രുചിയുടെ പരിപൂർണാവകാശം നാവിനുമാത്രമുള്ളതാണോ?
നാവിൽ തട്ടാത്ത പലതരം ഓർമകളുമായി ബന്ധപ്പെട്ട വികാരം കൂടിയല്ലേ രുചി. അതെ, അതുകൊണ്ടുതന്നെ രുചിയുമായി ബന്ധപ്പെട്ട് ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഓർമകൾ എനിയ്ക്ക് നന്നേ കുറവാണ്. ഭക്ഷണത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ രുചിയേക്കാൾ ഭയവുമായാണ് ആദ്യം ചേർന്നുനിൽക്കുന്നത്. വിശക്കുമ്പോൾ പോലും ആ ഭയമെന്നെ ചിലയിടങ്ങളിൽ നിന്നും ഇന്നും പിന്തിരിപ്പിക്കാറുണ്ട്.
രണ്ടാനച്ഛന്റെ പീഡനം തുടങ്ങുന്ന കാലത്താണ് ഭക്ഷണത്തോട് എനിയ്ക്ക് പേടി തോന്നിത്തുടങ്ങുന്നത്. ഞാനെതിർക്കാൻ തുടങ്ങിയപ്പോൾ അയാൾ ഭക്ഷണത്തിൽ മയക്കുപൊടി കലർത്തി ബോധരഹിതയാക്കി നടത്തിയ പീഡനശ്രമങ്ങളുടെ ഓർമകളിൽ നിന്നാണ് ആ ഭയം ഇപ്പോഴുമെന്നെ പിന്തുടരുന്നത്. വെളുത്ത ചോറിനും അന്നത്തെ ഏതോ കറികൾക്കുമിടയിൽ ഒളിഞ്ഞുകിടന്ന ആ പരുത്ത മയക്കുതരികൾ ഇപ്പോഴുമെന്റെ രുചിയോർമകളെ നശിപ്പിക്കാറുണ്ട്. ഒന്നോ രണ്ടോ ഉരുള ഞാനന്നു കഴിച്ചിരിക്കണം, എന്തോ സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുമാത്രം അപ്പുറത്തെ വീട്ടിലെ അടുക്കള വരേയ്ക്കും അന്നെനിയ്ക്ക് ഓടിയെത്താനായി. അവിടെ ചെന്ന് അവരുടെ അടച്ചിട്ട വാതിലിലേക്ക് വീണുപോയത് മാത്രമെ എനിക്കോർമയുണ്ടായിരുന്നുള്ളൂ. അന്നുമുതൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോഴെല്ലാം ഞാൻ അനുഭവിച്ച ഇൻസെക്യൂരിറ്റി തെല്ലും ചെറുതല്ലായിരുന്നു. വായിലേക്കുവയ്ക്കുന്ന ഓരോ വറ്റിലും ചായയിലും വെള്ളത്തിലുമെല്ലാം ഞാനാ വിഷത്തെ ഏറെക്കാലം തിരഞ്ഞുകൊണ്ടിരുന്നു. ഉമ്മ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമെ വീട്ടിൽ നിന്ന് പിന്നീട് ഭക്ഷണം കഴിച്ചിട്ടുള്ളൂ. സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളെല്ലാം ഭക്ഷണകാര്യത്തിൽ ഇങ്ങനെ ഭയന്നുജീവിക്കുന്നുണ്ടാവില്ലേ? അവരുടെ നാവുകളിൽ ഏതെങ്കിലുമൊരു രുചിയോ കഴിച്ച ഭക്ഷണത്തിന്റെ നല്ല ഓർമകളോ തങ്ങിനിൽക്കാനുള്ള സാധ്യതയുണ്ടോ?
അതെ, രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
കൊതിയുള്ളൊരു ഭക്ഷണം വാങ്ങിത്തരാൻ ഉമ്മയ്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ നല്ല ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നന്നേ കുറഞ്ഞുപോയിരുന്നു. ഇപ്പോഴും ആ തോന്നൽ അങ്ങനെ വിട്ടുമാറിയിട്ടില്ല.
