പി.കുഞ്ഞിരാമൻ നായർ

ആ കഥയില്ലായ്​മയുടെ യഥാർഥ കഥ ഇതാ...

കല്യാണദിവസം മറന്നുപോയ കവി

കവിയുടെ കാൽപ്പാടുകളിൽ, കവി വിവാഹദിവസം മറന്നുപോയതായി പറയുന്ന കഥ, കവിയുടെ കഥയില്ലായ്മയുടെ കഥയായി ഒരു മിത്തുപോലെ അന്നും ഇന്നും പ്രചരിച്ചുപോരുന്നു. പക്ഷേ ആ സംഭവത്തിന്റെ മറുവശം കണ്ടറിഞ്ഞ ഏകസാക്ഷിയായ രവീന്ദ്രൻ നായരുടെ മനസ്സിൽ ആ രാത്രിയുടെ ഓർമ ജീവിതത്തിലേറ്റുവാങ്ങേണ്ടി വന്ന ആത്മസംഘർഷങ്ങളുടെ മറ്റൊരധ്യായമായി ഇന്നും നിറഞ്ഞുനിൽക്കുന്നു.

അയൽപക്കത്തെ വയൽക്കിളികൾ

കൂടാളിയിൽ വാടകവീടെടുത്ത് ഭാര്യയായ കുഞ്ഞിലക്ഷ്മിയെ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ചതോടെയാണ് പി. കുഞ്ഞിരാമൻ നായർ യഥാർത്ഥത്തിൽ ഒരു കുടുംബജീവിതം ആരംഭിക്കുന്നത്, 1953 കാലത്ത്. കവിയ്ക്കന്ന് 46 വയസ്സ് പ്രായമുണ്ടാകും.
വയൽക്കര. ശാന്തവും ഗ്രാമീണവുമായ പ്രകൃതി. നാട്ടിപ്പാട്ട് ഉച്ചത്തിൽ പാടി പണിയെടുക്കുന്ന കർഷകസ്ത്രീകൾ. നാളികേരപാകമനസ്സുള്ള അയൽക്കാർ. പറമ്പിനും പാടത്തിനുമിടയിൽ വെള്ളച്ചേലചുറ്റി കളംകളം പാടിപ്പായുന്ന കൈത്തോട്.

കൂടാളിയിൽ വാടകവീട്ടിൽ താമസിക്കുന്ന കാലത്ത് മുതിർന്നവരെക്കാൾ അയൽപക്കത്തെ കുട്ടികളുമായാണ് കവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നത്. കവി സ്‌കൂൾ വിട്ട് എത്തുന്നതും പ്രതീക്ഷിച്ച് കുട്ടികൾ എന്നും അദ്ദേഹത്തെ കാത്തുനിന്നു. ജുബ്ബയിൽ നിറച്ചുവച്ച കൽക്കണ്ടവും നാരങ്ങമിഠായിയുമായി കവി യെത്തിച്ചേർന്നു. മിഠായിമധുരം നുണഞ്ഞ്​ കുട്ടികൾ സന്തോഷത്തോടെ ഓടിമറയുകയും കൂട്ടുകൂടി കളിക്കുകയും ചെയ്തു.

1961 ൽ കൂടാളി ഹൈസ്‌കൂളിൽ നിന്ന് കൊല്ലങ്കോട്ടേയ്ക്ക് മാറിപ്പോകുമ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയപ്പിൽ പി.

സ്‌കൂൾ വിട്ടുവന്നാൽ നേരെ സ്വന്തം മുറിയിലേയ്ക്ക് ചെല്ലുകയാണ് പതിവ്. മുറിയിലെ വടക്കുഭാഗത്തെ ജാലകം തുറന്നാൽ പരന്നുകിടക്കുന്ന പച്ചപ്പാടങ്ങളാണ് കാഴ്ച. വയലിൽനിന്നും വീശിയടിക്കുന്ന കാറ്റിനൊപ്പം വയൽഗന്ധത്തിന്റെ പശിമ. പുരയിടത്തോട് ചേർന്നൊഴുകുന്ന തോടിന്റെ നേർത്ത കളകളം. ഞാറുടുന്ന സമയത്തും നാട്ടിസമയത്തും നാട്ടിപ്പാട്ടിന്റെയും വടക്കൻപാട്ടിന്റെയും കൂട്ടുസ്വരങ്ങൾ മുഴങ്ങുന്ന പകലുകൾ. ചീവീടുകളുടെ കൂട്ടക്കരച്ചിലിന്റെ രാത്രികൾ.

കവി സ്‌കൂളിൽ പോയിക്കഴിഞ്ഞാലുള്ള പകൽനേരങ്ങളിൽ കുഞ്ഞിലക്ഷ്മി വീട്ടിൽ തനിച്ചായിരുന്നു. പിന്നെപ്പിന്നെ അയൽപക്കത്തെ കുട്ടികൾ കൂട്ടായി. മക്കളായ രവിയും ലീലയും കാഞ്ഞങ്ങാട്ടും കൊടുവായൂരിലുമായിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും കവി ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങളും പാലും എത്തിച്ചുകൊടുക്കുന്നതുമൊക്കെ അയൽപക്കത്തെ കുട്ടികളായിരുന്നു. കാർത്യായനിയും ലക്ഷ്മിയും രാജനുമൊക്കെയായിരുന്നു അന്നത്തെ കവിയുടെ അയൽപക്കത്തെ കുട്ടികൾ. കുട്ടികളുടെ വരവോടെ പിന്നെപ്പിന്നെ കുട്ടികളുടെ അമ്മമാരും ഉച്ചയ്ക്കുശേഷമുള്ള വിശ്രമസമയങ്ങളിൽ തയ്യിൽ വീട്ടിലേയ്ക്ക് എത്തിച്ചേരാൻ തുടങ്ങി. അയൽവീട്ടിലെ പാർവതിയമ്മയ്ക്ക് നിരവധി നാടൻപാട്ടുകൾ അറിയാമായിരുന്നു. കുട്ടികൾ മുറ്റത്ത് കളിക്കുമ്പോൾ പാർവതിയമ്മ നാടൻപാട്ടുകൾ നീട്ടിച്ചൊല്ലി.
അതുകേട്ട് കുഞ്ഞിലക്ഷ്മി ഒരുദിവസം പറഞ്ഞു, കവിക്ക് നാടൻപാട്ടുകളോട് ഇഷ്ടമാണ്. ഇതൊക്കെ എഴുതിയെടുത്ത് കൊടുത്താൽ സന്തോഷമാവും.

അമ്മ ഒരു നിമിഷം തരിച്ചുനിന്നു. അറിയാതെ ചോദിച്ചുപോയി, ‘കല്യാണമോ?’ അച്ഛൻ അമ്മയുടെ കൈപിടിച്ച് തലയിൽവച്ച് കരഞ്ഞു. അമ്മയുടെ കണ്ണുകളിൽ നിന്ന്​ കണ്ണീരൊഴുകി. അമ്മ ആത്മധൈര്യം വിടാതെ അച്ഛനോട് ചോദിച്ചു, എന്നിട്ട് കല്യാണം കഴിക്കാനായി പോണോ?

പിന്നീടുള്ള ഓരോ ദിവസങ്ങളിലായി പാർവതിയമ്മ പാട്ടുകളോരോന്നും പാടി. കുഞ്ഞിലക്ഷ്മി അതൊക്കെയും എഴുതിയെടുത്ത്​ കവിയെ ഏൽപിച്ചു. കവിയൊതൊക്കെ ഏറ്റുവാങ്ങി. മിഠായിമധുരം പോലെ അവയൊക്കെ വായിലിട്ടു ചവച്ചുരുചിച്ചു. വയൽക്കാറ്റിന്റെ ചൂരും ചൂടുമുള്ള പാട്ടുകൾ അക്ഷരമഷി പുരണ്ടു. വടക്കൻപാട്ടുകൾ എന്നപേരിൽ അതൊരു പുസ്തകമായി.

