് വിരമിച്ച പല സ്ത്രീകളും ഔദ്യോഗിക കാലഘത്തിലേതിനേക്കാൾ തിരക്കുപിടിച്ച ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. ജീവിതപങ്കാളിക്കും ജോലിക്കാരായ മക്കൾക്കും കൃത്യസമയത്തിന് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയും, പേരക്കുട്ടികൾക്ക് സമയാസമയങ്ങളിൽ ഭക്ഷണം കൊടുത്ത് അവരെ നേഴ്സറികളിലും സ്കൂളുകളിലും കൊണ്ടുവിടുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നതും അവരാണ്. ചിലർ ഇതെല്ലാം ഏറെ ഇഷ്ടത്തോടെയും ആഗ്രഹത്തോടെയുമാണ് ചെയ്യുന്നത്. ഇതെല്ലാം തൻ്റെ കടമയാണ് എന്ന് വിശ്വസിക്കുന്ന കൂട്ടരാണ് അവർ. മറ്റു ചിലരാവട്ടെ, ജോലിയിൽ നിന്ന് വിരമിച്ച ശേഷം പാറിപ്പറക്കാൻ ആഗ്രഹിച്ചിരുന്നവരാണ്. പക്ഷേ, വീട്ടിലെ സാഹചര്യങ്ങൾ മൂലം സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും മാറ്റി വെച്ച് ഇതെല്ലാം ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഇനിയെങ്കിലും തനിക്ക് വിശ്രമം വേണമെന്ന് മാറി ചിന്തിക്കാനും തുറന്നുപറയാനുമുള്ള തൻ്റേടം സ്ത്രീകളിൽ ഭൂരിഭാഗത്തിനുമുണ്ടാവാത്തിടത്തോളം കാലം ഇതെല്ലാം തുടർന്നുകൊണ്ടേയിരിക്കും.

വിരമിച്ചു കഴിഞ്ഞവരോടും വിരമിക്കാൻ പോവുന്നവരോടും എനിക്ക് പറയാനുള്ളത് ഒന്നു മാത്രം: വീട്ടുകാർക്കുവേണ്ടി ജീവിക്കുന്നതിനൊപ്പം ഒരിത്തിരി സമയം സ്വന്തം സന്തോഷങ്ങൾക്കും ഇഷ്ടങ്ങൾക്കുമായി മാറ്റിവെക്കുക. രണ്ടാമത് ഒരു എഡിഷൻ ഇല്ലാത്ത പുസ്തകമാണ് ജീവിതം എന്ന് എവിടെയോ വായിച്ചതോർക്കുന്നു. പ്രായമായി, ഇനി ഒന്നിനും വയ്യ എന്ന തോന്നലുണ്ടാവരുത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കുക.

എൻ്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ പ്രായം ഒരു മാനസികാവസ്ഥ മാത്രമാണ് എന്നു മനസിലായി. പുതിയ യുവത്വത്തിന്റെ, സമൂഹത്തിന്റെ മൊത്തം, ഊർജസ്വലത പുറത്ത് സജീവമായി ഉണ്ട്. ആ ഊർജസ്വലതയുടെ വെയിലേൽക്കാൻ നമ്മൾ തയ്യാറാവണം എന്നു മാത്രം, അപ്പോൾ വിരമിക്കൽ നമ്മെ വൃദ്ധരാക്കില്ല.

Comments