എന്നെ സംബന്ധിച്ച് രുചിയോർമകൾ മിക്കതും നിരാശയുടെയും നിസ്സഹായതയുടെയും ഇല്ലായ്മകളുടേതും കൂടിയാണ്. പലരുടെയും വീടുകളിൽ പാത്രം കഴുകിയും മുറ്റമടിച്ചും തുണി കഴുകിയും വീട്ടുജോലികൾ ചെയ്തും ഉമ്മ കൊണ്ടുവരുന്ന ഇരുന്നൂറോ മുന്നൂറോ രൂപ കൊണ്ടായിരുന്നു ഞങ്ങൾ അഞ്ചുപേർ ഭക്ഷണം കഴിച്ചിരുന്നത്. കൊതിയുള്ളൊരു ഭക്ഷണം വാങ്ങിത്തരാൻ ഉമ്മയ്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ നല്ല ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നന്നേ കുറഞ്ഞുപോയിരുന്നു. ഇപ്പോഴും ആ തോന്നൽ അങ്ങനെ വിട്ടുമാറിയിട്ടില്ല. വില കൂടുതലുള്ള എന്തെങ്കിലും വാങ്ങിക്കഴിക്കാൻ സുഹൃത്തുക്കൾ നിർബന്ധിക്കുമ്പോഴെല്ലാം ആ ഇല്ലായ്മയാണ് മനസ്സിലേയ്ക്ക് ഓടിയെത്തുക. വീട്ടിലെ ഏക വരുമാനസ്രോതസ്സ് ഉമ്മയായതുകൊണ്ട്, ഉമ്മയ്ക്ക് ജോലിയില്ലാതിരുന്ന നാളുകളിലെല്ലാം വീട്ടുമുറ്റത്തെ ഒരേയൊരു പപ്പായ മരത്തെ മാത്രം ആശ്രയിച്ച് ജീവിച്ചുവന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. ആഴ്ചകളോളം പപ്പായയുടെ വിവിധ വിഭവങ്ങൾ കഴിച്ചതിന്റെ രുചികളാണ് മനസ്സിലേയ്ക്ക് ഓടിവരുന്ന ആദ്യ രുചി. മഞ്ഞയും ചുവപ്പും പച്ചയും നിറത്തിലുള്ള പപ്പായക്കറികളും ഉപ്പേരികളുമായിരുന്നു അന്നത്തെ ഞങ്ങളുടെ വിഭവം. മറ്റെന്തെങ്കിലും കറികൾ ഉണ്ടാക്കിക്കൂടെ ഉമ്മാ എന്ന് ചോദിക്കാതിരിക്കാനുള്ളയത്രയും പക്വത അന്നത്തെ ആറാംക്ലാസുകാരിക്കുണ്ടായിരുന്നു. ഭക്ഷണത്തിനായി ഉമ്മ നടത്തിയ പരിശ്രമങ്ങളിലാണ് എന്റെ രുചിയോർമകൾ ചുറ്റിത്തിരിയുന്നത്.
മറ്റുള്ള വീടുകളിൽ പോയി ഉമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഉമ്മയ്ക്ക് കഴിക്കാൻ കൊടുക്കാതിരിക്കുന്നതിന്റെ അനുഭവങ്ങൾ ഉമ്മ പറഞ്ഞ് ഈ അടുത്തുപോലും ഞാൻ കേട്ടിട്ടുണ്ട്. തലേദിവസത്തെയോ അതിനും മുന്നേയുള്ള ദിവസങ്ങളിലെയോ പഴകിയ ഭക്ഷണങ്ങൾ ഉമ്മയ്ക്ക് കൊടുക്കുന്ന വീട്ടുക്കാരെക്കുറിച്ച് ഉമ്മ എളയമ്മയോട് പറഞ്ഞു കരയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ജോലിക്കെത്തുന്ന സ്ത്രീകൾക്ക് പഴകിയ ഭക്ഷണം കൊടുക്കുകയും പ്രത്യേകം പാത്രങ്ങളും ഗ്ലാസും അടുക്കളയുടെ പിന്നാമ്പുറത്തെ ഒഴിഞ്ഞ മൂലയിൽ വയ്ക്കുകയും ചെയ്യുന്ന മലപ്പുറത്തെ ചില പണക്കാരുടെ വിവേചനം ഉമ്മയിൽ നിന്നാണ് ഞാൻ അറിയുന്നത്. ഉമ്മ അതിനെക്കുറിച്ച് അധികം പറയാറില്ല. എന്നാലും ഞാൻ ഊഹിച്ചുപോവുകയാണ്, വിലയേറിയ മത്സ്യങ്ങളും ചിക്കനും ബീഫും ഉണ്ടാക്കിക്കൊടുക്കുന്ന ഉമ്മ മിക്കപ്പോഴും അതിലൊരു കഷ്ണം പോലും കഴിച്ചുകാണില്ല. ചിലപ്പോൾ ചാറുപോലും ചോറിലൊഴിക്കാൻ കൊടുത്തുക്കാണില്ല. രുചിയോടെ ഭക്ഷണം ഉണ്ടാക്കാനറിയുന്ന എന്റെ ഉമ്മയുടെ നാവിൽ തങ്ങിനിൽക്കുന്ന ഒരു രുചിയേതായിരിക്കും? ഏതു വിഭവമായിരിക്കും എന്റെ ഉമ്മ ഏറ്റവും ആസ്വദിച്ചുകഴിച്ചിട്ടുണ്ടാകുക?
രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
മക്കൾക്കും ഭർത്താക്കന്മാർക്കും കുടുംബത്തിലെ മറ്റംഗങ്ങൾക്കും വേണ്ടി ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്ന, കഴിച്ചെന്ന് കള്ളം പറയേണ്ടി വരുന്ന എത്രയോ സ്ത്രീകളുണ്ടാകും ഓരോ കുടുംബങ്ങളിലും...? അവർ കഴിച്ചുവോ എന്ന് ഉറപ്പുവരുത്തുന്ന എത്ര പുരുഷന്മാരുണ്ടാകും ഓരോ കുടുംബങ്ങളിലും...?
ഇങ്ങനെ പല സമ്പന്നവീടുകളിലും വിശേഷദിവസങ്ങളിൽ ബാക്കിവരുന്ന ബീഫും ചിക്കനുമെല്ലാം പ്ലാസ്റ്റിക് കവറുകളിലാക്കി ഞങ്ങൾക്ക് കഴിക്കാൻ കൊണ്ടുവരാറുണ്ട്. കാടയിറച്ചിയും താറാവിറച്ചിയും ഗ്രിൽഡ് ചിക്കനുമെല്ലാം ഞാനാദ്യം കഴിച്ചിരിക്കുക അപ്പോഴായിയിരിക്കും, എന്റെ സഹോദരങ്ങളും. ആദ്യമായി കാടയിറച്ചി കഴിച്ച ദിവസം ഓർത്തെടുക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലുണ്ട്. ഉടുത്തിരുന്ന മാക്‌സിയിൽ പൊതിഞ്ഞുവച്ച കാടയിറച്ചിയാണ് അന്ന് ഉമ്മ പുറത്തെടുത്തത്. ഞങ്ങളത് മുമ്പ് കഴിച്ചിട്ടില്ലാത്തതിനാലാവണം ബാക്കിവന്ന രണ്ടുകഷ്ണം കാടയിറച്ചി ഉമ്മ ആരും കാണാതെ പൊതിഞ്ഞെടുത്തത്. കാടയിറച്ചി പങ്കിട്ടു കടിച്ചുപറിച്ച് ഞങ്ങൾ നാലുമക്കളും തിന്നുമ്പോൾ അതിലൊരു കുഞ്ഞു പീസു പോലും കഴിക്കാൻ ഉമ്മ തയ്യാറായിരുന്നില്ല. എപ്പോഴും ഉമ്മ അങ്ങനെയായിരുന്നു. ‘ഞാനാ വീട്ടിൽ നിന്നും കഴിച്ചു, നിങ്ങൾ കഴിക്ക്' എന്നുപറഞ്ഞ് മാറിനിൽക്കും.
മക്കൾക്കും ഭർത്താക്കന്മാർക്കും കുടുംബത്തിലെ മറ്റംഗങ്ങൾക്കും വേണ്ടി ഭക്ഷണം വേണ്ടെന്നുവയ്ക്കുന്ന, കഴിച്ചെന്ന് കള്ളം പറയേണ്ടിവരുന്ന എത്രയോ സ്ത്രീകളുണ്ടാകും ഓരോ കുടുംബങ്ങളിലും...?
അവർ കഴിച്ചുവോ എന്നുറപ്പുവരുത്തുന്ന എത്ര പുരുഷന്മാരുണ്ടാകും
ഓരോ കുടുംബങ്ങളിലും...?
അവരുടെ ഇഷ്ടഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാവുന്ന
എത്ര മക്കളുണ്ടാകും നമ്മുടെയെല്ലാം വീടുകളിൽ...?
രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
ഡിഗ്രിയിലെ ഹോസ്റ്റൽ ജീവിതത്തിനിടയിലാണ് ഇത്തരം ചിന്തകളൊന്നും അലട്ടാതെ ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. ഫീസ് മുടങ്ങാതെ കൊടുക്കാനുള്ള സാഹചര്യം കണ്ടെത്താൻ കഴിഞ്ഞതിനാൽ ഒരു മുടക്കുമില്ലാതെ മൂന്നുനേരവും രുചികരമായ ഭക്ഷണം കിട്ടി. ആ ഹോസ്റ്റൽ ജീവിതം എന്നെ സംബന്ധിച്ച് നല്ല (വിവിധ വിഭവങ്ങൾ) ഭക്ഷണങ്ങളുടേത് കൂടിയായിരുന്നെങ്കിലും ക്രിസ്ത്യൻ മാനേജ്‌മെൻറ് കോളേജിലെ എൻ.ആർ.ഐ. വിദ്യാർഥികൾക്കിടയിൽ ഞാനെപ്പോഴും ഒരുതരം പേടി അനുഭവിക്കുമായിരുന്നു. ഇതൊക്കെ കഴിക്കാൻ ഞാൻ അർഹയാണോ എന്നൊരു തോന്നൽ. പിന്നീട് പി.ജി. പഠനക്കാലത്താണ് ഭക്ഷണവുമായി ബന്ധപ്പെട്ട് ഹൃദ്യമായ ഒരനുഭവം ജീവിതത്തിലുണ്ടാകുന്നത്. കാരണങ്ങളേതുമില്ലാതെ എന്നോട് അളവിൽ കവിഞ്ഞ സ്‌നേഹവും കരുതലും കാണിച്ചിരുന്ന കവിത ചേച്ചി പകർന്ന രുചികൾ. ഹോസ്റ്റലിലെ പാചകക്കാരിയായിരുന്നു ചേച്ചി. വുമൺസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്തുതരാൻ മതിയായ സ്റ്റാഫ് ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ പെൺകുട്ടികളെല്ലാം ചേർന്ന് യൂണിവേഴ്‌സിറ്റിക്കെതിരെ സമരം ചെയ്യാൻ തീരുമാനിച്ചു. രണ്ടു ചേച്ചിമാരെക്കൊണ്ട് നൂറിലധികം പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് എന്നും ഉപ്പുമാവ് ആയിരുന്നു പ്രഭാതഭക്ഷണം. അങ്ങനെയാണ് അന്നു രാവിലെയുണ്ടാക്കിയ ഉപ്പുമാവ് ചോറ്റുപാത്രത്തിലാക്കി ഞങ്ങളെല്ലാവരും വി.സി.യുടെ മുറിയ്ക്കുമുമ്പിൽ കുത്തിയിരിപ്പുസമരം തുടങ്ങിയത്.
പല വിവാഹ വേളകളിലും ഭക്ഷണം വിളമ്പുന്ന ജോലിക്ക് പോയിട്ടുണ്ട്. ഏജൻസികൾ നൽകുന്ന കോട്ടുകളിട്ട് കേറ്ററിംഗ് ജോലിക്ക് പോയിരുന്ന ആ കാലത്താണ് വിശപ്പിനും രുചികൾക്കുമപ്പുറമുള്ള പലതും ഭക്ഷണത്തിനുണ്ടെന്ന് തിരിച്ചറിയുന്നത്.
കെ. ജയകുമാർ ആയിരുന്നു അന്ന് മലയാളം സർവകലാശാല വൈസ് ചാൻസലർ. അദ്ദേഹം പെട്ടെന്നുതന്നെ സമരം ഒത്തുത്തീർപ്പാക്കാൻ ശ്രമിച്ചു. ഞങ്ങളെ മുറിയിലേയ്ക്ക് വിളിച്ച് സംസാരിക്കുകയും കൂടുതൽ ജോലിക്കാരെ നിയമിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അതുമാത്രം പോരാ, 7,000 രൂപയിൽ നിന്ന് 10,000 രൂപയിലേയ്ക്ക് അവരുടെ ശമ്പളം ഉയർത്തണമെന്ന ആവശ്യവും ഞങ്ങൾ മുന്നോട്ടുവച്ചു. അതും അംഗീകരിക്കപ്പെട്ടു. വിജയകരമായ ‘ഉപ്പുമാവ് സമര'ത്തിന് ശേഷം കവിത ചേച്ചിയ്ക്ക് എന്നോട് വല്ലാത്ത സ്‌നേഹം തോന്നിത്തുടങ്ങിയിരുന്നു. ക്ലാസ് കഴിഞ്ഞ് റൂമിലെത്തുമ്പോൾ തലയിണയ്ക്കടിയിൽ എന്നും രണ്ടു പാക്കറ്റ് കടലമിഠായി ഒളിപ്പിച്ചുവെക്കുമായിരുന്നു അവർ. ചേച്ചിയുടെ ഷിഫ്റ്റ് ടൈം മാറിയതോടെ പല ദിവസങ്ങളിലും ഞങ്ങൾ പരസ്പരം കാണുമായിരുന്നില്ല. വൈകീട്ട് ഞാൻ ഹോസ്റ്റലിലെത്തുമ്പോഴേക്കും ചേച്ചി പോയിരിക്കും. എങ്കിലും റൂമിലെത്തിയാൽ ഞാനാദ്യം തലയിണ പൊക്കി നോക്കും. അതിനുള്ളിൽ ഒരു ദിവസം പോലും മിഠായികൾ കാണാതിരുന്നിട്ടില്ല. കടല മിഠായി കിട്ടിയില്ലെങ്കിൽ തേൻനിലാവോ മാങ്കോ മിഠായിയോ ഉണ്ടാകും. സത്യത്തിൽ എനിയ്ക്ക് കടല മിഠായി ഇഷ്ടമായിരുന്നില്ല. എന്നിട്ടും സ്‌നേഹത്തിൽ പൊതിഞ്ഞ ആ കടല മിഠായികൾ ഞാൻ രുചിച്ചുതുടങ്ങി. ജീവിതത്തിലിന്നേവരെ അത്രയും രുചിയുള്ളതൊന്നും കഴിക്കാത്ത ഒരനുഭൂതി. മിഠായി വെയ്ക്കരുതെന്ന് ഞാനൊരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അത് പറയുന്ന ദിവസങ്ങളിൽ പോലും ആ തലയിണ ഞാൻ പൊക്കിനോക്കുമായിരുന്നു. പഠനം കഴിഞ്ഞ് ഹോസ്റ്റൽ വിടുന്ന ദിവസം വരെ ആ തലയിണ കവിതേച്ചിയുടെ സ്‌നേഹത്താൽ പൊതിയപ്പെട്ടിരുന്നു.