കവിയുടെ അയൽവാസിയായിരുന്ന രാജൻ എന്ന കുട്ടി ഇന്ന് അധ്യാപകനായി വിരമിച്ചു. രാജൻ അക്കാലത്തെക്കുറിച്ച് ഓർക്കുന്നു: അവധി ദിവസങ്ങളിൽ മിക്കവാറും കവിമാഷ് വീട്ടിലുണ്ടാകാറില്ല. ഉണ്ടെന്നറിഞ്ഞാൽ ഞങ്ങൾ കവിയുടെ മുകളിലത്തെ മുറിയുടെ താഴെ വന്നുനിന്ന് കളിക്കുകയോ ശ്രദ്ധ കിട്ടാനായി എന്തെങ്കിലും ശബ്ദം ഉണ്ടാക്കുകയോ ചെയ്യാറുണ്ടായിരുന്നു. തുറന്നുകിടക്കുന്ന ജനാലയുടെ അഴിപിടിച്ച് ആ സമയത്ത് കവി താഴോട്ടേയ്ക്ക് ഉറ്റുനോക്കും. അതിനൊപ്പം താഴെ മുറ്റത്തേയ്ക്ക് മുകളിൽനിന്ന് മിഠായിയും മുന്തിരിയുമൊക്കെ വീണുകൊണ്ടിരിക്കും. മിഠായിമഴയോടൊപ്പം ചിലപ്പോഴൊക്കെ നാണയങ്ങളും ഞങ്ങൾക്ക് കിട്ടാറുണ്ട്. അറിഞ്ഞുകൊണ്ടാണോ എന്നറിയില്ല. ജുബ്ബയിൽ നിന്ന് കൈയിൽക്കിട്ടിയതത്രയും താഴോട്ട് ഇട്ടുതരുന്ന കവിമാഷ് അന്നത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലേയ്ക്കാണ് ഞങ്ങളെ കൊണ്ടുപോയത്. കവി ഞങ്ങളോട് കാണിച്ചിരുന്ന ഈ സ്നേഹത്തെക്കുറിച്ചാലോചിക്കുമ്പോൾ ഇന്നും മനസ്സിൽ അവശേഷിക്കുന്നത് അത്ഭുതം തന്നെയാണ്.

കൂടാളി സ്‌കൂളിനടുത്ത് പി താമസിച്ചിരുന്ന വാടക മുറി അതേ പോലെ.

രാജന്റെ സഹോദരി ലക്ഷ്മി വാർധക്യകാലത്തിലൂടെ കടന്നുപോകുന്നു. എങ്കിലും ഓർമകളിൽ നിന്ന് മാഞ്ഞുപോവാത്ത വർണാഭമായ അനുഭവങ്ങളായി ലക്ഷ്മിയുടെ മനസ്സിലും അക്കാലം നിറഞ്ഞുനിൽക്കുന്നു. ലക്ഷ്മി പറയുന്നു: ഞങ്ങൾ അന്ന് ചെറിയ കുട്ടികളായിരുന്നു. ലക്ഷ്മിയേടത്തി വീട്ടുപറമ്പിൽ നിന്ന് നീട്ടിവിളിക്കും,
‘ലക്ഷ്മീ, സാധനങ്ങൾ വാങ്ങണം, ഒന്നിവിടം വരെ വരൂ’.
വയൽ മുറിച്ചുകടന്ന് കോയ്യോടൻ ചാലിലുള്ള ഉത്തക്കൻ മൊയ്തുവിന്റെ പീടികയിലേയ്ക്ക് ഒരോട്ടം, തിരിച്ചും. വന്നാൽ ഇഡ്​ഢലി തരും. പ്ലാവിലയിൽ ഈർ ക്കിൽ കുത്തിയുണ്ടാക്കിയ ഇഡ്​ഢലി. അത് ആദ്യമായി കഴിച്ചത് ലക്ഷ്മിയമ്മ തന്നിട്ടായിരുന്നു. അന്ന് അതിനുണ്ടായിരുന്ന രുചി പിന്നീടൊരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. കവിയുടെ കവിതകൾ അന്നും ഇന്നും വായിച്ചിട്ടില്ല. പിന്നീടാണ് കവിയുടെ വലിപ്പത്തെപ്പറ്റിയൊക്കെ മനസ്സിലായത്. മിഠായിയും നാണയത്തുട്ടുകളും കൊണ്ട് ഞങ്ങളെ ഏറ്റവും അതിശയിപ്പിച്ചത് കവിമാഷായിരുന്നു. പക്ഷെ, ഞങ്ങളോട് കാട്ടിയ സ്നേഹം കൊണ്ട് എന്നും മനസ്സിൽ തങ്ങിനിൽക്കുന്നത് ലക്ഷ്മിയമ്മയുടെ ഓർമകൾ തന്നെയാണ്.

ലക്ഷ്മിയേടത്തിയോടൊപ്പം പലതവണ കൂടാളി യോഗിനിയമ്മയുടെ ആശ്രമത്തിലേയ്ക്ക് പോയിട്ടുണ്ട്. അമ്മയും കൂടെയുണ്ടാവും. അവിടേയ്ക്ക് മൂന്ന് മൈലോളം ദൂരമുണ്ട്. വയൽവരമ്പിലൂടെ നടന്ന് കുന്നുകയറി വേണം ആശ്രമത്തിലെത്താൻ. ഇടതൂർന്ന മരങ്ങളും വള്ളിക്കെട്ടുകളും കൂടിക്കലർന്ന ഒരന്തരീക്ഷമാണ് ആശ്രമത്തിന്. ആശ്രമമുറ്റത്തുനിന്ന് കൽപടവുകളിറങ്ങി പാറക്കെട്ടുകളിൽ തട്ടി ഒഴുകിവരുന്ന അരുവിയിലെ തണുത്ത വെള്ളത്തിൽ കാൽകഴുകി യോഗിനി മാതാവിന്റെ മുന്നിൽ. അമ്മ എല്ലാവർക്കും മധുരം തരും ഒപ്പം അനുഗ്രഹവും. ലക്ഷ്മി പറഞ്ഞുനിർത്തി.

ലക്ഷ്മി

കവി താമസിച്ച വീടിന്റെ മുൻവശത്തുള്ള വയലിന്റെ അക്കരെയാണ് കവിയുടെ ശിഷ്യനും അയൽവാസിയുമായി രാമചന്ദ്രൻ താമസിച്ചിരിക്കുന്നത്. കവിയുടെ വീട്ടിലെ നിത്യസന്ദർശകൻ കൂടിയായ രാമചന്ദ്രൻ കവിയോടൊപ്പമുള്ള ക്ലാസോർമകളും അയൽപക്കസ്മൃതികളും പങ്കുവെയ്ക്കുന്നു: ക്ലാസിൽ കവിമാഷ് പലപ്പോഴും മേശമേൽ തലവെച്ചു കിടന്ന് ഉറങ്ങിപ്പോയിട്ടുണ്ട്. ഒരുപക്ഷെ കവിതയ്ക്കുവേണ്ടി രാത്രി ഉറക്കമൊഴിച്ച ക്ഷീണം കാരണമുള്ള മയക്കമായിരിക്കാം അതെന്നു തോന്നുന്നു. കുട്ടികളുടെ ബഹളം കേട്ടാണ് കവിമാഷ് ഞെട്ടിയുണരുന്നത്. വികൃതി കാട്ടുന്ന കുട്ടികളോടുള്ള ദേഷ്യമത്രയും ഈ സമയത്ത് പ്രകടിപ്പിക്കും. അടിയും ശകാരവും കഴിഞ്ഞാൽ വികൃതികാട്ടുന്ന കുട്ടികളുടെ അടുത്തേയ്ക്ക് നടന്നുകൊണ്ട് പറയും, ‘ങ്ഹാ. നീയൊരു മുരിങ്ങാക്കോലാണ്.
മൂത്ത മുരിങ്ങാക്കോല്.’
മൂത്ത മുരിങ്ങാക്കോല് എന്നതുകൊണ്ട് യൂസ്​ലെസ്​ എന്നാണ് കവി അർഥമാക്കിയിരുന്നത്. കവി കുട്ടികളോട് ദേഷ്യപ്പെട്ട് പറയുന്നത് പലപ്പോഴും കാവ്യാത്മകവുമായിരുന്നു.

ഏത് സ്വീകരിക്കും ഏതിനെ ഉപേക്ഷിക്കും? പ്രിയപ്പെട്ടവരെയൊക്കെയും ഉപേക്ഷിച്ച്​കൂടെയിറങ്ങിവന്ന പെണ്ണ്. മറുഭാഗത്ത് ലക്കിടിയിലെ പാറുക്കുട്ടി. വിവാഹത്തിന് വാക്കുകൊടുത്തത് വിശ്വസിച്ച് കൈനീട്ടി നിൽക്കുന്നു. അതിനെ കൈവിടാനും വയ്യ. ഏതുവേണം?