അതെ, രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
തിരൂർ പുഴയോടു ചേർന്നായിരുന്നു ചേച്ചിയുടെ വീട്. കൂട്ടായി അഴിമുഖത്തുനിന്നും കിട്ടുന്ന മീനുകളും ഞണ്ടും കക്കയുമെല്ലാം ഇടയ്ക്ക് എനിക്കുവേണ്ടി കൊണ്ടുവരുമായിരുന്നു ചേച്ചി. എന്നും അവരുടെ വീട്ടിലുണ്ടാക്കുന്ന ‘നല്ല കറികളി'ൽ എനിയ്ക്കുമൊരു പങ്കുണ്ടാകും... ചേച്ചി തന്ന മീൻ കറികളോളം രുചിയുള്ളതൊന്നും ഞാൻ പിന്നീട് കഴിച്ചിട്ടില്ല. മെസ്സിൽ നിന്ന് ഭക്ഷണം റൂമിലേയ്ക്ക് കൊണ്ടുവരാൻ അനുവാദമുണ്ടായിരുന്നില്ല. ചേച്ചിയുടെ മീൻകറിയുള്ള ദിവസങ്ങളിൽ ആർക്കെങ്കിലും അസുഖമാണെന്ന് പറഞ്ഞ് ഞാനും അമൃതയും കൃഷ്ണപ്രിയയും മുറിയിലേയ്ക്ക് ഭക്ഷണമെടുക്കും. മുറിയിലൊളിച്ചിരുന്ന് ഞങ്ങൾ മീൻ കറി കൂട്ടി വയറും മനസ്സും നിറയ്ക്കും. അങ്ങിനെ ഒളിച്ചുകഴിച്ച ഭക്ഷണമായിരുന്നു ജീവിതത്തിലെ ഏറ്റവും സ്വാദേറിയ വിഭവം.
അതെ, രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
ഒരു കല്യാണവീട്ടിൽ അൽപ്പം അൽഫാം ബാക്കിവന്നു. അത് കഴിക്കാൻ കിട്ടുമെന്നുറപ്പിച്ച് ഞങ്ങൾ റൈസ് വിളമ്പി ഒരു ടേബിളിലിരുന്നു. അപ്പോൾ ആ വീട്ടിലെ ഒരു ഇത്ത വന്ന് ബാക്കിയുള്ള അൽഫാം എടുത്തുകൊണ്ട് പോകാൻ തുടങ്ങി
ഒമ്പതാംക്ലാസ് മുതൽ ഡിഗ്രി കാലം വരെയും ഞാൻ പല വിവാഹവേളകളിലും ഭക്ഷണം വിളമ്പുന്ന ജോലിക്ക് പോയിട്ടുണ്ട്. ഏജൻസികൾ നൽകുന്ന കോട്ടുകളിട്ട് കേറ്ററിങ് ജോലിക്ക് പോയിരുന്ന ആ കാലത്താണ് വിശപ്പിനും രുചികൾക്കുമപ്പുറമുള്ള പലതും ഭക്ഷണത്തിനുണ്ടെന്ന് തിരിച്ചറിയുന്നത്. പണവും പ്രതാപവും ജാതിയും അധികാരവുമെല്ലാം പ്രതിഫലിക്കുന്ന ഇടങ്ങളായിരുന്നു കല്യാണവിരുന്നുകൾ. ചിലർ വലിയ അധികാരഭാവത്തോടെയാണ് അവരുടെ ടേബിളുകൾ പരിചരിക്കാൻ ഞങ്ങളോട് ആവശ്യപ്പെടാറുള്ളത്. എന്റെ അനിയത്തിയും മൂത്തുമ്മയുടെ മക്കളുമടക്കം ഞങ്ങൾ നാലുകുട്ടികളാണ് എപ്പോഴും ഉണ്ടാവുക. ഞങ്ങളുടെ പ്രായത്തിന് യാതൊരു പരിഗണനയും കിട്ടാറില്ല. വേറെ നിവൃത്തിയുണ്ടായിരുന്നെങ്കിൽ കുട്ടികൾ ഈ ജോലിക്കിറങ്ങില്ലല്ലോ എന്നു ചിന്തിക്കുന്നവർ കുറവായിരുന്നു. വിളമ്പുന്നവരിലായിരുന്നില്ല, തീൻമേശയിലെ വിഭവങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. ടേബിളുകളിൽ കൃത്യമായി ബിരിയാണി പാത്രങ്ങൾ മാറ്റിയില്ലെങ്കിൽ, വെള്ളം നിറച്ചുവെച്ചില്ലെങ്കിൽ, അച്ചാറും സാലഡും നൽകാൻ വൈകിപ്പോയാൽ ഇങ്ങനെ പല കാരണങ്ങൾക്കും ഞങ്ങൾ ചീത്ത കേൾക്കാറുണ്ട്. അങ്ങനെ എന്തെങ്കിലുമുണ്ടായാൽ പരിചരണം മോശമായെന്നു പറഞ്ഞ് ഏജൻസികൾ കൂലി കുറയ്ക്കാനും ശ്രമിച്ചിരുന്നു. ഒമ്പതാംക്ലാസിൽ നിന്ന്ഞാൻ ആദ്യമായി കാറ്ററിങ്ങിന് പോകുമ്പോൾ 70 രൂപയായിരുന്നു കൂലി. പിന്നീടത് നൂറായും ഇരുനൂറായും ഒടുവിൽ ഞാനീ ജോലി നിർത്തുമ്പോൾ മുന്നൂറ്റമ്പതായും വർധിച്ചു. കൂലി കുറവാണെങ്കിലും ആജ്ഞകൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.
വീട്ടുകാർ പറയുന്നിടത്ത് ടേബിളുകൾ സെറ്റ് ചെയ്യുക, അവർ പറയുന്നവർക്ക് കൂടുതൽ വിളമ്പുക, വിവാഹം നടക്കുന്നതറിഞ്ഞ് ഭിക്ഷപാത്രവും പിടിച്ചുവരുന്ന ഭിക്ഷക്കാരെ ഓടിക്കുക, ഭക്ഷണത്തിന്റെ എച്ചിലുകൾ നിമിഷനേരങ്ങൾക്കുള്ളിൽ വൃത്തിയാക്കുക, ബാക്കിവരുന്ന വിഭവങ്ങൾ പരിസരപ്രദേശങ്ങളിലുള്ളവർ കവറുകളിലാക്കി കൊണ്ടുപോകാതെ സംരക്ഷിക്കുക തുടങ്ങിയ ഒരു നിര കൽപനകൾ രാവിലെ മുതൽ വൈകുന്നേരം വരെയും അനുസരിക്കുന്നതിനാണ് 70 രൂപയും 350 രൂപയും വാങ്ങിയിരുന്നത്. അൽഫാമും തന്തൂരിയും ഗ്രിൽഡ് ചിക്കനും താറാവും ചിക്കൻ നിർത്തി പൊരിച്ചതും ബാർബിക്യുവുമെല്ലാം ഞാനാദ്യം കണ്ടത് കല്യാണവീടുകളിലെ ആഢംബരമേശകളിലാണ്. ബാക്കിവരുന്ന ഭക്ഷണം ചില വീട്ടുകാർ മാത്രമെ ഞങ്ങൾക്ക് തരാറുണ്ടായിരുന്നുള്ളൂ. എല്ലാവരും കഴിച്ചുകഴിഞ്ഞ് ഞങ്ങൾ കഴിക്കാനിരിക്കുമ്പോഴേയ്ക്കും സന്ധ്യയാകും... വിളമ്പുന്നതിനിടയിൽ മണം കൊണ്ട് കൊതിതട്ടിയ പലതും അപ്പോഴേയ്ക്കും തീർന്നുപോയിട്ടുണ്ടാകും. ഒരിക്കൽ ഒരു കല്യാണവീട്ടിൽ അൽപം അൽഫാം ബാക്കിവന്നു. അത് കഴിക്കാൻ കിട്ടുമെന്നുറപ്പിച്ച് ഞങ്ങൾ റൈസ് വിളമ്പി ഒരു ടേബിളിലിരുന്നു. അപ്പോൾ ആ വീട്ടിലെ ഒരു ഇത്ത വന്ന് ബാക്കിയുള്ള അൽഫാം എടുത്തുകൊണ്ട് പോകാൻ തുടങ്ങി. ‘ഇത്താ ഞങ്ങൾ കഴിച്ചില്ല' എന്നു പറഞ്ഞപ്പോൾ ‘നിങ്ങൾക്ക് ചോറും മീൻകറിയുമുണ്ടല്ലോ, ഇത് നാളത്തെ വിരുന്നിനെടുക്കാ'മെന്ന് അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. അൽഫാമിനുവേണ്ടി ഊറിവന്ന ഉമിനീര് ഉള്ളിലേയ്ക്ക് വലിഞ്ഞിറങ്ങി. രുചികളെക്കുറിച്ചോർക്കുമ്പോൾ ആ ചിരി ഇന്നും മനസ്സിലേക്കെത്തും.