കവിമാഷ് വീട്ടിലെത്തിയാൽ മിക്കവാറും വീടിന്റെ മുകൾനിലയിൽത്തന്നെയാണ് ഉണ്ടാവുക. എഴുത്തുസമയത്ത് ആരെങ്കിലും വന്നാൽ ആളില്ലെന്ന് പറയാൻ ഏൽപ്പിക്കുകയും വന്നവർ തിരിച്ചുപോവുകയും ചെയ്തു.
ഒരുദിവസം കവിയുടെ വീടിന്റെ പ്രധാനവാതിലിൽ ചോക്കുകൊണ്ട് കവി എഴുതിച്ചേർത്തു, ‘മാ അന്യ പ്രവിശ്യതു’
‘അന്യർക്ക് പ്രവേശമില്ല’ എന്നും ‘മാന്യന്മാർക്ക് പ്രവേശിക്കാം’ എന്നുമുള്ള അർഥത്തിലാണ് അങ്ങനെയൊരു വാചകം എഴുതിവച്ചത്.

പി.യുടെ ശിഷ്യനും അയൽവാസിയുമായിരുന്ന ബാലൻ മാഷ്​

ഭക്തനായിരുന്നതിനാൽ വീട്ടിൽ പലപ്പോഴും സ്വാമിമാരും കാഷായവസ്ത്രധാരികളുമൊക്കെ വന്ന് താമസിക്കാറുണ്ടായിരുന്നു. ഉടുക്കുകൊട്ടിപ്പാടുന്ന ഒരു സ്വാമി ഒരിക്കൽ മൂന്നാലുദിവസം അവിടെ വന്ന് താമസിച്ചിരുന്നു. അയാൾ ആ ദിവസങ്ങളിൽ കവിയെ സന്തോഷിപ്പിക്കാൻ ഉടുക്കുകൊട്ടി ഏതൊക്കെയോ പാട്ടുകൾ പാടി. ഉടുക്കുകൊട്ടുന്ന ശബ്ദം കേട്ട് ഞങ്ങൾ കുട്ടികൾ അതുകേൾക്കാനായി കവിയുടെ വീട്ടിൽ ചെന്നു. സ്വാമി ഒരു മാന്ത്രികനെപ്പോലെ കവിയുടെ മുന്നിൽ നിന്നു. കവി കണ്ണുമടച്ചിരുന്ന് പാട്ടിൽ ലയിച്ചിരുന്നു.

പി.യുടെ ശിഷ്യനും അയൽവാസിയുമാണ് ബാലൻ. ഓർമകളുടെ പഴയകാലത്തേക്ക് മടങ്ങിപ്പോകുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലേയ്ക്കും പല ഓർമകളും കടന്നുവരുന്നു: കവിമാഷ് ഒരു ദിവസം കുട്ടികളെ വീട്ട് എന്നെ വീട്ടിലേയ്ക്ക് വിളിപ്പിച്ചു. മാഷുടെ വീടിന്റെ രണ്ട് പറമ്പകലെയാണ് എന്റെ വീട്. ഞാൻ ചെന്നു. അദ്ദേഹം പരീക്ഷാപേപ്പറുകളുടെ ഒരു കെട്ട് എന്റെ കൈയിൽത്തന്നിട്ട് പറഞ്ഞു, ‘ബാലൻ ഇതൊന്ന് നോക്കി മാർക്കിട്ട് തരണം.’
പല വർഷങ്ങളിലായി ഇതു തുടർന്നു. മാർക്കിട്ട് നോക്കി തിരിച്ചുകൊടുക്കുമ്പോൾ കവിയുടെ മുഖത്ത് നല്ല സന്തോഷമാണ്. ജുബ്ബയുടെ പോക്കറ്റിൽ കൈയിട്ട് നാണയത്തുട്ടുകളെടുത്ത് കൈയിൽ തരുന്നതോടെ ആ സന്തോഷം പിന്നെ എന്റേതുകൂടിയായിത്തീരുന്നു. എന്നോടുമാത്രമല്ല, കൂടെ പഠിച്ച പലരും ഇതുപോലെ പരീക്ഷാപേപ്പറുകൾ നോക്കി സമ്മാനിതരായിട്ടുണ്ട്. സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ പ്രബന്ധത്തിന്റെ കെട്ടുകൾ തന്നിട്ട് പറയും, വീട്ടിൽ ഏൽപ്പിക്കണം. പ്രബന്ധം കുഞ്ഞിലക്ഷ്മിയമ്മയെ കൊണ്ടാണ് നോക്കിപ്പിക്കാറുണ്ടായിരുന്നത്. കവിമാഷ് ഇല്ലാത്ത ദിവസങ്ങളിൽ കുഞ്ഞിലക്ഷ്മിയമ്മയക്ക് കൂട്ടുനിന്നിരുന്നത് വാസുവായിരുന്നു. അന്നവന് പത്തോ പതിനൊന്നോ വയസ്സുണ്ടാവും. ഒരു ദിവസം നാടുവിട്ടുപോയി. മദ്രാസിലെ അഡയാറിൽ വെച്ച് പിന്നീടെപ്പോഴോ മരിച്ചതായും അറിഞ്ഞു.

പി. കുഞ്ഞിരാമൻ നായർ, കുഞ്ഞിലക്ഷ്മി

കുഞ്ഞിലക്ഷ്മിയമ്മയെ എല്ലാവർക്കും വലിയ കാര്യമായിരുന്നു. ഒരുദിവസം കവി ഭാര്യയോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. എന്തിനാണ് എന്നറിഞ്ഞുകൂടാ. സന്ധ്യാനേരമായിരുന്നു. ഭാര്യയെ കവിയുടെ മുറിയോട് ചേർന്ന പൂജാമുറിയിൽ അടച്ചിട്ടു. അകത്ത് ചന്ദനത്തിരികൾ പുകയുന്നുണ്ടായിരുന്നു. കാറ്റോട്ടമില്ലാത്ത ആ മുറിയിൽ അവർ പുക ശ്വസിച്ചു ബോധരഹിതയായി. ദേഷ്യം മാറി കവി മുറി തുറന്നപ്പോഴാണ് ഭാര്യ ബോധമില്ലാതെ കിടക്കുന്നതുകണ്ടത്. ആരൊക്കെയോ വൈദ്യരെ വിളിക്കാൻ ചെന്നു. വൈദ്യർ വന്ന് അടിയന്തര ചികിത്സകളൊക്കെ ചെയ്തു. അവർക്ക് ആസ്ത്മയുടെ അസ്വസ്ഥത കൂടിയുണ്ടായിരുന്നു. കവി അന്ന് പശ്ചാത്താപത്തോടെ അവരുടെ മുന്നിൽ നിന്നു. അവരാകട്ടെ നിർമമമായ മനസ്സോടെ ഈയൊരനുഭവത്തെയും സ്വീകരിച്ച്​ കവിയുടെ മുന്നിൽ നിന്നു.
അയൽപക്കത്തെ സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നെങ്കിലും കുഞ്ഞിലക്ഷ്മി ഒരിക്കലും കവിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. സ്വന്തം ജീവിതകഥ അവർ സ്വന്തം മനസ്സിൽ തന്നെ ഏകാന്തമായി സൂക്ഷിക്കുകയും ഒരു ചെറുചിരിയോടുകൂടി എല്ലാവരോടും സ്നേഹത്തോടെ മാത്രം ഇടപഴകുകയും ചെയ്തു.

ആത്മസംഘർഷങ്ങളുടെ ഒരു രാത്രി

ല്യാണം കഴിഞ്ഞ് പാലക്കാട്ട് താമസിച്ചിരുന്ന ആദ്യകാലത്തിനുശേഷം പിന്നീട് കുഞ്ഞിലക്ഷ്മി കവിയോടൊപ്പം ഒന്നിച്ചുജീവിച്ചത് കൂടാളിയിലാണ്. അവിടെയുള്ള കാലത്ത് രാവിലെ അവർ ഭർത്താവിനെ യാത്രയാക്കി, വൈകീട്ട് കാത്തിരിക്കുകയും ചെയ്തു. കവി മുകളിലത്തെ എഴുത്തുമുറിയിലിരുന്ന് എഴുതി. ജനൽപ്പടിയിൽ കൽക്കണ്ടപ്പൊടി വിതറി ഉറുമ്പുകൾക്ക് തീറ്റ നൽകി. ഉറുമ്പുകളുടെ നിരനിര പോലെ കവി കവിതയുടെ വരികൾ കുറിച്ചുവെച്ചു. കുഞ്ഞിലക്ഷ്മി വടിവൊത്ത അക്ഷരങ്ങൾകൊണ്ട് കവിക്ക് അസ്സലെഴുതിക്കൊടുത്തു.

മൂത്തമകൾ ലീല കൊടുവായൂരിലായിരുന്നു. ഇളയമകൻ രവീന്ദ്രൻ ദുർഗാ സ്‌കൂളിൽ ആറാം ഫോറത്തിലായിരുന്നു. രാധ കവിയുടെ അമ്മയുടെ കൂടെ അവരെ സഹായിച്ച്​ മഠത്തിൽവളപ്പ് വീട്ടിലുമായിരുന്നു. കവിയും ഭാര്യയും മാത്രം കുടാളിയിലെ വീട്ടിൽ ഒന്നിച്ചു ജീവിച്ചു. കൂടാളിയിലെ ചന്തു നമ്പ്യാരുടെ ഭക്ഷണത്തിന്റെ ചെടിപ്പിൽനിന്ന് അതെല്ലാം മറന്ന് ജീവിതത്തിന്റെ പലവിധം രുചികളിലേക്ക് കവി എത്തിച്ചേർന്നു.

കുഞ്ഞിലക്ഷ്മി വേലിക്കൽ നിന്ന് അയൽവീട്ടിലേക്ക് വിളിച്ചു ചോദിച്ചു,
‘കറിവേപ്പിലയുണ്ടോ ഒരു തണ്ട്.’
അയൽവീട്ടിലെ പാർവതി കറിവേപ്പിലയുടെ തണ്ടൊടിച്ചു കൊടുത്തു. സാമ്പാറിൽ കറിവേപ്പിലയുടെ പച്ച കിടന്നുചിരിച്ചു. കവി സാമ്പാറിലെ മുരിങ്ങക്കഷണം ചവച്ചുതുപ്പി.

പി.യുടെ മൂത്ത മകൾ ലീല

സ്‌കൂളിൽ നിന്ന്​ വൈകുന്നേരം കവി വരുന്നതുവരെ കുഞ്ഞിലക്ഷ്മി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അയൽസ്ത്രീകൾ ഉച്ചയ്ക്ക് വീടിന്റെ കോലായിലിരുന്നു. പാർവതി വടക്കൻപാട്ടു പാടി. കാർത്ത്യായനിയോടൊപ്പം കുളത്തിലിറങ്ങി. തുണി കഴുകുകയും കുളിച്ചുകയറുകയും ചെയ്തു. വൈകുന്നേരം വയൽക്കൊറ്റികൾ കൂട്ടത്തോടെ പാടത്തിനുമീതെ പറന്നു. കാറ്റിനൊപ്പം പായുന്ന മേഘങ്ങൾക്കൊപ്പം പക്ഷികൾ കിഴക്കോട്ട് ചിറകടിച്ചു. വേഷ്ടിയും മുണ്ടും ജുബ്ബയുമായി വാലൻകുട കുത്തിപ്പിടിച്ച് കവി നാട്ടുവരമ്പിലൂടെ നടന്നുവന്നു. കുഞ്ഞിലക്ഷ്മി സന്ധ്യയ്ക്ക് കോലായിൽ വിളക്ക് തെളിച്ചുവെച്ചു. തുളസിത്തറയിൽ നിന്ന് തുളസിക്കതിരെടുത്ത് ചെവിയിൽ ചൂടി. അസ്തമനത്തിലെ ഇളങ്കാറ്റിനൊപ്പം കുഞ്ഞിലക്ഷ്മിയുടെ ചുണ്ടിൽ സന്ധ്യാനാമങ്ങളുതിർന്നു. ഇതുവരേയ്ക്കും ഉറയ്ക്കാതെപോയ കവിയുടെ മേൽവിലാസം വർഷങ്ങളോളം നിലനിന്നത് കൂടാളിയിലെത്തിയശേഷമാണ്.
പി. കുഞ്ഞിരാമൻ നായർ, പി.ഒ. കൂടാളി, കണ്ണൂർ- 673592.
കത്തുകളെല്ലാം സ്‌കൂളിൽ ഈ മേൽവിലാസത്തിലാണ് വന്നുകൊണ്ടിരുന്നത്. ചില കത്തുകൾ കോഴിക്കോട് ആകാശവാണിയിൽ നിന്ന്. മറ്റു ചിലത് പലവിധ പ്രസിദ്ധീകരണങ്ങളിൽ നിന്ന്.
കവിത വേണം.
കവി പറഞ്ഞു, കവിത തരാം.

എല്ലാവർക്കും വേണ്ടിയുള്ള കവിത മനസ്സ് നെയ്തുകൂട്ടുന്നു. ജാലകം തുറന്ന് കവി ആകാശം നോക്കിയിരുന്നു. കവിതയ്ക്കുവേണ്ടി കവി വാക്കുകളുടെ, ഭാവനയുടെ അകിടുകളിൽ മുട്ടിക്കൊണ്ടിരുന്നു. പതിയെപ്പതിയെ കവി തിരിച്ചറിഞ്ഞുതുടങ്ങി, മനസ്സിൽ കവിത തോന്നുന്നില്ല. പകൽ ക്ലാസിൽ കുട്ടികളോട് കശപിശ. രാത്രി എഴുതാനിരിക്കുമ്പോൾ അതിന്റെ ഓർമയും കുറ്റബോധവും ഉള്ളിൽക്കിടന്നു പുളയുന്നു. നെടുവീർപ്പുകളുടെ അകംവേവൽ മാത്രം അടിക്കടി പുറമേക്ക് വരുന്നു. മനസ്സിൽ കവിതയുടെ കാർമേഘമുണ്ട്. പക്ഷെ പെയ്യുന്നില്ല. കൂടാളിയിൽ നിന്ന് ഭാരതപ്പുഴയോരത്തേയ്ക്ക് കവിമനസ്സ് വഴിമാറി ഒഴുകുന്നു.

പേരക്കുട്ടികളോടൊപ്പം രാധ

കൂടാളിയിൽ നിന്നിറങ്ങുമ്പോൾ ഭാര്യയോട് കവി പറഞ്ഞു, ‘കോഴിക്കോട് ആകാശവാണിയിൽ കവിത ചൊല്ലാൻ പോണം. രണ്ടുദിവസം കഴിഞ്ഞേ വരൂ. അയൽപക്കത്തെ പയ്യൻ വാസുവിനെ വിളിച്ചോ. ഒറ്റയ്ക്ക് നിക്കണ്ട.’
സന്ധ്യയോടെ വാസു വന്നു. രാവിലെ എഴുന്നേറ്റ് പോയി. കവി ദൂരയാത്രയ്ക്കു പോകുമ്പോഴെല്ലാം വാസു കുഞ്ഞിലക്ഷ്മിക്ക് കൂട്ടായി നിന്നു.

കവി ഷൊർണൂർ ജംഗ്​ഷനിൽ നിന്ന് പാലക്കാടൻ വണ്ടിക്ക് ലക്കിടിയിലിറങ്ങി. കണ്ണുതുറന്നാൽ എങ്ങും കാവ്യാനുഭൂതി പരത്തുന്ന ലക്കിടി. കവിയുടെ കോഴിക്കോട്ടേയ്ക്കുള്ള ആകാശവാണി യാത്രകൾ പലപ്പോഴും എത്തിച്ചേർന്നത് ലക്കിടിയിലേയ്ക്കായിരുന്നു. അവിടെ പാറുക്കുട്ടി കവിയെ മാടിവിളിച്ചു. ലക്കിടിയിലെ പ്രണയബന്ധം കവിയുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരേടായിരുന്നു. ആ ബന്ധം രൂപപ്പെട്ടുവന്നതിന്റെ കഥ ഇങ്ങനെയായിരുന്നു.

തിരുവില്വാമല ക്ഷേത്രത്തിൽ തൊഴാനായി കവി പലപ്പോഴും ലക്കിടിയിൽ വണ്ടിയിറങ്ങി. ഒരിക്കൽ ലക്കിടിയിൽ വെച്ച് കഥകളി ഭാഗവതർ കോപ്പൻ നായർ (യഥാർഥ പേര്- അപ്പേക്കാട്ട് കൃഷ്ണൻ നായർ) കവിയെ കണ്ടു. കൂടാളി പരിസരത്ത് കഥകളി സംഘത്തോടൊപ്പം വർഷങ്ങളായി കണ്ടുപരിചയമുള്ള ആളാണ്​ കോപ്പൻ നായർ. അയാൾ കവിയോട് പറഞ്ഞു, ഈ നാട് ഏറ്റവും പിടിച്ച നാടാണെന്ന് അറിയാം, പതിവായി തിരുവില്വാമലയിലും കിള്ളിക്കുറുശ്ശിമംഗലത്തും കുളിച്ചു തൊഴലുണ്ടല്ലോ. എമ്പ്രാന്തിരിയുടെ മൂട്ടബെഞ്ചിൽ കിടന്ന് നരകിക്കുന്നു. ഈ ദിക്കിൽ സ്ഥിരമായി ഒരു താവളം ഉണ്ടായാൽ എത്ര ആശ്വാസമായി.’

കുഞ്ഞിലക്ഷ്മി എന്ന ജീവിതയാഥാർഥ്യവും പാറുക്കുട്ടി എന്ന സങ്കല്പവും തമ്മിലുള്ള വലിയൊരു സംഘർഷം കവിമനസ്സിൽ പെരുകിപ്പെരുകി വന്നു. കവി വിഷാദമൂകനായി. ഒന്നിനെ ഉപേക്ഷിച്ച് മറ്റൊന്നിനെ സ്വീകരിക്കാൻ വയ്യാത്ത അവസ്ഥയിലായി.

അയാൾ കവിയെ വീട്ടിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുപോയി. കോപ്പൻ നായരുടെ മകൾ പാറുക്കുട്ടി ടീച്ചർ (കവിയുടെ കാൽപ്പാടുകളിൽ അമ്മുക്കുട്ടി എന്നാണ് പേര്) കവിയെ പരിചരിച്ചു. ചായ കൊടുത്തതും വിളമ്പിയതും പുൽപ്പായയും തലയിണയും വിരിച്ചതും അവളായിരുന്നു. കവിതയുടെ, പ്രകൃതിയുടെ സൗന്ദര്യത്തിന്റെ അഭൗമമായ പ്രഭാവലയത്തിൽ കവിമനസ്സ് ചെന്നുപെട്ടു. അതിന്റെ മനോലഹരിയിൽ കവി കോപ്പൻ നായരെ പുളിഞ്ചോട്ടിലേയ്ക്ക് വിളിച്ച് സ്വകാര്യമായി പറഞ്ഞു, എനിയ്ക്കീ കൊച്ചുവീടും പരിസരവും വയലും പുഴയും കുന്നും കരിമ്പനക്കാടുകളും നന്നേ പിടിച്ചു. മേലിൽ ഇവിടെ കൂടിയാൽ മതി.

കോപ്പൻ നായരും അതാഗ്രഹിക്കുന്നുണ്ടായിരുന്നു. അയാൾ അടുത്തവീട്ടിലെ 89 കാരൻ താച്ചു എഴുത്തച്ഛനെ നീട്ടിവിളിച്ചു. അയാൾ പുളിഞ്ചുവട്ടിൽ വന്നു. അവിടെവെച്ച് കൂടിയാലോചന നടത്തി. കവിയെ പുളിഞ്ചോട്ടിലേയ്ക്ക് കണ്ണുകാട്ടി വിളിച്ചുകൊണ്ട് പറഞ്ഞു, അങ്ങയുടെ ഇഷ്ടം ഇതാണെങ്കിൽ വിരോധമില്ല.
ടീച്ചർക്ക് സമ്മതമാണ്. തിരുവില്വാമല പ്രകൃതിയോടുള്ള പ്രണയം. കവിതയോടുള്ള അടങ്ങാത്ത പ്രണയം. അത് ലക്കിടിയിൽവെച്ച് പുതിയൊരു വിവാഹബന്ധത്തിനുള്ള വാക്കുകൊടുക്കലായി മാറി.

കോഴിക്കോട് ആകാശവാണിയിൽ കവിത ചൊല്ലാനുള്ള യാത്രകൾ പലപ്പോഴും ലക്കിടിയിലേക്കുള്ള യാത്രകളായി പരിണമിച്ചു. ലക്കിടിയിലെത്തുമ്പോഴൊക്കെ പാറുക്കുട്ടി കവിയോട് പറഞ്ഞു, കല്യാണത്തിനുമുമ്പ് ആദ്യവിവാഹത്തിൽ നിന്ന്​വിടുതൽ വാങ്ങണം. വിവാഹമോചനം വേണം.

കോപ്പൻ നായർ കവിയെ വിടാതെ പിന്തുടർന്നു. അയാൾ ഒരു ദിവസം കൂടാളിയിൽ വന്ന് കല്യാണദിവസമുറപ്പിച്ചു. തിരിച്ചുപോകുമ്പോൾ അയാൾ വിവാഹമോചനത്തിന്റെ കടലാസ് കവിയുടെ കൈയിൽ കൊടുത്തു.
ഒരു നിബന്ധന ഉണ്ടാകുമെന്ന് വിചാരിച്ചില്ല. ഏത് സ്വീകരിക്കും ഏതിനെ ഉപേക്ഷിക്കും? ജീവിതത്തിൽ ആദ്യമായി പ്രിയപ്പെട്ടവരെയൊക്കെയും ഉപേക്ഷിച്ച്​കൂടെയിറങ്ങിവന്ന പെണ്ണ്. തന്നെ മാത്രം സ്നേഹിച്ച്, സേവിച്ച് കൂടെ കഴിയുന്നവൾ. മറുഭാഗത്ത് ലക്കിടിയിലെ പാറുക്കുട്ടി. വിവാഹത്തിന് വാക്കുകൊടുത്തത് വിശ്വസിച്ച് കൈനീട്ടി നിൽക്കുന്നു. അതിനെ കൈവിടാനും വയ്യ. ഏതുവേണം? കുഞ്ഞിലക്ഷ്മി എന്ന ജീവിതയാഥാർഥ്യവും പാറുക്കുട്ടി എന്ന സങ്കല്പവും തമ്മിലുള്ള വലിയൊരു സംഘർഷം കവിമനസ്സിൽ പെരുകിപ്പെരുകി വന്നു. കവി വിഷാദമൂകനായി. ഒന്നിനെ ഉപേക്ഷിച്ച് മറ്റൊന്നിനെ സ്വീകരിക്കാൻ വയ്യാത്ത അവസ്ഥയിലായി.

കല്യാണദിവസം അടുത്തു. മനസ്സ് വിങ്ങാൻ തുടങ്ങി. കവി സ്‌കൂളിൽ പോകാതെ വീട്ടിലിരുന്നു. നെടുവീർപ്പുകളുടെ മഹാഭാരം മനസ്സിലേറ്റിനിന്നു. കവി വന്നുപെട്ട ഈ സംഘർഷത്തിന്റെ ആ ദിനരാത്രങ്ങളിൽ മകൻ രവീന്ദ്രൻ നായർ കൂടാളിയിലുണ്ടായിരുന്നു. കാഞ്ഞങ്ങാട് ദുർഗാ ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി. പാസായശേഷം അച്ഛനമ്മമാരോടൊപ്പം താമസിക്കാൻ അവിടെ എത്തിയതായിരുന്നു. പാറുക്കുട്ടിയുമായുള്ള കല്യാണമടുത്ത ദിവസങ്ങളിൽ അച്ഛനും അമ്മയ്ക്കുമൊപ്പം മകനായ രവീന്ദ്രൻ നായർ അനുഭവിച്ച മാനസികസംഘർഷം അത്ര വലുതായിരുന്നു. ആ ദിനരാത്രങ്ങളെക്കുറിച്ച് രവീന്ദ്രൻ നായർ ഓർക്കുന്നു: പതിവില്ലാത്തവിധം അച്ഛന്റെ അവസ്ഥ കണ്ട് അമ്മ എഴുത്തുമുറിയിൽ ചെന്നു ചോദിച്ചു, എന്തുപറ്റി സുഖമില്ലേ?
അച്ഛൻ അമ്മയുടെ കൈപിടിച്ചു, കരഞ്ഞു; ‘എന്നോട് ക്ഷമിക്കണം. മറ്റൊരു കല്യാണത്തിന് ഞാൻ വാക്കുകൊടുത്തു. നാളെയാണ് കല്യാണം.’
അമ്മ ഒരു നിമിഷം തരിച്ചുനിന്നു. അറിയാതെ ചോദിച്ചുപോയി, ‘കല്യാണമോ?’ അച്ഛൻ അമ്മയുടെ കൈപിടിച്ച് തലയിൽവച്ച് കരഞ്ഞു. അമ്മയുടെ കണ്ണുകളിൽ നിന്ന്​ കണ്ണീരൊഴുകി. അമ്മ ആത്മധൈര്യം വിടാതെ അച്ഛനോട് ചോദിച്ചു, എന്നിട്ട് കല്യാണം കഴിക്കാനായി പോണോ?
അച്ഛൻ അതുകേട്ട് നിശ്ശബ്ദനായി. പിന്നെ, നടന്നതെല്ലാം തുറന്നുപറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോൾ അമ്മ അച്ഛനെ ആശ്വസിപ്പിച്ചു, കടലാസ് തരൂ. ഞാൻ ഒപ്പിട്ടു തരാം.
അച്ഛൻ അമ്മയെ സ്നേഹപൂർവം നോക്കി തൊഴുതു. പിന്നെയും കണ്ണീരൊഴുക്കി നിന്നു. ചാപ്പൻ നായർ കൊടുത്ത വിവാഹമോചനത്തിനുള്ള കടലാസ് ഏതോ പുസ്തകത്താളുകളിൽ ഒളിച്ചിരുന്നു. ജീവിതമഹാനാടകത്തിലെ ഉദ്വേഗരംഗം കണ്ട് ഉത്തരത്തിലെ പല്ലി ചിലച്ചു. അച്ഛൻ ആത്മനിന്ദയോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അമ്മയോട് മാപ്പിരുന്നു.
അമ്മ പറഞ്ഞു, പോകണമെന്ന് തോന്നുന്നുണ്ടെങ്കിൽ പോകാം. ഞാനതിനൊരു തടസ്സമാകില്ല.
അച്ഛൻ പറഞ്ഞു, ഇല്ല. പോണില്ല. എനിക്കതിന് വയ്യ.