അതെ, രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
പുരുഷാധിപത്യസമൂഹത്തിലെ ഏറ്റവും രൂക്ഷമായ വിവേചനം നിലനിൽക്കുന്ന ഇടങ്ങളാണല്ലോ നമ്മുടെ അടുക്കളകൾ. രുചികളുടെയെല്ലാം ഉത്പാദനകേന്ദ്രമായി നമ്മൾ സങ്കൽപ്പിച്ചിരിക്കുന്ന സ്ഥലം. യന്ത്രം പോലെ രുചികൾ ഉത്പാദിപ്പിക്കാൻ വിധിക്കപ്പെട്ടരാണ് സ്ത്രീകൾ എന്ന് പല അടുക്കളകളും കാണുമ്പോൾ തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാചകം ഒരിക്കലും എനിയ്ക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ എന്റെ മൂത്തുമ്മയുടെ മകളുടെ ഭർത്താവ് എന്നോട് കുടിക്കാൻ വെള്ളമെടുക്കാൻ ആജ്ഞാപിച്ചു. അത് ശരിക്കും ഒരു ആജ്ഞ തന്നെയായിരുന്നു. അവന്റെ വാക്കുകളിൽ വല്ലാത്തൊരു അധികാരമുണ്ടായിരുന്നു. വീട്ടിലുള്ള സ്ത്രീകളെല്ലാം ആണുങ്ങൾക്ക് വെള്ളമെടുക്കാനും ഭക്ഷണം ഉരുട്ടിക്കൊടുക്കാനും തുണിയലക്കാനും മാത്രമുള്ളവരാണെന്ന അവന്റെ ആ ധാർഷ്ട്യത്തോട് ‘പറ്റില്ല, നീ തന്നെ എടുത്ത് കുടിക്ക്' എന്ന് ഞാൻ പറഞ്ഞു. പക്ഷെ ആ പറയുന്നതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയുന്ന പുരുഷന്മാരെ ഞാൻ വളരെ കുറച്ചുമാത്രമേ കണ്ടിട്ടുള്ളൂ. അത് വീട്ടിൽ നിന്ന് മാത്രമല്ല അനുഭവപ്പെട്ടിട്ടുള്ളത്. പുരോഗമനസ്വഭാവമുള്ള കേരളത്തിലെ പല കൂട്ടായ്മകളുടെയും ഭാഗമായി പല സ്ഥലങ്ങളിലും താമസിച്ചിട്ടുള്ളപ്പോഴും ഈ മനോഭാവം നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ, ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തേ എന്നുപറയുന്ന മൂത്തുമ്മയുടെ മകളുടെ ഭർത്താവിന്റെ പോലുള്ള സ്വരമായിരിക്കണമെന്നില്ല എന്നുമാത്രം. വീട്ടിലെ അടുക്കളയിൽ ഒരിക്കൽപ്പോലും കയറിയിട്ടില്ലാത്ത പല ആണുങ്ങളും ഇത്തരം കമ്മ്യൂണുകളിലെ അടുക്കളയിൽ നിറഞ്ഞുനിന്ന് തങ്ങളുടെ തുല്യതാമനോഭാവം പ്രകടിപ്പിക്കുന്നതായും കണ്ടിട്ടുണ്ട്. ഞാനാണ് കുക്ക് ചെയ്തത് എന്നുപറയാൻ അവർക്കെപ്പോഴും വലിയ ഉത്സാഹമാണ്. എന്നാൽ അത്തരം ഉത്സാഹങ്ങൾ ദീർഘകാലം നിലനിന്നു കാണാറില്ല. എന്നാലും മറ്റെല്ലാ പണികളെയും പോലെ പാചകവും ദിനചര്യയായി ആവാഹിച്ച ചില പുരുഷന്മാരെയെങ്കിലും ഇടയ്ക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അവർ വിളമ്പിയ രുചികൾ ആവോളം കഴിച്ചിട്ടുമുണ്ട്. എന്നാലും സ്ത്രീകൾ വെന്തുരുകേണ്ടിവരുന്ന അടുക്കളകളെക്കുറിച്ചോർക്കുമ്പോൾ രുചികൾ പലപ്പോഴും ആസ്വദിക്കാൻ കഴിയാറില്ല. ഒരുപക്ഷെ സ്ത്രീകൾക്ക് അടുക്കളപ്പണി ചെയ്യേണ്ടിവന്നില്ലായിരുന്നെങ്കിൽ ഈ ലോകം ഇതിലേറെ സർഗാത്മകമാക്കാൻ അവർക്ക് കഴിയുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതെ, രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ തുടർപഠനത്തിനെത്തിയപ്പോഴാണ് ഭക്ഷണത്തിലെ വൈവിധ്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചുതുടങ്ങിയത്. ഞങ്ങളുടെ കാമ്പസിനടുത്തുള്ള ‘കിങ്സ് ബേക്കറി' എന്ന ഒരു ചെറിയ ഭക്ഷണശാലയിൽ ഇടയ്ക്ക് രാത്രികാലത്ത് ഞാൻ ജോലിചെയ്തിരുന്നു. പഠനചെലവിനുള്ള ഒരു പണിയെന്ന നിലയിലാണ് ചെയ്തിരുന്നതെങ്കിലും തമിഴ്‌നാട്ടിലെ രുചികളെക്കുറിച്ചറിയാൻ അതും ഒരു വഴിത്തിരിവായി. സമ്പാദിക്കുന്നതിലേറെയും ഭക്ഷണത്തിനായി ചിലവഴിക്കുന്നവരാണ് ഇന്നാട്ടുകാർ. മലയാളികളേക്കാൾ ആസ്വദിച്ചാണ് അവർ ഉണ്ണുന്നതും ഊട്ടുന്നതും. അത് വീട്ടിലായാലും ഹോട്ടലിലായാലും.
ദിണ്ഡിഗലിൽ വെച്ച് കഴിച്ചിട്ടുള്ള ഏറ്റവും രുചിയുള്ള ഭക്ഷണം രേവതിയക്കയുടേതാണ്. അവരുണ്ടാക്കുന്ന ദോശയ്ക്കും തക്കാളി സാദത്തിനും വഴുതനങ്ങാ തോരനും ചിക്കൻ കറിക്കുമെല്ലാം വല്ലാത്ത സ്വാദ് തോന്നിയിരുന്നു... തുച്ഛമായ ശമ്പളം കൊണ്ട് ഏഴ് പേരടങ്ങുന്ന കുടുംബം കാക്കുന്ന, ഭർത്താവ് മരിച്ച സ്ത്രീ. അവർ നടത്തുന്ന ആ ജീവിത സമരത്തിന്റെ കരുത്താകാം ഒരുപക്ഷെ അവരുടെ ഭക്ഷണത്തിന് കൂടുതൽ രുചി തോന്നിച്ചതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല.
ഭീതിയും വേദനയും കലർന്ന രുചിയോർമകൾ ഉള്ളതിനാലാകാം പാചകത്തോട് എനിക്ക് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല. ആവശ്യമുള്ള വിഭവങ്ങൾക്കപ്പുറം ഒന്നും പരീക്ഷിക്കാറുമില്ല. കിട്ടുന്നതെന്തും കഴിക്കും, കഴിക്കുന്നതെന്തും ഇഷ്ടപ്പെടും. ‘ഈ ഭക്ഷണം വളരെ നന്നായിട്ടില്ലേ' എന്ന് സുഹൃത്തുക്കൾ പല സ്ഥലത്തും വച്ച് ചോദിക്കുമ്പോൾ ഞാൻ ഉള്ളിൽ അസ്വസ്ഥപ്പെടാറുണ്ട്. അവർ പറയുന്നതുപോലെ എനിക്ക് ഈ രുചിയെ വിലയിരുത്താൻ കഴിയുന്നില്ലല്ലോ എന്നോർത്ത് വിഷമിക്കാറുണ്ട്.
ഒരിക്കൽ ഞാൻ പേടിച്ചു തിരഞ്ഞ വിഷത്തരികളും മടിയോടെ കഴിച്ച പപ്പായക്കറികളും മണം മാത്രമായി മാറിയ കല്യാണ സദ്യകളും ഉമ്മമാർ ഉരുകിത്തീർന്ന അടുക്കളകളും മനസ്സിലേക്ക് ഓടിയെത്തും. രുചി തീർച്ചയായും നാവിന്റെ പ്രശ്‌നം മാത്രമല്ല. ഹൃദയത്തിൽ തറച്ച ഓർമകളിൽ നിന്നും രുചിയെ അടർത്തിയെടുക്കാൻ കഴിയുമോ? രുചിക്കുവേണ്ടി മാത്രമായി എന്തെങ്കിലും രുചിക്കാൻ കഴിയുമോ? ▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 67-ൽ പ്രസിദ്ധീകരിച്ചത്.