അടുത്ത മുറിയിലിരുന്ന് ഞാൻ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. എനിയ്ക്ക് അച്ഛനോട് കടുത്ത വിദ്വേഷം തോന്നി. പക്ഷേ നേരെ ചെന്ന് അത് പ്രകടിപ്പിക്കാൻ വയ്യ. അമ്മയുടെ ക്ഷമ എന്തുകൊണ്ടോ എനിയ്ക്കില്ലായിരുന്നു. അന്നുരാത്രി അച്ഛനോടുള്ള ദേഷ്യമത്രയും അമ്മയോട് പറഞ്ഞുതീർത്തു.
അമ്മ എന്നോട് പറഞ്ഞു, ‘എത്രയായാലും ഒരു പെൺകുട്ടിയല്ലേ? കല്യാണത്തിനൊരുങ്ങി അതു മുടങ്ങിപ്പോവുന്നതും സങ്കടം തന്നെ.’
എനിയ്ക്ക് അതുകേട്ട് ദേഷ്യം വന്നു.
ഭാര്യയും പത്തുപതിനെട്ടു വയസ്സായ മക്കളുമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിൽക്കുന്ന പെണ്ണിന്റെ സങ്കടമല്ലേ? അവരത് അനുഭവിച്ച് തന്നെ തീർക്കട്ടെ.
അമ്മ നിശ്ശബ്ദയായി. അച്ഛനും അമ്മയും ഞാനും അന്ന് വിളക്കണച്ചു കിടന്നു. പക്ഷെ അന്നത്തെ രാത്രി ആർക്കും ഉറക്കം വരാത്ത ഒരു വല്ലാത്ത രാത്രിയായിരുന്നു.

കൂടാളി ഹൈസ്‌ക്കൂളിലെ സാഹിത്യ സമാജം അംഗങ്ങളോടൊപ്പം പി.

കവിയുടെ കാൽപ്പാടുകളിൽ വിവാഹദിവസം മറന്നുപോയതായി പറയുന്ന കഥ, കവിയുടെ കഥയില്ലായ്മയുടെ കഥയായി ഒരു മിത്തുപോലെ അന്നും ഇന്നും പ്രചരിച്ചുപോരുന്നു. പക്ഷേ ആ സംഭവത്തിന്റെ മറുവശം കണ്ടറിഞ്ഞ ഏകസാക്ഷിയായ രവീന്ദ്രൻ നായരുടെ മനസ്സിൽ ആ രാത്രിയുടെ ഓർമ ജീവിതത്തിലേറ്റുവാങ്ങേണ്ടിവന്ന ആത്മസംഘർഷങ്ങളുടെ മറ്റൊരധ്യായമായി ഇന്നും നിറഞ്ഞുനിൽക്കുന്നു.

പൂകയൂതി കവിത കുടിച്ച രാത്രികൾ

വെളുത്ത ജുബ്ബയ്ക്കുള്ളിൽ കൃഷ്ണശിലയിൽ കൊത്തിവച്ചതുപോലുള്ള മനുഷ്യരൂപം, കറുത്ത കരയുള്ള ഖദർ വേഷ്​ടിയും കഴുത്തിൽ ചുറ്റി ഒരുദിവസം ക്ലാസിൽ വന്നു. നെറ്റിയിൽ ചന്ദനക്കുറിയുണ്ടായിരുന്നു. ചെവിയിൽ തിരുകിവച്ച തുളസിക്കതിർ. കസാരയിലിരുന്നശേഷം മേശയിൽ കൈനീട്ടിവച്ച് എല്ലാവരെയും ഒന്നു ചെരിഞ്ഞുനോക്കി. 1955-ൽ ഫോർത്ത് ഫോറത്തിലെ ക്ലാസിലേയ്ക്കുള്ള കവി മാഷിന്റെ ആദ്യവരവായിരുന്നു അത്.

കൂടാളി സ്‌കൂളിൽ കവിയുടെ ശിഷ്യനായ ഭാസ്‌കരൻ, കുഞ്ഞിരാമൻ നായർ എന്ന അധ്യാപകനെയും അദ്ദേഹവുമായി ഉണ്ടായിരുന്ന ആത്മബന്ധവും ഓർക്കുന്നു: കവിമാഷും മുൻഷി കൃഷ്ണൻ മാഷുമായിരുന്നു കൂടാളി ഹൈസ്‌കൂളിലെ അന്നത്തെ മലയാളം അധ്യാപകർ. ഫോർത്ത് ഫോറത്തിൽ മൂന്ന് ഡിവിഷനുള്ള ക്ലാസിൽ മുൻഷി മാഷ് കുട്ടികളെ വളരെ നന്നായി പഠിപ്പിച്ചു. പക്ഷെ കവിയും മാഷും കൂടിച്ചേർന്ന കവിമാഷ് അധ്യാപകനെക്കാളും ക്ലാസിലും കവി തന്നെയായാണ് ജീവിച്ചത്.
പാഠഭാഗങ്ങൾ നന്നായി പഠിപ്പിക്കാനുള്ള കഴിവും അറിവും കവിമാഷിനുണ്ടായിരുന്നു. പക്ഷേ, അധ്യാപനത്തോട് അദ്ദേഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഒരുദിവസം കവിമാഷ് ക്ലാസിൽ വച്ച് എന്നോട് പറഞ്ഞു, ഭാസ്‌കരൻ കുറച്ചുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വരണം.
ഞാൻ ഭയപ്പാടോടെയാണ് അങ്ങോട്ടു ചെന്നത്.
കഴിഞ്ഞദിവസം കവിമാഷ് ക്ലാസിലേയ്ക്ക് കയറിവരുമ്പോൾ പിന്നിലൂടെ ഇറങ്ങിപ്പോയത് അദ്ദേഹം കണ്ടോ? അല്ലെങ്കിൽ ആരെങ്കിലും അത് പറഞ്ഞുകൊടുത്തോ? അതായിരുന്നു എന്റെ സംശയം.
കവിത മനഃപ്പാഠമാക്കാൻ കഴിയാത്തതുകൊണ്ട് പലപ്പോഴും എന്നെപ്പോലുള്ള വികൃതികൾ കണ്ടെത്തുന്ന ഉപായമായിരുന്നു കവി ക്ലാസിലേയ്ക്ക് വരുമ്പോഴുള്ള ഈ ഒളിച്ചോട്ടം.

കൂടാളി സ്‌കൂളിൽ കവിയുടെ ശിഷ്യനായിരുന്ന ഭാസ്‌കരൻ

ഞാൻ പേടിയോടെ സ്റ്റാഫ് മുറിയിൽ ചെന്നപ്പോൾ കവി ഹിന്ദി അധ്യാപകനായ ഭാഗവതര് മാഷിനെ അടുത്തേയ്ക്ക് വിളിച്ചു. കവിമാഷ് പറഞ്ഞു, ഞാൻ പറഞ്ഞില്ലേ നാലാംഫോറത്തിലെ ഭാസ്‌കരൻ.
ഭാഗവതര് മാഷ് എന്നെയൊന്ന് സൂക്ഷിച്ചുനോക്കി. ഞാൻ തലതാഴ്ത്തി നിന്നു. ഭാഗവതര് മാഷ് എന്നോട് ചോദിച്ചു, നീ കവിത ചൊല്ലുമോ?
എനിയ്ക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. എങ്കിലും പ്രയാസപ്പെട്ടു തന്നെ ഞാൻ പറഞ്ഞു, മനഃപാഠമാക്കാൻ പ്രയാസോണ്ട്. അതുകൊണ്ടാ മാഷെ.
മാഷ് ചോദിച്ചു, അപ്പോ പഠിപ്പിച്ചുതന്നാ നീ നന്നായി ചൊല്ലും അല്ലേ?
ഞാൻ പേടിയോടെ പറഞ്ഞു, ചൊല്ലും മാഷേ.
ഭാഗവതര് മാഷ് ഒരു കവിതയെടുത്ത് എന്റെ നേരെ നീട്ടി. ഞാനതെടുത്ത് വരികളോരോന്നായ് വായിച്ചു.തിമിരഭേദകം വിശ്വബോധകം മഹിതമണ്ഡല ശ്രീവിരാജിതം ഭുവനപാവനം സത്യസുന്ദരം പരമാധാമതദ് ഭാവയാമഹേ...

മൂന്നുശ്ലോകങ്ങൾ. ആകെ പന്ത്രണ്ട് വരികൾ. വൈകുന്നേരത്തോടെ ഇത് പഠിക്കണം. ഒരു കടലാസിൽ പകർത്തിയെടുത്തശേഷം ഞാൻ അതുമായി ക്ലാസിലേയ്ക്ക് തിരിച്ചുപോയി.
പുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്ന കവിതയായിരുന്നു ഇതിലും നല്ലത്. ഞാൻ അടുത്തിരുന്ന ഗോപിനാഥൻ നമ്പ്യാർക്ക് കവിത കാണിച്ചുകൊടുത്തു.
നമ്പ്യാര് പറഞ്ഞു, എടോ ഇതു വായിച്ച് ഒന്നും മനസ്സിലാകുന്നില്ല.
കടുസംസ്‌കൃതം.

പി കുഞ്ഞിരാമൻ നായർ

ക്ലാസ് കഴിയുന്നതുവരെ ഞാൻ വരികളോട് മല്ലിട്ടുകൊണ്ടിരുന്നു. അതെത്രതവണ മനസ്സിലിട്ട് ചവച്ചിട്ടും ദഹിക്കാതെ, ദഹിക്കാതെ അതേ പരുവത്തിൽതന്നെ കിടന്നു.
വൈകീട്ട് ഞാൻ മടിച്ചുമടിച്ച്​ കുറച്ച് വൈകി സ്റ്റാഫ് മുറിയിലേയ്ക്ക് ചെന്നു. കവിമാഷും ഭാഗവതര് മാഷും അവിടെയുണ്ടായിരുന്നു. ഇവരുടെ മേശയ്ക്കുമുന്നിൽ മറ്റൊരാൾ നിൽക്കുന്നു. അത് അടുത്ത ക്ലാസിൽ പഠിക്കുന്ന ബാലൻ എന്ന കുട്ടിയായിരുന്നു.
ഞാൻ വിചാരിച്ചു, ദൈവമേ, ഇവനും പെട്ടോ?
ബാലന്റെ കൈയിലും ഒരു കടലാസുണ്ടായിരുന്നു.
കവിമാഷ് പറഞ്ഞു, ബാലാ നീ ചൊല്ല്.
ബാലൻ ഒന്ന് ശ്വാസമെടുത്തശേഷം ചൊല്ലാൻ തുടങ്ങി; തിമിരഭേദകം വിശ്വബോധകം...

ഉച്ചത്തിൽ ഒരു തരംഗമാലപോലെ നീട്ടിയും കുറുകിയും ബാലൻ പാടി. നേരത്തെ വായിക്കാൻ ബുദ്ധിമുട്ടിയ കവിത അതിന്റെ മനോഹാരിതയത്രയും വെളിവാക്കിക്കൊണ്ട് ബാലൻ പാടുന്നത് കേട്ടപ്പോൾ അത്ഭുതത്തോടെ ഞാനവനെ നോക്കി.
ഭാഗവതര് മാഷ് പറഞ്ഞു, ബാലൻ ചൊല്ലുന്നതുപോലെ
നീയും ഈണമൊപ്പിച്ച് പാടണം.

കവി എഴുതിയ പ്രാർഥനാഗീതമാണെന്നും അടുത്ത ആഴ്ച മുതൽ സ്‌കൂളിൽ ഇതാണ് പാടേണ്ടതെന്നും ഭാഗവതര് മാഷ് പറഞ്ഞു തന്നു. ഈ പ്രാർഥനാഗീതം ഞാനും ബാലനും ചേർന്ന് പലപ്പോഴും മൈക്കിലൂടെ പാടി. മനഃപാഠമാക്കിവെച്ച പ്രാർഥന തിങ്കളാഴ്ചകളിലെ അസംബ്ലിയിൽ ഞങ്ങൾ സ്‌കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും മുമ്പിലിരുന്നു എത്രയോ തവണ ചൊല്ലി.

കവിതയെപ്പേടിച്ച് ക്ലാസിൽ നിന്ന് വെളിയിലേയ്ക്ക് ഓടിയവൻ കവിയോടൊപ്പം താമസിച്ച് കവിതയുടെ അസ്സലെഴുതുന്നു. മറ്റെന്തിനേക്കാളും കവിത മനഃപാഠമാക്കാൻ ഏറെ പ്രയാസപ്പെടുന്ന ഞാൻ കവിയുടെ വിശ്വസ്തനായി വീട്ടിൽവന്ന് അന്തിയുറങ്ങുന്നു.

ഒരുദിവസം ഭാഗവതര് മാഷ് സ്‌കൂളിലേയ്ക്ക് വരുന്ന വഴിയിൽ കൂടാളി താറ്റ്യോട് വയൽവരമ്പിൽ കുഴഞ്ഞുവീണു മരിച്ചു. പിയുടെ പ്രാർഥനാഗീതം പല തലമുറകളിലൂടെ കൈമാറി ക്കൈമാറി വന്നു. ഫോർത്ത് ഫോറം കഴിഞ്ഞുള്ള ക്ലാസുകളിൽ കവിമാഷ് പഠിപ്പിച്ചിരുന്നില്ല. ഫിഫ്ത്ത് ഫോറത്തിൽ പഠിക്കുന്ന കാലത്ത് ഒരുദിവസം വഴിയിൽവെച്ച് കണ്ടപ്പോൾ എന്നോട് പറഞ്ഞു, ഭാസ്‌കരൻ സ്റ്റാഫ് മുറിയിലൊന്ന് വരണം.
അവിടെ ചെന്നപ്പോൾ ഒന്നുരണ്ട് കവിതകളെടുത്ത് തന്നിട്ട് പറഞ്ഞു, ഒന്ന് വായിച്ചുനോക്ക്.
കവിയുടെ കൈപ്പടയിലെഴുതിയ കവിത. തിരക്കിട്ടെഴുതുമ്പോഴെന്നപോലെ അക്ഷരങ്ങൾ കൂടിക്കുഴഞ്ഞുകിടക്കുന്നു.
ഞാൻ നിന്നനിൽപ്പിൽ തപ്പിത്തടഞ്ഞ് വായിച്ചു.
‘തനിക്ക് വായിക്കാൻ പറ്റുന്നുണ്ട്. താനിത് നല്ല കൈപ്പടയിൽ അസ്സലെഴുതിത്തരണം’, കവി മാഷ് പറഞ്ഞു.
ഞാൻ എഴുതിക്കൊടുത്തു.

ചായ കുടിക്കാനുള്ള കാശാണ് പ്രതിഫലം.
പോക്കറ്റിൽ കൈയിടുമ്പോൾ കൈയിൽ തടയുന്നതെത്രയോ അതാണ് പ്രതിഫലമായി തരുന്ന തുക.

കൂടാളി സ്‌കൂൾ

ഡൽഹി നിലയം ആകാശവാണി കവിസമ്മേളനത്തിൽ പങ്കെടുക്കാൻ കവിക്ക് ക്ഷണം കിട്ടിയ ദിവസങ്ങളിലൊന്നിൽ കവി വീണ്ടും എന്നെ അന്വേഷിച്ചുവന്നു. വൈകുന്നേരങ്ങളിൽ വീട്ടിൽ പോകാതെ ഞങ്ങൾ സ്‌കൂൾ ഗ്രൗണ്ടിൽ സന്ധ്യാസമയം വരെ കളിച്ചുതിമർക്കുന്ന സമയം. ശ്രീധരൻ നമ്പ്യാരും ഗോപിനാഥൻ നമ്പ്യാരുമൊക്കെ ഒപ്പം കളിച്ച് വയർത്തുകുളിച്ചു നിൽക്കുന്നു.
ആരോ വന്ന് ചെവിയിൽ പറഞ്ഞു, കവിമാഷ് അന്വേഷിക്കുന്നു.
ഞാൻ കവിമാഷെ കണ്ടു. മാഷ് പറഞ്ഞു, നാളെ വീട്ടിലേയ്ക്ക് വരണം. കുറച്ച് കവിതകളുടെ അസ്സലെഴുതാനുണ്ട്.

കവിതയുടെ അസ്സലെഴുതാൻ ഇതിനുമുമ്പും മാഷ് വീട്ടിലേയ്ക്ക് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് വീടറിയാം. ഇടവഴികൾ പിന്നിട്ട് നെൽക്കതിരുകൾ വിളഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ നടന്നു. വയലിനും പറമ്പിനുമിടയിലെ തോടിന് കുറുകെയിട്ട മരപ്പാലം മുറിച്ചുകടന്ന് പിറ്റേദിവസം സന്ധ്യയ്ക്ക് മാഷ് താമസിക്കുന്ന വീട്ടിലെത്തിച്ചേർന്നു. വീടിന്റെ ഒന്നാംനിലയിലെ കൊട്ടിലകമായിരുന്നു കവിമാഷിന്റെ മുറി. ഒരു കട്ടിൽ, മേശ, ചാരുകസേര, ചിതറിക്കിടക്കുന്ന ആനുകാലികങ്ങൾ, ചുരുട്ടിക്കൂട്ടിയ കടലാസുകൾ ഇതൊക്കെയായിരുന്നു ആ മുറിയിലുണ്ടായിരുന്നത്. കവിയുടെ ഭാര്യ മുകൾനിലയിലെ വരാന്തയിൽ ഒരു വിളക്ക് കത്തിച്ചുവെച്ചു. അവിടെയുള്ള ഒരു മേശമേൽ വെച്ച് ഞാൻ കവിതയുടെ അസ്സെലെഴുതാൻ തുടങ്ങി. രണ്ടുമൂന്നു കവിതകളുണ്ടായിരുന്നു. ഓരോന്നിന്റെയും പതിനഞ്ചോളം കോപ്പികൾ വേണം.

ഉറക്കമൊഴിച്ചുള്ള എന്റെ ഇരിപ്പിനൊപ്പം കവിയും അദ്ദേഹത്തിന്റെ മുറിയിൽ ഉറങ്ങാതിരുന്നു. ചില പദങ്ങളോ അക്ഷരങ്ങളോ മനസ്സിലാകാതെ വരുമ്പോൾ സംശയം തീർത്തുകൊണ്ടാണ് ആദ്യകോപ്പി എഴുതിയിരുന്നത്.
കവിമാഷിന്റെ വീട്ടിൽ അസ്സലെഴുതാൻ എത്തിയ ദിവസങ്ങളിൽ എന്നെ സഹായിക്കാനുദ്ദേശിച്ച് കവി അയൽപക്കത്തുള്ള ഒരു കുട്ടിയെ കൂടെ നിർത്താറുണ്ടായിരുന്നു. ആദ്യമായി എത്തിയ ദിവസം രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിൽ അവൻ പറഞ്ഞു, സിഗരറ്റെടുക്കട്ടെ. നിനക്കുവേണ്ടി കവിമാഷ് പറഞ്ഞ് ഞാൻ വാങ്ങിച്ചതാ.
അതുകേട്ട് ഞാനൊന്നു ഞെട്ടി. ഞാൻ പുകവലിക്കുന്ന കാര്യം കവിമാഷെങ്ങനെ അറിഞ്ഞു?

കവിമാഷിന് എല്ലാം അറിയാമെന്ന് പറഞ്ഞ് അവൻ ചിരിച്ചു. പിന്നീടുള്ള ഒന്നുരണ്ട് വരവുകളിലും വാസു ഇതുപോലെ എനിയ്ക്കുവേണ്ടി സിഗരറ്റ് കരുതിവെച്ചു. വയൽക്കരയിലെ തണുത്ത രാത്രിയിൽ സിഗരറ്റിന്റെ പുകനുണഞ്ഞും പുറന്തള്ളിയുംകൊണ്ട് നീളൻ ഇടനാഴിയിൽ ഞങ്ങളിരിന്നു. പകർത്തിയെഴുത്തിൽ അക്ഷരം തെറ്റാതെ എഴുതണം. കവിതയുടെ അർഥമറിയാതെ വരികളിൽ നിന്ന് വരികളിലേക്ക് എഴുത്ത് കടന്നുപോയി. കവിമാഷാകട്ടെ മംഗലാപുരം ഗണേഷ് ബീഡിയുടെ കെട്ടുകൾ ഓരോരന്നായി പൊട്ടിച്ചും പുകയൂതിയും മറ്റൊരു മുറിയിലിരുന്നു. എഴുതാനുള്ള ഇരിപ്പാണെന്ന് കുടെയുള്ള കുട്ടി പറഞ്ഞു. കുറച്ചുസമയംകൊണ്ട് കസേരയ്ക്കുചുറ്റും കുത്തിക്കെടുത്തിയ ചെറുചൂട്ടുകൾപോലെ ഒരറ്റം കരിഞ്ഞുപോയ ബീഡിക്കുറ്റികൾ ചിതറിക്കിടന്നു. കുനുകുനെ എഴുതുന്ന അക്ഷരങ്ങളെ നോക്കി ഒരിക്കൽ വാസു എന്നോട് ചോദിച്ചു, ഈ കവിതയിലൊക്കെ എന്താണ് ഉള്ളത്?
ഞാൻ ഒരു വലിയ ജ്ഞാനിയെപ്പോലെ പറഞ്ഞു, ഈ സിഗരറ്റിൽ തീയും പുകയും ഒളിഞ്ഞിരിക്കുന്നില്ലേ. അതുപോലെ കവിതയിലും എന്തൊക്കയോ ഉണ്ട്.
അവനൊന്നും മനസ്സിലായില്ല. അവന്റെ മുഖഭാവം കണ്ട് ഞാൻ പറഞ്ഞു, കൂടുതലറിയണമെങ്കിൽ കവിമാഷോട് ചോദിച്ചാ മതി.
അവൻ പരിഭ്രമത്തോടെ പറഞ്ഞു, അയ്യോ വേണ്ട. എനിയ്ക്കത് അറിയണ്ട.
ഞാൻ പറഞ്ഞു, ഇവിടെ നിന്ന് ഡൽഹിവരെ പോകുന്ന
കവിതകളാണിത്. തീവണ്ടിയിൽ. ഇന്ത്യ മുഴുവൻ കവിമാഷുടെ ശബ്ദം കേൾക്കാം റേഡിയോവിൽ.

അവൻ അവസാനത്തെ സിഗരറ്റിനുകൂടി തീകൊളുത്തി. നാളെ ഡൽഹിയിലേയ്ക്ക് പോകുന്ന കവിതകളെ അവൻ അത്ഭുതത്തോടെ നോക്കി. സിഗരറ്റും എഴുതാനേൽപ്പിച്ച കടലാസും തീർന്നു. വിളക്ക് കെടുത്തി ഉറങ്ങാൻ കിടന്നപ്പോൾ വാസു പറഞ്ഞതുതന്നെ എന്റെ മനസ്സും എന്നോട് ചോദിച്ചു, കവിതയിലെന്താണുള്ളത്?

കവിതയെപ്പേടിച്ച് ക്ലാസിൽ നിന്ന് വെളിയിലേയ്ക്ക് ഓടിയവൻ കവിയോടൊപ്പം താമസിച്ച് കവിതയുടെ അസ്സലെഴുതുന്നു. മറ്റെന്തിനേക്കാളും കവിത മനഃപാഠമാക്കാൻ ഏറെ പ്രയാസപ്പെടുന്ന ഞാൻ കവിയുടെ വിശ്വസ്തനായി വീട്ടിൽവന്ന് അന്തിയുറങ്ങുന്നു.

കവിമാഷിന്റെ മുറിയുടെ വാതിലടഞ്ഞു. മദയാന മദിച്ചുനടന്ന കാടുപോലായിത്തീർന്ന മുറിയിലൊരിടത്ത് കവിമാഷ് ഇരിക്കുന്നു. അദ്ദേഹം ഇനിയും ഉറങ്ങിയിട്ടില്ല. ഞങ്ങൾ കിടന്ന മുറിയിലെ ജാലകത്തിലൂടെ നിലാവെളിച്ചം കടന്നുവരുന്നു. വയലിൽ നിന്ന് തണുത്ത കാറ്റ്. വാസു വളരെപ്പെട്ടെന്ന് ഉറങ്ങി. പതിനഞ്ച് തവണ ആവർത്തിച്ചെഴുതിയ കവിതയിലെ വരികൾ പതിവില്ലാത്ത മട്ടിൽ മനസ്സിൽ വന്നെത്തി നോക്കുന്നു. കാട്ടിൽ നിന്നിറങ്ങി വന്ന വന്യമൃഗത്തെപ്പോലെ കവിയും അദ്ദേഹത്തിന്റെ കവിതകളും ഇന്നും ചില രാത്രികളിൽ ഓർമകളായി മനസ്സിൽ വന്നു ചിഹ്നം വിളിച്ചുകൊണ്ടിരിക്കുന്നു.▮​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments